10/02/2026

നിവേദ്യ : ഭാഗം 09

രചന – രോഹിണി ആമി

ക്ഷണം കഴിക്കുമ്പോൾ ആദിത്യന്റെ കണ്ണുകൾ ഇടയ്ക്കിടെ നീതുവിന്റെ മുഖത്തേക്ക് ചെന്നു….. നിവേദ്യ രഹസ്യമായി ആദിത്യനോട് പറഞ്ഞു….. കുറുക്കൻ ചത്താലും കണ്ണു കോഴിക്കൂട്ടിലേക്കാണല്ലോ…….. പെട്ടെന്ന് അങ്ങനെ കേട്ടപ്പോൾ ഭക്ഷണം തലയിൽ കയറി ചുമക്കാൻ തുടങ്ങി…….. നിവേദ്യ വെള്ളം എടുത്തു കൊടുത്തു…….കൂടെ തലയിൽ തട്ടിക്കൊടുത്തു……. ആദിത്യൻ നിവേദ്യയെ നോക്കി കണ്ണുരുട്ടി……. ഉരുട്ടി പേടിപ്പിക്കേണ്ട…… ഉള്ളത് പറഞ്ഞതാ….. ചിരിച്ചു പറഞ്ഞു…….. തമ്മിൽ നോക്കി ചിരിക്കുന്നതിനിടയിൽ അവരെ മറ്റുള്ളവർ ശ്രദ്ധിക്കുന്നത് രണ്ടാളും അറിഞ്ഞില്ല….. കുറച്ചു കഴിഞ്ഞപ്പോഴേക്കും നന്ദു ദേവനുമായി നന്നായി അടുത്തു……… ദേവനും നീതുവും പോകാനിറങ്ങി……… പോകാനിറങ്ങുമ്പോൾ ദേവനും ആദിത്യനും നമ്പർ കൈമാറി….. ഇടയ്ക്കു വരാമെന്നു നിവേദ്യയോട് ദേവൻ പറഞ്ഞു……നന്ദുവിനെ ചേർത്തു പിടിച്ചു…….. ആരോടും ഒന്നും പറയരുതെന്ന് ഒന്നുകൂടി ഓർമിപ്പിച്ചു അവൾ……… നീതു വന്നു കെട്ടിപ്പിടിച്ചു……

എന്റെ ദേവേട്ടൻ പാവമാ…… നീ കുശുമ്പ് ഒന്നും എടുത്തേക്കരുത്……. ആലോചിക്കട്ടെ……. ആദിത്യനുമായിട്ടുള്ള ഫ്രണ്ട്ഷിപ് വിടില്ലെന്ന് ഉറപ്പ്‌ തന്നാൽ മാത്രം….. ഒരിക്കലുമില്ല…… ഇപ്പോൾ ആദിത്യൻ മാത്രമേ ഉള്ളൂ ഫ്രണ്ട് ആയിട്ട്…… നീയെനിക്ക് ഇപ്പോൾ സഹോദരി ആയില്ലേ……. ആദിത്യനെയും നിവേദ്യയേയും നോക്കി കൈവീശി രണ്ടാളും യാത്രയായി …… കാറിൽ ഇരിക്കുമ്പോൾ നീതുവിനോടായി ദേവൻ ചോദിച്ചു…… അവർ രണ്ടാളും നല്ല മാച്ച് ആണല്ലേ നീതു…… കണ്ടാലും ഭാര്യ ഭർത്താവ് ആണെന്നെ പറയൂ……… വേദൂന്റെ കാര്യം ഓർത്തിട്ടു ഒരെത്തും പിടിയുമില്ല….. ആദിത്യൻ മാത്രമാണ് ഒരു പിടിവള്ളി…… പക്ഷേ…… അവർ തമ്മിൽ കൂടുതൽ അടുക്കുന്നതും ആപത്താണ്….. മ്മ്…… എല്ലാം മൂളിക്കേട്ടു നീതു……. ആദിയുടെയും വേദുവിന്റേയും ചിരി കണ്ടപ്പോൾ മനസ്സിൽ ആലോചിച്ചതാണ്…… അവർ തമ്മിൽ ഒന്നായിരുന്നെങ്കിലെന്ന്……… ആദിയെ വേദൂന് നന്നായി അറിയാം……. മറ്റാരേക്കാളും….. രണ്ടുപേരും ഒറ്റത്തടിയായി നിൽക്കുമ്പോൾ ഒരു കുടുംബജീവിതം സന്തോഷത്തോടെ സ്വീകരിക്കാൻ തന്നെക്കൊണ്ടാവുന്നില്ല……..

