രചന – ആയിഷ അക്ബർ
വീട്ടിലെത്തി കാറിൽ niന്ന് ഇറങ്ങിയപ്പോഴേ കണ്ടിരുന്നു സിറ്റൗട്ടിൽ തന്നെയിരിക്കുന്ന നന്ദയെ……
അവളെ കണ്ടതും അമ്മു ഓടി വന്നു കെട്ടി പ്പിടിച്ചു…
പതിയെ നടക്കടി……
നന്ദ അവളുടെ കവിളിൽ പിടിച്ചൊന്നു വലിച്ചു കൊണ്ടാണത് പറഞ്ഞത്…..
നീ ഒരുപാട് നേരമായോ വന്നിട്ട്…..
ഇല്ലെടി…… നാലരയുടെ കണ്ണനിലാണ് വന്നത്….
വീട്ടിലേക്ക് പോയി പിന്നെ ഇങ്ങോട്ട് വരലുണ്ടാവില്ല….
അതാ പോകും വഴി ഇറങ്ങിയത്….
അമ്മുവിന്റെ ചോദ്യത്തിന് നന്ദ കൂട്ടി ചേർത്തു…
അകത്തേക്ക് കയറ് മോളെ …
അപ്പോഴേക്കും ചെറിയമ്മ വീടിന്റെ വാതിൽ തുറന്ന് അകത്തേക്ക് വിളിച്ചിരുന്നു…..
എങ്ങോട്ട് പോയതാ നിങ്ങൾ രണ്ടും പേരും കൂടി……
കയ്യിലുള്ള ബാഗ് ഡെയിനിങ് ടേബിളിന് മുകളിൽ വെച്ചു കൊണ്ടാണ് നന്ദയത് ചോദിച്ചത്…..
ഞങ്ങൾ ഇവൾക്ക് സ്കാനിംഗിന് വേണ്ടി പോയതാ മോളെ…
ഇന്ന് സ്കാനിങ് കഴിഞ്ഞാൽ നാളെ രാവിലെ നേരത്തെ ഡോക്ടറെ കണ്ടിങ് പോരാമല്ലോ……
നന്ദക്ക് മറുപടി പറഞ്ഞത് ചെറിയമ്മയായിരുന്നു….
ഒപ്പം അവരുടെ കയ്യിലുള്ള പലഹാര പ്പൊതി തുറന്ന് പൊക്കവടയും ഉള്ളിവടയും ഒരു പാത്രത്തിലേക്കിട്ട് മേശ മേൽ വെച്ചിരുന്നു……
ദാ രണ്ട് പേരും കഴിച്ചോ…..
ഞാൻ ചായയെടുക്കാം……
ചെറിയമ്മ അതും പറഞ്ഞു അടുക്കളയിലേക്ക് പോയതും അമ്മുവും നന്ദയും മേശയിലേക്കിരുന്നു……
അമ്മു വാ തോരാതെ വിശേഷങ്ങൾ പറയുമ്പോൾ നന്ദ പുഞ്ചിരിയോടെ കേട്ടിരുന്നു……
അമ്മു പെട്ടെന്ന് സംസാരം നിർത്തി നന്ദയിലേക്കൊന്ന് നോക്കി…….
നീ ഓക്കെ അല്ലേടാ….
അമ്മുവിന്റെ ആ ചോദ്യം വിഷാദം നിറഞ്ഞു നിൽക്കുന്ന നന്ദയുടെ മിഴികളോടായിരുന്നു…..
അവളൊന്നും മിണ്ടിയില്ല….
പകരം പതിഞ്ഞോരു പുഞ്ചിരി നൽകി ചായ ഗ്ലാസ് കയ്യിലെടുത്തു ഒന്ന് മൊത്തി…..
സഞ്ജു വന്നിട്ടുണ്ടല്ലേ…..
അമ്മു അതും കൂടി ചോദിച്ചതും അവൾ ഗ്ലാസ് മേശ മേൽ തന്നെ വെച്ചു…..
