രചന – ആയിഷ അക്ബർ
അവൻ വന്നു ചിരിക്കുമ്പോഴേക്കും നീയങ്ങു അലിഞ്ഞു പോകുകയാണല്ലേ…..
കഴിഞ്ഞ നിമിഷങ്ങളുടെ ചൂടിൽ നിന്നും പുറത്ത് വരാൻ കഴിയാതെ നിൽക്കുന്ന നന്ദയോട് ദീപ്തിയത് ചോദിച്ചത് ഏറെ അരിശത്തോടെ തന്നെയായിരുന്നു…
അവന്റെ ചിരി കാണാൻ അത്രയേറെ ഭംഗിയാണെന്ന് നീ തന്നെയല്ലേ എന്നോട് മുൻപ് പറഞ്ഞിട്ടുള്ളത്…..
മുമ്പേന്തൊക്കെയോ പറഞ്ഞിട്ടുണ്ടെന്ന് വെച്ച് എപ്പോഴും അങ്ങനെയാണോ….
നന്ദ ഭാവ ഭേതങ്ങളൊന്നുമില്ലാതെ അത് പറയുമ്പോൾ ദീപ്തി ചീറി കോണ്ടവാൾക്ക് നേരെ വന്നു….
നന്ദക്ക് ചിരി വന്നിരുന്നു….
അവൻ നിന്നേ വേണ്ടാത്തത് കൊണ്ട് ഇട്ടിട്ട് പോയവനാണ്…..
ഇപ്പോൾ വന്നു ചിരിച്ചു കാണിക്കുന്നത് വേറെന്തെങ്കിലും ഉദ്ദേശത്തിന് തന്നെയാവും….
അവനെന്താ വേറെ പെൺകുട്ടികളെ കിട്ടാനിട്ടാണോ ഒന്നുമല്ലാത്ത നിന്നേ……
ഇതിൽ മറ്റെന്തോ ഉദ്ദേശമുണ്ട്…..
ദീപ്‌തി അതും കൂടി പറഞ്ഞതും നന്ദയുടെ ഉള്ള് നിറഞ്ഞിരുന്നു……
അവൾ ചോദിച്ചത് ശെരിയാണ്…..
അവനു വേറെ പെണ്ണിനെ കിട്ടാനിട്ടല്ലല്ലോ…..
അത്രയേറെ തന്നിൽ കുരുങ്ങി കിടക്കുന്നത് കൊണ്ടല്ലേ……
അത്ര ആഴത്തിലുള്ള പ്രണയം ഉണ്ടെന്ന് ഉൾകൊള്ളാൻ പോലും ചേച്ചിയുടെ മനസ്സിന് കഴിയില്ലെന്ന് അവളോർത്തു….
അതുമല്ലെങ്കിൽ അങ്ങനെയൊരു പ്രണയം അവനു തന്നോടുണ്ടാവരുതേയെന്നൊരു തോന്നൽ കൊണ്ടുമാവാം..
എന്തായാലും ഇനിയും അവന്റെ ചതിയിൽ നിന്നേ വിടാൻ ഞാനൊരുക്കമല്ല…
നമ്മൾ നാളെ തന്നെ തിരിച്ചു പോകും….
അച്ഛൻ കാറയക്കാമെന്ന് പറഞ്ഞിട്ടുണ്ട്….
ദീപ്തി അത് പറയുമ്പോൾ നന്ദ വരില്ലെന്ന് പറയുമോയെന്നൊരു പേടി അവളിലുണ്ടായിരുന്നെങ്കിൽ കൂടി നന്ദയുടെ നിശബ്ദത അവളെ ശെരിക്കും സന്തോഷിപ്പിച്ചിരുന്നു…..
അവളെറേ ആശ്വാസത്തോടെ മുറിയിൽ നിന്നും പുറത്തേക്ക് നടന്നു…..
നാളെ രാവിലെ നേരത്തെ തന്നെ കാറയക്കാൻ പറയാൻ അമ്മയോട് വിളിച്ചു പറയാൻ തന്നെയായിരുന്നത്……
നന്ദ അപ്പൊഴും ഏതോ സ്വപ്നത്തിന്റെ തേരിലായിരുന്നു….
ഒരിക്കലും അതിൽ നിന്നും പുറത്ത് കടക്കാനാവാത്ത വിധം അവളങ്ങനെ അതിൽ നിറഞ്ഞു നിന്നു…..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
നന്ദാ……
നന്ദാ……
സഞ്ജുവിന്റെ നീട്ടിയുള്ള വിളി കേട്ടപ്പോൾ തന്നെ അവൾക്ക് നെഞ്ചിലൂടെ ഒരു മിന്നൽ കടന്ന് പോയി….
