രചന – കാർത്തിക ശ്രീ
തുറന്നിട്ട ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയാണ് അവൾ…
രാവിലെ തീറ്റത്തേടി പോകുന്ന പക്ഷികളും കണ്ണെത്താദൂരം പരന്നുകിടക്കുന്ന വയലുകളും അതിൽ മേയുന്ന പശുക്കളും പണിയെടുക്കുന്ന കുറച്ചു മനുഷ്യരും ഇതെല്ലാം തന്നെയാണ് കഴിഞ്ഞ ഒരു വർഷം മുതലുള്ള തന്റെ പതിവായുള്ള കാഴ്ച.. പക്ഷേ അതൊരിക്കലും തന്റെ ഈ ജീവിതം പോലെ മടുപ്പിക്കുന്നില്ല എന്നോർത്തു നെടുവീർപ്പിട്ടു അവൾ…
അല്ലെങ്കിലും ഈ കിടത്തം അത് വല്ലാത്ത ഒരു സങ്കടം തന്നെയാണ്…മറ്റുള്ളവർക്ക് ഭാരമായി…. ബി ബി എ പഠനം കഴിഞ്ഞു തന്നെ കൂട്ടാൻ വന്ന അച്ഛനോടൊപ്പം കാറിൽ യാത്ര ചെയ്യുമ്പോൾ അറിഞ്ഞിരുന്നില്ല അത് അച്ഛന്റെ കൂടെയുള്ള അവസാന യാത്രയാണെന്ന്.. ഒരു ആക്സിഡന്റിന്റെ രൂപത്തിൽ അച്ഛൻ പോയപ്പോൾ തനിക്ക് ലഭിച്ചത് ഈ ചലനശേഷി ഇല്ലാത്ത കാലുകളാണ്.. ഒപ്പം ഇല്ലാതായത് എന്റെ ഏറ്റവും പ്രീയപ്പെട്ട സ്വപ്നവും … ഉണ്ടായിരുന്നതെല്ലാം വിറ്റ് അമ്മ തന്നെ ചികിത്സിച്ചപ്പോൾ ലഭിച്ചതോ നിരാശമാത്രം… എഴുന്നേറ്റ് നിൽക്കാൻ കഴിയും എന്ന് വിചാരിച്ച തനിക്ക് ഇന്ന് കൂട്ട് ഈ കുഞ്ഞു വീടും അമ്മയുടെ തോരാ കണ്ണിരും മാത്രം…താനൊരു ഭാരമാകും എന്ന് വിചാരിച്ചാകാം സ്വന്തം കൂടപ്പിറപ്പ് പോലും ഒഴിഞ്ഞു മാറിയത്…
ദിനങ്ങൾ ഓടി മറയുമ്പോൾ ഞാനും ഓർക്കുകയാണ് മറവിക്കായ് വിട്ടുകൊടുത്ത എന്റെ ഏറ്റവും വലിയ സ്വപ്നത്തേയും.. ആ സ്വപ്നം എനിക്കായി പകർന്നു നൽകിയ വ്യക്തിയെയും…
ചെറുപ്പം മുതൽ വല്ലാത്ത ഇഷ്ടമായിരുന്നു ആൺകുട്ടികൾ അടക്കി വാഴുന്ന ക്രിക്കറ്റിനോട്… ഇടത്തരം കുടുംബത്തിലെ അംഗമായതുകൊണ്ടും നാട്ടിൻ പുറത്ത് ജനിച്ചതുകൊണ്ടും വീട്ടുകാർക്ക് എതിർപ്പായിരുന്നു…തന്റെ സ്വപ്നം മനസ്സിൽ മാത്രം ഒതുക്കി ജീവിച്ചപ്പോഴാണ് എനിക്ക് ബി ബി എ അഡ്മിഷൻ മിഷൻ എറണാകുളത്തു കിട്ടുന്നത്… അവിടെ ആയിരുന്നു എന്റെ ജീവിതത്തിന്റെ പുതിയ തുടക്കം..
സ്പോർട്സിന് പ്രാധാന്യം കൊടുക്കുന്ന കോളേജിലെ ലേഡീസ് ക്രിക്കറ്റ് സെലക്ഷന് എല്ലാരേയും പോലെ ഞാനും പങ്കെടുത്തു… സെലക്ട് ആയി… അങ്ങനെ കോളേജ് ക്രിക്കറ്റ് ടീമിൽ ഞാനും അംഗമായി..
