12/02/2026

നീയറിയാതെ : ഭാഗം 24

രചന – അയിഷ അക്ബർ

അന്നാ….. എഴുന്നേൽക്ക്‌…. സിദ്ധുവിന്റെ വിളിയാണ് അവളെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്…. കണ്ണുനീരിന്നാൽ ഒട്ടിപ്പിടിച്ച മിഴികൾ അവള് വലിച്ചു തുറക്കാൻ പ്രയാസപ്പെട്ടു… ഇനിയും കിടന്നാൽ സമയം വൈകും…. എഴുന്നേറ്റ് റെഡിയാവാൻ നോക്ക്…. അവളുടെ ഹൃദയം ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി….. അവന്റെ കൈകളിൽ കയറി പിടിച് സിദ്ധുവേട്ടനെ വിട്ടേനിക്ക് പോകാൻ കഴിയില്ലാ എന്നുറക്കെ പറയണമായിരുന്നെങ്കിലും ഒരിക്കൽ പോലും നിന്നെ ഞാൻ സ്നേഹിക്കുന്നു എന്ന് പറയാതിടത്തോളം തന്റെ പ്രണയം കാറ്റിലാടുന്ന ഒരു കളി വഞ്ചി മാത്രമാണെന്നവളോർത്തു…. അവൾ ജനാലയിലൂടെ പുറത്ത് നോക്കുമ്പോൾ ഇരുട്ടായിരുന്നു…. നേരം വെളുക്കാൻ ഇനിയും സമയമുണ്ട്… രാത്രി കരഞ്ഞു കൊണ്ടൊരു പോള കണ്ണടക്കാത്തത് കൊണ്ട് തന്നെ അവളുടെ കണ്ണുകളിൽ നിദ്ര നിറഞ്ഞു നിന്നു…..

മനസ്സിന്റെ ഭാരത്താൽ ഒന്നിനും തോന്നിയില്ല…. സിദ്ധു കുളി കഴിഞ്ഞ് വന്നപ്പോഴും അവളതേ ഇരിപ്പ് ഇരിക്കുകയായിരുന്നു…. വേഗം നോക്ക്…. നിന്നെ അവിടെയാക്കി രാത്രിയോടെ എനിക്ക് തിരിച്ചിങ്ങെത്തണം…. അവൻ യാതൊരു ഭാവ ബേധവുമില്ലാതെ വസ്ത്രം മാറി കൊണ്ടിരുന്നു…. അവള് പതിയെ എഴുന്നേറ്റ് കുളിക്കാൻ പോയി…. തണുത്ത വെള്ളം തലയിലൂടെ കോരിയൊഴിക്കുമ്പോൾ ശരീരത്തിൽ പടരുന്ന തണുപ്പ് തന്റെ ഹൃദയത്തിലേ കനലിനെ കെടുത്തിയിരുന്നെങ്കിലെന്ന് അവളെങ്ങേയറ്റം ആഗ്രഹിച്ചു…. കുളി കഴിഞ്ഞവൾ മുറിയിലേക്ക് വരുമ്പോഴേക്കും അവൻ ഒരുങ്ങികഴിഞ്ഞിരുന്നു…. അവളെ കണ്ടതും അവൻ പുറത്തേക്ക് നടന്നു….. പിറകിലൂടെ പോയവനെയൊന്ന് ചേർത്ത് പിടിച്ചാൽ അവളിലെ സങ്കടം കെട്ടടങ്ങുമെങ്കിലും അവൻ തിരിച്ചു അന്നയെ സ്നേഹിക്കുന്ന ആ നിമിഷം മാത്രമേ അവൾക്ക് പൂർണത യിലെത്താൻ കഴിയുവെന്ന ബോധ്യം അവളെ പിന്തിരിപ്പിച്ചു…..

