രചന – അരുന്ധതി
”ഭാമേ,,,
അവസാനമായി ഞാൻ പറയുവാ നീ ഇനി ഈ കാര്യം എന്നോട് പറയരുത്. ”
“നിനക്ക് ഏട്ടനോടുള്ള ഇഷ്ടം എനിക്ക് മനസ്സിലാവുന്നുണ്ട്. അതുകൊണ്ട് ഞാൻ ഈ കാര്യം വിട്ടു കളയില്ല മോളേ “…എന്ന് മനസ്സിൽ പറഞ്ഞ് കൊണ്ട് ഭാമ ദേവിയെ നോക്കി ഒന്ന് തല കുലുക്കി.
“കുട്ടിയാന തലകുലുക്കുന്ന പോലെ ഇരുന്ന് തല കുലുക്കാതെ പണി ചെയ്യടി ”
…………………………………….
“ഡീ,,,, ഡീ ദേവീ ”
“ഹോ,,
എന്താടി മനുഷ്യനെ പേടിപ്പിച്ചാണോ വിളിക്കുന്നെ. ”
“ഇത്ര ഞെട്ടാനും മാത്രം എന്താ?
ഞാൻ സാധാരണ പോലെ അല്ലേ ഡീന്ന് വിളിച്ചേ. എവിടെയാ മോളേ ഹോസ്പിറ്റലിൽ ആണോ? ”
ഭാമ ചോദിച്ചത് കളിയായിട്ടായാണെങ്കിലും ദേവിയിൽ ആ ചോദ്യം ഒരു ചലനമുണ്ടാക്കി.
ശെരിക്കും എനിക്കെന്താ പറ്റിയെ,
ഞാനെന്താ ആലോചിച്ചോണ്ടിരുന്നെ.
അവള് പറഞ്ഞത് പോലെ ഹോസ്പിറ്റലിൽ തന്നെയായിരുന്നോ എന്റെ മനസ്സ്. എനിക്കെന്താ പറ്റിയത്. തലക്കിട്ടൊരു തട്ടും കൊടുത്ത് ദേവി മുറിയിലേക്ക് പോയി. ഇതെല്ലാം കണ്ട് ചിരിച്ചു കൊണ്ട് നിന്ന ഭാമയെ പക്ഷേ അവള് കണ്ടില്ല.
“ഭാമേ കുറച്ചങ്ങോട്ട് ഒതുങ്ങി കിടക്ക്. നിനക്ക് മാത്രം കിടന്നാൽ മതിയോ. ”
“ഇനി എത്ര നാളാ അല്ലേ എന്റെ കൂടെ കിടക്കുന്നെ ”
“അതെന്താടി അങ്ങനെ പറഞ്ഞെ.? ”
“അല്ലടി ,,,
കല്യാണം കഴിഞ്ഞാൽ പിന്നെ ഭർത്താവിന്റെ കൂടെയല്ലേ ഭാര്യ നിൽക്കേണ്ടത് എന്നാ ഞാനുദ്ദേശിച്ചേ.”
” എന്റെ പൊന്നു മോള് ഇപ്പോൾ ഒന്നങ്ങോട്ട് നീങ്ങി കിടന്നേ. ഉറക്കം വരുന്നു”.
“നേരത്തെ ഇവിടെ ചിലർക്കൊക്കെ കല്യാണം എന്നൊക്കെ കേൾക്കുമ്പോഴുള്ള തുള്ളല് കണ്ടാൽ, വെളിച്ചപ്പാട് തുള്ളുന്ന പോലെ ആയിരുന്നു.
ഹ്മ്മ്മ് ഇപ്പോൾ,,,, ”
“ഇപ്പോൾ എന്താ ഒന്നും ഇല്ലാ.
ഹാ ഇതിപ്പോൾ ഒന്നും മിണ്ടാതിരുന്നാലും പ്രശ്നമാണല്ലോ. ”
ഭാമ ഒന്നാക്കി മൂളി…
“ഒത്തിരി അങ്ങ് മൂളണ്ട പിന്നെ മൂങ്ങ ആയിപ്പോകും “.
പോടീന്നും പറഞ്ഞ് ദേവി പുതപ്പെടുത്ത് തല വഴി മൂടി
“മൂടിക്കൊ, മൂടിക്കോ…
കാലം മാറി കഥ മാറി കാലാവസ്ഥ എങ്ങും മാറി ”
“ഇപ്പോഴാ അവളുടെ ഒരു പുരാണം.
