തന്റേടി
ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും വഴക്കാളിയായ സ്ത്രീ എന്റെ മമ്മി ആയിരുന്നു.. അത് ഞങ്ങളോട് മാത്രമല്ല, പാൽക്കാരൻ, മീൻകാരൻ മുതൽ എന്നും കയറുന്ന ബസിലെ കണ്ടക്ടർ വരെ അമ്മയുടെ ദേഷ്യത്തിന്റെ ഇരകളാവാറുണ്ട് . അമ്മയുടെ ഈ സ്വഭാവത്തിന്റെ പേരിൽ പല സ്ഥലത്തും ഞാനും അനിയനും നാണം കെടേണ്ടി വന്നിട്ടുമുണ്ട്.
മമ്മിയുടെ ശബ്ദം വല്ലാതുയരുന്നത് കേട്ടാണ് ഞാൻ അടുക്കള വശത്തേക്ക് ചെന്നത്. ഇതിൽ അധികം പുതുമയൊന്നുമില്ല. മിക്കദിവസവും മമ്മിയുടെ ബഹളം കേട്ടാണ് ഉണരാറുള്ളത് . കഴിഞ്ഞാഴ്ചത്തെ ബഹളം വല്യമ്മച്ചിയോടായിരുന്നു. ഇന്നിപ്പോ എന്താണാവോ കാരണം? പതിയെ പോയി വല്യമ്മച്ചിയോട് എന്താണ് കാര്യമെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു ചോദിച്ചു.
” നിന്റെയമ്മക്കേതാണ്ട് കൂടിയ ബാധ കേറിയേക്കുവാ. അഹമ്മതി, അല്ലാതെന്തുവാ “.
വല്യമ്മച്ചിയും കലിപ്പിലാണ്. ഞാനൊന്നുമറിഞ്ഞില്ലേ എന്നമട്ടിൽ അനിയൻ പല്ലും തേച്ചോണ്ടിരുപ്പുണ്ട്.
” മനുഷ്യനിവിടെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ പെടാപ്പാട് പെടുവാ. അതിനിടക്ക് അവന്റെയൊരു നൈക്കിന്റെ ഷൂ. സപ്പോർട്ട് പറയാൻ ബോധമില്ലാത്തൊരു വല്യമ്മയും. ”
മമ്മി ചവിട്ടിക്കുലുക്കി അകത്തേയ്ക്ക് നടന്നു. അപ്പോൾ അതാണ് കാര്യം. ഏതോ ഒരു കൂട്ടുകാരൻ വിലകൂടിയ ഷൂ വാങ്ങിയെന്നു പറഞ്ഞു ചെറുക്കൻ കുറച്ചുദിവസമായി ചിണുക്കം തുടങ്ങിയിട്ട്. വല്യമ്മച്ചിയെ കൊണ്ട് സപ്പോർട്ട് പറയിപ്പിച്ചതാണ് അവൻ.
ഞാൻ പതുക്കെ പപ്പാ കിടക്കുന്ന റൂമിന്റെ വാതിൽക്കൽ നിന്ന് അകത്തേക്ക് നോക്കി. എല്ലാം അറിഞ്ഞും കേട്ടും മിണ്ടാതെ കിടക്കുകയാണ് പാവം. ആറുവർഷത്തോളമായി പപ്പാ തളർന്നുകിടന്നു പോയിട്ട്.
സൗദിയിൽ ഒരു കൽക്കരിഖനിയിലായിരുന്നു പപ്പക്ക് ജോലി. എണ്ണകുഴിയെടുക്കുന്ന റിഗിന്റെ മുകളിൽ ഏറ്റവും അപകടം പിടിച്ച ജോലിയായിരുന്നു പപ്പക്ക്. പക്ഷെ, അതിനു കിട്ടുന്ന ഭീമമായ ശമ്പളം തന്നെയാണ് പപ്പയെയും അതുപോലുള്ളവരെയും ആ ജോലിയിൽ പിടിച്ചുനിർത്തുന്നത്. വളരെ നല്ല നിലയിലായിരുന്നു ഞങ്ങൾ ജീവിച്ചിരുന്നത്..
