രചന : ജിഫ്ന നിസാർ
ഇടയിലെപ്പഴോ വണ്ടിയൊന്ന് നിന്നെന്നു തോന്നിയതും അനൂപ് ഭാരം തൂങ്ങുന്ന കൺപോളകൾ വലിച്ചു തുറന്നു കൊണ്ട് പുറത്തെ ബഹളങ്ങളിലേക്ക് നോക്കി.ഇവരെങ്ങോട്ടാണ് തന്നെ കൊണ്ട് പോകുന്നതെന്നവന് അപ്പോഴും യാതൊരു ഊഹവുമുണ്ടായിരുന്നില്ല.വണ്ടി ഓടി തുടങ്ങിയപ്പോൾ ഒന്നുറക്കെ ഞരങ്ങിയത്തിന് ആദിയുടെ സമ്മാനം മുഖമടച്ചൊരു അടിയായിരുന്നു.കൺപോളകളിൽ ഒരു കല്ല് കൊണ്ടിടിച്ചത് പോലെ നീറി വിങ്ങി.അതോടെ സ്വയം ചുരുങ്ങി ഒരരികിലേക്ക് നീങ്ങിയിരുന്നു.
പിറകിൽ ആദിയുണ്ട്.അനങ്ങിയാലും ഇല്ലെങ്കിലും ഇടയ്ക്കിടെ അവനോരോന്ന് പൊട്ടിക്കുന്നുമുണ്ട്.
അതിനു വേണ്ടിയിട്ടാണോ അവൻ മനഃപൂർവം പിന്നിലേക്ക് കയറിയതെന്ന് പോലും അനൂപിന് തോന്നി.വാ തുറന്നൊന്നു കരയാൻ കൂടി കഴിയാത്ത നിസ്സഹായതയിൽ അവനപ്പഴേ മടുത്തു പോയി..
പക്ഷേ ഇത് കൊണ്ടൊന്നും ഒന്നുമായില്ലെന്നുള്ളത് കടുപ്പത്തോടെ വലിഞ്ഞു മുറുകിയ മുഖത്തോടെ തനിക്കരികിലിരിക്കുന്നവനെ കാണുമ്പോൾ ഒരു മിന്നലു പോലെ അനൂപിന് മനസ്സിലാവുന്നുണ്ട്.
ഒന്നുറപ്പുണ്ട്..ഇത് വരെയും കൊടുത്തു രസിച്ചതെല്ലാം ഇന്നൊരു ദിവസം തനിക്ക് തിരികെ കിട്ടും..
അതോർക്കുമ്പോഴൊക്കെയും അവൻ വീണ്ടും വീണ്ടും കിടുങ്ങി വിറച്ചു.
“ഇവിടല്ലേ ആദി അവൻ നിക്കുമെന്ന് പറഞ്ഞത്..?”
വണ്ടി സ്ലോ ചെയ്തു കൊണ്ട് സഞ്ജുചോദിക്കുമ്പോൾ ഗ്ലാസ് താഴ്ത്തി ആദി പുറത്തേക്ക് തലയിട്ട് കൊണ്ടൊന്നു മൂളി.”ഇവിടെങ്ങും കാണുന്നില്ലല്ലോ.. നീയൊന്ന് വിളിച്ചു നോക്കിക്കേ..”ചുറ്റുമൊന്നു കണ്ണോടിച്ചു നോക്കിയിട്ട് സഞ്ജു പറഞ്ഞു.ആദി ഫോണെടുത്തു ഡയൽ ചെയ്യാനൊരുങ്ങും മുന്നേ അവർക്കരികിലേക്ക് എതിർ സൈഡിൽ നിന്നും ഒരു ചെറുപ്പക്കാരൻ ധൃതിയിൽ നടന്നു വരുന്നുണ്ടായിരുന്നു.”അവനാണോടാ..?”സഞ്ജു ചോദിച്ചു”എനിക്കറിയില്ലേടാ.. ഞാനും കണ്ടിട്ടില്ലല്ലോ.. ഇങ്ങോട്ട് വരുവല്ലേ. ചോദിക്കാം ”
ആദി ഫോൺ തിരികെ വെച്ചു കൊണ്ട് നടന്നു വരുന്നവനെ നോക്കി കൊണ്ട് പറഞ്ഞു.
