രചന : ശ്രീനിധി
” അന്ന് ഞാൻ ഉദേശിച്ചതുപോലെ കാര്യങ്ങൾ ഒന്നും നടന്നില്ല, നിന്റെ ഫോൺ വന്ന് ഓഫീസിൽനിന്ന് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് പെട്ടെന്ന് ആ മുംബൈ കമ്പനിയിൽനിന്ന് ഒരു ഓൺലൈൻ മീറ്റിംഗിന് വിളിച്ചത്, മഹിയും സന്ദീപും ഒരു സൈറ്റ് കാണാൻ പോയതുകൊണ്ട് എനിക്ക് ആ മീറ്റിംഗ് അറ്റൻഡ് ചെയ്യേണ്ടി വന്നു.അപ്പൊ തന്നെ ഞാൻ അവൾക്ക് മെസ്സേജ് അയച്ചിരുന്നു, വരാൻ ഇത്തിരി വൈകുമെന്ന്. പക്ഷെ മീറ്റിംഗ് കുറച്ച് അധികം നീണ്ട പോയി, ഞാൻ എല്ലാം കഴിഞ്ഞു ഫ്ലാറ്റിൽ എത്തിയപ്പോൾ അവള് അവിടെ ഉണ്ടായിരുന്നില്ല.കാത്തിരുന്ന് മുഷിഞ്ഞ് അവള് ഹോസ്റ്റലിലേക്ക് പോയിട്ടുണ്ടുണ്ടാവുമെന്ന് ഞാൻ കരുതി അന്ന് ഞാൻ അവളെ കുറെ തവണ വിളിച്ചു നോക്കി പക്ഷെ ഫോൺ ഓഫായിരുന്നു, പിറ്റേന്ന് നേരിൽ കണ്ട് സംസാരിക്കാൻ ഇരുന്നപ്പോഴാണ് സന്ദീപിന് നൈറ്റ് ഒരു ആക്‌സിഡന്റ് പറ്റി അവൻ ഹോസ്പിറ്റലിലാവുന്നത്, പിന്നെ അവന്റെ ഒപ്പം ആയിരുന്നു 2,3 ദിവസം ” അദ്രി പറഞ്ഞു.
” പച്ച കള്ളം…………മുഖത്ത് നോക്കി കള്ളം പറയുന്നോ ” ശിവ പരിസരം മറന്ന് പൊട്ടിത്തെറിച്ചു.
ഞാൻ എന്തിനാ ശിവ നിന്നോട് കള്ളം പറയുന്നത്, സത്യമാണ് ഞാൻ പറഞ്ഞത്” അദ്രി പറഞ്ഞു.
അന്ന് നിങ്ങള് തമ്മിൽ കണ്ടിരുന്നുവെന്ന് ധനു പറഞ്ഞല്ലോ,നിങ്ങൾ അവൾക്ക് ഗിഫ്റ്റ് കൊടുത്തു . ആ ഗിഫ്റ്റ് ഹോസ്റ്റലിലെ അവളുടെ മുറിയിൽ ഇപ്പഴും ഇരിപ്പുണ്ട്, അന്ന് ഞാനും നിങ്ങളും കൂടിയാണ് അവൾക്ക് വേണ്ടി ആ ഗിഫ്റ്റ് വാങ്ങിയത്, അത് നിങ്ങൾക്ക് നിഷേധിക്കാൻ പറ്റുമോ” ശിവ ചോദിച്ചു.
ഇല്ല ശിവ……. ഞങ്ങള് തമ്മിൽ അന്ന് കണ്ടിട്ടില്ല, ആ ഗിഫ്റ്റ് എന്റെ ഫ്ലാറ്റിൽ തന്നെ ഉണ്ടായിരുന്നു, അവള് വരുമ്പോൾ കൊടുക്കാനായി ഞാൻ അത് അവിടെ തന്നെയാണ് വച്ചത്, പിന്നീട് സന്ദീപിന്റെ ആക്‌സിഡന്റും, ഹോസ്പിറ്റലുമായി 3,4 ദിവസം അങ്ങനെ പോയി.അത് കഴിഞ്ഞ ഉടൻ മുംബൈ കമ്പനി ഞങ്ങളുടെ പ്രൊപോസൽ അക്‌സെപ്റ് ചെയ്ത് അങ്ങോട്ട് ഇൻവൈറ്റ് ചെയ്തു, പിന്നീട് ഞങ്ങൾ ആ പ്രോജെക്ടിന് വേണ്ടിയുള്ള തിരക്കിലായിരുന്നു,
അതിനിടക്ക് ഞാൻ അവളെ പലതവണ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു, പക്ഷെ അവള് ഫോൺ എടുത്തില്ല.ബർത്തഡേക്ക് കാണാൻ പറ്റാഞ്ഞതിന്റെ പരിഭവത്തിലായിരിക്കുമെന്ന് ഞാനും കരുതി.
