രചന – മിയ അവ
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുമ്പോൾ മണി 11 കഴിഞ്ഞിരുന്നു. അവിടുന്ന് ഒരു ഓട്ടോ പിടിച്ച് ഇത്തിരി കറങ്ങിയെങ്കിലും മുഹൃത്തത്തിന് മുന്നെ തന്നെ ഞങ്ങൾ സൂര്യകാന്തി ഓഡിറ്റോറിയത്തിൽ എത്തിച്ചേർന്നു. അപ്പോഴേക്കും ഓഡിറ്റോറിയത്തിന് പുറത്ത് തന്നെ അത്യാവശ്യം ആളുകൾ കൂടി നിൽക്കുന്നുണ്ടായിരുന്നു.
“ഇതെന്തോന്നിത്…വല്ല സമ്മേളനോം ആണോ.. ഒത്തിരി ആളുകൾ ഉണ്ടെന്ന് തോന്നുന്നല്ലോ പാറുസെ… ”
“പിന്നെ ഒരു കല്യാണം ആവുമ്പോൾ ആളുകൾ കാണില്ലേടി… നീ ഇങ്ങ് വന്നേ മുഹൂർത്തം ആവാറായി… പെൺ വീട്ടുക്കാരൊക്കെ എത്തി കാണും…അവർ എത്തുന്നതിന് മുന്നെ ഇവിടെ എത്തണമെന്ന് കരുതിയതാ ഞാൻ… മോശായി… ”
“എന്ത്.. മോശം.. നമ്മൾ അല്ലല്ലോ പെൺ വീട്ടുക്കാരല്ലേ ഇവിടെ പ്രധാനികൾ.. അപ്പോ അവർ തന്നാ ആദ്യം എത്തേണ്ടവർ.. നമ്മൾ ഇത്തിരി വൈകിയാലും കല്യാണം നടന്നോളും…. ”
“ഓ.. ഈ പെണ്ണിനോട് തർക്കിക്കാൻ നിന്നാൽ ശരിയാവില്ല… ന്റെ പൊന്നു മോൾ വരുന്നെങ്കിൽ വാ…ഞാൻ അങ്ങ് നടക്കട്ടെ… ”
“പിന്നെ ഞാൻ വരാതെ…വലിയ പണക്കാരാണ്.. നല്ല ഒന്നാന്തരം ഫുഡ് ഉണ്ടാവുന്നൊക്കെ പറഞ്ഞ് കൊതിപ്പിച്ച് കൂട്ടി കൊണ്ട് വന്നിട്ട്.. ഇവിടെ വെച്ച് എന്നെ ഡിവോഴ്സ് ചെയ്യുന്നോ…മോളെ പാറുസെ.. ഈ ആമിടെ സ്വഭാവം മാറുവേ…”
“പോടീ കാന്താരി.. കേറി വാ ഇങ്ങോട്ട് ”
“ഈൗ… ദങ്ങനെ പറയ്യ്… ”
ചെറിയമ്മയുടെ കവിളിൽ പിടിച്ച് വലിച്ചു കുരുത്തക്കേടും പറഞ്ഞ് നടന്നതിനാൽ മറ്റൊന്നും ശ്രദ്ധിക്കാതെയാണ് ഞാൻ ഓഡിറ്റോറിയത്തിന് ഉള്ളിലേക്ക് കയറിയത്.
ഉള്ളിലേക്ക് കയറിയപ്പോഴാണ് അറിഞ്ഞത് പെൺ വീട്ടുക്കാർ എത്തിയിട്ടില്ലെന്ന്.