“ആദിത് മഹാദേവാണോ..?”നടന്നു വന്നവൻ ഡ്രൈവിംഗ് സീറ്റിനരികിലേക്ക് കുനിഞ്ഞു നിന്നിട്ട് സഞ്ജുവിനോട് ചോദിച്ചു.ഞാൻ സഞ്ജയ് ബാലകൃഷ്ണൻ.. ഷമീറാണോ..?”സഞ്ജു ചിരിയൊരു ചിരിയോടെ ചോദിച്ചു.ആഹ്..” നെറ്റി ചുളിച്ചു കൊണ്ട് തലയാട്ടി mmഎങ്കിൽ കയറിക്കോ ബ്രോ.. അവൻ പിറകിലുണ്ട്..”സഞ്ജു പറഞ്ഞതും ഷമീറിന്റെ മുഖം തെളിഞ്ഞു.ഓടി വന്നിട്ടവൻ സഞ്ജു തുറന്നു കൊടുത്ത കോ ഡ്രൈവിങ് സീറ്റിയിലേക്ക് കയറി ഡോർ അടച്ചു.ആ നിമിഷം തന്നെ സഞ്ജു കാർ മുന്നോട്ടെടുത്തു.”ഹായ്..”അൽപ്പമൊന്നു മുന്നോട്ടാഞ്ഞിരുന്നു കൊണ്ട് ആദി ഷമീറിനെ നോക്കി.”ആദിത്….”ഷമീർ അവന് നേരെ നോക്കി ചെറിഞ്ഞിരുന്നു.
“ഒരുപാട് നേരമായോ വന്നിട്ട് “ആദി ചോദിച്ചു.ഇല്ല.. അഞ്ചു മിനിറ്റ്..”പറയുന്നതിനിടെ തന്നെ ഷമീറിന്റെ കണ്ണുകൾ സീറ്റിലേക്ക് ചൂളി ചുരുങ്ങിയിരിക്കുന്ന അനൂപിന് നേരെ നീണ്ടു.വൈരപൊടി വീണത് പോലെ അവന്റെ കണ്ണുകൾ ചുവന്നു..കൈകൾ തരിച്ചു..
അടങ് ബ്രോ.. ഏറിയാ ഒരു പത്തു മിനിറ്റ് കൂടി അതുള്ളിൽ നമ്മൾ സ്ഥലത്തെത്തും. പിന്നെ പൂരമല്ലേ “ഷമീർ ചുരുട്ടി പിടിച്ച കൈകൾ കണ്ടതും സഞ്ജു അവന്റെ തോളിലൊന്ന് തട്ടിയിട്ട് ചിരിയോടെ പറഞ്ഞു.
ഗിയറൊന്ന് മാറ്റി കാലുകൾ ആക്സിലേറ്ററിൽ അമരുമ്പോൾ സഞ്ജുവിന്റെ മനസ്സിലും ആ ആവേശമായിരുന്നു നിറഞ്ഞിരുന്നത്..
💞💞
എന്താണ് വരാത്തതെന്നോർത്തു കൊണ്ടൊരു കുഞ്ഞു പരിഭവം..പക്ഷേ ആരോടും അവനെന്തേ വരാത്തതെന്ന് ചോദിക്കാനും വയ്യ.ലക്ഷ്മിയാന്റിയും അജുവങ്കിളും വന്നിട്ട് ഹോസ്പിറ്റലിലെ വിശേഷങ്ങൾ മുഴുവനും അവൾക്ക് മുന്നിൽ വെച്ചാണ് നളിനിയോട് പറഞ്ഞു കേൾപ്പിച്ചത്.അവിടാരുമില്ല.. പ്രിയയും അവളുടെ അമ്മയും മാത്രമാണുള്ളതെന്ന് ലക്ഷ്മിയാന്റി പറയുകയും ചെയ്തു.വരുമെന്ന് കരുതി അപ്പൊ തുടങ്ങിയ കാത്തിരിപ്പാണ്.ഒരക്ഷരം മിണ്ടാറില്ല അവനോട്..പക്ഷേ അടുത്തുണ്ടാവുമല്ലോ..
അതിനേക്കാൾ വലിയ ആശ്വാസമിപ്പോ മറ്റെന്താണ്?
അരികിലിരുന്നു നിറയെ വിശേഷങ്ങൾ പറയും..
താനൊന്ന് നോക്കിയില്ലങ്കിൽ കൂടിയും യാതൊരു പരിഭവവും കൂടാതെ വീണ്ടും വീണ്ടും തനിക്കരികിലേക്ക് വരുന്നത് കാണുമ്പോൾ ഉള്ളിൽ സന്തോഷത്തിനൊപ്പം തന്നെ സങ്കടവും വിങ്ങും..പക്ഷേ എന്നാലും മിണ്ടാൻ തോന്നില്ല..