ഭാമേ,,,
താഴെ കിടന്നുറങ്ങണ്ടാ എങ്കിൽ മിണ്ടാതെ അവിടെ കിടന്നോ ”
അവള് പറഞ്ഞത് പോലെ ചെയ്യുമെന്ന് അറിയാവുന്നത് കൊണ്ട് പിന്നെ ഭാമ അധികം അങ്ങോട്ട് മിണ്ടാൻ പോയില്ല.
പക്ഷേ പുതപ്പിനുള്ളിൽ ഇതേ സമയം ദേവി ചിരിക്കുകയായിരുന്നു. അവൾ സ്വയമേ അവളിലെ മാറ്റങ്ങളെ തിരിച്ചറിയുകയായിരുന്നു.
………………………….
“ഡീ അവര് ബില്ലൊക്കെ അടച്ച് ദേ ഇറങ്ങാൻ തുടങ്ങുവാ ”
പെട്ടെന്ന് കേട്ടപ്പോൾ എന്തോ അവളുടെ മനസ്സിൽ ഒരു വല്ലാത്ത അവസ്ഥ ആയിരുന്നു. എങ്കിലും അത് പുറത്ത് കാണിക്കാതിരിക്കാൻ അവള് നന്നായി ശ്രമിച്ചു.
“അതിനിപ്പോൾ ഇതെന്താ പുതിയ കാര്യം വല്ലതുമാണോ. ഞാൻ ഇന്നലെയും പറഞ്ഞു നിന്നോട്, അസുഖം ഭേദമാകുമ്പോൾ ഡിസ്ചാർജ് ആയി പോകുന്നത് പതിവല്ലേന്ന്. പിന്നെ എപ്പോഴും അവർക്ക് ഹോസ്പിറ്റലിൽ തന്നെ നിൽക്കാൻ പറ്റുവോ? ”
“എന്റെ ദേവീ നീ പോ എനിക്ക് ദേഷ്യം വരുന്നു. ”
“കാര്യം പെട്ടെന്നങ്ങനെ പുറമെയും, സ്വയമേയും പറ്റിക്കാൻ വേണ്ടി ദേവി പറഞ്ഞതാണെങ്കിലും മനസ്സിൽ അവൾക്കും വല്ലാത്ത വിഷമം തോന്നി.
“മക്കളെ ഞങ്ങളിറങ്ങുവാ. ഇത് ആശുപത്രി ആയത് കൊണ്ട് തിരിച്ചു വരാം എന്ന് പറയുന്നില്ല. ഇടക്ക് സമയം കിട്ടുമ്പോൾ അങ്ങോട്ടേക്കൊക്കെ ഒന്നിറങ്ങ്.”
“ശെരി അമ്മേ ഇറങ്ങാം. ഞങ്ങൾക്ക് ഇപ്പോൾ നിങ്ങളല്ലേ ഇവിടെ പരിചയക്കാരുള്ളൂ. ”
ഭാമ അത് പറയവേ ദേവിയുടെ മിഴികൾ ചെന്നെത്തി നിന്നത് അടുത്ത് നിൽക്കുന്ന അർജുനിലാണ്. അവിടെ ഏട്ടനും അനിയത്തിയും തകർപ്പൻ സംസാരം അവളെ ഒരു ശ്രദ്ധയുമില്ല. മുഖം ഒന്ന് കോട്ടിയതും. പിന്നെ നോക്കിയപ്പോൾ അവിടെ ഒരാള് കടിച്ചു പിടിച്ച് ചിരിക്കുന്നു. അപ്പോഴാണ് അവൾക്ക് മനസ്സിലായത് താൻ ശ്രദ്ധിക്കുന്നതിനും മുൻപേ ആള് തന്നെ ശ്രദ്ധിക്കാൻ തുടങ്ങിയെന്ന്. അപ്പോൾ പിന്നെ മുഖം തിരിച്ച് പെണ്ണുങ്ങളുടെ പാരമ്പര്യമായി കിട്ടിയ ജാഡ പുറത്തിറക്കി മുഖം തിരിച്ച് അമ്മയോട് സംസാരിച്ചു നിന്നു .