അവൻ ഇട്ട ഷർട്ടിന്റെ നിറം മഞ്ഞ യായിരുന്നത് കൊണ്ട് തന്നെ അവളും അതേ നിറത്തിലുള്ള ചുരിദാരെടുത്തു…. അതല്പം പഴയതായിരുന്നു… എങ്കിലും എന്നെങ്കിലും സിദ്ദുവേട്ടൻ തന്നെ ഓർക്കുമ്പോൾ പിരിയാൻ നേരം പോലും തന്നോട് ചേരാൻ കൊതിച്ചവളുടെ ചിത്രം ആ ഹൃദയത്തിൽ പതിയാണമായിരുന്നവൾക്ക്….. അവസാനമായ ഒരുമിച്ചുള്ള യാത്രക്ക് ഒരേ നിറമാവട്ടെയെന്നവൾ മനസ്സിൽ കുറിച്ചിട്ടു…. ബാഗും തൂക്കിയവൾ പൂമുഖത്തേക്ക് വന്നപ്പോൾ അവിടെ അച്ഛനും അമ്മയും സിദ്ധുവും ഉണ്ടായിരുന്നു…. പെട്ടെന്ന തന്നെ അവളുടെ ചുരിദാറിൽ അവന്റെ മിഴികളുണ്ടാക്കി…. അവൻ അവളിലേക്ക് നോക്കിയെങ്കിലും അവൾ മുഖത്ത് ഗൗരവത്തിനിടം കൊടുത്തിരുന്നു…. അച്ഛനോടും അമ്മയോടും കെട്ടിപ്പിടിച് യാത്ര ചോദിക്കുമ്പോഴാവളുടെ ഉള്ളം നീറി പുകഞ്ഞു… നിറയരുതേയെന്നാഗ്രഹിച്ചിട്ടും ആ മിഴികൾ നിറഞ്ഞിരുന്നു….. അയ്യേ… എന്തിനാ കരയുന്നത്….

രണ്ട് മൂന്ന് ദിവസത്തിന് വേണ്ടി പോകുന്നതിനാണോ….. സത്യമറിയാതെ അവളെ കളിയാക്കി അച്ഛനുമമ്മയും ചിരിക്കുമ്പോഴും സത്യമറിയുന്ന അവളുടെ ഹൃദയം അലറി വിളിക്കുകയായിരുന്നു… ഇനിയൊരു തിരിച്ചു വരവില്ലെ ന്നോർക്കുമ്പോൾ ഹൃദയം നിശ്ചലമായിരുന്നു…… ഇരുട്ടായിരുന്നെങ്കിലും ആ മുറ്റവും നാലുപാടും ഒന്ന് കൂടി നോക്കി നിന്നവൾ…. അത്രയേറെ പ്രിയപ്പെട്ട ആ സ്ഥലം അവൾക്കെന്നെന്നേക്കുമായി അന്യമാവാൻ പോകുകയായിരുന്നു….. വണ്ടി അനങ്ങി തുടങ്ങിയപ്പോഴും ജീവച്ഛവം പോലെ അവളതിലിരുന്നു… പിറകിലേക്ക് നീങ്ങി പോകുന്ന വീടിനോടൊപ്പം തനിക്ക് പ്രിയപ്പെട്ട രണ്ടു പേരും അകന്നു പോകുന്നത് മിഴിനീറിനിടയിലൂടെയവൾ കണ്ടിരുന്നു….

കാറിലിരുന്ന് അവൾ കണ്ണുകൾ അമർത്തി തുടക്കുമ്പോഴും സിദ്ധു അവളെ നോക്കുന്നുണ്ടായിരുന്നു…. എന്നാൽ സിദ്ധുവിനൊരു നോട്ടം പോലും നൽകാതെയവൾ കണ്ണുകലടച്ചു കിടന്നു…. ആ യാത്ര മുഴുവൻ നിശബ്ദത നിറഞ്ഞു നിന്നു…. ചുരം കയറാൻ തുടങ്ങുമ്പോഴേക്കും ഭൂമിയാകെ വെളിച്ചം വീശിയിരുന്നു…. ഇറങ്… വണ്ടിയൊരു കുഞ്ഞു ചായക്കടയുടെ മുമ്പിൽ നിർത്തി സീറ്റ്‌ ബെൽറ്റ്‌ അഴിച്ചു കൊണ്ടവൻ പറയുമ്പോൾ അവളൊന്നും മിണ്ടിയില്ല….. ഇറങ്ങാൻ….. അവനിറങ്ങിയിട്ടും അവളതെയിരിപിരിക്കുന്നത് കണ്ടാണ് കാറിന്റെ ഡോർ തുറന്നു കൊണ്ട് അവനത് പറഞ്ഞത്… അവൾ പതിയെ ഇറങ്ങി…. കോടമഞ്ഞു പൊതിഞ്ഞ അവിടമാകെ തണുത്ത ഒരു കാറ്റ് വീശുന്നുണ്ടായിരുന്നു… ചൂട് ചായ ചുണ്ടോടു ചേർക്കുമ്പോൾ ശരീരത്തിലാകെ ഒരു പ്രത്യേക ചൂട് പടർന്നിരുന്നു…

