13/02/2026

ഈ നിമിഷം : ഭാഗം 09

രചന – രോഹിണി ആമി

അമ്മയ്ക്ക് നല്ല വിഷമം ഉണ്ടായിരുന്നു വിഷ്ണുവിനെയും ഹരിയെയും വിട്ടു നിൽക്കാൻ.. ആദ്യമായിട്ടാണ് എന്നു തോന്നുന്നു മക്കളെ പിരിഞ്ഞു നിൽക്കുന്നത്… തനിക്കിതിൽ നിന്നും കര കയറണം എന്ന് നിച്ഛയം ഉള്ളപോലെ… അതിന് പദ്മ അടുത്തു വേണം എന്ന പോലെ ..

അമ്മയും കൂടി വീട്ടിൽ വന്നപ്പോൾ വല്ലാത്തൊരു ഉന്മേഷം ആയിരുന്നു പദ്മക്ക്… അമ്മയ്‌ക്കൊപ്പം ആയിരുന്നു കൂടുതൽ സമയവും… തനിച്ചിരുന്നു വിഷമിക്കാൻ അവസരം കൊടുത്തില്ല… തലയിൽ എണ്ണയൊക്കെ വെച്ചു കൊടുത്തു… കുളിച്ചു വന്നപ്പോൾ തന്നെ അമ്മയ്‌ക്കൊരു ഉന്മേഷം വന്നു… രണ്ട് അമ്മമാർ തമ്മിൽ കൂടിയപ്പോൾ കുറച്ചു കൂടി വീടൊന്നുണർന്നു… രാത്രിയിൽ പദ്മയ്ക്ക് ഒരു കാൾ വന്നു ഹിമയുടെ…

അമ്മയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു വന്നത് ഇഷ്ടമായിട്ടില്ല.. അതാ പറച്ചിലിൽ ഉണ്ട്.. പ്രത്യേകിച്ച് താൻ കൊണ്ടുവന്നത്… അമ്മയെ നോക്കാൻ ആ മക്കൾക്ക് അറിയാം ന്ന്… ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടാൻ നീ ആരാണ് എന്നു ചോദിച്ചു വഴക്ക് പറഞ്ഞു… മര്യാദക്ക് അമ്മയെ തിരിച്ചു കൊണ്ടുവിടണം… പണ്ടത്തെ ബന്ധവും പറഞ്ഞു ആ വീട്ടിൽ കയറിയിറങ്ങി ചുമ്മാ പേരുദോഷം ഉണ്ടാക്കി വെക്കരുത്…. ആ വീട്ടിലെ കാര്യങ്ങളിൽ മേലാൽ തലയിടരുതെന്നും പറഞ്ഞു……

പദ്മയ്ക്ക് ഹിമയോട് വല്ലാത്ത ദേഷ്യം തോന്നി…”എങ്കിൽ ചേച്ചി വന്നു നിൽക്ക് അമ്മയ്‌ക്കൊപ്പം…. ഒത്തിരി ദിവസം ഒന്നും വേണ്ടാ.. വെറും ഒരാഴ്ച മാത്രം… ഞാൻ അമ്മയെ തിരിച്ചു കൊണ്ടുവിടാം.. പറ്റുമോ”… ഹിമയുടെ മറുപടി മൗനമായിരുന്നു…

“പറ്റില്ല അല്ലേ… എങ്കിൽ പിന്നെ ഇതങ്ങു സഹിച്ചേക്ക്… ഞാൻ അമ്മയെ എടുത്തോണ്ട് പോന്നതല്ല.. പൂർണസമ്മതത്തോടെ വന്നതാ… എന്ന് അമ്മയ്ക്ക് തിരിച്ചു പോകണം എന്നു പറയുന്നുവോ അന്നേ ഞാൻ വിടൂ.. നീ പേടിക്കേണ്ട… ആ വീട്ടിൽ ഒരു അധികാരം എടുക്കാനും ഞാൻ വരില്ല… അതൊക്കെ അവിടെ ഉപേക്ഷിച്ചിട്ടു തന്നെയാ ഇങ്ങോട്ട് പോന്നത്… ചേച്ചി വെച്ചിട്ട് പോയേ…എനിക്ക് വേറെ പണിയുണ്ട്.. അമ്മയ്‌ക്കേ ടാബ്ലറ്റ് കൊടുക്കാൻ ടൈം ആയി “… പദ്മ കാൾ കട്ട്‌ ചെയ്തു… ഹൊ…. എന്തൊരാശ്വാസം….. അപ്പോൾ അവൾക്ക് ആവശ്യം ഉണ്ടെങ്കിൽ കാൾ ചെയ്യാൻ സമയം കണ്ടെത്താനും അറിയാം അല്ലേ… സ്വയമൊന്നു ചിരിച്ചു….

