17/02/2026

എന്റെ പെണ്ണ് : ഭാഗം 37

രചന – നന്ദിത ദാസ്

എന്നെ പോലെ തന്നെ എല്ലാവരും ആവേശത്തിൽ ആയിരുന്നു…

ഹരിയേട്ടനും ഉള്ളു തുറന്നു സന്തോഷിക്കുന്നതായി എനിക്ക് തോന്നി…

ഏഷ്യയുടെ മധ്യഭാഗത്തു സ്ഥിതി ചെയ്യുന്ന സ്വർഗ്ഗ ഭൂമി..
#കശ്മീർ…

ആ പേര് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് തണുപ്പ് ഇരച്ചു കയറാൻ തുടങ്ങും…

മലയും താഴ്‌വാരമെല്ലാം മഞ്ഞാൽ മൂടിക്കിടക്കുന്നു…

ഒരു ആരവത്തോടെയാണ് ഞങ്ങളുടെ വാഹനം #തങ്ധർ ക്യാമ്പിലേക്ക് ഇരച്ചു നിന്നത്…

ഒരുപാട് പട്ടാളക്യാമ്പുകൾ കാശ്മീരിൽ സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും ഏറ്റവും അപകട മേഖലകളിൽ സ്ഥിതി ചെയുന്ന ഒന്നായിരുന്നു തങ്ധർ ക്യാമ്പ്…

ശത്രുവിന്റെ തീയമ്പുകളെ ഭയന്ന് ഉറക്കമില്ലാത്ത രാത്രികൾ ഓരോന്നായി കഴിച്ചു കൂട്ടേണ്ട ഇടം…

ഒരു ആക്രമണം ഏത് നിമിഷവും പ്രതീക്ഷിക്കാം…

ജാഗരൂകരായി ഇരിക്കണം…

അത് മാത്രമാണ് ഓരോ പട്ടാളക്കാരന്റെയും മനസ്സിൽ…

****

അതിർത്തിയിൽ #മെന്താറിലേ പത്രി ഗ്രാമത്തിൽ ഒരുപാട് ആളുകൾ തിങ്ങി വസിക്കുന്നുണ്ട്…

കൃഷിയും കന്നുകാലി വളർത്തലും സ്വയം തൊഴിലാക്കിയവർ…

ഇടയ്‌ക്കൊക്കെ പത്രി ഗ്രാമത്തിൽ മൊത്തത്തിൽ ഒരു വീക്ഷണം നടത്താൻ ഞങ്ങളെ ഓരോരുത്തരെയും ഡ്യൂട്ടിയിൽ ഇടാറുണ്ടായിരുന്നു…

വേഷത്തിലും ഭാഷയിലും ഒരുപാട് വ്യത്യാസം നിറഞ്ഞവരായിരുന്നു പ്രദേശവാസികൾ…

കൊച്ചു കുഞ്ഞുങ്ങൾ പോലും ഭയന്നാണ് നടക്കുന്നത്…

‘ഓരോ രാത്രിയും പീരങ്കിയുണ്ടകൾ ഇവിടെ വന്നു വീഴുന്നു…
എപ്പോഴാണ് ഞങ്ങൾ കൊല്ലപ്പെടുകയെന്നു അറിയില്ല..
പേടിച്ചരണ്ടാണ് ജീവിതം ‘

നാട്ടുവാസിയായ ഒരു വൃദ്ധന്റെ വാക്കുകൾ ഇപ്പോളും ഹൃദയത്തിൽ തട്ടി നിൽക്കുന്നു…

പാക് ഷെല്ലാക്രമണം രൂക്ഷമായതോടെ ജനങ്ങളെ സുരക്ഷിതമായി മാറ്റി പാർപ്പിക്കാൻ ബങ്കറുകൾ നിർമ്മിച്ചിട്ടുണ്ട്…

