12/02/2026

അമ്മേ ദേവി എനിക്ക് എഫ്ബി അക്കൗണ്ടില്ലാത്തൊരു പയ്യനെ വിവാഹം കഴിക്കാൻ കിട്ടണേ…” പ്രാർത്ഥന ഉച്ചത്തിലായതിനാൽ അമ്പലത്തിലെ തിരുമേനി കേട്ടു..

രചന – സുധീ മുട്ടം

‘അമ്മേ ദേവി എനിക്ക് എഫ്ബി അക്കൗണ്ടില്ലാത്തൊരു പയ്യനെ വിവാഹം കഴിക്കാൻ കിട്ടണേ…”
പ്രാർത്ഥന ഉച്ചത്തിലായതിനാൽ അമ്പലത്തിലെ തിരുമേനി കേട്ടു..

“എന്താ ശിവഭദ്ര ഇപ്പോഴത്തെ കാലത്ത് ഇങ്ങനെയുള്ള ചെറുക്കനെ കിട്ടുവോ…”

“അതല്ല..തിരുമേനി എഫ്ബിയിൽ കുത്തിയിരുന്ന് ഞാൻ മടുത്തു. എന്നെ നേർവഴിക്ക് നയിക്കാൻ അങ്ങനെയെങ്കിലും ഒരാളുണ്ടാകുന്നതല്ലെ നല്ലത്…”

ഞാൻ മനോഹരമായിട്ട് പുഞ്ചിരിച്ചു. തിരുമേനി നൽകിയ പ്രസാദവും വാങ്ങി ക്ഷേത്രത്തിനൊരു വലത്തുമിട്ട് ഞാൻ വീട്ടിലേക്ക് നടന്നു.ഈറൻ മുടിതുമ്പിൽ നിന്ന് ജലകണങ്ങൾ ഇറ്റിറ്റ് വീഴുന്നുണ്ട്.പെട്ടെന്ന് കുളിച്ചൊരു ഓട്ടമായിരുന്നു ഭദ്രാഭഗവതി ക്ഷേത്രത്തിലേക്ക്. മുടിചുറ്റിക്കെട്ടി വേണം അമ്മയെ തൊഴാൻ….

വെള്ളിയാഴ്ച അമ്മയുടെ ദിവസമാണ്. അന്നത്തെ ദിവസം അമ്മക്കൊരു പ്രത്യേക ചൈതന്യമാണ്…

സെറ്റ് സാരിയൊക്കെ ഉടുത്ത് സുന്ദരിയായി തന്നെ ഒരുങ്ങിയാണ് ഞാൻ ഇറങ്ങിയത്. ഇപ്പോൾ നാടൻ വേഷമാണ് പ്രിയം.ഏട്ടനും ഏട്ടത്തിയമ്മയും എപ്പോഴും കളിയാക്കും…

“നീയിങ്ങനെ നാടൻ വേഷത്തിൽ നടന്നോ.ഇപ്പോഴത്തെ പെൺകുട്ടികളെല്ലാം തനി മോഡേൺ ആണ്…”

“ഞാൻ സഹിച്ചൂട്ടൊ..എനിക്കൊരു നാടൻ ചെക്കനെ മതി..”

അവരുടെ നാവടിപ്പിക്കാൻ തത്ക്കാലം അത്‌ മതി.അച്ഛനും അമ്മയും തനി നാട്ടിൻ പുറത്തുകാരാണ്.ഏട്ടനും ഏട്ടത്തിക്കുട്ടിയും ഇപ്പോഴത്തെ കാലത്തെ പ്രതീകം.

വീട്ടിലൊരു പുള്ളിപ്പൂവാലിയുണ്ട്.അവൾക്ക് പുല്ല് പറിയാണ് എന്റെ ജോലി.വീട്ടിലെ പണിയൊക്കെ അമ്മയും ഏട്ടത്തിയും കൂടി ചെയ്യും.ഞാൻ ബാക്കി സമയം എഫ്ബിയിലും…

ഇനി എഫ്ബിയിലെ ചെക്കന്മാരെ വേണ്ടാന്ന് പ്രാർത്തിച്ചത് എന്തിനാണെന്നല്ലെ പറയാ ട്ടാ..

എഫ്ബിയിൽ ചില ചെക്കന്മാരുണ്ട് എന്റെയൊരു മുഖചിത്രം മാറ്റിയാൽ അടിപൊളി. സൂപ്പർ എന്നൊക്കെ കമന്റീട്ട് നേരെ മെസഞ്ചറിലാ വരവ്.സുന്ദരിയാണ്..മാങ്ങയാണ്..ചേനയാണ് എന്നൊക്കെ പുകഴ്ത്തൽ….

സഹികെട്ട് മെസഞ്ചർ ഡിലീറ്റ് ചെയ്തു.അപ്പോൾ കമന്റ് ബോക്സിൽ തള്ളിക്കയറ്റം.ബ്ലോക്ക് ചെയ്യുന്നതിനും പരിധിയില്ലെ.അതുകൊണ്ട് ആകെ മടുത്തു..