പെട്ടെന്ന് ആയിരുന്നു മുംബക്ക് പോകേണ്ടി വന്നത്, അവിടെ ചെന്നിട്ടും ഞങ്ങള് നല്ല തിരക്കിൽ ആയിരുന്നുഅവള് അതിന്റെ ഇടക്ക് എന്നെ കോൺടാക്ട് ചെയ്തിരുന്നു പക്ഷെ എനിക്ക് അത് അറ്റൻഡ് ചെയ്യാൻ പറ്റിയില്ല. നാട്ടിൽ വന്നിട്ട് അവളെ സർപ്രൈസ് ആയിട്ട് പോയി കാണാൻ ഇരിക്കുവായിരുന്നു.അപ്പോഴേക്കും അവള് നീയും എന്നെ അന്വേഷിച്ച് ഓഫീസിൽ വന്നത് “അദ്രി പറഞ്ഞു.
” ബർത്തഡേ ദിവസം നിങ്ങള് തമ്മിൽ കണ്ടില്ലെന്ന് ഞാൻ വിശ്വസിക്കില്ല, നിങ്ങള് കൊടുക്കാതെ ആ ഗിഫ്റ്റ് എങ്ങനെ അവളുടെ റൂമിൽ വരും, അന്ന് ആ ദിവസത്തിന് ശേഷം ധനുവിൽ ഒരുപാട് മാറ്റങ്ങൾ ഉള്ളതുപോലെ എനിക്ക് തോന്നിയിരുന്നു, പലതവണ ഞാൻ അവളോട് അതേക്കുറിച്ച് ചോദിച്ചു,പക്ഷെ അവള് ഒന്നും പറഞ്ഞില്ല. നിങ്ങളോട് അതേപറ്റി സംസാരിക്കാൻ ഞാൻ ഒരുപാട് തവണ ശ്രമിച്ചു, പക്ഷെ നിങ്ങള് തിരക്ക് പറഞ്ഞ് അതിൽ നിന്നൊക്കെ ഒഴിവായി.ഒരു ലീവ് കിട്ടിയാൽ അമ്മയെ കാണാൻ ഓടുന്നവള്, നാല് അഞ്ച് ദിവസം അവധി കിട്ടിട്ടും ഇല്ലാത്ത ക്ലാസ്സിന്റെ പേരും പറഞ്ഞു ഹോസ്റ്റലിൽ നിന്നു.
നിങ്ങള് വിളിച്ചിട്ട് കിട്ടുന്നിലെന്നും നിങ്ങളോട് അത്യാവിശ്യമായി സംസാരിക്കണമെന്ന് പറഞ്ഞു അവളെ എന്നെ വിളിച്ചു,അവളുടെ അന്നത്തെ അവസ്ഥ വളരെ മോശമായിരുന്നു, ചോദിച്ചിട്ട് അവള് എന്നോട് വിട്ട് ഒന്നും പറഞ്ഞുമില്ല,അങ്ങനെയാണ് നിങ്ങള് നാട്ടിൽ എത്തിയ കാര്യം ഞാൻ അവളോട് പറയുന്നത്.അവള് അപ്പൊ തന്നെ നിങ്ങളെ കാണാൻ ഓഫീസിലേക്ക് വരുകയായിരുന്നു”ശിവ തലേ ദിവസം നടന്ന കാര്യങ്ങൾ ഓർത്തെടുത്തു.” ഹലോ…… ധനു…… ഏട്ടൻ നാട്ടിൽ എത്തിട്ടുണ്ട്,ഓഫീസിൽ ചെന്നാൽ ഏട്ടനെ കാണാം” ശിവ ഫോണിലൂടെ ധനുവിനോട് പറഞ്ഞു.
” ശരി….. ശിവ…… എനിക്ക് നിന്നോട് ഒന്ന് സംസാരിക്കാനുണ്ട്, ഇനിയും ഇങ്ങനെ എല്ലാം മനസ്സിൽ വച്ച് നീറി നീറി ജീവിക്കാൻ എനിക്ക് വയ്യ മോളെ ” ധനു കരച്ചിൽന്റെ വക്കിൽ എത്തിയിരുന്നു.
എന്താടാ പ്രശ്നം…….. എന്താ നിങ്ങള് തമ്മിൽ…..?നീ എന്താണെങ്കിലും എന്നോട് പറ, എന്റെ ഏട്ടൻ അല്ലേ, ഞാൻ പറയാം ഏട്ടനോട്.
നിന്റെ വീട്ടിൽ ഏട്ടന്റെ കാര്യം അറിഞ്ഞോ……?
അതോ ആ കാർത്തി വീട്ടിൽ പിന്നെയും എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ” ശിവ ചോദിച്ചു. വീട്ടിൽ പ്രേശ്നമൊന്നും ഇല്ല…. ” ധനു പറഞ്ഞു.
” പിന്നെ എന്താ വീട്ടിൽ പോവാഞ്ഞത്….?