ദീപ്തിയും എന്തിനെന്ന ഭാവത്തിൽ അവളെ നോക്കി…..
നന്ദ വേഗം പുറത്തേക്ക് വന്നു…
പിറകെ ദീപ്തിയും…..
ഹാളിൽ സഞ്ജുവിന്റെ കൂടെ ആരോ ഉള്ളത് അവർ കണ്ടിരുന്നു…..
വാ…..
പിറകിലേക്ക് തിരിഞ്ഞതും തങ്ങളെ നോക്കി നിൽക്കുന്ന നന്ദയെ സഞ്ജു തല കൊണ്ട് വിളിച്ചു…..
അവൾ പതിയെ അവനരികിലേക്ക് ചെന്നു….
വരും മാഡം….. ഇതെല്ലാം ഞങ്ങളുടെ പുതിയ കളക്ഷൻസ് ആണ്…..
അവളെ കണ്ടതും സഞ്ജുവിന്റെ കൂടെ നിന്നിരുന്ന ആ സ്ത്രീ കയ്യിലുള്ള പെട്ടി തുറന്ന് അതിൽ നിന്നും മനോഹരമായ വസ്ത്രങ്ങൾ അവൾക്ക് മുമ്പിൽ നിരത്തി….
ആ തുണിത്തരങ്ങളിൽ പതിപ്പിച്ച കല്ലുകൾ അവളുടെ കൃഷ്ണ മണിയിൽ തട്ടി തിളങ്ങി നിന്നു….
ദീപ്തി കണ്ണ് മിഴിചങ്ങനെ നിൽക്കുകയാണ്….
നന്ദ സഞ്ജുവിലേക്കൊന്ന് നോക്കി….
തനിക്കേതൊക്കെ ഇഷ്ടപ്പെട്ടോ അതെല്ലാം എടുത്തോ….
സഞ്ജു അവളുടെ മിഴികളിൽ നോക്കിയത് പറയുമ്പോൾ അവൾ ഇതൊക്കെ എന്തിനെന്ന അർത്ഥത്തിലൊന്ന് മിഴികൾ ചലിപ്പിച്ചു……
വില കൂടിയ വസ്ത്രങ്ങൾ പെട്ടിയിലാക്കി അച്ഛന്റെ മുമ്പിലേക്കിട്ട് കൊടുത്ത് ഞാൻ വാങ്ങി തന്ന വില കുറഞ്ഞ ചുരിദാരിട്ട് എന്റെ കൂടെ വന്നൊരു പെണ്ണുണ്ടായിരുന്നു…..
ഇനിയും അങ്ങനെ തന്നെ മതി……
ഞാൻ വാങ്ങി തരുന്നത് മാത്രം അവളുടുത്താൽ മതി…….
ഇന്നവൾക്ക് പകരം കൊടുക്കാൻ ഈ ലോകത്ത് ഇറങ്ങുന്ന ഏറ്റവും വില കൂടിയ വസ്ത്രം തിരഞ്ഞു കൊണ്ടിരിക്കുകയാണ് ഞാൻ….
സഞ്ജു അതും പറഞ്ഞു അവളുടെ കവിളുകൾ കൈ കുമ്പിളിലെടുക്കുമ്പോൾ അവളുടെ കണ്ണുകൾ എന്തിനോ നിറഞ്ഞു…..
നീയെന്റെ റാണിയാണ്….
ഇനി എന്തിന്റെ പേരിലായാലും ഈ കണ്ണുകൾ നിറയാൻ ഞാൻ സമ്മതിക്കില്ല……
അവനത് പറഞ്ഞതും അവൾ അവന്റെ കൈകളിൽ പതിയെ ഒന്ന് കയ്യമർത്തി……
സഞ്ജു കൈ കൊണ്ട് അവളുടെ കണ്ണുകൾ അമർത്തി തുടച് പുഞ്ചിരിയോടെ അവളുടെ തോളിലൊന്ന് തട്ടി അകത്തേക്ക് പോയി….
പല തരത്തിലുള്ള നിറത്തിലുള്ള മനോഹരമായ വസ്ത്രങ്ങൾ അവൾക്ക് മുമ്പിൽ നിരക്കുമ്പോൾ ദീപ്തിയുടെ കണ്ണുകൾ തുറിച്ചു വന്നിരുന്നു….
എന്തെന്നില്ലാത്തൊരു അസ്വസ്ഥത അവളെ വീർപ്പു മുട്ടിച്ചു…..
