14/02/2026

വർക്ക്ഷോപ്പിൽ നിന്ന് രവി എത്തിയപ്പോൾ ഏഴുമണി കഴിഞ്ഞിരുന്നു.സുധ അപ്പോഴും എത്തീയിരുന്നില്ല.ടെക്സ്റ്റൈൽ ഷോപ്പിലെ ജോലി കഴിഞ്ഞു

രചന – രാജേഷ് പീറ്റർ

ഒളിച്ചോടിയവളുടെ മക്കൾ
=======================

വർക്ക്ഷോപ്പിൽ നിന്ന് രവി എത്തിയപ്പോൾ ഏഴുമണി കഴിഞ്ഞിരുന്നു.സുധ അപ്പോഴും എത്തീയിരുന്നില്ല.ടെക്സ്റ്റൈൽ ഷോപ്പിലെ ജോലി കഴിഞ്ഞു സാധാരണ വൈകിട്ട് ആറുമണിക്കകം എത്തേണ്ടതാണ്.ഫോണിൽ അയാൾ വിളിച്ചു നോക്കി.സ്വിച്ചഡ് ഓഫാണ്.

അമ്മേ….സുധ വന്നില്ലേ…?

ഇല്ല കുട്ട്യേ..ഓള് വരേണ്ട സമയം കഴിഞ്ഞല്ലോ.

ഉം..

അവരുടെ മുറിക്കുള്ളിലേക്ക് രവി കടന്നപ്പോൾ മേശപ്പുറത്ത് പേന കൊണ്ട് കനം വെച്ച മടക്കിയ പേപ്പറിൽ അയാളുടെ കണ്ണുകൾ പതിഞ്ഞു.തുറന്നപ്പോൾ അതിൽ എഴുതിയിരിക്കുന്ന വാചകം കണ്ടയാൾ സ്തംഭിച്ചു നിന്നു.

“ചേട്ടൻ എന്നോട് ക്ഷമിക്കണം.ഞാൻ സുരേഷിന്റെ കൂടെ പോകുകയാണ്”

അന്ന് ആ വീട്ടില്ലാരും ഭക്ഷണം കഴിച്ചില്ല. എട്ടും,നാലും വയസ്സുള്ള കുട്ടികൾ തളർന്നു പോവളം കരഞ്ഞു.

“അമ്മ ഇനി വരില്ലേ അച്ഛായി” എന്ന നിഷ്കളങ്ക ബല്യങ്ങളുടെ ചോദ്യത്തിനു മുൻപിൽ അയാൾ ഒരുകി ഇരുന്നു.

തന്റെ നെഞ്ചോട് ചേർന്നവർ വാടി ഉറങ്ങുമ്പോൾ വർക്ഷോപ്പിലെ തീ നാളങ്ങളോട് പൊരുതുന്ന അയാളുടെ ശരീരം ആസകലം ചുട്ടു പൊള്ളുന്നതായി തോന്നി.

ഉറക്കെയൊന്നു കരയണമെന്നുണ്ടായിരുന്നു അയാൾക്ക്.നെഞ്ചിൽ ഒട്ടിക്കിടക്കുന്ന കുരുന്നുകളെയും,കട്ടളപ്പടിയിൽ തല ചാരി പുറത്തെ ഇരുട്ടിലേക്ക് നോക്കി വിങ്ങിപ്പൊട്ടുന്ന പ്രായമായ അമ്മയെയും കണ്ട് അയാൾക്കതിന് സാധിച്ചില്ല.താനൊന്നു കരഞ്ഞാൽ തിരിച്ചു കയറാൻ വയ്യാത്ത ആഴത്തിലേക്ക് പിടി വിട്ടുപോകുന്ന മൂന്നു ജീവിതങ്ങളാണ് തന്റെ മുൻപിലുള്ളത്.

സുരേഷിനെ തനിക്കറിയാം.തങ്ങളുടെ കല്യാണത്തിനയാൾ ഉണ്ടായിരുന്നു.സ്കൂളിൽ സീനിയറായി പഠിച്ച സുരേഷിനെ സുധ അന്ന് പരിചയപ്പെടുത്തിയിരുന്നു.വല്യ തമാശക്കാരനാണെന്ന് സുധ പറഞ്ഞേ. ഓന്റെ തമാശകൾ കേട്ട് എല്ലാരും പൊട്ടിച്ചിരിക്കുമായിരുന്നുവത്രെ.വീടിന്റെ അതുവഴി പോകുന്ന സാരഥി ബസ്സിന്റെ പുതിയ കണ്ടക്ടർ സുരേഷാണെന്ന് ഓള് അടുത്തിടെ പറഞ്ഞതയാൾ ഓർത്തു.ഒരേ സ്കൂളിൽ പഠിച്ചവർ എന്നതിലുപരി മറ്റൊന്നും തന്റെ മനസ്സിൽകൂടി കടന്നുപോയിരുന്നില്ല.അല്ല സുധയെ അത്രകണ്ട് തനിക്ക് വിശ്വാസമായിരുന്നു.