പക്ഷേ നോക്കാതിരിക്കാൻ കഴിയാറില്ല.
കണ്ടില്ലെങ്കിൽ ശ്വാസം മുട്ടുന്നൊരു മനസുള്ള താനെങ്ങനെ മറ്റൊരാൾക്ക് സ്വന്തമാവാനൊരുങ്ങി എന്നോർക്കുമ്പോൾ അവൾക് തന്നെ അത്ഭുതം തോന്നും..കിടക്കാനായി ലക്ഷ്മിയാന്റി വന്നപ്പോഴും ഉള്ളിലെ ആ അസ്വസ്ഥത മാറിയില്ല.
പക്ഷേ ഒന്നും ചോദിക്കാനും വയ്യ.
“ഞാനിന്ന് ഒറ്റയ്ക്ക് കിടന്നോളാം ആന്റി.. മുറിയിലേക്ക് പോയി കിടന്നോളു..”നന്ദു പെട്ടന്നുള്ളൊരു തോന്നലിൽ പറഞ്ഞു കേട്ടതും.. ലക്ഷ്മി അവളെ ചുഴിഞ്ഞു നോക്കി.
“അല്ല.. കുറേ ദിവസമായില്ലേ എന്റെ കൂടെ.. എനിക്കിപ്പോ പ്രതേകിച്ചു കുഴപ്പമില്ലല്ലോ. ബാത്റൂമിൽ പോകണമെങ്കിൽ ഞാൻ ഫോണിലേക്ക് വിളിച്ചോളാം “തന്നെ നോക്കി നിൽക്കുന്ന ലക്ഷ്മിയെ നോക്കി നന്ദു പറഞ്ഞു.”അതെന്താടി മോളെ നിനക്കിപ്പോ പെട്ടന്നങ്ങനൊരു തോന്നൽ?”ലഷ്മി ചിരിയോടെ ചോദിച്ചു.ഞാനേ.. ഉച്ചക്ക് നന്നായൊന്നുറങ്ങി. അത് കൊണ്ടാണെന്ന് തോന്നുന്നു എനിക്കുറക്കമേ വരുന്നില്ല. ആന്റി യാത്ര കഴിഞ്ഞു വന്നതിന്റെ ക്ഷീണമില്ലേ.. ഉറക്കം വരുന്നില്ലേ.. ഞാൻ കൊറച്ചു നേരം കൂടി ഫോണിലൊക്കെ തോണ്ടിയിട്ട് സാവധാനം കിടന്നോളാം. ഇവിടെ കിടന്ന ആന്റിക്കതൊരു ബുദ്ധിമുട്ടാവില്ലേ ”
തന്റെ ഉള്ളിലുള്ളത് ലക്ഷ്മി അറിയരുതെന്നൊരു വെപ്രാളത്തോടെയായിരുന്നു നന്ദുവത് പറയുന്നതെങ്കിലും ലഷ്മിക്ക് ഒറ്റ നോട്ടം കൊണ്ട് മനസ്സിലാക്കിയെടുക്കാൻ പാകത്തിനൊരു കള്ളത്തരം അവളുടെ കണ്ണിൽ പിടഞ്ഞു മാറുന്നുണ്ടായിരുന്നു.
അത് കൊണ്ട് തന്നെ പിന്നെയൊന്നും പറയാൻ നിൽക്കാതെ ലക്ഷ്മി തിരിഞ്ഞ് നടന്നു.”ഒരുപാട് നേരം കുത്തിയിരുന്ന് ഫോൺ നോക്കണ്ട കേട്ടോ.. പിന്നെ നാളെ തലവേദനയാണെന്ന് പറയും നീ..”
ലക്ഷ്മി ഓർമ്മിപ്പിച്ചു.”മ്മ്..”നന്ദു ചിരിയോടെ മൂളി.
എന്തേലും ആവിശ്യമുണ്ടെങ്കിൽ ഫോണിലേക്ക് വിളിക്ക് ട്ടോ..”വാതിൽ തുറന്നിറങ്ങി പോകും മുന്നേ ലക്ഷ്മി അത് കൂടി ഓർമ്മിപ്പിച്ചു.അതിനും നന്ദു മൂളി കൊണ്ട് സമ്മതമറിയിച്ചു..
