രചന – കണ്ണന്റെ മാത്രം
എല്ലാവരും അച്ചുവിന്റെ മറുപടി അറിയാനായി അവനെ നോക്കി..
അവൻ ഗൗരിയെ ഒന്ന് നോക്കി… അതുവരെ അവനെ തന്നെ നോക്കിയിരുന്നവൾ അതോടെ മുഖം മാറ്റി…
എനിക്ക് താല്പര്യം ഇല്ല. വേറെ ഒന്നുകൊണ്ടല്ല ഞാൻ പറഞ്ഞിരുന്നല്ലോ എനിക്ക് ഒരു കുട്ടിയെ ഇഷ്ടമാണ്. ആ കുട്ടിക്കും ഇഷ്ടമാണെന്നാണ് എന്റെ അറിവ്. ഇനിപ്പോ അയാൾക്ക് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും അയാളല്ലാതെ വേറെ ഒരു കുട്ടി എന്റെ ലൈഫിൽ ഉണ്ടാകില്ല…സോറി ശിവാനി…
അച്ചുവിന്റെ മറുപടി കേട്ടതും ശിവാനിയുടെയും വേദികയുടെയും മുഖത്ത് ദേഷ്യം നിറഞ്ഞെങ്കിൽ ബാക്കി ഉള്ള എല്ലാവരുടെയും മുഖതും സന്തോഷം ആയിരുന്നു. ബാലുവിനും ശിവജിത്തിനും അവന്റെ റിജെക്ഷനിൽ തെറ്റൊന്നും തോന്നിയില്ല. അതുകൊണ്ട് തന്നെ അവർക്കും സന്തോഷം തന്നെ ആയിരുന്നു.
വേദികക്കും ശിവാനിക്കും എന്തേലും പറയണം എന്നുണ്ടെങ്കിലും അച്ചുവിനെ പേടിച്ച് ഒന്നും മിണ്ടിയില്ല..ദേഷ്യം വന്ന അവൻ എന്താ ചെയ്യാ
അച്ചുവിന്റെ മറുപടി കേട്ട ഗൗരി തല താഴ്ത്തി ഇരുന്നു. അവളുടെ കവിളുകൾ തുടുത്തിരുന്നു.
അതു സാരമില്ല അച്ചു ഞങ്ങൾ ഒരു പ്രൊപോസൽ വച്ചു അതു നിനക്ക് താല്പര്യം ഇല്ലാത്തത് കൊണ്ട് നീ റിജക്റ്റ് ചെയ്യ്തു അതിനു സോറി ഒന്നും പറയണ്ട കാര്യം ഇല്ല… ശിവജിത് ഒരു ചിരിയോടെ പറഞ്ഞു…
എല്ലാരും പോയി റെഡി ആവാൻ തുടങ്ങിക്കോ ഫങ്ക്ഷൻ തുടങ്ങാറായില്ലേ… ആദി പറഞ്ഞു.
എല്ലാവരും റെഡി ആകാനായി പോയി..
കല്ലുവിന്റെയും ഗൗരിയുടെയും ദാവണി കണ്ടപ്പോ ദേവൂട്ടിക്കും ലച്ചുവിനും ദാവണി ഉടുക്കാം എന്ന് തോന്നി..അവരും തപ്പി തിരഞ്ഞു ഓരോ പുതിയ ദാവണി എടുത്തു വന്നു. ഗൗരി മൂന്നുപേർക്കും നല്ല വൃത്തിയിൽ ദാവണി ഉടുത്ത് കൊടുത്തു. തയ്യാറായി താഴേക്ക് ഇറങ്ങിയ നാലുപേരെയും കണ്ട എല്ലാവരുടെയും കണ്ണ് വിടർന്നു. അത്രേം ഭംഗി ഉണ്ടായിരുന്നു നാലുപേരെയും കാണാൻ.
രുദ്രന്റെ കണ്ണുകൾ ലച്ചുവിനെ തന്നെ നോക്കികൊണ്ടിരുന്നു. ലച്ചുവിന് രുദ്രനെ മുഖമുയർത്തി നോക്കാൻ സാധിക്കുന്നില്ലായിരുന്നു. അത്രേം തീവ്രമായിരുന്നു അവന്റെ നോട്ടം.