ഇനിയും എന്തൊക്കെയോ അത്ഭുതങ്ങൾ അവളുടെ ജീവിതത്തിൽ നടക്കാനുണ്ടെന്ന് എന്റെ മനസ്സ് പറയുന്നു ദേവേട്ടാ….. നടക്കട്ടെ……. നടക്കണം…….. ദേവൻ നീതുവിനോട്‌ പറഞ്ഞു…… സന്തോഷത്തോടെ ഗാർഡനിൽ ഓടി നടക്കുന്ന നന്ദുവിനെ നോക്കി നിൽക്കുവായിരുന്നു ആദിത്യനും നിവേദ്യയും…….. ഞാൻ പൊക്കോട്ടെടോ….. നാളെ പോകണം എനിക്ക്……… ഒന്നും പാക്ക് ചെയ്തിട്ടില്ല….. പെട്ടെന്ന് നിവേദ്യയുടെ ചിരി മാഞ്ഞത് ശ്രദ്ധിച്ചു ആദി ചോദിച്ചു …… മ്മ്…. എന്തു പറ്റി…… ഏയ്….. ഒന്നുമില്ല….. ഇയാൾ പെട്ടെന്നു പോകുവാന്നു പറഞ്ഞപ്പോൾ എന്തോ പോലെ….. മോനൂസിനോട് ഇതിനി എങ്ങനെ പറയും…… കരയുവോ അവൻ……. അതു കാണാൻ മാത്രം വയ്യ…… ആദി പറഞ്ഞു….. അതൊന്നും സാരമില്ല…… ഇടയ്ക്കു വിളിക്കുവോ…… പിന്നേ…… വിളിക്കാതെ……. എന്നെ ഈ നാടുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു കണ്ണിയാ ആ നടക്കുന്നത്……. മോനൂസിനെ നോക്കി ആദി പറഞ്ഞു…… ആദിത്യൻ പോകാനിറങ്ങി…….

അച്ചായനോടും ചേച്ചിയോടും യാത്ര പറഞ്ഞു….. ഒരു ദിവസത്തെ അടുപ്പമേ ഉള്ളെങ്കിലും വളരെ പ്രിയപ്പെട്ട ആളായി മാറിയിരിക്കുന്നു ആദിത്യൻ……. നിവേദ്യയെ നോക്കാൻ മനസ്സ് തോന്നിയില്ല……. മോനൂസിനെ ഇറുക്കി കെട്ടിപ്പിടിച്ചു…..അറിയില്ല ഇനി കാണുമോന്ന്…… അല്ല കാണിക്കുമോന്നു…….അവൻ തിരിച്ചും ഇറുക്കി കെട്ടിപ്പിടിച്ചു ……. അപ്പാ…..പെട്ടെന്നു വരണേ…… അപ്പാടെ മണം എനിക്കൊത്തിരി ഇഷ്ടവാ……. അതുംപറഞ്ഞു അവൻ ഒന്നുകൂടി ഇറുക്കിപ്പിടിച്ചു…… എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാതിരിക്കരുത്……… എന്നെ വിളിക്കാനും എനിക്കു തിരിച്ചു വിളിക്കാനും അധികമാരുമില്ല….. അറിയാല്ലോ അല്ലേ……. നിവേദ്യയോട് പറഞ്ഞിട്ട് മുഖം നോക്കാതെ വണ്ടിയിൽ കയറി…… അകന്നു പോകുമ്പോൾ ആദിത്യൻ കണ്ടു നിവേദ്യയെ ചേർന്നു നിൽക്കുന്ന നന്ദുവിനെ….. വല്ലാത്തൊരു വേദന തോന്നി മനസ്സിൽ…… ഇതുവരെ തോന്നാത്ത അല്ലെങ്കിൽ അനുഭവിക്കാത്ത ഒരു വേദന……. നേരെ ബീച്ചിൽ പോയിരുന്നു വൈകുന്നേരം വരെ……….. രാത്രി ആയപ്പോൾ വീട്ടിൽ കയറി….