അതുകൊണ്ടൊന്നും സമാധാനം കിട്ടില്ലെന്നാണ് ഓരോരുത്തരുടെയും വാദം…

പാക് വെടിവെയ്പ് രൂക്ഷമായതോടെ അതിർത്തി ഗ്രാമത്തിലെ ജനങ്ങൾ എല്ലാവരും ഭീതിയിൽ ആയിരുന്നു…

ഞങ്ങളാൽ കഴിയുന്ന വിധം അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും ഇവരുടെ ജീവിതത്തെ ഓർത്തു സങ്കടപെടാത്ത ഒരു നിമിഷം പോലും ഉണ്ടായിട്ടില്ല…

വാർത്തകളിലും സിനിമകളിലും കാണുന്ന വെറും കെട്ടുകഥകൾ അല്ല ഇവരുടെ ജീവിതം…

തികച്ചും പച്ചയായ ജീവിതയാഥാർഥ്യം…

നാട്ടിൽ നമ്മുടെ കുടുംബം സുരക്ഷിതരായിരിക്കുമ്പോൾ കിട്ടുന്ന സന്തോഷം ഒന്നും ഇവിടെ വരുമ്പോൾ ഇവിടുത്തെ ആളുകളുടെ ജീവിതം കാണുമ്പോൾ നമുക്ക് ലഭിച്ചില്ലെന്ന് വരും…

ജീവന് വേണ്ടി അത്രയ്ക്ക് ഉരുകുന്നുണ്ട് ഇവിടുത്തെ ഓരോ മനുഷ്യ ജന്മങ്ങളും…

ഞങ്ങളുടെ മിഷൻ തുടങ്ങിയതോടെ കൂടുതൽ ഒളിപ്പോരുകളും പരിശീലനമുറകളും തുടർന്നു…

ദിവസങ്ങൾ കഴിയുംതോറും തണുപ്പ് കൂടി കൂടി വന്നു…

കാൽവെള്ളകളും കൈകളും പൊട്ടാൻ തുടങ്ങി…

നീറുന്ന വേദനയിലും ഒരാളും പതറിയില്ല…

ചില ദിവസങ്ങളിൽ തണുപ്പ് മൂലം വായ്‌ തുറക്കാൻ പോലും ആകുമായിരുന്നില്ല…

ആഴ്ചയിൽ ഒരു ദിവസം മാത്രമായിരുന്നു നാട്ടിലേക്കുള്ള ഫോൺ വിളി…

സ്വരം ഒന്ന് മാറിയാൽ ഇന്ദുവിനു പെട്ടെന്ന് മനസ്സിലാകും…
അതുകൊണ്ട് ഇവിടുത്തെ കാര്യങ്ങളൊക്കെ പറയുമ്പോൾ അത്ര ഗൗരവം നിറഞ്ഞതായി അവൾക്കു തോന്നാതിരിക്കാൻ ഒരുപാട് കള്ളങ്ങൾ പറയേണ്ടി വന്നു….