അപ്പോഴും അന്ന അതെയിരിപ്പായിരുന്നു…. ചായയും പലഹാരവും കഴിച്ചെന്നു വരുത്തി എഴുന്നേൽക്കുമ്പോഴും അവളുടെ മിഴിയിണകളിൽ പറ്റിപ്പിടിച്ചിരുന്ന നീർതുള്ളികളെ അവന് കാണുന്നുണ്ടായിരുന്നു…. ചുരം കയറി അവളുടെ നാട്ടിലേക്കെത്തുമ്പോൾ ഉച്ചയോടടുത്തിരുന്നു…. വെയിലുണ്ടായിരുന്നെങ്കിലും ചൂടോട്ടുമുണ്ടായിരുന്നില്ല…. ഒത്തിരി നാളുകൾക്കു ശേഷം കാപ്പിതോട്ടങ്ങളും തേയില തോട്ടങ്ങളും പുതച്ചു നിൽക്കുന്ന പ്രകൃതിയെ ആസ്വദിക്കണമെന്നുണ്ടായിരുന്നെങ്കിലും അവരുടെ ഹൃദയത്തിൽ അതിനേക്കാൾ വലിയൊരു അഗ്നിപർവ്വതം ഉരുകിയൊലിച്ചു കൊണ്ടിരുന്നു…… കാർ ചെന്നു നിന്നത് ജോസഫ്വേട്ടന്റെ വീടിന്റെ മുന്നിലായിരുന്നു…. അവർ രണ്ടു പേരും ഇറങ്ങി….. ജോസേഫെട്ടൻ അവരെ കാത്തിരിക്കുകയായിരുന്നന്ന പോൽ ഉമ്മറത്തുണ്ടായിരുന്നു….

ഒത്തിരി നാളുകൾക്ക് ശേഷമുള്ള ആ കൂടിക്കാഴ്ച സിദ്ധുവിലും ആനന്ദം നൽകിയിരുന്നു… അവരിരുവരും ഗാഡമായി ആലിംഗനം ചെയ്തു…. അവരെ ഇരുവരെയും സ്നേഹപൂർവ്വം അകത്തേക്ക് ക്ഷണിച്ചു…. പള്ളീലച്ചനോട് ഞാൻ പറഞ്ഞിട്ടുണ്ട് നിനക്കൊരു ജോലിയുടെ കാര്യം…. പള്ളി വക സ്കൂളിലൊരു ടീച്ചറുടെ ഒഴിവുണ്ട്… അത് നിനക്ക് തരാമെന്നും അച്ഛൻ പറഞ്ഞു… അത് വരെ നീയിവിടെ നിന്നാൽ മതി…. നിന്റെ വീട്ടിൽ തനിച് നിൽക്കണ്ട….. കൂടിപ്പോയാൽ ഒരാഴ്‌ച… അതിനുള്ളിൽ നിനക്ക് ജോലിക്ക് കയറാം…അവിടെ നിനക്ക് താമസിക്കാനുള്ള സൗകര്യവുമുണ്ട്….. അവളുടെ മുഖത്ത് നോക്കിയാണ് സിദ്ധാർഥ് അത് പറഞ്ഞതെങ്കിലും അവൾ ദൂരേക്ക് നോക്കി നിന്നു….. അവളവിടെ എല്ലാം കൊണ്ടും സുരക്ഷിതയായിരിക്കണമെന്ന നിർബന്ധം അവനുണ്ടായിരുന്നു…..

അത് കൊണ്ടാണ് അവളുടെ ആവശ്യങ്ങൾക്കായി കുറച്ചു പണം ജോസഫ്വേട്ടനെ ഏല്പിച്ചത്…. കൊടുത്താൽ അവളൊരിക്കലും വാങ്ങില്ലെന്നും അവനുറപ്പായിരുന്നു…. ജോസഫെട്ടനും കുടുംബത്തോടുമൊപ്പം ഉച്ച ഭക്ഷണവും കഴിച്ചാണ് സിദ്ധു ഇറങ്ങിയത്…. അവൻ കാറിൽ കയറാൻ നേരം അവളും അവനെ പിന്തുടർന്നു….. അവളെ തനിച്ചാക്കി പോകരുതെന്നവളുടെ മിഴികളോരായിരം തവണ അവനോട് പറയുന്നുണ്ടെങ്കിലും ശബ്ദം മാത്രം പുറത്തു വന്നില്ല….. ഞാൻ ഇറങ്ങട്ടെ…. അവന്റെ ആ ചോദ്യം അവളിലെ ശ്വാസത്തെ പിടിച്ചു നിർത്തുന്നുണ്ടായിരുന്നു….. അവരുടെ സ്വകാര്യ നിമിഷങ്ങളെന്നോണം ജോസേഫെട്ടൻ പതിയെ അകത്തേക്ക് ഉൾവലിഞ്ഞു….. പണ്ടിവിടെ വെച്ച് നിന്നെ കാണുമ്പോൾ ഹൃദയത്തിലേക്ക് നിന്നെയാരോ വലിച്ചു ചേർക്കുന്നത് പോലെയായിരുന്നു…. മാധുവിലേക്ക് ചുരുങ്ങിയ പോയ എന്റെ ലോകം നിന്നെ കണ്ടത് മുതൽ വിശാലമാകുകയായിരുന്നു…