6 ദിവസം ലീവ് കിട്ടിയതല്ലേ നമുക്ക്.
ഒന്ന് വീട്ടിൽ പോയി വന്നിരുന്നെങ്കിൽ നിന്റെ മൂഡ് ഒന്ന് ശരിയാവില്ലായിരുന്നോ…….?
അല്ലെങ്കിൽ എന്റെ കൂടെ വീട്ടിലേക്ക് വരാൻ ഞാൻ എത്ര വിളിച്ചു, എന്നിട്ട് ക്ലാസ്സ് തുടങ്ങുമ്പോൾ ഒരുമിച്ച് തിരിച്ച് പോവായിരുന്നല്ലോ ” ശിവ പറഞ്ഞു. നീ എനിക്ക് കുറച്ച് സമയം കൂടി താ ശിവ, ഞാൻ എല്ലാം പറയാം……അതിന് മുൻപ് എനിക്ക് നിന്റെ ഏട്ടനെ കാണണം, സംസാരിക്കണം. ആദ്യ അദ്രി ഏട്ടന്റെ തീരുമാനം എന്താണെന്ന് എനിക്ക് അറിയണം, അത് കഴിഞ്ഞു ഞാൻ നിന്നേ കാണാൻ വരാം ” ധനു പറഞ്ഞു.
” നിന്റെ സംസാരം കേട്ടിട്ട് എന്തോ ഗൗരവമുള്ള വിഷമയാണെന്ന് തോന്നുന്നുണ്ട് എനിക്ക്,ഞാൻ വരണോ നിന്റെ കൂടെ ഏട്ടനെ കാണാൻ ” ശിവ ചോദിച്ചു. വേണ്ട……. ഞാൻ ഒറ്റക്ക് പൊയ്ക്കോളാം, നീ ഫോൺ വെച്ചോ ” ധനു ഫോൺ കട്ട് ചെയ്തു.ഇവൾക്ക് ഇത് എന്താ പറ്റിയെ, സാധാരണ ഇങ്ങനയൊന്നുമല്ല അവള്, എത്ര ആലോചിച്ചിട്ടും ഒന്നും മനസിലാവുന്നില്ലല്ലോ, ഇനി ഏട്ടൻ എന്തെങ്കിലും ഒപ്പിച്ച് കാണുവോ…..?
ഹേയ് ആയിരിക്കില്ല,അങ്ങനെ ആണേൽ ഏട്ടൻ എന്നോട് അത് പറഞ്ഞേനെ,കാര്യം അറിയാഞ്ഞിട്ട് ഒരു സമാധാനമില്ലല്ലോ” ശിവ മനസ്സിൽ ഓരോന്ന് ചിന്തിച്ച് കൂട്ടാൻ തുടങ്ങി.എന്തുകൊണ്ടോ ശിവക്ക് ഉള്ളിൽ ഭയങ്കര ടെൻഷൻ തോന്നി, അരുതാത്തത് എന്തോ സംഭവിക്കാൻ പോകുവാണെന്ന് അവളുടെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.
പെട്ടെന്നുണ്ടായ ഒരു തോന്നലിൽ ശിവ ധനുവിനെ വിളിച്ചു.ഫോൺ റിങ് ചെയ്തു അവസാനിച്ചു.
ശിവയുടെ മനസ്സിൽ പേടി തോന്നി.അവള് ഒരിക്കൽ കൂടി ധനുവിന് ഫോൺ ചെയ്തു.
റിങ് ചെയ്ത് തീരാറായതും ധനു കോൾ അറ്റൻഡ് ചെയ്തു.” നീ ഇത് എവിടാ ധനു, നിന്നേ എത്ര വട്ടം ഞാൻ വിളിച്ചു ” ശിവ ചോദിച്ച ഞാൻ ദാ അദ്രിയേട്ടന്റെ ഓഫീസിലേക്ക് പോകാൻ ഇറങ്ങുവാ” ധനു പറഞ്ഞു.” നീ കോൾ എടുക്കാഞ്ഞപ്പോൾ ഞാൻ ആകെ പേടിച്ചു പോയി.
“ഞാനും ഓഫീസിലേക്ക് വരാം, നമുക്ക് ഒരുമിച്ച് കാണാം ഏട്ടനെ ” ശിവ ഫോൺ കട്ട് ചെയ്ത വേഗം റെഡിയായി അദ്രിയുടെ ഓഫീസിൽ എത്തി. അപ്പോഴേക്കും ധനു അവിടെ എത്തിയിരുന്നു.
ശിവ ധനുവുമായി റീസെപ്ഷനിലേക്ക് നടന്നു.
അദ്രിയേട്ടൻ…… ” ശിവ റീസെപെഷനിലെ പെൺകുട്ടിയോട് ചോദിച്ചു.
