16/02/2026

ഹിമകണമായി : ഭാഗം 5

രചന : ശ്രീനിധി
” അദ്രി…… ഞങ്ങൾക്ക് നിന്നോട് സീരിയസായിട്ട് ഒരു കാര്യം പറയാനുണ്ട് ” അജി പറഞ്ഞു.” എന്താടാ…….. ” അദ്രി ചോദിച്ചു. ഭൈമിയുടെ കാര്യം തന്നെയാണ്, അവള് പറഞ്ഞില്ലെങ്കിലും അവളുടെ മനസ്സ് എന്താണെന്ന് നിനക്ക് അറിയാമെന്നു ഞങ്ങൾക്ക് നന്നായി അറിയാം, നിനക്ക് ആലോചിച്ച് നല്ല ഒരു തീരുമാനം എടുത്തൂടെ ” അജി ചോദിച്ചു.” വേണ്ട അജി…… ഇതേകുറിച്ച് ഒരു സംസാരം വേണ്ട. അദ്രിയുടെ ജീവിതത്തിൽ ഇനി ഒരു പെണ്ണില്ല,അതിൽ മാറ്റമില്ല ” അദ്രി തറപ്പിച്ചു പറഞ്ഞു.

അജിയും ജോയലും മഹിയെ ഒന്ന് പാളി നോക്കി,
ഇപ്പോ എങ്ങനെയുണ്ട് എന്ന മട്ടിൽ മഹി അവരെ രണ്ടുപേരെയും പുരികം ഉയർത്തി കാണിച്ചു.” അദ്രി……. നീ എപ്പഴാ നാട്ടിലേക്ക് തിരിക്കുന്നത് ”
മഹി ചോദിച്ചു. നാട്ടിലേക്കോ…… ഞാനോ….. എന്തിന് ” അദ്രി ഭാവവ്യതാസം ഒന്നുമില്ലാതെ ചോദിച്ചു. ശിവയുടെ കല്യാണത്തിന്,അമ്മാമ്മ എന്നെ വിളിച്ചിരുന്നു” മഹി പറഞ്ഞു. ഞാൻ എങ്ങോട്ടും ഇല്ല ” കഴിച്ചത് മതിയാക്കി അദ്രി പ്ലേറ്റുമായി അടുക്കളയിലേക്ക് പോയി, പ്ലേറ്റ് കഴുകി തിരികെ വന്നവൻ ഫ്ലാറ്റിന്റെ വാതിൽ വലിച്ച് തുറന്ന് പുറത്തേക്ക് പോയി.

” ഇവൻ എന്താടാ ഇങ്ങനെ, എല്ലാത്തിനും മുന്നിൽ ദേഷ്യമാണല്ലോ,അവൻ നാട്ടിലേക്ക് പോകുമെന്ന് എനിക്ക് തോന്നുന്നില്ല ” ജോയൽ പറഞ്ഞു. അത് ദേഷ്യമല്ലടാ എന്റെ മുന്നിൽനിന്ന് അവൻ ഓടി ഒളിക്കുന്നതാ, എന്നെ ഫേസ് ചെയ്യാൻ പറ്റാഞ്ഞിട്ട്,ഞാൻ സംസാരിക്കാം അവനോട് ”
മഹി പ്ലേറ്റുമായി എഴുന്നേറ്റു.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഫ്ലാറ്റിന്റെ ടെറസിന്റെ ഭിത്തിയിൽ ചാരി ഇരുന്നു സിഗരറ്റ് വലിക്കുകയായിരുന്നു അദ്രി, മഹി അവന്റെ അടുത്ത് പോയിരുന്നു.മഹി അടുത്തെത്തിയതുപോലും അറിയാതെ വേറെ ഏതോ ലോകത്തായിരുന്നു അദ്രി.
മഹി അവന്റെ ചുണ്ടിലിരുന്ന സിഗരറ്റ് എടുത്ത് വായിലേക്ക് വച്ചു.അപ്പോഴാണ് തന്നെ നോക്കി തൊട്ട് അടുത്തിരിക്കുന്ന മഹിയെ അവൻ കണ്ടത്.” നീ എന്താ നാട്ടിലേക്ക് ഇല്ലെന്ന് പറഞ്ഞത് “ഒരു പഫ് എടുത്ത ശേഷം മഹി ചോദിച്ചു. ഞാൻ ആരെ കാണാനാ അങ്ങോട്ട് പോകേണ്ടത്, ആകെ ഉള്ളത്‌ അച്ഛനാണ്, അച്ഛൻ ഇടക്ക് ഇടക്ക് ഇങ്ങോട്ട് വരുന്നുണ്ടല്ലോ, അത് മതി ” അദ്രി പറഞ്ഞു.