ഇതെല്ലാം കണ്ട് മതി മറന്ന് നീയെവിടെ നിന്നാൽ….
ചേച്ചി യൊന്നു മിണ്ടാതിരുന്നേ……
ദീപ്തി അവളുടെ കാതോരം വന്നത് പറഞ്ഞതും നന്ദ പെട്ടെന്നായിരുന്നു അത് പറഞ്ഞത്…..
ദീപ്തി കണ്ണുകൾ മിഴിച്ചവളെ നോക്കിയിരുന്നു….
ഡ്രസ്സ് നോക്കിയാലെന്താ….ഞാനിവിടെ നിൽക്കുമെന്നാണോ അതിനർത്ഥം…..
നന്ദയത് ചോദിച്ചതും ദീപ്തിയുടെ മുഖം തെളിഞ്ഞു…..
അത് ശെരിയാ…… കിട്ടുന്നത് മുതലാക്കിക്കോ…
ദീപ്‌തി അതും പറഞ്ഞു ചിരിക്കുമ്പോൾ നന്ദയും ഒന്ന് പുഞ്ചിരിച്ചു……
അന്നാ കല്യാണ തലേന്നത്തെ രാത്രി മുതൽ അവൾ തനിക്ക് നേരെയെറിഞ്ഞ അമ്പുകളോരൊന്നും നന്ദയുടെ ഹൃദയത്തിൽ കിടന്നു നീറി പ്പുകഞ്ഞു….
പക്ഷെ…. അത് കൊണ്ടാണല്ലോ തനിക്ക് സഞ്ജുവിനെ കിട്ടിയത്….
അവനെ പോലൊരാളുടെ പ്രണയം ലഭിക്കാൻ യോഗമില്ലാത്ത
അവള് ശെരിക്കും ഒരു നിർഭാഗ്യവതി തന്നെയാണെന്ന് നന്ദ ഓർത്തു…..
ഞാൻ ചെയ്യാൻ പറഞത് കംപ്ലീറ്റ് അയില്ലേ….
അപ്പോഴാണ് സഞ്ജു അതും ചോദിച്ചു കൊണ്ടങ്ങോട്ടേക്ക് വരുന്നത്…….
ആ….. ആയിട്ടുണ്ട് സാർ…. ഇതാണ്…..
അതും പറഞ്ഞാ സ്ത്രീ ഒരു കവർ അവന് നേരെ നീട്ടി…….
തുറന്ന് നോക്കിക്കോളൂ….
അളവ് കറക്റ്റ് ആണോയെന്നറിയാമല്ലോ….
അവൻ ആ കവർ കയ്യിലേക്ക് വാങ്ങുമ്പോഴാണ് വീണ്ടും അവരത് പറഞ്ഞത്……
നന്ദയും ദീപ്തിയും അവനെ നോക്കി…
അത് നോക്കേണ്ട കാര്യമൊന്നുമില്ല…..
അതവൾക്ക് കറക്റ്റ് ആയിരിക്കും…….
നന്ദയെ നോക്കി ഒരു പുഞ്ചിരിയോടെ അതും പറഞ്ഞവൻ കണ്ണുകൾ അവൾക്ക് നേരെ ഇറുക്കെ ചിമ്മി അവിടെ നിന്നും വീണ്ടും അകത്തേക്ക് പോയിരുന്നു………..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
രാവിലെ ഒരു അഞ്ചു മണിക്ക് എഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് വരണം…..
ഒരു കാര്യമുണ്ട്…..
ഒരു സ്ഥലം വരെ പോകണം…
അന്ന് രാത്രി ഭക്ഷണവുമായി അവൻ വന്നപ്പോഴാണ് ദീപ്തി കേൾക്കാത്ത വിധം അവനവളുടെ കാതോരം അത് പറഞ്ഞത്….
എന്തിനെന്ന ചോദ്യത്തോടെ അവളവനെ നോക്കിയപ്പോഴേക്കും അവൻ ഒരു ചെറു പുഞ്ചിരി അവൾകായി നൽകി അവിടെ നിന്നും നടന്നിരുന്നു……
അന്ന് രാത്രി അവൾക് കിടന്നിട്ടുറക്കം വന്നിരുന്നില്ല…..
നേരം ഒന്ന് പുലരാൻ അവൾക്ക് വെമ്പി…..
ഉറങ്ങിയ ഉറക്കിൽ നിന്നവൾ പെട്ടെന്നെഴുന്നേറ്റു……
രണ്ട് മണിയായിട്ടേയുള്ളു…..
