11/02/2026

ഭാഗ്യജാതകം : ഭാഗം 39

രചന – അയിഷ അക്ബർ

കുറച്ചു നേരം മയങ്ങിയപ്പോൾ തന്നെ പുലർച്ചെ ആയിരുന്നു….

അവനെഴുന്നേറ്റ് അടുക്കള ഭാഗത്തേക്ക് നടന്നു….

അവിടെ സദ്യയുടെ ഒരുക്കങ്ങൾ കെങ്കേമമായി നടക്കുന്നുണ്ടായിരുന്നു….

തേങ്ങ ചിരവലും സാമ്പാറിലേക്ക് കഷ്ണങ്ങൾ മുറിക്കലും ഒക്കെയായി ഓരോരുത്തരും തിരക്കിൽ മുഴുകിയിരുന്നു…..

അവൻ അവിടെയെല്ലാം തിരഞ്ഞത് അവളെയായിരുന്നു….

കണ്ണുകൾ ഓരോ മൂലയിലേക്കുമെന്ന പോൽ അവൾക്ക് വേണ്ടി അലഞ്ഞു നടന്നു…..

അവിടെയെങ്ങും അവളെ കണ്ടില്ല….

അവസാനം അകത്തു കയറി തിരയാൻ തുടങ്ങി….

വാഴക്കുലയും മറ്റു സാധനങ്ങളുമൊക്കെ വെച്ച മുറിയുടെ മൂലക്ക് കിടന്നുറങ്ങുന്നവളെ കണ്ടപ്പോൾ പെട്ടെന്ന് മനസ്സിലേക്ക് വന്നതെന്തെന്ന് അവന് തന്നെയറിയില്ലായിരുന്നു….

നിഷ്കളങ്കമായ അവളുടെ മുഖത്ത് നോക്കി അൽപ നേരം ഇരിക്കാൻ അവന് തോന്നി…..

അവൾ ശെരിക്കുമൊരു ആഴിയാണ്….

മുത്തും പവിഴങ്ങളും വില പിടിപ്പുള്ള മറ്റനേകം സാധനങ്ങളും ഉള്ളിൽ സൂക്ഷിച്ച പോലെ തന്നെ ഭീമാകാരമായ തിരകളെയും ചുഴികളെയും കടലതിന്റെ അടിത്തട്ടിൽ ഒളിപ്പിക്കാറില്ലേ…..

അത് പോലെയാണ് അവളും…..

അവൾ ഹൃദയത്തിൽ സൂക്ഷിച്ച കാര്യങ്ങൾ നമുക്കൂഹിക്കാൻ കഴിയുന്നതിലുമപ്പുറമാവും….

ആദിയേട്ടനെ മറക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞു കരയുന്ന നീതുവും തന്റെ പ്രണയം പോലും ഉള്ളിലൊതുക്കാൻ കഴിയുന്ന ശിവയും രണ്ട് ധ്രുവങ്ങളാണെന്ന് അവന് തോന്നിപ്പോയി…..

ഹാ….. അവളിപ്പോ കിടന്നതേയുള്ളു മോനെ….

അവളെ നോക്കി നിൽക്കുന്നത് കണ്ടു വന്ന ശങ്കരനത് പറയുമ്പോൾ ആദി തല കുലുക്കി…..

നേരം അൽപാൽപ്പമായി വെളുത്തു വരുന്നതേ ഉണ്ടായിരുന്നുള്ളു…..

ശിവ പതിയേ എഴുന്നേറ്റു വായും മുഖവും കഴുകി ഒരു ഗ്ലാസ്‌ ചൂട് ചായയുമായി മുറിയിലേക്ക് ചെന്നു…..

അടഞ്ഞു കിടന്ന വാതിൽ തുറന്നപ്പോൾ അവിടെ ആദിയെ കണ്ടിരുന്നില്ല…..

കയ്യിലുള്ള ഗ്ലാസുമായി അവൾ പതിയേ മുറ്റത്തേക്കിറങ്ങി…..

കസേരകളൊക്കെ ശെരിയാക്കി വെക്കുന്ന അവനിൽ അവളുടെ കണ്ണുകളുടേക്കിയപ്പോൾ എന്തോ ഹൃദയത്തിലൊരു തണുപ്പ്…..

അവൾ പതിയേ അവനടുത്തേക്ക് നടന്നു….

അവളുടെ പാദസരതിന്റെ കിലുക്കം അടുത്ത് വന്നതും അവൻ തലയുയർത്തി…..

പെട്ടെന്നവളെ കണ്ടതും കണ്ണിമ വെട്ടാതെ അവനൊന്നു നോക്കി നിന്നു…..