” നിന്നോട് ഒരു കാര്യവുമില്ലാതെ അങ്ങോട്ട് ചെല്ലാൻ അമ്മാമ്മ പറഞ്ഞില്ല, ശിവയുടെ വിവാഹത്തിന് ചെല്ലണമെന്നാണ് പറഞ്ഞത്, അതിന് നീ പോയെ പറ്റു, നീയും അത് ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് നന്നായി അറിയാം ” മഹി പറഞ്ഞു. നീ പറഞ്ഞത് നേരാണ്, ശിവയുടെ വിവാഹം ഞാൻ സ്വപനംകണ്ടിട്ടുണ്ട് പക്ഷെ ആ സ്വപ്നങ്ങളിൽ അവളുടെ കഴുത്തിൽ താലി ചാർത്തുന്നത് നീയായിരുന്നു” അദ്രി പറഞ്ഞു. അത് വിട്ടേക്ക് അദ്രി, കഴിഞ്ഞത് കഴിഞ്ഞു, ഇനി അതേപറ്റി പറഞ്ഞിട്ട് കാര്യമില്ലല്ലോ ” മഹി വളരെ കൂളായി പറഞ്ഞു.

” നിനക്ക് ഒട്ടും വിഷമമില്ലെടാ ” അദ്രി അവനോട് ചോദിച്ചു.ഒട്ടും വിഷമമില്ലെന്ന് പറഞ്ഞാൽ അത് നുണയായിപ്പോകും,ചെറുപ്പം മുതൽ മനസ്സിൽ കൊണ്ടുനടന്നതല്ലേ, ഒരുമിച്ച് വളർന്നതല്ലേ,പഴയ എല്ലാ ഓർമ്മയിലും അവൾ ഇങ്ങനെ നിറഞ്ഞു നിൽക്കുവല്ലേ,അപ്പോപിന്നെവേദനിക്കാതിരിക്കില്ലല്ലോ.മറക്കാൻ ശ്രമിക്കുന്നുണ്ട്, മറക്കണം…….
മറന്നല്ലേ പറ്റു, നാളെ കൂടെ കഴിഞ്ഞാൽ അവൾ മറ്റൊരുത്തന്റെ ഭാര്യല്ലേ ” മഹി പറഞ്ഞു.”ജയിലിലേക്ക് പോകുന്നതിന് തൊട്ട് മുൻപ് പോലും നിന്നോട് ഞാൻ പറഞ്ഞതല്ലേ എനിക്ക് വേണ്ടി ഒന്നും ചെയ്യാൻ നിൽക്കണ്ട നീ ശിവ പറയുന്നത് കേൾക്കാൻ, ജയിലിൽ നിന്ന് ഇറങ്ങിയ ശേഷവും ഞാൻ നിന്റെ കാല് പിടിച്ചതല്ലേ എന്റെ കൂടെ ഇവിടെ നിൽക്കണ്ട നാട്ടിലേക്ക് മടങ്ങാൻ, എങ്കിൽ നിനക്ക് അവളെ നഷ്ടപ്പെടില്ലായിരുന്നല്ലോ, എനിക്ക് ജീവിതകാലം മുഴുവൻ ഇത് ഓർത്ത് ജീവിക്കേണ്ടി വരില്ലായിരുന്നല്ലോ”
അദ്രി പറഞ്ഞു.

