16/02/2026

നിനക്കായ് : ഭാഗം 23

രചന – കണ്ണന്റെ മാത്രം

അത് പിന്നെ മോള്.. മോൾക്ക് സുഖം അല്ലേ..ആൻസി ഒരു വിക്കലോടെ ചോദിച്ചു.

ഏത് മോൾക്ക്…

നമ്മുടെ മോൾക്ക്… ആൻസി ഡേവിയുടെ തോളിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെ കാട്ടികൊണ്ട് പറഞ്ഞു.

അതുകേട്ടതും ഡേവിയുടെ മുഖത്ത് ഒരു പുച്ഛച്ചിരി വിരിഞ്ഞു.
നമ്മുടെ മോളോ.. എന്റെ മോൾടെ അമ്മ അവൾക്ക് രണ്ടുമാസം ഉള്ളപ്പോ മരിച്ചുപോയി. ഇപ്പൊ അവൾക്ക് അമ്മയില്ല.

ഡേവി എന്ത് വർത്താനം ആണ് നീ പറയുന്നത്. എന്തൊക്കെ വന്നാലും ആൻസി പ്രസവിച്ച കുഞ്ഞല്ലേ അത്. അവൾക്കും ഇല്ലേ കുഞ്ഞിൽ അധികാരം… ആൻസിയുടെ പപ്പ ആന്റണി ദേഷ്യത്തോടെ പറഞ്ഞു.

ഇല്ല.. എന്റെ കുഞ്ഞിൽ എനിക്ക് മാത്രമേ അധികാരം ഉള്ളൂ. എന്റെ മോള് ജനിച്ചിട്ട് പാല് കൊടുത്താൽ അവളുടെ സൗന്ദര്യം കുറയും എന്നും പറഞ്ഞ് ഒരു തുള്ളി പാല് പോലും കൊടുക്കാൻ തയ്യാറാവാത്ത ഇവൾ എന്റെ മോളുടെ അമ്മയല്ല. പാലിന് വേണ്ടി അലറി കരയുന്ന കുഞ്ഞിനേയും കൊണ്ട് എത്ര പ്രാവശ്യം ഞാൻ ഇവളോട് കെഞ്ചിയിരിക്കുന്നു അപ്പൊ ഔദാര്യം പോലെ കുറച്ച് പിഴിഞ്ഞ് തരും. അല്ലാതെ എന്റെ മോള് പാല് കുടിച്ചിട്ടുണ്ടോ. പിന്നെ പിരിയുന്ന സമയത്ത് കോടതിയിൽ വച്ച് കുഞ്ഞിൽ ഇവൾക്കോ ഇവളുടെ വീട്ടുകാർക്കോ യാതൊരുവിധ അധികാരവും ഇല്ല എന്ന് എഴുതി തന്നത് ഓർമയില്ലേ. അതിനല്ലേ നീ പറഞ്ഞ പൈസ ഞാൻ തന്നത്. പിന്നെ എന്ത് ബന്ധം..

അതൊക്കെ ശരി തന്നെയാണ് പക്ഷേ അവളെ ഞാൻ പ്രസവിച്ചതല്ലാതെ വരില്ലല്ലോ അപ്പൊ ആ ഒരു ബന്ധം അങ്ങനെ ഒന്നും പോകില്ല.. ആൻസി വീറോടെ പറഞ്ഞു.

അതുകേട്ടതും ഡേവിയുടെ മുഖത്ത് വന്യമായ ഒരു ചിരി വിരിഞ്ഞു.
ഇപ്പൊ നീ എന്തിനാ മോളുടെ കാര്യങ്ങൾ ചോദിച്ചു വരുന്നത് എന്ന് എനിക്കറിയാം. പക്ഷേ നിന്റെ അങ്ങനെ ഉള്ള ഒരാഗ്രഹങ്ങളും നടക്കാൻ പോകുന്നില്ല. ഇപ്പോൾ നീ നടത്തികൊണ്ടിരിക്കുന്ന ചരടുവലികൾ ഒന്നും ഞാൻ അറിയുന്നില്ല എന്ന് കരുതിയോ. എങ്കിൽ നിനക്ക് തെറ്റി. എല്ലാം അറിഞ്ഞിട്ടും മനസിലാക്കിയിട്ടും തന്നെ ആണ് ഞാൻ ഇരിക്കുന്നത്. പിന്നെ കളിക്കാൻ ഇറങ്ങുമ്പോൾ ഒരു കാര്യം മറക്കരുത്. നിന്റെ ഓപ്പോസിറ്റ് നിൽക്കുന്നത് ഡേവിഡ് ആണെന്ന്. നിങ്ങൾക്കാർക്കും അറിയാത്തൊരു ഡേവിഡ് ഉണ്ട്. വെറുതെ ആ രൂപം എന്നെകൊണ്ട് എടുപ്പിക്കരുത്..ഒരു മുരൾച്ച പോലെ അവൻ പറഞ്ഞു നിർത്തി. എന്നിട്ട് റീനാമ്മയെയും കൂട്ടി പുറത്തേക്ക് പോയി.