“അപ്പോൾ ശെരി മക്കളെ ”
പോകുമ്പോഴും അർജുൻ ദേവിയോട് ഒരു വാക്ക് പോലും മിണ്ടിയില്ല. പക്ഷേ അവരുടെ കണ്ണുകൾ പരസ്പരം സംസാരിച്ചു കൊണ്ടിരുന്നു. അവര് പോകുന്നത് കാൺകെ അവളിൽ എന്തോ ഒരു വല്ലാത്ത നോവ് തോന്നി.
ഭാമ ഒരു തട്ട് കൊടുത്തപ്പോഴാണ് ദേവിക്ക് സ്വബോധം തിരിച്ചു കിട്ടിയത്.
ഒന്നും മിണ്ടാതെ പോരുമ്പോഴും അർജുന് ആ കണ്ണുകൾ പറഞ്ഞ ഉത്തരം തന്നെ ധാരാളമായിരുന്നു.
പിന്നീട് ദേവിയും, ഭാമയും പരസ്പരം ഒന്നും മിണ്ടിയില്ല. ഒരേട്ടൻ കണ്മുന്നിൽ നിന്നും തന്നെ പോയ വിഷമമായിരുന്നു ഭാമക്ക്.
എന്നാൽ ദേവിയുടെ മനസ്സിൽ പുറത്ത് പറഞ്ഞറിയിക്കാനാവാത്തത്ര വിഷമവും. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട എന്തോ അകന്ന് പോയ പോലെ തോന്നിയവൾക്ക്.
……………………….
“ഭാമേ,,, ഡീ ഭാമേ,,, ”
“എന്തിനാടി രാത്രി കിടന്ന് തൊള്ള വലിച്ച് കീറുന്നത്.? ”
“ഈ തുണി ഇങ്ങനെ വലിച്ച് വാരി ഇടാതെ അടുക്കി വെക്കാൻ വയ്യേ ”
“എന്നും ഞാൻ തന്നെ ആണല്ലോ അടുക്കി വെക്കുന്നത് ”
“അപ്പോൾ പിന്നെ ഇന്ന് പ്രത്യേകിച്ച് പറയണോ? ”
“ഡീ ഞാൻ അടുക്കളയിൽ പാത്രം കഴുകുവാരുന്നു. നീ അത് കണ്ടിട്ടല്ലേ ഇപ്പോൾ ഇങ്ങോട്ട് വന്നത് ”
“അ,,, അ,, അത് പിന്നെ,,, ”
“അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ കാണുന്നു. ”
“എന്തോന്ന് എന്തോന്ന്,,,? ”
“കുന്തം.
അവസരം കിട്ടിയപ്പോൾ മിണ്ടാതെ ഇരുന്നിട്ട് ഇപ്പോൾ ഇവിടെ കിടന്ന് എന്റെ നേരെ തുള്ളിയിട്ട് ഒരു കാര്യവുമില്ല ”
പിറു പിറുത്ത് കൊണ്ട് ഭാമ പറഞ്ഞതും,
“പറയുമ്പോൾ കുറച്ച് ഉച്ചത്തിൽ പറയണം. അല്ലാതെ മന്ത്രിച്ചാൽ എനിക്ക് മനസ്സിലാവത്തില്ല. ”
“അയ്യോ ഒന്നുവില്ലായെ ”
ദേവിയെ തൊഴുതു കൊണ്ട് ഭാമ പറഞ്ഞതും ചാടിത്തുള്ളി ദേവി മുറിയിലേക്ക് പോയി.
“അല്ല ദേവി നിനക്കെന്താ? നീ എന്തിനാ വെറുതെ പോയി ഭാമയുടെ മെക്കട്ട് കേറിയേ. അല്ല ഇപ്പോൾ സത്യത്തിൽ നിനക്കെന്താ പ്രശ്നം? ”
കണ്ണാടിയിൽ നോക്കി തനിയെ പറയുന്ന ദേവിയുടെ അടുത്ത് വന്ന് ഭാമ പതുക്കെ ഒന്ന് ചുമച്ചു.
“എന്താടി ചുമയാണെങ്കിൽ പോയി മരുന്ന് കഴിക്ക് ”
“ഇത് മരുന്ന് കഴിച്ചാൽ മാറുന്നതല്ല. ”
” ഞാൻ കിടക്കാൻ പോകുവാ. നിനക്കുറങ്ങണം എങ്കിൽ വാ”
………………………
പിന്നീട് പതിവ് പോലെ തന്നെ അവരുടെ ജോലി തുടർന്ന് പോന്നു. അതോടൊപ്പം അവരുടെ വഴക്കുകളും, പിണക്കങ്ങളും എല്ലാം
……………………………….