സർ ഗസ്റ് റൂമിലുണ്ട്, ആരൊക്കെയോ കാണാൻ വന്നിട്ടുണ്ട്,” ആ കുട്ടി പറഞ്ഞു.ധനു നിരാശയോടെ ശിവയെ നോക്കി. എന്തെങ്കിലും ഒഫീഷ്യൽ മീറ്റിംഗ് ആണോ ” ശിവ ചോദിച്ചു.” അല്ല സാർന്റെ ഫ്രണ്ട്സാണ് കൂടെ ” ആ കുട്ടി പറഞ്ഞു. ഒക്കെ………വാ….. ഇങ്ങോട്ട്…… ഇനി നിങ്ങൾ തമ്മിൽ എന്ത് പ്രേശ്നമാണെങ്കിലും അത് ഇന്ന് തീർത്തേക്കണം, ചുമ്മാ പഴഞ്ചൻ പെൺപിള്ളേരെ പോലെ അതും പറഞ്ഞു മോങ്ങിക്കൊണ്ടിരിക്കരുത് ” ശിവ ധനുവിന്റെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് അകത്തേക്ക് നടന്നു.
ഗസ്റ് റൂം എന്ന് എഴുതിയ റൂമിന്റെ ഫ്രണ്ടിലെത്തിയതും ശിവയും ധനുവും പരസപരം നോക്കി.ശിവ ഡോർ തുറന്ന് അകത്തേക്ക് കയറി ഒപ്പം ധനുവും.അകത്ത് നിന്നും അദ്രിയുടെയും കൂടെയുള്ളവരുടെയും സംസാരവും ചിരിയും കളിയുമൊക്കെ കേൾക്കാം. പൊന്ന് മോനെ അദ്രി നിന്റെ ടൈംയാണ് ടൈം, ജനിക്കുവാണേൽ നിന്നേ പോലെ ജനിക്കണം, കാശിന് ക്യാഷ്, ആളിന് ആള്, അങ്ങനെ ഒരു ഗജകേസരി യോഗമല്ലേ നിനക്ക് ” ഫ്രണ്ട്സിൽ ഒരാൾ പറഞ്ഞു. ഒന്ന് പോടാ……., ” അദ്രി മറുപടി പറഞ്ഞു.എന്ത് പറഞ്ഞാലും നടത്തിത്തരാൻ വീട്ടുകാര്, സ്വന്തം കോളേജിൽ സ്വന്തം ഇഷ്ടത്തിന് പഠനം, ഇപ്പോ ദാ സ്വന്തമായി ബസ്സിനെസ്സും ” വേറെ ഒരുത്തൻ പറഞ്ഞു.
” അയ്യടാ…… ഈ ബസ്സിനെസ്സിൽ തറവാട്ടിൽ നിന്ന് ഒരു അഞ്ച് പൈസ ഞാൻ എടുത്തിട്ടില്ല, എല്ലാം എന്റെയും മഹിയുടെയും മാത്രം പൈസയാണ്, ഞങ്ങള് ഇതുവരെ ജോലി ചെയ്തതിന് കമ്പനിയിൽനിന്ന് കിട്ടിയ സാലറിയും,പുതിയ പ്രൊജക്ടുകൾ ചെയ്തതിന് കിട്ടിയ കമ്മീഷൻ, അല്ലാതെ സങ്കടിപ്പിച്ച പൈസയും വച്ചാണ് ഇത് സ്റ്റാർട്ട് ചെയ്തത്.ഇതിൽ തറവാട്ടിൽനിന്ന് ഒരു പിന്തുണയും വേണ്ടെന്ന് ഞാനും മഹിയും നേരത്തേ തീരുമാനിച്ചതാണ് ” അദ്രി പറഞ്ഞു.
” എന്തൊക്കെ പറഞ്ഞാലും നീ ഭാഗ്യമുള്ളവനാണ്, തൊടുന്നതെല്ലാം പൊന്ന് ആണല്ലോ, ഇനി ഇപ്പോ എന്താ ഈ മുംബൈ പ്രൊജക്റ്റ് വിജയിച്ചാൽ പിന്നെ തിരിഞ്ഞ് നോക്കേണ്ടി വരില്ല” കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു. അതിന് വേണ്ടിയാണല്ലോ രാപകൽ ഇല്ലാതെ ഞങ്ങള് ഇങ്ങനെ ഓടി നടക്കുന്നത് ” അദ്രി പറഞ്ഞു.”ഇതൊക്കെ കാണുമ്പോഴാണ് ഇവനോട് അസൂയ തോന്നുന്നത്, എന്താ ഒരു ലൈഫ്, ഇഷ്ടമുള്ളതൊക്കെ വിചാരിക്കുമ്പോൾ കൈയിൽ കിട്ടും,അതിനും വേണം ഒരു യോഗം ” ഒരുത്തൻ പറഞ്ഞു.” അതേ അതേ………ഇവനോട് എനിക്ക് പണ്ടേ അസൂയ തോന്നിട്ടുണ്ട്, അത് ഈ കാര്യങ്ങളിലൊന്നുമല്ല.പെൺപിള്ളേരുടെ കാര്യത്തിലാണ്.എത്ര പെൺപിള്ളാരായിരുന്നു അന്നൊക്കെ ഇവന്റെ പുറകേ. മോൻ സുഖിച്ചതുപോലെ വേറെ ആരും സുഖിച്ചിട്ടുണ്ടാവില്ല.
