രചന – ഗംഗ ശലഭം
ഇത്തവണ അമ്മായിയെ അനുസരിക്കണ്ട എന്ന് തന്നെയായിരുന്നു എന്റെ തീരുമാനം. സ്വന്തം സഹോദരിയുടെ കല്യാണം ഒഴിവാക്കാൻ നിങ്ങളെക്കൊണ്ട് പറ്റുമോ? എനിക്ക് മീനു എന്റെ സഹോദരി തന്നെയാണ്. കൂടെ പിറന്നില്ലെങ്കിൽ കൂടിയും എന്റെ കൂടെപ്പിറപ്പ്! അവളുടെ കല്യാണം ഞാൻ ഇങ്ങനെ ഒഴിവാക്കാനാണ്?
സത്യത്തിൽ എനിക്ക് വേണ്ടിയാണ് അവർ കല്യാണം നീട്ടിവെച്ചത് തന്നെ. കണ്ണേട്ടന്റെ ജാതകത്തിൽ എന്തോ ദോഷമുണ്ട്. 28 വയസ്സിനുള്ളിൽ നടക്കണമെന്നോ മറ്റോ. ജാതകത്തിൽ ഒന്നും കാര്യമില്ല എന്ന് പുറമേ പറഞ്ഞാലും, ഇങ്ങനെയൊക്കെ ജാതകത്തിൽ കാണുമ്പോ അതനുസരിച്ച് നീങ്ങാനല്ലേ സാധാരണക്കാരായ ഏതൊരാളും നോക്കൂ….? കണ്ണേട്ടന്റെ അമ്മയ്ക്കാണേൽ ഈ ജാതകത്തിലൊക്കെ വലിയ വിശ്വാസവുമാണ്.
എൻഗേജ്മെന്റ് നടത്തിയ തീയതിയിൽ കല്യാണം നടത്താനായിരുന്നു അവരാദ്യം പ്ലാൻ ചെയ്തത്. എന്റെ ഡെലിവറി ഡേറ്റ് അതിന് അടുത്ത് ആയിരുന്നല്ലോ. അതുകൊണ്ട്, എനിക്ക് കൂടി പങ്കെടുക്കാൻ പറ്റുന്ന ഒരു ഡേറ്റ് ഉറപ്പിച്ചാൽ മതി എന്ന് മീനു നിർബന്ധം പിടിച്ചു. അതാണ് അന്ന് എൻഗേജ്മെന്റും രണ്ടര മാസം കഴിഞ്ഞ് ഒരു ദിവസം കല്യാണവും തീരുമാനിച്ചത്.
എന്നിട്ട് ഞാനാ കല്യാണത്തിന് പങ്കെടുക്കുന്നില്ല എന്ന് പറഞ്ഞാലോ?
” മറ്റൊരു വീട്ടിൽ പോകാൻ പാടില്ല എന്നേയുള്ളൂ. മണ്ഡപത്തിൽ ഒന്നും പോകുന്നതിന് ഒരു കുഴപ്പോമില്ല. അല്ലെങ്കിലും ഇതൊക്കെ ഇക്കാലത്ത് ആര് നോക്കാനാ…..? ”
അച്ഛമ്മ പോലും ഇങ്ങനെ ആണ് പറഞ്ഞത്., അച്ഛമ്മയ്ക്ക് ഇത്രയൊക്കെ പുരോഗമന ചിന്താഗതി വന്നുവോ എന്ന് ചിന്തിച്ച് എനിക്ക് അത്ഭുതമായിരുന്നു. എന്നിട്ടും അമ്മായീടെ ചിന്ത മാത്രം മാറിയില്ല.
🦋
ഉണ്ണിയെയും കൊണ്ട് തന്നെയാണ് മീനുവിന്റെ കല്യാണത്തിന് പോയത്.
ഞങ്ങള് മേക്കപ്പ് റൂമിലേക്ക് ചെല്ലുമ്പോൾ ബ്യൂട്ടീഷൻ അവൾക്ക് ലിപ്സ്റ്റിക് ഇടുകയായിരുന്നു.
അവളെന്നെ കണ്ട പാടേ അതൊക്കെ വിട്ട് എണീറ്റ് വന്ന് ഉണ്ണിയെ വാങ്ങി. പിടിച്ചു വാങ്ങി എന്ന് വേണം പറയാൻ. അവനെ എടുക്കണ്ടാന്ന് പറഞ്ഞിട്ടും കേട്ടില്ല പെണ്ണ്.
