രചന – മിനിമോൾ രാജീവൻ
ഒരു മിനിറ്റ് ദേവേട്ടാ….” അപ്പു എണീറ്റു നിന്ന് കൊണ്ട് പറഞ്ഞു… ദേവ് അവളെ ചോദ്യ ഭാവത്തിൽ നോക്കി.. അപ്പു അദിധിക്ക് അഭിമുഖമായി നിന്നു… പിന്നെ കൈനീട്ടി അവളുടെ കവിളിൽ ആഞ്ഞു അടിച്ചു… സംഭവിച്ചത് എന്താണെന്ന് മനസ്സിലാകാതെ നിക്കുന്ന അദിധിയെ അവള് പുഞ്ചിരിയോടെ നോക്കി… ആദ്യം ഒന്ന് അമ്പരന്നു എങ്കിലും പതിയെ ആ പുഞ്ചിരി ദേവിലേക്കും പരന്നു… “യു….. നീ.. നീ എന്നെ അടിച്ചു അല്ലെ…” ബോധം വന്നപ്പോൾ ഒരു കൈ കൊണ്ട് കവിളിൽ പൊത്തിപ്പിടിച്ചു മറു കൈ അപ്പുവിന് നേരെ ചൂണ്ടി കൊണ്ട് അദിധി അലറി… അപ്പു അവളെ കൂസലില്ലാതെ നോക്കി… “ദേവ്.. കാൻ യു സീ ദിസ്… യുവർ വൈഫ്.. ഇവള്…. ഇവൾ എന്നെ തല്ലി…” അദിധി അരിശത്തോടെ ദേവിനെ നോക്കി… അത്രയും നേരം ചിരി അടക്കി പിടിച്ചു ഇരുന്ന ദേവിന് പിന്നെ ചിരി അടക്കാൻ ആയില്ല.. അവൻ പൊട്ടിച്ചിരിച്ചു…
“ദേവ്… ആർ യു ലാഫിംങ് അറ്റ് മി… നിന്റെ ഭാര്യ എന്നെ തല്ലി. നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ലേ… ” അദിധി കള്ള കണ്ണീരോടെ പറഞ്ഞു… പിന്നെ ഇടം കണ്ണിട്ട് അപ്പുവിനെ നോക്കി… അവളുടെ കൂസലില്ലായ്മ അദിധിയെ അൽഭുതപ്പെടുത്തി…. “ഹാവൂ… അപ്പൊ നിനക്ക് അറിയാം അപ്പു എന്റെ ഭാര്യ ആണെന്ന്…അപ്പൊ പിന്നെ ഈ തല്ല് നീ ചോദിച്ചു വാങ്ങിയതാണെന്ന് ഞാൻ പറയും.. ” ദേവ് ചിരി നിർത്തി കൊണ്ട് അവളോട് പറഞ്ഞു… “വാട്ട് ഡു യു മീൻ ദേവ്… ഞാൻ എന്ത് ചെയ്തു എന്നാണ് നീ പറഞ്ഞ് വരുന്നതു..” അദിധി ദേഷ്യം ഉള്ളിൽ അടക്കി കൊണ്ട് ചോദിച്ചു.. ” അത് തന്നെ.. ചുമ്മാ വഴിയെ പോകുന്ന ഒരാളെ അല്ല എന്റെ ഭാര്യ തല്ലിയത്.. ഞങ്ങളുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറി വന്ന ഒരാളെ ആണ്…” ദേവ് അപ്പുവിനെ നോക്കി കണ്ണിറുക്കി കാണിച്ചു.. അപ്പുവിനും ചിരി വന്നു തുടങ്ങിയിരുന്നു…
“അവള് നിന്നെ തല്ലിയിട്ടുണ്ടെങ്കിൽ അതിനു മതിയായ കാരണവും ഉണ്ടാവും…. എനിക്ക് അറിയാം എന്റെ ഭാര്യയെ… ” ദേവിന്റെ സ്വരം കുറച്ച് കടുത്തു… അത് മനസ്സിലായത് പോലെ അദിധി പിന്നോട്ട് നീങ്ങി… പിന്നെ കാറ്റുപോലെ മുറി വിട്ടു പോയി… “എന്താ ഇവിടെ ഇപ്പൊ നടന്നത്… ആരാ ഇവിടെ പടക്കം