ഇനിയും സമയമുണ്ട്…..
നിദ്ര തന്നെ പാടെ കൈ വെടിഞ്ഞെന്ന് തോന്നിയ നിമിഷം അവൾ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു മുറിക്ക് പുറത്തിറങ്ങി…….
പതിയെ ആ വരാന്തയിലൂടെ അങ്ങനെ നടന്നു……
അപ്പോഴാണ് ആ നടു മുറ്റത്തെ ചാരു കസേരയിൽ ചാരികിടക്കുന്നവനെ അവൾ കാണുന്നത്….
അവളൊന്നു കൂടി അവനടുത്തേക്ക് വന്നു….
അതേ….. അവൻ തന്നെയാണ്…..
കണ്ണുകൾ എന്തിനോ വിടർന്നു……
അവൻ കണ്ണുകൾ ചിമ്മി ഉറങ്ങുകയാണ്…..
അവൾ പതിയെ അവനടുത്തേക്ക് വന്നു….
തന്റെ ഹൃദയം ഇത്ര വേഗതയിൽ മിടിക്കുന്നത് ഒരു പക്ഷെ അവനറിയുന്നുണ്ടാവില്ല…..
ഉറങ്ങി കിടകുന്ന അവനെ അവൾ കണ്ണിമ വെട്ടാതെ അങ്ങനെ നോക്കി നിന്നു…..
മുകളിൽ ഉദിച്ചു നിൽക്കുന്ന നിലാവിനേക്കാൾ മനോഹരമായി അവനെയവൾക്ക് തോന്നി…..
കസേരയുടെ രണ്ട് കാലിനു മേലെയും അവൾ കയ്യമർത്തി….
പതിയെ അവനിലേക്ക് താഴ്ന്നു….
അവന്റെ നെറ്റിയിൽ പതിയെ അവൾ ചുണ്ടുകളമർത്തുമ്പോൾ അവന്റെ ശരീരത്തോട് അത്രയേറെ ചാഞ്ഞു നിന്നിരുന്നവൾ……
അവനിൽ നിന്നും വിട്ട് മാറാൻ മനസ്സ് അനുവധിക്കുന്നില്ലെങ്കിൽ കൂടി അവൾ പതിയെ അകന്നു കൊണ്ട് തിരിഞ് നടന്നതും കയ്യിലൊരു പിടുത്തം വീണത് പെട്ടെന്നായിരുന്നു…..
അവൾ ഞെട്ടലോടെ അവനിലേക്ക് തിരിഞ്ഞതും അവനൊരു ചിരിയോടെ അവളുടെ കൈ പിടിച്ചവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടിരുന്നു…..
അവളൊന്നു പിടച്ചു…..
അവന്റെ മടിയിൽ കിടക്കുന്നവളെ അവൻ ഒന്ന് കൂടി വരിഞ്ഞു മുറുക്കി…..
അവൾ പതിയെ മിഴികളവനിലേക്കൊന്നുയർത്തി….
നിശ്വാസങ്ങൾക്ക് പോലും ഇടമില്ലെന്ന വണ്ണം അവൻ അവളെ മുറുകെ പ്പിടുക്കുമ്പോൾ ആ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്ന ഭാവം അവളെ തളർത്തുന്നുണ്ടായിരുന്നു….
ശരീരം പാടെ തളരും പോലെ….
അവന്റെ മിഴികൾ തന്നെ കൊത്തി വലിക്കും പോലെ….
അവൾ കൈ കൊണ്ടവന്റെ മുഖം പെട്ടെന്ന് തിരിച്ചു….
അവന്റെ നോട്ടത്തെ നേരിടാൻ കഴിയുന്നില്ലെന്ന പോൽ……
അവനു ചിരി വന്നു….
അവനതേ ചിരിയോടെ അവളെ ഒന്ന് കൂടി ഇറുക്കെ പിടിച്ചു നെഞ്ചിലേക്ക് ചേർത്തി……
ഒരു സ്വപ്നം കാണുന്നത് പോലെ തോന്നി നന്ദക്ക്….
ഇത്ര വലിയ വീടോ ചുറ്റുപാടോ ഒന്നും ഇല്ലാത്ത സമയത്ത് ആ ഒറ്റ മുറിയിൽ നിന്ന് താനാഗ്രഹിച്ചിട്ടുണ്ട് അവനോടിങ്ങനെ ചേർന്നൊന്നിന്നിരിക്കാൻ……….