ഉണ്ണിക്കും അവളെ കണ്ടപ്പോ വലിയ സന്തോഷം. അവര് രണ്ടാളും ഇപ്പൊ ഭയങ്കര കമ്പനി ആണ്.
അവനെ എടുത്തത് വലിയ മണ്ടത്തരം ആയിപ്പോയി എന്ന് തോന്നാൻ ഒരു മിനിറ്റ് തികച്ച് വേണ്ടി വന്നില്ല. അവൾ ഉമ്മ കൊടുക്കാൻ അവന്റെ നേർക്ക് മുഖം അടുപിച്ചതേ ഓർമ്മയുള്ളൂ. മുറ്റത്ത് ചാണകം മെഴുകുന്നത് പോലെ രണ്ട് ഉണ്ണികൈകൊണ്ടും അതുവരെ ചെയ്ത മേക്കപ്പ് മുഴുവൻ അവളുടെ മുഖത്താകെ തേച്ചു കളഞ്ഞു ചെറുക്കൻ…..!
മീനു ദയനീയമായി ബ്യൂട്ടീഷനെ തിരിഞ്ഞു നോക്കി. കൂടെ വല്ലാത്തൊരു ചിരിയും. ചിരി എന്നല്ല… ഇളി എന്ന് വേണം പറയാൻ.
അവരാണെങ്കിലോ? ഈ സീൻ കണ്ട് ആംബുലൻസിന് മുകളിലെ റെഡ് ലൈറ്റ് പോലെ കത്തി നിൽപ്പുണ്ട്. ഞാനാണെങ്കിൽ ചിരിക്കണോ കരയണോ എന്നറിയാതെ നിൽപ്പാണ്.
മുഹൂർത്തത്തിന് പിന്നെയും സമയമുണ്ടായിരുന്നതു കൊണ്ട് മാത്രം ബ്യൂട്ടീഷ്യൻ അവളെ കൊന്നില്ല. ഇല്ലെങ്കിൽ ഇന്നവളെ അവര് തീർത്തേനെ…. ഈ കോലത്തിൽ അവൾ വെളിയിൽ ഇറങ്ങിയാൽ അവർക്കല്ലേ നാണക്കേട്?
ബ്യൂട്ടീഷൻ അവളെ പിടിച്ചിരുത്തി അതുവരെ തേച്ചുപിടിപ്പിച്ച പെയിന്റ് ഒക്കെ ചുരണ്ടി കളഞ്ഞ് പിന്നെയും പെന്റടി തുടങ്ങി. ഇനി അനങ്ങിപ്പോകരുത് എന്ന് താക്കീതും കൊടുക്കുന്നത് കണ്ടു.
പിന്നെ അവിടെ നിന്നില്ല. മീനൂനോട് പറഞ്ഞിട്ട് ഞാനും അമ്മയും ഉണ്ണിയെയും കൊണ്ട് ഹാളിലേക്ക് പോന്നു. അപ്പോഴേക്കും അമ്മായിയും അമ്മാവനും കൂടെ ഹരിയേട്ടനും വന്നിരുന്നു.
ഇത്രയും ആൾക്കാരെ ഒന്നിച്ച് കണ്ടതു കൊണ്ടാവണം ഉണ്ണി ചെറുതായി ചിണുങ്ങിത്തുടങ്ങി. കല്യാണ സമയം ആയപ്പോഴേക്കും അവന്റെ കരച്ചിൽ അങ്ങ് ഉച്ചത്തിലായി. ഞാൻ അവനെ മേക്കപ്പ് റൂമിലേക്ക് കൊണ്ടുപോയി അവിടെ ഇരുന്നു പാലൊക്കെ കൊടുത്തു നോക്കിയെങ്കിലും അവൻ കരച്ചിൽ നിർത്തുന്നുണ്ടായിരുന്നില്ല.
” ഞാൻ അപ്പോഴേ പറഞ്ഞതാ…. അവൾ ഇത്തിരി ഇല്ലാത്ത കൊച്ചിനെയും കൊണ്ട് ഒരുങ്ങിക്കെട്ടി വന്നേക്കുന്നു! കണ്ണ് തട്ടിയിട്ട എന്റെ കൊച്ച് കരയണത്. ചോറൂണിന് മുമ്പ് കൊച്ചു പിള്ളേരേം കൊണ്ട് ആരെങ്കിലും ഇത്രേം ആള് കൂടണ ചടങ്ങിനൊക്കെ പോകുമോ? ”
എന്നൊക്കെ പറഞ്ഞ് അമ്മായി തുടങ്ങി. അവർ ഇങ്ങനെ ഒരു അവസരത്തിനു വേണ്ടി കാത്തിരുന്നതു പോലെയായിരുന്നു സംസാരം.