നാളെ കൊണ്ടു പോകേണ്ടതെല്ലാം റെഡി ആക്കി വെച്ചു……. വിശപ്പു തോന്നിയില്ല…… നേരെ ബെഡിലേക്കു മറിഞ്ഞു…….. മൊബൈലിൽ നന്ദുവുമായി എടുത്ത ഫോട്ടോ എല്ലാം കണ്ടുകൊണ്ടിരുന്നു………അതിനിടയിൽ താനും നിവേദ്യയും ഒരുമിച്ച് ഇരിക്കുന്ന കുറെ ഫോട്ടോസ്……. മോനൂസ് എടുത്തതാണ്….. മോനൂസിന്റെ ഒരു പിക് വോൾപേപ്പർ ആയിട്ടിട്ടു…… അപ്പോഴേക്കും വാട്സ്ആപ്പിൽ നിവേദ്യയുടെ മെസ്സേജ് എത്തി……… ഇപ്പോഴാണോ വീട്ടിലെത്തിയത്……. എവിടായിരുന്നു ഇത്രയും നേരം…… എങ്ങനെ മനസ്സിലായി…… തോന്നി…… ചോറുണ്ടോ……. ഇല്ല….. വിശപ്പില്ല…… എവിടെ മോനൂസ്….. ഉറങ്ങിയോ…… ഉവ്വ്…… ഉറങ്ങി……. ഇന്ന് റസ്റ്റ്‌ ഇല്ലാതെ കളിയല്ലായിരുന്നോ…… അതുകൊണ്ട് നേരത്തെ ഉറങ്ങി……. എപ്പോൾ പോകും നാളെ….. രാവിലെ………. ശരി………. ഇടയ്ക്കു വിളിച്ചു ശല്യം ചെയ്യാം…… എന്നും ഈ ശല്യം ഞാൻ പ്രതീക്ഷിക്കുന്നു ……. വേദന മാറിയോ…… അതു ഞാൻ മറന്നിരുന്നു…… ഇപ്പോഴാ ഓർത്തത്…… സാരമില്ല……. വേദന മാറി…… എങ്കിൽ ഉറങ്ങിക്കോളൂ……. എനിക്ക് രാവിലെയും നൈറ്റും ഓരോ മെസ്സേജ് വിടാൻ പറ്റുവോ തനിക്ക്…… ജസ്റ്റ്‌ ഒരു വിഷ്…… ആരൊക്കെയോ ഉണ്ടെന്ന് ഒന്ന് മനസ്സിനെ വിശ്വസിപ്പിക്കാൻ…….. അതിനെന്താ….. അയക്കാം…… എന്നാൽ പിടിച്ചോ……. ഗുഡ് നൈറ്റ്…… ഗുഡ് നൈറ്റ്….. കൂടെ ഒരു സ്മൈലി കൂടി അയച്ചു മൊബൈൽ മാറ്റി വെച്ചു ആദിത്യൻ…..

നിവേദ്യക്ക് വല്ലാത്ത വിഷമം തോന്നി ആദിത്യന്റെ മെസ്സേജ് കണ്ടപ്പോൾ….. എല്ലാവരും ഉണ്ടെങ്കിലും ആരുമില്ലാതെ കഴിയുന്നതിന്റെ വേദന തനിക്കു ശരിക്കറിയാം…… തനിക്കു നല്ലൊരു ഫ്രണ്ട് ആണ് ആദിത്യൻ……. വിശ്വസിച്ചു കൂടെ കൂട്ടാൻ പറ്റിയ ഫ്രണ്ട്……. അപ്പയുടെ മണം ആണെന്നു പറഞ്ഞു ബനിയൻ ഊരാൻ സമ്മതിച്ചിട്ടില്ല നന്ദു…….. അവനെ നോക്കിയപ്പോൾ നിവേദ്യക്കു ചിരി വന്നു…… നന്ദൂട്ടനെ ചേർത്തു പിടിച്ചു……. ശരിയാണ്……. ആദിത്യന്റെ പെർഫ്യൂമിന്റെ മണം……. നിവേദ്യ അവനെ വിട്ടു ചെരിഞ്ഞു കിടന്നു……. ദേവേട്ടൻ ഇടയ്ക്കിടെ വിളിക്കും…….. നീതുവിനോട് എന്നും സംസാരിക്കും……. അതുവഴി വീട്ടിലുള്ള എല്ലാവരുടെയും വിശേഷങ്ങൾ അറിയും……… അവൾ എല്ലാവരുടെയും ഫോട്ടോസ് എടുത്ത് അയക്കും…….. നിഖിത വലിയ പെണ്ണായിരിക്കുന്നു…….. മുത്തശ്ശിയും മുത്തശ്ശനും വളരെ ക്ഷീണിച്ചു പോയി ……. എല്ലാവരുടെയും ഫോട്ടോ കണ്ട് ഇരിക്കലാണ് ഇപ്പോഴത്തെ പ്രധാന പണി……. നന്ദൂട്ടൻ അടിമുടി മാറി…… ഇപ്പോൾ നിവേദ്യ പറയാതെ തന്നെ ഹോം വർക്ക്‌ ഒക്കെ ചെയ്യും….. ക്ലാസ്സിലും നല്ല കുട്ടി ആയെന്നു ടീച്ചറിനെ വിളിച്ചപ്പോൾ പറഞ്ഞു……..

