രചന – നെച്ചു നസ്രിൻ
കരഞ്ഞു വീർത്ത മുഖത്ത് കല്ലിച്ച ഭാവം. താൻ ഒരു മലമുകളിലാണ് നിൽക്കുന്നത്.താഴേക്ക് നിലയില്ലാ കയം. കാല് വിറയ്ക്കുന്നുണ്ട്.പയ്യെ മലയുടെ അങ്ങേ അറ്റത്തേക്ക് നടന്ന താൻ കാലു തെന്നി താഴേക്ക് പതിക്കുന്നതിനു മുൻപ് ശക്തമായ ഒരു കരം തന്നെ വലിച്ചടുപ്പിക്കുന്നു.
ജീവനും മരണത്തിനുമിടയിലായ കുറച്ചു സെക്കന്റുകൾ തന്റെ തലച്ചോറിൽ ഒരു മിന്നൽ പിണർ സൃഷ്ടിച്ചു മിന്നിമറഞ്ഞു.എന്നാൽ താനിപ്പോ ചേർന്ന് നില്കുന്നത് ആരെയാണ്.അപരിചിതമായ ഈ വ്യക്തി ആരാണ്.പെട്ടെന്ന് അയാൾ തന്നിൽ നിന്നകന്ന് ദൂരെ തിരിഞ്ഞ് നടന്നു. പുകമറയ്ക്കിടയിൽ അവൾക് മനസിലാക്കാൻ സാധിക്കാത്ത വിധം അവ്യക്തമായി തീർന്നിരുന്നു അയാൾ.
പീലി ഉറക്കിൽ നിന്ന് ഞെട്ടിയെണീറ്റു. അവളാകെ വിയർത്തിരുന്നു. തൊണ്ട വറ്റി വരണ്ടു.ശ്വാസം എടുക്കാൻ പ്രയാസം തോന്നി. ശ്രമപ്പെട്ടു കയ്യെത്തി മേശമേലിരുന്ന ജെഗിൽ നിന്ന് വെള്ളമെടുത്തു വായിലേക്ക് കമഴ്ത്തി.ശേഷം ആയാസപ്പെട്ടു ശ്വാസം ആഞ്ഞു വലിച്ചു.ക്ലോക്കിലേക്ക് നോക്കിയപ്പോ സമയം 3 മണി.
“കൃഷ്ണാ ,ഭഗവാനെ എന്താ ഇങ്ങനൊരു സ്വപ്നം. അതും ഈ വെളുപ്പാൻകാലത്ത്.ആ മലയിൽ നിന്ന് വീഴാൻ പോയപ്പോ താൻ അനുഭവിച്ച പിടപ്പും സംഘർഷവും ഇപ്പോളും തന്നെ ഭയപ്പെടുത്തുന്നു.ആരാണ് തന്നെ രക്ഷപ്പെടുത്തിയ ആൾ. മുഖം വ്യക്തമല്ല പക്ഷെ”……
എന്തിനെന്നറിയാത്തൊരു ഭയം വന്നു മൂടുന്നതവളറിഞ്ഞു.പിന്നെ കിടന്നിട്ടുറക്കം വന്നില്ല. എഴുന്നേറ്റ് ജനൽ തുറന്നിട്ടു.
ചുറ്റും കൂരാകൂരിരുട്ട്. ചീവിടുകളുടെ ശബ്ദം വയലിൽ നിന്ന് കേൾക്കുന്നുണ്ട്.വെറുതെ ഇരുട്ടത്തോട്ട് നോക്കി അവൾ ജനല്പടിയിൽ ഇരുന്നു. പണ്ടൊക്കെ ഇരുട്ട് പേടിയായിരുന്നു. ഒറ്റക്ക് കിടക്കാനായി , തന്നെ ഈ മുറിയിലേക്ക് കൊണ്ട് വന്ന ആദ്യ ദിവസങ്ങളിൽ തല കാൽമുട്ടിൽ ചേർത്തിരുന്ന് എപ്പോളോ ഉറങ്ങിയിട്ടുണ്ട്.ഇനിയെന്നും ഈ ഇരുട്ടും ഏകാന്തതയുമാണ് തന്റെ ചങ്ങാതികൾ എന്ന് മനസിലാക്കിയപ്പോൾ താനും ഇവരെ സ്നേഹിക്കാൻ തുടങ്ങി.
