14/02/2026

അതിസുന്ദരി : ഭാഗം 55

രചന – ആയിഷ അക്ബർ

കാശിയുടെ മുഖത്ത് ഇത് വരെ കാണാത്തൊരു ഗൗരവം നിറഞ്ഞു നിന്നിരുന്നു…..

കാശി…..

തന്നെ നോക്കി നിൽക്കുന്നവരെ കണ്ടില്ലെന്ന് നടിച് അവരെ കടന്ന് പോകാനൊരുങ്ങുമ്പോഴാണ് ജാനകി പിറകിൽ നിന്നും വിളിച്ചത്…

കാശി ഒന്ന് നിശ്ചലനായി…

മോനെ അച്ഛൻ അറിയാതെ…..

അവരത് പറഞ്ഞു തുടങ്ങിയപ്പോഴേക്കും അവൻ വേണ്ടെന്ന അർത്ഥത്തിൽ കയ്യുയർത്തി…..

ഞങ്ങളുടെ മകനായ കിരണിനെക്കാൾ ഞങ്ങൾ സ്നേഹിച്ചതും ലാളിച്ചതും നിന്നെയായിരുന്നു…..

എത്രയൊക്കെ നീ വളർന്നാലും നീ ഞങ്ങളുടെ മോനല്ലാതാവില്ലല്ലോ…..

ദയനീയമായി അത് പറയുന്ന ജാനകിക്ക് നേരെ അവനൊന്നു തിരിഞ്ഞു…..

അവനവരോട് പുച്ഛം തോന്നി….
എന്തെന്നാൽ ഇത് വരെ തന്നെ കുറ്റപ്പെടുത്തിയതും പരിഹസിച്ചതുമെല്ലാം അവർ മറന്ന പോലെയാണ് സംസാരം……

അവർ മറന്നാലും താൻ മറന്നിട്ടുണ്ടാകില്ലെന്ന് അവർ ചിന്തിക്കുന്നത് പോലുമില്ലല്ലോ……

ഞങ്ങൾ എന്ന വാക്കിനു പ്രസക്തിയില്ല….
കാരണം നിങ്ങളുടെ അവഗണനകളും കുറ്റപ്പെടുത്തലുകളും ഞാൻ കണ്ടില്ലെന്ന് വെച്ചത് അച്ഛന്റെ സ്നേഹത്തിനു മുമ്പിൽ തോറ്റു പോയത് കൊണ്ട് മാത്രമാണ്….

എന്നാൽ അതും നാടക മായിരുന്നെന്നറിയുന്ന ഈ നിമിഷം എനിക്ക് ഒന്നിനോടും അനുകമ്പ കാണിക്കേണ്ട ആവശ്യമില്ല…..

നിങ്ങളെന്റെ മുമ്പിൽ തോറ്റു പോയിട്ടുണ്ടെങ്കിൽ അത് പണത്തിന്റെ പേരിലാണ്…
സ്നേഹത്തിനു മുമ്പിൽ തോറ്റിരുന്നെങ്കിൽ നിങ്ങളുടെയും എന്റെയും ഹൃദയം ഒരുപോലെ സന്തോഷിക്കുമായിരുന്നു…

കിരണിന്റെയത്ര ഇല്ലെങ്കിലും ഒരു വളർത്തു മകന്റെ സ്ഥാനം എങ്കിലും നിങ്ങളെനിക്ക് നൽകിയിരുന്നെങ്കിൽ അതിന് പകരമായി ഞാൻ നിങ്ങളെ ചേർത്ത് പിടിക്കുമായിരുന്നു….

അവന്റെ വാക്കുകൾ ഇടറി….

ജാനകി അവന് മുമ്പിൽ തല കുനിച്ചു…..

ഓഹ്…. സ്വത്തുക്കൾ ഒക്കെ സ്വന്തമാണെന്ന് അറിഞ്ഞപ്പോൾ ഇനി ആരുടേയും ആവശ്യമില്ലല്ലോ…

അപ്പൊ ഇനി എല്ലാവര്ക്കും കുറ്റം മാത്രം ബാക്കി….

കിരൺ ദേഷ്യത്തോടെ യത് പറയുമ്പോൾ കാൽ കീഴിൽ നിന്നും മണ്ണൊലിച്ചു പോയതിന്റെ ദേഷ്യവും അമർഷവും അവന്റെ മുഖത്ത് തെളിഞ്ഞു കാണുന്നുണ്ടായിരുന്നു…

കാശി അവന്റെ അടുത്തേക്ക് നീങ്ങി ചെറുതായോന്ന് പുഞ്ചിരിച്ചു…..