കണ്ടുവോ….
അമ്മു ചോദിച്ചതും അവളില്ലെന്ന് തലയാട്ടി….
എന്തോ ശബ്ദം പുറത്തേക്ക് വരുന്നില്ല….
കാണായിരുന്നില്ലേ….
അമ്മു അത് ചോദിച്ചതും നന്ദ അവൾക്ക് നേരെ കയ്യുയർത്തി….
മതി അമ്മു…..
ഞാനെന്തിന് കാണണം…
അവൻ വന്നത് പെങ്ങളുടെ വിവാഹം കൂടാനാണ്…
വിവാഹം കൂടി സന്തോഷത്തോടെ തിരിച്ചു പോകട്ടെ….
ഞാനവന് ആരുമല്ല….
ഏതോ ഒരു രാത്രി പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് വിളിച്ചു കയറ്റേണ്ടി വന്നൊരു അതിഥി മാത്രം…..
ഒരു ആദിതതേയന്റെ കടമ അവൻ ഭംഗിയായി നിർവഹിച്ചു…..
നിൽക്കേണ്ട സമയം കഴിഞ്ഞും അവിടെ പറ്റിപ്പിടിച്ചു നിൽക്കാൻ നോക്കിയ ആ അതിഥിയെ അവനായി കൊണ്ട് കളയേണ്ടി വന്നു…..
അതിൽ അവന്റെ വികാരങ്ങൾക്ക് യാതൊരു കോട്ടവും വന്നിട്ടില്ല….
അവന്റെ ഭാഗത്ത് തെറ്റും ചൂണ്ടി കാണിക്കാൻ കഴിയില്ല…
തെറ്റ് ചെയ്തത് താനാണ്….
അവന്റെ ആദിതേയത്വത്തിൽ പ്രണയം കലർത്തി….
അവനെ കൂടാതെ ഇനി വയ്യെന്ന് തോന്നിയ നിമിഷം അവനിൽ പറ്റിപ്പിടിച്ചിരിക്കാൻ നോക്കി…..
അവസാനം അവൻ കൊണ്ട് കളഞ്ഞപ്പോഴും അവനെ മറക്കാൻ കഴിയാതെ ഇങ്ങനെ ജീവച്ഛവമായി….
അത് പറഞ്ഞപ്പോഴേക്കും നന്ദയുടെ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു….
അമ്മുവിന് സഞ്ജുവിനോട് വല്ലാത്തൊരു ദേഷ്യം തോന്നി……
എങ്കിലും അവളത് പുറമെ പ്രകടിപ്പിച്ചില്ല….
അവൻ നിന്നേ കുറിച് അന്വേഷിചിരുന്നില്ലേ നന്ദാ….
അപ്പൊ നീ തന്നെയല്ലേ വിവാഹമാണെന്നും ശല്യപ്പെടുത്തരുതെന്നും അവനോട് പറയാൻ പറഞ്ഞത്……..
അമ്മു അവളുടെ കയ്യിൽ പിടിച്ചത് ചോദിക്കുമ്പോൾ നന്ദ മിഴികളൊന്നുയർത്തി….
പിന്നെ എന്ത് പറയണമായിരുന്നു….
അവൻ പൂച്ചകുഞ്ഞിനെ കൊണ്ട് വിടുന്നത് പോലെ രാത്രിയിൽ വിട്ടിട്ട് പോയതിന് അവൾ കരഞ്ഞു കൊണ്ട് കാത്തിരിക്കുകയാണെന്നോ…..
ചെറിയമ്മയുടെ സ്വരം അമ്മുവിന് നേരെ ഉയർന്നതും അവൾ മിഴികളുയർത്തി…..
എന്ത് തന്നെയായാലും ഇവൾ അന്നവന്റെ ഭാര്യ യായിരുന്നു….
അതവന്നോർക്കേണ്ടതായിരുന്നു…….