“ഹാവു… അപ്പോ നമ്മൾ അധികം വൈകിയില്ല… ഞാൻ എന്നാൽ പിന്നിലൊന്ന് പോയി നോക്കട്ടെ ശ്യാമയെ ഒന്ന് മുഖം കാണിച്ച് വരാം..മുന്നിൽ മുകുന്ദേട്ടനെ അല്ലേ കണ്ടുള്ളു.. വന്നിട്ട് അവളുടെ അടുത്തേക്ക് ചെന്നില്ലേൽ അത് മതിയാവും അവൾക്ക് പരാതി പറയാൻ…കുറച്ചു കൂടി കഴിഞ്ഞാൽ അവൾ പിന്നെ തിരക്കും ആവും… നീ വരുന്നുണ്ടോ.മോളെ . ”
“ന്റമ്മോ.. ഞാനില്ല പാറുസെ… ആ പെൺ പടയുടെ കൂട്ടത്തിലേക്ക്…ഞാൻ ഇവിടെ എവിടെയെങ്കിലും നിന്നോളാം.. ചെറിയമ്മ പോയി ആന്റിയെ കണ്ടിട്ട് വാ…”
“മ്മ്.. എന്നാ ശരി…”
“ഡീ…. ”
ഹാളിലെ വരാന്തയിൽ കൂടി ഫോണിൽ എന്തോ നോക്കി കൊണ്ട് ചുമ്മാ നടക്കുവായിരുന്ന ഞാൻ നീട്ടിയുള്ള ആ വിളി കേട്ടാണ് തിരിഞ്ഞു നോക്കിയത്.
തന്റെ നേരെ നടന്ന് വരുന്ന കിഷോറിനെയും ഷോണിമയെയും ശരത്തിനെയും കണ്ട് എനിക്ക് ഞെട്ടലും ആകാംഷയുമായി. ആറു വർഷങ്ങൾക്ക് ശേഷമാണ് ഞാൻ അവരെയെല്ലാം കാണുന്നത്. ശത്രുക്കളെ പോലെ പോരാടിയിരുന്നവരെ വീണ്ടും മുന്നിൽ കണ്ടപ്പോൾ അതും അന്നേ ദിവസം…വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നി.
“ഇവരൊക്കെ എന്താ ഇവിടെ… ഇന്ന് ഇവരുടെ ആത്മ സുഹൃത്തിന്റെ വിവാഹമായിട്ട് ഇവർ ഇവിടെ വന്ന് നിൽക്കുവാണോ…”
മനസ്സിൽ ഓർത്തതും
“നീഎന്താടി ഇവിടെ… ആര് വിളിച്ചിട്ടാടി നീ ഇങ്ങോട്ട് വന്നത്….”
കിഷോർ എനിക്ക് നേരെ ചാടി വീണിരുന്നു. പിന്നെ ഞാൻ വിട്ടു കൊടുക്കോ.. ഹും.
“ഹാ.. ഇത് നല്ല കൂത്ത്… എനിക്ക് ഇവിടെ വരാൻ തന്റെ അനുവാദം വേണോ…ഈ ഓഡിറ്റോറിയം എന്താ തനിക്ക് സ്ത്രീധനം കിട്ടിയത് വല്ലോം ആണോ …”
“ഡീ…നിനക്ക് ഇപ്പോഴും അഹങ്കാരത്തിന് ഒരു കുറവും ഇല്ലല്ലേ…”
“എന്റെ അഹങ്കാരം കുറഞ്ഞാലും കൂടിയാലും തനിക്ക് എന്താടോ…തന്റെ വീട്ടിൽ വന്നാണോ ഞാൻ കഞ്ഞി കുടിക്കുന്നെ…”
“ഹാ.. അപ്പോ കഞ്ഞിയാണെന്ന് സമ്മതിച്ചു അല്ലെടി… നിന്റെ സ്വഭാവം അല്ലെങ്കിലും ഒരു കഞ്ഞികളുടെ തന്നെയായിരുന്നല്ലോ…”
“ഡോ… മാന്യമായി സംസാരിക്കണം… എന്റെ സ്വഭാവത്തെ വിലയിരുത്താൻ താൻ ആരാടോ…”
“ഹൊ…ഒന്ന് നിർത്ത് രണ്ട് പേരും… ആളുകൾ ശ്രദ്ധിക്കും…കിഷോർ നീ മിണ്ടാതിരിക്ക്.”