ഒരു ദിവസം വൈകിട്ട് രണ്ടാളും ഹാളിൽ ഇരിക്കുമ്പോൾ ഭാമക്ക് ഫോൺ വന്നു. ഫോൺ എടുത്തതും,
“സത്യമാണോ,,
എനിക്കിത് വിശ്വസിക്കാൻ പറ്റുന്നില്ല ഏട്ടാ . അപ്പോൾ ചിലവുണ്ടേ കേട്ടല്ലോ. മുങ്ങിയാൽ ഞാൻ കൊല്ലും പറഞ്ഞേക്കാം .
ആ പിന്നെ, ഇവിടെ ഒരാള് ഒളി കണ്ണിട്ട് നോക്കുന്നുണ്ട് കാര്യമറിയാൻ. അതുകൊണ്ട് വെച്ചോ ഞാൻ പോയി പറയട്ടെ. അല്ലെങ്കിൽ വെക്കണ്ട. പ്രതികരണം നേരിട്ട് കേട്ടോ. മിണ്ടരുത് കേട്ടല്ലോ. ”
“ഡീ എന്റെ ഏട്ടന്റെ പേര് ഇനി മുതൽ അർജുൻ മഹേശ്വർ എന്നല്ല. അർജുൻ മഹേശ്വർ IPS….”
“സത്യം,,,?
ആ നല്ല കാര്യം. ആഗ്രഹങ്ങളൊക്കെ നടക്കട്ടെ.
ഡീ ഞാനിപ്പോൾ വരാം . നീ ഭക്ഷണം എടുത്ത് ടേബിളിലേക്ക് വെക്ക്. ”
“ഹലോ,,, ഏട്ടോയ്,,,,,
ഇതെന്താ മിണ്ടാത്തേ കട്ടായോ? ”
“ഇല്ലടി കേൾക്കുന്നുണ്ട് ”
“എന്ത് പറ്റി അവൾ പ്രതീക്ഷിച്ചത് പോലെ ഒന്നും പറയാത്തത് കൊണ്ടാണോ? ”
“ഏട്ടാ അവള് ഏട്ടൻ വിചാരിക്കുന്നത് പോലെയല്ല. അതിന്റെ മനസ്സ് അത്ര പെട്ടെന്നൊന്നും തുറക്കില്ല. മണിച്ചിത്രത്താഴിട്ട് പൂട്ടിയേക്കുവാ.
പക്ഷേ തുറന്നാൽ പിന്നെ അതൊരിക്കലും അടയില്ല ”
“അതെനിക്കറിയാം ,
അത്ര പെട്ടെന്നൊന്നും അവള് പുറമേ സമ്മതിച്ചു തരില്ല. പക്ഷേ എന്തോ ഇടക്ക് അങ്ങനെ ഇരിക്കുമ്പോൾ ഒരു വേദന ”
“ഏട്ടാ ഇപ്പോൾ തന്നെ അവള് പോയത് അവള് പ്രാർത്ഥിക്കുന്ന ഈശ്വരൻമാരോട് നന്ദി പറയാനാവും. അതെനിക്കുറപ്പാ. ഏട്ടൻ വിഷമിക്കാതെ എല്ലാം ശെരിയാവും. അതോർത്ത് ഇനി വിഷമിക്കാതെ ”
“എങ്കിൽ ശെരി ഞാൻ വെക്കുവാ. നാളെ കുറേ കാര്യങ്ങളൊക്കെ ചെയ്ത് തീർക്കാനുണ്ട്. ഇനി അധികം സമയമില്ല. എന്നാൽ ശെരി. അവളോട് ഞാൻ അന്വേഷിച്ചു എന്ന് പറ കേട്ടോ ”
“ആഹാ കിടന്നോ?”
ലൈറ്റ് ഓഫ് ആക്കാൻ നേരം എന്തോ പുതപ്പിനുള്ളിൽ നിന്ന് ശബ്ദം കേട്ട് ഭാമ പതിയെ ചെന്ന് നോക്കുമ്പോൾ ഒരാളുടെ ആത്മഗതം പുറത്തേക്ക് വരുന്നു. നമ്മുടെ ഓം ശാന്തി ഓശാന സിനിമയിൽ നസ്രിയ പറയും പോലെ.