ഇന്നിവളിങ്ങനെ നീറി നീറി കഴിയുന്നതിനു അവനൊറ്റ ഒരുത്ത നാ കാരണക്കാരൻ….
ചെറിയമ്മ ഇടർച്ചയോടെ അത് പറഞ്ഞു നിർത്തുമ്പോൾ നന്ദയോടുള്ള സ്നേഹം ആ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു…..
അമ്മു പിന്നെ ഒന്നും മിണ്ടിയില്ല….
നന്ദയും അങ്ങനെയിരുന്നു…..
അപ്പോഴാണ് മുറ്റത്തൊരു കാറ് വന്നു നിന്ന ശബ്ദം അവർ കേട്ടത്….
അച്ഛനിന്ന് നേരത്തെ വന്നോ…..
അമ്മു അത് ചോദിച്ചു ടേബിളിനരികിലുള്ള ജനലിന്റെ കർട്ടനൊന്നു നീക്കിയതും നന്ദ വേഗം കണ്ണുകൾ അമർത്തി തുടച്ചു……
പരിചയമില്ലാത്ത കാറിൽ നിന്നിറങ്ങിയ ആളിലേക്ക് അമ്മു മിഴികൾ നട്ടതും സഞ്ജുവിനെ കണ്ട് അവളുടെ തൊണ്ടയിൽ നിന്നൊരു ശബ്ദം വന്നിരുന്നു……
അവളുടെ ഭാവ വ്യത്യാസം കണ്ടത് കൊണ്ട് തന്നെ നന്ദ പതിയെ അങ്ങോട്ടൊന്ന് തിരിഞ്ഞു…..
ഒരു നിമിഷം അവനെ കണ്ടവൾ തറഞ്ഞു പോയിരുന്നു…..
ഹൃദയം ഒന്ന് വിറച്ചു….
കണ്ണുകൾ ചുരുങ്ങി….
തൊണ്ടയിൽ നിന്നൊരിറക്ക് ഉമി നീരിറങ്ങി…..
മിഴികൾ ആർത്തിയോടെ അവനെ ഒപ്പിയെടുത്തു ..
സഞ്ജു…..
അമ്മു അതും പറഞ്ഞു നന്ദയിലേക്ക് നോക്കിയപ്പോഴാണ് ചെറിയമ്മയും അവനേ കാണുന്നത്…..
നീയിവിടെ ഉണ്ടെന്നറിഞ്ഞിട്ടുള്ള വരവാകുമോ….
ചെറിയമ്മ അത് ചോദിച്ചതും നന്ദ വേഗം മുറിയിലേക്ക് കയറി…..
എനികാരെയും കാണേണ്ട…. ഞാനിവിടെ വന്നിട്ടുമില്ല….
അവനോടുള്ള വാശിയിലാണ് അത് പറഞ്ഞവൾ വാതിലടച്ചതെങ്കിലും തൊണ്ടയിൽ നിന്ന് വരാൻ വാക്കുകളോരൊന്നും അത്രയേറെ പ്രയാസ പ്പെടുന്നുണ്ടായിരുന്നു….
അമ്മു അമ്മയിലേക്കൊന്ന് നോക്കി….
കാളിങ് ബെല്ലിന്റെ ശബ്ദം ഉയർന്നതും ചെറിയമ്മ വാതിൽ തുറന്നു……
സഞ്ജുവിനെ കണ്ടതും അവരൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു….
സഞ്ജുവും ഏറെ പ്രയാസപ്പെട്ടു…
കാരണം…. താൻ വന്നതെന്തിനെന്ന ചോദ്യത്തിന് കൊടുക്കാൻ തന്റെ കയ്യിൽ ഉത്തരമില്ലെന്ന് അവനറിയാമായിരുന്നു…..
ദാസേട്ടൻ……
പുറത്ത് പോയിരിക്കുകയാണ്…..
കയറു….
സഞ്ജു പെട്ടെന്നത് ചോദിച്ചതും അവരതും പറഞ്ഞവനെ അകത്തേക്കിരുതി…..