നേരം പുലർന്നപ്പോൾ സുധ കണ്ടക്റ്ററുടെ കൂടെ ഒളിച്ചോടിയ വിവരം പിത്താശ്ശേരി പഞ്ചായത്തു മുഴുവൻ പടർന്നു.

അന്നാ നാട്ടിലെ പ്രധാന ചർച്ചാ വിഷയം അതായിരുന്നു.പൈപ്പിൻ ചോട്ടിലും, ജംഗ്ഷനിലും,വേലിക്കപ്പുറവും, ഇപ്പുറവും നിന്ന് ആളുകൾ ഒളിച്ചോട്ട വിഷയം ചർച്ച ചെയ്തു.മഴ പെയ്തപ്പോൾ പോലും സ്കൂൾ വരാന്തയിൽ കയറിയിട്ടില്ലാത്ത പലരും അതിവിദഗ്ദ്ധ അഭിപ്രായം പറഞ്ഞു.ചിലർ ലൈംഗിക രോഗ വിദഗ്ദ്ധരായി.എല്ലാരും കൂടി സുധ ഒളിച്ചോടാനുള്ള പ്രധാന കാരണം കണ്ടു പിടിച്ചു;

“ഓന്റെ പിടിപ്പ് കേട്….
അതേന്നേ….അവനെന്തോ പ്രശ്നമുണ്ട് അല്ലേൽ ഓള് വല്ലോന്റേം കൂടെ ഒളിച്ചോടുവോന്നേ …”

ഒരാഴ്ച്ച രവി ജോലിക്കും കുട്ടികൾ സ്‌കൂളിലും പോയില്ല.അത്യാവശ്യ കാര്യങ്ങൾക്കോ,സാധനങ്ങൾ വാങ്ങാനോ പോകുമ്പോൾ ആളുകളുടെ അടക്കംപ്പറച്ചിലും,നോട്ടവും അയാളെ കൊന്നു കളയുന്നതായിരുന്നു.കഴിവ് കെട്ടവനെ നോക്കി അവർ ഊറിച്ചിരിച്ചു.

കളിക്കാൻ പുറത്തിറങ്ങിയ കുട്ടികളെ കൂട്ടുകാർ കളിയാക്കി.

“പിള്ളേരേ നിങ്ങടെ അമ്മേടെ വിവരം വല്ലോം അറിഞ്ഞോ,അമ്മ വിളിക്കാറുണ്ടോ” എന്നൊക്കെ മുതിർന്നവർ ചോദിക്കും.

ചോദിച്ചവരെ നോക്കി ആ കുരുന്നുകൾ ഉത്തരം ഇല്ലാണ്ട് മരവിച്ചു നിൽക്കും.

അവർ പുറത്തു കളിക്കാൻ പോകാതെയായി.സ്‌കൂളു വിട്ടുവന്നാൽ വീടിനുള്ളിൽ തന്നെ ഇരിക്കും.നേരം വെളുക്കുന്നതിന് മുൻപേ അയാൾ ജോലിക്ക് പോകും,ഇരുള് വീണിട്ടേ മടങ്ങി വരൂ.കാശിനേ കുറവുണ്ടായിരുന്നുള്ളു.വളരെ സന്തോഷമായി പോയിരുന്ന കുടുംബമായിരുന്നു തന്റെ.ആ സ്വർഗമാണ് ഒരു നിമിഷംകൊണ്ട് നരകമായി മാറിയത്.

അമ്മയെ കെട്ടിപ്പിടിച്ചു മാത്രം ഉറങ്ങിയിരുന്ന നാലു വയസ്സുകാരൻ അനന്തു “അമ്മ ഇനി വരില്ലേ അച്ഛാന്ന്” ഇടക്കിടക്ക് അയാളോടും അച്ഛമ്മയോടും ചോദിക്കും.