വഴിയിലൂപേക്ഷിച്ചു പോരാൻ കഴിയാതെയാണ് കൂടെ കൂട്ടിയതെങ്കിലും കൂട്ടിയ അന്ന് മുതൽ എന്റെ വീട്ടിലെ വെളിച്ചമായി നീ മാറുന്നതോടൊപ്പം എന്റെ ഹൃദയത്തിലും ആ വെളിച്ചം വീശികൊണ്ടിരുന്നു… നിന്റെ ചിരിയും കളിയും അത്രമേൽ ഹൃദയത്തോട് ചേർത്ത് വെക്കുമ്പോഴും മാധുവിനെ മറന്നു പോകുമെന്ന തോന്നലിലാണ് നിന്നെ കല്യാണം കഴിച്ചയക്കാൻ ഞാൻ തീരുമാനിച്ചതും…. അവൾ പ്രത്യേകിച്ചൊരു ഭാവങ്ങളുമില്ലാതെ അവനെ നോക്കി.. അനുവാദാമില്ലാതെ ഭാര്യയായ വളോട് വല്ലാത്തൊരു വെറുപ്പും മാധുവിനെ ഞാൻ മറന്നു പോകുന്നുവെന്ന തോന്നലിൽ ദേഷ്യവും നിന്നെ അകറ്റി നിർത്തി…. മാധുവിന്റെ കണ്ണുകളാണ് നിന്നിലെന്നറിഞ്ഞപ്പോൾ ഉള്ളിലുള്ള വെറുപ്പും ദേഷ്യവും അലിഞ്ഞു പോയിരുന്നു…. അതിനോടൊപ്പം നിനക്ക് സുഖമില്ലാത്തത് കൊണ്ട് തന്നെ കൂടുതൽ സമയം നിന്നോടടുത്തിരിക്കേണ്ടി വന്നു…. ഹൃദയത്തിന്റെയുള്ളിൽ പൂട്ടി വെച്ച ഇഷ്ടം പുറത്ത് വന്നു തുടങ്ങി….

മാധുവിനെ സ്നേഹിച്ചത് ഭ്രാന്തമായത് കൊണ്ട് തന്നെ അവളുടെ സ്ഥാനത് മറ്റൊരാളെ കാണാൻ സമയം വേണമായിരുന്നെനിക്ക്…… നീയന്ന് വീണു രക്തത്തിൽ കുളിച് കിടക്കുമ്പോൾ എന്റെ മനസ്സിൽ വന്നത് അന്നത്തെ ദിവസമായിരുന്നു…. വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്നു അവളെന്റെ കൈകളിൽ കിടന്നു പിടഞ്ഞത്….. അവൻ മിഴികൾ തുടച്ചു…. എന്നന്നേക്കുമായുള്ള ആ യാത്ര പറച്ചിലിന്റെ ഷോക്ക് എന്നെ വിട്ട് പോവാൻ കുറച്ചധികം സമയമെടുത്തു…. അന്നത്തെ ഓർമകളാണ് മാധുവന്ന പേരെന്റെ നാവിൽ നിന്നും വീഴ്ത്തിയത്…. അത്രയേറെ അടുത്തതും നീ കൂടി എന്നെ വിട്ട് പോകുന്നുവെന്നാലോചിച്ചപ്പോൾ എനിക്ക് സമനില തെറ്റുന്നത് പോലെ തോന്നിയിരുന്നു….. അത് കൊണ്ടാ ഞാൻ…. അവന്റെ കണ്ണുനീർ അവൾ കാണുന്നുണ്ടെങ്കിലും ഒന്നാശ്വസിപ്പിക്കാൻ പോലും മറന്ന് അവളങ്ങനെ നിന്നു…. നീയെനിക്ക് മറ്റെന്തിനേക്കാളും പ്രിയപ്പെട്ടതായിരിക്കുന്നുവെന്ന് ഞൻ തിരിച്ചറിഞ്ഞ ആ നിമിഷത്തിൽ സന്തോഷത്തോടെ നിന്നിലേക്കോടിയെത്തിയപ്പോഴേക്കും നീയെന്നിൽ നിന്നൊരുപാട് അകന്നു പോയിരുന്നു….