രാവിലെ സ്കൂളിലേക്ക് ഇറങ്ങിയപ്പോൾ അച്ഛനും രാധമ്മയ്ക്കും കൊടുക്കുന്ന കൂട്ടത്തിൽ അമ്മയ്ക്കും കൊടുത്തു കവിളിൽ ഒരു പെടയ്ക്കുന്ന ഉമ്മ… മൂന്നാളും തന്നെ യാത്ര അയയ്ക്കാൻ നിൽക്കുമ്പോൾ ഒരു എൽ കെ ജി കുട്ടിയായി മാറുന്നോ എന്നൊരു സംശയം….. ഇപ്പോൾ തനിക്ക് കുറച്ചു പുന്നാരവും കൊഞ്ചലും ഒക്കെ കൂടിയ പോലെ … സ്കൂളിൽ എത്തുമ്പോൾ മാത്രമാണ് താനൊരു ടീച്ചർ ആണെന്ന ബോധം വരിക… സ്കൂട്ടി പാർക്ക്‌ ചെയ്തതും കാറ്റു പോലെന്തോ ഒന്ന് ഓടി വന്നു ദേഹത്തേയ്ക്ക് ഒട്ടി…. വയറിൽ മുഖം വെച്ചു കുറച്ചേറെ നേരം നിന്നു… ഈ പെണ്ണിത് എന്തുവാ കാണിക്കുന്നേ…. എനിക്കാണേൽ ഇക്കിളി എടുക്കുന്നു…. കയ്യിലിരുന്ന ബുക്ക്‌ വെച്ചു ചെറിയൊരു അടി കൊടുത്തു… ഒന്നൂടെ മുഖം ചേർത്തതല്ലാതെ മാറിയില്ല… അവളുടെ മാത്രം സ്വത്താണ് താനെന്ന ഭാവമാണ് പെണ്ണിന്…

“മാറിക്കേ… ടീച്ചറിന് ക്ലാസ്സിൽ കേറണ്ടേ”… അവൾ അനങ്ങിയില്ല….. “നിനക്ക് എന്റെ മണം ഇത്രയ്ക്ക് ഇഷ്ടമാണേൽ ഞാൻ അടിക്കുന്ന സ്പ്രേ നാളെ കൊണ്ടുത്തരാം.. എപ്പോളും മണത്തോണ്ട് നടന്നോ “… പദ്മ ചിരിയോടെ പറഞ്ഞു…

“പ്രേ വേണ്ടാ… എനിക്ക് ടീച്ചറിന്റെ വയറിലെ മണം ഒത്തിരി ഇഷ്ടവാ”.. കെട്ടിപ്പിടുത്തം വിടാതെ അവൾ മുഖത്തേക്ക് നോക്കി പറഞ്ഞു…. “ഇന്ന് എന്നെ ഇതിൽ കൊണ്ടോകുവോ “…സ്കൂട്ടിയിൽ തൊട്ടു കൊണ്ട് അവൾ ചോദിച്ചു…

“നിന്റെ അച്ഛൻ വഴക്ക് പറയില്ലേ മിന്നു.. വെറുതെ ടീച്ചറിനെ വഴക്ക് കേൾപ്പിക്കണോ”.. പദ്മ അങ്ങനെ ചോദിച്ചപ്പോൾ അവളുടെ മുഖം മങ്ങി… തിരിച്ചു നടന്നു….. വയറിൽ നിന്നും അവൾ മുഖം അടർത്തി മാറ്റിയപ്പോൾ എന്തോ ഒന്ന് ആത്മാവിൽ നിന്നും അടർന്നു ദൂരേക്ക് പോകും പോലെ….