അവൻ പറയുമ്പോഴുള്ള അവന്റെ ആ മുഖഭാവവും പറഞ്ഞതിലെ ഭീഷണിയുടെ ധ്വനിയും കേട്ടപ്പോൾ ആൻസിയുടെ മാതാപിതാക്കൾക്ക് ഭയം ആയി. ആൻസിയും അവന്റെ മുഖഭാവം കണ്ട് ഞെട്ടി നിൽക്കുകയായിരുന്നു. 2 കൊല്ലത്തോളം അവന്റെ കൂടെ ജീവിച്ചിട്ടും ഇങ്ങനെ ഒരു ഭാവം അവൾ കണ്ടിട്ടുണ്ടായില്ല. ആ ഒരു ഷോക്കിൽ നിൽപ്പായിരുന്നു അവൾ.

മോളെ അവൻ പറഞ്ഞതൊക്കെ കേട്ടിട്ട് എനിക്കെന്തോ ഭയം തോന്നുന്നു. വേറെ ആരെയോ പോലെ തോന്നി അവന്റെ മട്ടും ഭാവവും.

അതൊന്നും ഇല്ല പപ്പ. അയാള് ചുമ്മാ നമ്മളെ വിരട്ടാൻ നോക്കിയതല്ലേ. അല്ലാതെ ഞാൻ കാണാത്തതൊന്നും അല്ലല്ലോ അയാളെ. ഇത് നമ്മൾ കുഞ്ഞിൽ അധികാരം പറഞ്ഞു ചെന്നാൽ അയാൾ മുട്ടുമടക്കേണ്ടി വരും എന്ന് അയാൾക്കറിയാം. അപ്പൊ അതില്ലാതെ ഇരിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ആണ്. പക്ഷേ ഇതുകൊണ്ടൊന്നും ഈ ആൻസി പേടിക്കില്ല. അന്ന് ഒരു അബദ്ധം പറ്റി. അയാളുടെ ബിസിനസ്സിൽ കുറച്ച് നഷ്ടം വന്നപ്പോൾ ഞാൻ കരുതി എല്ലാം നഷ്ടപ്പെടാൻ പോവുകയാണെന്ന്. അതാ പിന്നെ ആൽവിന്റെ കൂടെ ഇറങ്ങിയത്. പക്ഷേ ഇപ്പൊ അയാൾ നഷ്ടപ്പെട്ടതിന്റെ ഇരട്ടിയിലും അധികം സമ്പാദിക്കുന്നുണ്ട്. അത് എനിക്ക് വിട്ടുകളയാൻ പറ്റില്ല. അയാൾടെ സ്വത്തും അയാളെയും എനിക്ക് തന്നെ വേണം.. ഡേവിയുടെ പുതിയ ഭാവം അവളെ ഒന്ന് ഭയപ്പെടുത്തിയെങ്കിലും അത് പുറത്ത് കാണിക്കാതെ അവൾ പറഞ്ഞു.

എന്തായാലും ശ്രദ്ധിച്ചും കണ്ടും ഇറങ്ങിയാൽ മതി അവനെതിരെ. എനിക്കെന്തോ അവൻ വെറും വാക്ക് പറഞ്ഞതല്ല എന്നൊരു തോന്നൽ. ആൽവി എന്താ പറയുന്നേ..