അമ്മ ഇനി വരില്ലെന്ന് കേൾക്കുമ്പോ അവന്റെ കണ്ണുകൾ നിറയും.ഉള്ളുരുകി കരയുന്ന ആ കുഞ്ഞുങ്ങളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ അവരെ നെഞ്ചോട് ചേർത്തു കടല് കണക്കെ ഇരമ്പുന്ന മനസ്സുമായി അയാൾ ഇരിക്കും.

അന്നയാൾ ജോലി കഴിഞ്ഞെത്തിയപ്പോൾ മൂത്തമകൾ രമ്യ കരഞ്ഞുകൊണ്ട് ഓടിവന്ന് അയാളെ കെട്ടിപ്പിടിച്ചു.കുഞ്ഞിനെ തന്നോട് ചേർത്തു നിർത്തിയ അയാൾ ഒന്നും പറയാനാവാതെ കുറച്ചു നേരം അവളുടെ മുടിയിലൂടെ വിരലുകൾ ഓടിച്ചു.പിന്നീടവളെ വാരിയെടുത്തു കവിളിൽ മാറി മാറി ഉമ്മ വെച്ചു.

“ഇനി രമ്യമോള് സ്കൂളിൽ പോവുന്നില്ല അച്ഛായി.മോൾക്ക് ഇനി സ്കൂളിൽ പോവണ്ട” തൊണ്ടയിടറി കുഞ്ഞുമോൾ അയാളോട് പറഞ്ഞു.

അവളുടെ കണ്ണുകൾ അണപൊട്ടിയപോലെ നിറഞ്ഞൊഴുകി.അരികിൽ നാലു വയസ്സുകാരൻ അനന്തു നിൽപ്പുണ്ട് ചേച്ചി കരയുന്നതു കണ്ട് വിങ്ങിപ്പൊട്ടിക്കൊണ്ട്.ഇതെല്ലാം കാണാൻ ശക്തിയില്ലാതെ ആയുസ്സിന്റെ അവസാന നാളുകളിൽ തീർത്താൽ തീരാത്ത വേദനയും പേറിക്കൊണ്ട് ജനാല വഴി പുറത്തേക്ക് നോക്കി ജീവച്ഛവം പോലെ ആ വൃദ്ധ മാതാവ് നിൽപ്പുണ്ട്.

എന്താണ് കാര്യമെന്ന് അയാൾ ചോദിച്ചില്ല.
ഒളിച്ചോടിയ അമ്മയുടെ മകളെന്ന പേര് ആ കുഞ്ഞു മനസ്സിനെ നെടുകേം കുറുകേം എന്തോരം കീറി മുറിച്ചിട്ടുണ്ടാവുമെന്ന് അയാൾക്കറിയാം.

മോള് കരയേണ്ട.ഇനി മോള് ആ സ്കൂളിൽ പോവണ്ട.അച്ഛൻ വഴിയുണ്ടാക്കാം.

കുട്ടികൾ ഉറങ്ങിക്കഴിഞ്ഞപ്പോൾ അയാൾ അടുത്ത മുറിയിൽ കിടക്കുന്ന അമ്മയുടെ അടുത്തു ചെന്നിരുന്നു.അവരുടെ കാലുകളിൽ പതുക്കെ തലോടിക്കൊണ്ടായാൾ വിളിച്ചു.

അമ്മാ..

ആ…… എന്താ കുട്ട്യേ നീ ഇതുവരെ ഉറങ്ങീല്ലേ… പ്രായം ക്ഷീണിപ്പിച്ച ശബ്ദത്തോടെ അമ്മ ചോദിച്ചു.

ഇല്ലമ്മ….

അമ്മയോട് ഒരു കാര്യം ചോദിക്കാനാ….

“വെട്ടമിടൂ കുട്ടീന്ന്” പറഞ്ഞിട്ട് രവിയുടെ കൈയ്യിൽ പിടിച്ച് സുഭദ്രാമ്മ പതുക്കെ കട്ടിലിൽ നിന്ന് എഴുന്നേറ്റിരുന്നു.

അയാൾ ലൈറ്റിന്റെ സ്വിവ്ച്ചിൽ അമർത്തി.

പുറത്തു കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു.മഴക്ക് താളം പിടിക്കുന്നപോലെ ചീവീടുകളുടെയും, പോക്കാച്ചി തവളകളുടെയും ഉച്ചത്തിലുള്ള കരച്ചിലുകൾ കേൾക്കാം.