“മോളേ.. കുളിക്കണ്ടേ.. വാ.. നിനക്ക് ചായയും തന്നിട്ട് വേണം എനിക്ക് പണിക്കുപോകാൻ…”
പാവം ഒരുപാട് കഷ്ട്ടപെടുന്നുണ്ട് എനിക്ക് വേണ്ടി.. അച്ഛൻ ഉള്ളപ്പോൾ ഒരു ബുദ്ധിമുട്ടും അമ്മ അറിഞ്ഞിട്ടില്ല.. പക്ഷേ ഇന്ന് അമ്മ വീട്ടുപണിക്ക് പോയിട്ടുവേണം ഒരു ദിവസം തള്ളി നീക്കാൻ… ചിലപ്പോൾ തോന്നും അന്ന് മരിച്ചെങ്കിൽ അമ്മ ഇത്ര കഷ്ട്ടപ്പെടേണ്ടി വരില്ല എന്ന്… ഇതൊക്കെ ചിന്തിക്കുമ്പോഴേക്കും അമ്മ എല്ലാം ഒരുക്കി പണിക്ക് പോയിരുന്നു… വീണ്ടും പഴയ ഓർമ്മകളിലേക്ക്…
കോളേജിൽ ക്രിക്കറ്റ് പ്രാക്റ്റീസ് ചെയ്യുമ്പോഴും ഭയം എനിക്ക് തോന്നിയിരുന്നു… വീട്ടുകാർ അറിഞ്ഞാലുള്ള അവസ്ഥ… തന്റെ പഠിപ്പു പോലും നിർത്തും.. ആരുടെയെങ്കിലും വീട്ടിൽ വേലക്കാരി ആകേണ്ടി വരും പിന്നെ… അതിനിടയിലാണ് അവനെ ഞാൻ പരിചയപ്പെടുന്നത് വെള്ളാരംകണ്ണുകളുള്ള എന്റെ മാത്രം ശിവയെ… ശിവദേവ്… കോളേജിലെ പഠിപ്പിസ്റ്റ്… കോളേജ് ചെയർമാൻ… എന്നും കോളേജിൽ ഗ്രൗണ്ടിൽ കാണുമ്പോഴുള്ള പുഞ്ചിരി പതിയെ സൗഹൃദമായി… പിന്നെ അത് പ്രണയമായി… പലപ്പോഴും തോന്നിട്ടുണ്ട് എന്നെ എത്ര വേഗമാണ് അവന് മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളതെന്ന്… ഈ മൂന്നു വർഷവും അവൻ എനിക്ക് ചുറ്റും സംരക്ഷണവലയം തീർത്തിരുന്നു… എന്റെ സ്വപ്നത്തിലേക്ക് എനിക്ക് പറക്കാനുള്ള ചിറകായി അവൻ മാറി… പല മത്സരങ്ങളിലും പങ്കെടുത്ത് വിജയിച്ചപ്പോൾ വരുന്ന വാർത്തകളിൽ എന്റെ പേരും ഫോട്ടോയും പലപ്പോഴും അവൻ കോളേജ് ഭാരവാഹികളുമായി ചേർന്ന് മറച്ചുവെക്കാൻ ശ്രമിച്ചിരുന്നു.. പ്രണയം പരസ്പരം തുറന്നു പറഞ്ഞിട്ടില്ല… എന്നെ ചേർത്തുനിർത്തിട്ടില്ല… ഒന്നിച്ചു സമയം ചിലവഴിച്ചിട്ടില്ല…..അനാവശ്യമായ ഫോൺ കോളുകൾ ഇല്ല….പലപ്പോഴും മൗനമായിരുന്നു ഞങ്ങൾക്കിടയിലേ ഭാഷ…
എനിക്ക് ഒരു വർഷം മുൻപ് അവൻ ഒന്നാം റാങ്കോട് കോളേജിന്റെ പടിയിറങ്ങി.. എന്നാലും എന്റെ കാര്യത്തിൽ അപ്പോഴും അവൻ മുന്നിൽ ഉണ്ടായിരുന്നു…. എന്റെ കോളേജ് ജീവിതം അവസാനിക്കുമ്പോൾ എനിക്കായി കാത്തിരുന്നത് സ്റ്റേറ്റ് ക്രിക്കറ്റ് ടീമിലേക്കുള്ള സെലെക്ഷൻ ആയിരുന്നു…അതും ഞാൻ അറിഞ്ഞത് എന്റെ ശിവയിൽ നിന്നായിരുന്നു… നിന്റെ സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടാണിത്… കൂടെ ഞാൻ ഉണ്ട്..ഇതായിരുന്നു അവൻ അവസാനം കണ്ടപ്പോൾ എന്നോട് പറഞ്ഞത്… തിരിച്ചു നാട്ടിലേക്ക് തിരിക്കുന്നത് പറയാൻ വിളിച്ചപ്പോൾ ഫോൺ സ്വിച്ച്ഓഫ് ആയിരുന്നു.. ആക്‌സിഡന്റ് ആയതോടെ ആ ബന്ധം മുറിഞ്ഞു… അല്ല ഞാൻ മുറിച്ചു… അല്ലെങ്കിലും ഈ അവസ്ഥയിൽ ഞാൻ അവനും ഭാരമാകുകയേ ഉള്ളു… ഇന്നും എനിക്ക് എന്താണ് സംഭവിച്ചതെന്ന് അവന് അറിയില്ല…