ആ ചാര നിറത്തിലുള്ള സോഫയിലേക്കവനമരുമ്പോഴും മനസ്സ് വല്ലാതെ വിറ കൊള്ളുന്നുണ്ടായിരുന്നു..
അവസാനം ഇങ്ങോട്ടൊക്കെ ഒന്ന് വരാൻ തോന്നിയല്ലോ…..
പെങ്ങളുടെ വിവാഹം ആയത് കൊണ്ടാവും… അല്ലെ….
ചെറിയമ്മ അവനോടത് ചോദിക്കുമ്പോൾ അവനൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു….
ദാസേട്ടൻ എപ്പോഴും പറയാറുണ്ട് തന്നെ കുറിച്….
വീണ്ടും അവരത് പറഞ്ഞപ്പോഴും അവനൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു….
മറ്റെല്ലാ വിഷയങ്ങളും അവർ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിൽ കൂടി നന്ദയെ കുറിച് മാത്രം ഒരു സൂചന പോലും തരുന്നില്ല….
പണ്ട് ദാസേട്ടന്റെ കൂടെ കടയിൽ വരുമ്പോഴുള്ള ആ കണ്ടു പരിചയം മാത്രമായാണ് അവർ തന്നോട് സംസാരിക്കുന്നത്….
നന്ദയെ കുറിച് താനെങ്ങനെ ചോദിച്ചു തുടങ്ങുമെന്നത് അവനെ അസ്വസ്ഥമാക്കി…….
അമ്മു വരാറില്ലേ ….
അവൻ പെട്ടെന്നത് ചോദിച്ചതും ഡെയിനിങ് ഹാളിൽ നിന്നും അമ്മു പതിയെ അവർക്കടുത്തേക്ക് വന്നിരുന്നു…..
അമ്മുവിനെ കണ്ടതും അവനു വല്ലാത്തൊരു ആശ്വാസം തോന്നി…..
അവളെ കൂട്ടി കൊണ്ട് വന്നിരിക്കുകയാണ്…
ചെറിയമ്മ അത് പറയുമ്പോൾ സഞ്ജു അവൾക്ക് നേരെയൊന്ന് പുഞ്ചിരിച്ചു….
നിധിൻ എവിടെയിപ്പോ….
നിധിൻ ചെന്നെ…..
നന്ദ……
സഞ്ജു ചോദിച്ചതിന് മറുപടിയായി അമ്മു പറഞ്ഞ് തുടങ്ങിയപ്പോൾ അകത്തേക്ക് പോകുന്ന ചെറിയമ്മയെ കണ്ടതും അവൾ പറയുന്നത് മുഴുവനാക്കും മുന്പേ സഞ്ജു പെട്ടെന്നാണത് ചോദിച്ചത്…….
അമ്മു ഒരു നിമിഷം ഒന്ന് നിശ്ചലയായി…
അവന്റെ ശ്വാസം വല്ലാതെ ഉയർന്നു കേൾക്കുന്നുണ്ട്…
അവൻ വന്നത് തന്നേ അവളെ കുറിച്ചറിയാനാണെന്ന് അമ്മുവിന് തോന്നി പ്പോയി….
നന്ദ…..
അവളിവിടെയില്ല…..
എന്ത് പറയണമെന്നറിയാത്തത് കൊണ്ട് തന്നെ യാണ് അമ്മുവത് മാത്രം പറഞ്ഞ് നിർത്തിയത് …..
നന്ദ വരാറില്ലേ….. ഭർത്താവിനോപ്പം സന്തോഷത്തിൽ തന്നെയല്ലേ……
എനിക്കൊന്ന് കാണാൻ പറ്റുവോ……
സഞ്ജു ഒറ്റ ശ്വാസത്തിൽ അത്രയും ചോദിക്കുമ്പോൾ ആ കണ്ണുകൾ വല്ലാതെ ചുരുങ്ങിയിരുന്നു…..