“വിളിച്ചിട്ട് എന്നെ ഒന്ന് അന്വേഷിച്ചാൽ എന്താ കുഴപ്പം. അപ്പോൾ അത്രയേ ഉണ്ടായിരുന്നുള്ളൂ അല്ലേ. ഞാൻ വെറും പൊട്ടി… ”
ഇതൊക്കെ കേട്ട് ചിരി അടക്കിപ്പിടിച്ച് ഭാമ പതിയെ ലൈറ്റിനടുത്ത് തിരിച്ചു വന്നു പതിയെ ഒന്ന് ചുമച്ചു. ഡീ നിന്നെ ഏട്ടൻ അന്വേഷിച്ചു, നിന്നോട് പറയാൻ പറഞ്ഞു. ശേഷം, ലൈറ്റ് ഓഫ് ചെയ്ത് ഭാമ അടുത്ത് കിടന്നതും ഭാമയെ മുറുക്കി പിടിച്ച് ദേവി കിടന്നു.
“അതേ കിടക്കുന്നത് ഞാനാണ് കേട്ടോ. വേറെ ആരെങ്കിലും ആണെന്ന് തെറ്റിദ്ധരിച്ചേക്കരുതേ . ”
“ച്ഛേ,,,,,,
പോടീ ഡാഷേ,,,,,,,,, ”
……………………….
അങ്ങനെ, അവര് തമ്മിൽ ഇണങ്ങിയും പിണങ്ങിയും, അടിയും, പിടിയും ഒക്കെ ആയി മുന്നോട്ട് പോയി. ഇടക്ക് അർജുൻ ഭാമയെ വിളിക്കും ദേവിയുടെ വിശേഷങ്ങളും കൂടെ അവളുടെ കാര്യങ്ങളും ഒക്കെ അറിഞ്ഞ് സന്തോഷമായി അവരുടെ ജീവിതം മുന്നോട്ട് പോയി.
അതിനിടയിൽ അർജുൻ ട്രെയിനിങ്ങിനായി പോയി.
അതുകൊണ്ട് ഇടക്കിടക്ക് ദേവകിയമ്മയെ കാണാൻ അവരങ്ങോട്ടും, അവരെ കാണാൻ ദേവകിയമ്മ ഇങ്ങോട്ടും വരും.
അങ്ങനെ ഒരു ദിവസം,,,,
” ഭാമേ അവിടെ എന്തോ ഒരു ആൾക്കൂട്ടം. വാ നമുക്ക് നോക്കാം ”
“വേണ്ട ദേവീ,,, ”
“സാരമില്ലടി നീ വാ നോക്കാം…”
നോക്കുമ്പോൾ ഒരാള് വണ്ടിയിടിച്ച് കിടക്കുന്നു. കണ്ട് നിൽക്കുന്നതല്ലാതെ ആരും ഒന്നും ചെയ്യുന്നില്ല.
“ഇതെന്താ ആരും ഒന്നും ചെയ്യാത്തത്. ഇയാളെ വേഗം ആശുപത്രിയിൽ എത്തിച്ചില്ലെങ്കിൽ പ്രശ്നമാ. ”
“ദേവി നീ വെറുതെ ആവശ്യമില്ലാത്തതിലൊന്നും പോയി തലയിടണ്ട. വാ നമുക്ക് പോകാം. ”
“ഭാമേ നമ്മളൊക്കെ മനുഷ്യരാണ്. ഒരു മാനുഷിക പരിഗണന കാണിച്ചാൽ മതിയെടി. മാത്രവുമല്ല നമ്മൾ നേഴ്സ്മാരാണ്. ആളുകളുടെ ജീവൻ നിലനിർത്താൻ മുൻപിൽ തന്നെ നിൽക്കേണ്ടവർ. എന്നിട്ട് ഇങ്ങനെ പറഞ്ഞാലോ . നീ വാ ”
“പ്ലീസ് ഹെല്പ് മീ,,,, ”
അവള് ആവുന്നത്ര പറഞ്ഞിട്ടും ആരിൽ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല. എന്ത് ചെയ്യണമെന്നറിയാതെ കണ്മുന്നിൽ ഒരു ജീവൻ നഷ്ടപ്പെടുന്നത് നോക്കി നിൽക്കേണ്ടി വരുമോ എന്നവൾ ഭയന്നു. പെട്ടെന്ന് ഒരാള് അങ്ങോട്ട് വന്നു. കണ്ടാൽ ഭയം തോന്നുന്ന തരത്തിലുള്ള ഒരാള്. പക്ഷേ കാര്യം അറിഞ്ഞപ്പോൾ അയാള് അപകടം സംഭവിച്ച ആളെ സഹായിക്കാൻ മുന്നോട്ട് വന്നു. പെട്ടെന്ന് തന്നെ അവര് ജോലി ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് അയാളെ കൊണ്ട് പോയി. അപകടം പറ്റിയ ആളുടെ പോക്കറ്റിൽ നിന്നും അഡ്രെസ്സ് തപ്പിയെടുത്ത് അയാളുടെ ആളുകളെ വിവരമറിയിച്ചു.