മോനെ കിരണേ….. എന്റെ സ്വതിന്റെ മുകളിൽ കിടന്നാണ് നീ നെഗളിക്കുന്നതെന്ന് കാശി അറിയുന്നത് ഇപ്പോഴല്ല…
ഒക്കെ അറിഞ്ഞു വെച്ചിട്ടും മിണ്ടാതിരുന്നത് ആ മനുഷ്യന് വേണ്ടിയായിരുന്നു….

എന്നാൽ…..

അവന് ബാക്കി പറയാൻ കഴിഞ്ഞില്ല….

കിരണിനും ജാനകിക്കും വീണക്കും അത് പുതിയ അറിവായിരുന്നു…..

ഞെട്ടലോടെ അവർ കാശിയെ തന്നെ നോക്കി നിന്നു…..

അവനെ സ്നേഹിക്കുന്നതായി അഭിനയിക്കുക പോലും ചെയ്തില്ലല്ലോ എന്നോർത്തു ജാനകി ക്ക് കുറ്റബോധം തോന്നി….

കോടീശ്വരനായ താൻ നിമിഷങ്ങൾ കൊണ്ട് ദാരിദ്രനായതിനെ കിരണിനു ഉൾകൊള്ളാൻ പോലും കഴിഞ്ഞിരുന്നില്ല…
സമ്പന്നനാണെന്ന അഹങ്കാരത്തിൽ തനിക്കായൊരു വരുമാന മാർഗം പോലും കണ്ടെത്തിയിട്ടില്ല….

കിരണിന്റെ മനസ്സ് അറ്റമില്ലാത്ത ചിന്തകളിലൂടെ ഒഴുകിപ്പോയി….

വീണയുടെ മനസ്സും നീറി പുകഞ്ഞു കൊണ്ടിരുന്നു…..

അന്ന് അപ്പച്ചി സ്വത്തുക്കളുടെ കാര്യം പറഞ്ഞില്ലായിരുന്നെങ്കിൽ കാശിയെ തന്നെ മതിയെന്ന് താൻ പറയുമായിരുന്നു…..

കാരണം കാണാൻ കിരണിനെക്കാൾ ഭംഗി കാശിയായിരുന്നു….
അവന്റെ നോട്ടത്തിനും ചിരിക്കും എല്ലാം ഒരു വശ്യതയാണ്….

എന്നാൽ അതിനെയൊക്കെ കടത്തി വെട്ടാൻ കഴിവുള്ളതായിരുന്നു തന്റെ കണ്ണിൽ കിരണിന്റെ സ്വത്തുക്കൾ..

അന്ന് തന്നോടത് പറഞ്ഞില്ലായിരുന്നെങ്കിൽ സൂര്യ നിൽക്കുന്നിടത് തലയുയർത്തി നിൽക്കുന്നത് താനാവുമായിരുന്നു….
ഇന്നവൾ ചുമക്കുന്ന ആ രാജ്ഞി പട്ടം തനിക്കാകുമായിരുന്നു….

വീണയുടെ ഹൃദയം തീ ചൂളയിലെന്ന പോൽ കത്തിയെരിഞ്ഞു….

സൂര്യയുടെ മുഖത്തേക്ക് നോക്കാൻ കഴിയാതെ അവൾ തല താഴ്ത്തി നിന്നു……

അമ്മയെന്നൊരു സ്നേഹം നിങ്ങളിൽ നിന്നും കൂടെപ്പിറപ്പെന്നൊരു പരിഗണന കിരണിൽ നിന്നും എനിക്ക് കിട്ടിയിട്ടില്ലാത്തത് കൊണ്ട് തന്നെ ഇനി ഇവിടെ നിൽക്കാൻ നിങ്ങളെ ഞാൻ നിർബന്ധിക്കില്ല…

ജാനകിയും കിരണും മുഖത്തോട് മുഖം നോക്കി..

ഇവിടെ നിന്ന് ഇറങ്ങി പോകാനാണ് അവൻ പറയാതെ പറയുന്നതെന്ന് തോന്നിയതും ഇനിയെന്തെന്ന ചോദ്യം അവരിലൊരു ഗദ്ഗദം തീർത്തു…..