നിവേദ്യയെ തോന്നുമ്പോൾ ഒക്കെ ആദിത്യൻ വിളിക്കാറുണ്ട്……….തിരിച്ചു നിവേദ്യയും…….. ആഴ്ചയിൽ ഒരു പ്രാവശ്യം നന്ദൂട്ടനെ ആദിത്യൻ വിളിക്കും……ബാക്കിയുള്ള ആറു ദിവസത്തെ കാര്യങ്ങൾ രണ്ടാളും അന്ന് സംസാരിക്കും……. ചിലപ്പോൾ നിവേദ്യ ഓർക്കും…… ബോറടിക്കില്ലേ രണ്ടിനും……. ഒരു മടുപ്പും ഇല്ല…… മണിക്കൂറുകൾ ഒക്കെ അടുപ്പിച്ചു സംസാരിക്കും….. ഇടയിൽ തനിക്കിട്ട് ഓരോ പാരയും വക്കും……. നന്ദുവിനോട് ആദിത്യനെക്കുറിച്ചുള്ള സത്യാവസ്ഥ പറയാൻ എന്നും ഒരുങ്ങും ……. പക്ഷേ…… എന്തോ ഒന്ന് തന്നെ പിറകോട്ടു വലിക്കും….. വാക്കുകൾ കിട്ടാതെ വരും…… അവന്റെ ചോദ്യങ്ങൾ താൻ പേടിക്കുന്നുണ്ട്…… അതാണ് സത്യം…… നീതു പറഞ്ഞു…. ആദിത്യന് പ്രശ്നം ഇല്ലെങ്കിൽ അത് നന്ദൂട്ടൻ കണ്ടുപിടിക്കും വരെ മുന്നോട്ട് പോകട്ടെന്നു…… ആദിത്യനും താല്പര്യമില്ല നന്ദുവിനോട് സത്യം പറയുന്നതിൽ…….. ഈ പ്രശ്നത്തിന് മാത്രം ഒരു പരിഹാരം നിവേദ്യക്കും കണ്ടെത്താനായില്ല…… കുറച്ചു മാസങ്ങൾ പ്രശ്നങ്ങൾ ഒന്നുമില്ലാതെ കടന്നു പോയി……. ഒരു ദിവസം ദേവേട്ടനും നീതുവും ഷോപ്പിൽ വന്നു……. ഒരു സന്തോഷവാർത്ത നേരിട്ടു അറിയിക്കാൻ…… താനൊരു അപ്പച്ചി ആകാൻ പോകുന്നു…… സന്തോഷം കൊണ്ട് നീതുവിനെയും ദേവനെയും കെട്ടിപ്പിടിച്ചു……