ആ സമയത്താണ് ഹരിയും സുലുവും കൂടി വന്നത്. അവർ വന്നതും ലച്ചുവും ദേവൂട്ടിയും അവരുടെ അടുത്തേക്ക് പാഞ്ഞു.
മാമേ… മാമി എന്താ ഇത്രേ വൈകിയെ നിങ്ങൾ രാവിലെ എത്തും എന്നാണല്ലോ അമ്മ പറഞ്ഞത്. ദേവൂട്ടി ചോദിച്ചു
അതു നിന്റെ മാമയോട് ചോദിക്ക്. ഞാൻ രാവിലെ മുതൽ റെഡി ആയി നിൽക്കുന്നതാണ്. ഓഫീസിൽ പോയിട്ട് ഇപ്പൊ വരാം എന്നും പറഞ്ഞു പോയ ആള് വരുന്നത് ഇത്തിരി നേരത്തെ ആണ്. സുലു ഹരിയെ നോക്കി കണ്ണുരുട്ടികൊണ്ട് പറഞ്ഞു..
അതുപിന്നെ പെട്ടുപോയതല്ലേ എന്റെ സുലു. നീ ഒന്ന് ക്ഷമിക്ക്.. ഹരി അവരുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചുകൊണ്ട് പറഞ്ഞു.
പോ അവിടെന്ന് എന്നും പറഞ്ഞു തിരിഞ്ഞപ്പോ ആണ് ദേവൂട്ടിയുടെ ഒക്കെ പിന്നിൽ നിൽക്കുന്ന ഗൗരിയെയും കല്ലുവിനെയും സുലു കാണുന്നത്. ഇതാരാ ലച്ചു ഈ മക്കള് കണ്ടിട്ടില്ലല്ലോ ഇതുവരെ..അവർ ചോദിച്ചു
നമ്മുടെ ഓഫീസിൽ വർക്ക് ചെയ്യുന്ന ചേച്ചിമാരാണ് മാമി.. ചേച്ചിമാരെ ഇതു നമ്മുടെ സീതമ്മയുടെ സഹോദരൻ ആണ്. ഹരി മാമ ഭാര്യ സുല്ഫത്ത്… ദേവൂട്ടി പറഞ്ഞു .
സുല്ഫത്ത് എന്ന പേരുകേട്ടപ്പോ കല്ലുവും ഗൗരിയും കൺഫ്യൂഷനോടെ അവരെ നോക്കി..
കൺഫ്യൂഷൻ ആയല്ലേ. മാമി നല്ല അസ്സലൊരു ഉമ്മിച്ചി കുട്ടി ആണ്. ഹരി മാമ പോയി കണ്ണും കലാശവും കാട്ടി അടിച്ചോണ്ട് പോന്നതാ മാമിയെ… ലച്ചു ഒരു കുസൃതിയോടെ പറഞ്ഞു..
ഇതുകേട്ട ഹരി ഡി മോളെ വേണ്ട വേണ്ട എന്നും പറഞ്ഞു ലച്ചുവിന്റെ തലയിൽ ഒരു കൊട്ട് കൊടുത്തു.
ആ സമയത്താണ് അച്ചുവും കൂട്ടരും അങ്ങോട്ട് വന്നത്. അച്ചുവിനെ കണ്ടതും സുലു മുഖം കയറ്റി തിരിഞ്ഞു നിന്നു. അതുകണ്ടതും അച്ചു അവരെ പിന്നിലൂടെ വട്ടം കെട്ടിപിടിച്ചു.
എന്റെ മാമിപെണ്ണ് പിണങ്ങിയോ.. നേരം കിട്ടാഞ്ഞിട്ടല്ലേ.. ഈ ആഴ്ച ഞാൻ എന്തായാലും വരുന്നുണ്ട്…
എന്തായാലും വരില്ലേ പറ്റിക്കില്ലല്ലോ.. അവർ കേറുവോടെ ചോദിച്ചു..
ഇല്ല.. എന്തായാലും വരും എന്റെ മാമിപെണ്ണ് ആണേ ഉറപ്പ്.. അച്ചു അവരുടെ കവിളിൽ ഒന്ന് മുത്തികൊണ്ട് പറഞ്ഞു.