“ആളുകൾ ശ്രദ്ധിക്കുന്നതിന് ഇവൾക്ക് എന്ത് തോന്നാന്നാ ശരത്തേ…വിളിക്കാത്ത കല്യാണത്തിന് വലിഞ്ഞു കേറി വരുന്നവർക്ക് എന്ത് നാണവും മാനവും…”
“കിഷോർ…മതി നിർത്ത്…എന്തൊക്കെയാ നീ ഈ വിളിച്ചു പറയുന്നേ…”
“ഞാൻ പറഞ്ഞതിലാണോടി തെറ്റ്… ഇവളെ ആരെങ്കിലും ഈ കല്യാണത്തിന് ക്ഷണിച്ചിട്ടുണ്ടോ…”
ഷോണിമ ചേച്ചിയുടെ നേരെ തിരിഞ്ഞു കിഷോർ പറയുന്നത് കേട്ടപ്പോൾ അതേ കലിപ്പോടെ തന്നെ ഞാനും പറഞ്ഞു.
“തന്നോടാരാടോ എന്നെ കല്യാണം ക്ഷണിച്ചിട്ടില്ലെന്ന് പറഞ്ഞത്…മാന്യമായി ചെക്കന്റെ വീട്ടുക്കാർ കല്യാണം ക്ഷണിച്ചിട്ട് തന്നാ ഞാൻ വന്നത്… അല്ലാ ഇതൊക്കെ ചോദിക്കാൻ താൻ ഇവിടുത്തെ ആരുവാ…”
“ചെക്കൻ വീട്ടുക്കാർ നിന്നെ കല്യാണം വിളിച്ചെന്നോ… അതെങ്ങനെ നടക്കും…”
“അതെന്തേ നടന്നാൽ…തന്റെ അനുവാദം വാങ്ങിയിട്ടാണോ അവർ ആളുകളെ ക്ഷണിക്കുന്നത്….”
“എന്റെ അനുവാദം വേണ്ട… പക്ഷെ അവരുടെ മകന്റെ കല്യാണം നടത്തിക്കില്ലെന്ന് വെല്ലു വിളിച്ച നിന്നെ തന്നെ അവർ കല്യാണം വിളിച്ചുവെന്ന് പറഞ്ഞാൽ ഞങ്ങൾ അത് വിശ്വസിക്കണം അല്ലേ…”
“ന്താ…താൻ എന്താ പറഞ്ഞേ…”
കിഷോറിന്റെ വാക്കുകൾ കേട്ടപ്പോൾ ഒരു പിടിത്തവും കിട്ടാതെ ഞാൻ ചോദിച്ചു.
“കൂടുതൽ അഭിനയിക്കല്ലേ നീ..ഞങ്ങളുടെ മനുവിന്റെ വിവാഹം മുടക്കുമെന്ന് അവനെ വെല്ലു വിളിച്ച നീ..അവന്റെ വീട്ടുക്കാർ ക്ഷണിച്ചിട്ടാ ഇവിടെ വന്നതെന്ന് പറഞ്ഞാൽ ഞങ്ങൾ അങ്ങ് വിശ്വസിക്കുമെന്ന് കരുതിയോ… പറയെടി… എന്ത് ഉദ്ദേശത്തിലാ നീ ഇവിടേക്ക് വന്നത്….”
അവൻ പറഞ്ഞത് വിശ്വാസമാവാതെ ഞാൻ അവരെ തന്നെ മിഴിച്ചു നോക്കി. ഒന്നും മനസിലാവാതെ വട്ട് പിടിച്ച് തല ചരിക്കുമ്പോഴാണ് ഓഡിറ്റോറിയത്തിന് പുറത്തായി LED ബൾബിന്റെ വെട്ടത്തിൽ തിളങ്ങുന്ന ബോർഡ് ഞാൻ ശ്രദ്ധിച്ചത്.