പക്ഷെ, ഞങ്ങളുടെ സ്വപ്‌നങ്ങൾ തകർത്തത് സൈറ്റിൽ വെച്ച് പപ്പക്കുണ്ടായ ഒരു അപകടമായിരുന്നു. തലയ്ക്കും നട്ടെല്ലിനും സാരമായ പരിക്കുപറ്റി.. കോമ സ്റ്റേജിൽ ഒരു മാസത്തോളം സൗദിയിൽ. കമ്പനിയിൽ നിന്ന് കിട്ടിയതും ഇൻഷുറൻസും എല്ലാം തീർന്നപ്പോഴേക്കും നാട്ടിൽ കൊണ്ടുവന്നു. അപ്പോഴേക്കും പപ്പാ സംസാരിച്ചു തുടങ്ങിയിരുന്നു. പിന്നെ പലതരം ചികിത്സകൾ. ഉള്ളതെല്ലാം വിറ്റു, ചെറിയൊരു വീട് വാങ്ങി അവിടെ താമസമായി.. അതുവരെ അടുപ്പത്തിലുണ്ടായിരുന്ന ബന്ധുക്കളൊക്കെ പതുക്കെ അകന്നു. കയ്യിൽ പണമുണ്ടായിരുന്ന കാലത്ത് പപ്പാ സഹായിച്ചവരൊന്നും തിരിഞ്ഞു പോലും നോക്കിയില്ല. അന്ന് ഞാൻ അഞ്ചാംക്ലാസ്സിൽ പഠിക്കുന്നു. അനിയൻ മൂന്നിലും. നീണ്ട ആറുവർഷം കൊണ്ട് പപ്പാ ഇപ്പോൾ തനിയെ എഴുന്നേറ്റിരിക്കാം എന്ന അവസ്ഥയായി.
നിത്യച്ചെലവിനു പോലും ബുദ്ധിമുട്ടായ സമയത്താണ് മമ്മി വീണ്ടും ജോലിക്ക് പോയിത്തുടങ്ങിയത്. തൊട്ടടുത്ത പ്രൈവറ്റ് ഹോസ്പിറ്റലിൽ നേഴ്സിംഗ് അസിസ്റ്റന്റ് ആയി മമ്മിയ്ക്ക് ജോലി കിട്ടി.
മമ്മി കുടുംബം നോക്കാൻ തുടങ്ങിയപ്പോൾ മുതലാണ് മമ്മിക്കീ അഹങ്കരവും വഴക്കും ഒക്കെ തുടങ്ങിയത്. പപ്പയുടെ പൈസക്ക് ജീവിച്ചിരുന്നകാലത്ത് പപ്പാ ഇങ്ങനെ ഒന്നും അല്ലായിരുന്നു. എന്ത് ചെയ്യാനാ,സഹിക്കാതെ നിവർത്തിയില്ലല്ലോ. എത്രയും പെട്ടെന്ന് ഈ നശിച്ച വീട്ടിൽ നിന്നു രക്ഷപ്പെട്ടാൽ മതിയായിരുന്നു.
ചിലപ്പോഴൊക്കെ ഞാൻ പപ്പയോട് ചോദിക്കും, ഈ മമ്മിയെ ആ ഹോസ്പിറ്റലുകാർ ഇപ്പോഴും ജോലിക്ക് നിർത്തുന്നുണ്ടല്ലോ. മമ്മിയെപ്പോലുള്ളവരാകും പാവം പിടിച്ച നേഴ്സ്മാരെ കൂടെ ചീത്തപ്പേര്
കേൾപ്പിക്കുന്നതെന്ന്. പപ്പാ ചിരിക്കും.
” അങ്ങനെ ഒന്നും പറയാതെ മോളെ. പാവമാ അവൾ. പിന്നെ അവൾ അവളുടെ ജോലിയിൽ പെർഫെക്റ്റാണ്. ”
പപ്പയുടെ സപ്പോർട്ട് പറച്ചിൽ ഞാൻ സഹതാപത്തോടെയേ കണ്ടിട്ടുള്ളു. ഒരുപക്ഷെ, പപ്പക്കും മമ്മിയെ പേടിയാവാം.
