10/02/2026

നില : ഭാഗം 10

രചന – അഹാനിക അനു

മഴയൊന്നു തോർന്നപ്പോൾ മുറ്റത്തേക്ക് ഇറങ്ങിയതാണ് നന്ദു…….. പുറകിൽ നിന്ന് ഒച്ച കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ പാറു ഷൂസ് വലിച്ചു കയറ്റുന്ന തിരക്കിലാണ്………. “” നീ ഇത് എങ്ങോട്ടാടി…….. “” മുണ്ട് മടക്കി കുത്തി തിരിഞ്ഞിരുന്നു നന്ദു ചോദിക്കുന്നത് കേട്ട് പാറു തല പൊക്കി നോക്കി…… “” ഈ ഷൂ ഒന്നു ഇറ്റ് തരോ….. “” മുഖമൊന്ന് ചുളിച്ചു വളരെ നിഷ്കു ഭാവത്തിൽ പാറു പറയുന്നത് കേട്ട് നന്ദു സ്റ്റെപ്പിൽ ഇരുന്ന് അവളുടെ കാൽ മുൻപിലേക്ക് വച്ചു ലൈസ് വലിച്ചു കെട്ടി കൊടുത്തു……. “” തെങ്സ്…. “” “” ഹോ വരവ് വച്ചിരിക്കുന്നു……. “” എഴുന്നേറ്റു നിന്ന് മുണ്ട് ശേരിയാക്കി തിരിഞ്ഞു നിന്ന് പറഞ്ഞു നന്ദു നടന്നു…….. “” നീ ഇത് എങ്ങോട്ടാടി എന്റെ പിറകെ…… “” “” വിക്രമൻ എങ്ങോട്ടാ…… “” “” ഞാൻ എനിക്ക് ഇഷ്ട്ടമുള്ള ഇടത്തേക്ക്….. “”

“” ന്നാൽ നാനും എനിക്ക് ഈസ്‌ട്ടമുള്ള സ്തലത്തേക്ക്……. “” “”തർക്കുത്തരം പറയുന്നോ വീട്ടിൽ കയറി പോടീ… അടുത്ത മഴ വരുന്നുണ്ട്……..”” “” മയ വറുന്നത് കൻറ്റിറ്റ് എന്തിനാ വിക്രമൻ പുരത്ത് ഇരങ്ങിയത്…….. “” “” അഹ് അത് ഞാൻ എന്റെ ഓളെ കാണാൻ ഇറങ്ങിയതാ ….. “” കുറച്ച് ഗമയിൽ പാറുവിനെ നോക്കി നന്ദു പറഞ്ഞപ്പോൾ അവളവനെ കുറച്ച് നേരം നോക്കി നിന്നു….. “” ന്നാൽ നാനും ഒരാളെ കാനാൻ ഇരങ്ങിയതാ ……. “” “”ഹോ ഇത് പറയാനാവും ഇത്രെയും നേരം ആലോജിച്ചു ഇരുന്നത്……..”” പാറുവിനെ നോക്കി ഒന്നു ചിരിച്ചു പറഞ്ഞു കൊണ്ട് നന്ദു മുന്നിലെ ചാമ്പക്കയുടെ മുകളിലേക്ക് നോക്കി നിന്നു……… നിറച്ചും ചാമ്പയ്‌ക്ക ഉണ്ട് പക്ഷെ കൈ കൊണ്ട് എത്തി പറിക്കാൻ ബുദ്ധിമുട്ടാണ്…………. ഒന്നു ചാടി പറിക്കാൻ നോക്കിയപ്പോൾ പാറു വായ പൊത്തി ചിരിക്കുന്നത് കണ്ടു………..

