അന്നൊരു നാളിൽ
°°°°°°°°°°°°°°°°°°°°°°°°
വർഷങ്ങൾക്ക് മുമ്പാണ്. അന്ന് കൊട്ടാരക്കര ജോലി ചെയ്യുന്ന സമയം. വീട്ടിൽ നിന്നും തിരിച്ചു ജോലിസ്ഥലത്തേക്കുള്ള യാത്രയിൽ ഏതോ ഒരു സ്റ്റോപ്പിൽ നിന്നാണ് ആ പെണ്കുട്ടി കയറിയത്. എവിടെനിന്നാണ് എന്നറിയില്ല. കാരണം കയറുമ്പോൾ ഞാൻ കണ്ടില്ല. ഒരേ സ്റ്റോപ്പിൽ ഇറങ്ങിയപ്പോഴും ശ്രദ്ധിച്ചില്ല. സമയം രാത്രി 9.30 ആയിക്കാണും. 8 മണി ആകുമ്പോഴേക്കും ആ ജംഗ്ഷനിലെ എല്ലാ കടകളും അടയ്ക്കും. അതുകൊണ്ടുതന്നെ ഈ സമയത്ത് മൊത്തം വിജനതയായിരിക്കും. പോരാത്തതിന് മഴക്കാലമായതിനാൽ കനത്ത ഇരുട്ടും. തെല്ലുദൂരെയായി മിന്നിക്കത്തുന്ന തെരുവുവിളക്ക് ദുർബലമായ പ്രകാശം പുറപ്പെടുവിച്ചുകൊണ്ടിരുന്നു. ചെറുതായി മഴയും ചാറുന്നുണ്ടായിരുന്നു.
ബാഗിൽ കുട ഉണ്ടായിരുന്നെങ്കിലും അഞ്ചുമിനിറ്റ് മാത്രം നടക്കാനുള്ള താമസസ്ഥലത്തേക്ക് നടക്കാമെന്ന് ചിന്തിച്ചു. മഴ ഒരു ദൗർബല്യമായിരുന്നു. രാത്രിയുടെ ഇരുളിൽ മഴയ്ക്ക് ഒരു പ്രത്യേക കുളിരാണ്. ആ നനവോടെ ചെന്ന് കുളിച്ചാൽ ഒരു ഒരു പ്രത്യേക അനുഭൂതി ലഭിക്കാറുണ്ട്. അതുകൊണ്ട് മഴ നനയാൻ ഒരവസരം കിട്ടിയാൽ വേണ്ടെന്ന് വെയ്ക്കാറില്ല. ബസ്സിൽ നിന്നിറങ്ങി ആ ചിന്തയോടെ രണ്ട് ചുവട് മുന്നോട്ട് വെച്ചതേയുള്ളൂ. മിന്നൽ പോലെ ഒരു പെൺകുട്ടി ബസിൽ നിന്നുമിറങ്ങി മഴ നനയാതിരിക്കാൻ ബസ്റ്റോപ്പിലേക്ക് ഓടിക്കയറി. കാര്യമാക്കിയില്ല. രണ്ടടി കൂടി മുന്നോട്ട് നീങ്ങിയപ്പോൾ എന്തോ ഒരു അരുതായ്ക തോന്നി. മെല്ലെ തിരിഞ്ഞുനോക്കിയപ്പോൾ ആ പെണ്കുട്ടി തനിയെ ആണ് ഉള്ളത്. കൂട്ടിന് ആരെയും കണ്ടില്ല. ഇത്ര നേരം വൈകി വന്നിട്ടും കൂട്ടിക്കൊണ്ടുവരാൻ ആരും വരാത്തതിൽ ചെറിയ അമർഷം തോന്നി.
അവളുടെ നിഷ്കളങ്കമായ മുഖത്തു
നോക്കിയപ്പോൾ വീട്ടിലുള്ള സ്വന്തം പെങ്ങളുകുട്ടിയെ ആണ് ഓർമ വന്നത്. ആ മുഖത്തെ ഭയവും നിസ്സഹായവസ്ഥയും കൂടി കണ്ടപ്പോൾ മനസ്സ് ഒരു ആശയക്കുഴപ്പത്തിൽ പെട്ടു. പെട്ടെന്ന് രണ്ടുമൂന്ന് കള്ളുകുടിയന്മാർ ആടിയാടി ആ ബസ്റ്റോപ്പിലേക്ക് വന്നുകയറി. ഈ പെണ്കുട്ടി ഇരുന്നിടത്തുനിന്നും ഭയത്തോടെ എഴുന്നേറ്റ് ഒരു മൂലയ്ക്ക് ചെന്നിരുന്നു. അതുകൂടി കണ്ടപ്പോൾ പിന്നൊന്നും ചിന്തിക്കാൻ ചെന്നില്ല. തിരിച്ചുവന്ന് ആ ബസ്റ്റോപ്പിൽ അവരുടെയും പെണ്കുട്ടിയുടെയും നടുവിൽ ചെന്നിരുന്നു.
ഈ പാതിരാത്രി ഒറ്റക്കായി പോകുന്നത് ശരിയല്ല എന്ന ചിന്ത മനസ്സിൽ ഉറച്ചു.