എഫ്ബിയില്ലാത്ത ചെറുക്കനെയും കെട്ടി രണ്ടു മക്കളുടെ അമ്മയായി അവന്റെ ചൂടും പറ്റി കഴിയണം.അതെയുള്ളൂ ഇനിയൊരു ആഗ്രഹം…

പഠിച്ചിട്ടു വലിയ പണിയൊന്നും കിട്ടിയില്ല.ഇനി വീട്ടുകാർ ഒരു ചെക്കനെ തലയിൽ കയറ്റി വെക്കുന്നത് വരെ കാത്തിരിക്കണം….

പലതും ചിന്തിച്ചു വീട്ടിലെത്തി. മുറ്റത്തൊരു കാറ് കിടക്കുന്നു. ആരുടെയാണെന്ന് അത്ഭുതപ്പെട്ടു…

“നീ അടുക്കള വാതിലൂടെ വാ..”

ഏട്ടത്തി മുന്നിൽ.എന്നെ വലിച്ച് അടുക്കളയിൽ എത്തിച്ചു..

“എഫ്ബി കുത്തിയിരിപ്പ് അവസാനിച്ചു. നിന്നെ കാണാനൊരു പയ്യൻ വന്നിട്ടുണ്ട്..”
ഏട്ടത്തീടെ മുഖത്ത് കള്ളപ്പുഞ്ചിരിയുണ്ട്..

“ഭഗവതി എന്റെ പ്രാർത്ഥന കേട്ടുവോ..”

“ചെറുക്കനു ഫെയ്സ്ബുക്ക് അലർജിയാ.നീ പേടിക്കണ്ട..”

ഏട്ടത്തി ചായ കപ്പിൽ പകർന്നു തന്നു.അതുമായി ചെറുക്കനു കൊണ്ട് കൊടുത്തു. സത്യം. ഞാൻ ശരിക്കും അത്ഭുതപ്പെട്ടു…

“ഏട്ടത്തിയുടെ ചേട്ടൻ…”

ഒരിക്കൽ അദ്ദേഹത്തെ ഒന്ന് വളച്ചെടുക്കാൻ ശ്രമിച്ചതാണ് നടന്നില്ല.അന്ന് വല്യ ഡിമാന്റായിരുന്നു….

മൂപ്പരുമായി സംസാരിക്കുമ്പം എനിക്ക് നാണമൊന്നും വന്നില്ല.എനിക്ക് ഒരൊറ്റ ചോദ്യം മാത്രം…

“” ചേട്ടനു എഫ്ബി അക്കൗണ്ട് ഉണ്ടോ…”

“ഇല്ലല്ലൊ..ന്തെ.തുടങ്ങണൊ…

” അയ്യോ വേണ്ട…”

ഒടുവിൽ ദേവിയെന്റെ പ്രാർത്ഥന കേട്ടൂലൊ..

കാര്യങ്ങൾക്ക് പെട്ടന്നൊരു തീരുമാനം ആയി.വിവാഹ ഡേറ്റ് ഫിക്സ് ചെയ്തു…

അങ്ങനെ കല്യാണവും കഴിഞ്ഞു ആദ്യരാത്രിയും കഴിഞ്ഞു..പിറ്റേന്ന് പകൽ ഭർത്താവ് എഫ്ബിയിൽ തോണ്ടുന്നു..

എന്നെ കണ്ടതും ഭർത്താവിന്റെ മറുപടി…

“നിന്റെ ഏട്ടനും ഏട്ടത്തിയുമാണ് പറഞ്ഞത്.എനിക്ക് എഫ്ബി അക്കൗണ്ട് ഇല്ലെന്ന് പറയാൻ. അങ്ങനെ എങ്കിലും നിന്റെ കല്യാണവും നടങ്ങട്ടെയെന്ന്…”

“ദുഷ്ടർ..” ഞാൻ പല്ല് ഞെരിച്ചു

വിവാഹം കഴിഞ്ഞതിനാൽ ഉപേക്ഷിക്കാൻ പറ്റില്ലല്ലൊ.മൂന്നു ദിവസം കഴിഞ്ഞു ഭർത്താവിന്റെയും കൂട്ടി എന്റെ വീട്ടിൽ വിരുന്നിനു വന്നു..

“ഏട്ടത്തി ഞങ്ങൾ കുറച്ചു ദിവസം ഇവിടെ കാണും ട്ടാ…”

അവർക്കത് വലിയ സന്തോഷം നൽകിയത് ഒരുദിവസം കൊണ്ട് തീർന്നു…

വീട്ടുകാർ വരുമ്പോൾ കാണുന്ന കാഴ്ച അവരെ ഞെട്ടിച്ചു…

“പറമ്പിലെ മാവിൻ ചുവട്ടിൽ മൊബൈലുകളുമായി ഞാനും ഭർത്താവും കൂടി പുറത്തോട് പുറമൊട്ടി എഫ്ബിയിൽ .

ഏട്ടത്തിയുടെയും ഏട്ടന്റെയും മുഖം മാറിയെങ്കിലും ഞാൻ ആക്കിയൊരു ചിരി പാസാക്കി…

” എനിക്കിട്ട് പണിതാൽ ഇങ്ങനെയിരിക്കും.കുറച്ചു ദിവസം ഞങ്ങളെ സഹിക്ക് അല്ല പിന്നെ….