” പരസ്പരം സ്നേഹം മാത്രം ഉണ്ടായിട്ട് കാര്യമില്ല അദ്രി, വിശ്വാസം വേണം,എതിരെ നിൽക്കുന്ന ആളിന്റെ മനസ്സ് മനസ്സിലാക്കാൻ പറ്റണം,ഒരുമിച്ച് ഉണ്ടായതുകൊണ്ടുമാത്രം സ്നേഹമാവില്ല, നമ്മുടെ ആഭാവത്തിൽ പോലും നമ്മുടെ മനസ്സ് അറിയാൻ കഴിയണം . ഇതിലൊക്കെ ഉപരി പറയാൻ ഉള്ളത്‌ എന്താണെന്ന് കേൾക്കാനുള്ള ക്ഷമ വേണം, അംഗീകരിക്കാൻ ഉള്ള പക്വത വേണം, ഇതൊന്നും ശിവ എന്റെ കാര്യത്തിൽ കാണിച്ചില്ല.
നിന്നെ ഉപേക്ഷിച്ചാൽ മാത്രേ അവളുമായുള്ള ജീവിതം നടക്കുവെങ്കിൽ എനിക്ക് അങ്ങനെ ഒരു ജീവിതം വേണ്ട,മുന്നോട്ട് പോയി വേറെ പ്രേശ്നങ്ങൾ ഉണ്ടാവുന്നതിലും നല്ലത് ഇത് ഇങ്ങനെ അവസാനിക്കുന്നതാണ്.അവൾക്ക് വിധിച്ചിരിക്കുന്നത് ഋഷിയെ ആയിരിക്കും ” മഹി പറഞ്ഞു.

” പെറ്റമ്മയും കൂടപ്പിറപ്പുകളും ഉപേക്ഷിച്ച എന്റെ ഒപ്പം നീ എന്തിനാടാ ഇറങ്ങി പോന്നത്, നിന്നെ സ്നേഹിക്കുന്ന ഒരു അച്ഛനും അമ്മയും അനിയനുമില്ലേ നിനക്ക്, അവരോടൊപ്പം നാട്ടിലെ കമ്പനികാര്യങ്ങൾ നോക്കി ശിവയുടെ കൂടെ സന്തോഷത്തോടെ ജീവിക്കായിരുന്നില്ലേ നിനക്ക്, എന്തിനാ ഈ നശിച്ച എന്റെ കൂടെ പോന്നത് ” അദ്രിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

” നീ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എനിക്ക് അറിയാം, എന്തൊക്കെ തെളിവുകൾ നിരത്തിയാലും, ഇനി ദൈവം നേരിട്ട് ഇറങ്ങി വന്ന് പറഞ്ഞാലും എനിക്ക് നിന്നെ വിശ്വാസമാണ്, നീ തെറ്റ് ചെയ്യാത്തകാലത്തോളം നിന്നെ അങ്ങനെ ഒറ്റക്ക് വിടാൻ എനിക്ക് പറ്റില്ല,ഇനി ശിവയുടെ കാര്യം നമുക്കിടയിൽ ഒരു സംസാരവിഷയമാവരുത്” മഹി പറഞ്ഞു.” നീയും അവളും തമ്മിൽ ഇനി ഒരു ബന്ധവുമില്ലെന്ന് അവള് പറഞ്ഞെങ്കിലും അത് അവളുടെ വെറും വാശിയായിട്ട് മാത്രേ ഞാൻ കണ്ടിരുന്നോള്ളൂ, എന്നായാലും ശിവ നിന്നിലേക്ക് തന്നെ മടങ്ങി വരും എന്നതന്നെയായിരുന്നു എന്റെ വിശ്വാസം” അദ്രി ഒരു നെടുവീർപ്പോടെ പറഞ്ഞു.

” പക്ഷെ എനിക്ക് ഉറപ്പായിരുന്നു, അവള് ഒരു തീരുമാനമെടുത്താൽ അത് ഇനി എന്ത് വന്നാലും മാറില്ലെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു, ശിവയെ മറ്റാരേക്കാളും എനിക്ക് അറിയാം.
നീ ഇനി ഇത് ഓർത്ത് വിഷമിക്കണ്ട, ഈ ജന്മം എനിക്ക് ശിവയെ വിധിച്ചിട്ടില്ലെന്ന് കരുതിയാൽ മതി, നമ്മള് ആഗ്രഹിക്കുന്നതെല്ലാം നടക്കണമെന്ന് നമുക്ക് വാശി പിടിക്കാൻ പറ്റില്ലല്ലോ.മനസ്സിലുള്ളതൊക്കെ കളഞ്ഞിട്ട് നാട്ടിലേക്ക് പോകാൻ റെഡി ആവൂ, ഞാൻ ഗോകുൽനെ വിളിച്ചു പറഞ്ഞിട്ടുണ്ട് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ.നീയും ജോയലും ഭൈമിയും കൂടി പോയിട്ട് വാ, ഞാൻ ഇവിടെ അജിക്കൊപ്പം നിന്നോളം, അവന് വയ്യാത്തല്ലേ ” മഹി പറഞ്ഞു.