അതിന്റെ ടെക്‌നിക്ക് എന്താ അളിയാ, ഞങ്ങൾക്കും കൂടി ഒന്ന് പറഞ്ഞു താ ” വേറൊരുത്തൻ പറഞ്ഞു.
” അതൊക്കെ കോളേജ് ടൈമിലെ കാര്യങ്ങൾ അല്ലേ,ശരിക്കും സുഖമുള്ള ഒരു ഏർപ്പാട്.
ഭംഗിയുള്ള പൂക്കുകൾ കാണുമ്പോൾ അത് ഒന്ന് പറിച്ചെടുക്കാനും, അതിന്റെ സൗന്ദര്യവും സുഗന്ധവും ആസ്വദിക്കാൻ ഇഷ്ടമില്ലാത്തവര് ഉണ്ടാകുമോ ” അദ്രി ചോദിച്ചു.” അത് നേരാ………
പക്ഷെ നമ്മള് ആഗ്രഹിച്ചിട്ട് മാത്രം കാര്യമില്ലല്ലോ, അത് നടത്തിയെടുക്കാനുള്ള കഴിവും വേണ്ടേ ” ഒരുത്തൻ പറഞ്ഞു.” അതിന് ഈ പറയുന്ന പാടൊന്നുമില്ല, സത്യത്തിൽ ഈ പെണ്പിള്ളേരൊക്കെ മണ്ടികളാണ്, നമ്മള് ഒന്ന് മനസ്സറിഞ്ഞ് വിചാരിച്ചാൽ അവര് തന്നെ നമുക്ക് വേണ്ടതൊക്കെ തരും” അദ്രി പറഞ്ഞു.
” നീ പിന്നെ അതിൽ അഗ്രഗണ്യൻ ആയിരുന്നല്ലോ, എന്നാലും നിനക്ക് മാത്രം ഈ പെൺകുട്ടികള് എങ്ങനാടാ വീഴുന്നേ ” ഒരുത്തൻ ചോദിച്ചു. അതൊക്കെ സിംപിൾ……….നമ്മള് അവരെ അൽമാർത്ഥമായിട്ട് സ്നേഹിക്കുന്നുണ്ടെന്ന് വെറുതെ ഒന്ന് തോന്നിപ്പിച്ചാൽ മതി, കുറച്ച് അധികം സ്നേഹം വാരി കോരി കൊടുക്കണം, സ്നേഹംകൊണ്ട് അവരെ ഭ്രമിപ്പിക്കണം, അപ്പോ പിന്നെ ബാക്കിയെല്ലാം നമ്മള് വിചാരിക്കുന്നപോലെ നടക്കും,
പിന്നെ എന്ത് നടന്നാലും ആരും ഒന്നും അറിയാൻ പോണില്ല, ഇവളുമാരായിട്ട് ആരോടും പറയാനും പോകില്ല.ചെടിയിൽ നിന്ന് അടർത്തി സൗന്ദര്യവും സുഗന്ധവും നഷ്ടപ്പെട്ടാൽ പിന്നെ പൂക്കൾ എന്തിന് കൊള്ളാം, താഴേക്ക് വലിച്ചെറിഞ്ഞ് കളയുക,
പെണ്ണിനെ അറിഞ്ഞും മനസ്സിലാക്കിയും പെരുമാറിയാൽ ഈ ലോകത്ത് അതിനേക്കാൾ വേറെ ഒരു ലഹരി ഇല്ല, ആ ലഹരിക്ക് ഒരു പ്രേതിക സുഖമുണ്ട്” അദ്രി പറഞ്ഞു.
എല്ലാം കേട്ടുകൊണ്ട് ഒരു ചുവരിനപ്പുറം ശിവയും ധനുവും ഉണ്ടായിരുന്നു.അദ്രിയുടെ വാക്കുകൾ ശിവയുടെ ഉള്ളിൽ വേദന നിറച്ചു, ഇത്രയും നാളും തന്റെ ഏട്ടനെക്കുറിച്ച് കരുതിയിരുന്നതൊക്കെ വെറുതെയാണെന്ന് അവൾക്ക് തോന്നി, ശിവക്ക് അദ്രിയോട് വെറുപ്പ് തോന്നി.പെട്ടെന്നാണ് ധനു കൂടെയുള്ളത് ശിവ ഓർത്തത്, അവള് തിരിഞ്ഞ് ധനുവിനെ നോക്കി.അദ്രിയിൽ നിന്ന് കേട്ട വാക്കുകളുടെ ഷോക്കിലായിരുന്നു ധനു അപ്പോൾ, കണ്ണുകൾ നിറഞ്ഞുതുളമ്പി പേമാരി കണക്കെ ഒഴുകികൊണ്ടിരുന്നു.ധനുവിന്റെ ആ അവസ്ഥ ശിവയിൽ ദേഷ്യം നിറച്ചു.ശിവ മുന്നോട്ട് പോകാൻ ഒരുങ്ങിയതും ധനു അവളുടെ കൈയിൽ പിടിച്ചു പുറത്തേക്ക് നടന്ന്, ഗസ്റ് റൂമിന്റെ വെളിയിൽ വന്നു.