പൊട്ടിച്ചത്.. ഇന്ന് എന്താ വിഷുവാ…. ” ദേവ് തമാശയായി ചോദിച്ചു… ” ഒന്ന് പോ ദേവേട്ടാ… അത് ഞാൻ അവൾക്കു ഓങ്ങി വച്ചത് ആണ്.. ഇന്നിപ്പോ നേരിട്ട് തന്നെ കൊടുത്തു…” അപ്പു അവന്റെ നെഞ്ചിൽ കൈ കൊണ്ട് കുത്തി കൊണ്ട് പറഞ്ഞു.. ” എന്റെ പൊന്നു ഭാര്യേ… ഇങ്ങനെ കുത്തരുത്.. ഞാനൊരു ലോല ഹൃദയൻ ആണ്…” അവളുടെ കൈയ്യിൽ പിടിച്ച് തന്നിലേക്ക് ചേർത്തു നിർത്തി കൊണ്ടു ദേവ് പറഞ്ഞു.. അവന്റെ കണ്ണുകളിൽ പ്രണയം നിറഞ്ഞു… അപ്പുവിന്റെ കവിളുകൾ നാണത്തിൽ ചുവന്നു.. പതിയെ ദേവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു…. ” അവര്… അവര് പിന്നെ വന്നില്ലേ ദേവേട്ടാ….
” അപ്പു വേദനയോടെ ചോദിച്ചു… മറുപടി എന്നോണം അവൻ അവളെ നെഞ്ചോട് ചേർത്തു… *** പാറു പോയിട്ട് പെട്ടെന്ന് വരും എന്നുള്ള വിശ്വാസത്തിൽ ആയിരുന്നു കുഞ്ഞു ദേവൻ… ആന്ധ്രയിൽ ആണ് അവര് താമസിക്കുന്നത് എന്ന് മാത്രം അവന് അറിയാമായിരുന്നു.. ഭൂപടത്തിൽ അങ്ങനെ ഒരു സ്ഥലം കണ്ടിട്ടുണ്ട് എന്നല്ലാതെ അതിനെ കുറിച്ച് മറ്റൊന്നും അവന് അറിയില്ലായിരുന്നു… വല്ലപ്പോഴും അവരുടെ വിശേഷങ്ങൾ അറിയിച്ചു കൊണ്ട് വരുന്ന കത്തുകളും അതിന്റെ കൂടെ ഉള്ള ഫോട്ടോയും മാത്രമായിരുന്നു അവരെ കുറിച്ച് അറിയാൻ ഉള്ള ഏക മാർഗം… വല്ലപ്പോഴും ഒരു ഫോൺ കോൾ.. അതും അപൂർവമായി… അത് മാത്രമായിരുന്നു അവളുടെ ശബ്ദം കേൾക്കാൻ ഉള്ള ഏക മാർഗം… വരുന്ന കത്തുകളിൽ എവിടെയെങ്കിലും പാറു അവളുടെ കിച്ചേട്ടനെ അന്വേഷിച്ചോ എന്ന് അറിയാൻ ആയിരുന്നു അവന് തിടുക്കം… അത് കൊണ്ട് തന്നെ കത്തുകൾ എല്ലാരും വായിച്ചു കഴിഞ്ഞാലും അവൻ അതൊക്കെ പെട്ടിയിൽ സൂക്ഷിച്ചു വെക്കും…
അവളുടെ ഓർമകൾ വല്ലാതെ ശ്വാസം മുട്ടിക്കുമ്പോൾ അവൻ അതെടുത്തു വായിക്കും… പാറുവിന്റെ ഫോട്ടോ നോക്കി സംസാരിക്കും… അവള് തന്നെ മറക്കുമോ എന്ന സങ്കടം അവന് ഉണ്ടായിരുന്നു… എങ്കിലും പെട്ടെന്ന് ഒരുദിവസം രാവിലെ കണ്ണ് തുറക്കുമ്പോൾ കിച്ചേട്ടാ എന്ന് വിളിച്ചു അവള് മുന്നിൽ ഉണ്ടാകും എന്ന് അവൻ ആശിച്ചു… ഇതിനിടയിൽ സീത ഇരട്ട കുട്ടികൾക്ക് ജന്മം നൽകി.. രുദ്രയും ദക്ഷയും…. ദിവസങ്ങളും മാസങ്ങളും കടന്നു പോയി… മുടങ്ങാതെ വരുന്ന കത്തിലൂടെയും ഫോട്ടോയിലൂടെയും ദേവ് അവളെ തീവ്രമായി പ്രണയിച്ചു… കളങ്കമില്ലാത്ത പ്രണയം… പാറു കുറച്ചു കൂടെ വലുതായി… മുടി നീണ്ടു വളർന്നു… ഒപ്പം അവളുടെ കുസൃതിയും… അവളുടെ ഫോട്ടോയിൽ നോക്കിക്കൊണ്ട് സംസാരിക്കുക ദേവിന്റെ പതിവായി…