പിന്നീട് അവര് വന്ന് അയാളെ ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് മാറ്റി. അപ്പോഴേക്കും അയാൾക്ക് അത്യാവശ്യം ഭേദമായിരുന്നു.
പിന്നീട് അവര് അവരുടെ ജോലിയിലേക്ക് കയറി.
“എന്നാലും ദേവീ എത്ര വലിയ കാര്യമാണല്ലേ നമ്മള് ചെയ്തത്. ”
“മ്മ്മ്മ് അതേ അതേ.. ”
അങ്ങനെ അന്നത്തെ ദിവസം കടന്ന് പോയി.
പിറ്റേന്ന്,,,,,
“ഇന്നലെ നിങ്ങള് മുന്നിൽ നിന്നത് കൊണ്ടാണ് അയാളെ രക്ഷിക്കാൻ പറ്റിയത്. നിങ്ങള് മുന്നിട്ടിറങ്ങിയത് കൊണ്ടാണ് ഞാനും ഇങ്ങനെയൊരു നല്ല കാര്യത്തിന് ഭാഗമായത്. ”
അയാളുടെ സംസാരത്തിന് അവര് ഒരു ചിരി മാത്രം ഉത്തരം നൽകി. ശേഷം അയാള് പോയി.
പിറ്റേന്നും ഇതേപോലെ അയാള് അവരെ കാണാനെത്തി. പോകെ പോകെ അയാള് പതിവായി വരാൻ തുടങ്ങി.
അയാളുടെ സ്വഭാവം മാറുന്നതും, അയാളുടെ ശ്രദ്ധ ദേവിയിലേക്കാണെന്നും അവർ മനസ്സിലാക്കി.
പിന്നെ അയാള് അകത്തേക്ക് വരാതിരിക്കാൻ വേണ്ടി അയാളെ കടത്തി വിടരുതെന്ന് സെക്യൂരിറ്റിയെ പറഞ്ഞെൽപ്പിച്ചു.
പിന്നെ പിന്നെ അവര് പോകുന്ന വഴിയിൽ വച്ചായി ശല്യം.
……………………..
ഒരു ദിവസം അയാളെ കണ്ടിട്ടും ഗൗനിക്കാതെ അവര് നടക്കുന്നത് കണ്ട് അയാള് ദേവിയുടെ കൈക്ക് കയറി പിടിച്ചു. പൊട്ടിച്ചു അവള് അപ്പോൾ തന്നെ കവിളിൽ പാട് വരാൻ തക്കവിധത്തിൽ പടക്കം പൊട്ടുന്നത് പോലെ ഒന്ന് ….
…………………..
മുറിയിലെത്തിയ ദേവിക്ക് എന്തോ മനസ്സിന് ഒരു അസ്വസ്ഥത തോന്നി.
“ദേവീ,,,, എന്താടി? ”
” അല്ലടി,
അടിക്കേണ്ടിയിരുന്നില്ല അല്ലേ?
ഇനിയിപ്പോൾ അയാൾക്ക് വാശി കൂടും. ”
” അടിക്കാതെ പിന്നെ????