“നോക്കട്ടേ അച്ഛൻ കാണാതെ വീട്ടിൽ കൊണ്ടാക്കാൻ പറ്റുമോന്ന്…” പദ്മ ഉറക്കെ പറഞ്ഞപ്പോൾ അവൾ തിരിഞ്ഞു നിന്നു ചിരിച്ചു… ഓടി വന്നു വയറിൽ ഉമ്മ വെച്ചു.. മുഖം ഇട്ട് ഉരുട്ടി… സന്തോഷത്തോടെ ക്ലാസ്സിലേക്ക് തുള്ളി തുള്ളി പോയി… “ഇതൊരു ശീലം ആക്കണ്ട നീ.. ഇന്ന് മാത്രേ ഉള്ളൂ “.. പദ്മ പറയുന്നത് കേട്ടിട്ടും തുള്ളൽ നിർത്തിയില്ല.. അങ്ങനെ തുള്ളി തുള്ളി കുഞ്ഞുബാക്കും കുലുക്കി കുലുക്കി പോയി … പദ്മ ആ പോക്ക് കണ്ടു ചിരി അടക്കി…പുന്നാരിപ്പെണ്ണ്.. ഇവൾ എന്നെ ചീത്ത കേൾപ്പിച്ചേ അടങ്ങൂന്ന് തോന്നുന്നു.. അതും യമണ്ടൻ ചീത്ത…..

വൈകുന്നേരം ആയപ്പോൾ വണ്ടിയുടെ അടുത്ത് തന്നെ ഹാജർ ആയിട്ടുണ്ട് ആള്… സ്വന്തം വണ്ടിയെന്ന പോലെയാ നിൽപ്പ് ഒക്കെ… ചാരി കയ്യുംകെട്ടി.. പദ്മ വണ്ടി സ്റ്റാർട്ട്‌ ചെയ്തു കയറി ഇരിക്കാൻ പറഞ്ഞു….

ദൈവമേ.. ഈ പെണ്ണ് ഇതെന്തുവാ കാണിക്കുന്നേ… വലിഞ്ഞു കയറാൻ നോക്കുവാ… കയറിയപ്പോളോ തിരിഞ്ഞായി ഇരുപ്പ്… എന്നിട്ട് ഞാൻ എവിടെയെന്നു നോക്കുവാ… ഈ പെണ്ണ്…. പദ്മ സ്വയം തലക്കടിച്ചു… ഇറങ്ങിയിട്ട് ആളെ നേരെ ഇരുത്തി….. “ഇതിനെപ്പറ്റി വല്യ പിടിയില്ല അല്ലേ “… അവൾ ചമ്മിയ ചിരി ചിരിച്ചു… പദ്മ വയറു പൊത്തി പൊട്ടിച്ചിരിച്ചു…. അവൾ പദ്മയെ ആദ്യമായി കാണും പോലെ കണ്ണുകൾ വിടർത്തി നോക്കി… പദ്മ കയറിയിരുന്നു രണ്ടു കുഞ്ഞു കയ്യും വയറിൽ ചുറ്റി പിടിപ്പിച്ചു…. എന്നിട്ട് പതിയെ വണ്ടി ഓടിച്ചു…. ഇടയിൽ പദ്മ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു… അവൾക്ക് കേൾക്കാൻ ബുദ്ധിമുട്ട് ആയിട്ട്…ങ്ങേ… ങ്ങേ…എന്തുവാ….. എന്നൊക്കെ ചോദിക്കുന്നുണ്ട്… ആ കുഞ്ഞുമുഖം തന്റെ പുറത്ത് ചേർത്തു വെച്ചിട്ടുണ്ടായിരുന്നു…. വീടിന്റെ മുന്നിൽ നിർത്താൻ മടിയായിരുന്നു…. കുറച്ചു മാറ്റി നിർത്തിയിട്ടു അവളെ മെല്ലെ പിടിച്ചിറക്കി… യാത്ര ചെയ്തത് മതിയായില്ലെന്ന് ആ മുഖത്തുണ്ട്.. ഒപ്പം വിഷമവും…. ബാഗ് എടുത്ത് കയ്യിൽ പിടിപ്പിച്ചു കവിളിൽ പിടിച്ചു വലിച്ചു…. “ഇടയ്ക്ക് ടീച്ചർ കൊണ്ടുപോകാം സ്കൂട്ടിയിൽ കേട്ടോ “.. ആ മുഖം തെളിഞ്ഞു തലയാട്ടി സമ്മതിച്ചു… തുള്ളി തുള്ളി വീട്ടിലേക്ക് പോയി…. പെണ്ണിന് സന്തോഷം വന്നാൽ ഒരുമാതിരി ഈ തുള്ളലാ… അവൾ വീടിന് ഉള്ളിലേക്ക് കയറിയെന്ന് കണ്ടപ്പോൾ പദ്മ തിരിച്ചു പോന്നു…