എന്നാൽ അതെല്ലാം ഇനി വെറും സ്വപ്നങ്ങളായി മാത്രം അവശേഷിക്കുമെന്ന് കരുതിയിടത് നിന്നാണ്
പ്രതീക്ഷിക്കാത്ത സന്തോഷങ്ങൾ നൽകി വിധി തന്നെ സന്തോഷിപ്പിക്കുന്നത്…..
എത്ര നേരം അങ്ങനെ കിടന്നെന്നറിയില്ല….
നന്ദാ…..
അവന്റെ ചൂടിൽ കിടന്നങ്ങനെ മതി മറന്നുറങ്ങുമ്പോഴാണ് അവൻ വിളിച്ചത്….
അവൾ പതിയെ തലായൊന്നുയർത്തി….
അഞ്ചു മണിയായി…..
എഴുന്നേൽക്ക്….
അവൻ അത് പറഞ്ഞതും അവൾ പെട്ടെന്ന് എഴുന്നേറ്റു……
അവൻ മുറിയിൽ പോയി ഒരു കവർ അവൾക്ക് നേരെ നീട്ടി……
ചെല്ല്….. കുളിച് മാറ്റി വാ….
ഞാൻ വെയിറ്റ് ചെയ്യാം….
നമുക്കൊരിടം വരെ പോകാനുണ്ട്……എല്ലാവരും എഴുന്നേൽക്കും മുൻപ് തന്നെ…….
അവനത് പറഞ്ഞതും അവൾ ആ കവർ വാങ്ങി..ദീപ്തി കിടക്കുന്ന മുറിയിലേക്കവൾ പോയില്ല…
പകരം മറ്റൊരു മുറിയിലെ ബാത്റൂമിലേക്ക് കയറി….
കുളി കഴിഞ്ഞവൻ മാറ്റിയുടുക്കാൻ തന്ന കവർ തുറന്ന് നോക്കുമ്പോൾ അവളുടെ കണ്ണുകൾ ശെരിക്കും തിളങ്ങിയിരുന്നു…..
മജന്ത നിറതൽ സ്വർണ നൂലുകൾ തുന്നി പിടിപ്പിച്ച മനോഹരമായൊരു സാരിയായിരുന്നത്…
താനിത് വരെ അത്രയും ഭംഗിയുള്ള ഒരു സാരി കണ്ടിട്ടേയില്ലെന്നവളോർത്തു…….
വൃത്തിയിൽ അവളതിനെ ഞൊറിഞ്ഞുടുക്കുമ്പോൾ അത് തന്നിലേക്ക് അത്രയേറെ ചേർന്ന് നിൽക്കുന്നത് പോലെയവൾക്ക് തോന്നി…..
തനിക്കായി പറഞ്ഞു ചെയ്യിച്ചത് പോലെ…..
അവൾ ഒരു കുഞ്ഞു പൊട്ടെടുത്ത് നെറ്റിയിൽ വെച്ചു…….
മുടിയൊന്ന് ചീകി വിടർത്തിയിട്ടു…..
വേറെ പറയത്തക്ക ഒരുക്കങ്ങളൊന്നും തനിക്കില്ലല്ലോ……
അവൾ മുറി തുറന്ന് പുറത്തേക്കിറങ്ങിയതും തന്നെ കാത് നിൽക്കുന്ന സഞ്ജുവിനെയാണ് കാണുന്നത്….
ഒരു ഓഫ് വൈറ്റ് കളർ ജുബ്ബയും മുണ്ടുമാണ് വേഷം……
അവൾക്ക് തന്നെ ഒരു സംശയം തോന്നി……
അവൻ ഒന്ന് തിരിഞ്ഞതും മജന്ത കളറിൽ തിളങ്ങി നിൽക്കുന്ന അവളെ കണ്ട് അവന്റെ ചൊടിയിലൊരു പുഞ്ചിരി വിരിഞ്ഞു….
പോകാം…..
അവനതേ ചിരിയോടെ ചോദിച്ചതും അവൾ മുടിയൊന്ന് ചെവിക്ക് പിറകിലേക്കൊതുക്കി തല കുലുക്കി……
അവൻ നടന്നതിനു പിറകെ അവളും നടക്കുമ്പോൾ അവൻ ഒന്ന് നിന്ന് കൊണ്ട് കൈ അവൾക്ക് നേരെ നീട്ടി…..
അവളൊന്നു മുഖമുയർത്തി…..
പിന്നെ പതിയെ അവന്റെ വിരലുകളിലേക്ക് വിരൽ കോർത്തു കൊണ്ടിരുവരും കാറിലേക്ക് കയറിയിരുന്നു…..
(തുടരും)