ഞങ്ങൾ ക്യാമ്പിൽ ചെന്നതിന്റെ രണ്ടാം മാസമാണ് വീണ്ടും പ്രശ്നങ്ങൾ രൂക്ഷമാകുന്നത്…

ഓരോ മണിക്കൂർ ഇടവിട്ടുള്ള ഡ്യൂട്ടിയിൽ ഇടയ്ക്ക് ഉറങ്ങാൻ കുറച്ചു സമയം കിട്ടി…

ഒന്ന് മയക്കത്തിലേക്ക് വീണത് മാത്രമേ ഓര്മയുള്ളു…

കൂടെയുള്ളവരുടെ അലർച്ച കേട്ടതോടെ ഉറക്കത്തിൽ നിന്നും ഞാൻ ഞെട്ടി ഉണർന്നു…

തൊട്ടടുത്ത മെന്താറിലെ #ഷജ്‌ല ഗ്രാമം അഗ്നിഗോളമായി മാറുന്ന കാഴ്ച്ച…

സകലവിധ സന്നാഹങ്ങളുമായി അവിടേക്ക് പുറപ്പെട്ടു…

ആളിക്കത്തുന്ന തീയിൽ നിന്നും ആളുകളെ രക്ഷിച്ചു പുറത്ത് കൊണ്ടുവന്നു…

കുറെയധികം മനുഷ്യജീവനുകളും കന്നുകാലികളുംഅവിടെ പൊലിഞ്ഞു…

പിഞ്ചു കുഞ്ഞുങ്ങളുടെ വരെ ചേതനയറ്റ ശരീരം…

പെട്ടെന്ന് എനിക്കു നിധി മോളെയാണ് ഓർമ വന്നത്…

ഒരു തുള്ളി കണ്ണീർ വീഴ്ത്താതിരിക്കാൻ കഴിഞ്ഞില്ല…

ബാക്കിയുള്ള ആളുകളെ ബങ്കറുകളിലേക്കു മാറ്റി…

രാവിലെ പ്രദേശമാകെയുള്ള തിരച്ചിലിനു ഒടുവിൽ കത്തിയമർന്ന മോർട്ടാറിന്റെ ഭാഗങ്ങൾ കണ്ടു കിട്ടി…

ഒരു നിമിഷം പോലും ആലോചിക്കാതെ തിരിച്ചടിച്ചു…

റഡാറുകളും പീരങ്കിയുണ്ടകളും പാകിസ്താന്റെ മാറിനെ പിളർത്തി കൊണ്ടു കുതിച്ചു പാഞ്ഞു…

വെടിവെയ്പ്പ് രൂക്ഷമായതോടെ ഉറക്കവും ഇല്ലാതായി…

ഇങ്ങോട്ടു തരുന്നതിന്റെ ഇരട്ടിയായി പ്രഹരങ്ങൾ പാകിസ്ഥാനെ തേടിയെത്തി…

തിരിച്ചടികൾ ശക്തമായതോടെ പിന്നെ കുറേ ദിവസത്തേക്ക് അവരിൽ നിന്നും അപായ സൂചനകൾ ഒന്നും ലഭിച്ചില്ല…

ഒരുപാട് നാളുകൾക്കു ശേഷം ഇന്നാണ് ശാന്തമായി ഒന്ന് ഉറങ്ങുന്നത്…

നെറ്റ് വർക്ക്‌ ബാൻ ചെയ്തതോടു നാട്ടിലേക്കുള്ള വിളികൾ ഇല്ലാതായിട്ട് ദിവസങ്ങൾ കഴിഞ്ഞിരുന്നു….

ഇന്ദുവും മോളും വിങ്ങലായി മനസ്സിന്റെ ഒരു കോണിൽ തന്നെ ഉണ്ടായിരുന്നു…

ഒരാഴ്ച കഴിഞ്ഞതോടെ എല്ലാം പഴയ രീതിയിലേക്ക് മടങ്ങി വന്നു….

ഉള്ള സമയം പാഴാക്കാതെ നാട്ടിൽ വിളിച്ചു വിശേഷങ്ങൾ ചോദിച്ചു…

സമയപരിധി ഉള്ളതുകൊണ്ട് എല്ലാ കാര്യങ്ങളും പറയാൻ കഴിയുമായിരുന്നില്ല…

എങ്കിലും എല്ലാരും സുഖമായി ഇരിക്കുന്നു എന്നറിഞ്ഞാൽ ഇവിടെയും അവിടെയും സന്തോഷം…

ഫോൺ വിളി കഴിഞ്ഞപ്പോൾ ഹരിയേട്ടന്റെ മുഖം മ്ലാനമായിരുന്നു…

“എന്താ ഹരിയേട്ടാ…
മോൾക്ക്‌ എന്തെങ്കിലും?? ”

“ബുധനാഴ്ച ഓപ്പറേഷൻ ആണ്…
ഓർക്കുമ്പോൾ എനിക്കു ഭയം തോന്നുന്നു…
എന്റെ മോൾക്ക്‌ വല്ലതും…”