അവന് കുഴപ്പം ഒന്നും ഇല്ല. സ്വത്ത്‌ എന്ന് കേട്ടപ്പോൾ അവനും എന്റെ കൂടെ നിൽക്കാം എന്നാ പറഞ്ഞത്. ആകെ പൊളിഞ്ഞു നിൽപ്പല്ലേ ഇപ്പൊ. അതല്ല എനിക്ക് മനസിലാവാത്തെ ഇത്രേം നന്നായി പോയിക്കൊണ്ടിരുന്ന ബിസിനസ്സ് എങ്ങനെയാ ഇങ്ങനെ പൊളിഞ്ഞേ എന്നാ. അവൻ അന്വേഷിക്കുന്നുണ്ട് ആരാ ഇതിന് പിന്നിൽ എന്ന്. കണ്ടെത്തിയാൽ അയാളുടെ അവസാനം ആണ്.

മ്മ്.. എന്തായാലും ഇപ്പൊ പോകാം. പപ്പക്ക് ഇന്നൊരു ക്ലയന്റ് മീറ്റിംഗ് ഉണ്ട്. ഈ പ്രൊജക്റ്റും കിട്ടിയില്ലെങ്കിൽ നമ്മുടെ ബിസിനസ്സും വെള്ളത്തിൽ ആവും.

അത് നമുക്ക് കിട്ടും പപ്പ വിഷമിക്കാതെ.. അല്ല മമ്മി എന്താ മിണ്ടാതെ നിൽക്കുന്നെ. കൂട്ടുകാരിയെ കണ്ടിട്ട് മിണ്ടിയില്ലല്ലോ..

നീ മിണ്ടരുത് എന്നോട്. നീ ഒരുത്തി കാരണം എന്റെ നല്ലൊരു സൗഹൃദം ആണ് ഇല്ലാതായത്. നിങ്ങൾ പപ്പയുടെയും മോളുടെയും വാക്ക് കേട്ട് ഇങ്ങനെ ഒരു പ്രൊപോസൽ ഞാൻ മുന്നോട്ട് വെക്കരുതായിരുന്നു. അങ്ങനെ ആണെങ്കിൽ എന്റെ റീന എന്നെ കണ്ടിട്ടും ഇതുപോലെ മുഖം തിരിക്കില്ലായിരുന്നു. അവർ സങ്കടത്തോടെ പറഞ്ഞു.

അതിന് അവർ ഒന്ന് പുച്ഛിച്ച് ചിരിച്ചു.

………………

അല്ല ഡേവി ഏതാടാ ഞങ്ങൾക്ക് അറിയത്തൊരു ഡേവിഡ്… റീന കളിയോടെ ഡ്രൈവ് ചെയ്യുന്ന ഡേവിയോടായി ചോദിച്ചു.

അതൊക്കെ ഞാൻ ചുമ്മാ അവരെ പേടിപ്പിക്കാൻ ഒരു ഗുമ്മിന് പറഞ്ഞതല്ലെ എന്റെ റീനകൊച്ചേ. അല്ലാതെ നിങ്ങൾക്കറിയില്ലേ എന്നെ. ഞാൻ ഒരു പാവം അല്ലേ…

അതാ ഞാനും ആലോചിച്ചത്. അന്നാലും നീ അവളോട്‌ നല്ല രീതിയിൽ തന്നെ പ്രതികരിച്ചല്ലോ അതെനിക്ക് ഇഷ്ടമായി. അല്ലെങ്കിൽ എപ്പോഴും നീ മാറി പോകറല്ലേ പതിവ്.

വെറുതെ എന്തിനാ ഒരു വഴക്ക് എന്ന് വിചാരിച്ചിട്ടാ മമ്മി. ഇതിപ്പോ അവള് മോൾടെ കാര്യം പറഞ്ഞതുകൊണ്ടാണ്…

മ്മ്… അതിനവരൊന്നു മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല.

……………

ജെനിയൊക്കെ ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന നേരത്താണ് ക്രിസ്റ്റി കയറി വന്നത്.

നീ ഇന്നെന്താടാ നേരത്തെ… അവനെ കണ്ടപ്പോൾ മേരിയമ്മ ചോദിച്ചു.

ഇന്ന് ഡേവി ചേട്ടായി വന്നിട്ടില്ല അമ്മച്ചി അപ്പൊ ഞാൻ ഹാഫ് ഡേ ചോദിച്ചെടുത്തു. എനിക്ക് നിങ്ങളോട് ഒരു സന്തോഷവാർത്ത പറയാൻ ഉണ്ട്.