മേക്കപ്പ് റൂമിൽ നിറയെ സ്ത്രീജനങ്ങൾ ഉണ്ടായിരുന്നു. കണ്ണേട്ടന്റെയും മാമന്റെയും ഒക്കെ ബന്ധത്തിലുള്ളവരാമായിരുന്നു അധികവും.
അമ്മായിയുടെ സംസാരം കേട്ട് ഞാനിരുന്ന് ഉരുകി പോയി. കുഞ്ഞിന്റെ കരച്ചിൽ ഒരുവശത്ത്… അമ്മായിയുടെ ആക്രോശം മറുവശത്ത്… എന്ത് ചെയ്യണമെന്നോ എങ്ങനെ പ്രതികരിക്കണം എന്നോ അറിയുന്നുണ്ടായിരുന്നില്ല എനിക്ക്.
ഇത്രയും ആളുകൾക്കിടയിൽ വച്ച് ഇങ്ങനെ ഒരു ഇൻസിഡന്റ് ഉണ്ടായാൽ നമ്മൾ ആകെ സ്റ്റക്കായി പോകുമെന്ന് എനിക്ക് അന്നേരം മനസ്സിലായി. അമ്മായിയോട് മറുത്ത് പറയണമെന്നുണ്ടെങ്കിലും പറയാൻ പറ്റാത്ത അവസ്ഥ!
” കുഞ്ഞുങ്ങൾ ആവുമ്പോൾ ഇത്തിരി കരഞ്ഞു എന്നൊക്കെ ഇരിക്കും. അതിന് ഇങ്ങനെ ബഹളം വെക്കേണ്ടതുണ്ടോ? ”
എന്നും ചോദിച്ച് മാമി മുന്നോട്ടുവന്നു. അവിടെ കൂടെ നിന്നിരുന്ന ചിലരും മാമിയെ സപ്പോർട്ട് ചെയ്തതോടെ അമ്മായി കുറച്ചൊന്നടങ്ങി.
അമ്മായിയെ സപ്പോർട്ട് ചെയ്യുന്നവരും ഉണ്ടായിരുന്നു അവിടെ…
അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്നല്ലേ?
എന്റെ അമ്മ വന്ന് ഉണ്ണിയെ വാങ്ങി അങ്ങോട്ടുമിങ്ങോട്ടും ഒക്കെ നടന്ന് അവന്റെ കരച്ചിൽ മാറ്റി തന്നു. ഒന്നുകൂടി പാല് കൊടുത്തപ്പോൾ കുഞ്ഞുണ്ണി എന്റെ കയ്യിൽ ഇരുന്നു തന്നെ ഉറങ്ങി പോവുകയും ചെയ്തു.
അപ്പോഴാണ് എനിക്ക് ശ്വാസം ഒന്ന് നേരെ വീണത്.
🦋
കല്യാണസമയത്ത് അമ്മ കുഞ്ഞിനെയും കൊണ്ട് മേക്കപ്പ് റൂമിൽ തന്നെ ഇരുന്നതേയുള്ളൂ. അവൻ അപ്പോഴേക്കും ഉണർന്നിരുന്നു. അല്ലെങ്കിലും അവനിപ്പോ കുറച്ചായി പകൽ സമയങ്ങളിൽ കള്ള ഉറക്കവാ…. ഏറിയാൽ അര മണിക്കൂർ.. അപ്പോഴേക്കും ഉണർന്ന് കളയും.
ആളും തിരക്കും ബഹളവും ഒക്കെ കണ്ട് ഉണ്ണി പിന്നെയും കരഞ്ഞാലോ എന്നായിരുന്നു അമ്മയ്ക്ക് പേടി. സത്യത്തിൽ അവന്റെ കരച്ചിലിനെക്കാളും അമ്മായിയുടെ നാക്കിനെ ആണ് പേടി എന്ന് തോന്നിയത് കൊണ്ട് ഞാൻ കൂടുതൽ നിർബന്ധിക്കാനും പോയില്ല.