“ശ്ശെ… എന്തായിത് ഹരിയേട്ടാ…
മോളുടെ ഓപ്പറേഷൻ നടക്കട്ടെ…
എല്ലാം ഭംഗിയാകും…
ഇങ്ങനെ ഭീരു ആകാതെ… ”

“എനിക്കൊരു സമാധാനവും ഇല്ല വിഷ്ണു…
ഉറങ്ങിയിട്ട് ദിവസങ്ങളായി…
ഇവിടേക്ക് ഒരു പോസ്റ്റിങ് വേണ്ടായിരുന്നു എന്ന് തോന്നുവാ… ”

“കഴിഞ്ഞത് കഴിഞ്ഞു ഇനി അതിനെ പറ്റി ഓർത്തു തല പുണ്ണാക്കണ്ട…
ഏട്ടൻ വാ… ”

ഹരിയേട്ടനെ പറഞ്ഞു ആശ്വസിപ്പിച്ചുകൊണ്ടു ഞാൻ ക്യാമ്പിലേക്ക് പോയി….

****

ഇന്ന് ബുധനാഴ്ച…
ഹരിയേട്ടന്റെ മകളുടെ ഓപറേഷൻ…

കൈയിലുണ്ടായിരുന്ന ചെറിയ കൃഷ്ണ വിഗ്രഹം എടുത്തു ഞാൻ മനസ്സറിഞ്ഞു പ്രാർത്ഥിച്ചു…

ആ മോൾക്ക് ആയുസ്സും ആരോഗ്യവും കൊടുക്കണേന്നു…

ഹരിയേട്ടൻ രാവിലെ മുതൽ നല്ല ടെൻഷനിൽ ആയിരുന്നു…

അവിടുത്തെ വിവരങ്ങൾ അറിയാൻ ഒരു കാൾ എങ്കിലും ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്ന് പലവട്ടം എന്നോട് പറഞ്ഞു…

മൊബൈൽ ഫോണുകൾ ഒന്നും അലോഡ് അല്ലാത്തതിനാൽ ആ വഴിയും അടഞ്ഞിരിക്കുന്നു…

അങ്ങനെയാണ് ഗ്രാമത്തിലെ ബൂത്തിൽ നിന്നും വിളിച്ചു തിരക്കാമെന്നു എന്നോട് പറയുന്നത്…

ക്യാമ്പിന് പുറത്തോട്ട് അതും പേഴ്‌സണൽ കാര്യത്തിനുള്ള പോക്ക് മുൻപ് തന്നെ കേണൽ വിലക്കിയിട്ടുണ്ട്…

ഞാൻ ഒരുപാട് പറഞ്ഞിട്ടും ഹരിയേട്ടൻ കേട്ടില്ല…
നാട്ടിൽ വിളിച്ചു വിവരം തിരക്കിയിട്ട് വരാമെന്നു പറഞ്ഞു കാവൽ നിൽക്കുന്ന പട്ടാളക്കാരനെ മറ്റെന്തോ ധരിപ്പിച്ചു ഏട്ടൻ പുറത്തേക്കു പോയി…

എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നു എന്ന് മനസ്സിൽ പലവട്ടം തോന്നി…

മിനിറ്റുകൾക്ക് ഉള്ളിൽ മടങ്ങി വരേണ്ട ഹരിയേട്ടൻ മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല…

ഓർക്കുംതോറും തലയ്ക്ക് ഭ്രാന്ത് പിടിക്കുന്നതായി തോന്നി…

ക്യാമ്പിന് പുറത്തേക്കു ഇറങ്ങാൻ നേരമാണ് വിക്രം സർ മിന്നല് പോലെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്…

ആ സമയം തന്നെ രണ്ടുമൂന്നു ഗ്രാമവാസികൾ ക്യാമ്പിലേക്ക് ഓടിയെത്തി….

