രചന – ആയിഷ അക്ബർ
നിനക്ക് ഞാനൊരു ഡോൾ കൊണ്ട് തന്നിരുന്നില്ലേ….നിന്റെ ഫേവറൈറ്റ്…. എന്തായിരുന്നു അതിന്റെ പേര്……
സിൻഡ്രല്ല……
സഞ്ജു ചോദിച്ചപ്പോഴേക്കും ആദി ആവേശത്തോടെ മറുപടി പറഞ്ഞു….
നന്ദയുടെ മിഴികൾ ഒന്ന് കൂടി കൂർത്തു….
രാജ കുമാരനടുത്തേക്ക് അപ്രതീക്ഷിതമായി കടന്നു വന്നവളെ പിന്നീട് തിരഞ്ഞു തിരഞ്ഞു കണ്ടെത്തിയില്ലെ…..
അത് പോലെ സഞ്ജു സ്വന്തമാക്കിയ സിൻഡ്രല്ലയാണിത്…..
സഞ്ജു അത് പറഞ്ഞതും നന്ദയുടെ കണ്ണുകൾ തിളങ്ങി….
അവളൊരു നാണത്തോടെ മിഴികൾ താഴേക്ക് പതിപിച്ചു..
സഞ്ജു പറഞ്ഞത് തൃപ്തിയായെന്ന വണ്ണം ആധിയുടെ മുഖവും തിളങ്ങി…..
അവളോടി ചെന്ന് നന്ദയുടെ കയ്യിലെ കിന്ഡർ ജോയ് പാക്കറ്റ് വാങ്ങിയിരുന്നു….
നന്ദ അവളെ ചുറ്റി പ്പിടിച്ചു കൊണ്ട് കവിളിലൊന്ന് ചുണ്ടമർത്തി….
സഞ്ജുവും നന്ദയും ഒരു പോലെ പുഞ്ചിരിച്ചു…
ആദ്യം താൻ പോയി ഫ്രഷ് ആയിട്ട് വാ…
സഞ്ജു അത് പറഞ്ഞതും നന്ദ ബാത്റൂമിലേക്ക് കയറി…..
സഞ്ജുവും നന്ദയും കുളി കഴിഞ്ഞ്
വരുമ്പോഴേക്കും ഊണ് മേശ വിഭവങ്ങളാൽ നിറഞ്ഞിരുന്നു……
രണ്ട് പേരും ഇരിക്ക്…..
നന്ദയുടെ ഇഷ്ടങ്ങളൊന്നും എനിക്കറിയില്ല….
കണ്ട സമയങ്ങളിലൊക്കെയും അവളെന്റെ ഇഷ്ടങ്ങളേ ചോദിച്ചിട്ടുള്ളു……
സംഗീത അത് പറഞ്ഞതും സഞ്ജു ഒരു പുഞ്ചിരിയോടെ നന്ദയെ നോക്കി….
അവളുടെ വീട്ടില് പോയപ്പോഴുണ്ടായിരുന്നതിനേക്കാൾ സന്തോഷം അവളുടെ മുഖത്തിപ്പോഴുണ്ട്…..
ഭക്ഷണം കഴിക്കുമ്പോഴും അവർ സംസാരിച്ചു കൊണ്ടേയിരുന്നു…..
പറഞ്ഞ് തീർക്കാനുള്ള വിശേഷങ്ങൾ മുഴുവൻ സംഗീത പറഞു കൊണ്ടേയിരുന്നു….
നീ നന്നായി മെലിഞ്ഞു…
പക്ഷെ കണ്ണുകൾക്ക് മാത്രം ആ തിളക്കം ബാക്കിയുണ്ട്…..
അടുക്കളയിൽ ഉച്ച യൂണിന് തയ്യാറാക്കുന്ന സംഗീതക്കരികിൽ നിന്ന് നന്ദ പച്ചക്കറി മുറിച്ചു കൊണ്ടിരിക്കുമ്പോഴാണ് സംഗീത അത് പറഞ്ഞത്…..