എന്താടാ.. നീ നല്ല സന്തോഷത്തിൽ ആണല്ലോ.. ജെനി ചോദിച്ചു.

എന്റെ പിജി റിസൾട്ട്‌ വന്നു. അന്ന് ഇച്ചേച്ചി പറഞ്ഞപോലെ എനിക്ക് റാങ്ക് ഉണ്ട്. അതും ഫസ്റ്റ് റാങ്ക്. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി MA ഇംഗ്ലീഷ് ലിറ്ററേച്ചർ ഫസ്റ്റ് റാങ്ക് എനിക്കാണ്.

ആണോ.. എനിക്ക് അറിയാമായിരുന്നു നിനക്ക് റാങ്ക് ഉണ്ടാവും എന്ന്… ജെനി സന്തോഷത്തോടെ പറഞ്ഞു.

മേരിയമ്മയുടെ കണ്ണുകൾ അപ്പോഴേക്കും നിറഞ്ഞു വന്നു. മാത്യുവിനും സന്തോഷം ആയി.

ഹാ… എന്റെ മേരിക്കുട്ടി അപ്പോഴേക്കും കരഞ്ഞു തുടങ്ങിയോ.. ക്രിസ്റ്റി ഒരു കുസൃതി ചിരിയോടെ ചോദിച്ചു.

പോടാ മനുഷ്യനെ കളിയാക്കാതെ. ഞാൻ കരഞ്ഞൊന്നും ഇല്ല.. അവർ കെറുവോടെ പറഞ്ഞു.

ഇനിയെന്താ ക്രിസ്റ്റി നിന്റെ ഭാവി പരിപാടി… മേരിയമ്മയെ കളിയാക്കി കൊണ്ടിരിക്കുന്ന ക്രിസ്റ്റിയോടായി മാത്യു ചോദിച്ചു.

ഒരു രണ്ടുമാസം കഴിയട്ടെ അപ്പച്ചാ.. ഇപ്പൊ എന്തായാലും ജോലിക്ക് കയറിയില്ലേ. കുറച്ചുനാൾ അതിന് പൊട്ടെ അത് കഴിഞ്ഞിട്ട് തീരുമാനിക്കാം…

മ്മ്.. നിന്റെ ഇഷ്ടംപോലെ. പഠിക്കാനാണെകിൽ നീ ആഗ്രഹിക്കുന്ന അത്രേം പഠിപ്പിക്കാൻ നിന്റെ അപ്പച്ചന് ഒരു മടിയും ഇല്ല.. കേട്ടോ..

അറിയാം അപ്പച്ചാ.. ഇതിപ്പോ ജോലിക്ക് കേറിയിട്ട് ഒരു മാസം അല്ലേ ആയുള്ളൂ. ഒരു 6 മാസം കഴിഞ്ഞിട്ട് വേറെ എന്തേലും നോക്കാം എന്ന് വച്ചിട്ടാണ്.

മ്മ്.. അയാൾ ഒന്ന് മൂളി അതിന്.

………………

അന്ന് രാത്രി തറവാട്ടിൽ എല്ലാവരുടെയും ഒപ്പം ഇരുന്ന് സംസാരിക്കുമ്പോൾ ആണ് അന്നക്ക് ക്രിസ്റ്റിയുടെ കാൾ വരുന്നത്. അവൾ വേഗം ഫോൺ എടുത്തു അവിടെ നിന്ന് മാറി കൊണ്ട് ചോദിച്ചു.

എന്താ ക്രിസ്റ്റി. ജെനി ഒക്കെ അല്ലേ. നാളെ ജോയിൻ ചെയ്യാൻ വരാൻ അവൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ…

എന്റെ പൊന്ന് അന്നേച്ചി ഒരു ഹലോ എങ്കിലും പറയ്. എന്നിട്ട് ഈ റോക്കറ്റ് വിട്ടപോലെ ചോദ്യങ്ങൾ ചോദിക്ക്… ക്രിസ്റ്റി ഒരു കളിയാക്കി ചിരിയോടെ പറഞ്ഞു.