💞💞
“എന്റെ ബ്രോ.. ഇങ്ങനെ തല്ലിയ ഇവൻ ചത്തു പോകുമല്ലോ.. ഞങ്ങൾക്ക് കൂടി കണക്ക് ചോദിക്കാനുള്ള മുതലാ ഇത്.. ഇങ്ങോട്ട് മാറിക്കേ.. ഇനി കൊറച്ചു റസ്റ്റ് എടുക്ക്.. ബ്രോ വല്ലാണ്ട് ക്ഷീണിച്ചു..”സഞ്ജു ഷമീറിനെ വട്ടം പിടിച്ചു കൊണ്ട് മാറ്റുമ്പോൾ കലിയടക്കാൻ കഴിയാതെ അവൻ കുതറി മാറാൻ ശ്രമിക്കുന്നുണ്ടായിരുന്നു.ശ്വാസമെടുക്കാൻ കൂടി വയ്യാതെ അനൂപ് നിലത്ത് കിടന്നു പുളയുന്നു.
“ഇവന്.. ഇവനെന്നെ തല്ലിയത് ഞാൻ ക്ഷമിക്കും.പക്ഷേ എന്റെ മോള്… എന്റെ മോളെ ഇവൻ വേദനിപ്പിച്ചു.. പെറ്റതള്ള പോലും ഉപേക്ഷിച്ച എന്റെ പൊന്നു മോളെ ഞാനെങ്ങനാ നോക്കുന്നതെന്ന് ഈ നാറിക്കറിയോ.. അവൾക്ക് വേണ്ടിയാ എന്റെ ജീവിതം തന്നെ.. അപ്പഴാ അവനെന്റെ കുഞ്ഞിനെ.. കൊല്ലും ഞാനിവനെ…”
ഷമീർ വീണ്ടും അനൂപിന് നേരെ കുതിച്ചു..
ആദി കൂടി അവനെ പിടിച്ചു വെച്ചു”വിവരക്കേട് പറയല്ലേ ഷമീർ. ഇവനെ പോലൊരു കൃമിയെ കൊന്നിട്ട് ജയിലിൽ പോയി കിടന്നാൽ ഈ പറഞ്ഞ പൊന്നു മോളെ പിന്നാര് നോക്കും…”ആദിയുടെ ചോദ്യം കേട്ടതും ഷമീർ ഒരു നിമിഷം അടങ്ങി..
പിന്നെ അവരുടെ കൈ എടുത്തു മാറ്റി കൊണ്ട് സോഫയിൽ പോയിരുന്നിട്ട് അനൂപിന്റെ നേരെ നോക്കി.ദേഷ്യം കൊണ്ടവന്റെ കണ്ണുകൾ അപ്പോഴും ചുവന്നു വിങ്ങി കിടന്നിരുന്നു.സഞ്ജുവിന്റെ വീട്ടിലായിരുന്നു അവർ.അനൂപിനെയൊന്നു സൽക്കരിക്കാനിപ്പോ അതിനേക്കാൾ മികച്ചൊരു സ്ഥലമില്ല.
വാ കൂട്ടി ഒട്ടിച്ചതിനാൽ അനൂപിന്റെ ശബ്ദമൊന്നും പുറത്ത് കേൾക്കില്ല.എങ്ങാനും ലൈറ്റ് കണ്ടിട്ട് മാഷിറങ്ങി വന്നാലോ എന്ന് കരുതി അവരെത്തിയ ഉടനെ ആദ്യം ആദി വിളിച്ചിട്ട് അവരവിടെ ഉണ്ടെന്നും സഞ്ജുവിന് വേണ്ടുന്ന സാധനങ്ങളെടുക്കാൻ വന്നതാണെന്നും അവൻ പോയിട്ട് തിരികെ വരാമെന്നും പറഞ്ഞത് കൊണ്ട് തന്നെ ആ കാര്യത്തിലുള്ള ഭയമൊഴിവായി കിട്ടി..”ഇവനെ ഞാനാ ഹോസ്പിറ്റലിൽ വെച്ചു തന്നെ കൊന്നുകളയേണ്ടതായിരുന്നു.. എന്റെ പെണ്ണിന്റെ മേലിവന്റെ ദുഷിച്ച നോട്ടമിഴഞ്ഞു നീങ്ങിയ ആ നിമിഷം തന്നെ..”
പല്ല് കടിച്ചു കൊണ്ടത് പറഞ്ഞു തീർന്നതും ആദി കാലുയർത്തി അനൂപിനെ ആഞ്ഞു തൊഴിച്ചു.