കുറച്ചുനാളുകൾക്ക് മുൻപാണ് എന്റെ ക്ലാസ്സിൽ പഠിക്കുന്ന ജീവൻരാജ് തന്ന വാലന്റൈൻസ്‌ഡേ കാർഡ് മമ്മി കാണുന്നത്. അന്ന് വലിയ വഴക്കും ബഹളവും ഉണ്ടാവുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. എന്തുകൊണ്ടോ സൗമ്യമായാണ് എന്നോട് മമ്മി സംസാരിച്ചത്.
” ഈ പ്രായത്തിൽ പ്രണയം തോന്നുന്നത് സ്വാഭാവികമാണ്. പക്ഷെ, എന്റെ മോളിപ്പോ ഇമ്പോർട്ടൻസ് കൊടുക്കേണ്ടത്
പഠനത്തിനാണ്.. ഒരു പെൺകുട്ടിക്ക് ഏറ്റവും അത്യാവശ്യം സ്വന്തം കാലിൽ നിൽക്കാനൊരു ജോലിയാണ്. ”
അത്രേ പറഞ്ഞുള്ളു. അല്ലെങ്കിലും ഇത്രപോലും മമ്മി ഞങ്ങളോട് സ്നേഹത്തോടെ സംസാരിക്കാറില്ലല്ലോ. മമ്മി നൈറ്റും ഡേയും മാറിമാറി ഡ്യൂട്ടി എടുക്കുമ്പോൾ വല്യമ്മച്ചി ആയിരുന്നല്ലോ ഞങ്ങൾക്ക് കൂട്ട്. ആവശ്യങ്ങൾക്ക് പണം തരും, പക്ഷെ ചെലവായതിന്റെ കണക്ക് പറഞ്ഞുകൊണ്ടൊരു വെറുപ്പിക്കൽ ഉണ്ട്.. അപ്പോൾ തോന്നും പൈസ ചോദിക്കേണ്ടായിരുന്നു എന്ന്.
” നിനക്ക് സ്കൂളിൽ പോകാറായില്ലെടി? “.
മമ്മിയുടെ സ്വരം കേട്ടതും ഞാൻ അകത്തേക്ക് ഓടി. പോകുന്ന വഴിയിൽ ഗണേഷിനെ കാണല്ലേ എന്നാണെന്റെ പ്രാർത്ഥന. അവന്റെയൊരു നോട്ടവും അർത്ഥം വെച്ചുള്ള സംസാരവും വെറുപ്പുളവാക്കുന്നുണ്ട്.
വൈകിട്ട് ബസിറങ്ങി ആ നേരത്ത് ഞാൻ മാത്രമേ ഉള്ളു എന്റെ വീടിന്റെ ഭാഗത്തേക്ക് വരാൻ.
അന്നും അവനും കൂട്ടുകാരനും അവിടെ ഉണ്ടായിരുന്നു. അവനെ കടന്നുപോകാൻ തുടങ്ങിയ എന്റെ കയ്യിൽ അവൻ കയറിപ്പിടിച്ചു. ഞാൻ ഭയന്നുപോയിരുന്നു.
” കയ്യീന്ന് വിട് ”
ഞാൻ കരച്ചിലിന്റെ വക്കത്തെത്തി.
” വല്ലാതെ കളിക്കാതെടി. നിന്നെ ഞാൻ ഇവിടെ വച്ച് എന്തു ചെയ്താലും ചോദിയ്ക്കാൻ ആരും വരില്ല. അല്ലെങ്കിൽ തന്നെ ആരു വരാനാ? കട്ടിലിൽ കിടക്കുന്ന നിന്റപ്പനോ അതോ ആ നരുന്തു ചെക്കനോ? ”
അവന്മാർ പൊട്ടിച്ചിരിച്ചു.
എന്തുകൊണ്ടോ എന്റെ കണ്ണുകൾ നിറഞ്ഞു. ശരിയാണ്, എനിക്ക് വേണ്ടി ചോദിക്കാൻ ആരാണുള്ളത്?