ദേഹപരിശോധന നടത്തി അവരെ കടത്തി വിടാൻ മേജർ അനുമതി കൊടുത്തു…

വന്നവരുടെ കണ്ണുകളിലെ ഭീതി അശുഭകരമായതെന്തോ വിളിച്ചോതുന്നുണ്ടായിരുന്നു…

അവരുടെ സംസാരത്തിൽ നിന്നും ഒരു കാര്യം എനിക്കുറപ്പായി ഹരിയേട്ടൻ ട്രാപ്പ്ഡ്…

തലയിൽ കൈ വെച്ച് വിക്രം സർ എന്നെ നോക്കി…

“അവർ പറഞ്ഞത് കേട്ടില്ലേ വിഷ്ണു…
നമ്മുടെ കൂട്ടത്തിൽ ഒരാൾ ഭീകരരുടെ പിടിയിൽ ആയെന്ന്… ”

വിക്രം സർ കുലുക്കി വിളിച്ചപ്പോൾ ആണ് ഞാൻ ഞെട്ടലിൽ നിന്നും മുക്തനായത്…

“യെസ് സർ… ”

“ഇമ്മീഡിയേറ്റെലി എല്ലാവരും ഗ്രൗണ്ടിൽ ഹാജർ ആകാൻ പറയൂ…
മിസ് ആയത് ആരാണെന്നു അങ്ങനെ തിരിച്ചറിയാം…
ഫാസ്റ്റ് അപ്പ്‌… ”

വിക്രം സർ അലറുക ആയിരുന്നു…

“സോറി സർ…
അത് ഹരിയേട്ടൻ ആണ്… ”

വിക്രം സാറിന്റെ കണ്ണുകളെ നേരിടാനാകാതെ ഞാൻ തല താഴ്ത്തി…

“വാട്ട്‌???”

“ഇട്സ് ട്രൂ സർ…. ”

“ഓഹ് മൈ ഗോഡ്…
വാട്ട് ദി ഹെൽ ആർ യൂ സ്പീകിംഗ്…
നോൺസെൻസ്… ”

ക്യാപ്റ്റനും മേജറും കേണലും ബ്രിഗേഡിയനും എല്ലാം എനിക്കു മുന്നിൽ അണി നിരന്നു…

കുറ്റപ്പെടുത്തലുകൾ അമിതമായപ്പോൾ വിക്രം സർ എന്നെ രക്ഷിക്കാൻ ഇടപെട്ടു…

ഇതേ സമയം തന്നെ പാകിസ്ഥാന്റെ ഫാക്സ് ലഭിച്ചു…

തടവിലാക്കിയ പട്ടാളക്കാരനെ ജീവനോടെ വിട്ടയക്കണമെങ്കിൽ നമ്മൾ തടവിലക്കിയ അവരുടെ ലഷ്‌കർ തലവനെ വിട്ടുകൊടുക്കണമെന്നായിരുന്നു അതിൽ….

എന്തു ചെയ്യണമെന്ന് പരസ്പരം ചർച്ച ചെയ്യുന്ന അവരുടെ മുന്നിലേക്ക് നെഞ്ചും വിരിച്ചു ഞാൻ എഴുന്നേറ്റു നിന്നു….

“ഞാൻ റെഡിയാണ് സർ എന്തിനും…
അവരുടെ ഒളിത്താവളം കണ്ടുപിടിച്ചു ഹരിയേട്ടനെ ഇവിടെ കൊണ്ടുവന്നിട്ടല്ലാതെ എനിക്കിനി വിശ്രമം ഇല്ല… ”

“ബട്ട്‌ എങ്ങനെ??
പോസിബിൾ ആയിട്ടുള്ള കാര്യം പറയൂ വിഷ്ണു… ”

“പോസിബിൾ ആകും സർ…
അവർ എങ്ങനെ നമ്മുടെ രാജ്യത്തു കയറിപ്പറ്റിയോ അതേ നാണയത്തിൽ ഞാനും തിരിച്ചടിച്ചിരിക്കും….
ബിലീവ് മി സർ… ”

(തുടരും )