“എടാ അത്” അദ്രി പറയാൻ തുടങ്ങിയതും മഹി നിലത്തുനിന്നും എഴുന്നേറ്റു.” നീ നാളെ തന്നെ നാട്ടിലേക്ക് പോകുന്നു, ഞാൻ അമ്മാമ്മക്ക് വാക്ക് കൊടുത്തതാണ്, ഇതിൽ ഇനി ഒരു മാറ്റമില്ല ” അദ്രിയുടെ മറുപടിക്ക് കാത്ത് നിൽക്കാതെ മഹി താഴേക്ക് നടന്നു.മഹി പോകുന്നതും നോക്കി അദ്രി അങ്ങനെ നിന്നു.ആകാശത്ത് മിന്നി തെളിഞ്ഞു നിൽക്കുന്ന നക്ഷ്ത്രങ്ങൾ കണ്ടതും അദ്രി ടെറസിൽ ആകാശം കാണുന്ന രീതിയിൽ കൈകളിലേക്ക് തല വെച്ചു കിടന്നു.” മരിച്ചുപോയവരൊക്കെ ആകാശത്ത് നക്ഷത്രങ്ങളായി നമ്മളെ കാണാൻ വരുമെന്ന് പാട്ടി പറഞ്ഞിട്ടുണ്ട്,അതുകൊണ്ട് എന്ത് സങ്കടം വന്നാലും ഈ ആകാശത്തേക്ക് നോക്കി അപ്പാവോട് പറയും, അപ്പാ എല്ലാം കേട്ടിട്ട് എന്നെ കണ്ണുചിമ്മി ആശ്വസിപ്പിക്കും.നമ്മൾ എത്ര ദൂരയാണെങ്കിലും എന്തെങ്കിലും വിഷമം വന്നാൽ ഇങ്ങനെ ആകാശത്തേക്ക് നോക്കി അത് അപ്പാവോട് പറയണം, അപ്പാ അത് എന്നോട് പറയും, അങ്ങനെ അദ്രിയേട്ടന്റെ സങ്കടങ്ങൾ ഇല്ലാതാവും”
അദ്രിയുടെ ചെവിയിൽ ഇന്നലെ എന്നപോലെ ആ വാക്കുകൾ മുഴുങ്ങി കേട്ടുകൊണ്ടിരുന്നു.അവന്റെ കണ്ണുകൾ നീർച്ചാലുകളായി മാറി.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

പിറ്റേന്ന് രാവിലെ മിഥിലാപുരിയിൽ എല്ലാവരും ഒരുമിച്ച് ഇരുന്ന് രാവിലത്തെ ഭക്ഷണം കഴിക്കുകയായിരുന്നു.”അംബികേ ശിവ അമ്പലത്തിൽ പോയിട്ട് വന്നില്ലേ ” പ്രഭ ചോദിച്ചു. ഇല്ല അമ്മേ, ഹിമയും ഹൃദയും അവളോടൊപ്പം പോയിട്ടുണ്ട് ” അംബിക പറഞ്ഞു.ഹരി ഇന്നലെ ഒരുപാട് താമസിച്ചാണോ എത്തിയത് ” പ്രഭയുടെ ചോദ്യം ഇന്ദുവിന്റെ ഭർത്താവ് ഹരീഷിനോടായിരുന്നു. കുറച്ച് ലേറ്റയായി, വഴിയിൽ തിരക്ക് അല്പംകൂടുതലായിരുന്നു ” ഹരി പറഞ്ഞു.അംബികേ….. അടുക്കളയിൽ നിന്നും ബാക്കി ഉള്ളവരെ കൂടി ഇങ്ങ് വിളിക്ക് എനിക്ക് മുതിർന്ന എല്ലാവരോടുമായി ഒരു കാര്യം പറയാനുണ്ട് ” പ്രഭ പറഞ്ഞു.