തന്റെ ചാട്ടത്തിൽ താഴെ നിന്ന് പെണ്ണ് കണ്ട കാഴ്ച അത്ര സുഖകരമല്ലെന്ന് മനസിലായ നന്ദു ഒന്ന് ഇളിഞ്ഞെങ്കിലും പാറുവിന്റെ മുന്നിൽ അത് കാണിച്ചാൽ തോറ്റു പോവും എന്ന് അറിഞ്ഞു കൊണ്ട് മുണ്ട് അഴിച്ചിട്ടു……….. രണ്ട് മൂന്നു വട്ടം ചാടിയിട്ടും കിട്ടാഞ്ഞിട്ട് നന്ദു ഊരയ്ക്ക് കയ്യും കൊടുത്തു മുകളിലേക്ക് നോക്കി നിന്ന്………. “” വിക്രമാ…. ഇത് ഇറ്റ് കൊണ്ട് തല്ലിയിട്ടോ ഉരപ്പായും കിറ്റും…….. “” ഒച്ച കേട്ട് പിറകോട്ടു തിരിഞ്ഞു നോക്കിയ നന്ദു പാറുവിനെ അവിടെ കണ്ടില്ല……. ഒച്ച കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ കണ്ടു…. അടുക്കള ഭാഗത്ത് നിന്ന് നില അയലിൽ മട്ടല് കൊണ്ട് കൊടുത്ത കുത്തും താങ്ങി പിടിച്ചു കൊണ്ടാണ് പെണ്ണ് വരുന്നത്…… അതാണേൽ പിടിച്ചു നടക്കാനും കഴിയുന്നില്ല………… ഈ പെണ്ണ് ഇത് എപ്പോൾ പോയി തന്റെ പിറകിൽ നിന്ന് എന്ന് ആലോജിച്ചു നന്ദു ഓടി പോയി അവളെ കയ്യിൽ നിന്ന് അത് വാങ്ങി…… “” നീ എന്തിനാടി സ്വന്തം പോയി ഇത് എടുത്തത്…. അവിടെ എങ്ങാനും വീണിരുന്നേലോ “”

“” നാൻ വീയോന്നും ഇല്ല…… വിക്രമന് ഈ ബുത്തി നേരത്തേ തോന്നില്ലലോ…… “” “” ഓ പിന്നെ നീ വലിയൊരു ബുദ്ധിമതി ഒന്ന് പോടീ… “” അവളോട് അത് പറഞ്ഞു കൊണ്ട് തന്നെ മൂന്ന് നാല് ചാമ്പക്ക തള്ളി തൊഴിച്ചു……. അത് പാറു ചാടി പോയി എടുക്കുന്നതിനു മുന്നേ മട്ടല് താഴേക്ക് ഇട്ട് നന്ദു ഓടി പോയി എടുത്തു……… “” ആഹാ എന്താ രസം…….. “” മധുരവും പുളിയും കൂടി ചാമ്പക്ക കടിച്ചു മുഖം ചുളിച്ചു കൊണ്ട് നന്ദു പറയുന്നത് കേട്ട് പാറു അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു…… ഒന്ന് മുഴുവനും വായയിലേക്ക് ഇട്ട് അടുത്തതും കൂടി കടിച്ചു ചവയ്ക്കുന്നത് കണ്ടപ്പോൾ പാറുവിന്റെ കണ്ട്രോൾ പോയി……….എന്നാലും ഒന്ന് ചോദിക്കാൻ അവളുടെ അഭിമാനം സമ്മതിച്ചിരുന്നില്ല……….. നന്ദു ഇടം കണ്ണിട്ട് നോക്കിയപ്പോൾ പെണ്ണ് അറിയാതെ വെള്ളമിറക്കി പോയി………. അവനാണേൽ അത് കണ്ട് ചിരി വന്ന് പോയി……. “” നിനക്ക് വേണോ……… നല്ല പുളിയും മധുരവും ഉണ്ട്…………. “” കയ്യിലുള്ള അവസാന ചാമ്പക്ക കൂടി കടിച്ചു അവൻ ചോദിക്കുന്നത് കേട്ട് പാറു അവനെ കനപ്പിച്ചു നോക്കി…………

ഏത് കഷ്ടകാലത്തിനാണാവോ ആ മട്ടൽ എടുത്ത് കൊണ്ട് വരാൻ തോന്നിയത് എന്നായിരുന്നു ആ നോട്ടത്തിന്റെ അർത്ഥം…….. “” നിക്ക് ബേണ്ട…… “” “” വോ വേണ്ടേൽ വേണ്ട………. “” മുഖം വെട്ടിച്ചു പാറു പറയുന്നത് കേട്ട് നന്ദുവും കൂസലില്ലാതെ പറഞ്ഞു…….. അത് പാറുവിനെ കൂടുതൽ ചൊടിപ്പിച്ചു……….. ദേഷ്യത്തിൽ വീട്ടിലേക്ക് നടന്നു പോവുന്ന പാറുവിനെ കണ്ട് നന്ദു പിറകെ ഓടി….. “” ടി…. ടി…. അവിടെ നിൽക്ക്………. പോവല്ല…… “” പിറകിൽ നിന്ന് അവൻ വിളിക്കുന്നത് കേട്ട് പാറു തിരിഞ്ഞു നോക്കാതെ നിന്നു……. “” നീ ഇത് എങ്ങോട്ടാ കുണുങ്ങി കുണുങ്ങി…… “” “” നാൻ വീട്ടിൽ പോവാ……. “” “” ഓ അല്ലേൽ രാത്രി ആയാലും ഇവിടെ നിന്ന് പോവാത്തതാണല്ലോ….. ഇന്ന് എന്തേയ് ഇത്ര നേരത്തെ…….. “” നന്ദു അവളെ മുന്നിൽ കയറി നിന്ന് ചിരിച്ചോണ്ട് ചോദിച്ചു…………..