കരയുന്നത് കണ്ടിട്ടാവണം അവൻ കൈവിട്ടു. ജീവനുംകൊണ്ട് ഞാൻ വീട്ടിലേക്കോടി. ഒട്ടും പ്രതീക്ഷിക്കാതെ മമ്മി മുറ്റത്ത്. കരഞ്ഞുകൊണ്ടോടി വന്ന എന്നെ മമ്മി പിടിച്ചുനിർത്തി, കാര്യമന്വേഷിച്ചു. പേടിച്ചു പേടിച്ചാണ് ഞാൻ കാര്യം പറഞ്ഞത്. ദേഷ്യം കൊണ്ട് മമ്മിയുടെ മുഖം ചുവന്നു. എന്റെ കയ്യും പിടിച്ചു നേരെ ഗണേഷിന്റെ വീട്ടിലേക്കാണ് പോയത്. അവനും അച്ഛനും അമ്മയും സിറ്റൗട്ടിൽ തന്നെ ഉണ്ടായിരുന്നു.
” രോഹിണിച്ചേച്ചി, നിങ്ങടെ മോൻ ഇന്നെന്റെ മോളുടെ കയ്യിൽ കേറി പിടിച്ചു. ഇവളുടെ അപ്പൻ കിടപ്പിലായതുകൊണ്ട് ആരും ചോദിക്കില്ലത്രേ. അങ്ങനെ ആരുമില്ലായ്കയില്ല, ഈ അമ്മയുണ്ട് അവൾക്ക്. ഇനി ഇവൻ എന്റെ മോളോട് മോശമായിട്ടൊരു വാക്കെങ്കിലും പറഞ്ഞാൽ ഇവിടെ,നിങ്ങടെ മുന്നിലിട്ടടിക്കും ഞാനിവനെ. അതിനു ഞാൻ മതി. ഇതൊന്നു പറഞ്ഞിട്ട് പോകാൻ വന്നതാ. ”
മമ്മിയുടെ കണ്ണുകളിൽനിന്ന് തീ പാറുന്നത് ഞാൻ കണ്ടു. ആദ്യമായി എനിക്ക് എന്റെ മമ്മിയോടൊരു ബഹുമാനം തോന്നി. പുറകിൽ നിന്ന് അവന്റെ അച്ഛന്റെ ശബ്ദമുയരുന്നതും ഒരടിയുടെ ഒച്ചയും കേട്ടു. അതിനിടയിൽ അവന്റെ അമ്മയുടെ പ്രാക്കും കേട്ടു.
“ആ വാഴക്കാളി മറുതയുടെ മോളെ അല്ലാതെ ആരെയും നിനക്ക് കിട്ടിയില്ലേടാ കുരുത്തംകെട്ടവനെ, പുറകെ നടക്കാൻ “.
എനിക്ക് ചിരിവരുന്നുണ്ടായിരുന്നു.
വീട്ടിൽ ചെന്നപ്പോൾ അമ്മച്ചിയും പപ്പയും ആശങ്കയോടെ ഇരിക്കുന്നുണ്ടായിരുന്നു. രണ്ടുപേരെയും ഒന്ന് നോക്കിയിട്ട് മമ്മി അകത്തേക്ക് പോയി.
“എന്താ കുഞ്ഞേ ഉണ്ടായത്? ”
അമ്മച്ചി എന്നോട് ചോദിച്ചു.
” മമ്മി അവനെ പൊളിച്ചടുക്കിയില്ലേ. പിന്നെ വല്യമ്മച്ചി മമ്മിക്കവരൊരു പേരിട്ടിട്ടുണ്ട് കേട്ടോ. എന്താന്നറിയാമോ,
‘വാഴക്കാളി മറുത ‘. ”
ഞാൻ പൊട്ടിച്ചിരിച്ചു. എന്തുകൊണ്ടോ ഇത്തവണ പപ്പയും അമ്മച്ചിയും എന്നോടൊപ്പം ചിരിച്ചില്ല.