അംബിക അടുക്കളയിൽ നിന്നും എല്ലാരേയും വിളിച്ചു. ഞാൻ പറയാൻ പോകുന്ന കാര്യത്തിൽ എനിക്ക് ആരുടെയും അഭിപ്രായങ്ങൾ അറിയണമെന്നില്ല, ഞാൻ എടുത്ത ഒരു തീരുമാനം എല്ലാവരോടുമായി പറയുന്നു. അങ്ങനെ കണ്ടാൽ മതി ഇത്.നാളെ ശിവയുടെ കല്യാണത്തിന് അവളുടെ ഇളയ ഏട്ടൻ അദ്രിയും ഉണ്ടാവും, ക്ഷേത്രത്തിൽ വച്ച് നടക്കുന്ന താലികെട്ട് ചടങ്ങിൽ അവന് പങ്കെടുക്കാൻ ഞാൻ അനുവാദം നൽകി കഴിഞ്ഞു ” പ്രഭ എല്ലാവരോടുമായി പറഞ്ഞു.മുരളിയും സേതുവും ഒഴികെ ബാക്കി എല്ലാവർക്കും അത് ഒരു ഷോക്ക് ആയിരുന്നു.

” അച്ഛമ്മേ………… ” ശിവയുടെ ശബ്ദം ആ മുറിയിൽ മുഴങ്ങി കേട്ടു.എല്ലാവരുടെയും ശ്രദ്ധ ഊണുമുറിയുടെ വാതിലിലേക്ക് നീണ്ടു.ദേഷ്യത്തിൽ ചുവന്ന വെളുത്ത മുഖവും ,വിടർന്ന കണ്ണുകളിലെ തീ പാറുന്ന നോട്ടവും, ദേഷ്യത്തിൽ മൂക്കിൻ തുമ്പിൽ പറ്റിച്ചേർന്നിരിക്കുന്ന വിയർപ്പുകണങ്ങളും അവളുടെ ഉള്ളിലെ അമർഷം വിളിച്ചു പറയുന്നുണ്ടായിരുന്നു.
മൂക്കിന്റെ അറ്റത്തെ കറുത്ത കളറിലെ മൂക്കുത്തി ചുവന്ന മൂക്കിന്റെ ഭംഗി ഒന്നുടെ വർധിപ്പിച്ചിരിക്കുന്നു.
കരിമ്പച്ചയും മഞ്ഞയും കലർന്ന ദാവണിയുടുത്ത്, നീളം കുറഞ്ഞ മുടി കുളിപ്പിന്നൽ ഇട്ട്, ക്ഷേത്രത്തിൽ പോയി തിരികെ എത്തിയായിരുന്നു ശിവ.

” അച്ഛമ്മ ഇപ്പോ ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്തിനാ, ആർക്ക് വേണ്ടയാണ്, ഞാൻ പറഞ്ഞോ എന്റെ വിവാഹത്തിന് അയാളെ ക്ഷണിക്കാൻ ”
ദേഷ്യത്തിന്റെ കൊടുമുടിയിലായിരുന്നു ശിവ അപ്പോൾ. ശിവ……. നീ ആരോടാ സംസാരിക്കുന്നതെന്ന് നിനക്ക് ബോധ്യമുണ്ടല്ലോ അല്ലേ ” ഭാമ അവളെ ശാസിച്ചു. നല്ല ബോധ്യമുണ്ട്………അച്ഛമ്മ ഇങ്ങനെ ഒരു തീരുമാനം എടുക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല, ഇവിടെ ആർക്കും അയാളെ കാണണ്ട, ആ പേര് പോലും ഇവിടെ എല്ലാവരും വെറുത്തതല്ലേ, പിന്നെ എന്തിനാ ഇപ്പോ അയാളെ ഇങ്ങോട്ട് വിളിച്ചു വരുത്തുന്നത് ” ശിവ ചോദിച്ചു.

” അയാളോ………അവൻ നിന്റെ ഏട്ടനാണ്, എന്റെ ഒപ്പം നിന്റെ ജീവിതത്തിൽ സ്ഥാനമുള്ളവൻ ” മുരളിപറഞ്ഞു.ഏട്ടനോ……..അയാളോ……..എനിക്ക് ഒരു ഏട്ടനെ ഉള്ളൂ,അത് ഈ ഇരിക്കുന്ന ശിവദേവ് എന്ന എന്റെ ദേവേട്ടനാണ്,
എന്നെ ഒരുപാട് സ്നേഹിച്ചിരുന്ന, ഞാൻ തിരികെ ഒരുപാട് സ്നേഹിച്ച ഒരു ഏട്ടനുംകൂടി ഉണ്ടായിരുന്ന എനിക്ക്, പക്ഷെ പതിനൊന്ന് വർഷങ്ങൾക്ക് മുൻപ് ആ ഏട്ടൻ മരിച്ചു ” ശിവ പറഞ്ഞു.