“” നിക്ക് വിക്രമനോട്‌ സംശാരിക്കേണ്ട…… നാൻ വീട്ടിൽ പോവാ……… “” അത് പറയുമ്പോൾ അവളുടെ ആ വെളുത്ത മുഖം ഒന്ന് കൂടി ചുവന്നു പോയിരുന്നു…….. ചുണ്ടൊക്കെ വിറയ്ക്കുന്നുണ്ട്……….. നന്ദു കൗതുകത്തോടെ അതൊക്കെ നോക്കി നിന്നു…………. പിന്നെ ചിരിച്ചു കൊണ്ട് പറഞ്ഞു………… “” വാ നമുക്ക് പോയി ചാമ്പക്ക പറിക്കാം…… “” “” നാൻ ഇല്ല….. “” “” അത് എന്താടോ നാൻ ഇല്ലാത്തത്……… വാടോ ഞാൻ നിന്റെ ഫ്രണ്ട് അല്ലേ…… “” “” എന്റെ ഫ്രണ്ട്സ് വിക്രമൻ അല്ല……… “” “” ഓ എന്നാൽ നിന്റെ ഫ്രണ്ട് ആരാ…….. “” “” നിലാന്റി…… “” തല താഴ്ത്തിയാണ് പെണ്ണ് അത് പറയുന്നത്……… “” ആയിക്കോട്ടെ………….നിലാന്റി നിന്റെ ഫ്രണ്ട്…. എന്റെ ഫ്രണ്ട്സ് നിലാന്റി………. അപ്പോൾ നീയും എന്റെ ഫ്രണ്ട് അല്ലേ…….. “” “” അനോ…… “” അത്രയും നേരം തല താഴ്ത്തി നിന്ന് പെട്ടെന്ന് നന്ദു ഇത് പറഞ്ഞപ്പോൾ എന്തോ വല്യ കാര്യം കേട്ട പോലെ തല നോക്കി ചോദിച്ചു…… “” ആണല്ലോ……….. നിനക്ക് ചാമ്പക്ക വേണോ…..”” നന്ദുവിന്റെ ചോദ്യം കേട്ട് വേണമെന്നോ വേണ്ടെന്നോ അവൾ പറഞ്ഞില്ല………… “” എന്റെ പൊന്നോ…… നീ ഇങ്ങനെയൊന്നും അഭിമാനി അവല്ല മോളെ………… “” അവളുടെ ഷോൾഡറിൽ പിടിച്ചു ഉന്തി കൊണ്ട് നന്ദു നടന്നു………

“” വിക്രമാ….. വിക്രമാ….. ആ ചബക്ക പരയ്ക്കല്ല…. അത് കുഞ്ഞിയതാ…… അറ്റാ അപ്പുരത്ത് വലുത് ഉണ്ട്…… “” “” ഹോ നീ ഒന്ന് മിണ്ടാതെ ഇരിക്കേടി തടിച്ചി പാറു…കയ്യിലും വായയിലും ഉള്ളത് ആദ്യം തിന്ന് തീർക്കാൻ നോക്ക്……… നിനക്ക് അവിടെ നിന്ന് പറഞ്ഞാൽ മതി മനുഷ്യന് ഇവിടെ നിന്ന് കാണണ്ടേ….. കണ്ണിൽ ആണേൽ പൊടിയും പോയി…….. “” “” വിക്രമന് ഒരു തേങ്ങയും അരിയൂല….. ഇങ്ങോട്ട് മാരി നിൽക്ക് നാൻ പരിച്ചു തരാം…….. “” “” നീ പോടീ ഓള് എന്നെ പഠിപ്പിക്കാൻ വന്നിരിക്കുന്നു…എനിക്ക് അറിയാം ഇത് എങ്ങനെ പറിക്കണം എന്ന്……. ഞാനേ നിന്നെക്കാൾ കൂടുതൽ ഓണം കൂടുതൽ തിന്നതാ……. “” “” അറ്റ് കാനാനും ഉണ്ട്….. എൻറ്റൊരു തടിയാ…. “” “” ഈ പെണ്ണിനെ ഞാൻ ഇപ്പോ എന്തേലും ചെയ്യും ഇത് തടിയൊന്നും അല്ലേടി……. എനിക്ക് സിസ്പാക്ക് ആണ്…….. ഇതേ പോലെ ഫിറ്റ്‌ ബോഡി നിന്റെ അച്ഛന് ഉണ്ടോ……… “” “” എന്റെ പപ്പാ തടിയൊന്നും ഇല്ല………. മെലിഞ്ഞിട്ടാ…. കാനാൻ മമ്മൂട്ടിയെ പോലെ ഉണ്ട്…… “”