പിന്നല്ലാതെ…..
നന്ദ സുഖമായിരിക്കുന്നു മോനെ…..
അന്ന് മോനവളെ അവിടെ വിട്ടിട്ട് പോയത് ഏറെ നന്നായി….
അത് കൊണ്ടവൾക്ക് സന്തോഷത്തോടെയുള്ള ഒരു ജീവിതം കിട്ടിയല്ലോ…..
അമ്മുവിന്റെ വാക്കുകൾക്ക് കാതോർത്തിരിക്കുന്ന സഞ്ജുവിനുള്ള മറുപടിയുമായി വന്നത് ചെറിയമ്മ തന്നെയായിരുന്നു…..
എന്ത് പറയണമെന്നറിയാതേ നിന്നിരുന്ന അമ്മു ഒരു ഞെട്ടലോടെ അമ്മ യെ നോക്കി…….
സഞ്ജു കഷ്ടപ്പെട്ടൊന്ന് പുഞ്ചിരിക്കാൻ ശ്രമിക്കുമ്പോഴും അവന്റെ അധരങ്ങൾ കൂട്ടി പ്പിടിച്ച തേങ്ങൽ ചീളുകൾ കൊണ്ട് വല്ലാതെ വിറക്കുന്നുണ്ടായിരുന്നു…..
മോൻ ചായ കുടിച്ചോ….
കൊണ്ട് വന്ന ചായ ഡെയിനിങ് ടേബിളിലേക്ക് വെച്ച് ചെറിയമ്മ വിളിക്കുമ്പോൾ സഞ്ജു പതിയെ എഴുന്നേറ്റു……
കൊണ്ട് വന്ന ചായ വേണ്ടെന്ന് പറയാൻ കഴിയാത്തത് കൊണ്ട് തന്നെ അവൻ ഡെയിനിങ് ടേബിളിലേക്കിരുന്നു…..
പെങ്ങളുടെ കല്യാണത്തിന് കൂടെ നിനക്കും കൂടി ഒരു കല്യാണം ആവാമായിരുന്നു……
ചെറിയമ്മ അല്പം ശബ്‍ദം കൂട്ടിയത് പറഞ്ഞത് അപ്പുറത്തെ മുറിയിൽ നിൽക്കുന്ന നന്ദ കേൾക്കാൻ വേണ്ടി തന്നെയായിരുന്നു….
വാതിലിൽ ചാരി നിന്നിരുന്ന അവളുടെ നെഞ്ചോന്ന് വിങ്ങി……
സഞ്ജു ഒന്നും മിണ്ടിയില്ല…
പകരം ഒന്ന് പുഞ്ചിരിച്ചെന്ന് വരുത്തി…..
എങ്കി…. എങ്കി ഞാനിറങ്ങട്ടെ….
ദാസേട്ടൻ വരുമ്പോൾ പറഞ്ഞാൽ മതി…..
ചായ കുടിച്ചെന്ന് വരുത്തി അവനതും പറഞ്ഞു എഴുന്നേൽക്കുമ്പോൾ അവന്റെ ശബ്ദം കേട്ട് വാതിലിനപ്പുറം നിന്നിരുന്നവളുടെ നെഞ്ചോന്ന് തണുത്തിരുന്നു…..
അവന്റെ ശബ്ദം…അവന്റെ ചിരി….
എല്ലാം മനസ്സിൽ തെളിഞ്ഞ ആ നിമിഷം അവൾ നിലത്തേക്കൂർന്നിരുന്നു…..
മുഖം പതിയെ വാതിലിനോട് ചേർത്ത് വെച്ചു…….
കണ്ണുകൾ എന്തിനോ നിറഞ്ഞൊഴുകി……
ഉള്ളിൽ തിങ്ങി നിറഞ്ഞൊരു ഗദ് ഗദത്തോടെ സഞ്ജു അവിടെ നിന്നിറങ്ങുമ്പോൾ അമ്മുവും സീറ്റ് ഔട്ടിലേക്ക് കടന്നു….