അഴിഞ്ഞുലഞ്ഞു കിടന്നിരുന്ന മുടി വെറുതെ പിറകിലേക്ക് കെട്ടി വെച്ചിരിക്കുന്നു……

ഇന്നലെയിട്ട സിന്ദൂരതിന്റെ അവശിഷ്ടങ്ങൾ സീമന്ത രേഖയിൽ അങ്ങിങായി കണ്ടിരുന്നു…..

ഉറക്കച്ചടവ് മുഖത്ത് തെളിഞ്ഞു കാണുന്നുണ്ടായിരുന്നു…..

വിടർന്ന കണ്ണുകൾ ചുരുങ്ങിയിരിക്കുന്നു…. ഉറക്കം മതിയാവാത്തത് കൊണ്ടാവാം……

നീളൻ വിരലുകൾ ചേർത്ത് പിടിച്ചിരുന്ന ചായ ഗ്ലാസ്‌ അവന് നേരെ നീട്ടി…..

അവന്റെ മുഖത്ത് അവൾ കണ്ടത് പതിവില്ലാത്തൊരു ഗൗരവമായിരുന്നു…..

അവൻ ചിന്തകളുടെ കുത്തൊഴുക്കിലായിരുന്നു…

അവളിലേക്കെങ്ങനെ ഇറങ്ങി ചെല്ലണമെന്ന് അവനപ്പോഴും അറിയില്ലായിരുന്നു……

അവളെന്ന സാഗരത്തിന്റെ കരയിൽ ഇറങ്ങി ചെല്ലാൻ ഭയന്ന് നിൽക്കുന്ന പോൽ അവനവളെ നോക്കി നിന്നു…..

ഹൃദ്യമായ ഒരാലിംഗനത്തിലൂടെ മനസ്സിലുള്ള ഭാരത്തെ അവൾക്ക് മേൽ ഒഴുക്കി തീർക്കാൻ മനസ്സ് വെമ്പി….

എന്നും കാണുന്നതിൽ നിന്നും അവൾക്ക് വല്ലാത്തൊരു പുതുമ തോന്നി…..
ഗൗരവം നിറഞ്ഞ അവളുടെ മുഖത്തേക്കാൾ പ്രണയം നിറഞ്ഞ അവളുടെ ഹൃദയത്തെ ഇന്ന് താൻ കാണുന്നത് കൊണ്ടാവാം……

അവളുടെ പ്രണയം അത്ര മേൽ തീവ്രമായത് കൊണ്ടായിരിക്കാം മുൻ വിധികളെതുമില്ലാതെ എന്റെ അനുവാദം പോലും കൂടാതെ വിധി അവളെ എന്നിലേക്ക് ചേർത്ത് വെച്ചത്…..

ഓരോ നിമിഷവും വെറുപ്പവൾക്ക് മേൽ ആരോപിക്കുമ്പോഴും മനസ്സാവളിലേക്ക് ചാഞ്ഞിരുന്നതും ഒരുപക്ഷെ അത് കൊണ്ട് തന്നെയായിരിക്കാം…..

കണ്ണിമ വെട്ടാതെ തന്നെ നോക്കി നിൽക്കുന്ന അവന്റെ കൈകൾ അവൾ പിടിച്ചു…….

അവളുടെ കയ്യിലെ ചായ ഗ്ലാസ്‌ അവന്റെ കൈകളിൽ പിടിപ്പിക്കുമ്പോൾ അവൻ ചെറുതായൊന്നു ഞെട്ടിയെങ്കിലും മുഖത്ത് യാതൊരു തരത്തിലുള്ള ഭാവ മാറ്റങ്ങളും വരാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു……

അവനാ ചായ പതിയേ ചുണ്ടോടു ചേർത്ത് പുറം തിരിഞ്ഞു……

അവൾക്കാകെ ഹൃദയത്തിലെന്തോ ഒരു പ്രയാസം നിറഞ്ഞു തുടങ്ങിയിരുന്നു…..

ഇത് വരെ അവനിൽ കാണാത്ത ആ ഭാവം അവളെ നൊമ്പരപ്പെടുത്തി….

കള്ള ചിരിയോടെ തന്റെ മുന്നിൽ നിൽക്കുന്നവൻ മനസ്സിനൊരു ഓർമ മാത്രമായി മാറുകയാണോ…

അവൾക്ക്‌ വിശ്വസിക്കാൻ കഴിഞ്ഞില്ല….