നീ എന്നെ കളിയാക്കാതെ ഞാൻ ചോദിച്ചതിനുള്ള മറുപടി പറയ് ക്രിസ്റ്റി..

ഇച്ചേച്ചിക്ക് ഒരു കുഴപ്പവും ഇല്ല. നാളെ വന്ന് ജോയിൻ ചെയ്തോളും. ഞാൻ വിളിച്ചത് വേറെ ഒരു കാര്യം പറയാൻ ആണ്. എന്റെ പിജി റിസൾട്ട്‌ വന്നു ചേച്ചി. ഫസ്റ്റ് റാങ്ക് ഉണ്ട്.

ആഹാ അതു കലക്കിലോ.. ചിലവ് വേണേ..

അതൊക്കെ തരാം. ചേച്ചി അളിയനോടും പറയ് കേട്ടോ. എന്നാൽ ഞാൻ വെക്കാണേ..

ആ ശരി ടാ..
ഫോൺ വച്ചു കഴിഞ്ഞ് സന്തോഷത്തോടെ വരുന്ന അന്നയെ കണ്ടപ്പോൾ എബി ചോദിച്ചു.

എന്താ അന്നമ്മേ ഇത്ര സന്തോഷം. ആരാ വിളിച്ചത്.

അതു ക്രിസ്റ്റിയാ ഇച്ഛാ. അവന്റെ പിജി റിസൾട്ട്‌ വന്നുന്ന്. ഫസ്റ്റ് റാങ്ക് ഉണ്ട് അവന്..

ആണോ… അവൻ ഇത്രേം ബ്രില്ലിന്റ് ആയിരുന്നോ എബി അതിശയത്തോടെ ചോദിച്ചു.

പിന്നല്ലാതെ അവന് ഡിഗ്രിക്കും സെക്കന്റ്‌ റാങ്ക് ഉണ്ടായിരുന്നു…

ക്രിസ്റ്റിയുടെ പേര് കേട്ടതും അതുവരെ അലനോടും ഏദനോടും തല്ലുപിടിച്ചുകൊണ്ടിരുന്ന ദിയ അതൊക്കെ വിട്ട് അന്ന പറയുന്നത് ശ്രദ്ധിച്ചിരുന്നു. അവന് റാങ്ക് ഉണ്ടെന്ന് കേട്ടതും അവൾക്ക് ഒരുപാട് സന്തോഷം ആയി. അലനും ഏദനും അവളെ നോക്കി കുസൃതിയോടെ ചിരിച്ചു.

ആരാ മോളെ ഈ ക്രിസ്റ്റി… വല്യമ്മച്ചി ചോദിച്ചു.

നമ്മുടെ ജെനിയുടെ അനിയൻ ആണ് വല്യമ്മച്ചി.

ആണോ.. നല്ല കാര്യം പിള്ളേരൊക്കെ പഠിച്ച് ഒരു നിലയിൽ എത്തട്ടെ…

ഒരു കാര്യം മറന്നു.. ഞങ്ങൾ ഇന്ന് ജെനിമോളെ കണ്ടിട്ടുണ്ടായിരുന്നു. മോൾക്ക് വാക്‌സിൻ എടുത്തു വരുന്ന വഴിക്ക്… റീനാമ്മ പറഞ്ഞു.

ഏഹ്ഹ് നിങ്ങൾ എന്തിനാ ആ വഴി വന്നത്.. ജോൺ ചോദിച്ചു.

അത് ആശുപത്രിയിൽ നിന്നിറങ്ങിയപ്പോ ആണ് ഇവന് ഓഫീസിൽ നിന്ന് കാൾ വന്നത്. അപ്പൊ പിന്നെ ഓഫീസിൽ കയറി ആ വഴി ആണ് വന്നത്. ജെനിമോള് പള്ളിയിൽ പോയി വരുന്ന വഴിയാണ്. അപ്പൊ മോളെ കയറ്റി വീടിന്റെ അവിടെ ഇറക്കി കൊടുത്തു.

ആണോ അവൾ വിളിച്ചപ്പോ പറഞ്ഞിരുന്നു. പള്ളിയിൽ പോണം എന്ന്.. അന്ന പറഞ്ഞു.