ഗൗരി അച്ചുവിന്റെ ഈ ഒരു രൂപം കണ്ട് ഞെട്ടി നിൽക്കുകയായിരുന്നു. വന്നിട്ട് ഇത്രേം നേരം ആയിട്ടും അച്ചുവിന് ഇങ്ങനെ ഒരു അടുപ്പം ആരോടും ഉള്ളതായിട്ട് തോന്നിയിരുന്നില്ല. എല്ലാവരോടും കുറച്ച് ഗൗരവത്തിൽ തന്നെ ആണ് പെരുമാറി കണ്ടത്… പക്ഷേ തികച്ചും വ്യത്യസ്ഥനായി തോന്നി..
കണ്ട… കണ്ട… മാമിക്ക് അച്ചുവേട്ടനെ കിട്ടിയപ്പോ വേറെ ആരെയും വേണ്ട.. ഹും… ഇതും പറഞ്ഞു ലച്ചു മുഖം കോട്ടി കാണിച്ചു.
അയ്യടി കുശുമ്പി പെണ്ണെ… അങ്ങനെ തന്നെ ആണ് അവനെ എന്റെ മോൻ ആണ്. സുല്ഫത്ത് ഒരു കുറുമ്പോടെ പറഞ്ഞു.
ആ സമയത്താണ് കേക്ക് മുറിക്കാനായി എല്ലാവരെയും വിളിക്കാനായി സീത അങ്ങോട്ട് വന്നത്. അവർ ഹരിയെ കണ്ടതും മുഖം തിരിച്ച് നിന്നു. എന്നിട്ട് സുലുവിനോട് സംസാരിച്ചിട്ട് എല്ലാവരെയും വിളിച്ചിട്ട് തിരിഞ്ഞ് പോകാൻ തുടങ്ങി…
എന്റെ പൊന്ന് സീതകുട്ടിയെ അത്യാവശ്യമായതുകൊണ്ടല്ലെടാ പോകേണ്ടി വന്നത്. സത്യായിട്ടും ഞാൻ വേഗം ഇറങ്ങാൻ പറ്റും എന്ന വിചാരിച്ചത്. ഇനി നീയും കൂടി പിണങ്ങല്ലേ.. ഹരി അവരെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു..
മ്മ്… ഈ പ്രാവശ്യം ക്ഷമിച്ചിരിക്കുന്നു. ഇനി ഇങ്ങനെ ഉണ്ടാവരുത്. അവർ ഒരു കുറുമ്പോടെ പറഞ്ഞു..
ആ ശരി ശരി.. ഇനി ഉണ്ടാവില്ല.. നീ വാ നമുക്ക് കേക്ക് കട്ട് ചെയ്യാൻ പോകാം.അല്ലെങ്കിൽ നിന്റെ കെട്ടിയോൻ അന്വേഷിച്ചു വരും. ഇപ്പൊ ഇനി അവന്റേം കൂടി പിണക്കം തീർക്കാൻ വയ്യ.. അവനെ ഞാൻ പിന്നെ ഒതുക്കിക്കോളാം. അതും പറഞ്ഞു അയാൾ അവരെയും കൊണ്ട് മുന്നിൽ നടന്നു. അച്ചു സുലുവിനെ തോളത്തുകൂടെ ചുറ്റിപ്പിടിച്ചു കൊണ്ട് അവരുടെ പിന്നിൽ ആയും പോയി. ഏറ്റവും പിന്നിൽ ആയാണ് പെൺപിള്ളേര് പട പോയത്.
അച്ചുവേട്ടന്റെ ഈ രൂപം കണ്ട് ഞെട്ടിണ്ടാവും നിങ്ങൾ അല്ലെ ലച്ചു ചോദിച്ചു.
ആ ആള് ആരോടും ഇങ്ങനെ ഒരു അടുപ്പം കാണിക്കുന്നത് ഈ നേരം വരെ കണ്ടില്ലല്ലോ അതെന്താ… കല്ലു പറഞ്ഞു
ഹരി മാമക്ക് മക്കൾ ഇല്ല… അമ്മക്ക് അച്ചുവേട്ടനും കണ്ണേട്ടനും ഉണ്ടായപ്പോ മാമിയുടെ വിഷമം കണ്ടിട്ട് അവർക്ക് ഒരു മൂന്നുവയസ്സ് ഒക്കെ കഴിഞ്ഞപ്പോ തൊട്ട് അച്ചുവേട്ടനെ അവരുടെ കൂടെ ആക്കി. അച്ചുവേട്ടനും മാമിയോട് ഒരു വല്ലാത്ത അറ്റാച്ച്മെന്റ്റ് ആയിരുന്നു ആദ്യം മുതലേ..