പിന്നെ നിങ്ങളുമായി എനിക്കൊരു ബന്ധമുണ്ട്…
നിങ്ങള് എന്റെ ഭാര്യയുടെ അപ്പച്ചിയാണ്……
അവൻ ജാനകിയിലേക്ക് നോക്കി…

നിന്റെ മുറപ്പെണ്ണിനെയാണ് ഞാൻ വിവാഹം കഴിച്ചിട്ടുള്ളത്……
കിരണിനോടായിരുന്നത്…..

നിങ്ങൾക്ക് രണ്ട് പേർക്കും ആ ചിന്ത ഇത് വരെ യില്ലെങ്കിൽ കൂടി ഇനി ആ ഒരു ബന്ധത്തിന്റെ പേരിൽ മാത്രമേ ഇവിടെ നിൽക്കാൻ കഴിയു….
എനിക്ക് നിങ്ങളുമായുള്ള ബന്ധം അവളിലൂടെ മാത്രമുള്ളതാണ്….

അത് പറയുമ്പോൾ കാശി വീണയെ ഒന്നമർത്തി നോക്കാൻ മറന്നിരുന്നില്ല…

വിവാഹം കഴിഞ്ഞിത് വരെ അവൻ തന്റെ മുഖത്ത് നോക്കിയിട്ടില്ല….

എന്നാൽ താൻ പാടേ പരാജയപ്പെട്ടു നിൽക്കുന്ന ഈ നിമിഷം അവനെന്റെ കണ്ണിലേക്കു നോക്കി കീറി മുറിക്കുന്ന വാക്കുകളാൽ പകരം വീട്ടുന്നുണ്ടെങ്കിൽ ഇങ്ങനെയൊരു നിമിഷം അവൻ മുന്പേ കണക്ക് കൂട്ടിയിരുന്നിരിക്കാം….

എന്റെ ഭാര്യ നിങ്ങളോട് പോകാൻ പറയുന്നത് വരെ അവളുമായുള്ള ബന്ധത്തിന് പുറത്ത് നിങ്ങൾക്കിവിടെ കഴിയാം……

മുഖത്തെ ഗൗരവം കൈ വിടാതെ അവനത് പറഞ് നിർത്തുമ്പോൾ സൂര്യയുടെ കണ്ണുകൾ വിടർന്നു….

അവൻ തരുന്ന പരിഗണന മുഴുവൻ തനിക്കാണ്….

അവന്റെ പ്രണയവും സ്നേഹവും അതെല്ലാം തനിക്ക് മാത്രമാണ്……

അവഗണന യോടെ മുഖം തിരിച്ചവളിലേക്ക് അലിവിനായി നോക്കേണ്ട അവസ്ഥ വന്നപ്പോൾ ജാനകി യും കിരണും ഒരു പോലെ തല താഴ്ത്തി….

അവരുടെയുള്ളിലെ അഹങ്കാരം കെട്ടടങ്ങുകയല്ലാതെ മറ്റു മാർഗങ്ങളൊന്നും അവർക്ക് മുമ്പിൽ ഉണ്ടായിരുന്നില്ല…..

വീണയുടെ മുഖം പിന്നെ ഉയർന്നതേയില്ലായിരുന്നു….

ഏട്ടാ…. അച്ഛന്റെ കാര്യം….

കിരണത് പറഞ് തുടങ്ങിയപ്പോഴേക്കും
കേൾക്കാത്ത ഭാവത്തിൽ കാശി പുറത്തേക്ക് നടന്നു….

അപ്പോഴും അവന്റെ ഹൃദയത്തിനുള്ളിലെ തേങ്ങലിന്റെ സ്വരം സൂര്യക്ക് മാത്രമായി കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു…

എല്ലാവർക്ക് മുമ്പിലും സമ്പന്നനായപ്പോൾ അവന്റെയുള്ളിൽ അവൻ പാടേ തകർന്നവനാണെന്ന് അവൾക്കറിയാമായിരുന്നു…

മറ്റെന്ത് സാമ്പത്തിനേക്കാളും സ്നേഹത്തിനാണ് അവന്റെയുള്ളിൽ മൂല്യം…

അത് തിരിച്ചറിയാൻ കഴിയാത്ത ഇവരെയൊക്കെ വിഡ്ഢികൾ എന്നതിൽ കവിഞ് മറ്റെന്ത് വിളിക്കാൻ കഴിയും…

അവൻ ആഗ്രഹിക്കുന്ന സ്നേഹ വാത്സല്യങ്ങൾ ഇവർ നൽകിയിരുന്നെങ്കിൽ അവനൊരു സ്വത്തും ആവശ്യപ്പെടില്ലായിരുന്നു..