അപ്പോൾ മുഖത്ത് തെളിഞ്ഞത് അവളോടുള്ള
വാത്സല്യവും, ചുണ്ടിൽ ഒരു പുഞ്ചിരിയും,
മനസ്സിൽ ഏട്ടന്റെ സ്നേഹവും
ആയിരുന്നു. ഈ അവസ്ഥയിൽ ഒറ്റക്കാക്കി പോയാൽ റൂമിൽ പോയാലും ഉറക്കം വരില്ല. കള്ളുകുടിയന്മാരുടെ ചിലമ്പൽ ഒഴിച്ചുനിർത്തിയാൽ നിശബ്ദമായ നിമിഷങ്ങൾ. എനിക്ക് ഏറ്റവും പ്രിയപ്പെട്ട മഴ ഞാൻ നനയാൻ ചെല്ലാതിരുന്നതിലുള്ള പരിഭവം പിറുപിറുപ്പായി പെയ്യുന്നതിന്റെ ശബ്ദവും കേട്ട് പിന്നെയും അവിടിരുന്നു.
ഒടുവിൽ ആ മഴ തോർന്നപ്പോൾ കള്ളുകുടിയന്മാർ ഇറങ്ങി നടന്നുപോയി.
ഞാനും അവളും ആ ഇരിപ്പ് ഇരിക്കാൻ തുടങ്ങിയിട്ട് മണിക്കൂർ ഒന്ന് കഴിഞ്ഞു.
ഒരു ബെഞ്ചിന്റെ രണ്ട് അറ്റങ്ങളിൽ
ഇരുന്നു എന്നല്ലാതെ ഒരു അക്ഷരം
പോലും മിണ്ടാൻ നിന്നില്ല. അല്ല, അതിനുവേണ്ടി മുഖത്തേക്ക് ചിരിയോടെ നോക്കിയപ്പോൾ അവൾ നോട്ടം തരാതെ മുഖം മാറ്റിപ്പിടിക്കുകയായിരുന്നു. അന്നും ഇന്നും അങ്ങോട്ട് കയറി മിണ്ടാനുള്ള മടി പുതപ്പുപോലെ കൂടെയുള്ളതിനാൽ പിന്നെ അതിന് ശ്രമിച്ചില്ല. അതിനിടയിൽ പലവട്ടം അവൾ ഫോണെടുത്ത് ആരെയൊക്കെയോ വിളിക്കാൻ ശ്രമിക്കുന്നതും റേഞ്ച് ഇല്ലാത്തതിനാൽ നിരാശയോടെ എന്തൊക്കെയോ പുലമ്പുന്നതും കാണാമായിരുന്നു. പിന്നെയും നിശബ്ദത കരിമ്പടം പുതച്ച നിമിഷങ്ങൾ.
കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ രണ്ടു
കൂട്ടുകാരികൾ ഒരു കാറിൽ വന്നിറങ്ങി അവളുടെ അടുത്തേക്ക് വന്നു.
“നീ നാളെ വരുമെന്നല്ലേ ആദ്യം പറഞ്ഞത്. പിന്നെന്താ ഈ രാത്രിയിൽ”
“എല്ലാം പറയാം… ഈ പട്ടിക്കാട്ടിൽ റേഞ്ച് ഇല്ലെന്ന് നിനക്ക് ആദ്യം പറഞ്ഞൂടായിരുന്നോ ?”
അവൾക്ക് കൂട്ടിന് ആളെ കിട്ടിയതുകൊണ്ട്
മെല്ലെ എഴുന്നേറ്റു മുന്നോട്ട് നടന്നു.
മനസ്സിൽ അപ്പോൾ ഒരു ചരിതാർഥ്യമായിരുന്നു. ഒരു ഏട്ടന്റെ
കരുതലും സ്നേഹവും കൂടിക്കലർന്ന ഒന്ന്. അവരെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു മുന്നോട്ടുനടക്കുമ്പോൾ കേട്ടു.
“ഒരു വായ്‌നോക്കിയാണ്, രണ്ടു
മണിക്കൂറായി ഞാൻ ഇവിടെ
സഹിക്കുകയാണ്.. നിങ്ങളെ വിളിച്ചിട്ട് കിട്ടുന്നുമില്ല റേഞ്ചുമില്ല. ശരിക്കും പേടിച്ചുപോയി ഞാൻ. നിങ്ങൾ വന്നപ്പോഴാണ് മനസ്സിന് ഒരു
ആശ്വാസം ആയത്…”
ഇത് കേട്ടപ്പോൾ മനസ്സ് ഒന്ന് നല്ലോണം
വിങ്ങിയെന്നത് നേരാണ്. കണ്ണൊന്ന് നനഞ്ഞോ എന്നൊരു സംശയം.
ശരിയാണ്….
ഞാൻ ഒരു ആൺകുട്ടിയാണ്,
അവളെ കുറ്റം പറയാൻ പറ്റില്ല….
പകുതി…അല്ല ചിലപ്പോൾ മുക്കാൽ ശതമാനം
ആൺകുട്ടികളും അങ്ങനെ ആയിരിക്കും
എന്നാൽ
എല്ലാവരെയും അങ്ങനെ കാണുന്നത്
നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്
ആണ് 😔😔. ഞങ്ങളിൽ നല്ലവരുമുണ്ട്.
NB:- എന്ന് വെച്ചു ഞാൻ മാന്യനും സൽസ്വഭാവിയും ഒന്നുമല്ല കേട്ടോ… അങ്ങിനെ ആരും തെറ്റിദ്ധരിക്കണ്ട… പക്ഷേ എനിക്ക് അമ്മയെയും പെങ്ങളെയും തിരിച്ചറിയാം.
രാത്രിയിൽ ഒറ്റക്കാക്കേണ്ടി വരുന്ന പെൺകുട്ടികളുടെ ചിന്താഗതി മനസ്സിലാക്കി തന്നതിന് ഊരും പേരുമറിയാത്ത ആ പെൺകുട്ടിയോട് കടപ്പാട്.
✍️ : ജയ്സൺ അത്താണിക്കൽ

by