“മനു ശങ്കർ വെഡ്സ് അമൃത ”
എന്ന എഴുത്തോടെ ശോഭിച്ചു നിൽക്കുന്ന അവരുടെ ഫോട്ടോ പതിപ്പിച്ച ആ ബോർഡിലേക്ക് നോക്കവേ എനിക്ക് തല പെരുക്കുന്നത് പോലെ തോന്നി.
“അപ്പോ…. ഇത് ഇയാളുടെ കല്യാണം ആയിരുന്നോ… പാറു ചെറിയമ്മയുടെ ഫ്രണ്ടിന്റെ മകൻ ഇയാൾ ആയിരുന്നോ….”
ഞാൻ ആലോചിച്ചു.
“എന്താടി… നിന്റെ നാവ് ഇറങ്ങി പോയോ… പറയെടി… എന്താ നിന്റെ ഉദ്ദേശം…വല്ല തല്ലു കൊള്ളിത്തരവും ആയിട്ടാണ് നീ ഇവിടേക്ക് വന്നതെങ്കിൽ… പൊന്ന് മോളെ…നല്ല രീതിയിൽ നീ തിരിച്ചു പോവില്ല….”
അത് കേട്ടതും വീണ്ടും എന്റെ കണ്ണുകളിൽ ദേഷ്യം പടർന്നു കയറി. കിഷോറിനെ ഒന്ന് തറപ്പിച്ചു നോക്കി ഞാൻ.
“ഡോ എടി പോടീന്നൊക്കെ സ്വന്തം കുടുംബത്തുള്ളവരെ പോയി വിളിച്ചോണം..ആമിയെ കേറി വിളിച്ചാൽ താൻ വിവരം അറിയും…ശരിയാ.. ഇത് തന്റെ ഫ്രണ്ടിന്റെ കല്യാണം ആണെന്ന് അറിഞ്ഞ് തന്നാ ഞാൻ വന്നത്… അത് മുടക്കാൻ തന്നാ വന്നത്… തനിക്ക് എന്ത് ചെയ്യാൻ പറ്റും എന്നെ… പറയെടോ…”
ദേഷ്യം തലയ്ക്കു കേറിയാൽ വായിൽ നിന്ന് വരുന്ന വാക്കുകൾ പോലും പണ്ടേ എന്റെ കൺട്രോളിൽ നിൽക്കില്ലല്ലോ.. എന്ത് ചെയ്യാനാ ഞാൻ ഇങ്ങനൊക്കെ ആയിപ്പോയി.. ആരുടെ മുന്നിലും തോൽക്കുന്നതും ചെറുതാവുന്നതും ആമിയ്ക്ക് പണ്ടേ ഇഷ്ടമില്ല.. അപ്പോ തോന്നുന്നത് വിളിച്ചു പറഞ്ഞാണെങ്കിലും അവിടെ പിടിച്ചു നിൽക്കാൻ നോക്കും. പക്ഷെ അത് കുറച്ചു അതിര് കടന്നു പോയെന്ന് മനസ്സിലായത് പിന്നീട് അവിടെ ചില അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയപ്പോഴാണ്.
“ആമി….ഇല്ല.. നീ അത് ചെയ്യില്ലെന്ന് എനിക്കറിയാം… ചുമ്മാ കളി പറയാതെ ആമി….”
ഷോണിമ ചേച്ചി ഇടയ്ക്ക് കയറി പറഞ്ഞതും ഞാൻ ചേച്ചിയെ നോക്കി.
“ചേച്ചി… ഞാൻ… ”
“കേട്ടല്ലോ… തൃപ്തി ആയല്ലോ രണ്ടാൾക്കും… ഞാൻ അപ്പഴേ പറഞ്ഞതാ.. ഇവൾ എന്തും ചെയ്യാൻ മടിക്കാത്തവളാണെന്ന്…തനി ഫ്രോഡാ ഇവൾ… ”
എന്നെ മുഴുവനാക്കാൻ സമ്മതിക്കാതെ കിഷോർ വീണ്ടും എനിക്ക് നേരെ അലറി.
