രചന – നിവേദ്യ ഹരിഹരൻ
” ദേ പിന്നേം ഡോക്ടർ എന്റെ കൈയ്യിൽ പിടിച്ചു…. അനു ചുണ്ടു കൂർപ്പിച്ചു. “ഓഹ് … തന്റെ പ്രാണിഗ്രഹണി.. എബി അതും പറഞ്ഞ് ഉറക്കെ ചിരിച്ചു. സങ്കടത്തിനിടയിലും അനുവിന്റെ ചുണ്ടുകളിലും നേർത്തൊരു പുഞ്ചിരി വെളിവായി. “എടോ ഞാനൊരു ഡോക്ടറാ … എത്രയോ പേരുടെ കൈകളിലൊക്കെ പിടിച്ചിട്ടുണ്ട്. അങ്ങനെ വിചാരിച്ചാ മതീന്നേ… ഒരു ഡോക്ടർ തൊട്ടു എന്നു വിചാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഇപ്പോ തനിക്കുള്ളു. എബിയുടെ പറച്ചിലിൽ കുസൃതി നിറഞ്ഞു . “മമ് അതേയതേ… എന്നാ ഞാൻ പോട്ടെ ഡോക്ടറെ … സമയം കുറേയായി.. അനു എഴുന്നേറ്റു. “ആഹ് താൻ ചെല്ലെടോ… ഞാൻ കുറച്ച് കഴിഞ്ഞ് പൊക്കോളാം. ഇവിടെ നല്ല കാറ്റ്.. ഇങ്ങനെ ഇരുന്നപ്പോ മനസ്സിനു നല്ല സുഖം..! ആകാശത്ത് കണ്ണുചിമ്മുന്ന നക്ഷത്രങ്ങളെ നോക്കി എബി പറഞ്ഞു.
“എന്നാ ഞാനും ഇരിക്കാം കുറച്ചു സമയം കൂടി.. ഡോക്ടർക്ക് ഒരു കമ്പനി തരാൻ.. അനു ഒരു കണ്ണടച്ചു കാണിച്ചു കൊണ്ട് ഇരുന്നിടത്ത് വീണ്ടും വന്നിരുന്നു. “ആഹ് … ഇനി ഡോക്ടറെ പറ്റി പറ… എപ്പോഴും എന്റെ കാര്യങ്ങളല്ലേ നമ്മൾ സംസാരിക്കാറ്… താടിയിൽ കൈയ്യും കൊടുത്തിരുന്ന് അനു അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി. “എന്നെ പറ്റി എന്തു പറയാനാടോ..? അങ്ങനെ തട്ടീം മുട്ടിം ജീവിച്ചു പോകുന്നു. എബി കണ്ണിറുക്കി. “ഡോക്ടർക്ക് എന്തേലും അഫയർ ഉണ്ടോ?? അനു എടുത്തടിച്ച പോലെ ചോദിച്ചപ്പോൾ എബി വല്ലാതായി. “അങ്ങനെ അഫയർ ഒന്നൂല്ല.. നമ്മളെയൊക്കെ ആര് ഇഷ്ടപ്പെടാനാ…?? അവളുടെ മനസ്സറിയാനെന്നോണം അവൻ പറഞ്ഞു നിർത്തി. “ഇതാ ഇപ്പോ നന്നായേ… കാണാൻ സുമുഖൻ, നല്ല ജോലി … എന്നിട്ടും ആരേം കിട്ടില്ലേ… നുണ പറയല്ലേട്ടോ… അനു അത്ദുതപൂർവ്വം അവനെ നോക്കി.
“അങ്ങനെയല്ലെടോ കോളേജിൽ MBBS ചെയ്യണ സമയത്ത് ഒരു കുട്ടിയ്ക്ക് എന്നെ നല്ല ഇഷ്ടാരുന്നു … പക്ഷെ ഞാനവളെ നല്ല ഫ്രണ്ടായിട്ടേ കണ്ടിരുന്നുള്ളു. അതോണ്ടു തന്നെ എന്റെ മനസ്സ് മാറ്റാനും പറ്റുന്നുണ്ടായില്ല.. അവളെ കാണുമ്പോ അവളാണ് എന്റെ നല്ല പാതി എന്ന തോന്നൽ ഉണ്ടായില്ല. ആ തോന്നൽ വരുമ്പോഴല്ലേ നമുക്കൊരാളോട് പ്രണയം തോന്നാ… എബി അനുവിന്റെ കണ്ണുകളിലേക്ക് നോക്കി അതു പറയുമ്പോൾ അറിയാതെ അവളുടെ കണ്ണുകളുമായി ചേർന്നു പിണഞ്ഞു. അനു മുഖം തിരിച്ചു. “മമ് … അതെ… അവളൊന്നു മൂളി. “ഡോക്ടർ ഇഷ്ടപ്പെട്ടാ ഈ മെഡിക്കൽ ഫീൽഡ് തിരഞ്ഞെടുത്തേ…? കണ്ണുകൾ ഇടഞ്ഞ ജാള്യത മറയ്ക്കാനെന്നോണം അനു ചോദിച്ചു. “സത്യം പറഞ്ഞാൽ അല്ലെടോ… എബി എഴുന്നേറ്റു നടന്നു. എന്റെ പാഷൻ വേറെയാ… “എന്താ … എന്താ ഡോക്ടർടെ ഇഷ്ടം..?? അനു എബിയുടെ പിന്നാലെ നടന്നു ചെന്നു. “സിനിമയായിരുന്നു എന്റെ ആഗ്രഹം .