“” ആ അതേ അതേ മൃഗയ സിനിമയിലേ മമ്മൂട്ടി ആയിട്ടാവും…. ഒന്ന് പോടീ നീ നിന്റെ അച്ഛന്റെ മോള് തന്നെ എന്തൊരു തള്ളാണ്……… “” “”ഇറ്റ് തള്ളോന്നും അല്ല………”” “” ഓ നിന്റെ അച്ഛനെ മുന്നിൽ നിർത്തി പറയാണേൽ ഇത് തള്ളാണെന്ന് ആരും പറയില്ല..”” നന്ദു പറയുന്നത് കേട്ട് പാറു അവന്റെ കാലിനൊരു ചവുട്ട് കൊടുത്തു……… “” ശേ ഈ പെണ്ണ്… കാലിൽ ചളിയായെടി…… നീ അധികം കളിക്കല്ലേ ട്ടോ…. ആ ചളി വെള്ളത്തിൽ കുളിപ്പിക്കും ഞാൻ…………. “” “” അങ്ങനെ ആനേൽ ആദ്യം വിക്രമൻ കുലിച്ചിട്ട് ബാ………. “” അത് പറയലും പെണ്ണ് നന്ദുവിനെ ഒരൊറ്റ ഉന്തു കൊടുത്തു പെട്ടെന്ന് ആയതോണ്ട് കയ്യിൽ ഉള്ള മട്ടലും കൊണ്ട് ചളിയിൽ വഴുക്കി പോയി നിരങ്ങി നിലത്ത് വീണു………… “” ടി കുരിപ്പേ നീ അവിടെ നിന്നോ…….. നിനക്ക് അതാണ് നല്ലത്……… നിലത്ത് ഇരുന്നു കൊണ്ട് തന്നെ നന്ദു വിളിച്ചു പറഞ്ഞെങ്കിലും പെണ്ണ് അപ്പോളേക്കും വീടിന്റെ ഉള്ളിൽ കയറിയിരുന്നു……..ഒന്ന് എഴുനേറ്റു നിന്ന് ആരേലും കണ്ടോ എന്ന് ചുറ്റും നോക്കിയപ്പോൾ ശ്യാമേച്ചിയുടെ വീടിന്റെ ഉമ്മറത്ത് നിന്ന് ജിതിൻ ഇതെല്ലാം നോക്കി നിൽക്കുന്നത് കണ്ടു…….

അവനെ കാനപ്പിച്ചോന്ന് നോക്കിയിട്ട് നന്ദു ഉള്ളിലേക്ക് കയറി…….. ജിതിനെ ചെറുപ്പം തൊട്ടേ നന്ദുവിന് ഇഷ്ട്ടമ്മല്ല…… അതിന് പ്രത്യേകിച്ചു കാരണം ഉണ്ട്………നന്ദു 10th പഠിക്കുമ്പോൾ നോക്കിയ കുട്ടിയെ ഇവൻ നൈസ് ആയി വളച്ചെടുത്തു……… വേറെ എന്തും നന്ദു സഹിക്കും പെണ്ണിന്റെ കാര്യം മാത്രം അവന് മറക്കാനും പൊറുക്കാനും കഴിയാത്തതാണ്……… അതിന് ശേഷം അവന്റെ ഏറ്റവും വല്യ ശത്രു ആണ് ഇവൻ….. “” ഏട്ടത്തി ഞാൻ ഒന്ന് പാർട്ടി ഓഫീസ് വരെ പോയി വരാം…… “” അടുക്കളയിലേക്ക് ഒന്ന് എത്തി നോക്കിയിട്ട് കിച്ചു വിളിച്ചു പറഞ്ഞു…….. “” മഴ അല്ലേ കിച്ചു ഇപ്പോൾ എന്തിനാ പോവുന്നത്.” “” ഞാൻ വേഗം വരും ഏടത്തി……അമലേട്ടൻ ഒന്ന് കാണണം എന്ന് പറഞ്ഞിരുന്നു…….. “” “” വേഗം വരണം ട്ടോ…… “” നില പറഞ്ഞതിന് കിച്ചു ഒന്ന് മൂളി കൊണ്ട് പുറത്തേക്ക് നടന്നു……….. “” നീ ഇത് എങ്ങോട്ടാ……. “” കുളിച്ചു വന്നു ഷിർട്ടിന്റെ ബട്ടൻ ഇട്ട് ഉമ്മറത്തേക്ക് വന്ന നന്ദു മാറ്റി പോവുന്ന കിച്ചുവിനെ കണ്ട് ചോദിച്ചു………. “” ഞാൻ ഓഫിസ് വരെ പോവാ….. “” “” എന്നാൽ ഞാനും വരാം…….. “”