” ശിവ……….നിന്റെ വാക്കുകൾ അതിര് കടക്കുന്നു” മുരളി താക്കിതുപോലെ ശിവയോട് പറഞ്ഞു അവള് പറഞ്ഞതിൽ എന്താ തെറ്റ് ഇവിടെ എല്ലാവർക്കും അവൻ മരിച്ചു. അങ്ങനെ ഒരുത്തൻ ഈ കുടുംബത്തിൽ ഇല്ല, സ്വന്തം മക്കളെക്കാൾ ഞാൻ അവനെ സ്നേഹിച്ചതാണ്, അവന്റെ എല്ലാം കാര്യങ്ങൾക്കും കൂടെ നിന്നുട്ടുള്ളതാണ്, പക്ഷെ ഇത്രയും നെറികെട്ട ഒരുത്തനെ സ്നേഹിച്ചുപോയ നമ്മള് ഒക്കെയാണ് തെറ്റുകാർ, മൃഗങ്ങൾ പോലും അവനെക്കാൾ ഭേദമാണ് ” ശ്രീധരൻ പറഞ്ഞു( പ്രഭയുടെ മൂത്തമകൻ )

” അച്ഛമ്മ തന്നെയല്ലേ അവനെ ഈ തറവാട്ടിൽനിന്ന് പുറത്താക്കിയത്, പിന്നെ ഇപ്പോ പെട്ടെന്ന് അവനെ തിരികെ വിളിക്കുന്നത് എന്തിനാ, അവൻ ചെയ്ത തെറ്റുകളൊക്കെ അച്ഛമ്മ മറന്നോ, അതോ പൊറുത്തോ “അഭിഷേക് ചോദിച്ചു( ശ്രീധരന്റെ മകൻ ) ഞാൻ ആരോടും ക്ഷമിച്ചിട്ടില്ല, ഒന്നും മറന്നിട്ടുമില്ല.
പിന്നെ ഇനി ഇതിന്റെ പേരിൽ അവനെ ഈ തറവാട്ടിലേക്ക് തിരികെ വിളിക്കുമെന്നും ആരും കരുതണ്ട, ശിവയുടെ വിവാഹം കാണാൻ മാത്രേ ഞാൻ അവന് അനുവാദം കൊടുത്തിട്ടുള്ളു, അതിൽ എന്നെ ആരും ചോദ്യം ചെയ്യാൻ വരണ്ട.
ഇതിൽ എനിക്ക് ആരുടെയും അഭിപ്രായം ആവിശ്യമില്ലെന്ന് ഞാൻ ആദ്യമേ പറഞ്ഞു.
എന്റെ തീരുമാനം ഞാൻ നിങ്ങളെ അറിയിച്ചു, അത് അനുസരിക്കാൻ ഇവിടെ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടോ? പ്രഭ ചോദിച്ചു.

” അച്ഛമ്മയുടെ ഒരു തീരുമാനങ്ങളും ഇന്നുവരെ ഇവിടെ ആരും എതിർത്തിട്ടില്ല, പക്ഷെ ഇപ്പോ എടുത്ത ഈ തീരുമാനം തെറ്റായി പോയി, ശിവക്ക് പോലും താല്പര്യമില്ല അവനെ ഈ വിവാഹത്തിന് പങ്കെടുപ്പിക്കാൻ, പിന്നെ ആർക്ക് വേണ്ടിട്ടാണ് അച്ഛമ്മ ഇങ്ങനെ ഒരു തീരുമാനം എടുത്തത് ” ദേവൻ ചോദിച്ചു ( അദ്രിയുടെ മൂത്ത ഏട്ടൻ )” അതേ……ഇനി മറന്ന് തുങ്ങിയതൊക്കെ വീണ്ടും ഈ നാട്ടുകാരെ ഓർമിപ്പിച്ചു മിഥിലാപുരിയുടെ പേര് നശിപ്പിക്കാൻ അവനെ വീണ്ടും വിളിച്ചു വരുത്തേണ്ടിയിരുന്നില്ല ” ശ്രീധരൻ പറഞ്ഞു.

” ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശിവയും അദ്രിയും തമ്മിൽ ഉള്ള രക്തബന്ധം ആർക്കും എതിർക്കാൻ കഴിയുന്നതല്ല, അവന് ശിവയോടുള്ള സ്നേഹം എല്ലാവർക്കും അറിയാവുന്നതുമാണ്, അതുകൊണ്ട് മാത്രം ഈ തവണ അവൻ വരും വിവാഹം കൂടും തിരികെ പോകും,ഈ കാര്യത്തിൽ ഇനി ഒരു ചർച്ച ഇല്ല,ആര് പറഞ്ഞാലും തീരുമാനം മാറ്റാനും പോണില്ല ” പ്രഭ എഴുന്നേറ്റ് ഉള്ളിലേക്ക് പോയി.