അവളൊരു ബുക്ക് എടുത്ത് എന്തൊക്കെയോ വെറുതെ വരയ്ക്കാൻ തുടങ്ങി. ചെറുതായൊക്കെ അവൾ ചിത്രം വരയ്ക്കുമെങ്കിലും തന്റെ കഴിവിൽ ശ്രദ്ധ കൊടുത്ത് അതിനെ പരിപോഷിക്കാൻ അവൾക്ക് സമയം കിട്ടാറില്ല.എല്ലാ വരയും എത്തി നിൽക്കുന്നത് സാക്ഷാൽ കൃഷ്ണ ഭഗവാന്റെ രൂപത്തിലാണ്.
4 മണിയായപ്പോ പതിയെ താഴേക്ക് വന്നു. അടുക്കളയിലെ പാത്രങ്ങൾക്ക് തന്നോടെന്തൊക്കെയോ പറയാനുള്ളത് പോലെ പീലിക്ക് തോന്നി.
ഓരോ ജോലിയും അടുക്കും ചിട്ടയോടെയും ചെയ്ത് തീർത്ത് കുളത്തിലെ തണുത്ത വെള്ളത്തിലൊന്ന് മുങ്ങി കുളിച് അവൾ അകത്തേക്ക് കയറി വന്നു. പൂജാമുറിയിൽ വിളക്ക് തെളിച്ച് നെറ്റിയിൽ ഒരു നുള്ള് ഭസ്‌മം തൊട്ടു. അവൾക്ക് ഭഗവാനെ ഒന്ന് കാണാൻ തോന്നി .വേഗം തന്നെ ഈറൻ മുടി കുളിപ്പിന്നൽ കെട്ടി അമ്പലത്തിലേക്ക് നടന്നു.
നടയുടെ മുന്നിൽ നിന്ന് ഭഗവാനെ നോക്കുമ്പോൾ ചന്ദനം ചാലിച്ച കൃഷ്ണ ഭഗവാന് എന്തോ ഒരു പ്രേത്യേക തേജസ്സുള്ളപോലെ തോന്നി പീലിക്ക്.ഒരു കള്ള പുഞ്ചിരി ചൊടിയിലുള്ള പോലെ
” ഭഗവാനെ കൃഷ്ണ , ഇന്നെന്താ ഞാൻ അങ്ങനൊരു സ്വപ്നം കണ്ടത്. എന്തൊക്കെയോ അരുതാത്തത് സംഭവിക്കാൻ പോകുന്ന പോലെ ന്റെ മനസ്സ് പറയുന്നു. കണ്ണാ കൈവിടല്ലേ ഈയുള്ളവൾക്ക് നീയല്ലാതെ ആരുമില്ല”.
ആ ദിവസം മുഴുവൻ പീലിയെ അവൾ കണ്ട സ്വപ്നം അലട്ടിക്കൊണ്ടിരുന്നു.ക്ലാസ്സിലൊന്നും പീലിക്ക് ശ്രദ്ധിക്കാനായില്ല. രേഷ്മയത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
“എന്താ പീലി ഞാൻ രാവിലെ തൊട്ട് നിന്നെ ശ്രദ്ധിക്കുവാ.നീ ആകെ ഡിസ്റ്റർബ്ഡ് ആണ്. എന്ത് പറ്റി. വീട്ടിൽ വീണ്ടും പ്രശ്നമാണോ??”
” ഏയ് ഇല്ലെടി ഒന്നുമില്ല”
“ഒന്നുമില്ലാഞ്ഞിട്ടാണോ ഇന്ന് സർ ക്ലാസ്സ് എടുക്കുമ്പോൾ പോലും നീ ഒന്നും ശ്രദ്ധിക്കുന്നില്ലായിരുന്നല്ലോ “.
“അത്…. ഞാനിന്നൊരു സ്വപ്നം കണ്ട്. ഞാനൊരു മലയുടെ മുകളിൽ നിന്ന് വീഴാൻ പോകുമ്പോൾ എന്നെ ആരോ ചേർത്ത് പിടിച്ച് രക്ഷപ്പെടുത്തി.ഞാൻ മുഖം കാണുന്നേനു മുന്നേ അയാൾ പോയ്കഴിഞ്ഞിരുന്നു”.
“എന്തോന്ന്?? ഈ ഒരു സ്വപ്നം കണ്ടതിനാണോ നിനക്കിത്ര ടെൻഷൻ?.
“അത് ഞാൻ വെളുപ്പിനെയാ കണ്ടത്. അപ്പോ തൊട്ട് മനസ്സിനെന്തോ നെഗറ്റീവ് ഫീലിംഗ്”.