വീട്ടിലെത്തി ചായ ഒക്കെ കുടിച്ചിരിക്കുമ്പോൾ മിന്നുവിന്റെ കാര്യം പറഞ്ഞു…. രാധമ്മ പറഞ് ഇപ്പോ അമ്മയ്ക്കും അറിയാം മിന്നുവിനെ… സ്കൂട്ടിയിൽ പിന്നോട്ട് ഇരുന്നിട്ട് ചുറ്റും നോക്കിയ കാര്യവും തുള്ളി തുള്ളി പോയതും ഒക്കെ…. അമ്മ അതെല്ലാം കേട്ട് ചിരിക്കുന്നത് കണ്ടപ്പോൾ പദ്മ അവൾ കാണിച്ചത് പോലെ സ്കൂട്ടിയിൽ ഇരുന്നു ആക്ഷൻ കൂടി കാട്ടി കൊടുത്തു…. പിന്നെ തുള്ളി തുള്ളി പോകുന്നതും… അമ്മയും രാധമ്മയും അച്ഛനും അതുകണ്ടിട്ട് പൊട്ടിച്ചിരിച്ചു….. പദ്മ അതുനോക്കിയിട്ട് വീണ്ടും തുള്ളിക്കാണിച്ചു…. അമ്മ ‘ഇനി വയ്യാ ചിരിപ്പിക്കല്ലേ’ എന്ന് കൈകൊണ്ട് കാണിക്കുന്നുണ്ട്… മൂന്നാളുടെയും ചിരിയും നോക്കി നിന്നപ്പോളാണ് പെട്ടെന്ന് അവർ ചിരിയൊക്കെ നിർത്തി മാന്യന്മാർ ആയത്…. ആരെയോ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ പദ്മ തിരിഞ്ഞു നോക്കി….

“വിഷ്ണുവും ഹരിയും”… അവരും അമ്മയുടെ ചിരി നോക്കി നിൽക്കുവായിരുന്നു… അതും അത്ഭുതത്തോടെ.. വന്ന് ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും ഇത്രയ്ക്കും മാറ്റം വന്നതിൽ.. “മക്കൾ വാ… ഇരിക്ക്… വന്നിട്ട് ഒത്തിരി നേരമായോ “.. അച്ഛൻ അവർക്കരികിലേക്ക് ചെന്നു…

“പദ്മ സ്കൂട്ടറിൽ കേറിയപ്പോഴേ വന്നതാ”.. ഹരി ചിരിച്ചുകൊണ്ട് പറഞ്ഞു…. പദ്മ മെല്ലെ അടുക്കളയിലേക്ക് വലിഞ്ഞു…..

“ഞങ്ങളെ ചിരിപ്പിക്കാൻ വേണ്ടി ഓരോന്ന് കാണിച്ചു കൂട്ടുന്നതാ അവൾ.. ഇപ്പോളിത് നിങ്ങളുടെ അമ്മയെ ചിരിപ്പിക്കാൻ നോക്കിയതാ.. സ്കൂളിലെ ഓരോ പൊട്ടത്തരങ്ങൾ…”.. അച്ഛൻ പറഞ്ഞു.. “അതൊക്കെ പോട്ടേ… ഹിമ വിളിച്ചോ മോനേ “.. വിഷ്ണു എന്തോ ആലോചനയിൽ ആയിരുന്നു… “വിളിച്ചു “.. ന്ന് മറുപടി പറഞ്ഞു ….

“എന്നെ വിളിച്ചില്ല.. ആ.. തിരക്കാവും “.. അച്ഛൻ സ്വയം ആശ്വാസം കണ്ടെത്തി… അമ്മ അങ്ങോട്ടേക്ക് വന്നപ്പോൾ അവർക്ക് സംസാരിക്കാൻ വേണ്ടി അച്ഛൻ ഒഴിഞ്ഞു മാറി… അമ്മയുടെ കയ്യിൽ പിടിച്ചു വിഷ്ണുവും ഹരിയും വെളിയിലേക്ക് പോയി… നിറയെ വയലറ്റ് പൂക്കളുള്ള ചെടിയുടെ അടുത്ത് നിന്നു… വിഷ്ണു അമ്മയുടെ മുഖത്ത് തലോടി… ഹരി അമ്മയെ കെട്ടിപ്പിടിച്ചു തോളിൽ മുഖം വെച്ചു…