അവൾക്കവരോട് പുച്ഛം കലർന്ന സഹതാപം തോന്നി….

സൂര്യാ…. ഞാൻ ഒന്ന് പുറത്ത് പോയി വരാം….

അവനത് പറയുമ്പോൾ മുഖത്ത് നോക്കിയിരുന്നില്ല….

കണ്ണ് നിറഞ്ഞത് കാണാതിരിക്കാനാകുമെന്ന് അവൾക്കുറപ്പായിരുന്നു….

എവിടെയെങ്കിലും ഒറ്റക്കിരിക്കാനാവും പോകുന്നതെന്നവളൂഹിച്ചു….

എങ്കി ഞാനും ഇറങ്ങട്ടെ…. നേരം വൈകിയില്ലേ….

കാശ്ശി പോയതും കണ്ണന്നത് പറയുമ്പോൾ അവൾ അവനെ തന്നെ നോക്കി നിന്നു……

മ്മ്….
അവൻ ഒന്നും അറിയാത്തത് പോലെ അവൾക്ക് നേരെ പുരികമുയർത്തി….

പറ….എങ്ങനെയാ…. എങ്ങനെയാ ഇതൊക്കെ…

ചോദിക്കുമ്പോൾ അവളുടേ സ്വരം ഇടറുന്നുണ്ടായിരുന്നു….

നീ എനിക് വിളിച്ചില്ലേ…
നിന്നെ ആശ്വസിപ്പിച്ചു ഫോൺ വെച്ച ശേഷവും നീ
പറഞ്ഞത് മനസ്സിൽ നിന്ന് പോയിരുന്നില്ല….
കാശി കാണാൻ പോകുന്നു വെന്ന് പറഞ്ഞ ആ ക്ലയന്റ് നെ ഞാൻ കോൺടാക്ട് ചെയ്തു…..

അവർ മറ്റന്നാളെ നാട്ടിലെത്തു വെന്നാണ് പറഞ്ഞത്……

മറ്റന്നാൾ വരുന്ന ക്ലയന്റിന് വേണ്ടി ഇന്ന് അവനെ അയാൾ പറഞ്ഞയച്ചതിൽ നിന്നും നീ പറഞ്ഞ പോലെ അപകടം ഞാനും ഉറപ്പിച്ചു…..

അപ്പോൾ തന്നെ കാശിയെ അന്ന്വേഷിച്ചിറങ്ങുന്നതിനോടൊപ്പം വിദ്യയെയും സമീറിനെയും വേഗം കാര്യങ്ങൾ അറിയിച്ചു…

കാശി എവിടെക്കാണ് പോയിരിക്കുന്നതെന്നോ ഏത് വഴിയാണോ പോയിരിക്കുന്നതെന്നോ അറിയാത്തത് കാര്യങ്ങൾ പ്രയാസത്തിലാക്കി….

മാത്രവുമല്ല….കാശിയുടെ ഫോൺ ലൊക്കേഷൻ കാണിക്കുന്നത് നിങ്ങളുടെ വീടായത് കൊണ്ട് അതവന്റെ കയ്യിലല്ല എന്നത് വ്യക്തമായിരുന്നു….

ശങ്കരന്റെ ഫോണിലേക്ക് വന്ന കാൾ ലിസ്റ്റ് എടുത്ത് ഇന്ന് വിളിച്ച എല്ലാവരെയും ട്രേസ് ചെയ്യുകയായിരുന്നു വിദ്യയും സമീറും…..

കാശിക്ക് അപകടം ഉണ്ടാകുന്നത് എങ്ങനെ തടയാം എന്നതായിരുന്നു അവരുടെ ലക്ഷ്യം….

കാൾ ലിസ്റ്റ് പരിശോധിച്ചതിൽ നിന്നും അതിലുള്ള അണ്നോൺ നമ്പർ സംശയങ്ങൾക്ക് വഴിയൊരുക്കി…..