അപമാന ഭാരത്താൽ ചോര ഊർന്നു പോയ അയാളുടെ മുഖത്തേക്ക് നോക്കി അമ്മ ചോദിച്ചു ;

എന്താന്റെ കുട്ടിക്ക് ചോയ്ക്കാനുള്ളേ …?

അമ്മയെ നോക്കി ചോദിക്കാൻ ശക്തിയില്ലാതെ എതിരെയുള്ള ഭിത്തിയിലേക്ക് ദൃഷ്ടി പതിപ്പിച്ചയാൾ ചോദിച്ചു;

നമ്മൾക്ക് ഈ നാട്ടീന്ന് പോകാം അമ്മേ….

ചില നിമിഷത്തേക്ക് രണ്ടാളും ഒന്നും മിണ്ടീല.

കനത്ത നിശബ്ദ്ദതക്ക് അറുതി വരുത്തി അമ്മയുടെ കൈകൾ അയാളുടെ കൈകളിൽ മുറകെപ്പിടിച്ചു.ആകെ ഇല്ലാണ്ടായിരിക്കുന്ന അയാളുടെ കണ്ണുകളിലേക്ക് ഒരു നിമിഷം നോക്കി നിന്നിട്ടവർ വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു ;

“ന്റെ കുട്ടി എന്താച്ചാ യുക്തി പോലെ ചെയ്തോളു.അമ്മേനോടൊന്നും ചോയ്ക്കാൻ നിക്കേണ്ട”

പറമ്പിന്റെ തെക്കേ മൂലക്ക് അച്ചനെ അടക്കം ചെയ്തിരിക്കുന്നതിനോട് ചേർന്നു വേണം അമ്മേനേം അടക്കാനെന്ന് ഇടക്കിടക്ക് പറയുന്ന തന്റെ അമ്മയാണ്.ഒരു എതിര് വാക്കുപോലും പറയാതെ……

അയാൾക്ക് ഹൃദയം പൊട്ടിപ്പോകുന്നത് പോലെ തോന്നി.തലയിൽ ഒരായിരം മുള്ളാണികൾ അടിച്ചിറക്കിയതുപോലെ. പുറത്ത് മഴ തകർത്തു പെയ്യുന്നെങ്കിലും അതിന്റെ നടുവിൽ ആ വീടും താനും നിന്നു കത്തുകയാണെന്ന് അയാൾക്ക് തോന്നി.

രണ്ടു കരങ്ങൾക്കൊണ്ടും സുഭദ്രാമ്മയുടെ മുഖം അയാൾ ചേർത്തു പിടിച്ചു.ആ കണ്ണുകളിലേക്ക് നോക്കി.കൺ പോളകൾ കൊണ്ട് തടയണ കെട്ടി ഒഴുക്ക് നിലപ്പിച്ച ഒരു പുഴ ഏതു നിമിഷവും തടയണ തകർക്കാൻ തയ്യാറായി അമ്മയുടെ കണ്ണുകളിൽ നിൽപ്പുണ്ടായിരുന്നു.ഒരമ്മക്ക് മാത്രം മനസ്സിലാകുന്ന മകന്റെ വേദനയുടെ ആഴം. അതാണ് ഒരെതിർ വാക്കുപോലും പറയാതെ അവരേക്കൊണ്ട് സമ്മതം പറയിപ്പിച്ചത്.അവരുടെ നെറ്റിയിൽ അയാൾ അമർത്തി ചുംബിച്ചു.

ആ വൃദ്ധ മാതാവിന്റെ നിയന്ത്രണം വിട്ട് മകന്റെ നെഞ്ചിലേക്ക് ചാരി അവർ ഉച്ചത്തിൽ കരഞ്ഞു.

എല്ലാം പെട്ടന്നായിരുന്നു.ചില ബ്രോക്കാറുമാരോട് പറഞ്ഞു.കിട്ടിയ വിലക്ക് വീടും സ്ഥലവും വിറ്റു.