“നമുക്ക് വീട്ടിലേക്ക് പോകാം അമ്മേ.. അമ്മ ഇല്ലാഞ്ഞിട്ട് ഒരു സുഖവുമില്ല…. ഇവിടെ ഇങ്ങനെ..ഒരു ബന്ധവും ഇല്ലാതെ നിൽക്കുന്നത് … ഞാനും ഹരിയും ഉണ്ടല്ലോ ഇപ്പോൾ വീട്ടിൽ… അല്ലെങ്കിലും കേൾക്കുന്ന ആളുകൾ എന്തു പറയും..വാ അമ്മേ “.. വിഷ്ണു പറഞ്ഞു…

“നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ അമ്മ ഇവിടെ നിൽക്കുന്നതിൽ “… കെട്ടിപ്പിടിച്ചു നിൽക്കുന്ന ഹരിയുടെ കവിളിൽ തലോടി ചോദിച്ചു… ഹരി ഇല്ലെന്ന രീതിയിൽ ചുമൽ കൂച്ചി… ” പിന്നെ ആർക്കാ ബുദ്ധിമുട്ട്…ഹിമ ആണോടാ പറഞ്ഞത്”.. വിഷ്ണു തല കുനിച്ചു..

“എനിക്ക് ഇപ്പോൾ വേണ്ടത് എന്നെ മനസ്സിലാക്കുന്ന ഒരു പെൺകുഞ്ഞിനെ ആണ്.. എന്റെ അടുത്ത് അഞ്ചു മിനിറ്റ് പോലും തികച്ചിരിക്കാത്ത ഹിമയോട് ഞാൻ എന്തു പറയാൻ ആണ്”.. അമ്മ പറയുന്നത് കേട്ടപ്പോൾ രണ്ടാളും നിലത്തേക്ക് നോക്കി നിന്നു…

“ടാ മക്കളേ നിങ്ങൾക്ക് മനസ്സിലാകുമോന്ന് അറിയില്ല,…. ഏതുനേരവും കൂടെ ഉണ്ടായിരുന്ന പാർട്ണർ പെട്ടെന്ന് ഒരു നാൾ ഇല്ലാതാകുമ്പോൾ ഉണ്ടാകുന്ന ഫീൽ.. ചിലപ്പോൾ മക്കളുടെ ആശ്വാസ വാക്കുകൾ പോലും ഉൾക്കൊള്ളാൻ പറ്റാത്ത അവസ്ഥ”.. അമ്മ ഒന്ന് ദീർഘമായി ശ്വസിച്ചു.. “അമ്മയുടെ സ്വഭാവം നിങ്ങൾക്ക് രണ്ടാൾക്കും അറിയാമല്ലോ.. ഒരിക്കലും ഒരിടത്തും ചടഞ്ഞു കൂടിയിരിക്കാൻ അമ്മ ഇഷ്ടപ്പെടാറില്ലെന്ന്… നിങ്ങളുടെ അച്ഛന് ഒട്ടും ഇഷ്ടമില്ല അങ്ങനെ ഞാൻ”….. അമ്മയുടെ കണ്ണു നിറഞ്ഞൊഴുകി…. വിഷ്ണുവും ഹരിയും രണ്ടു വശത്തു നിന്നും കെട്ടിപ്പിടിച്ചു അമ്മയെ…

“അമ്മ വരും… ഞാൻ കുറച്ചു നാൾ കൂടി ഇവിടെ നിന്നോട്ടെ.. നിങ്ങൾ മാത്രേ അവളെ വേണ്ടാന്ന് വെച്ചിട്ടുള്ളൂ… പദ്മ എന്റെ മകൾ തന്നെ ആണ് .. അന്നും ഇന്നും.. അവൾക്ക് ഞാൻ പറയാതെ തന്നെ എല്ലാം മനസ്സിലാകും…. അവളുടെ അടുത്ത് അമ്മ ഹാപ്പിയാണ്… അല്ലാ അത് നിങ്ങൾ കണ്ടുകൊണ്ടല്ലേ വന്നത് “…. അമ്മ രണ്ടാളുടെയും നെറുകയിൽ ഉമ്മ വെച്ചു പറഞ്ഞു …. പദ്മ ഒരു ട്രേയിൽ ചായ കൊണ്ടു വന്നു… രണ്ടാൾക്കും കൊടുത്തു…