ആ തിളക്കം തിരിച്ചു കിട്ടിയിട്ട് ഒരാഴ്ചയെ ആയിട്ടുള്ളു ചേച്ചി…..
നന്ദ പതിഞ്ഞൊരു പുഞ്ചിരിയോടെ അത് പറയുമ്പോൾ അത്രയും അനുഭവിച്ചതിന്റെ ഭാരം ആ വാക്കുകൾക്കുണ്ടായിരുന്നു……
ഒത്തിരി വേദനിച്ചു അല്ലെ….
സംഗീത പതിയെ അവളുടെ തോളിലൊന്ന് കയ്യമർത്തി……
നന്ദ പതിയെ ഒന്ന് പുഞ്ചിരിച്ചു…..
കുഴപ്പമില്ല…. ഇനി സഞ്ജുവിന്റെ കൂടെയല്ലേ ഒക്കെ ശരിയായിക്കോളും…..
സംഗീത കുസൃത്തിയോടെ അത് പറയുമ്പോൾ നന്ദയുടെ മുഖത്തൊരു നാണം പടർന്നിരുന്നു…..
അവന്റെ കാര്യവും മറിച്ചായിരുന്നില്ല കുട്ടി….
എന്നോടൊന്നും അധികം സംസാരിക്കില്ലായിരുന്നു…
ആദി മോളെ കാണാൻ വേണ്ടി മാത്രമാണ് അവൻ വരുന്നതെന്ന് എനിക്ക് തോന്നിയിരുന്നു പലപ്പോഴും….
ഇന്നവൻ വാ തോരാതെ എന്നോട് സംസാരിക്കുന്നത് കാണുമ്പോൾ എനിക്കറിയാം അത് നീ കൂടെയുള്ളത് കൊണ്ടാണെന്ന്…..
സംഗീത അത് പറഞ്ഞതും നന്ദയുടേ കണ്ണുകൾ അവനോടുള്ള പ്രണയത്താൽ ചുരുങ്ങി…..
വീട്ടുകാരോക്കേ ഓക്കേ ആയി അല്ലെ …..
സംഗീതയുടെ ചോദ്യത്തിൽ വല്ലാത്തൊരു സന്തോഷം….
നന്ദ പുഞ്ചിരിയോടെ ഒന്ന് തല കുലുക്കി…..
ഇപ്പൊ അവന്റെ അടുത് പണവും പ്രശസ്തിയുമുണ്ടല്ലോ…. അപ്പൊ എല്ലാവരും ശെരിയാകും….
ഞങ്ങളുടെ അച്ഛൻ തന്നെ കണ്ടില്ലേ…….
എന്നെ വിളിച്ചു കൊണ്ടേയിരിക്കുമായിരുന്നു…
അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ട്…..
സഞ്ജുവിനെ അവരുടെ വഴിക്ക് കിട്ടാൻ വേണ്ടിയാണ്…. അല്ലാതെ എന്നോട് സ്നേഹം മൂത്തിട്ടൊന്നുമല്ല…..
സംഗീത പുച്ഛത്തോടെ അത് പറയുമ്പോൾ നന്ദ ശെരിയെന്ന നിലയിൽ കേട്ട് നിന്നു…..
എന്തിനു പറയുന്നു….. ഇവിടെ തന്നെ അജീഷേട്ടന്റെ വീട്ടുകാർക്ക് എന്നെ പിടിക്കില്ലായിരുന്നു….
ധർമ കല്യാണം നടത്തിയെന്ന് പറഞ്ഞു….
അപ്പോഴും ഏറെ സ്നേഹത്തോടെ തന്നെ ചേർത്ത് പിടിച്ചത് അജേഷേട്ടനായായിരുന്നു…..
ഇപ്പോൾ വീടായി….. സ്വന്തമായി കടയായി…..
എല്ലാം സഞ്ജു ചെയ്ത് തന്നതാണ് കേട്ടോ…..