അമർത്തിയൊരു ഞരക്കത്തോടെ അവൻ ചുവരിൽ പോയിടിച്ചു നിന്നു.”സ്നേഹം കാണിച്ചു കൊണ്ടാ നീയാ പാവം പെണ്ണിന്റെ ജീവിതത്തിലേക്ക് കയറി പറ്റിയത്.അതിന് നിനക്ക് മാപ്പില്ലെടാ ശവമേ.. കാരണം കൊന്ന് കളയാനും തോൽപ്പിക്കാനും ഈ ലോകത്ത് നിരവധി മാർഗങ്ങളുണ്ടെന്നിരിക്കെ ആ പാവത്തിനെ കൊല്ലാ കൊല ചെയ്യാൻ നീയെന്തിന് സ്നേഹത്തിന്റെ മുഖമൂടി തിരഞ്ഞെടുത്തു…”
കലി കൊണ്ട് കണ്ണ് കാണാത്ത ആദി അവനെ നിലത്തിട്ട് ചവിട്ടി കൂട്ടി.ഒന്നുറക്കെ കരയാൻ കൂടി കഴിയാതെ അനൂപ് നിലത്ത് കിടന്നിഴഞ്ഞു.കൈകൾ പിന്നിലേക്ക് വലിച്ചു കെട്ടിയതിനാൽ അവന് നിവർന്നു കിടക്കാൻ കൂടി കഴിയുന്നില്ല..
“കെട്ടിയിട്ട് ഒരാളെഅടിക്കുന്നത്ആണത്തമല്ലെന്നറിയാം അനൂപേ. നിന്നോട് ജയിക്കാൻ ഞങ്ങൾക്കീ കെട്ടിന്റെ ആവിശ്യവുമില്ല.പക്ഷേ നീ അറിയണം..പാതി തളർന്നു കൊണ്ട് നീ പേകൂത്തുകൾ സഹിച്ചു കിടന്നൊരു പാവം പെണ്ണിന്റെ നിസ്സഹായത നീ അറിയണം.. ആ വേദന നീ അറിയണം..”ഓരോ പറച്ചിലിനോപ്പവും ആദി അവനെ തൊഴിക്കുന്നുണ്ട്.
ആ കാഴ്ചകൾ കണ്ട് കൊണ്ട് സഞ്ജുവും ഷമീറും തൃപ്തിയോടെയിരുന്നു.”കണ്ട നാൾ മുതൽ നീയെന്റെ പെണ്ണിനെ മോഹിക്കുന്നുണ്ടല്ലേ… അവളെ കൂടി മോഹിച്ചു കൊണ്ടാണ് നീയാ കുടുംബത്തിലേക്ക് അവതരിച്ചത്.. അല്ലേടാ ചെറ്റേ…”ആദി കിതപ്പോടെ അനൂപിന്റെ അരികിലേക്കിരുന്നു.
അനൂപ് കമിഴ്ന്നു കിടപ്പാണ്.ആദി അവനെ മലർത്തിയിട്ടു..”നീ എനിക്ക് ചെയ്തു തന്ന ഉപകാരമാണിപ്പോ എന്റെ പാതി.. അവളീ ആദിയുടേതാണ്… എന്റെ മാത്രം..അവളെ മോഹിക്കുന്നത് പോയിട്ട് നീ ഇനിയവളെ ദുഷിച്ചൊരു നോട്ടം നോക്കിയെന്ന് എനിക്ക് തോന്നിയാൽ നീ പിന്നെയില്ലേടാ..”അനൂപിന്റെ കണ്ണടച്ചൊരു അടി കൊടുത്തുകൊണ്ടാണ്ആദിപറഞ്ഞത്.അതേയ്..ഇനിയിവിടെ പാവമൊരു സഹോദരൻ കൂടി നിൽപ്പുണ്ട്.. എനിക്കും കൂടി ഒരവസരം…”സഞ്ജു മുന്നോട്ടു വന്നു കൊണ്ട് ആദിയുടെ ചുമലിൽ തൊട്ടു.അനൂപിനെ തുറിച്ചു നോക്കി കൊണ്ട് തന്നെ ആദി എഴുന്നേറ്റു.
പിന്നിലേക്ക് മാറും മുന്നേ ആഞ്ഞൊരു ചവിട്ടി കൂടി കൊടുത്തിട്ടാണ് അവൻ ഷെമീറിന്റെ അരികിൽ പോയിരുന്നത്.പിന്നെയങ്ങോട്ട് സഞ്ജുവിന്റെ കലാപരിപാടിയായിരുന്നു.ഡയലോഗില്ലാതെ കലി തീരുവോളം അവനും അനൂപിന് മേൽ ആഞ്ഞടിച്ചു.