ഒരു പൊട്ടിച്ചിരിയായിരുന്നു പീലിക്കുള്ള മറുപടി
“ഒഞ്ഞു പോയെടീ. രാവിലെ കണ്ട സ്വപ്നം ഫലിക്കുമെന്ന് പണ്ടേതോ മണ്ടൻ പറഞ്ഞതാവും. അല്ലാതെ അതിലൊക്കെ എന്ത് സത്യമിരിക്കുന്നു.അങ്ങനെ കാണുന്ന സ്വപ്നമൊക്കെ നടക്കാനാണേൽ ഞാനിപ്പോ നമ്മുടെ ബി ടി എസിലെ ജിമിനെ കല്യാണം കഴിച്ച് സൗത്ത് കൊറിയയിലെ ഏതേലും ഹൈ ക്ലാസ്സ് ലക്ഷ്വറി അപാർട്മെന്റിൽ താമസിച്ചേനെ. ഇതൊക്കെ ഇപ്പോളും വിശ്വസിക്കുവാണോ? സില്ലി ബോയ്…..”
അവൾ തന്നെ കളിയാക്കിയതാണേലും അവളോട് സംസാരിച്ചപ്പോൾ മനസ്സിന്റെ പിരിമുറുക്കത്തിനൊരു അയവു വരുന്നത് പീലി അറിഞ്ഞു.
” ശെരിക്കും അങ്ങനൊരു സ്വപ്നം കണ്ടതിനാണോ അതോ രക്ഷിച്ച നായകന്റെ മുഖം കാണാൻ പറ്റാത്തതിന്റെയാണോ ഈ സങ്കടം”??
തന്നെ ചൂഴ്ന്നു നോക്കി രേഷ്മയത് ചോദിച്ചതും പീലിയുടെ ബാല്യം തൊട്ട് വർദ്ധ്യക്യം വരെ പകച്ചു പോയി
“ഹോ എന്റെ രേഷു നിന്റെ വായിൽ തല്ലുകൊള്ളിത്തരം അല്ലാണ്ട് ഒന്നും വരില്ലല്ലേ!!”
“ഞാനൊരു തുണിയില്ലാത്ത സത്യം പറഞ്ഞതല്ലേ”
“എന്തോന്ന്”??
“നഗ്ന സത്യമെന്ന്”.
” ഉവ്വേ മോളിപ്പോ സ്റ്റാഫ് റൂമിലേക്ക് വായോ. അസൈൻമെന്റ് സൈൻ ചെയ്ത് വെച്ചിട്ടുണ്ടാകും. പോയി മേടിച്ചിട്ട് വരാം”.
“നീ എന്റേത് കൂടി മേടിച്ചിട്ട് വാ”.
“അയ്യടി , അവരവരുടേത് അവർ തന്നെ ചെന്നാലേ തരൂ . നീ ഇങ്ങോട്ട് വന്നേ”.
“ഹോ ഓരോരോ പച്ചപ്പരിഷ്കാരങ്ങൾ”.
രണ്ടു പേരും സ്റ്റാഫ് റൂമിലേക്ക് നടന്നു പോകുമ്പോളാണ് പി ജി സെക്കന്റ് ഇയറിലെ കുറച് ബോയ്സ് വരാന്തയിൽ നിൽക്കുന്നത് കണ്ടത്.ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കാനായി മാത്രം കോളേജിലേക്ക് വരുന്നവന്മാരാണ്. കള്ളും കഞ്ചാവും ശീലമായി കൊണ്ട് നടക്കുന്നവർ.
പീലിയും രേഷ്മയും മുന്നിലെത്തിയപ്പോളാണ് കൂട്ടത്തിലെ തലവനായ പവൻ അവർക്ക് മുന്നിലേക്ക് കൈ നീട്ടി തടഞ്ഞത്. ഒരിത്തിരി കൂടി മുന്നിലേക്ക് നടന്നിരുന്നേൽ അവരുടെ ദേഹത്തു തട്ടിയേനെ.
അത് തന്നെയായിരുന്നു അവന്റെ ലക്ഷ്യവും
“മുത്തും മണിയും കൂടി എങ്ങോട്ടാ. ചേട്ടന്മാരിവിടെ നിൽക്കുന്നത് കണ്ടില്ലേ. നമുക്കൊന്ന് പരിചയപ്പെട്ടേക്കാം”.
ഒരു വഷളൻ ചിരിയോടെ പവനത് പറഞ്ഞതും പീലിയുടെ മുഖം വിളറി വെളുത്തു.ക്യാമ്പസിലെ എല്ലാ പെൺകുട്ടികളും ഭയത്തോടെയും വെറുപ്പോടെയും നോക്കി കാണുന്ന പവൻ.രേഷ്മയാകട്ടെ ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുകയാണ്.