ഇപ്പോൾ എല്ലാവരും പറയും അജീഷിന്റെ ഭാഗ്യമെന്ന്…..
സംഗീത അത് പറഞ് നിർത്തുമ്പോൾ വാക്കുകളിൽ ആരോടൊക്കെയോ ഉള്ള ദേഷ്യം നിറഞ്ഞു നിന്നിരുന്നു….
ഒരു ഭാഗ്യവും വരുമെന്ന് പ്രതീക്ഷിച്ചല്ല അജീഷേ ട്ടൻ എന്നെ കൂടെ നിർത്തിയത്…
എന്നോടുള്ള സ്നേഹം കൊണ്ട് മാത്രമായിരുന്നു…
സംഗീത അത് പറഞ്ഞു നിർത്തുമ്പോൾ ആ കണ്ണുകൾ അഭിമാനത്തോടെ തിളങ്ങി……
അത് പോലെ തന്നെയാണ് മോളെ നീയും….
ഒരു ഭാഗ്യവും തേടി വരുമെന്ന് കരുതിയല്ല നീയവനെ പ്രണയിച്ചത്…..
അവനെ അറിഞ്ഞത് കൊണ്ട് മാത്രമാണ്…..
സംഗീത അതും പറഞ്ഞു കൊണ്ട് നന്ദയുടെ തോളിലൊന്ന് കയ്യമർത്തിയതും സംഗീതയുടെ കണ്ണുകളിൽ കണ്ട അതേ തിളക്കം നന്ദയിലേക്കും പടർന്നിരുന്നു……
അവൾ ഏറെ സന്തോഷത്തോടെ സംഗീതയെ ചുറ്റി പ്പിടിച്ചു…..
ഉച്ചയൂണിന്റെ സമയമായപ്പോഴേക്കും അജീഷും വന്നിരുന്നു….
വർഷങ്ങൾക്ക് ശേഷം നാല് പേരും ഒന്നിച്ചു ഭക്ഷണം കഴിച്ചു……
നന്ദ അന്നുണ്ടാക്കി തന്ന കറിയുടെ രുചിയെ പറ്റി ഞാൻ പറയാറുണ്ട് സംഗീതയോട്….
അജീശത് പറഞ്ഞതും നന്ദ യൊന്നു പുഞ്ചിരിച്ചു…..
സഞ്ജുവിന്റെ അരികിലായിരിക്കുന്ന ആദി അവനെയൊന്ന് കൂർപ്പിച്ചു നോക്കി….
മ്മ്…..
സഞ്ജു അവൾക്ക് നേരെ പുരികമുയർത്തി……
എല്ലാവരും സഞ്ജുവിന്റെ സിനഡ്രെല്ലയെ കണ്ടിട്ടുണ്ട്…
ഞാൻ മാത്രമെന്താ കാണാതിരുന്നത്……
ആദി അതും പറഞ്ഞു മുഖം കൂർപ്പിച്ചതും എല്ലാവരും കൂടി ചിരിച്ചിരുന്നു….
ഒരു ദിവസമെങ്കിലും താമസിച്ചു പോയാൽ പോരെടാ…..
ഇറങ്ങാൻ നേരം സംഗീതയുടെ പരാതി അത് മാത്രമായിരുന്നു…..
ഇന്ന് രാത്രി ഞങ്ങൾക്ക് തിരിച്ചു പോകണം….
ഞാൻ പറഞ്ഞതല്ലേ ചേച്ചി….
ഇനി വരുമ്പോൾ രണ്ട് മൂന്ന് ദിവസം നിന്നിട്ടെ പോകു…. പോരെ…..
സഞ്ജു അതും പറഞ്ഞു കൊണ്ട് സംഗീതയെ കെട്ടി പിടിച്ചു…..
നന്ദയും ദീർഘമായൊരു കെട്ടി പിടിക്കലിലൂടെ യാത്ര പറഞ്ഞു…….