ചിലപ്പോൾ എന്നെകുറിച്ചറിയാതെ വിഷമിച്ചിട്ടുണ്ടാകും.. കണ്ടെത്താൻ ശ്രമിച്ചിട്ടുണ്ടാകും…എന്റെ സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടും അതിനായി എന്നിലേക്ക് വന്നാണഞ്ഞവനും എന്റെ നഷ്ടങ്ങളുടെ പട്ടികയിൽ ഇടം നേടി… അല്ലെങ്കിലും പാതി മരിച്ച തനിക്ക് എന്ത് സ്വപ്നം???
പക്ഷേ ഇന്നും ഞാൻ പ്രണയിക്കുന്നുണ്ട് അവനെ… എന്റെ മാത്രമാണവൻ … അങ്ങനെ വിശ്വസിക്കാനാണെനിക്കിഷ്ടം…
അവസാന ശ്വാസംവരെയും അത് അങ്ങനെ തന്നെ ആയിരിക്കും…
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
മൂന്നുവർഷങ്ങൾക്ക് ശേഷം,
നിറഞ്ഞു നിൽക്കുന്ന ഗ്യാലറിയെ സാക്ഷിയാക്കി തനിക്കുനേരെ വരുന്ന ബോളിന് എതിരെ അവൾ തന്റെ ബാറ്റ് വീശി.. ഒരു നിമിഷം കാണികൾ ശ്വാസമടക്കി പിടിച്ചു… ചുറ്റും നിശബ്ദത മാത്രം… തൊട്ടടുത്ത നിമിഷം അവിടെ വിജയരാവങ്ങൾ മുഴങ്ങി…
“ഇതാ ലക്ഷകണക്കിന് ആൾക്കാരുടെ പ്രാർത്ഥനയെ സത്യമാക്കിക്കൊണ്ട് റാണിശ്രീ എന്നാ ഇന്ത്യയുടെ ശ്രീ ഇന്ത്യക്കു വേണ്ടി ചരിത്രം കുറിച്ചിരിക്കുന്നു… ഓരോ ഇന്ത്യക്കാരനും ഇത് അഭിമാനനിമിഷം.. വനിതകൾക്കായുള്ള ക്രിക്കറ്റ് ലോകകപ്പിൽ ആദ്യമായി ഇന്ത്യ മുത്തമിടുന്നു… മുൻ ലോകചാമ്പ്യൻമാരായ ഓസ്ട്രേലിയയെ തോൽപ്പിച്ചു കിരീടം ചൂടുമ്പോൾ ഈ വിജയത്തിന് മധുരം ഇരട്ടിയാണ്…”
തന്റെ ബാറ്റ് കാണികൾക്ക് നേരെ ഉയർത്തി അവൾ സന്തോഷം പങ്കിട്ടു…
“ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നമാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത് ഈ നിമിഷം റാണിശ്രീയുടെ വാക്കുകൾക്കായി അവർ കാതോർത്തിരിക്കുകയാണ്.. എന്താണ് പറയാനുള്ളത്??? ”
“ആദ്യം തന്നെ ഒരുപാട് സന്തോഷം തോന്നുന്നു… ഈ ഒരു വിജയത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ.. കൂടെ നിന്ന എല്ലാവർക്കും ഒരുപാട് നന്ദി… സത്യം പറഞ്ഞാൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല.. ”
“ജീവിതത്തിൽ ഒരു തവണ വീണുപോയിട്ടും പിന്നീട് ഉയർത്തെഴുന്നേറ്റ് സ്വപ്നം കൈയെത്തിപ്പിടിച്ച ശ്രീയുടെ ജീവിതം എല്ലാവർക്കും ഒരു പ്രചോദനമാണ്.. ഇതിനെക്കുറിച്ചെന്താണ് പറയാനുള്ളത്??”