പിന്നീട് പറഞ്ഞത് കേട്ടപ്പോൾ ആ സന്തോഷം ഒക്കെ പോയി മറഞ്ഞു……. നിഖിതയുടെ വിവാഹം ഉറപ്പിച്ചുവെന്ന്…….. ഇത്രയും പെട്ടെന്നു എന്തിനാ വിവാഹം……. അവൾ പഠിച്ചു കൊണ്ടിരിക്കുവല്ലേ…… നിവേദ്യ ദേവനോട് ചോദിച്ചു…….. നിന്റെ അച്ഛന്റെ തീരുമാനം ആണ്…… ഒരു നല്ല ആലോചന വന്നു……. അതങ്ങു ഉറപ്പിച്ചു…… ഇനിയും ഒരു അപമാനം താങ്ങാൻ വയ്യെന്നാ പറയുന്നത്…….. നിഖിതക്ക് ഇഷ്ടമാണോ……. അവൾക്കു സമ്മതക്കുറവൊന്നുമില്ല…….. എങ്കിലും ഒരു ജോലി കിട്ടിയിട്ട് മതിയെന്ന് വാശി പിടിച്ചു അവൾ……… നിന്റെ അച്ഛൻ സമ്മതിച്ചില്ല……. അവളുടെ പഠിത്തം നിർത്തില്ലന്ന് അവരും പറഞ്ഞിട്ടുണ്ട്…… നിനക്ക് വരണമെന്നില്ലെ വേദൂ…… അവളുടെ വിവാഹം കാണാൻ തോന്നുന്നില്ലേ……. ഒന്നും മിണ്ടാതെ തല കുനിച്ചു നിവേദ്യ…… നീതുവും ദേവനും യാത്ര പറഞ്ഞു പോകുമ്പോളും നിവേദ്യയുടെ ഉള്ളു നീറുന്നുണ്ടായിരുന്നു…….. താൻ കാരണം ചിക്കുവിനും കൂടി കഷ്ടപ്പാടാണ്……. പഠിക്കാൻ മിടുക്കിയാണ്……. എപ്പോഴും മത്സരമായിരുന്നു മാർക്ക് വാങ്ങുന്ന കാര്യത്തിൽ ഞാനും അവളും …… അച്ഛന്റെ കയ്യിൽ നിന്നും സമ്മാനം വാങ്ങാൻ……… മനസ്സിന് വല്ലാത്ത വിഷമം തോന്നി……..

വീട്ടിൽ എത്തിയിട്ടും ഒരു സമാധാനം കിട്ടിയില്ല നിവേദ്യക്ക്……… അന്നേച്ചി എന്തൊക്കെയോ പറയുന്നുണ്ട്….. അച്ചായന്റെ അപ്പച്ചൻ വയ്യാതെ കിടപ്പിലാണ്…… ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്…… വയ്യായ്ക കൂടിയെന്ന്……. നാളെ പോകും…… ഇനി കുറച്ചു ദിവസം താനിവിടെ ഒറ്റക്കാണ്…….. ഇങ്ങനെ നേരത്തെയും പോയിട്ടുണ്ട് രണ്ടാളും…… അപ്പോഴൊക്കെ നീതു ഉണ്ടാവും…….. അല്ലെങ്കിൽ അച്ചായന്റെ അകന്നൊരു ബന്ധത്തിലുള്ള ആന്റി വരും കൂട്ടിനു……. ഇവിടെ അടുത്താണ് താമസം……… ആകെ തനിച്ചായതുപോലെ തോന്നി……. നീതുവിനെ വിളിക്കാൻ മൊബൈൽ എടുത്തു…… പിന്നെ സമയം നോക്കിയപ്പോൾ അതു വേണ്ടാന്നു വെച്ചു……. നോട്ടിഫിക്കേഷൻ ട്യൂൺ വന്നു…. നോക്കിയപ്പോൾ ആദിത്യനാണ് വാട്സാപ്പിൽ…. ഇന്ന് മറന്നുപോയി ഗുഡ് നൈറ്റ് അയക്കാൻ…… എന്തു പറ്റി…… ഇന്ന് കണ്ടേയില്ലല്ലോ തന്നെ……. വിഷ് പോലും കിട്ടിയില്ല…….. ഒന്നുമില്ല…… ഗുഡ് നൈറ്റ്…….. എന്തു പറ്റിയെടോ…… എന്താ ഒരു വിഷമം പോലെ…….. ഒന്നുമില്ല ആദിത്യാ…… എന്നാ വരിക നാട്ടിൽ…. ഉടനെ ഉണ്ടോ……. ഇല്ല……. വന്നിട്ട് ആരെക്കാണാൻ…… ഇവിടെ ഹാപ്പി ലൈഫ് ആണ്……. കാര്യം പറയെടോ….. എന്തോ ഒരു വിഷമം തനിക്കുണ്ട്……. പറയണോ വേണ്ടയൊന്ന് ഒന്നു ചിന്തിച്ചു……