നല്ലൊരു പിന്നണി ഗായകൻ ആകണമെന്ന്.. സംഗീതത്തെ ആഴത്തിൽ അറിയണമെന്ന് … കൈകൾ കെട്ടി നിന്ന് നക്ഷത്രങ്ങളെ നോക്കി അവനതു പറയുമ്പോൾ അനു അവനെത്തന്നെ നോക്കി നിന്നു. “ഞാൻ വിചാരിച്ചിരുന്നു അന്ന് ഡോക്ടർടെ പാട്ട് കേട്ടപ്പോൾ… ഡോക്ടർ എന്തേ ആ ഫീൽഡ് വിട്ടു കളഞ്ഞേന്ന്… അത്ര നന്നായി പാടിയിരുന്നു അന്ന്. അനുവിന്റെ തിളങ്ങുന്ന കണ്ണുകളത് സത്യമെന്ന് സാക്ഷ്യപ്പെടുത്തി. “അപ്പന് ഇഷ്ടമല്ലെടോ എന്നെ പാട്ടുകാരനാക്കാൻ… എബി തലകുനിച്ചു. “അതെന്താ…? അങ്കിളിനെന്താ പാട്ടിനോട് അത്ര വിരോധം ?? “അറിയില്ല ടോ… അപ്പനും നന്നായി പാട്ടുപാടുമായിരുന്നെന്ന് പണ്ട് എന്റെ അപ്പാപ്പൻ പറഞ്ഞ് കേട്ടിട്ടുണ്ട്. കോളേജ് വരെയൊക്കെ ഒരുപാട് മത്സരത്തിൽ പങ്കെടുത്ത് കുറേ സമ്മാനം ഒക്കെ വാങ്ങിട്ടുണ്ട് അപ്പൻ. അപ്പന്റെ കഴിവാ എനിക്ക് കിട്ടിയത്. പിന്നീടെന്തോ പാട്ടിനോട് അപ്പന് വെറുപ്പായി.
“എന്റെ ഇഷ്ടം സംഗീതമാണെന്ന് അറിഞ്ഞപ്പോൾ മാത്രമാണ് അപ്പൻ എന്നോട് പിണങ്ങിയിട്ടുള്ളത്. വേറെന്തും സെലക്ട് ചെയ്തോ പാട്ടു മാത്രം വേണ്ടെന്ന് കട്ടായം പറഞ്ഞു. അപ്പന് ഇഷ്ടമല്ലാത്തത് എനിക്കും വേണ്ടെടോ… അങ്ങനെ ഞാനത് ഉപേക്ഷിച്ചു.. പിന്നെ മെഡിക്കൽ എടുത്തു.. ഇപ്പോ ഞാനീ ജോലി ആസ്വദിക്കുന്നുണ്ടോ എന്ന് ചേദിച്ചാൽ ഇല്ല . പക്ഷെ ഞാനിത് ചെയ്യുന്നത് ആത്മാർത്ഥമായിട്ടാ അത്ര തന്നെ … അനു അവൻ പറയുന്നത് നിശബ്ദയായി കേട്ടു നിന്നുകൊണ്ടിരുന്നു “എന്താണ് അപ്പന് പാട്ടിനോട് ഇത്ര വെറുപ്പെന്ന് എനിയ്ക്കറിയില്ല.. ഓർമ്മ വച്ച നാൾ മുതൽ അപ്പനൊരു പാട്ടുമൂളി ഞാൻ കേട്ടിട്ടില്ല. വല്ലാത്ത ദേഷ്യാ പാട്ടും പാട്ടുകാരേം… എബിയുടെ വാക്കുകളിൽ നിരാശ നിഴലിച്ചിരുന്നു. “എന്തേലും കാര്യം കാണുമായിരിക്കും. അനു മെല്ലെ പറഞ്ഞു.