“എന്തിനും കൂടെ നമ്മളെ സപ്പോർട്ട് ചെയ്യാൻ ഒരാളുണ്ടെങ്കിൽ.. വീഴുമ്പോൾ ചേർത്തുപിടിക്കാൻ ഒരു കൂട്ടുണ്ടെങ്കിൽ എന്തും ആർക്കും സാധ്യമാണ്…. അതുപോലെ ഇന്ന് ഞാൻ ഇവിടെ നിൽക്കുന്നതിനു കാരണം എന്റെ പ്രണയമാണ് .”
“ആ ഒരാളെകുറിച്ച് കൂടുതൽ പറയാമോ??”
“പേര് ശിവദേവ്.. മർച്ചെന്റ് നേവി ഉദ്യോഗസ്ഥനാണ്…ജീവിതത്തിൽ തളർന്ന സമയത്ത് താലി ചാർത്തി കൂടെ കൂട്ടി… ഇതാ ഇന്ന് ഈ നിലയിൽ എന്നെ എത്തിച്ചു… സത്യം പറഞ്ഞാൽ ഇന്ന് ഞങ്ങളുടെ വിവാഹവാർഷികമാണ്… ഈ വിവാഹവാർഷികത്തിൽ ഏറ്റവും വലിയ സമ്മാനം ഞാൻ എന്റെ ശിവക്ക് കൊടുത്തിരിക്കുന്നു.. ഹാപ്പി അണിവേഴ്സറി മൈ ലവ്… ലവ് യു…
യു ആർ ദ ബെസ്റ്റ് തിങ് ഹാപ്പെൻഡ് ഇൻ മൈ ലൈഫ് എവർ…”
പിന്നീടുള്ള വിജയഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ അവൾ ഓർത്തത് പഴയ കാര്യങ്ങൾ ആയിരുന്നു….
ഒരു ദിവസം ആശുപത്രിയിൽ ചെക്കപ്പിന് പോയപ്പോൾ ഡോക്ടറുടെ റൂമിൽ തന്നെ കാത്തു ഒരു അതിഥി ഉണ്ടായിരുന്നു… എന്റെ ശിവ… പെട്ടെന്ന് കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി… പിന്നീട് അതിനെ മറച്ചുകൊണ്ട് പരിചയമില്ലാത്ത രീതിയിൽ ഇരുന്നു.. ഡോക്ടറോട് സംസാരിച്ചു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ അമ്മയുടെ കൈയിൽ നിന്നും തന്റെ വീൽചെയർ പിടിച്ചുകൊണ്ട് അമ്മയോട് അനുവാദം വാങ്ങി പുറത്തേക്ക് നടന്നു… ദൂരേക്ക് നോട്ടമേറിഞ്ഞ എന്റെ മുഖം കൈയിൽ എടുത്തു അവൻ
“നിനക്ക് എന്നെ അറിയില്ലേ മോളേ??? എവിടെയൊക്കെ തിരഞ്ഞു ഞാൻ നിന്നെ?? എന്തിനാടി ഇങ്ങനെ???”
“ആരാ മനസിലായില്ല …” മനസ്സിൽ ആർത്തു കരയുമ്പോഴും എന്റെ ഇന്നത്തെ അവസ്ഥ കൊണ്ട് അതേ അവനോട് എനിക്ക് ചോദിക്കാൻ കഴിയു..