രണ്ട് പേരും പോകുന്നത് കൊണ്ടാവാം ആദിയുടെ കണ്ണുകളെറേ നിറഞ്ഞിരുന്നു….
ഇനി സഞ്ജു വരുമ്പോൾ സിൻഡ്രേല്ലയെ കൂടി കൊണ്ട് വരേണം കെട്ടോ….
ഇനി സഞ്ജു എപ്പോ വരുവാണെങ്കിലും കൂടെ സിൻഡ്രല്ല കാണും പോരെ….
സങ്കടത്തോടെ അത് പറയുന്ന ആദിയുടെ നെറ്റിയിൽ ചുണ്ടമർത്തി സഞ്ജു അതും പറഞവിടെ നിന്നുമിറങ്ങി……
ചുരുങ്ങിയ സമയം കൊണ്ട് തന്നെ നന്ദയും ആദിയുമായി അത്രയേറെ കൂട്ടായത് കൊണ്ടാവാം അവളെ കെട്ടി പിടിച്ചു കവിളിൽ ഉമ്മ വെച്ചതും നന്ദയുടെ കണ്ണുകളും നിറഞ്ഞത്……
വീണ്ടും അവരുടെ യാത്ര……
തനിക്ക് യാത്ര ചെയ്ത് മടുത്തോ…..
പുറത്തേക്ക് മിഴികൾ നട്ടിരിക്കുന്നവളെ നോക്കി അവനത് ചോദിച്ചതും അവൾ പതിയെ അവനിലേക്കൊന്നു നോക്കി….
മ്ച്ചും…. ജീവിക്കാൻ കൊതിയാണ് തോന്നുന്നത്….
അവൾ തീവ്രമായ ഭാവത്തോടെ അത് പറഞ്ഞതും സഞ്ജുവും അവളിൽ ലയിചെന്ന പോൽ അവളെ നോക്കിയിരുന്നു….
അവൾ പതിയെ അവന്റെ കൈകളിൽ ചുറ്റി പ്പിടിച്ചു……
അപ്പോഴാണ് സഞ്ജുവിന്റെ ഫോൺ റിങ് ചെയ്യുന്നത്…..
തന്റെ അച്ഛനാണല്ലോ….
അവൻ സംശയ ഭാവത്തിൽ അതും പറഞ്ഞ് കൊണ്ട് ഫോൺ ചെവിയോട് ചേർത്തു….
മോനെ സഞ്ജു….. അമ്മു മോള് പ്രസവിച്ചു കേട്ടോ….
ആൺ കുട്ടിയാണ്….
നന്ദ യോടും പറഞ്ഞേക്ക്….
ദിവാകരന്റെ ശബ്ദം നന്ദയും കേട്ടിരുന്നത് കൊണ്ട് തന്നെ അവളുടെ കണ്ണുകൾ വിടർന്നു….
നമുക്ക് കൊച്ചിനെ കണ്ടിട്ട് പോകാം സഞ്ജുവേട്ടാ….
അവളേറേ ആവേശത്തോടെ അത് പറയുമ്പോൾ സഞ്ജു ഒന്ന് പുഞ്ചിരിച്ചു……
ആ യാത്ര ചെന്നു നിന്നത് ശങ്കർ ഹോസ്പിറ്റലിന്റെ മുമ്പിലായിരുന്നു……
അമൃത…..
റീസെപ്ഷനിൽ ചെന്ന് പേര് പറഞ്ഞപ്പോഴേ അവർക്ക് മുറിയേതെന്ന് മനസ്സിലായിരുന്നു…..
നേരം ഇരുട്ടിയിട്ടുണ്ട്…..
അവർ വേഗം നടന്നു…..
റൂമിന്റെ മുമ്പിലെത്തിയപ്പോഴേ തങ്ങളെ കാത്തെന്ന പോൽ നിൽക്കുന്ന ദിവകാരനെ അവർ കണ്ടിരുന്നു…..