നിനക്ക് തുടരാൻ പറ്റാത്ത വിധം നിനക്ക് ഞാൻ ആരുമല്ലാതായിരുന്നു…. അവളുടെ ചുണ്ടുകളെന്തൊക്കെയോ പറയാനായി വെമ്പി…. സ്നേഹിക്കാൻ ഒരുപക്ഷെ മാധുവിന്റെ കണ്ണുകൾ കാരണമായിട്ടുണ്ടെങ്കിലും ഞാൻ സ്നേഹിച്ചത് അന്നയെയായിരുന്നു….. മാധുവിനു ശേഷം അവളെ മറന്ന് മറ്റൊരു ജീവിതം സങ്കൽപ്പിക്കാൻ കഴിയാതിരുന്ന എന്നിലേക്ക് നീയാഴ്ന്നിറങ്ങിയ തെങ്ങനെയെന്നെനിക്കറിയില്ല അന്നാ….. ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട്…. ക്ഷമ ചോദിക്കാനല്ലാതെ ഇനിയെന്തിനു കഴിയും….. സ്നേഹിക്കുന്നവരൊക്കെ അകന്നു പോവുന്നതായിരിക്കാം ഈ ജന്മം എന്റെ വിധി….. ഞാൻ…. ഞാനിറങ്ങുവാ…. മിഴികൾ തുടച്ചത് പറയുന്നതോടൊപ്പം അവൻ കാറിലേക്ക് കയറിയിരുന്നു….. അവനെ തിരിച്ചു വിളിക്കാൻ പോലും കഴിയാതെ അവൾ നിശ്ചലയായിരുന്നു…. കേൾക്കാനിത്തിരി ആഗ്രഹിച്ച ഈ വാക്കുകൾ ഇന്നവളിൽ മുറിപ്പാടുകൾ ബാക്കിയായി അകന്നു പോകുന്നത് നനഞ്ഞ മിഴികളോടെ അവൾ നോക്കി നിന്നു….

എന്റെ മറുപടിക്ക് ഒരു നിമിഷം കാത്തു നിന്നിരുന്നെങ്കിൽ ഇന്നാ ചുരമിറങ്ങുമ്പോൾ അവന്റെ കൂടെ ഞാനുമുണ്ടാകുമായിരുന്നെന്നവളോർത്തു….. എന്നാൽ അവൻ മനസ്സ് തുറന്നത് അവസാന കൂടിക്കാഴ്ചയാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയായിരിക്കും …. ഓർക്കുമ്പോൾ അവളുടെ ഹൃദയം പിളരുന്നത് പോലെ തോന്നി….. ഒത്തിരി വൈകിയാണ് സിദ്ധാർഥ് വീട്ടിലേക്കെത്തിയത്…. അന്നയെവിടെ…. പാതി മയക്കത്തിൽ വാതിൽ തുറന്നു തന്നപ്പോഴാണ് അമ്മ ചോദിച്ചത്…. അവൾ കുറച്ചു ദിവസം അവിടെ നിൽക്കണമെന്ന് പറഞ്ഞു…. സിദ്ധു… അത്…. അവൻ പിന്നീടൊരു ചോദ്യത്തിനിടം കൊടുക്കാതെ മുറിയിലേക്ക് പോയി…. മുറിയിൽ കയറി വസ്ത്രം പോലും മാറാതെ കട്ടിലിൽ മലർന്ന് കിടക്കുമ്പോഴും അവിടമാകെ അവൾ നിറഞ്ഞു നിൽക്കുന്നതായി തോന്നിയവന്…. അവളുടെ കലങ്ങിയ കണ്ണുകൾ ഓർക്കും തോറും ഹൃദയത്തിൽ ആഴത്തിൽ മുറിപ്പെട്ടു കൊണ്ടിരുന്നു….. അവളുടെ ചിരികളും കളികളും കൊലുസിന്റെ ശബ്ദവുമെല്ലാം അവന് മാത്രമായി കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു…. അവൻ പതിയെ മിഴികളടച്ചു കിടന്നു… കണ്ണുകളിൽ നിന്നും ഇറ്റി വീണൊരു തുള്ളി കവിളുകളെ തഴുകി താഴേക്ക് വീണു പോയിരുന്നു….. (തുടരും )