“” എന്തിന്….. ഇവിടെ ഇരുന്നാൽ മതി….. അല്ലേലും പാർട്ടിയുമായി യാതൊരു ബന്ധവും ഇല്ലാത്ത നീ അവിടെ വന്നിട്ട് എന്തിനാ…..പാർട്ടിയെ വിമർശിക്കാൻ അല്ലേ വരുന്നത്……. നിന്നേ ഇനി ആ പരിസരത്തെക്കേ കൊണ്ട് വന്നേക്കരുത് എന്നാണ് ഉണ്ണിയേട്ടൻ പറഞ്ഞിരിക്കുന്നത്……. “” “” ഓ പിന്നെ നിങ്ങളെ പാർട്ടിയെ ഞാൻ വിമർശിച്ചിട്ടുണ്ടെങ്കിൽ അതിന് തക്കതായ കാരണം ഉണ്ട്………… അല്ലേൽ നിങ്ങൾക്ക് എന്നോട് വാദിക്കാലോ……… ശബ്ദമുയർത്തുന്ന യുവ തലമുറയെ മുളയിലേ നുള്ളി കളഞ്ഞു അവരെ നിശബ്ദരാക്കുന്ന നിങ്ങളെ പോലെ ഉള്ള പാർട്ടിക്കാരേ കാണുമ്പോൾ ഫീലിംഗ് പുച്ഛം …… “” “” ഒന്ന് പോടാ ചെർക്ക…… പത്രവും വായിക്കില്ല എന്നിട്ട് ബോധമില്ലാതെ വിഢിതരം വിളിച്ചു പറഞ്ഞു എന്നെ നാറ്റിക്കും…വിവരനില്ലായിമ ഒരു കുഴപ്പമായി ഞങ്ങളെ പാർട്ടിക്കാർ കാണുന്നില്ല…… ആ നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല.. കഴമ്പില്ലാത്ത കുറച്ച് പൊട്ട കാര്യവുമായി വരും …ഞാൻ പോയി………. ” വണ്ടിയിൽ കയറി ഇരുന്ന് കിച്ചു പറയുന്നത് കേട്ട് നന്ദു ഒരു ഇളിഞ്ഞ ചിരി ചിരിച്ചു………

കിച്ചുവിന് പണ്ട് മുതലേ പാർട്ടിയോട് വല്ലാത്തൊരു അടുപ്പം ഉണ്ട്….. അച്ഛൻ നല്ലൊരു സഖാവ് ആയിരുന്നു…… ആ പാത അവൻ തുടർന്നു പോന്നു………അത് കൊണ്ട് നാട്ടിലെ എന്ത് കാര്യത്തിനും കിച്ചുവിന്റെ സഹകരണം ഉണ്ടാവും……….. നന്ദുവിനും ശരത്തിനും പിന്നെ ഇതിനോടൊന്നും ഒട്ടും താല്പര്യം ഇല്ല…….കിച്ചുവിന്റെ അതിര് കവിഞ്ഞുള്ള പാർട്ടി പ്രവർത്തനത്തേ പലപ്പോഴായി ശരത്ത് ശാസിച്ചു എങ്കിക്കും എന്ത് കൊണ്ടോ ശരത്തിനെ ആ കാര്യത്തിൽ മാത്രം അവൻ അനുസരിച്ചിരുന്നില്ല…… പാർട്ടി ഓഫീസിൽ പോയി എല്ലാവരോടും കുറച്ച് നേരം സംസാരിച്ചു പുറത്തേക്ക് ഇറങ്ങിയപ്പോൾ കവലയിൽ ഒരു ആൾ കൂട്ടം കണ്ട് അവൻ അങ്ങോട്ട് നടന്നു……… എന്തോ വണ്ടി തട്ടിയ സംഭവം ആണെന്ന് അടുത്തു നിന്ന ആൾ പറയുന്നത് കേട്ടു………