” എന്നെ വിട് ധനു……….
എനിക്ക് ഏട്ടനോട് സംസാരിക്കണം,എന്റെ ഏട്ടൻ തന്നെയാണോ അത്, എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഏട്ടൻ ഒരിക്കലും ഇങ്ങനെ ഒന്നും ചിന്തിക്കാൻ കഴിയില്ല ” ശിവ പറഞ്ഞു. വേണ്ട ശിവ………..അദ്രിയേട്ടന്റെ മനസ്സിൽ എന്താണെന്ന് അറിയണമെന്ന് കരുതിയ ഞാൻ ഇന്ന് ഇങ്ങോട്ട് വന്നത്, അങ്ങോട്ട് സംസാരിക്കാതെ തന്നെ ഏട്ടന്റെ മനസ്സിൽ എന്താണെന്ന് എനിക്ക് മനസ്സിലായി.നിന്റെ ഏട്ടൻ എന്നോട് കാണിച്ച സ്നേഹം സത്യമാണെന്ന് ഞാൻ വിശ്വസിച്ചു പോയി.
പക്ഷെ ഇപ്പോ എനിക്ക് എല്ലാം ബോധ്യമായി ” ധനു മുഖം പൊത്തി പൊട്ടി കരഞ്ഞു.
ശിവ അവളെ ഗസ്റ് റൂമിന്റെ സൈഡിലെ ചൈറയിലേക്ക് ഇരുത്തി.
തന്റെ മുന്നിൽ ഇരുന്ന് പൊട്ടി കരയുന്ന ധനുവിനെ കണ്ടതും ശിവയുടെ മനസ്സിൽ അദ്രിയോട് വെറുപ്പ് തോന്നി.ശിവ ഗസ്റ് റൂമിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറി” ഏട്ടാ……….. ” ശിവയുടെ വിളിയിൽ അതുവരെ കളിയും ചിരിയും നിറഞ്ഞുനിന്നിരുന്ന അന്തരീക്ഷം പെട്ടെന്ന് മൗനമായി. ശിവ……… മോളെ……. നീ എന്താ ഇവിടെ…….. ” അദ്രി അവളുടെ അടുത്തേക്ക് നടന്ന് ചെന്നു അവളുടെ തോളിൽ കൈ ഇട്ടു.
തൊട്ടുപോകരുത് എന്നെ…….. ” ശിവ അദ്രിയുടെ നേരെ വിരൽ ചൂണ്ടി.ഒന്നും മനസ്സിലാവാതെ അദ്രി ശിവയെ പകപ്പോടെ നോക്കി.
” എന്റെ ഏട്ടൻ ഇത്രയും വൃത്തികെട്ടവനാണെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല,നിങ്ങൾക്ക് പെൺകുട്ടികളൊക്കെ വെറും തമാശയാണല്ലേ……?സ്നേഹം നടിച്ച് കൂടെ കൂടി ചതിവായിരുന്നു അല്ലേ,നിങ്ങള് ഒരു മനുഷ്യനാണോ………” ശിവ നിന്ന് വിറച്ചു.ശിവ……. നീ എന്തൊക്കെയാ ഈ പറയുന്നേ,എനിക്ക് ഒന്നും മനസ്സിലാവുന്നില്ല ” അദ്രി പറഞ്ഞു.വേണ്ട……..ഇനി നല്ല പിള്ള ചമ്മയണ്ട, നിങ്ങളുടെ മനസ്സിലിരിപ്പ് ഞാൻ ഇപ്പോ നേരിട്ട് കേട്ടു,
നിങ്ങളുടെ ഉള്ളിൽ ഇത്രയും കൊടും വിഷമുണ്ടായിരുവെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.നിങ്ങൾ എനിക്ക് എന്റെ ഏട്ടൻ മാത്രമായിരുന്നില്ല, നിങ്ങൾ അറിയാത്ത ഒന്നും ഇന്നേവരെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല, തിരിച്ചും അങ്ങനെ ആയിരിക്കുമെന്നായിരുന്നു എന്റെ വിശ്വാസം
നിങ്ങളെ വിശ്വസിച്ചല്ലേ ഞാൻ എന്റെ ധനുവിനെ നിങ്ങളെ ഏല്പിച്ചത്.