കല്യാണം കഴിഞ്ഞ ഉടനെ തന്നെ ഊണും കഴിച്ചിട്ട് ഞങ്ങൾ ഇറങ്ങി. ഉണ്ണി പിന്നെയും കരഞ്ഞ് ബഹളം വയ്ക്കാൻ തുടങ്ങിയിരുന്നു. മീനു ഇറങ്ങുന്നത് വരെയെന്നും കാത്തു നിന്നില്ല.
ഫോട്ടോ എടുക്കുന്നിടത്തു ചെന്നാണ് അവളോട് യാത്ര പറഞ്ഞത്.
” നീ പോണാടി? ശ്യേ…. ഞാൻ ഇനി എങ്ങനെ ഇറങ്ങുന്നേരം നിന്നെ കെട്ടിപ്പിടിച്ചു കരയും.?
ഹാ..! സാരോല്ല… ഞാൻ നിന്നെ രാത്രി ഫോൺ വിളിച്ചു കരഞ്ഞോളാം….
നിന്റെ ഇപ്പഴത്തെ അവസ്ഥ എനിക്ക് മനസ്സിലാവും…. കുറച്ചു ദിവസം കഴിഞ്ഞു ഞാനും ഇത് പോലെ അഞ്ചാറെണ്ണത്തിനെ കൊണ്ട് നടക്കാനുള്ളതല്ലേ? ”
മീനു ഇല്ലാത്ത കണ്ണുനീര് തുടച്ച് പറയുന്നത് കേട്ട് കണ്ണേട്ടൻ ഏതോ അന്യഗ്രഹ ജീവിയെ കണ്ടത് പോലെ അവളെ കണ്ണും മിഴിച്ച് നോക്കി നിൽക്കുന്നുണ്ട്. അഞ്ചാറ് പിള്ളാരെന്നൊക്കെ കേട്ടിട്ട് കല്യാണം കഴിഞ്ഞ ഇന്ന് തന്നെ പുള്ളിക്കാരൻ അവളെ ഡിവോഴ്സ് ചെയ്യാതിരുന്നാൽ മതിയായിരുന്നു.
അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും യാത്ര പറഞ്ഞു പോരുന്നേരം അവളുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു. എന്റേതും…
ഏതാണ്ട് പ്രളയത്തിൽ നിന്നും രക്ഷപെട്ടു വന്ന ആശ്വാസത്തോടെയാണ് ഞാൻ വീട്ടിൽ വന്ന് കയറിയത്. അവന്റെ കരച്ചിലും ബഹളവും ഒക്കെ കണ്ടപ്പോൾ അമ്മായി പറഞ്ഞത് കേട്ടാൽ മതിയായിരുന്നു എന്നു വരെ എനിക്ക് തോന്നിപ്പോയിരുന്നു.
പക്ഷേ മീനു എന്റെ കൂടെപ്പിറപ്പ് തന്നെയല്ലേ? അവളുടെ കല്യാണം ഞാൻ എങ്ങനെ ഒഴിവാക്കുമായിരുന്നു….?!
🦋
ഉണ്ണിക്ക് നാല് മാസം തികഞ്ഞ ശേഷമാണ് ഞാൻ ഹരിയേട്ടന്റെ വീട്ടിലേക്ക് പോയത്. പ്രതീക്ഷിച്ച പോലെ അതോടെ എന്റെ കഷ്ടകാലം തുടങ്ങി.
ആഹാരം പാകം ചെയ്യും എന്നല്ലാതെ പച്ചക്കറി അരിയുന്നത് ഉൾപ്പെടെ മറ്റെല്ലാ പണികളും എന്റെ തലയിലാണ്. പാത്രം കഴുകലും വീട് വൃത്തിയാക്കലും തുണി അലക്കലും അതിനിടയിലെ കുഞ്ഞിന്റെ കാര്യവും… ആകെ വലഞ്ഞു പോയി ഞാൻ.
എന്തെങ്കിലും പണി ചെയ്യുമ്പോഴേക്കും ഉറക്കി കിടക്കുന്നവൻ ഉണർന്നു കരയാൻ തുടങ്ങും. കരഞ്ഞു തുടങ്ങിയാൽ അവനെ തോളിൽ ഇട്ട് കൊണ്ട് നടക്കണം. തൊട്ടിലിൽ കിടക്കാനൊന്നും ആശാൻ കൂട്ടാക്കില്ല. കിടത്തിയാൽ കരച്ചിലിന്റെ ശക്തി കൂടുകയേ ഉള്ളൂ.