കിച്ചുവിനെ കണ്ടപ്പോൾ അധിക പേരും അവനെ നോക്കി ചിരിച്ചു അവന് കാണാൻ വേണ്ടി വഴി മാറി കൊടുത്തു………. ഒരു കാർ ആക്റ്റീവയിൽ തട്ടിയതാണ്….. വണ്ടി ഓടിച്ചത് ഒരു പെൺ കുട്ടിയാണ്….. കാർ ഓടിച്ച ആൾ ഒത്തു തീർപ്പാക്കാൻ നോക്കുന്നുണ്ട് പക്ഷെ അതൊന്നും കേൾക്കാതെ പെൺ കുട്ടിയുടെ കൂടെ ഉള്ളവർ അവളെ ചുറ്റിയിരിക്കുകയാണ്……….. അയാളെ ഒന്നും പറയാൻ സമ്മതിക്കുന്നില്ല എന്ന് കണ്ടപ്പോൾ കിച്ചു ഇടയിൽ കയറി………. “” ഏയ് ഏയ് നിങ്ങൾ എല്ലാവരും കൂടി അയാളെ നെഞ്ചത്തേക്ക് കയറിയാലോ……..ഇയാൾക്ക് പറയാൻ ഉള്ള ഒരു അവസരം കൊടുക്കു……… “” കിച്ചുവിന്റെ ഒച്ച പൊന്തിയപ്പോൾ അധിക പേരും മിണ്ടാതെ നിന്നു…….. കാരണം അവനെ അത്രയും വല്യ കാര്യമായിരുന്നു എല്ലാർക്കും ന്യായമായ കാര്യത്തിനെ അവൻ ഒപ്പം ഉണ്ടാവും എന്ന് എല്ലാർക്കും അറിയാം………. എല്ലാവരെയും ഒന്ന് നോക്കിയതിനു ശേഷം അവൻ ആ പെൺ കുട്ടിയുടെ എടുത്തേക്ക് പോയി……….

സത്യം പറഞ്ഞാൽ അവൾക്ക് ഒന്നും പറ്റിയിരുന്നില്ല പെട്ടെന്ന് കാർ മുന്നിലേക്ക് വന്നപ്പോൾ ഒന്ന് പേടിച്ചു പോയതാണ്….. അത് ആ കുട്ടി അവനോട് പറയും ചെയ്തു………….. “” എന്റെ കാർ തട്ടിയിട്ടില്ല എന്നുള്ളത് ഉറപ്പാണ്….. ഇനി ആ കുട്ടിക്ക് പ്രശ്നവും വണ്ടിക്ക് സ്ക്രാച്ച് ഉണ്ടേൽ ഞാൻ ശേരിയാക്കി തരാൻ തയ്യാറാണ്………”” കിച്ചു അയാൾ പറയുമ്പോൾ അവളുടെ വണ്ടി എടുത്ത് പൊക്കി ചുറ്റും ഒന്ന് നോക്കി….. പ്രത്യേകിച്ചു ഒന്നും പറ്റിയിട്ടില്ല……… ആ വീഴ്ചയിൽ ചെറുതായി ഒരു സ്ക്രാച്ച് വീണിട്ടുണ്ട് അത് അത്ര പെട്ടെന്നൊന്നും ശ്രദ്ധിക്കില്ല………. “” ഏയ് വണ്ടിക്ക് കുഴപ്പമൊന്നും ഇല്ല സർ…. സർ പൊയ്ക്കോളൂ…….. “” കിച്ചു മയത്തിൽ പറയുന്നത് കേട്ട് അയാൾ അവനെ നന്ദി പൂർവ്വം നോക്കി ……… “” അത് എങ്ങനെ കിച്ചു ശേരിയാവും…….. “” ഇടയിൽ കയറി ഒരാള് പറയുന്നത് കേട്ട് കിച്ചു കൈ കൊണ്ട് തടഞ്ഞു………… “” എന്തേലും ചെറുത് കിട്ടിയാൽ അത് ഊതി വീർപ്പിക്കാൻ നിങ്ങൾ നാട്ടുകാർക്ക് കഴിയുമായിരിക്കും……… സത്യാവസ്ഥ അറിയാതെ ചാടി കളിക്കാനും……….. ഇവിടെ ഈ കുട്ടിയുടെ ഭാഗത്താണ് തെറ്റുള്ളത് അത് അവൾ പറയുകയും ചെയ്തു…….