“അതെ.. ഞാൻ ഫ്രോഡാ.. തനിക്ക് അതിൽ എന്തുവാ നഷ്ടം…. ”
“നീ എന്തെങ്കിലും ആയിക്കോ… പക്ഷെ നിന്റെ വിളച്ചിൽ ഞങ്ങളുടെ മനുവിന്റെ അടുത്ത് കാണിച്ചാൽ… വെച്ചേക്കില്ല നിന്നെ ഞാൻ…ഇന്ന് അവന്റെ മുന്നിലേക്ക് പോലും കടന്നു ചെല്ലാൻ നിന്നെ ഞാൻ സമ്മതിക്കില്ല ”
“ഓഹോ… അങ്ങനാണോ… എന്നാ അതൊന്ന് കാണണല്ലോ… എവിടെ നിങ്ങളുടെ പുന്നാര ഫ്രണ്ട്… എനിക്കൊന്നു കാണണല്ലോ അയാളെ….”
“ആമി.. ദേ.. നീ തമാശ കളിക്കാൻ നിക്കല്ലേ… ഇവൻ എന്തെങ്കിലും പറഞ്ഞെന്ന് കരുതി… ”
“ഹാ.. ശരത്തേട്ടൻ കേട്ടില്ലേ ഇയാൾ പറഞ്ഞത്… ആമി ഫ്രോഡാണെന്ന്.. അപ്പോ അത് അങ്ങ് തെളിയിച്ചു കൊടുക്കണ്ടേ ഇയാൾക്ക്… എവിടെയാ മിസ്റ്റർ മനു ശങ്കർ.. എനിക്ക് ഒന്ന് കാണണം അയാളെ….”
“ആമി.. പ്ലീസ്…ഇന്നൊരു നല്ല ദിവസായിട്ട് വഴക്കിനു നിൽക്കരുത് നിങ്ങൾ… അമ്മുവിന്റെ വീട്ടുക്കാർ ഇപ്പോ ഇങ്ങ് എത്തും…പ്ലീസ് ആമി ”
“ചേച്ചി ചുമ്മാതിരുന്നെ…നിങ്ങൾ പറഞ്ഞപ്പോഴാ ഇത് അങ്ങേരുടെ കല്യാണമാണെന്ന് പോലും ഞാൻ അറിഞ്ഞത്.. ഞാൻ എന്റെ ചെറിയമ്മയുടെ ഒപ്പം വന്നതാ… പക്ഷെ ഇയാൾ ഇത്രയ്ക്കും ഡയലോഗ് അടിച്ച സ്ഥിതിയ്ക്ക് ഇനി മിസ്റ്റർ മനുവിനെ കാണാതെ ആമി പോവില്ല…ഞാൻ അങ്ങേരെ ഒന്ന് കണ്ട് വരാം ”
കിഷോറിനെയൊന്ന് നോക്കി ദഹിപ്പിച്ചു ഞാൻ മനുവിനെ തപ്പി ഹാളിന്റെ പിന്നിലേക്ക് പോയി.
ഹാളിന്റെ പുറകിൽ എത്തി അവിടെമാകെ നോക്കുമ്പോൾ നെഞ്ച് ക്രമം തെറ്റി മിടിക്കുന്നത് ഞാൻ അറിഞ്ഞു. എന്റെ പ്രാണനായിരുന്നവൻ ഇവിടെയെവിടെയോ ഉണ്ടെന്ന് ഹൃദയം സൂചന തന്നു. ചുറ്റിലും കണ്ണോടിച്ചപ്പോൾ മുന്നിലായി ആരോടോ സംസാരിച്ചു നിൽക്കുന്ന മനുവിനെ കണ്ടതും മനസ്സോന്നിടറി. എങ്കിലും വാശി തന്നെ മുന്നിട്ടു നിന്നു. മനസ്സിൽ എന്തോ ഉറപ്പിച്ച് മുന്നോട്ട് നടന്നു.