കഴിഞ്ഞ മാസം പകുതിക്കു വെച്ച് ആ നമ്പർ കോൺടാക്ട് ചെയ്തിട്ടുണ്ട് .. അതായത് കാശിക്ക് ആക്‌സിഡന്റ് നടക്കുന്ന സമയം….
അതിനു ശേഷം ഇപ്പോഴാണ് വിളിക്കുന്നത്…

ആ നമ്പർ ലൊക്കേഷൻ ട്രേസ് ചെയ്ത് കാശി അവിടെ എത്തുന്നതിനു മുൻപ് തന്നെ അവരെ വിദ്യയും സമീറും പിടിച്ചിരുന്നു….

സംശയം തെറ്റിയില്ല….ശങ്കരൻ ഏൽപ്പിച്ച വാടക ഗുണ്ടകളായിരുന്നവർ….

പിന്നീടാണ് കാശിയെ ഞാൻ കാണുന്നതും കാര്യങ്ങളെല്ലാം പറഞ്ഞിങ്ങോട്ട് കൂട്ടി കൊണ്ട് വരുന്നതും….

എന്നാൽ എല്ലാം പറഞ്ഞിരുന്നെങ്കിലും കൊല്ലാൻ നോക്കിയത് അവൻ ജീവന് തുല്യം സ്നേഹിക്കുന്ന അവന്റെ അച്ഛനാണെന്ന് പറയാൻ എനിക്ക് മടി തോന്നി….

അത് നീ തന്നെ അവനെ പറഞ് മനസ്സിലാക്കട്ടെയെന്നു കരുതി വന്നപ്പോഴാണ് അയാളും നീയും തമ്മിലുള്ള രംഗം കണ്ട് അവൻ തന്നെ എല്ലാം തിരിച്ചറിഞ്ഞത്……

കണ്ണൻ അവന്റെ ചുരുണ്ട മുടി ഒതുക്കി ഒരു നെടു വീർപ്പോടെ അത് പറഞ് നിർത്തുമ്പോൾ സൂര്യക്ക് ഒരു തരം നിർവികാരത തോന്നി….

അവനെ ഓർത്തു ഒത്തിരി ദുഃഖം….. അത് കഴിഞ്ഞ് അവൻ തിരിച്ചു വന്നപ്പോൾ അതിന്റെ ഇരട്ടി സന്തോഷം…..
ഇപ്പോഴെന്തോ ഒരു നിർവികാരത….

അവന്റെ ഉള്ളിൽ എരിയുന്ന അഗ്നി ഓർത്തു തന്നെയാവാം അത്….

അവൾ കണ്ണന് നേരെ കയ് കൂപ്പി….

നന്ദി എന്നല്ലാതെ എന്ത് വാക്കാണ് നിനക്ക് ഞാൻ പകരം തരേണ്ടത്…..

അവൾ കണ്ണുകൾ നിറച്ചു കൊണ്ടത് പറയുമ്പോൾ അവൻ പുച്ഛത്തോടെയൊന്ന് ചിരിച്ചു…..

നമ്മൾ പരസ്പരം എന്തൊക്കെ സഹായങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഇത് വരെ നന്ദി എന്നൊരു വാക്ക് പറഞ്ഞിട്ടില്ല…..
കോടീശ്വരനായ കാശി നാഥന്റെ ഭാര്യയായപ്പോൾ നന്ദിയിലൊതുക്കാൻ ഞാൻ അന്യനായോ സൂര്യാ….

അവൻ നോവോടെ അത് ചോദിക്കുമ്പോൾ അവൾ പെട്ടെന്നവന്റെ വാ പൊത്തി…..

ഇത് വരെ ചെയ്തത് പോലെയാണോ ഇത്….
നീയെനിക്ക് തിരിച്ചു തന്നതെന്റെ ജീവനാണ് കണ്ണാ……

അവളത് പറയുമ്പോൾ ആ കണ്ണുകളിൽ നിന്ന് അവനോടുള്ള പ്രണയത്തിന്റെ ആഴി അവനളന്നെടുക്കാൻ കഴിഞ്ഞിരുന്നു…..

കണ്ണുകൾ നിറഞ്ഞൊഴുകുന്ന അവളെ അവൻ ചേർത്ത് പിടിച്ചു…..
ആശ്വസിപ്പിക്കാനെന്ന പോൽ…..

(തുടരും)