ഇത്…. ഇതെന്റെ പേർസണൽ നമ്പറാണ്…..
നന്ദ എപ്പോ വരുന്നോ അപ്പൊ എനിക്കൊന്ന് വിളിക്കണം…..
പ്ലീസ്……..
എത്ര ദൂരത്താണെങ്കിലും ഞാൻ വരും…..
വെറുതെ….. വെറുതെ യൊന്നു കാണാനാണ്…
ദൂരെ നിന്ന്……
അവനതും പറഞ്ഞു നമ്പർ അമ്മുവിന്റെ കയ്യിലേക്ക് വെച്ച് കൊടുക്കുമ്പോൾ ചെറിയമ്മ കേൾക്കാതിരിക്കാൻ ശബ്ദം നന്നേ താഴ്ത്തിയിരുന്നു….
അവന്റെ ഉള്ളിലെ വികാരങ്ങൾ ആ മുഖത്ത് നിന്ന് വായിച്ചെടുക്കാൻ കഴിഞ്ഞത് കൊണ്ട് തന്നെ അമ്മുവിന് വല്ലാത്തൊരു വേദന തോന്നി……
അവൻ ഇറങ്ങിയതും നന്ദ വേഗം ജന വാതിലിലൂടെ അവനെ നോക്കി……
കണ്ണുകൾക്ക് അവനെ കണ്ടു മതി വരുന്നില്ലാ….
തേങ്ങലുകൾ അടക്കി പിടിച്ചു കൊണ്ട് നന്ദ അവനെ നോക്കിയങ്ങനെ നിന്നു…..
അമ്മ എന്തൊക്കെയാ പറഞ്ഞത്….
അവൻ പോയെന്ന് തോന്നിയതും അമ്മു ദേഷ്യത്തോടെ ചെറിയമ്മയിലേക്ക് തിരിഞ്ഞു……
അപ്പോഴേക്കും മുറിയിൽ നിന്ന് നന്ദയും പുറത്തെക്കിറങ്ങി…
പിന്നെന്താ ഞാൻ പറയേണ്ടത്….
ഇപ്പോഴും കണ്ണ് നീര് വറ്റാതെ ഇവളിരിപ്പുണ്ടെന്നോ….
ചെറിയമ്മ ദേഷ്യത്തോടെ അത് പറയുമ്പോൾ അമ്മുവൊന്നും മിണ്ടിയില്ല…..
ഏതായാലും അവൻ ഇവിടം വിട്ട് പോകും മുൻപ് സത്യം അറിയും….
അറിയട്ടെ…. അപ്പൊ അവനെന്നോട് ചോദിക്കാൻ വരട്ടെ….
ഞാൻ നല്ലത് പറഞ്ഞു കൊടുക്കുന്നുണ്ട്……
ചെറിയമ്മ വീണ്ടുമത് പറയുമ്പോഴും നന്ദ അങ്ങനെ നിന്നു……
പിന്നെ പതിയെ ആ മേശ മേൽ വന്നിരുന്നു……
എന്തിനാ നന്ദാ ഈ വാശി…..
അമ്മു അവളുടെ കയ്യിൽ പതിയെ കൈകളമർത്തി….
അവൻ നിന്നേ കുറിച്ചറിയാനാണ് വന്നത്…
ആ കണ്ണുകളിൽ മുഴുവൻ ഇപ്പോഴും നീയാണ്……
അമ്മുവത് പറഞ്ഞതും നന്ദ കേൾക്കുന്നില്ലെന്ന പോലിരുന്നു നേരത്തെ കുടിച്ചു മുഴുവനാക്കാത്ത ആ ചായ ഗ്ലാസ് ചുണ്ടോടു ചേർത്തു…..
അമ്മു പതിയെ യൊന്നു പുഞ്ചിരിച്ചു…..