ഞാൻ എന്തെങ്കിലും പണിയിൽ ആണെങ്കിലും അമ്മായി അവനെ എടുത്തു നടക്കുകയൊന്നും ഇല്ല.
” കൊച്ചു കരഞ്ഞാൽ അതിനെ തൊട്ടിലിൽ കിടത്തി ആട്ടിയാ കരച്ചിൽ മാറ്റേണ്ടത്…. ”
എന്നും പറഞ്ഞ് ആയമ്മ അവനെ തൊട്ടിൽ കിടത്തി ആട്ടാൻ തുടങ്ങും.
അവനോ? തൊട്ടിലിൽ കിടത്തുമ്പോഴേ ഇരട്ടി ഒച്ചയിൽ കരയും.
അവനെ എടുത്തു കൊണ്ട് നടന്ന് കരച്ചിൽ മാറ്റാൻ ഒന്നും അമ്മായി തയാറാകില്ല. കൊച്ച് കുഞ്ഞിനോട് പോലും ഒരു തരം വാശിയാണ്. ഞാൻ പറയുന്നത് നീയങ്ങോട്ട് കേട്ടാൽ മതി എന്നൊരു ലൈൻ.
കരച്ചിൽ നിർത്താൻ അവനും കൂട്ടാക്കില്ല. അങ്ങനെ രണ്ടാളൂടെ വാശി കാട്ടുമ്പോ എനിക്ക് സഹി കെടും.
ഒടുവിൽ ചെയ്തുകൊണ്ടിരുന്ന പണി നിർത്തിവെച്ച്, ഞാൻ തന്നെ വന്നവനെ എടുത്ത് കരച്ചിൽ ഒക്കെ മാറ്റി ഉറക്കി കിടത്തേണ്ടി വരും. എന്നിട്ടെന്താ കാര്യം? ഞാൻ തിരികെ ചെന്ന് ആദ്യം ചെയ്തു കൊണ്ടിരുന്ന പണി പുനരാരംഭിച്ചു കുറച്ചു കഴിയുമ്പോഴേക്കും ഉണ്ണി വീണ്ടും ഉണർന്ന് കരയാൻ തുടങ്ങും.
കുളിക്കാനോ ആഹാരം കഴിക്കാനോ പോലും സമയം തികയാതെയായി എനിക്ക്.
കുഞ്ഞിനെ നോക്കാൻ മടിച്ചിട്ടാണോ എന്തോ, മുൻപ് ഒൻപതരയ്ക്ക് അമ്പലത്തിൽ പോയിക്കൊണ്ടിരുന്ന അമ്മായി ഇപ്പൊ എട്ട് മണിക്കേ പോകാൻ തുടങ്ങി. വരുന്നതോ ഏതാണ്ട് ഉച്ചയോടടുപ്പിച്ചും. ഇതിനിടയിൽ രണ്ട് ദിവസം ഏതൊക്കെയോ അമ്പലങ്ങളിൽ പുരാണ പാരായണം ഉണ്ടെന്നും പറഞ്ഞു കാലത്തെ പോയിട്ട് വൈകിട്ടാണ് വന്നത് തന്നെ.
ഒരാഴ്ച കൊണ്ട് ഞാൻ ആകെ മടുത്തുപോയി.
ഇനി അമ്മായീടെ കയ്യിൽ എങ്ങാനും ഇരിക്കുമ്പോ കുഞ്ഞൊന്ന് മൂത്രമൊഴിക്കുകയോ അപ്പിയിടുകയോ ചെയ്യുകയാണെന്ന് വച്ചോ… ഉടനെ വാവേടെ തുണി മാറ്റാൻ എന്നെ വിളിക്കും.
ആദ്യമൊക്കെ അമ്മാവൻ അവനെ എടുത്തു വച്ച് കളിപ്പിക്കുമായിരുന്നു. ഒരു ദിവസം അവൻ അച്ഛന്റെ ലുങ്കിയിൽക്കൂടി അപ്പിയിട്ടു. പുള്ളിക്കാരന്റെ മേത്തും കുറച്ചൊക്കെയായി. അന്നത്തോടെ അവനെ എടുക്കുന്ന പരിപാടി ആളങ്ങ് നിർത്തി. നിലത്ത് പായ വിരിച്ച് കിടത്തി കളിപ്പിക്കും. കുറച്ചു നേരം അങ്ങനെ കിടന്ന് കളിക്കുമ്പോ അവന് മതിയാവും. അവനവിടെ കിടന്ന് കരയാൻ തുടങ്ങും. അതോടെ എനിക്ക് ദേഷ്യം വരും.