“അതേ … കാണുമായിരിക്കും… എബി നെടുവീർപ്പിട്ടു. “അതുപോട്ടെ ആ കുട്ടിയെ പറ്റി ബാക്കി പറഞ്ഞില്ലല്ലോ .. ആള് വേറെ കല്യാണം കഴിച്ചോ…? “ഹേയ് എവിടുന്ന്… ഇപ്പോ ദേ ഒരു മാസം സമയം തന്നിരിക്കാണ് ലാസ്റ്റ് ഒരു ഡിസിഷൻ പറയാൻ… എബി ചിരിച്ചു. “ആണോ..?? എന്നിട്ട് ഡോക്ടർ എന്തു തീരുമാനിച്ചു..? ഉദ്വേഗത്തോടെ അവൾ അവനെ ഉറ്റുനോക്കി. “തീരുമാനിച്ചിട്ടില്ല ഇതുവരെ . തീരുമാനിക്കണം.!! അകലേക്ക് കണ്ണെറിഞ്ഞു കൊണ്ട് അവനതു പറയുമ്പോൾ അനുവിന്റെ മുഖം വാടി. “ആള് പ്രതീക്ഷിച്ചിരിക്ക്യാവും അല്ലേ.. അനു വിരലുകൾ വേഗത്തിൽ ഞൊടിച്ചു. അവളിലെ ഭാവവ്യത്യാസം എബി ശ്രദ്ധിച്ചു. എങ്കിലും അവനത് പ്രകടിപ്പിച്ചില്ല. “മ്മ്ഹ് … പോസിറ്റീവ് റെസ്പോൻസ് ആണവൾ പ്രതീക്ഷിക്കുന്നത്. ഇതും പറഞ്ഞ് എബി അനുവിനെ ഒളികണ്ണിട്ടു നോക്കി.
“ഡോക്ടർ ആലോചിച്ച് തീരുമാനിക്ക്.. എബിയുടെ മുഖത്തേക്കു നോക്കാതെ അനു പറഞ്ഞു. എബി ഒന്നു മന്ദഹസിച്ചു. “അതുപോട്ടെ തനിയ്ക്ക് ഈ പറഞ്ഞ പോലെ ആരോടും ഒന്നും ഉണ്ടായിട്ടില്ലേ.. എബി പുരികമുയർത്തി അനുവിനെ നോക്കി. “ഇങ്ങോട്ടേയ്ക്ക് ഒരുപാട് പൊപ്പോസൽസ് ഒക്കെ കിട്ടീട്ടുണ്ട്. പക്ഷെ എനിക്കെന്തോ അങ്ങനൊന്നും തോന്നിട്ടില്ല. ഞാൻ കലാമണ്ഡലത്തിൽ പഠിക്കുമ്പോഴാ അച്ഛനെ നഷ്ടപ്പെടണത് . അറ്റാക്ക് ആയിരുന്നു. അനുവിന്റെ കണ്ണുകളിൽ സങ്കടം തളം കെട്ടി. അന്നൊക്കെ അമ്മയെ ഓർത്തുള്ള സങ്കടാരുന്നു മനസ്സിൽ… പ്രണയത്തിന്റെ അടിച്ചുപൊളി മൂഡൊന്നും തീരെ ഇല്ലാരുന്നു. ഫ്രണ്ട്സ് ഒക്കെ കളിയാക്കിട്ടുണ്ട് ഞാനൊരു മന്ദബുദ്ധി ആണെന്നു പറഞ്ഞിട്ട്. മനസ്സിൽ പ്രണയം തോന്നാത്തത് അങ്ങനെ ഉള്ളോർക്കാണത്രേ… അനു ഒന്നു ചിരിച്ചു വീണ്ടും തുടർന്നു…
അതൊക്കെ തമാശയ്ക്കും നേരമ്പോക്കിനും വേണ്ടി വന്നവരായിരുന്നു. ഒന്നു കാണുമ്പോ തോന്നണ വെറും അട്രാക്ഷൻ.. നോ പറയുമ്പോ അടുത്താളെ കണ്ടുപിടിക്കും. ഈ അർജുനും അങ്ങനെ ആണെന്നാ ഞാൻ വിചാരിച്ചത്.. പക്ഷേ… അവളുടെ കണ്ണുകളിൽ ഭയം നിറഞ്ഞു. “താനത് വിട്ടേക്ക് അനു . അവന്റെ കാര്യം മനസീന്നു കളഞ്ഞേക്ക് . അവനെ ഒഴിവാക്കാൻ നമുക്കൊരു മാർഗ്ഗം കാണാന്നേ… അവനെ ഞാൻ ഒഴിവാക്കിത്തരും.. വാക്ക്…!! എബി ഉറച്ച ശബ്ദത്തിൽ പറഞ്ഞു. “മമ് … എന്നാ ഞാൻ പോവ്വാ ഡോക്ടറെ … വൈകിയാൽ ഇനി അമ്മ ഇങ്ങോട്ട് അന്വേഷിച്ച് വരും ഗുഡ് നൈറ്റ്… നാളെക്കാണാം … അനു പടികൾ ഇറങ്ങുന്നത് നിർന്നിമേഷനായി എബി നോക്കി നിന്നു “കള്ളി ഒരു സോഫ്റ്റ് കോർണർ എവിടോ ഉണ്ട് .. ആഷ്മിയെ വിളിച്ച് നോ പറയണം. എബി മന്ത്രിച്ചു. അവന്റെ ചുണ്ടുകളിൽ ഒരു പ്രണയഗാനത്തിന്റെ വരികൾ ഒഴുകി നടന്നു. 🎵 എത്രയോ ജന്മമായ് .. കാത്തിരുന്നു കാണുവാൻ .. അത്രമേൽ അത്രമേൽ ഇഷ്ടമാണീ മുഖം … പാട്ടും മൂളി എബിയും പടികളിറങ്ങി. ❣️❣️❣️❣️❣️ തുടരും……..

by