“എസ്ക്യൂസ് മി.. മണവാളൻ… ”
എന്നെ കണ്ട മനുവിന്റെ മുഖം ദേഷ്യത്തിനപ്പുറം ആശ്ചര്യം കൊണ്ടും മൂടി.
“നീയോ… നീയെന്താ ഇവിടെ….”
“അയ്യേ.. കല്യാണം കൂടാൻ വന്നവരോട് ആരെങ്കിലും ഇങ്ങനൊക്കെ ചോദിക്കോ…ഇനി ഇന്ന് തന്റെ കല്യാണം അല്ലേ….ഏഹ്… ”
“ഹും…എല്ലാവരോടും ചോദിക്കില്ല പക്ഷെ നിന്നെപ്പോലുള്ള റെയർ പീസുകളോട് ചോദിച്ചെന്ന് വരും….കയ്യിലിരുപ്പ് അങ്ങനെയാണല്ലോ… സത്യം പറയെടി.. നീ എന്തിനാ ഇവിടെ വന്നേ…. ”
“ഓഹോ… അങ്ങനെയാണോ..അപ്പോ നിങ്ങളുടെയൊക്കെ കയ്യിലിരുപ്പ് നല്ലതാണല്ലോ അല്ലേ…. ”
“ഞങ്ങളുടെ കയ്യിലിരുപ്പിനെ വിലയിരുത്താൻ തല്ക്കാലം നിന്റെ ആവിശ്യമില്ല….നീ കൂടുതൽ ഡയലോഗ് അടിക്കാതെ വന്നതിന്റെ ഉദ്ദേശം പറ… ആരോട് ചോദിച്ചിട്ടാ നീ ഇവിടേക്ക് കയറിയത്…. ”
“ഹാ.. അത് അപ്പോ മറന്നോ… ഇന്ന് നിങ്ങളുടെയും നിങ്ങൾക്ക് പ്രിയപ്പെട്ടവളുടേം കല്യാണല്ലേ..അതിന് ആമി എങ്ങനാ വരാതിരിക്കാ…നിങ്ങളെ പോലെ എനിക്കും ഏറെ പ്രിയപ്പെട്ട ദിവസല്ലേ ഇന്ന്…. ”
“എന്ന് വെച്ചാൽ…. നീ…ഇവിടെ അലമ്പുണ്ടാക്കാൻ വന്നതാണോ.. .”
” പിന്നല്ലാതെ… നിങ്ങടെ കല്യാണത്തിന് വന്നിട്ട് ആമിയ്ക്ക് ചുമ്മാ അങ്ങ് ഫുഡ് കഴിച്ച് പോവാൻ പറ്റില്ലല്ലോ….”
“എടി…മോളെ.. ചുമ്മാ ഷോ കാണിക്കാതെ പോവാൻ നോക്കിക്കേ….”
“അതേയ്… നിങ്ങടെ കല്പന കേട്ട് വാ മൂടി നിൽക്കാൻ ഇത് നിങ്ങടെ മിണ്ടാപ്പൂച്ചയല്ല.. ആമികയാ….ആമിക…നിങ്ങടെ കല്യാണത്തിന് ഞാൻ ഇവിടെ എത്തിയിട്ടുണ്ടേൽ നിങ്ങൾക്കിട്ട് പണിയാനും എനിക്കറിയാം ”
“ഉവ്വാ.. എന്നാ നീയങ്ങ് ഉണ്ടാക്കെടി… കാണട്ടെ ഞാൻ… നീയെന്നല്ല ഇനിയൊരു ശക്തി വിചാരിച്ചാലും എന്നേം എന്റെ പെണ്ണിനേം പിരിക്കാൻ കഴിയില്ല…മനുവാ പറയുന്നേ…”
“ഓ..കാണാടോ..ആമി ഇവിടുള്ളപ്പോൾ നിങ്ങൾ എങ്ങനാ ഒന്നിക്കുന്നതെന്ന് ”
അങ്ങനെ വെല്ലുവിളിക്കുമ്പോൾ പോലും അയാളുടെ മുന്നിൽ വാക്ക് കൊണ്ട് മുന്നിട്ട് നിൽക്കണമെന്ന് മാത്രമേ അപ്പോൾ ഞാൻ കരുതിയുള്ളു.