അവൾക്ക് പ്രശ്നം ഇല്ല പിന്നെ നിങ്ങൾക്കൊകെ എന്തിന്റെ ചൊറിച്ചിൽ ആണ്…”” കിച്ചുവിന്റെ ആ പറച്ചിലിൽ പിന്നെ ആരും ഒന്നും പറഞ്ഞില്ല അയാളോട് പോവാൻ പറഞ്ഞു അവൻ വണ്ടി പോവാൻ സൈഡ് കൊടുത്തു കാറിൽ നിന്ന് തന്നെ അയാൾ ആ കുട്ടിയുടെ അടുത്തു വണ്ടി നിർത്തി 2000 അവളുടെ കയ്യിൽ വച്ചു കൊടുത്തു വാങ്ങാതെ നിന്ന അവളെ കണ്ട് അയാൾ കിച്ചുവിനെ ഒന്ന് നോക്കി വാങ്ങിക്കോളാൻ കണ്ണ് കൊണ്ട് കാണിച്ചപ്പോൾ അവളത് വാങ്ങി കിച്ചുവിനോട് യാത്ര പറഞ്ഞു അയാൾ പോയി…. പിറകെ തന്നെ ആ കുട്ടിയേയും പറഞ്ഞയച്ചു…………

“” ടി ദുഷ്ട്ടെ എന്നിട്ട് നീ ആ നന്ദുവിനെ ചളിയിൽ തള്ളിയിട്ടോ……… “” അടുക്കളയിൽ ഇരുന്ന് നിലയോട് മുറ്റത്ത് നിന്ന് നടന്ന കാര്യം വിശദമായി പറഞ്ഞു കൊടുക്കാണ് പാറു…… അവളുടെ മടിയിൽ തന്നെ ദേവൂട്ടി ഉണ്ട്.. “”അറ്റ് അരിയാതെ പറ്റി പോയതാണ് നിലാന്റി…… വിക്രമന് നല്ല സക്തി ഇല്ലേ…. നാൻ ഉന്തിയാൽ ഒക്കെ വീയോ………..”” “” അതൊക്കെ ശെരി തന്നെ…… എന്നാലും നിനക്ക് ചാമ്പക്ക ഒക്കെ പറിച്ചു തന്നു നീ തള്ളിയിട്ടത് മോശായി പോയി…… “” “” ആയോ നിലാന്റി………. ആദ്യം ചാമ്പക നിക്ക് തന്നില്ലെനി……. സ്വോന്തം തിന്നു….,…. അപ്പോ നിക്ക് നോണ വന്നു…….. നാൻ ശെരിയ കുറ്റിയല്ലേ നിലാന്റി…….. നിക്ക് ആദ്യം തരണ്ടേ………. “” “” അങ്ങനെയൊക്കെ ഉണ്ടോ……… “” “” പിന്നെ ഇല്ലേ……. “” പാറുവിന്റെ പറച്ചിൽ കേട്ട് നിലയ്ക്ക് ചിരി വന്ന് പോയി…………അവളോട് സംസാരിച്ചു നിന്നാൽ അത് മാത്രേ നടക്കു എന്ന് അറിയാവുന്നതോണ്ട് അവൾ അവളെ പണി ചെയ്തു………..

പാറുവിനെ മടിയിൽ നിന്ന് ഇറക്കി നിലത്ത് ഇരുന്ന് കളിക്കാണ് രണ്ട് പേരും അതിന്റെ ഇടയിൽ ദേവൂട്ടി നിലത്ത് നിന്ന് കിട്ടുന്നതൊക്കെ വായയിലേക്ക് വയ്ക്കുന്നുണ്ട്…… ഒരു ചേച്ചിയേ പോലെ ചീത്ത പറഞ്ഞു പാറുസ് അത് അവളുടെ വായയിൽ നിന്ന് എടുക്കുന്നുമുണ്ട്…………പെട്ടെന്ന് പുറകിൽ ആരോ നിൽക്കുന്ന പോലെ തോന്നി പാറു തിരിഞ്ഞു നോക്കിയപ്പോൾ അവിടെ ദേഷ്യത്തിൽ നിൽക്കുന്ന നന്ദുവിനെ കണ്ടപ്പോൾ അവൾ വേഗം നിലയുടെ എടുത്തേക്ക് ഓടാൻ പോയി……. അപ്പോളേക്കും അവളുടെ മുടിയിൽ നന്ദുവിന്റെ പിടി വീണിരുന്നു……… “” ആ എന്റെ മുറ്റി വിട് വിക്രമാ വേതന ആവുന്നു….. ആാാാ…… നിലാന്റി പര…….. “” “” എന്തോന്നാടാ കൊച്ചിന്റെ മുടി വിട്…. “”” “” ഏട്ടത്തിക്ക് അങ്ങനെ പറയാം ഈ കുരിപ്പ് എന്താ ചെയ്തത് എന്ന് അറിയോ…… “” “” നിന്നേ തള്ളിയിട്ടു അതല്ലേ……… “” “” ഓഹോ….. എന്നെ അവിടെ തള്ളിയിട്ടതും പോരാ എന്നിട്ട് ഉളുപ്പ് ഇല്ലാതെ ഇവിടെ വന്ന് പറയുകയും ചെയ്തു കുട്ടി തേവാങ്ക്………. “” “” അതാ ഇപ്പോ നന്നായത്…….. നിനക്ക് നാണമില്ലേ നന്ദു ചെറിയ മക്കളെ പോലെ ഈ ചെറുതിനോട് ഇങ്ങനെ കച്ചറ ഉണ്ടാക്കാൻ……… “” “” അത് ഇവൾ എന്നോട് തർക്കുത്തരം പറയാൻ നിന്നിട്ടല്ലേ………… “”