നിന്റെ കയ്യിൽ പിടിച്ച അയാളെ പോയിട്ട് ഉമ്മ വെക്കണമായിരുന്നോ? ”
“അതല്ലടി പറഞ്ഞെ ”
“അതും, ഇതും ഒന്നുമില്ല. അയാൾക്ക് കിട്ടേണ്ടത് തന്നെയാ. കുറഞ്ഞു പോയി എന്നെ എനിക്ക് തോന്നുന്നുള്ളൂ. നീ പോയി കുളിക്ക് അപ്പോൾ ഈ ടെൻഷനൊക്കെ മാറും”….
കുളിച്ചിറങ്ങി ദേവി മുറിയിലേക്ക് വരുമ്പോൾ ഭാമയുടെ ഫോൺ ബെല്ലടിക്കുന്നു.
“ഭാമേ,,,,,
ദേ ഫോൺ അടിക്കുന്നു… ”
“ഡീ ഞാൻ ചായ ഇടുവാ. നീ എടുത്തോ. അല്ലെങ്കിൽ ഇങ്ങ് എടുത്തോണ്ട് വാ ”
എങ്കിൽ ശെരി എന്ന് പറഞ്ഞ് ദേവി ഫോൺ എടുക്കുമ്പോൾ ഡിസ്പ്ലേയിൽ എന്റെ ഏട്ടൻ എന്ന് കണ്ട്. പെട്ടെന്ന് അവളുടെ നെഞ്ച് സാധാരണയിലും വേഗതയിൽ മിടിക്കാൻ തുടങ്ങി. ഇതിനിടയിൽ എടുക്കാതിരുന്നത് കൊണ്ട് ഫോൺ കട്ടായി വീണ്ടും ബെല്ലടിച്ചു.
ദേവി എന്താ ഫോൺ എടുക്കാത്തത് എന്ന് പറഞ്ഞ് കൊണ്ട് ഭാമ വരുമ്പോൾ ബെല്ലടിക്കുന്ന ഫോണും പിടിച്ച് അതിലേക്ക് നോക്കി നിൽക്കുന്ന ദേവിയെ ആണ് കണ്ടത്.
“ഇതെന്താടി ഫോണും പിടിച്ച് നിന്ന് സ്വപ്നം കാണുന്നോ നീ. ”
ഭാമ ഫോൺ മേടിച് നോക്കുമ്പോൾ ഏട്ടൻ.
“ഓ അതാണ് കണ്ണും തുറന്നിരുന്ന് സ്വപ്നം കാണുന്നത് ”
“ഞാൻ സ്വപ്നമൊന്നും കണ്ടതല്ല. കട്ട് ചെയ്യണോ വേണ്ടയോ എന്നാലോചിച്ചതാ ”
“മതി മതി ഒത്തിരി വേണ്ട. ഫോൺ ഇങ്ങോട്ട് താ. ”
“ഹലോ ഏട്ടാ,,, ”
“എന്താടി വിളിച്ചിട്ട് എടുക്കാഞ്ഞേ ഞാൻ പേടിച്ചു പോയി എന്തോ പറ്റിയെന്ന്.
ഒന്നാമത് മനസ്സിന് എന്തോ ഒരു വല്ലായ്മ പോലെ അതാ വിളിച്ചേ. അവൾക്കെന്തോ പറ്റിയത് പോലെ തോന്നുന്നു.
എന്താടി അവൾക്ക് വല്ലതും പറ്റിയോ? ”
പെട്ടെന്ന് ഭാമ ഒന്ന് പതറി….
“ഏ,,, ഏയ് ഒന്നുവില്ലല്ലോ. അല്ലെങ്കിൽ തന്നെ അവൾക്കെന്ത് പറ്റാനാ. രണ്ടാൾക്കും കുഴപ്പം ഒന്നുമില്ലല്ലോ. അവളെ ഞാൻ അന്വേഷിച്ചു എന്ന് പറഞ്ഞേക്ക്.”
“ഓ നമ്മളെ ഒന്നും ഇപ്പോൾ വേണ്ട. ഹ്മ്മ്.
മിക്കവാറും ഇപ്പോഴേ ഏട്ടൻ എന്നെക്കൊണ്ട് നാത്തൂൻ പോര് തുടങ്ങിക്കും “.