പക്ഷേ കണ്ണുകൾ ചതിച്ചു.. എന്റെ കണ്ണുനീർതുള്ളികൾ അവന്റെ കൈകളിൽ അഭയം പ്രാപിച്ചു…
“നിന്റെ വാക്കുകളെക്കാൾ എനിക്ക് മനസിലാകുന്നത് നിന്റെ ഈ കണ്ണുകളാണ്… ഈ കണ്ണുനീർ എനിക്ക് ഞാൻ ചോദിച്ചതിനുള്ള ഉത്തരം തന്നു കഴിഞ്ഞു റാണി …”
“ഞാൻ… എനിക്ക് നടക്കാൻ കഴിയില്ല… ഓടാൻ കഴിയില്ല… പാതി മരിച്ച ശരീരം മാത്രമാണ് ഞാൻ… ശിവക്ക് നല്ലൊരു ഭാവിയുണ്ട്.. ഞാൻ കാരണം അതു നശിപ്പിക്കരുത്… എല്ലാർക്കും ഞാൻ ഭാരമാണ്..കൂടെ കൂട്ടിയാൽ ചിലപ്പോൾ തനിക്കും ”
“എന്റെ ജീവിതം തീരുമാനിക്കുന്നത് ഞാനല്ലേ?? പിന്നെ നീ എനിക്ക് ഭാരമായിരിക്കും എന്ന് എന്റെ കണ്ണിൽ നോക്കി പറയാൻ കഴിയുമോ നിനക്ക്??? നീ എന്റേതാണ്.. എന്നും ആയിരിക്കും.. എനിക്കാണ് ഇങ്ങനെ ഒരു അവസ്ഥ വന്നതെങ്കിൽ നീ എന്നെ വിട്ടു പോകുമായിരുന്നോ???”
ഇല്ലായെന്നു ഒരുനിമിഷംപോലും ആലോചിക്കാതെ തലയാട്ടുമ്പോൾ അതുവരെ പറയാൻ വിചാരിച്ചതൊക്കെ മറന്നുപോയിരുന്നു… അല്ലെങ്കിലും എന്നെ അവനറിയുന്നതുപോലെ വേറെ ആർക്കാണ് അറിയുക???
നെഞ്ചിലേക്ക് എന്റെ തല ചേർത്തുവെച്ചിട്ടവൻ പറഞ്ഞു എന്നെ കണ്ടെത്താൻ ഒരുപാട് ബുധിമുട്ടിയെന്ന്…
അമ്മയോട് കാര്യങ്ങൾ സംസാരിച്ചു തൊട്ടടുത്ത ദിവസം അമ്പലത്തിൽ വെച്ചു എന്റെ കഴുത്തിൽ അവന്റെ പേരിലുള്ള താലി വീണു… അവന്റെ കൈയാൽ എന്റെ സിന്ദൂരരേഖ ചുവന്നു… എന്നെയും കൂട്ടി നേരെ പോയത് ഒരു ആശ്രമത്തിലേക്കാണ്.. ശിവയുടെ വാക്കുകളും അവിടുത്തെ ഒരു വർഷത്തെ ചികിത്സയും എന്നെ പഴയ ശ്രീ ആക്കി മാറ്റി…ശിവയുടെ മാത്രം റാണിയാക്കി…
പിന്നീട് അങ്ങോട്ട് അവന്റെ പ്രയത്നം എന്റെ സ്വപ്നം നേടിയെടുക്കാൻ എന്നെ സഹായിക്കുന്നതിലായിരുന്നു…ഒരുപാട് നാളത്തെ കഠിനാധ്വനത്തിന്റെ ഫലമായി ഞാൻ എന്റെ സ്വപ്നം നേടിയിരിക്കുന്നു….
വിജയം നേടിയ ആ രാത്രി ശിവയുടെ നെഞ്ചിൽ തലവെച്ചു കിടക്കുമ്പോൾ ഞാൻ മനസിലാക്കുകയായിരുന്നു ദൈവം എനിക്കായി കണ്ടുവെച്ച ഏറ്റവും വലിയ സമ്മാനം അത് എന്റെ ശിവയായിരുന്നു… എന്റെ പ്രണയമായി അവൻ എന്റെ ജീവിതത്തിൽ വന്നില്ലായിരുന്നെങ്കിൽ ഇന്നും ഞാൻ കൂട്ടിലടച്ച കിളിയെപ്പോലെ ജീവിക്കുമായിരുന്നു… ജീവിതം ആർക്കോ വേണ്ടി ജീവിച്ചു തീർക്കുമായിരുന്നു…
❤️അവസാനിച്ചു ❤️

by