അടുത്ത അവധിക്കാലത്ത് അവർക്കു നാട്ടിലേക്ക് വരാൻ സാധിച്ചില്ല… അപ്പുവിനെ കാണാൻ കൊതിച്ചു ഇരുന്ന ദേവ് കൂടുതൽ നിരാശനായി… എങ്കിലും അവൻ കാത്തിരുന്നു… വർഷം ഒന്നു കൂടെ കഴിഞ്ഞു… അങ്ങനെ രണ്ടു വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് പാറു നാട്ടിലേക്ക് വരുന്നു എന്ന വാർത്ത അവന്റെ ചെവിയിൽ എത്തി.. അവന്റെ സന്തോഷത്തിനു അതിരു ഇല്ലായിരുന്നു… കാത്തിരിപ്പിന് ഒടുവിൽ മംഗലത്ത് വീട് അവർക്കു വേണ്ടി വീണ്ടും ഒരുങ്ങി… വൈകിട്ടത്തെ കളിയും കഴിഞ്ഞു കുളത്തിലെ കുളിയും കഴിഞ്ഞു ആണ് അഭിയും ദേവും വീട്ടിലേക്ക് തിരിച്ചു വന്നത്… മുറ്റത്ത് പതിവില്ലാതെ ഒരു ടാക്സി കാർ കണ്ടതും ദേവിന്റെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി… അവൻ ഓടി പിന്നിലൂടെ അകത്തു കേറി.. മുറിയിലേക്ക് ഓടി ഈറൻ മാറി ഉമ്മറത്തേക്ക് ഓടി.. ഉമ്മറത്ത് എത്തി അവൻ നിന്ന് കിതച്ചു… “എന്താ ദേവാ… എന്തിനാ കിതയ്ക്കുന്നത്… വല്ലതും കണ്ടു പേടിച്ചോ…..” ദേവകിയമ്മ അവനോടു ചോദിച്ചു.. അവൻ ഉത്തരം പറയാതെ ചുറ്റും നോക്കി…
അവന്റെ കണ്ണുകൾ പാറുവിനെ തിരയുകയായിരുന്നു… ഗോപിയും ഗൗരിയും അവനെ നോക്കി ചിരിച്ചു.. ഭദ്രൻ അവന്റെ അടുത്ത് വന്നു കരം ഗ്രഹിച്ചു… അവന്റെ കണ്ണുകൾ പാറുവിനെ മാത്രം തിരഞ്ഞു… അവളെ കാണാതെ അവൻ സങ്കടപ്പെട്ടു… അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു… “എന്താ ദേവാ നോക്കുന്നതു… വല്ലതും കളഞ്ഞു പോയോ..” ബാലൻ അവനെ കളിയാക്കി കൊണ്ട് ചോദിച്ചു.. ” അത് അച്ഛേ… അപ്പച്ചി…” ദേവ് വിക്കി വിക്കി പറഞ്ഞു.. “അപ്പച്ചി അല്ലേടാ ഇത്…” ബാലൻ ചിരിച്ചു കൊണ്ട് ചോദിച്ചു.. ദേവിന്റെ മുഖം പിന്നെയും വാടി… അവൻ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു.. ” എന്റെ ഏട്ടാ… അവനെ ഇങ്ങനെ കരയിക്കാതെ….” ഗൗരി അവന് അരികിലേക്ക് വന്നു അവനെ സമാധാനിപ്പിച്ചു… “ദേവാ… പാറു അകത്തു ഉണ്ട്… അവള് കുഞ്ഞ് വാവകളുടെ അടുത്ത് ഉണ്ട്…” ഭദ്രൻ അവന്റെ ചുമലിൽ തട്ടി കൊണ്ട് പറഞ്ഞു… ദേവ് അവനെ നന്ദിയോടെ നോക്കി.. പിന്നെ എല്ലാരുടെയും മുഖത്ത് ചമ്മലോടെ നോക്കിക്കൊണ്ട് ഒറ്റ ഓട്ടത്തിന് അകത്തേക്ക് ഓടി…