അവളൊന്നു കൂടി അവന്റെ മുഖത്തേക്ക് നോക്കി…..
തന്നെ പറ്റിക്കാൻ വേണ്ടിയാണോ ചെയ്യുന്നതെന്ന സംശയം അവളിലുണ്ടായിരുന്നെങ്കിലും അതിനേക്കാൾ മേലെ അവന്റെ ചിരിക്കായി ഹൃദയം തേടി……

അവളുടെ മുഖത്ത് പടർന്ന കാർമേഘങ്ങൾ അവൻ കാണുന്നുണ്ടായിരുന്നെങ്കിലും അവളോടൊന്നും പറയാൻ അവനന്നേരം തോന്നിയില്ല……

അവൾ തിരിഞ്ഞു നടക്കുമ്പോഴും ഹൃദയം വല്ലാത്തൊരു പിടിമുറുക്കത്തിനു കീഴിലാവുന്നത് അവളറിഞ്ഞിരുന്നു……

കല്യാണ വീട്ടിലേക്ക് ആളുകൾ വന്നു തുടങ്ങി….

ആദി കുളിച്ചു വന്നപ്പോഴേക്കും അവനിടാനുള്ള മുണ്ടും ഷർട്ടും അവൾ തേച്ചു വെച്ചിരുന്നു……

മുറിയിലവൾ നിൽക്കുന്നത് കണ്ടിട്ടും അവൻ കണ്ട ഭാവമൊന്നും നടിച്ചില്ല….

അവൾ പ്രതീക്ഷയോടെയെന്ന വണ്ണം അവനെ നോക്കി….

അവനിൽ നിന്നുതിരുന്ന പുഞ്ചിരിക്കായി അവൾ കണ്ണുകൾ കൂർപ്പിച്ചു…..

അവന്റെ മുഖത്തെ ഗൗരവം അവൾക്ക് വീണ്ടും വേദന സമ്മാനിച്ചു…..

കല്യാണ പന്തലിൽ ആളുകളെ സ്വീകരിച്ചിരുത്താൻ ശങ്കരനൊപ്പം തന്നെ ആദിയുമുണ്ടായിരുന്നു…..

വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന നീതുവിലേക്ക് എല്ലാവരുടെയും കണ്ണുകൾ നീങ്ങിയപ്പോൾ അവൾക്ക് പിറകിലായി ചുവന്ന പട്ടുടുത്തു തന്റെ താലി കഴുത്തിലണിഞ്ഞു നിൽക്കുന്നവളിലായിരുന്നു ആദിയുടെ കണ്ണുകൾ കുരുങ്ങിക്കിടന്നത്…..

ഒരു നിമിഷം അവനവളെ തന്നെ നോക്കി നിന്നു…

ആ നോട്ടത്തിതിനിടയിലും അവന്റെ ചുണ്ടിലൊരു പുഞ്ചിരി കണ്ടതിനാലാവാം അവളുടെ മുഖത്തും ഒരു പ്രകാശം പരന്നത്…..

നീതു വന്നു ശങ്കരന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി …..

അപ്പോഴും ശിവയെ നോക്കുന്ന തിരക്കിലായിരുന്നു ആദി….

പെട്ടെന്ന് നീതു തന്റെ കൈകളിലേക്ക് ദക്ഷിണ നീട്ടി യപ്പോൾ അവനവളെ നോക്കി….

നന്നായി വരട്ടെ…..
ഏട്ടന്റെ സ്ഥാനം തന്ന് തന്റെ കാലിലേക്കവൾ വീഴുമ്പോഴേക്കും മനസ്സിൽ ഒരു അനിയത്തിയുടെ സ്ഥാനം പൂർണമായും അവൾക്ക് താൻ നൽകിയിരുന്നു…..
സന്തോഷത്തോടെ അവളിരിക്കണമെന്ന് ഒരു ഏട്ടന്റെ ഹൃദയത്തോടെ താനാഗ്രഹിച്ചിരുന്നു…..

അമ്പലത്തിലേക്കിറങ്ങും മുന്പേ ഫോട്ടോ എടുക്കാനായി ക്യാമറ മാൻ വിളിച്ചതും എല്ലാവരും തയ്യാറായി…..

ശങ്കരനും ലക്ഷ്മിയും നീതുവിന്റെ ഒരു വശത്തു നിന്നപ്പോൾ ആദിയും ശിവയും മറ്റേ വശത്തു നിന്നു……

തന്റെ അരികിലായി വന്നു നിന്നപ്പോൾ വിടർത്തിയിട്ട മുടികളിൽ കൊരുത്തിട്ട മുല്ലപ്പൂവിന്റെ ഗന്ധം അവന്റെ മൂക്കിലേക്ക് അടിച്ചു കയറി…..
അവളോടുള്ള പ്രണയം അപ്പോഴേക്കും അവന്റെ ഹൃദയത്തിലാകെ പരന്നിരുന്നു……

ഫോട്ടോക്ക് വേണ്ടി അവളോട് ചേർന്ന് നിൽക്കുമ്പോൾ അവനവളുടെ മുഖത്തേക്ക് നോക്കി….