“അമ്മയ്ക്കുള്ള പാല് ഞാൻ എടുത്തു വെച്ചിട്ടുണ്ട് വാ”.. മറ്റുള്ള കുട്ടികളോട് സ്വന്തം അമ്മ സ്നേഹം കാട്ടുമ്പോൾ കുശുമ്പ് തോന്നുന്ന കുട്ടിയെപ്പോലെ ഉണ്ടായിരുന്നു അപ്പോൾ അവളുടെ രീതി… അവർക്കരികിൽ നിന്നും അമ്മയെ വിളിച്ചു കൊണ്ട് പോകാൻ വല്ലാത്ത ധൃതി ആയിരുന്നു അപ്പോൾ അവൾക്ക്….എങ്ങാനും മക്കൾ മനസ്സ് മാറ്റി അമ്മയെ കൊണ്ടുപോയാലോന്ന് ഓർത്തിട്ടാവും അമ്മയുടെ കയ്യിൽ പിടിച്ചു അകത്തേക്ക് കൊണ്ടുപോയി….

അത് കണ്ട് ഹരി ഒരു ചിരിയോടെ വിഷ്ണുവിനോട് പറഞ്ഞു…. ” ഏട്ടൻ ഏട്ടത്തിയെ പറഞ്ഞു മനസ്സിലാക്ക്… അമ്മ പദ്മയുടെ അടുത്ത് ഹാപ്പി ആണ്.. നമുക്ക് അതുപോരെ ഏട്ടാ.. ഒന്ന് ഓർത്തു നോക്കിക്കേ അച്ഛൻ പോയിട്ടു അമ്മ ഒന്നു ചിരിച്ചിട്ടുണ്ടോ.. ആ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയിട്ടുണ്ടോ… നമ്മൾ തന്നെ പേടിച്ചതല്ലേ ആ അവസ്ഥ കണ്ട്.. ചിലപ്പോൾ നമുക്ക് വേണ്ടി ആവും അമ്മയ്ക്ക് മാറണം എന്നൊരു തോന്നൽ വന്നത്…. നമുക്ക് വേറെ ആരാണ് ഉള്ളത് ഇനി അമ്മ അല്ലാതെ”…..

“ടാ എന്നാലും ഹിമ പോലുമില്ലാതെ ഇവിടിങ്ങനെ നിൽക്കുന്നത്…….. അമ്മയ്ക്ക് ഹിമ ആയിട്ട് മാത്രല്ലേ ബന്ധം ഉള്ളൂ “.. വിഷ്ണു മടിയോടെ പറഞ്ഞു…

“ഇപ്പോൾ ബന്ധവും സ്നേഹവും ഒന്നും ഞാൻ നോക്കുന്നില്ല… അമ്മയുടെ സന്തോഷം മാത്രം… അതല്ലേ നമുക്ക് വേണ്ടതും “… ഹരി വിഷ്ണുവിനെ ആശ്വസിപ്പിച്ചു…. ഹരിയുടെ മനസ്സിനുള്ളിൽ കുറച്ചേറെ പ്ലാൻ പുകമറ നീക്കി തെളിഞ്ഞു വരുന്നുണ്ടായിരുന്നു…. ചെറിയൊരു ചിരിയോടെ കണ്ണുകൾ അകത്തേക്ക് ആരെയോ തേടി നടന്നു ….

തനിച്ച് നിന്ന പദ്മയുടെ അടുത്തേക്ക് വിഷ്ണു വന്നു.. അയാളെ കണ്ട് പോകാൻ തുടങ്ങിയ പദ്മയ്ക്ക് നേരെ മടക്കിയ കുറച്ചു നോട്ടുകൾ നീട്ടി… “അമ്മയെ നോക്കുന്നതിന്റെ കൂലി ഒന്നുമല്ല പദ്മ … അമ്മയ്ക്ക് വേണ്ടി എന്തെങ്കിലും വാങ്ങാൻ “…….. തനിക്ക് നേരെ കാശ് നീട്ടുന്ന വിഷ്ണുവിനെ സൂക്ഷിച്ചു നോക്കി…