താൻ കളിച്ചു വളർന്ന നാട്, തന്റെ അച്ഛനെ അടക്കം ചെയ്ത പറമ്പ്,തന്റെ അമ്മ അന്ത്യ വിശ്രമം കൊള്ളണമെന്ന് ആഗ്രഹിച്ച സ്ഥലം,തന്റെ കുഞ്ഞു മോൾ കിണറ്റിൻ ചോട്ടിലും,മുറ്റത്തും നട്ടു പിടിപ്പിച്ച പൂച്ചെടികൾ,അവർ ഊഞ്ഞാലാടിയാ പേരമരം എല്ലാം വിട്ട് അവർ പോകുമ്പോൾ ആരോടും യാത്ര ചോദിക്കാൻ തോന്നിയില്ല.സാധനങ്ങൾ വണ്ടിയിൽ കയറ്റാൻ ഒന്നു രണ്ടു സുഹൃത്തുക്കൾ വന്നിരുന്നു.ഇതെല്ലാം കണ്ടുകൊണ്ട് വേലിക്കരികിലും,റോഡു വക്കിലും ആളുകൾ നിൽക്കുന്നുണ്ടാരുന്നു. എന്നെന്നേക്കുമായി തങ്ങളുടെ നാട് വിട്ടവർ ദൂരെ പട്ടണത്തിനടുത്തൊരു വാടക വീട്ടിലേക്ക് താമസം മാറി.അടുത്തൊരു വർക്ക്ക്ഷോപ്പിൽ അയാൾ ജോലിക്ക് കയറി.കുട്ടികളെ അടുത്തുള്ള സ്കൂളിൽ ചേർത്തു.

വർഷങ്ങൾ വേഗത്തിൽ കടന്നു പോയി. നീണ്ട പതിനഞ്ചു വർഷങ്ങൾ!!

അന്നാ വാടക വീടിന്റെ മുൻമ്പിൽ റ്റി.വി ചാനലുകാരുടെയും,പത്രക്കാരെയുംകൊണ്ട് നിറഞ്ഞു.രവിയുടെ മകൾ രമ്യക്കാണ് ഈ വർഷത്തെ എൽ.എൽ.ബി ഒന്നാം റാങ്ക്.

തിങ്ങി നിറഞ്ഞു നിൽക്കുന്ന മാധ്യമങ്ങളുടെ മുൻപിൽ അച്ഛനെ ചേർത്തു പിടിച്ചു ലോകമെമ്പാടുമുള്ള മലയാളികളോട് ആ മകൾ പറഞ്ഞു ;
“എനിക്കല്ല എന്റെ അച്ഛനാണ് ഒന്നാം റാങ്ക് കിട്ടിയിരിക്കുന്നത്”

“മകളുടെ വിജയത്തിൽ അച്ഛന് എന്താണ് പാറയാനുള്ളതെന്ന്” മാധ്യമങ്ങളുടെ ചോദ്യം വന്നപ്പോൾ;

ഒന്നും പറയാനില്ലെന്നയാൾ കൈ കൊണ്ട് ആംഗ്യം കാണിച്ചു.കൺ പീലികളിൽ തൂങ്ങി നിൽക്കുന്ന മിഴി നീർ കണങ്ങൾ ആരും കാണാതെ മറച്ചു പിടിക്കാൻ അയാൾ പ്രയാസ്സപ്പെട്ടു.പക്ഷേ ഹൈ ഡെഫെനിഷൻ ക്യാമറകളുടെ മുമ്പിൽ അയാളുടെ പ്രയത്നം ഫലം കണ്ടില്ല.ദൃശ്യ മാധ്യമങ്ങളിലും, പത്രങ്ങളിലും കളർ ചിത്രങ്ങളോടെ പിത്താശ്ശേരി, തുണ്ടിപ്പറമ്പിൽ രവീന്ദ്രനാഥിന്റെ മകൾ രമ്യക്ക് എൽ. എൽ. ബി.ക്ക് ഒന്നാം റാങ്കെന്ന് വലിയ അക്ഷരത്തിൽ മനോഹരമായി എഴുതി വന്നു.

വാർത്ത പിത്താശ്ശേരി പഞ്ചായത്തിലെങ്ങും പടർന്നു.ജംഗ്ഷനിലും,അയൽ കൂട്ടങ്ങളിളും, തൊഴിൽ ഉറപ്പ് സ്ഥലങ്ങളിലും,വേലിക്കിരു വശവും ആളുകൾ കൂട്ടം കൂടി.
“ഈ വർഷത്തെ എൽ. എൽ.ബി ഒന്നാം റാങ്ക് പണ്ട് ബസ് കണ്ടക്റ്ററുടെ കൂടെ ഒളിച്ചോടിയ സുധയുടെ കൊച്ചിനാ….”
അന്ന് അതായിരുന്നു അവിടുത്തെ പ്രധാന ചർച്ചാ വിഷയം.