“അതിനെന്താ സേട്ടന്മാരെ , പരിചയപ്പെടാല്ലോ. എന്റെ പേര് രേഷ്മ,ദേ ഇത് പീലി. ഫസ്റ്റ് മലയാളം സ്റ്റുഡന്റസ് ആണ്.പിന്നെ സേട്ടന്മാരെ പ്രത്യേകിച്ച് പരിചയപെടുത്തണ്ടല്ലോ.4 സസ്‌പെൻഷൻ ഉൾപ്പെടെ നിരവധിയനവധി പോലീസ് കേസുകൾ സ്വന്തം പേരിലുണ്ടല്ലോ.ഇതൊക്കെ പോരെ. ഇപ്പൊ ഞങ്ങൾ പോകട്ടെ പിന്നീട് വിശദമായി പരിചയപ്പെടാം “.
അതും പറഞ്ഞ് പീലിയെ നോക്കി മുന്നോട്ട് നടന്ന രേഷ്മയുടെ കയ്യിൽ പവൻ കയറിപിടിച്ചു. രേഷ്മ ഞൊടിയിടയിൽ തിരിഞ്ഞ് വലം കയ്യുടെ മുഷ്ടി ചുരുട്ടി പവന്റെ മൂക്കിനിട്ടൊരു ഇടി കൊടുത്തു.അവളെ പിടിച്ചിരുന്ന കൈ വിട്ട് മുഖം പൊത്തി നിലത്തേക്കിരുന്നു. ചോര ചീറ്റിയൊലിച്ചു അവന്റെ ഷർട്ട് നനഞ്ഞു.
രേഷ്മയുടെ മുഖം രക്തവർണ്ണമായി.അവളുടെ അങ്ങനൊരു ഭാവം പീലി ആദ്യമായാണ് കാണുന്നത്.
കുനിഞ്ഞു പവനരികിലേക്ക് ഇരുന്ന് അവനെ നോക്കി നന്നായൊന്ന് ചിരിച്ച് കാണിച്ചു.
“ഞാൻ പറഞ്ഞതല്ലേ സേട്ടാ പിന്നെ ആകാം പരിചയപ്പെടലെന്നു . അപ്പോ സേട്ടന് ആക്രാന്ത് ,ആക്രാന്ത്.ഹാ സാരമില്ല ഈ പാലത്തിന്റെ പണിയൊക്കെ കഴിഞ്ഞ് സേട്ടൻ വന്നാൽ നമുക്ക് ഒന്നൂടീ വിശദമായി പരിചയപ്പെടാം.ഇപ്പൊ ഇതോണ്ട് അഡ്ജസ്റ്റ് ചെയ്യൂ”.
അസൈൻമെന്റ് മേടിച് തിരികെ ക്ലാസ്സിലെത്തിയിട്ടും പീലിയുടെ അമ്പരപ്പ് മാറിയിട്ടില്ലായിരുന്നു.രേഷ്മയൊരു തട്ട് കൊടുത്തപ്പോളാ അവൾ സ്വബോധത്തിലേക്ക് വന്നത്.അവളൊന്നൂടി ഞെട്ടി രേഷ്മയെ നോക്കി.
“എന്റെ രേഷു എനിക്കാ വിറയൽ ഇപ്പോളും മാറിയിട്ടില്ല. നീ എന്തിനാ അവനെ അടിച്ചത്”?.
” ആഹാ അത് നല്ല ചോദ്യം ഞാൻ പിന്നെ അവനെ പിടിച്ചു ഉമ്മ വെയ്ക്കണമാരുന്നോ”?.
വിവരമറിഞ്ഞു ആനന്ദ് അപ്പോളാണ് ക്ലാസ്സിലേക്ക് എത്തിയത്
“ഞാൻ കേട്ടത് സത്യാണോ?. നീ ലവനെ ഇടിച്ചോ. നീ ഇടിച്ചെന്നോ ചോരപ്പുഴയോഴുകിയെന്നോ എക്കെ പിള്ളേര് പറയുന്ന കേട്ടാ ഞാനോടി വന്നത്”.
പീലി നടന്ന കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു. താടിക്ക് കയ്യും കൊടുത്ത് ആനന്ദ് എല്ലാം കേട്ട് രേഷ്മയെ നോക്കി.
” ശോ നല്ലൊരിടി ഞാൻ മിസ്സ് ചെയ്തല്ലോ. പൈപ്പ് പൊട്ടി വെള്ളം പോകും പോലെയാണ് ബ്ലഡ് പോയതെന്നാ എല്ലാരും പറയുന്നേ”.