അതിന് പുറകേ ഓരോരുത്തരായി മുറിക്ക് പുറത്തേക്ക് ഇറങ്ങി.ശിവ അവളുടെ മുറിയിലേക്ക് വന്ന് ബെഡിൽ ഇരുന്നു.അദ്രിയുടെ മുഖം മനസ്സിൽ തെളിഞ്ഞതും ശിവക്ക് അവളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല, മുറിയിൽ ഇരുന്ന സാധങ്ങൾ ഒക്കെ വലിച്ച് വാരി താഴേക്ക് ഇട്ടുകൊണ്ട് ശിവ അവളുടെ ദേഷ്യം തീർത്തു.”ശിവ…….. നീ എന്താ ഈ കാണിക്കുന്നത് ശബ്ദം കേട്ട് അങ്ങോട്ട് വന്ന അഭിരാമി ചോദിച്ചു ( ശ്രീധരന്റെ മകൾ )
” എനിക്ക് അയാളെ കാണണ്ട അഭിയേച്ചി, അയാളുടെ പേര് കേൾക്കുന്നതുപോലും എനിക്ക് അറപ്പാ, വെറുപ്പാ ” അഭി പറഞ്ഞു.

” ശിവ………അദ്രിയെ നീ ഇത്രക്ക് വെറുത്തുപോയോ മോളെ……..? അഭി ചോദിച്ചു.
ഞാൻ ഒരുപാട് സ്നേഹിച്ചതാണ് അയാളെ, വിശ്വസിച്ചതാണ് ആ എന്നെ തന്നെ അയാള് ചതിച്ചില്ലേ, ദുഷ്ടനാണ് മൃഗങ്ങൾ പോലും അയാളെക്കാൾ എത്രയോ ഭേദമാണ് ” ശിവ പറഞ്ഞു.

” മതി ശിവ………..
എന്തായാലും അച്ഛമ്മ എടുത്ത തീരുമാനം മാറില്ല, അദ്രി വന്ന് വിവാഹം കണ്ടിട്ട് പൊയ്ക്കോട്ടേ, എത്രയോ ആളുകളുണ്ടാവും നാളെ വിവാഹത്തിന് അവരിൽ നിനക്ക് അറിയാവുന്നവരും അറിയാത്തവരും ഉണ്ടാവില്ലേ, അങ്ങനെ നിനക്ക് പരിചയം പോലും ഇല്ലാത്ത ഒരാളാണ് അദ്രിയെന്ന് കരുതിയാൽ മതി, ഇനി ഇത് ആലോചിച്ച് ഇരിക്കാതെ താഴെ വന്ന് എന്തെങ്കിലും കഴിക്ക്, രാവിലെ മുതൽ ആളുകൾ വന്ന് തുടങ്ങും അപ്പോ ഇങ്ങനെ മുഖവും കയറ്റിപ്പിടിച്ചു ഇരിക്കാതെ, നാളെ നിന്റെ വിവാഹമാണ്, ആ സന്തോഷം ഈ ഒരു കാരണത്താൽ ഇല്ലാതാവരുത് ”

ശിവയെ പിടിച്ച് ബെഡിൽ ഇരുത്തി അവളുടെ മുഖം തനിക്ക് നേരെ ഉയർത്തി അഭി പറഞ്ഞു, എന്നിട്ട് വീർത്ത വയറും താങ്ങിപിടിച്ചു അവൾ മുറിക്ക് പുറത്തേക്ക് ഇറങ്ങി.അഭിപോയതും ശിവ ബാത്‌റൂമിലേക്ക് കയറി മുഖം കഴുകി, തിരികെ ഇറങ്ങിയതും അവളുടെ ഫോൺ റിങ് ചെയുന്നത് കേട്ടു.ടേബിളിലിരുന്ന് ഫോൺ എടുത്തതും ഡിസ്പ്ലേയിൽ തെളിഞ്ഞ ഋഷി എന്ന പേര് കണ്ടതും അവളുടെ ദേഷ്യം ഒന്ന് തണുത്ത്.

തുടരും