“ആടി.. കാണാം…”
“എന്റെ പൊന്നോ.. ഈ സമയത്തും രണ്ടും കൂടി കീരിയും പാമ്പും പോലെ അടി കൂടിയിരിക്കുവാണോ.. എന്താ മനു ഇത്.. ഇന്ന് നിന്റെ കല്യാണം ആണെന്നു വല്ല ബോധവും ഉണ്ടോ.. ആളുകളൊക്കെ ശ്രദ്ധിക്കും…”
വാക്കുകൾ കൊണ്ട് അങ്കം വെട്ടുന്ന ഞങ്ങൾക്കിടയിലേക്ക് ഷോണിമ ചേച്ചി കേറി നിന്നു.
“എടി ഞാനല്ല.. ഈ പിശാചാ ഇങ്ങോട്ട് ഇടിച്ചു കേറി വന്നത്…”
“പിശാച് നിങ്ങടെ മറ്റവൾ…”
“ഡീ.. എന്ത് പറഞ്ഞെടി…എന്റെ അമ്മുവിനെ പറഞ്ഞാലുണ്ടല്ലോ…”
“ഹോ… എന്റെ മനു.. നീയൊന്ന് പോയേ ഇവിടുന്ന്..ഇവളെ ഞാൻ നോക്കിക്കോളാം..”
“മ്മ്…”
എന്നെ നോക്കി കനപ്പിച്ച് ഒന്ന് മൂളി അങ്ങേര് അവിടെ നിന്നും പോയി.
“എന്റെ ആമിക്കുട്ടി.. എന്തുവാ പെണ്ണെ നിനക്ക് പറ്റിയെ… അവന്മാരേക്കാൾ കഷ്ട്ടം ആവാണല്ലോ നീ.. എന്തിനാ ഇനിയും ഈ വാശി.. നിർത്തിക്കൂടെ എല്ലാം…”
“പിന്നെ ഞാൻ എന്തോ ചെയ്യണം ചേച്ചി.. ഒക്കെ ഒഴിവാക്കി മനസ്സിൽ നിന്ന് കളഞ്ഞതാ എല്ലാം… ഇവിടെ വന്നത് തീർത്തും യാദൃശ്ചികമായിട്ടാ.. എന്നിട്ടും അവർ ചൊറിയാൻ വരുമ്പോൾ ഞാൻ എന്താ ചെയ്യാ…എന്നോട് ചൊറിയുന്ന വർത്താനം പറഞ്ഞാൽ തിരിച്ചൊന്നും മിണ്ടാതെ വാ മൂടി കെട്ടി നിൽക്കാൻ ഞാൻ നിങ്ങടെ അമ്മുവല്ല ആമിയാ…”
“നിങ്ങടെ അമ്മുവോ… അമ്മു ഞങ്ങടെ മാത്രം ആയിരുന്നോ ആമി…നിനക്ക് അവൾ ആരും ആയിരുന്നില്ലേ…”
അതിന് മറുപടിയില്ലാതെ എന്റെ മുഖം താഴുന്നത് കണ്ടപ്പോൾ ചേച്ചി എന്റെ തോളിൽ കൈ വെച്ചു കൊണ്ട് തുടർന്നു.