“ഇക്കണക്കിനു നമ്മള് ഇവരെ പിടിച്ചു കെട്ടിക്കേണ്ടി വരുമോ അച്ഛാ… ” അവന്റെ ഓട്ടം കണ്ട് ബാലൻ ചിരിയോടെ മേനോനോട് പറഞ്ഞു… “വലുതാകുമ്പോൾ നമുക്ക് ശരിയാക്കാം അല്ലെ ഗോപി…” അയാൾ ആ പുഞ്ചിരിയിൽ ചേർന്നു കൊണ്ട് പറഞ്ഞു… എല്ലാവരിലും ആ പുഞ്ചിരി പടർന്നു… സീതയുടെ മുറിയിൽ എത്തിയാണ് ദേവിന്റെ ഓട്ടം നിന്നത്.. കിതച്ചു കൊണ്ട് അവൻ വാതിലിലൂടെ അകത്തേക്ക് നോക്കി. ബെഡ്ഡിൽ പുറം തിരിഞ്ഞു ഇരിക്കുകയാണ് പാറു. മുഖം കാണാൻ പറ്റുന്നില്ല… സീത കബോർഡിൽ ഡ്രസ്സ് അടുക്കി വെക്കുവായിരുന്നു…. പാറു ബെഡ്ഡിൽ ഇരുന്നു രുദ്രയെയും ദക്ഷയെയും കളിപ്പിക്കുന്ന തിരക്കിൽ ആണ്… അപ്പോഴാണ് വാതിൽക്കൽ നിൽക്കുന്ന ദേവിനെ സീത കണ്ടത്… “കേറി വാ ദേവാ… എന്താ അവിടെ തന്നെ നിന്നത്..” സീത അവനെ ഉള്ളിലേക്ക് വിളിച്ചു…
അത് കേട്ടിട്ടും പാറു തിരിഞ്ഞ് നോക്കിയില്ല.. അത് അവനെ വിഷമിപ്പിച്ചു.. “ഒന്ന്…. ഒന്നൂല്ല ഇളയമ്മേ…. ഞാൻ വെറുതെ…” അവൻ അതും പറഞ്ഞു ഒന്നുടെ പാറുവിനെ നോക്കി.. അവള് തിരിഞ്ഞു കൂടി നോക്കിയില്ല… അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു… അവൻ പതിയെ തിരിഞ്ഞു നടന്നു… പിൻ ഭാഗത്ത് കൂടി തന്നെ ഇറങ്ങി കുളപ്പടവിൽ ചെന്നിരുന്നു… അവന്റെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞു വന്നു… അവൻ വാശിയോടെ അത് തുടച്ചു കളഞ്ഞു… “മറന്നു കാണും… അല്ലേലും 2 വർഷം ആയില്ലേ…. ഞാൻ ആരാ… ആരും അല്ലല്ലോ….” അവൻ പിറുപിറുത്തു.. “കിച്ചേട്ടാ…..” തോളിൽ ഒരു കൈ പതിഞ്ഞു.. ഒപ്പം ആ ശബ്ദവും… ദേവ് പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു… പിന്നിൽ കള്ള ചിരിയോടെ നിക്കുന്ന പാറു… ഒരു പട്ട് പാവാടയും ഇട്ടു തന്റെ മുന്നിൽ നിക്കുന്ന പാറുവിനെ അവൻ പരിഭവത്തോടെ നോക്കി… കുറച്ചു കൂടെ നീളം വച്ചു.. കൂട്ടത്തിൽ മുടിയും വളർന്നു… വേറെ വലിയ മാറ്റങ്ങൾ ഒന്നും ഇല്ലെന്ന് അവൻ ഓർത്തു…