അതുകൊണ്ട് തന്നെ അച്ചുവേട്ടൻ അധികവും അവരുടെ കൂടെ ആയിരുന്നു. എനിക്ക് തോന്നാറുണ്ട് മാമിക്ക് അച്ചുവേട്ടൻ കഴിഞ്ഞിട്ടേ ഹരിമാമ വരെ ഉള്ളൂ എന്ന്. അച്ചുവേട്ടന് തിരിച്ചും മാമി കഴിഞ്ഞിട്ടേ ആരും ഉള്ളൂ. ലച്ചു ഒരു ചിരിയോടെ പറഞ്ഞു.
ഗൗരി വിടർന്ന കണ്ണുകളോടെ അവളുടെ കുറച്ച് മുന്നിൽ ആയി പോകുന്ന അച്ചുവിനെയും സുലുവിനെയും നോക്കി. അവരെ രണ്ടുപേരെയും കണ്ടാൽ അമ്മയും മകനും അല്ലാന്നു ആരും പറയില്ല. അത്രേം അടുപ്പം തോന്നുന്നുണ്ട് രണ്ടുപേരും തമ്മിൽ….
എല്ലാവരും വന്നതും മുത്തശ്ശനെയും മുത്തശ്ശിയെയും കേക്കിന് മുന്നിലായി നിർത്തി കേക്ക് മുറിക്കാനായി പറഞ്ഞു. അവർ കേക്ക് മുറിച്ചു പരസ്പരം കൊടുത്തതിനു ശേഷം ബാക്കി എല്ലാവർക്കും കൊടുത്തു. ഗൗരിക്കും കല്ലുവിനും കിട്ടുന്ന പ്രാധാന്യം ഒട്ടും ഇഷ്ടമാവുന്നുണ്ടായില്ല. പക്ഷേ അവർക്ക് ഒന്നും പറയാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല.
കേക്ക് കട്ടിങ് കഴിഞ്ഞതും എല്ലാരും ഗിഫ്റ്റ് കൊടുക്കാൻ തുടങ്ങി. ഗൗരിയും കല്ലുവും കൂടിയാണ് ആ പോർട്രൈറ്റും ഡ്രെസ്സും കൊടുത്തത്. ലച്ചു ആ പോർട്രൈറ്റ് അപ്പൊ തന്നെ പൊട്ടിച്ചു നോക്കി. അതുകണ്ട എല്ലാവരും ഞെട്ടിപ്പോയി അത്രേം ജീവൻ തുടിക്കുന്ന ഒന്നായിരുന്നു അതു. അതു കണ്ട എല്ലാവർക്കും കല്ലുവിന്റെ കഴിവിൽ അത്ഭുതം തോന്നി.
മുത്തശ്ശനും മുത്തശ്ശിയും അവളുടെ നെറുകയിൽ കൈവച്ച് അനുഗ്രഹിച്ചു…
ഒരുപാട് നന്നായിട്ടുണ്ട്. ഇനിയും വരയ്ക്കണം. ഇങ്ങനത്തെ കഴിവുകൾ ഒന്നും ഇല്ലാതെയാക്കരുത്..
ഇതൊക്കെ കണ്ട് വേദിക ആകെ അസൂയ പിടിച്ചിരിക്കുന്ന നേരത്താണ് നേരത്താണ് തേജ ഒറ്റക്ക് പുറത്ത് നിന്നു വരുന്നത് വേദിക കാണുന്നത്.
അവർ വേഗം തേജയുടെ അടുത്തേക്ക് പോയി..
വേദിക തന്റെ അടുത്തേക്ക് വരുന്നത് കണ്ട തേജ എന്താണാവോ കാര്യം എന്നറിയാൻ അവിടെ തന്നെ നിന്നു…
വേദിക തേജയുടെ അടുത്തു വന്നിട്ട് ചുറ്റും നോക്കി ആരും കാണുന്നില്ല എന്ന് ഉറപ്പു വരുത്തി..