അവളെ നിങ്ങൾക്ക് ഇഷ്ടമാണെന്ന് പറഞ്ഞപ്പോ അവളെക്കുറിച്ചുള്ള കാര്യങ്ങള് മുഴുവൻ ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ, ആ പാവത്തെ എന്തിനാ പ്രീതിക്ഷ കൊടുത്ത് ചതിച്ചത്. എന്നെ ഓർത്തെങ്കിലും അവളെ നിങ്ങളുടെ ചതിയിൽനിന്ന് ഒഴിവാക്കാമായിരുന്നില്ലേ” ശിവ അദ്രിയുടെ ദേഹത്തേക്ക് വീണുപോയിരുന്നു.
” ശിവ………. നീ എന്താ ഈ പറയുന്നേ, ഞാൻ ധനുവിനെ ചതിച്ചെന്നോ……?നിനക്ക് എന്താ പറ്റിയെ ശിവ.എനിക്ക് അതിന് പറ്റുവോ ” അദ്രി അവളെ അവളുടെ ദേഹത്ത് നിന്ന് പിടിച്ച് എഴുന്നേൽപ്പിച്ചു.
” വേണ്ട ഏട്ടാ……… ഏട്ടൻ ഇനി ന്യായികരിക്കാൻ ശ്രമിക്കണ്ട, ഞാനും ധനവും എല്ലാം കേട്ടു, ഇവിടെ നിങ്ങള് പറഞ്ഞതൊക്കെ കേട്ടു.
ആ പാവം ചങ്ക് പൊട്ടി അവിടെ ഇരിപ്പുണ്ട്, ഏട്ടനിൽ നിന്ന് ഞാൻ ഇത് പ്രേതിഷിച്ചില്ല ” ശിവ പുറത്തേക്ക് നടന്നുഅദ്രി അവളുടെ പുറകേ ചെന്നു.
പുറത്തിറങ്ങിയ ശിവ,ധനുവിനെ നോക്കിയെങ്കിലും അവളെ അവിടെ എങ്ങും കണ്ടില്ല” ശിവ……… ധനു എവിടെ…… ” പുറകേ വന്ന അദ്രി ചോദിച്ചു.
എന്തിനാ ഏട്ടൻ അവളെ അന്വേഷിക്കുന്നത്, ഏട്ടൻ അകത്ത് നടത്തിയ കഥാപ്രസംഗം അവള് കേട്ടിരുന്നു,അവൾക്ക് അത് വലിയ ഷോക്ക് ആയിട്ടുണ്ട്.അവൾക്കെന്നല്ല ഒരു പെണ്ണിനും അതൊന്നും സഹിക്കാൻ കഴിയില്ല” ശിവ പറഞ്ഞു.
” ശിവ……..ധനു നിന്റെ കൂടെയാണോ വന്നത്, ഞാൻ ഇങ്ങോട്ട് വരുമ്പോൾ കരഞ്ഞുകൊണ്ട് ഓട്ടോയിൽ കയറി പോകുന്നത് കണ്ട്, എന്താ പറ്റിയെ നിങ്ങള് തമ്മിൽ എന്തേലും പ്രശ്നമുണ്ടോ അദ്രി” അങ്ങോട്ട് വന്ന സന്ദീപ് ചോദിച്ചു അവള് പോയോ……..?എങ്ങോട്ടാ പോയതെന്ന് അറിയുവോ സന്ദീപേട്ടന് ” ശിവ ചോദിച്ചു. ഹോസ്റ്റലിലേക്കാണെന്ന് തോന്നുന്നു, വല്ലാതെ സങ്കടപെട്ടാണ് അവള് പോയത്, ഞാൻ ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല, നിർത്താതെ കരയുന്നുണ്ടായിരുന്നു” സന്ദീപ് പറഞ്ഞു.ശിവ അദ്രിയെ ദേഷ്യത്തിൽ ഒന്ന് നോക്കി.
എന്നിട്ട് വേഗത്തിൽ സ്റ്റെപ്പുകൾ ഇറങ്ങി താഴേക്ക് പോയി.റോഡിന്റെ സൈഡിൽ നിന്ന് വരുന്ന ഓട്ടോക്ക് ഒക്കെ കൈ നീട്ടിയെങ്കിലും ഒന്നും നിർത്തിയില്ല, അതിനിടയിൽ അവള് ധനുവിനെ ഫോണിൽ വിളിച്ചുകൊണ്ടിരുന്നു.
ആദ്യം ഫോൺ റിങ് ചെയ്ത അവസാനിച്ചു, പക്ഷെ അടുത്ത തവണ വിളിച്ചപ്പോഴേക്കും ഫോൺ സ്വിച്ചഡ് ഓഫായിരുന്നു.ശിവക്ക് ആകെ പേടിയായി തുടങ്ങി.