“കിച്ചേട്ടാ….” അവള് വീണ്ടും വിളിച്ചു.. “എന്നോട് മിണ്ടണ്ട…..” ദേവ് പിണങ്ങി കൊണ്ട് പുറം തിരിഞ്ഞു നിന്നു… “സോരി കിച്ചേട്ടാ…” പാറു അവന്റെ മുന്നിലേക്ക് കേറി നിന്നു… ഇരു കൈകൾ കൊണ്ടും ചെവിയിൽ പിടിച്ചു ക്ഷമ പറയുന്നതായി കാണിച്ചു… അവളുടെ മുഖം വാടുന്നത് കണ്ടപ്പോൾ അവനും സങ്കടം വന്നു… എങ്കിലും അവൻ ഗൗരവം വിടാതെ നിന്നു… “സോരി കിച്ചേട്ടാ….. ഞാൻ ചുമ്മാ കളിപ്പിച്ചു നോക്കിയത് അല്ലെ…” പാറുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി… “മം… സാരമില്ല.. പോട്ടെ…” ദേവ് അവളുടെ കണ്ണീര് തുടച്ച് കൊണ്ട് പറഞ്ഞു… പെട്ടെന്ന് ആണ് പാറു അവന്റെ കണ്ണുകളിൽ ഉമ്മ വച്ചത്.. പിന്നെ അവള് അവിടെ നിന്നില്ല… ഒറ്റ ഓട്ടം വച്ചു കൊടുത്തു… ദേവ് ഒരു നിമിഷം അന്തം വിട്ടു നിന്നു.. പിന്നെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു… പിന്നെ അങ്ങോട്ട് വീണ്ടും ആഹ്ലാദത്തിന്റെ നാളുകൾ ആയിരുന്നു.. ദേവും പാറുവും അഭിയും അനിയും കൈലാസും ഭദ്രനും ഒക്കെ… കളിയും ചിരിയുമായി ദിവസങ്ങൾ അങ്ങനെ കടന്നു പോയി..
ഇപ്രാവശ്യം ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ നിന്നും രാജി എഴുതി കൊടുത്തു എത്രയും പെട്ടെന്ന് നാട്ടിലേക്ക് വരുമെന്ന് ഗോപി പറയുന്നത് ദേവ് കേട്ടു.. അവന്റെ സന്തോഷത്തിനു അതിര് ഇല്ലായിരുന്നു.. പാറു ഇനി എന്നും തന്റെ കൂടെ ഉണ്ടാവും എന്ന സന്തോഷമായിരുന്നു അവന്… ദിവസങ്ങൾ വീണ്ടും കഴിഞ്ഞു.. ഇപ്രാവശ്യത്തെ മടക്ക യാത്ര എത്രയും പെട്ടെന്ന് തിരിച്ചു വരാൻ വേണ്ടി ഉള്ളതാണെങ്കിലും ദേവിന്റെ മനസ്സിൽ ഒരു ഭീതി തങ്ങി നിന്നു… പാറു തിരിച്ചു പോകാൻ മടിച്ചു എങ്കിലും പെട്ടെന്ന് മടങ്ങി വരാമല്ലോ എന്ന എല്ലാവരുടെയും ഉറപ്പിൽ അവളും തിരിച്ചു പോകാൻ സമ്മതിച്ചു… എത്രയും പെട്ടെന്ന് തിരിച്ചുവരും എന്നുള്ള ഉറപ്പിൽ ആ അവധിക്കാലം കഴിഞ്ഞ് അവർ മടങ്ങി… ****”എന്നിട്ട്… പിന്നെ.. പിന്നെ എന്ത് ഉണ്ടായി ദേവേട്ടാ….” അപ്പുവിന്റെ സ്വരത്തിൽ ഭീതി കലർന്നു… ദേവ് നിറഞ്ഞ കണ്ണുകൾ തുടച്ചു… “പറയ് ദേവേട്ടാ.. എങ്ങനെ.. എങ്ങനെ.. എവിടെയാ എനിക്ക് എന്റെ അസ്ഥിത്വം നഷ്ടമായത്.. എങ്ങനെയാ ഞാൻ അപ്പു ആയതു..” അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് അവള് ചോദിച്ചു.. അവളുടെ കണ്ണ് നീരിന്റെ നനവും ചൂടും അവന്റെ നെഞ്ചിൽ ആകെ പരന്നു…