“മോളെ ആമി… നീയും അമ്മുവും എത്ര നല്ല കൂട്ടായിരുന്നു.. ബെസ്റ്റ് ഫ്രണ്ട്സ് അല്ലായിരുന്നോ നിങ്ങൾ…പിന്നെ എന്താ ആമി നിങ്ങൾക്കിടയിൽ സംഭവിച്ചത്… ഇത്ര മാത്രം ശത്രുക്കളാവാൻ എങ്ങനെ കഴിഞ്ഞു നിങ്ങൾക്ക്…”
അത് കേട്ടപ്പോൾ പുച്ഛത്തോടെ ഒരു ചിരി എന്റെ ചുണ്ടിൽ വിരിഞ്ഞു.
“അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല ചേച്ചി..ഞാൻ അതൊന്നും ഇനി ഓർക്കാൻ ആഗ്രഹിക്കുന്നുമില്ല..ചേച്ചി അവിടേക്ക് ചെല്ല്.. ഞാൻ പുറത്തുണ്ടാവും..പ്രശ്നം ഒന്നും ഉണ്ടാക്കില്ല..പണ്ടത്തെ കൂട്ടുക്കാരിയെ കാണാനും അവരുടെ മകന്റെ കല്യാണം കൂടാനും ഭയങ്കര സന്തോഷത്തോടെയാണ് എന്റെ ചെറിയമ്മ വന്നത്.. അത് ഞാൻ ആയിട്ട് ഇല്ലാതെയാക്കില്ല…പിന്നെ ഈ വെല്ലുവിളി ഒക്കെ ചുമ്മാ ഷോ ആണ്..ഇവിടുന്ന് പോവുന്ന വരെ അവരുടെ മുന്നിൽ പിടിച്ചു നിൽക്കണ്ടേ..കല്യാണം കഴിഞ്ഞു ആർക്കും മുഖം കൊടുക്കാതെ ആമി പോവും.. പേടിക്കണ്ട..”
ചേച്ചിയോട് അത്രയും പറഞ്ഞു തിരിഞ്ഞു പോലും നോക്കാതെ ഞാൻ പുറത്തേക്കിറങ്ങി. എന്തൊക്കെയോ ആലോചിച്ചു ഹാളിലെ നീണ്ടു കിടക്കുന്ന വരാന്തയിലൂടെ ഞാൻ നടന്നു. ഓർമ്മകൾ പലതും കാട് കയറാൻ തുടങ്ങിയിരുന്നു. അതിന്റെ കൊടുമുടിയിലേക്ക് വീഴും മുന്നെ സ്പീഡിൽ അവിടേക്ക് ഇരച്ചു വന്ന ഒരു ജീപ്പിന്റെ സൗണ്ട് ആണ് എന്നെ തിരികെ എത്തിച്ചത്. ഞെട്ടി തിരിഞ്ഞു ഞാൻ നോക്കിയതും ആരൊക്കെയോ ജീപ്പിൽ നിന്നിറങ്ങി ധൃതിപ്പെട്ട് ഹാളിന്റെ ഉള്ളിലേക്ക് കയറുന്നത് കണ്ടു.
“ഇവരെന്താ ഇങ്ങനെ ശ്വാസം വിടാതെ പോവുന്നെ.. ഇവരാണോ ഇനി അമ്മുവിന്റെ വീട്ടുക്കാർ.. എന്നിട്ട് അമ്മുവിനെ കാണുന്നില്ലല്ലോ…”
അമ്മുവിന് വേണ്ടി എന്റെ കണ്ണുകൾ നാല് പാടും തിരയവേയാണ് പുറത്തു തടിച്ചു കൂടിയിരുന്ന മറ്റു ചിലർ കൂടി വെപ്രാളത്തോടെ ഓടി ഹാളിലേക്ക് കയറുന്നത് കണ്ടു. എല്ലാം കൂടി എന്തോ പന്തികേട് തോന്നി അല്പ നേരം മടിച്ചു നിന്നതിനു ശേഷം എന്താണെന്ന് അറിയാൻ ഞാനും ഉള്ളിലേക്ക് കടന്നു.
(തുടരും )

by