“കൊണ്ടോയി കൊടുക്ക്‌ തന്റെ കെട്ടിയോൾക്ക്… കാശു കൊണ്ട് എല്ലാവരെയും അളക്കുന്ന പോലെ ഈ പദ്മയെ അളക്കാൻ നിൽക്കണ്ടാന്ന് പറഞ്ഞേക്ക് … ഇറക്കി വിടാത്തത് ആ അമ്മയ്ക്ക് വിഷമം ആകുമല്ലോ എന്നോർത്ത് മാത്രമാ… മേലാൽ എന്നോട് ഇമ്മാതിരി വർത്തമാനം പറഞ്ഞോണ്ട് വന്നാൽ അന്നെനിക്കിട്ട് താൻ തന്നത് ഞാൻ തിരിച്ചു തരും… ചേച്ചിയുടെ കെട്ടിയോൻ ആണെന്നൊന്നും ഞാൻ നോക്കില്ല”… ചൂണ്ടു വിരൽ നീട്ടി പദ്മ ദേഷ്യത്തിൽ നിന്ന് വിറച്ചു…. എന്നിട്ട് അകത്തേക്ക് പോയി…

ഹിമ വിളിച്ച് അമ്മയെ തിരിച്ചു കൊണ്ടുവരണം എന്ന് ഇന്നലെ കട്ടായം പറഞ്ഞതാണ്…. എങ്ങനെയും തിരിച്ചു കൊണ്ടുവരണം… അവൾക്ക് നാണക്കേട് ആണ് പോലും… അമ്മയെ നോക്കിയതിനു പദ്മയ്ക്ക് പൈസയും കൊടുക്കണം എന്ന് പറഞ്ഞു… അതൊന്നും നടക്കില്ലെന്നു മുന്നേ അറിയാമായിരുന്നു.. ഹിമ ക്യാഷ് കൊടുക്കാൻ പറഞ്ഞെങ്കിലും അങ്ങനെ ചെയ്താൽ അത് മര്യാദ ആവില്ലെന്ന് വിഷ്ണുവിന് നന്നായിട്ട് അറിയാമായിരുന്നു… അമ്മയുടെ സന്തോഷത്തിന് പദ്മയോട് നന്ദി പറയണം എന്ന് തോന്നി…എന്തു പറഞ്ഞു തുടങ്ങും… എന്തെങ്കിലും ഒന്ന് സംസാരിക്കാൻ വേണ്ടി എടുത്തിട്ടതാണ് ഇത്… പക്ഷേ കയ്യിൽ നിന്ന് പോയി…..

അവർ പോകാനിറങ്ങിയപ്പോൾ യാത്ര അയയ്ക്കാൻ പേരിന് മാത്രം ഒന്നു ചെന്നു പദ്മ … അമ്മ ഇവിടെ ഉള്ളപ്പോൾ അവരെ രണ്ടാളെയും ഇനിയും ഫേസ് ചെയ്യേണ്ടി വരുമെന്ന് നന്നായിട്ട് അറിയാം… അമ്മയുടെ സന്തോഷം മാത്രമേ അവളും നോക്കിയുള്ളു…

അമ്മയെ മക്കൾ രണ്ടാളും ചേർത്തു പിടിച്ചു…. അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു…. പിന്നെ രണ്ടാളും പദ്മയെ നോക്കി… ചെടിയുടെ പഴുത്ത ഇലകൾ നുള്ളി കളയുകയാണ്….. ആ മുഖത്തു ഇപ്പോളും തെളിഞ്ഞു നിൽക്കുന്ന ദേഷ്യം തന്നോടുള്ളതാണെന്ന് വിഷ്ണുവിന് മനസ്സിലായി …… പക്ഷേ ഹരിയുടെ മനസ്സിൽ ഇപ്പോളും അവൾ അമ്മയെ ചിരിപ്പിക്കാൻ കാണിച്ചു കൂട്ടിയ കുസൃതി ആയിരുന്നു…. ഓർത്തോർത്തു ചിരിക്കാൻ ഉള്ളതായി കുറച്ചു ദിവസത്തേക്ക്…. കാറിൽ ഇരുന്നു തന്നോട് യാത്ര പറയുന്നുണ്ടെങ്കിലും രണ്ടു മക്കളുടെയും കണ്ണ് വരാന്തയിൽ നിൽക്കുന്ന പദ്മയിൽ ആണെന്നത് ആ അമ്മ അത്ഭുതത്തോടെ നോക്കിക്കാണുവായിരുന്നു…

ഓടി വരും…