ആ കണ്ണുകളിൽ ഗൗരവത്തിന് പകരം കണ്ട പ്രണയം അക്ഷരാർത്ഥത്തിൽ അവളിലും ഒരു കുളിര് നിറച്ചിരുന്നു…..

അൽപ നേരം മിഴികളടർത്താനാവാത്ത വിധം അവർ പരസ്പരം കുരുങ്ങിക്കിടന്നു…..

എല്ലാവരും അമ്പലത്തിലേക്കിറങ്ങാനൊരുങ്ങി …
ആദിയുടെ കാറിനു പിറകിലായി നീതു കയറിയപ്പോൾ മുമ്പിലായി ശിവയും കയറി…

അവിടെയെത്തും വരെ മൂന്ന് പേരും നിശബ്ദരായിരുന്നു…..

ആദി ശിവയെ ഇടം കണ്ണിട്ട് ശ്രദ്ധിക്കുന്നത് നീതു കണ്ടിരുന്നെങ്കിലും അവൾക്ക് പുച്ഛം തോന്നി….

മനസ്സിൽ ജീവനും അവനോടൊത്തുള്ള ജീവിതവും അവൾ സ്വപ്നം കണ്ട് തുടങ്ങിയതിനാലാവണം…….

അമ്പലത്തിലെത്തി യപ്പോഴേക്കും ജീവനും വീട്ടുകാരും എത്തിയിരുന്നു…..

അവരെ ക്ഷണിക്കുന്നതിലും സ്വീകരിക്കുന്നതിലും ആദിയും ശങ്കരനും ഒരു കുറവും വരുത്തിയില്ല…..

പുഞ്ചിരിയോടെ ജീവൻ കതിർ മണ്ഡപത്തിലേക്ക് കയറി….

നീതുവിന്റെ കഴുത്തിൽ ജീവൻ താലി കെട്ടുമ്പോൾ അവർക്ക് മേൽ ചെണ്ടുമല്ലി പ്പൂക്കൾ വിതറാൻ ശിവയോടൊപ്പം ആദിയുമുണ്ടായിരുന്നു…..

ആദിയുടെ മനസ്സിലപ്പോൾ മറ്റൊരു വിവാഹം നടന്നു കൊണ്ടിരിക്കുകയായിരുന്നു….

മനസ്സിനിണങ്ങിയവളെ മാറ്റി നിർത്തി ചേച്ചിയെ വിവാഹം ചെയ്യുമ്പോൾ കണ്ണുകൾ നിറച്ചു കെട്ടിയ ആ താലിക്ക് പകരം ഹൃദയം കൊണ്ടവൾക്കൊരു താലി കെട്ടുകയായിരുന്നു…….

ശ്വാസം നിലക്കുന്നത് വരെ അവൾക്ക് ഞാനുണ്ടെന്ന് ആ മിഴികളോടവന് പറയാതെ പറയണമായിരുന്നു…..

അവൻ കണ്ണിമ വെട്ടാതെ അവളെ നോക്കി….
ഇനിയുള്ള കാലം അവൾ തനിക്ക് നൽകിയിട്ടും തിരിച്ചറിയാനാകാതെ പോയ സ്നേഹം മുഴുവൻ അവൾക്ക് തിരിച്ചു കൊടുക്കണമായിരുന്നു…..

മ്മ്……?
അവൾ പുരികമുയർത്തി അവനെ നോക്കി….

അവനൊന്നുമില്ലെന്ന മട്ടിൽ ചുമൽ കുലുക്കി….

തുളസി മാല പരസ്പരം അണിഞ്ഞു അഗ്നിയെ വലം വെച്ച് ജീവനും നീതുവും അപ്പോഴേക്കും ഒന്നായിരുന്നു…..

ജാനകിയും രഘുവും വേണിയും രാഹുലും നേരത്തെ തന്നെയത്തിയിരുന്നു….

നീളൻ മിഴികളിൽ കരിമഷിയെഴുതി മുടിയിൽ മുല്ലപ്പൂ ചൂടി നിൽക്കുന്ന അവളുടെ ഭംഗി ചുവന്ന സാരിയിൽ എടുത്ത് കണ്ടിരുന്നു…

ജാനകി അവളെയൊന്ന് നോക്കി….