ഒന്നും വേണ്ട… കുഞ്ഞിന് കരയിക്കാതെ നോക്കിയാൽ മാത്രം മതിയായിരുന്നു. അതുമില്ല എന്ന് വെച്ചാലോ?
ഒടുവിൽ സഹികെട്ടു ഞാൻ ഹരിയേട്ടനോട് സംസാരിച്ചു.
ആള് ഒരു വാഷിംഗ് മെഷീൻ വാങ്ങി. കുഞ്ഞിന്റെ ഉൾപ്പെടെ തുണികൾ അലക്കുന്നതാണല്ലോ ഏറ്റവും വലിയ പണി.
അതോടെ ഞങ്ങടെ തുണികൾ ഒക്കെ കഴുകുന്ന ജോലി മെഷീനായി.
വാഷിങ് മെഷീൻ വാങ്ങിയതിനൊപ്പം വീട് തൂക്കാനും തുടക്കാനും മറ്റും ഒരു സർവന്റിനെയും ഏർപ്പാടാക്കി.
അമ്മായിക്ക് അതും എന്തോ വലിയ പാതകം ആയിരുന്നു… ” ഞങ്ങളൊക്കെ വീട്ടുജോലിയും ചെയ്തിട്ട് തന്നെയാ കുഞ്ഞുങ്ങളെ നോക്കിയിരുന്നത്. ഇതിപ്പോ കഴിക്കാൻ ഉള്ളതൊക്കെ ഞാൻ ഉണ്ടാക്കി തരണൊണ്ടല്ലാ… പിന്നെ നിനക്ക് ഇവിടെ എന്തോന്നാ പണി? ”
എന്നൊക്കെ പറയുന്നുണ്ടായിരുന്നു ആള്….
കറിക്ക് പച്ചക്കറി നുറുക്കി, തേങ്ങ ചിരകി അരച്ച് കൊടുക്കുന്നത് ഞാൻ…. അത് വേകിച്ചു ആഹാരമാക്കുന്നതാണ് ഒരു വീട്ടിലെ ഏറ്റവും വലിയ പണി എന്ന് പറയുന്ന അമ്മായി…!
” എന്നാൽ അത് ഞാൻ ചെയ്യാം. ബാക്കിയൊക്കെ അമ്മ ചെയ്യുമോ? ” എന്ന് ചോദിച്ചതിന്റെ പേരിൽ എന്തൊക്കെ പറഞ്ഞെന്നറിയുമോ? മുൻപ് കേൾക്കാതെ പറഞ്ഞിരുന്നതൊക്കെയും ഇപ്പൊ നേരിട്ടാണ് പറയാറ്.
സെർവന്റ് വന്നപ്പോഴൊ പ്രശ്നം കൂടുതൽ വഷളായി. അവരെന്തു ചെയ്താലും അമ്മായിക്ക് ഒരു നൂറു കുറ്റമാണ്. തുടച്ചിട്ട് പോയിടം അഴുക്കാണെന്ന് പറഞ്ഞ് പിന്നെയും തുടപ്പിക്കുക, കഴുകിവെച്ച പാത്രങ്ങൾ വൃത്തിയില്ല എന്ന് പറഞ്ഞ് പിന്നെയും കഴിക്കുക തുടങ്ങിയ കലാപരിപാടികൾ സ്ഥിരമായപ്പോൾ അവര് വന്ന പോലെ പണീം കളഞ്ഞിട്ട് തിരികെ പോയി.
എനിക്കാണേൽ ഏതാണ്ട് ഭ്രാന്ത് പിടിക്കുന്ന അവസ്ഥ ആയി പോയിരുന്നു. പോസ്റ്റ് പാർട്ടം ഡിപ്രെഷൻ എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ… ഇനി അതിന്റെ ഇനീഷ്യൽ സ്റ്റേജ് എങ്ങാനും ആണോ എന്ന് പോലും എനിക്ക് സംശയം തോന്നിപ്പോയി.
🦋 🦋 🦋 🦋 🦋

by