“മര്യാദയുടെ ഭാഷയിൽ ആദ്യം അവനോട് ഞാൻ പറഞ്ഞെയ. അപ്പൊ അവന് കിട്ടിയേ തീരൂ. എന്റെ കയ്യിൽ കേറി പിടിച്ചിട്ടാ അവനെ ഞാൻ ഇടിച്ചത് “.
” എന്നാലും നിനക്കത്രക്കൊക്കെ സ്‌ട്രെങ്ത് ഉണ്ടോ ആ ആനകുട്ടനെ ഇടിക്കാനും മാത്രം”?.
” അച്ഛനും ചേട്ടനും ഒരേ നിർബന്ധമായിരുന്നു എന്തേലും സെൽഫ് ഡിഫെൻസ് പഠിക്കണമെന്ന്.അങ്ങനെ അടുത്തൊരിടത്ത് കരാട്ടെ പഠിക്കാൻ കുറച്ചു നാൾ പോയിരുന്നു”.
“പെൺകുട്ടി ആയത് കൊണ്ട് ഇതൊക്കെ ആവശ്യം വരുമെന്ന് പറഞ്ഞാ മാസ്റ്റർ ഇതൊക്കെ പഠിപ്പിച്ചത്”.
” എന്തായാലും അത് പൊളിച്ചു. ശോ എന്നാലും ഞാനാ സീൻ മിസ്സാക്കിയല്ലോ”.
” തെണ്ടി , അന്തസുണ്ടോടാ അന്തസ്.ആണായിട്ടും ഇതറിയുമ്പോ അവനിട്ടു രണ്ട് പൊട്ടിക്കുമെന്നാ ഞാനോർത്തെ. ഇത് ചുമ്മാ മസിലും ഉരുട്ടിക്കേറ്റി നടക്കുവാ”.
“പിന്നെ എന്റെ ബോഡി കളഞ്ഞിട്ട് ഹീറോയിസത്തിനു ഞാനില്ല”..
ഇതേ സമയം ഹോസ്പിറ്റൽ റൂമിൽ മുറിവിൽ മരുന്ന് വെക്കുകയായിരുന്ന പവന്റെ മുഖം വേദനയാലും ദേഷ്യത്താലും ചുളിഞ്ഞു.
“സീ മിസ്റ്റർ പവൻ , മൂക്കിന്റെ പാലത്തിനു പൊട്ടലുണ്ട് സൊ അധികം സ്ട്രൈൻ ചെയ്യരുത്”.
ഡോക്ടർ മുറി വിട്ട് പോയതും മുഷ്ടി ചുരുട്ടി ചുവരിലേക്ക് ആഞ്ഞിടിച്ചു പവൻ.
” അവളെ ഞാൻ വെറുതെ വിടില്ല.ഈ പവനെയാണ് അവൾ അത്രയും പേരുടെ മുന്നിൽ വെച്ച് അപമാനിച്ചത്.എണ്ണിയെണ്ണി ഞാൻ കണക്ക് പറയിക്കും.എന്റെ കാൽകീഴിൽ എത്തിക്കും അവളെ”.
“രേഷ്മ നീ ഒന്ന് സൂക്ഷിക്കണം. അവൻ വെറുതെ ഇരിക്കില്ല. എന്ത് ചെയ്യാനും മടിയില്ലാത്തതൊക്കെയാ”.
പീലിയുടെ മനസിൽ ഭയം വന്നു മൂടി
“എന്റെ പീലികുട്ടിയേ , ഇനി ഒന്നൊന്നര മാസത്തേക്ക് അവന്റെ ശല്യം കാണില്ല.നാണക്കേട് ഓർത്തു അവനൊന്നു അടങ്ങും.വീണ്ടും വന്നാൽ അപ്പൊ നമുക്ക് നോക്കാം. പെണ്ണിന്റെ ദേഹത്തു കൈ വച്ചത് അവനൊരിക്കലും മറക്കരുത്”
“എന്നാലും രേഷു…..”
“പീലി നീ ഇങ്ങനെ പാവമാകല്ലേ. ഇന്നത്തേക്കാലത്തു പെൺകുട്ടികൾ നല്ല ബോൾഡ് ആകണം.അല്ലേൽ എല്ലാരും നമ്മളെ തട്ടി കളിക്കും”.
“ഹോ ഇനി എന്നെ ഉപദേശിക്ക്. ഞാൻ ആവശ്യത്തിന് ബോൾഡ് ഒക്കെയാണ്.നിന്നെ പോലെ പെട്ടെന്ന് റിയാക്ട് ചെയ്യാൻ എനിക്കറിയില്ല രേഷു”.
“ആയിക്കോട്ടെ ഇനി അതിനു നീ പിണങ്ങേണ്ട”..
തുടരും

by