എന്താ വേദിക എന്തിനാ നീ ഇത്ര തിടുക്കപ്പെട്ട് വരുന്നത്…
ഒന്നുമില്ല തേജ ഒരു കാര്യം പറയാനായി വന്നതാ. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് നിനക്ക്. ഈ കൂടെ വർക്ക് ചെയ്യുന്നവർക്ക് ഒക്കെ ഇത്രേം പ്രാധാന്യം കൊടുക്കേണ്ട കാര്യം ഉണ്ടോ…
തേജ മനസിലായില്ല എന്നത് പോലെ മുഖം ചുളിച്ചു നോക്കി..
അല്ല ആ കുട്ടികളെ.. അവർക്ക് ഇത്രേം പ്രാധാന്യം കൊടുക്കേണ്ട കാര്യം ഉണ്ടോ.. അവരൊക്കെ ഏതു തിരക്കാരാണെന്ന് നമുക്ക് അറിയില്ലല്ലോ…
ഇതുകേട്ടതും തേജക്ക് ദേഷ്യം വന്ന് തുടങ്ങിയിരുന്നു. എങ്കിലും അവൾ അതു കടിച്ചുപിടിച്ചുകൊണ്ട് പറഞ്ഞു.. അവർ നല്ല കുട്ടികൾ ആണ്. പിന്നെ ലച്ചുവും ദേവൂട്ടിയും അവരുമായിട്ട് നല്ല കൂട്ടാണ്..
അല്ല.. എന്നാലും..വേദിക പറയാൻ തുടങ്ങിയതും തേജ അതിനെ തടഞ്ഞുകൊണ്ട് പറഞ്ഞു…
അങ്ങനെ കൂടെ വർക്ക് ചെയ്യുന്നവരെ ആ രീതിയിൽ കണ്ടാൽ മതി എന്നാണെങ്കിൽ നീയും കൂടെ വർക്ക് ചെയ്യുന്ന ബന്ധം തന്നെ അല്ലെ. പിന്നെ കൂടെ പഠിച്ചിരുന്നത്. ആ സമയത്ത് നമ്മൾ അത്ര കൂട്ടൊന്നും ഉണ്ടായിരുന്നില്ലല്ലോ. ഇപ്പോഴല്ലേ ആയത്. അതും നിങ്ങൾ DM ഹോസ്പിറ്റലിൽ ജോയിൻ ചെയ്തതിനു ശേഷം. അപ്പൊ പിന്നെ നിങ്ങളും അവരും തമ്മിൽ എന്താ വ്യത്യാസം. എന്നോട് പറഞ്ഞത് പറഞ്ഞു. ഇനി വേറെ ആരോടും പറയാൻ നിക്കണ്ട. ദേവൂട്ടിയോ ലച്ചുവോ കേട്ടാൽ ഈ മയം ഉണ്ടാവില്ല അവരുടെ സംസാരത്തിൽ… ഇതും പറഞ്ഞു തേജ ഉള്ളിലേക്ക് പോയി..
വേദിക വിളറിവെളുത്തു അവിടെ നിന്നുപോയി…
അങ്ങനെ സെലിബ്രേഷൻ എല്ലാം ഭംഗിയിൽ കഴിഞ്ഞു. ദേവൂട്ടിയും ലച്ചുവും കൂടി ഗൗരിയെയും കല്ലുവിനെയും കൊണ്ടാക്കാൻ പോകാൻ ഇറങ്ങി.
ഗൗരി കുറെ പറഞ്ഞു നോക്കി അവളുടെ ചേട്ടനെ വിളിക്കാം എന്ന് പക്ഷേ അവർ ഒരു പൊടിക്ക് സമ്മതിച്ചില്ല…
ഇറങ്ങാൻ നേരം എല്ലാവരും പുറത്തേക്ക് വന്നു. അച്ചു ഗൗരിയെ നോക്കി കണ്ണു ചിമ്മി കാണിച്ചപ്പോൾ കണ്ണൻ കല്ലുവിനെ നോക്കി ഒറ്റകണ്ണിറുക്കി കാണിച്ചു. അവർ എല്ലാവരോടും യാത്ര പറഞ്ഞ് ദേവർ മഠത്തിൽ നിന്നും തിരിച്ചു പോയി…

by