പറഞ്ഞാൽ തന്റെ മനസ്സിന് ഒരാശ്വാസം കിട്ടും….. പക്ഷേ എത്രനാൾ സ്വന്തം വിഷമങ്ങൾ മറ്റുള്ളവരോട് പറഞ്ഞു ആശ്വസിക്കും താൻ….. സ്വയം ആശ്വാസം കണ്ടെത്താൻ എന്നാ കഴിയുക……. വേണ്ടാന്നു തീരുമാനിച്ചു…… ഒരു ഗുഡ് നൈറ്റ് അയച്ചു മൊബൈൽ സ്വിച്ച് ഓഫ്‌ ആക്കി വെച്ചു……… പിറ്റേന്ന് രാവിലെ ചേച്ചിയും അച്ചായനും പോകാനിറങ്ങി……… ആന്റിയോട് രാത്രിയിൽ വരാൻ പറഞ് ഏൽപ്പിച്ചിട്ടുണ്ട് അച്ചായൻ ……. ഷോപ്പിലെ കാര്യങ്ങൾ മുഴുവൻ നിവേദ്യയെ ഏൽപ്പിച്ചു അന്ന……. നന്ദുവിനെ ഒരുക്കി സ്കൂളിൽ വിട്ടിട്ടു വേണം ഷോപ്പിലേക്ക് പോകാൻ…….. ഓടി നടന്നു ജോലികളെല്ലാം ചെയ്തു……. അന്നേച്ചിയാണ് നന്ദുവിനെ റെഡിയാക്കുന്നത് എന്നും…… തനിക്ക് നന്ദൂട്ടന്റെ കാര്യങ്ങൾ ഒന്നുമറിയണ്ടായിരുന്നു…….. അവനെയും വിളിച്ചു സ്‌കൂട്ടറിൽ പോകുന്നതിനിടയിലാണ് മൊബൈൽ ബെല്ലടിച്ചത്……… നീതുവാണ്‌…… ഒരിടത്തു ഒതുക്കിനിർത്തി മൊബൈൽ എടുത്തു……..

നീതു സംസാരിച്ചു മൊബൈൽ വച്ചിട്ടും നിവേദ്യക്ക് സ്വബോധത്തിലേക്ക് വരാൻ പറ്റിയില്ല…….. നന്ദു തട്ടിവിളിച്ചു…… പോകാം അമ്മു…… മനസ്സിലെ വിഷമം ശരീരത്തിലേക്കും പടർന്നു കയറിയപ്പോൾ വണ്ടി കയ്യിൽ നിന്നില്ല……..കണ്ണു തുറന്നപ്പോൾ ചുവപ്പ് തുള്ളി തുള്ളിയായി കൺപീലികളിൽ തട്ടി താഴേക്ക് ഇറ്റിറ്റു വീഴുന്നത് മാത്രമേ കാണാൻ പറ്റിയുള്ളൂ……….. ആരൊക്കെയോ ഓടിവരുന്നുണ്ട്…… തന്നെ പൊക്കിയെടുക്കുന്നു…… എന്റെ നന്ദു…… നന്ദൂട്ടൻ എവിടെ…….. ചോദിക്കണമെന്നുണ്ട്….. പക്ഷേ ശബ്ദം പുറത്തേക്കു വരുന്നില്ല……. കണ്ണടഞ്ഞു പോയി……… കണ്ണു തുറന്നപ്പോൾ തല വെട്ടിപ്പൊളിയും പോലെ……. രണ്ടു കയ്യും തലയിൽ വെച്ചു…… കണ്ണുകൾ ഇറുക്കി അടച്ചു…….. കൈ എന്തിലോ തടയുന്നുണ്ട് …… അതിൽ മുറുക്കിപ്പിടിച്ചു…… എഴുന്നേൽക്കാൻ ശ്രമിച്ചു……. പറ്റുന്നില്ല…… ചുറ്റിനും നോക്കി……. തൊട്ടടുത്ത് ആദിത്യൻ….. താനിനി സ്വപ്നം വല്ലതും കാണുവാണോ……ഇന്നലെ രാത്രി വിളിച്ചപ്പോൾ അവിടെയാണെന്നല്ലേ പറഞ്ഞത്……… ഇത് ആദിത്യൻ തന്നെയാണ് ……… തുടരും