“ഞാൻ കാത്തിരുന്നു അപ്പു.. ഞാൻ മാത്രമല്ല മംഗലത്ത് വീട്ടിൽ ഉള്ളവർ മുഴുവൻ….നിനക്ക് വേണ്ടി.. നിങ്ങൾക്കു വേണ്ടി… ” ദേവിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി… അപ്പു തല ഉയർത്തി അവനെ നോക്കി… “അന്ന് ആണ് ഞാൻ നിന്നെ അവസാനമായി കണ്ടത്… തിരിച്ച് വരും എന്ന് പറഞ്ഞ് പോയ എന്റെ പാറു പിന്നീട് ഒരിക്കലും വന്നില്ല.. ഒരിക്കലും… ” ദേവിന്റെ തൊണ്ട ഇടറി… ” ദേവേട്ടാ…. അപ്പൊ… ഞാൻ…എങ്ങനെ..” അപ്പു ദയനീയമായി അവനെ നോക്കി… “അന്ന് പെട്ടെന്ന് എല്ലാം തീർത്തു മടങ്ങി വരുമെന്ന് പറഞ്ഞാണ് എല്ലാരും പോയതു… ഞാൻ കാത്തിരുന്നു… പക്ഷേ കാത്തിരുന്നു കാത്തിരുന്നു എന്നെ തേടി വന്നത് എന്റെ പാറുവിന്റെ മരണ വാർത്ത ആയിരുന്നു… മരണം… ” ദേവ് കിതച്ച് കൊണ്ട് പറഞ്ഞു നിർത്തി.. അപ്പു ശ്വാസം വിലങ്ങിയത് പോലെ ഇരിക്കുകയായിരുന്നു… ” ദേവേട്ടാ…. എനി… എനിക്ക്… വയ്… വയ്യാ…. തല…… ” അപ്പു ഇരു കൈകളും തലയിൽ കോർത്ത് പിടിച്ചു കൊണ്ട് പിറുപിറുത്തു… ഒപ്പം ബോധരഹിതയായി. അവള് അവന്റെ നെഞ്ചിലേക്ക് തന്നെ എന്ന് വീണു… “അപ്പു…. എന്താ… എന്താ.. കണ്ണ് തുറക്കൂ… അപ്പു..” ദേവ് പരിഭ്രാന്തിയോടെ അവളെ ബെഡ്ഡിലേക്ക് ചായ്ച്ചു കിടത്തി… ***
അസഹ്യമായ തലവേദനയോടെയാണ് അപ്പു കണ്ണുകൾ വലിച്ചു തുറന്നത്… മുന്നിൽ കണ്ണീരോടെ നിൽക്കുന്ന ദേവിനെ അവള് കണ്ടു… “ദേവേട്ടാ…. ഞാ.. ഞാൻ.. എനിക്ക്… ” അപ്പു എണീറ്റു ഇരുന്നു കൊണ്ട് എന്തോ പറയാൻ ശ്രമിച്ചു… “വേണ്ട… കിടക്കു.. ഒന്നും പറയണ്ട….” ദേവ് അവളെ കിടക്കയിലേക്ക് ചായ്ച്ചു കിടത്തി.. “ദേവേട്ടാ… ഞാൻ.. എനിക്ക് ഒന്നും ഓർമ ഇല്ല..” അപ്പു കണ്ണീരോടെ വിതുമ്പി… ” വേണ്ട.. ഒന്നും വേണ്ട… എനിക്ക് നീ മതി.. അത് അപ്പു ആയിട്ട് ആണെങ്കിൽ അങ്ങനെ.. അതിൽ കൂടുതൽ ഒന്നും വേണ്ട… നിന്നെ ഇനിയും നഷ്ടപ്പെട്ടാൽ അതെനിക്ക് താങ്ങാൻ പറ്റില്ല… ഞാൻ വീണ്ടും… ” ദേവ് അവളെ വാരി പുണർന്നു… ” നിനക്ക് അറിയില്ല അപ്പു… നിനക്ക് വേണ്ടിയാണ് ഞാൻ അന്ന് കാത്തിരുന്നത്… ഒടുവിൽ നിന്റെ മരണ വാർത്ത എന്നെ തേടി വന്നപ്പോൾ പാടെ തകർന്നു പോയി ഞാൻ… മനസ്സിന്റെ നിയന്ത്രണം കൈ വിട്ടു പോയി…. താളം തെറ്റി.. നൂല് പൊട്ടിയ പട്ടം പോലെ ആയിരുന്നു എന്റെ മനസ്സു…