അതല്ല വിഷയം അത് കഴിഞ്ഞ് ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടലിൽ കയറി. അവിടെ വച്ച് ആ ഒരുമ്പട്ടോളെ കണ്ടു.. റീനാമ്മ പറഞ്ഞു.

ആരെ.. റാണി സംശയത്തോടെ ചോദിച്ചു.

ആ ആൻസിയെ.. അവള് വെറുതെ ചൊറിയാൻ വരായിരുന്നു..

എന്നിട്ടെന്താ നിങ്ങൾ അവിടെ നിന്ന് മാറി പോന്നിട്ടുണ്ടാവും. വല്യേട്ടായി എപ്പോഴും അങ്ങനെ അല്ലേ… അലൻ ദേഷ്യത്തോടെ പറഞ്ഞു.

അല്ല ചെക്കാ.. ഇപ്രാവശ്യം ഇവൻ നല്ലത് പറഞ്ഞു കൊടുത്തു.

ഏഹ്ഹ് സത്യം.. ദിയ അതിശയത്തോടെ ചോദിച്ചു.

ജോൺ ഡേവിയെ ഒന്ന് നോക്കി അവൻ അയാളെ നോക്കി കണ്ണ് ചിമ്മിക്കാട്ടി.

ആ സത്യം.. പിന്നെ റീനാമ്മ ഇന്ന് ഹോട്ടലിൽ വച്ച് നടന്നതൊക്കെ വിവരിച്ചു കൊടുത്തു.

ഏഹ്.. വല്യേട്ടായി ഇങ്ങനെ ഒക്കെ പറഞ്ഞോ.. എബി ഒഴികെ ഉള്ള പിള്ളേര് പടക്കും ബാക്കി സ്ത്രീ ജനങ്ങൾക്കും വിശ്വസിക്കാൻ കഴിയുന്നുണ്ടായില്ല. ഡേവി എപ്പോഴും ഒഴിഞ്ഞുമാറി പോകാറായിരുന്നു പതിവ്.

ചെ.. മിസ്സ്‌ ആയല്ലോ.. എന്നാലും എന്റെ വല്യേട്ടായി അതേതാ ഞങ്ങൾക്കൊന്നും അറിയാത്ത ഒരു ഡേവിഡ്.. അലൻ ഒരു കുസൃതി ചിരിയോടെ ചോദിച്ചു.

അത് ഞാൻ ചുമ്മാ ഒന്ന് വിരട്ടിയത് അല്ലേ ചെക്കാ… ഡേവി ഒരു ചിരിയോടെ പറഞ്ഞു.

നന്നായെ ഉള്ളൂ ഡേവി. നീ അവൾ വല്ലതും ഒക്കെ പറഞ്ഞു വരുമ്പോൾ ഒഴിഞ്ഞ് മാറി പോകുന്നത് കാണുമ്പോൾ ഒരു വിഷമം ആയിരുന്നു. അവൾക്ക് ഇനീപ്പോ എന്താണാവോ വേണ്ടത്.. എൽസി പറഞ്ഞു

എന്തായാലും ഇവന്റെ സംസാരം കേട്ടിട്ട് അവൾ നന്നായി പേടിച്ചിട്ടുണ്ട്. എന്തിന് ആ സമയത്തെ ഇവന്റെ മുഖഭാവം കണ്ടിട്ട് എനിക്ക് വരെ പേടിയായി. പിന്നെ ഇവൻ ചുമ്മാ പേടിപ്പിക്കാൻ പറഞ്ഞതാണെന്ന് പറഞ്ഞപ്പോൾ ആണ് എനിക്ക് സമാധാനം ആയത്. റീനാമ്മ ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി.

ബാക്കി എല്ലാവരും മറ്റു ചർച്ചകളിലേക്ക് കടന്നപ്പോൾ എബിയും ജോണും  ജെയിംസും ജേക്കബും മാത്രം ഒന്നിലും ശ്രദ്ധിക്കാതെ ഡേവിയെ നോക്കി ഇരുന്നു. ഡേവി അവരെ നോക്കി ഒന്ന് കണ്ണിറുക്കി കാട്ടി ഒരു കുസൃതി ചിരി ചിരിച്ചു. അതോടെ അവരുടെ മുഖത്തും എല്ലാം മനസിലായപോലെ ഒരു ചിരി വിരിഞ്ഞു..