ഒടുവിൽ ഷമീറും ആദിയും പിടിച്ചു വെക്കുമ്പോഴും അവൻ കിതപ്പോടെ അനൂപിന് നേരെ കുതറി പോകുന്നുണ്ടായിരുന്നു.”അവൻ ചത്ത് പോകുമെടാ സഞ്ജു…”ആദി ശാസനയോടെ പറഞ്ഞു.”ചാവട്ടെ.. ഇവനെ പോലെ ഞരമ്പൻമാരെല്ലാം ചാവേണ്ടവർ തന്നെയാ..”സഞ്ജു കലിയോടെ മുരണ്ടു.
“ആണ്.. പക്ഷേ നീ എന്നോട് പറഞ്ഞത് പോലെ ഇവനെ പോലൊരു കൃമിയെ കൊന്ന് കളഞ്ഞിട്ട് നമ്മൾക്ക് ജീവിതം നഷ്ടപ്പെടണോ..?”
ഷമീർ ചോദിച്ചു. -സഞ്ജു കിതപ്പോടെ തന്നെ ഒതുങ്ങി.നിന്നെ കൊന്ന് കളയാണിപ്പോ ഞങ്ങൾക്ക് യാതൊരു മടിയുമില്ല. പക്ഷേ ഒരവസരം തരികയാണ്. നിനക്ക് നന്നാവനല്ല.. നിനക്കാ കുടുംബത്തിന്റെ കൺവെട്ടത്തു നിന്നും അകന്ന് പോകാൻ. ഇനിയൊരിക്കൽ കൂടി നമ്മൾക്ക് തമ്മിൽ കാണേണ്ടി വന്നാൽ.. അന്ന് നിന്റെ അവസാനമായിരിക്കും.. ഓർത്തോ..”
ആദി അവശനായി കിടക്കുന്ന അനൂപിന്റെ വായിൽ ഒട്ടിച്ച സ്റ്റിക്കർ ബലമായി വലിച്ചെടുത്തു കൊണ്ട് പറഞ്ഞു.മീശ രോമങ്ങളിൽ പാതിയും കൂടി അതിനൊപ്പം പിഴുതു പോന്ന വേദനയിൽ അനൂപിന്റെ കണ്ണിൽ നിന്നും വെള്ളമൊഴുകി..ഒരക്ഷരം പറയാനോ കരയാനോ ആവതില്ലാതെ അവനാ വെറും നിലത്ത് കമിഴ്ന്നു കിടന്നു..”ഇവനെ ഇനി എന്തു ചെയ്യും ആദി?”ഷമീർ ആദിയെ നോക്കി.വളരെ പെട്ടന്ന് തന്നെ അവർക്കിടയിലൊരു സൗഹൃദം പൊട്ടി മുളച്ചിരുന്നു.”ഏതെങ്കിലും ബാറിന്റെ മുന്നിൽ കൊണ്ട് പോയി തള്ളാം. വെള്ളമടിച്ചു പ്രശ്നമുണ്ടാക്കിയപ്പോ ആരോ എടുത്തിട്ടലക്കി. ആ കഥ മതി..”സഞ്ജു മുന്നിലേക്ക് വന്നിട്ട് അനൂപിനെ നോക്കിയൊരു പുച്ഛത്തോടെ പറഞ്ഞു.
“പക്ഷേഇവൻ…”ഷമീർആശങ്കപ്രകടിപ്പിച്ചു.”ഒന്നുമുണ്ടാവില്ല ഷമീർ. അതേ കഥ ഇവനും പറയും. മാറ്റി പറഞ്ഞാലും ഇവന് തന്നെയാണ് പ്രശ്നം. നമ്മൾ അടിച്ചെന്ന് പറയുമ്പോ എന്തിനെന്നുള്ള ചോദ്യം വരും. ഉത്തരം പറയാൻ ഇവന് പറ്റുവോ.. അബോർഷനുള്ള ഗുളിക പത്മയ്ക്ക് ഇവനാണ് കൊടുത്തിട്ടുള്ളത്. അതും നിരവധി തവണ. ഡോക്ടർ സാക്ഷി പറയും.. ഇവനെ പൂട്ടാൻ തത്കാലം അത് തന്നെ ധാരാളം.. പിന്നെ ഇവനാ കുടുംബത്തിനെ കൊല്ലാകൊല ചെയ്യുന്നതിന് നിരവധി സാക്ഷികളുണ്ട്. ഇനിയില്ലെങ്കിലും പണം കൊടുത്തു കൊണ്ട് ഞാനുണ്ടാക്കും..”ആദി അനൂപിനെ നോക്കിയൊരു വല്ലാത്ത ചിരിയോടെ പറഞ്ഞു.