നിനക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന് എന്റെ മനസ്സു പറഞ്ഞു.. പക്ഷേ സമനില തെറ്റിയ നിലയിൽ അപ്പച്ചി കൂടി തിരിച്ച് വന്നതോടെ എന്റെ ജീവിതം തകിടം മറിഞ്ഞു… ” അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു. ” പിന്നെ ഒന്നര വർഷം.. എന്റെ ജീവിതത്തിലെ ഏറ്റവും കറുത്ത ദിനങ്ങൾ… നീ ഇനി ഇല്ല എന്ന തിരിച്ചറിവിൽ മനസ്സിന്റെ താളം തെറ്റി… പിന്നെ മരുന്നുകൾ.. കൗൺസിലിങ്ങ്… ഞാൻ എന്നെ തന്നെ വെറുത്ത നാളുകൾ… തിരിച്ചു പോവില്ല എന്ന് വാശി പിടിച്ച നിന്നെ നിർബന്ധിച്ചു തിരിച്ചു വിട്ട എല്ലാവരോടുമുള്ള വെറുപ്പ്… വല്ലാത്ത അവസ്ഥ ആയിരുന്നു… അതിൽ ഞാൻ ഏറ്റവും അധികം ക്രൂശിച്ചത് ഒരു പക്ഷേ മുത്തച്ഛനെ ആവും… ഭ്രാന്തിന്റെ വക്കിൽ എത്തിയ നാളുകൾ.. നീ ഇനി ഇല്ല എന്ന് മനസ്സ് സമ്മതിച്ചു തന്നില്ല… എന്നെങ്കിലും നീ തിരിച്ച് വരുമെന്ന പ്രതീക്ഷയിൽ ആയിരുന്നു എന്റെ ജീവിതം… നീ ഏറെ ഇഷ്ടപ്പെട്ട എന്റെ ഈ കണ്ണുകൾ മറ്റാരും കാണരുത് എന്ന പിടിവാശി… അന്ന് മുതൽ ഞാനിത് കണ്ണിൽ വെച്ച് തുടങ്ങി..
എന്റെ നീലക്കണ്ണുകൾ എല്ലാവരിൽ നിന്നും മറച്ചു പിടിച്ചു.. നിനക്ക് പ്രിയപ്പെട്ടത് ഒരിക്കലും മറ്റാരും കാണരുത് എന്ന് ഞാൻ ആശിച്ചു… ” കണ്ണിൽ തൊട്ടു കൊണ്ട് ദേവ് പറഞ്ഞു… ” ദേവേട്ടാ… എനിക്ക് അത് കാണണം… പ്ലീസ്… ” അപ്പു ദൈന്യതയോടെ അവനെ നോക്കി… ദേവ് ഒന്ന് പുഞ്ചിരിച്ചു… പിന്നെ പതിയെ കണ്ണുകളിൽ നിന്നും ലെൻസ് ഊരി മാറ്റി…. പിന്നെ അവളെ നോക്കി പുഞ്ചിരിച്ചു… അപ്പു കാണുകയായിരുന്നു അവളുടെ പ്രണയത്തെ.. അവളുടെ സ്വപ്നത്തെ.. അവളുടെ നീലക്കണ്ണുകളെ…. ദേവ് ചിന്തിക്കുന്നതിന് മുന്നേ അവള് ആ കണ്ണുകളിൽ ചുണ്ടുകൾ ചേർത്തു… അവന്റെയും അവളുടെയും കണ്ണുകൾ നിറഞ്ഞു ഒഴുകി… ഭ്രാന്തമായ ആവേശത്തോടെ ഇരുവരും പരസ്പരം പുണർന്നു… കണ്ണ് നീര് പരസ്പരം ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുത്തു… (തുടരും)

by