സഞ്ജുവും നന്ദയും അകത്തേക്ക് കയറിയതും നന്ദ ഓടി ചെന്ന് കുഞ്ഞിന്റെ അരികിലിരുന്നു….
പിന്നെ പതിയെ ആ നെറ്റിയിലൊന്നു ചുണ്ടമർത്തി…..
എടി…. എന്നെ കൂടി നോക്കെടി…..
നിന്നേ ആർക്ക് വേണം…..
അമ്മു കട്ടിലിൽ കിടന്നത് പറഞ്ഞതും നന്ദ അവളെ ശ്രദ്ധിക്കുക പോലും ചെയ്യാതെ അതും പറഞ്ഞു വീണ്ടും കുഞ്ഞിനെ തലോടി കൊണ്ടിരുന്നു……..
അതേ…. പണ്ട് മുതലേ അമ്മുവിന്റേതെല്ലാം തന്റേത് കൂടിയായിരുന്നു….
അത് കൊണ്ടാവാം ഈ കുഞ്ഞും തന്റെത് പോലെ തോന്നുന്നത്……
അപ്പോഴേക്കും നിധിൻ അങ്ങോട്ട് വന്നിരുന്നു….
നിധിനും സഞ്ജുവും ഏറെ സംസാരിച്ചു…..
അപ്പോഴാണ് നന്ദ ആ മുറിയിൽ നിൽക്കുന്നവരെ ശ്രദ്ധിക്കുന്നത് തന്നെ…..
അമ്മയും ചെറിയമ്മയും നിധിന്റെ അമ്മയും കൂടാതെ രമയാന്റി കൂടിയുണ്ട്…..
കുട്ടിയെ കാണാൻ വന്നതാവും….
എന്നിട്ട് വേണ്ടേ എന്തൊക്കെ കുറ്റവും കുറവുമുണ്ടെന്ന് നാട് നീളെ പറഞ്ഞ് നടക്കാൻ …..
നന്ദക്ക് ചിരി വന്നു…….
രാമയാന്റി ക്ക് എന്തോ തന്റെ മുഖത്ത് നോക്കാൻ ഏറെ പ്രയാസമുള്ളത് പോലെ നന്ദക്ക് തോന്നി….
താനിപ്പോ ഏറെ സന്തോഷത്തിലാണല്ലോ…. അത് കൊണ്ടാവും……
രമയാന്റിക്ക് സുഖമാണോ…
കാണുമ്പോൾ കാണുമ്പോൾ ഒരോന്ന് പറഞ്ഞു കുത്തി നോവിച്ചിരുന്ന ആളാണ്……
എന്തെങ്കിലും ഒന്ന് പകരം കൊടുക്കണമെന്ന് കരുതി തന്നെയാണ് നന്ദ അത് ചോദിച്ചത്….
അവർ ചിരിയോടെ പതിയെയൊന്ന് തല കുലുക്കുക മാത്രം ചെയ്തു……..
എങ്കി ഞാനിറങ്ങട്ടെ….
കൂടുതൽ സംസാരത്തിന് നിൽക്കാനുള്ള പേടി കൊണ്ട് തന്നെയാണ് അവരതും പറഞ്ഞിറങ്ങാൻ തുടങ്ങിയത്…..
അമ്മു വിനും ചിരി വന്നു തുടങ്ങിയിരുന്നു…
ഏയ്… നിൽക് രമ്യയാന്റി….
എന്റെ ഭർത്താവിന് ആന്റിയെ ഒന്ന് പരിചയപ്പെടുത്തട്ടെ …..
നന്ദ അത് പറഞ്ഞതും സഞ്ജു എന്തെന്ന ഭാവത്തിൽ അവളെയൊന്ന് നോക്കി…..
രമയാന്റി നിന്ന് പരുങ്ങുന്നത് കാൻകെ അമ്മുവും നന്ദയും പരസ്പരം നോക്കി ചിരിച്ചിരുന്നു…..
(തുടരും)