“പോടീ കാന്താരി. ഇവിടെ ആയത് കൊണ്ടല്ലേ കാര്യം ചോദിച്ച് ഉടനെ വെക്കുന്നത്.. അപ്പോൾ ഏട്ടൻ വെക്കട്ടെ. നാത്തൂനും, നാത്തൂനും പോരൊന്നും എടുക്കാതെ ഇരിക്കണേ. ”
“ഓഓഓ,,,
ഉത്തരവ് തമ്പുരാനെ ”
ഫോൺ വെച്ച് കഴിഞ്ഞ് ഭാമ കുറച്ച് സമയം ദേവിയെ തന്നെ നോക്കി ഇരുന്നു.
“എന്താടി നോക്കി ഇങ്ങനെ ഇരിക്കുന്നെ?”
“അല്ലാ ഈ മനപ്പൊരുത്തം എന്ന് പറയുന്നത് ഒരു സംഭവം തന്നെയാ അല്ലേ?”
“അതെന്താടി ഇപ്പോൾ ഒരു മനപ്പൊരുത്തം? ”
“അല്ലാ,,,
ഇവിടെ ഒരാൾക്ക് നൊന്തപ്പോൾ അവിടെ അങ്ങ് ദൂരെ ഇരുന്ന് വേറൊരാൾക്ക് നൊന്തു. ”
ദേവിയുടെ തലയിൽ നിന്ന് കിളികൾ പറക്കാൻ റെഡി ആയി നിൽക്കുന്നത് കണ്ട് ഭാമ അതിനെ പറത്തി വിടാൻ സഹായിച്ചു.
“അതേടി,
നിനക്ക് വല്ല പ്രശ്നവും ഉണ്ടോ എന്നറിയാനാ വിളിച്ചേ ഏട്ടന് അങ്ങനെ തോന്നിയെന്ന് “.
“എന്നിട്ട്??????? ”
“എന്നിട്ടെന്താ ഞാനൊന്നും പറഞ്ഞില്ല. ഇപ്പോൾ പറയണ്ടാന്ന് എനിക്ക് തോന്നി ”
ഹ്മ്മ്മ്മ് എന്നൊന്ന് മൂളി കൊണ്ട് ദേവി അകത്തേക്ക് പോയി.
അവൾക്ക് പിന്നാലെ ചിരിച്ചു കൊണ്ട് ഭാമയും.
” അതേ ദേവീ, ഡീ,,,
ഇവളെന്താ ഇത്ര പെട്ടെന്നുറങ്ങിയോ,, ഡീ?”
“എന്തുവാടി?.
കിടന്നുറങ്ങു പിശാശ്ശെ ”
“ഏട്ടൻ ഇന്ന് വിളിച്ചപ്പോൾ പറയുവാ നാത്തൂനും, നാത്തൂനും കൂടി അടിയൊന്നും വെക്കാതെ ഇരിക്കണം എന്ന് ”
“ഭാമേ,,, കിടന്നുറങ്ങ്,,,
ഹോ എത്ര എത്ര പെണ്പിള്ളേരുണ്ട് ഈ ലോകത്ത് എന്നിട്ടും, എന്റെ ഏട്ടന് ഇതിനെ മാത്രേ കിട്ടിയുള്ളല്ലോ ”
“ഭാമേ ,,,,,,
നടുവിന് ബെൽറ്റിടണോ നിനക്ക്? ”
“യൂ മീൻ,,,?
നീ എന്നെ ചവിട്ടി താഴെ ഇട്ട് നടുവൊടിക്കും എന്നല്ലേ? ”
“അതേ നിനക്ക് സംശയം ഉണ്ടോ? ”
ചോദ്യം കേട്ടതും പിന്നൊന്നും ചിന്തിക്കാതെ അനുസരണയുള്ള പട്ടിക്കുട്ടിയെ പോലെ ഭാമ ഒരു മൂലയിൽ ചുരുണ്ടു കൂടി കിടന്നു.
എല്ലാം കേട്ട് ചിരിച്ചു കൊണ്ട് ദേവി കണ്ണടച്ച് കിടന്നു. മനസ്സിൽ അർജുനോടുള്ള സ്നേഹത്തിന്റെ അളവ് കൂടി വരുന്നത് ഓരോ നിമിഷവും അവൾ മനസ്സിലാക്കുകയായിരുന്നു..
തുടരും,,,
.. സിവിൽ സർവീസ് എക്സാമിനെ കുറിച്ച് എനിക്ക് വലിയ പിടിയില്ല. അറിയുന്ന പോലെ എഴുതിയിട്ടുണ്ട്..

by