“പിന്നല്ല.. കളി എന്തെന്ന് ഇവനെയിനി നമ്മൾ പഠിപ്പിക്കും “സഞ്ജു അനൂപിനൊരു തട്ട് കൂടി കൊടുത്തു കൊണ്ട് പറഞ്ഞു.അവർ പറയുന്നതെല്ലാം കേൾക്കുന്നുണ്ടെങ്കിലും ഒരക്ഷരം മിണ്ടാതെ അനൂപ് തളർന്നു കിടന്നു.സഞ്ജു കൊണ്ട് പോകാനുള്ളതെല്ലാം കിടക്കയിലെക്കെടുത്തിട്ട് കൊടുത്തിട്ട് കുളിക്കാൻ കയറി..ഷമീർ അതെല്ലാം ബാഗിൽ അടുക്കി വെച്ചപ്പോഴേക്കും ആദി അനൂപിനെ വലിച്ചു പൊക്കി വീണ്ടും കാറിൽ കയറ്റി അവിടെ ക്ളീൻ ചെയ്തു.
സമയം അപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു.
സഞ്ജുവിറങ്ങിയ പിറകെ ആദിയും കയറി കുളിച്ചിട്ട് ചോര പുരണ്ട ഷർട്ടും കയ്യിലിട്ടൊന്ന് പിഴിഞ്ഞെടുത്തു.
മുത്തച്ഛന്റെ മുന്നിലേക്ക് പോകാനുള്ള മുൻകരുതൽ എടുക്കാതെ വയ്യല്ലോ.
മൂന്ന് പേരും കൂടി ഒരുമിച്ചാണ് പുറത്തേക്കിറങ്ങിയത്.
വാതിൽ പൂട്ടി സഞ്ജു കീ ആദിയുടെ കയ്യിൽ കൊടുത്തു..ആദിയുടെ കാറിലാണ് സഞ്ജു തിരികെ പോകുന്നത്.അവന്റെ ബൈക്ക് ഹോസ്പിറ്റലിൽ വെച്ചിരിക്കുകയാണ്.നാളെ മാളവികയെയും കൂട്ടി ഹോസ്പിറ്റലിലേക്ക് വാ ഷമീർ. ബാക്കി നമ്മൾക്ക് സെറ്റാക്കാ “മുന്നിലേക്ക് കയറിയ ഷമീറിന് നേരെ കുനിഞ്ഞു നിന്ന് കൊണ്ട് ആദി പറഞ്ഞു.”വരാം ആദി. അവൾക്കും അത് ആഗ്രഹമുണ്ടാവും “ഷമീർ ചിരിയോടെ പറഞ്ഞു.”എന്നാ വിട്ടോ..”ആദി ഡ്രൈവിങ് സീറ്റിലേക്ക് കയറിയ സഞ്ജുവിനെ നോക്കി.ഈ സാധനം കളയാൻ മറക്കണ്ട..”ആദി പിന്നിലേക്ക് നോക്കി വെറുപ്പോടെ ഓർമ്മിപ്പിച്ചു.”നീ വീട്ടിലോട്ട് പോ.. അത് ഞങ്ങളേറ്റു..”ഷെമീർ പറഞ്ഞു കേട്ടതും ആദി തലയാട്ടി കൊണ്ട് മുന്നോട്ടു നടന്നു.അവൻ വീടിന്റെ ഗേറ്റ് കടന്ന് കയറും വരെയും സഞ്ജു അവിടെ തന്നെ ലൈറ്റ് ഓണാക്കി നിന്നു.
“പതിയെ പോയ മതി കേട്ടോ..”അവർ തന്നെ കടന്ന് പോകുമ്പോൾ ആദി ഓർമ്മിപ്പിച്ചു..
❣️❣️
പ്രതീക്ഷിച്ചത് പോലെ തന്നെ മാഷ് വാതിൽ തുറന്നു കൊടുത്തിട്ടവനെയൊന്നു സൂക്ഷിച്ചു നോക്കി.