നന്ദ എന്തെന്ന ഭാവത്തിലവളേ നോക്കി……
അത് നിന്റെ സഞ്ജു കുടിച്ച ഗ്ളാസാണ്….
നീ കുടിച്ചത് ദേ ആപ്പുറത്താണ്…..
അമ്മു കുസൃതി ചിരിയോടെ അത് പറഞ്ഞതും നന്ദ പെട്ടെന്ന് ഗ്ലാസ് കയ്യിൽ നിന്ന് താഴെ വെച്ചു……
അവളെ കളിയാക്കിയൊന്ന് ചിരിച്ചു കൊണ്ട് അമ്മു പതിയെ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു…..
നന്ദ ഒന്ന് കൂടി ഓർത്തു….
കുഞ്ഞു രോമങ്ങൾ നിറഞ്ഞ അവന്റെയാ കൈ കൊണ്ട് ചേർത്ത് പിടിച്ച ഗ്ലാസ്…..
അവന്റെ അധരങ്ങൾ ചുംബിച്ച ഗ്ലാസ്…..
അവൾ നീക്കി വെച്ച ഗ്ലാസ് ഒന്ന് കൂടി കയ്യിലേക്കെടുത്തു…..
അതിൽ മുഴുവൻ അവന്റെ ഗന്ധം നിറഞ്ഞു നിൽക്കുന്നതായി അവൾക്ക് തോന്നി…
അവൾ പതിയെ അത് ചുണ്ടോടു ചേർത്തതും അമ്മു ചിരിയോടെ അങ്ങോട്ട് വന്നതും ഒരുമിച്ചായിരുന്നു…..
നന്ദ ചമ്മലോടെ പെട്ടെന്ന് ഗ്ലാസ് താഴെ വെച്ചു…..
നിനക്കവനെ അത്രയേറെ ഇഷ്ടമാണെങ്കിൽ പിന്നെ എന്തിനാണീ ഒളിച്ചോട്ടം…
എനിക്ക്…. എനിക്ക് മനസ്സിലാകുന്നില്ല നന്ദാ….
അമ്മുവത് പറഞ്ഞതും നന്ദ അവൾക്ക് നേരെ മുഖമുയർത്തി……
ഞാനവനെ സ്നേഹിക്കുന്നില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ….
അവനെ മറക്കാൻ കഴിയാത്തത് കൊണ്ടാണ് ഇപ്പോഴും തനിച്ചിങ്ങനെ….
പക്ഷെ……
അവൻ തന്നോട് ചെയ്തത് അത്ര പെട്ടെന്ന് മനസ്സിന് പൊറുത്തു കൊടുക്കാൻ പറ്റില്ല അമ്മു…
എനിക്കേറ്റ അഭിമാന ക്ഷതം…. അത്ര പെട്ടെന്നൊന്നും ഉണങ്ങില്ല…..
ഞാൻ അവന്റെ സ്വത്തോ പ്രശസ്തിയോ ഒന്നുമല്ലല്ലോ പ്രണയിച്ചത്…
അതവൻ ചിന്തിക്കേണ്ടതായിരുന്നു….
സ്നേഹിച്ചത് ഞാൻ മാത്രമാണ്….
ഞാൻ അവനെ സ്നേഹിക്കുന്നത് പോലെ അവൻ തിരിച്ചു സ്നേഹിച്ചിരുനെങ്കിൽ എന്നെ ഉപേക്ഷിച്ചൊരിക്കലും അവൻ പോകില്ലായിരുന്നു…..
അത് പറഞ്ഞപ്പോഴേക്കും അവൾ വിതുമ്പിയിരുന്നു….
എങ്കി ഞാനിറങ്ങട്ടെ… നീ ചെറിയമ്മയോട് പറഞ്ഞാൽ മതി….
കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അതും പറഞ്ഞിറങ്ങി പോകുന്നവളെ ഒരു വിങ്ങലോടെ അമ്മുവങ്ങനെ നോക്കി നിന്നു……
(തുടരും)

by