അന്ന് രാത്രി ഉറങ്ങാൻ കിടന്ന എന്നോടൊപ്പം മമ്മിയും വന്നുകിടന്നു. എന്നെ ചേർത്തുപിടിച്ചു.
” മോളെ, താങ്ങാനും കാവലു നിൽക്കാനും ആണില്ലാത്ത വീട്ടിലെ പെണ്ണിന് താങ്ങു സ്വന്തം കൈകൾ തന്നെയാ.. തീ പാറുന്ന നോട്ടം തന്നെയാ അവളുടെ ആദ്യത്തെ ആയുധവും. ”
ഒരുപാട് നാളുകൾക്ക് ശേഷം മമ്മിയുടെ കണ്ണുകൾ നിറഞ്ഞത് ഞാൻ കണ്ടു. എനിക്ക് മമ്മിയുടെ നെഞ്ചോട് ചേർന്നുകിടക്കണമെന്ന് തോന്നി. മമ്മിയും അതാഗ്രഹിച്ചിരുന്നിരിക്കണം.
പിറ്റേദിവസം സ്കൂളിലേക്ക് പോകുമ്പോൾ എനിക്കൊരു ആത്മവിശ്വാസം തോന്നിയിരുന്നു. ബസിൽ കയറുന്ന പെൺകുട്ടികളുടെ ദേഹത്ത് അറിയാത്ത മട്ടിൽ തട്ടുന്ന വഷളൻ ക്ലീനറെ തറപ്പിച്ചു നോക്കി, നീങ്ങി നിക്കെടോ എന്ന് എന്ന് എന്റെ ശബ്ദം ഉയർന്നപ്പോഴും മൊബൈൽ ക്യാമറയിൽ പെൺകുട്ടികളുടെ ഫോട്ടോ എടുത്തവന്റെ ഫോൺ തട്ടിപ്പറിച്ചു നിലത്തിട്ടു പൊട്ടിച്ചപ്പോഴും ആളുകളുടെ അന്ധാളിപ്പും പുച്ഛവും നിറഞ്ഞ നോട്ടം ഞാൻ തിരിച്ചറിഞ്ഞു.
” ആ തള്ളയുടെ അല്ലെ മോള്. അപ്പോ ഇതിലപ്പുറം തന്റേടിയായില്ലെങ്കിലേ അത്ഭുതമുള്ളു. ”
എന്നാരോക്കെയോ ഒളിഞ്ഞും തെളിഞ്ഞും പറയുന്നതു ഞാൻ ചിരിച്ചു തള്ളിയതെ ഉള്ളു.
ഇന്നും രാവിലെ ഞാനുണർന്നത് മമ്മിയുടെ ബഹളം കേട്ട് തന്നെയാണ്. പണം തന്നെയാണ് വിഷയം. കാരണവും അനിയൻ തന്നെ. അങ്ങോട്ട് ചെന്ന് പതുക്കെ അവനെയും വിളിച്ചോണ്ട് മുറിയിൽ വന്നു കാര്യം അറിയാൻ. ഇപ്പോഴെനിക്ക് മമ്മിയുടെ ബഹളം ശല്യമാവാറില്ല . ഈ നശിച്ച വീട്ടിൽ ജനിച്ചതിന്റെ വിഷമമില്ല, ഈ നരകത്തിൽ നിന്നും രക്ഷപ്പെടണമെന്ന് തോന്നാറുമില്ല. കാരണം, ഇപ്പൊൾ എനിക്കെന്റെ മമ്മിയെ മനസ്സിലാവുണ്ട്. വിധിയും ബന്ധുജനങ്ങളും ക്രൂരത കാണിച്ചപ്പോൾ ഒരിറ്റു വിഷത്തിൽ രക്ഷയുണ്ടായിരുന്നിട്ടും അതുചെയ്യാതെ, ജീവിതത്തോട് പൊരുതാനിറങ്ങിയ അവരോടെനിക്ക് ബഹുമാനമാണ്. ആ തന്റേടിയുടെ മകളായി അറിയപ്പെടുന്നതിൽ അഭിമാനവുമാണ്….
ജെയ്നി റ്റിജു

by