പെട്ടെന്നാണ് അവളുടെ മുന്നിലേക്ക് അദ്രി കാറുമായി എത്തിയത്.ശിവ വാ……കയറ് ” അദ്രിക്ക് അവൾക്ക് ഫ്രണ്ടിലെ ഡോർ തുറന്ന് കൊടുത്തു.ശിവക്ക് എത്രയും പെട്ടെന്ന് ധനുവിന്റെ അടുത്ത് എത്തിയാൽ മതിയായിരുന്നു, അതുകൊണ്ട് അവനോടുള്ള ദേഷ്യം മാറ്റി വെച്ച് ശിവ വണ്ടിയിലേക്ക് കയറി.അദ്രിയുടെ വണ്ടി പിന്നെ ചീറി പായുകയായിരുന്നു.വണ്ടിയിലിരിക്കുന്ന ഓരോ നിമിഷവും ശിവക്ക് മനസ്സിന് വല്ലാത്ത ഭാരം തോന്നി.
” ധനു……. അവള് ഒരു പൊട്ടി പെണ്ണാണ്, മനസ്സിന് കട്ടി ഇല്ലാത്ത ഒരു സാധു”
ശിവ മനസ്സിൽ ഓർത്തു.
അദ്രി പറ്റാവുന്നത്ര വേഗത്തിൽ തന്നെ വണ്ടി ഓടിക്കുന്നുടെങ്കിലും, അവന്റെ മനസ്സ് പായുന്ന വേഗത്തിൽ വണ്ടി ചലിക്കുന്നില്ലെന്ന് അവന് തോന്നി.
ട്രാഫിക് ബ്ലോക്കിൽ കുടിങ്ങി കിടന്ന സമയമത്രയും ധനുവിനെക്കുറിച്ച് മാത്രാമായിരുന്നു രണ്ടുപേരുടെയും ചിന്ത.ഒടുവിൽ വണ്ടി ഹോസ്റ്റലിന്റെ മുൻപിൽ എത്തി നിന്നതും,ശിവ വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി അവളുടെ മുറിയിലേക്ക് ഓടി.ഡോർ ലോക്ക് അല്ലെന്ന് കണ്ടതും ശിവക്ക് പകുതി ആശ്വാസമായി.
മുറി തുറന്ന് ഉള്ളിൽ കയറി ശിവ ധനുവിനെ തിരഞ്ഞുവെങ്കിലും അവളെ കണ്ടില്ല, ഒടുവിൽ ടേബിളിൽ ഇരിക്കുന്ന ഒരു പേപ്പർ അവളുടെ ശ്രദ്ധയിൽപ്പെട്ടതും ശിവ ആ പേപ്പർ കയ്യിലെടുത്തു.
കത്തിന്റെ തുടക്കത്തിൽ നിന്നതന്നെ അത് ധനു അവൾക്ക് എഴുതിയാണെന്ന് ശിവക്ക് മനസ്സിലായി.
ശിവ ആർത്തിയോടെ ആ കത്ത് വായിച്ചു.
ഓരോ വരികൾ വായിക്കുമ്പോഴും ശിവയുടെ ഹൃദയം അവൾക്ക് കേൾക്കാൻ പറ്റുന്ന അത്ര ശബ്ദത്തിൽ വേഗത്തിൽ മിടിച്ചുകൊണ്ടിരുന്നു.
കത്ത് വായിച്ച് തീർന്നതും അവൾ അത് നെഞ്ചോട് ചേർത്ത് കരഞ്ഞു പോയി.
” ധനു………. ” ശിവ കരഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങി.ഇതെന്തുപറ്റി ശിവ, താൻ എന്തിനാ കരയുന്നേ, നിങ്ങള് ഫ്രണ്ട്സ് തമ്മിൽ തെറ്റിയോ…..?ധനു കരഞ്ഞുകൊണ്ട് മുകളിലേക്ക് ഓടി പോകുന്നത് കണ്ടല്ലോ…..? എന്ത് പറ്റി……എന്താ കാര്യം….. “മുകളിൽ നിന്ന് താഴേക്ക് വന്ന അവരുടെ കോളജ്മേറ്റ് അശ്വതി ചോദിച്ചു.ശിവ ഞെട്ടലോടെ അശ്വതിയെ നോക്കി.
നീ ധനുവിനെ കണ്ടോ ” ശിവ വെപ്രാളത്തോടെ ചോദിച്ചു. മ്മ്.. കണ്ടു…… ഞാൻ ഉണങ്ങിയ തുണി എടുക്കാൻ പോയതാ അപ്പോ മുകളിലേക്ക് കയറി പോകുന്നത് കണ്ടു, ഞാൻ ചോദിച്ചിട്ട് ഒന്നും മിണ്ടിയില്ല, എന്താടാ പ്രശ്നം ” അശ്വതി അവളുടെ അടുത്തേക്ക് വന്ന് അവളോട് തോളിൽ പിടിച്ചു.
കാര്യം ഞാൻ പിന്നെ പറയാം….. ” ശിവ അശ്വതിയുടെ കൈ തട്ടി മാറ്റി മുകളിലേക്ക് കുതിച്ചു.
തുടരും