“ഷർട്ടിലേക്ക് ചായ മറിഞ്ഞു പോയി മുത്തച്ഛ. കറ പിടിക്കേണ്ടന്ന് കരുതി ഒന്ന് വെള്ളത്തിൽ മുക്കി പിഴിഞ്ഞെടുത്തതാ..”ഇളം മഞ്ഞ നിറത്തിലുള്ള തന്റെ ഷർട്ട് തോളിൽ കിടക്കുന്നുണ്ട്. അതിലേക്കാണ് മാഷിന്റെ നോട്ടമെന്ന് കണ്ടതും നേരത്തേ കരുതി വെച്ച കള്ളം ആദി മാഷിന്റെ മുഖത്തു നോക്കാതെ ഷർട്ടെടുത്തൊന്ന് കുടഞ്ഞു കൊണ്ട് പറഞ്ഞു.”അടുക്കളയിൽ ഭക്ഷണമിരിപ്പുണ്ട്. കഴിച്ചിട്ട് കിടന്നോ…”
അമർത്തിയൊന്നു മൂളി കൊണ്ട് മാഷത് പറഞ്ഞു കൊണ്ട് തിരിഞ്ഞ് മുറിയിലേക്ക് പോയതും ആദിയൊന്ന് ശ്വാസം വിട്ടു.കൂടുതൽ ചോദ്യങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ പെട്ടു പോയേനെ.ആ മുഖത്തു നോക്കി കള്ളം പറയാനും കഴിയില്ല.അനൂപിന്റെ കാര്യം പറയാനും വയ്യ.അവനെ പോലീസിൽ ഏല്പിച്ചാൽ മതിയെന്നാവും പറയുക.അവനെയൊക്കെ കൈകാര്യം ചെയ്യേണ്ടത് പോലിസ് രീതിയിലല്ല.
വാതിലടച്ചു കുറ്റിയിട്ട് കൊണ്ട് ആദി അകത്തേക്ക് നടന്നു.മുറിയിലേക്ക് കയറി.. ഷർട്ട് അതിനുള്ളിൽ തന്നെ വിരിച്ചിട്ട് ഒന്നൂടെ മേല് കഴുകി ഡ്രസ്സ് മാറി.
പുറത്തേക്കിറങ്ങിയതും അവന് പ്രിയയെ ഒരുപാട് മിസ് ചെയ്യുന്നുണ്ടായിരുന്നു.പറയാനറിയാതൊരു വിങ്ങലോടെ ആ നോവങ്ങനെ അവന്റെ ഇടനെഞ്ചിൽ ചുറ്റി തിരിഞ്ഞു.
അടുക്കളയിലേക്ക് ഇറങ്ങി ചെന്നെങ്കിലും അവനൊന്നും കഴിക്കാൻ തോന്നിയില്ല.ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചു കൊണ്ടവിടെ നിന്നും കയറി പോരുമ്പോഴും കുസൃതിയോടെ പിന്നിൽ നിന്നുമവൾ കളിയാക്കി ചിരിക്കുന്നുണ്ടെന്ന് തോന്നി.
ഒരാളുടെ അഭാവത്തിൽ അയാളെ വല്ലാതെ കൊതിക്കുന്നുവെങ്കിൽ.. കാണാൻ കണ്ണുകൾക്കൊപ്പം മനസ്സ് കൂടി തുടിക്കുന്നുവെങ്കിൽ ആ സ്നേഹം പരിശുദ്ധമാണെന്നല്ലേ…?ഫോണിൽ അവളുടെ നമ്പർ സേവ് ചെയ്തത്തിലേക്ക് നോക്കി കിടക്കുമ്പോൾ ഒന്നവളെ കാണാൻ… നെഞ്ചിലേക്ക് ചേർത്ത് പിടിക്കാൻ അവനുള്ളം അത്രയും തീവ്രമായി കൊതിക്കുന്നുണ്ടായിരുന്നു..
…….തുടരും…
പരമാവധി പഞ്ഞിക്കിട്ടിട്ടുണ്ട് കേട്ടോ 🥴ഇതിനേക്കാൾ എനിക്കറിയില്ല റിവ്യൂ ഇട്ടിട്ട് പോണേ..ഇന്നിനി വേറെ ഉണ്ടാവില്ല കേട്ടോ.. നേരത്തേയിട്ടത് കൊണ്ട് വിളിച്ചു ചോദിക്കരുത്.എനിക്കിത്തിരി തിരക്കുകൾ വൈകുന്നേരം.. അത് കൊണ്ടാണിപ്പോ പോസ്റ്റ് ചെയ്യുന്നത്..പുരിഞ്ചിത😎
സ്നേഹത്തോടെ jiff❣️