അവരുടെ കൂടെ നിന്ന് ഭക്ഷണം കഴിക്കാനിരുത്തു ന്നതിലൊന്നും തന്നെ അവളും യാതൊരു വിട്ട് വീഴ്ച്ചയും ചെയ്തില്ല….

ജീവന്റെ വീട്ടുകാർ കുറച്ചു ദൂരത്തു നിന്നായത് കൊണ്ട് തന്നെ വൈകുന്നേരം അവർക്കൊരു പാർട്ടി കൂടി തയ്യാറാക്കിയിരുന്നു…..

മണ്ഡപത്തിലെ ഫോട്ടോയെടുപ്പിനും മറ്റും ശേഷം എല്ലാവരും കൂടി വീട്ടിലേക്ക് തിരിച്ചു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ആദീ….. ഇങ് വാ….

ശങ്കരൻ സ്നേഹത്തോടെ വിളിച്ചു….

അവൻ അയാളോട് ചേർന്ന് നിന്നു…. അവരുടെ അരികത്തായി ജീവനുമുണ്ടായിരുന്നു…..

നിങ്ങളിത് വരെ ശെരിക്കൊന്ന് പരിചയപ്പെട്ടില്ലല്ലോ…..

ശങ്കരൻ രണ്ട് പേരെയും നോക്കി അത് പറയുമ്പോൾ അവർ പരസ്പരം പുഞ്ചിരിച്ചു….

ആദീ…. ഇനി നീ കുറച്ചു നേരം വിശ്രമിക്ക്… കുറച്ചു നേരം ജീവന്റെ അടുത്തിരുന്നോളൂ….

പുഞ്ചിരിച്ചു കൊണ്ടത് പറഞ്ഞു ശങ്കരൻ അവിടെ നിന്നും പോയപ്പോൾ അരികിലുള്ള കസേരയിലേക്കായി ജീവനും ആദിയും ഇരുന്നു…..

കുറച്ചു നേരം സംസാരിച്ചപ്പോഴേക്കും അവർ രണ്ട് പേരും നല്ല കൂട്ടായിരുന്നു….

എപ്പോഴും പുഞ്ചിരിച്ചു കാണുന്ന ഒരു നിഷ്കളങ്കനായി ജീവനെ ആദിക്ക് തോന്നി…

പെട്ടെന്ന് ജീവന്റെ ഫോണിലേക്കൊരു വിളി വന്നിരുന്നു…..

അതെടുത്തു കട്ട്‌ ചെയ്തതും വാൾപേപ്പറിൽ തെളിഞ്ഞ ഫോട്ടോയിൽ പെട്ടെന്ന് ആദി കുരുങ്ങി…..

ഇത്….. ഈ ഫോട്ടോ എപ്പോളെടുത്തതാ….

ഫോൺ പോക്കറ്റിലേക്കിടാൻ തുടങ്ങുമ്പോഴാണ് എന്തോ ഒരു ഉൾപ്രേരണയാൽ ആദിയത് ചോദിച്ചത്….

പെട്ടെന്നവന്റെ മുഖത്തൊരു പരിഭ്രമം ആദിക്ക് തോന്നി….

ജീവനും നീതുവും ചേർന്ന് നിൽക്കുന്നൊരു ഫോട്ടോയായിരുന്നത്….

അത്….. അത് ഞങ്ങൾ ഡ്രസ്സ്‌ എടുക്കാൻ പോയപ്പോൾ അവളെയും കൂട്ടിയിരുന്നു…. അപ്പോളെടുത്തതാ….

പറയുമ്പോൾ ആദി വിശ്വസിച്ചില്ലെയെന്നറിയാൻ ജീവൻ അവനെ തന്നെ നോക്കി….

ആദിയുടെ മുഖത്ത് പ്രത്യേകിച്ച് ഭാവങ്ങളൊന്നുമില്ലാത്തത് ജീവന് ആശ്വാസം നൽകിയിരുന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വീട്ടിലെ പരിപാടികളെല്ലാം കഴിഞ്ഞ് നീതു അവരോടൊപ്പം ഇറങ്ങുമ്പോൾ ലക്ഷ്മിയെ കെട്ടിപ്പിടിച്ചവൾ കരഞ്ഞു….

ലക്ഷ്മിയും ശങ്കരനും നെഞ്ച് പൊട്ടി അവളെ യാത്രയാക്കി….

നിധി… നിധി… എന്ന് വിളിച് നീതുവിന് പിറകെ നടക്കുന്ന ജീവൻ ആദിയിലെ സംശയങ്ങൾക്ക് കനം കൂട്ടി…..

(തുടരും )