“” ഹോ എന്റെ നന്ദു നീ ഒന്ന് പോയ…….. നിങ്ങളെ രണ്ട് പേരുടെയും പ്രശ്നം തീർത്തു എനിക്ക് മതിയായി …….. എനിക്ക് ഇവിടെ കുറച്ച് പണി ഉണ്ട്…… “” “” ആ അതെന്നെ……. വിക്രമൻ ഒന്ന് പോയ….. നിക്കും നിലാന്റിക്കും ഇവിടെ പനി ഉണ്ട്….. “” “” എന്റെ ഏട്ടത്തി പറഞ്ഞാൽ ഞാൻ കേൾക്കും അത് കേട്ട് നീ തുള്ളാൻ നിൽക്കണ്ട ട്ടോ……. “” “” നാൻ തുല്ലുന്നില്ല നിന്നാണ് പരയുന്നത്……. “” “”ആടി ..നീ നിന്ന് പറയി………. നിനക്ക് ഉള്ളത് ഞാൻ തരണ്ട്…….. എന്നെ തള്ളിയിട്ടു രണ്ടാമതും കുളിപ്പിച്ചതും പോരാ………. “” “” വിക്രമൻ അല്ലേ പരഞ്ഞത് എന്നെക്കാലും ഓനം തിന്നിട്ടുണ്ടെന്ന്………. എന്നിറ്റ് നാൻ ഒന്ന് ഉന്തിത്തിയപ്പോളേക്കും വീനു പോയിലേ……. “” “” അത് നീ ഉന്തിയിട്ടൊന്നും അല്ല……… ചളിയിൽ വഴുക്കി പോയതാ…… “” “” കള്ളം പരയല്ല വിക്രമാ….. കണ്ണ് പോറ്റി പോവും…. “” “” ഓ എന്റെ കണ്ണല്ലേ ഞാൻ അങ്ങ് സഹിച്ചു…. “” “” അയ്യേ അപ്പോ വിക്രമൻ കള്ളം പരയാണ്…… “” “” ഏട്ടത്തി ഈ സാധനത്തിനെ ഇവളെ വീട്ടിൽ കൊണ്ടാക്കുന്നുണ്ടോ…… എന്റെ ക്ഷമയെ ഇങ്ങനെ പരീഷിക്കരുത്……….. ഇതേ പോലത്തെ ഒന്നേ അവിടെ ഉള്ളോ ആവോ………. നീ ഇങ്ങോട്ട് വാ ദേവൂട്ടി ഇവളെ കൂടെ കൂടിയാൽ മോളും കൂടി ഇതൊക്കെ പഠിച്ചു പോവും……. “” പറഞ്ഞു കൊണ്ട് നന്ദു ദേവൂട്ടിയെ നിലത്ത് നിന്ന് എടുക്കലും പെണ്ണ് കയ്യിൽ കിടന്നു പിടഞ്ഞു പാറുവിന്റെ എടുത്തേക്ക് ചാടി…… “” ഓഹോ നിനക്ക് ചോറ് ഇവിടെയും കൂറ് അവളെ എടുത്തും ആണ് ലേ……. “” ദേവൂട്ടിയെ നിലത്ത് വച്ചു അവൻ പറയുന്നത് കേട്ട് പാറു വായ പൊത്തി ചിരിച്ചു…………. 🦋തിരികെ വരും