The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
പ്ലസ് ടു ബി ബാച്ചിൽ ഈ പീരിയഡ് ക്ലാസ്സ് എടുക്കാൻ ആരുമില്ലെന്ന് പ്രിൻസിപ്പാൾ പറഞ്ഞപ്പോൾ അങ്ങോട്ട് പോകുന്ന വഴിയ്ക്ക് എ ബാച്ചിന്റെ ജനലിൽ കൂടി വെറുതെ അകത്തേക്ക് നോക്കിയതായിരുന്നു. അകത്തു സുബിൻ സർ ക്ലാസ്സെടുക്കുന്നുണ്ട്. ഫിസിക്സ് ആണ് സബ്ജെക്ട്. എന്തോ നോട്സ് നോക്കുകയാണ്. തേർഡ് ബെഞ്ചിലെ ആദ്യത്തെ സീറ്റിലെ അനുപമയുടെ പുറകിൽ നിന്ന് നോട്ടിലേക്ക് കുനിഞ്ഞു നോക്കി എന്തോ പറയുന്നുണ്ട്. സാറിന്റെ കൈ കുട്ടിയുടെ ചുമലിൽ ആണ്.. ആ കുട്ടിയുടെ മുഖം വല്ലാതെ ചുളിയുന്നതും അസ്വസ്ഥപ്പെടുന്നതും കണ്ടതുകൊണ്ടാണ് ഞാൻ അവിടെ നിന്നത്. സുബിൻ പണ്ടേ ഒരു വഷളൻ ആണെന്ന് തോന്നിയിട്ടുണ്ട്. ഞാൻ ബാക്കി കുട്ടികളെ നോക്കി. ചിലർ ശ്രദ്ധിക്കുന്നില്ല. ചിലർ കുനിഞ്ഞിരുന്നു എഴുതുന്നു. ബാക്ക് ബെഞ്ചിലെ ചില വിരുതന്മാർ ഇതുനോക്കി അടക്കിച്ചിരിക്കുന്നു.
പെട്ടെന്ന് ഉണ്ടായ ഒരു തോന്നലിൽ ഞാൻ അടഞ്ഞു കിടന്ന വാതിലിൽ തട്ടി.. ‘യെസ് ‘ എന്ന സുബിന്റെ മറുപടി കേട്ടപ്പോൾ ഞാൻ വാതിൽ തുറന്നു.
” അനുപമയ്‌ക്കൊരുവിസിറ്ററുണ്ട്. ”
ഒരു നിമിഷം എന്റെ മുഖത്തേക്ക് നോക്കിനിന്ന ശേഷം അയാൾ പൊയ്ക്കോളൂ എന്നു അവളോട് ആംഗ്യം കാണിച്ചു. പേടിയോടെയാണ് അവൾ പുറത്തേക്ക് വന്നത്.
” ആരാ മിസ്സേ വന്നേ? എന്താണ് കാര്യം? ”
അവൾ ടെൻഷനോടെ ചോദിച്ചു.
“നീ പേടിക്കണ്ട. ആരുമില്ല. ഞാൻ ഒരു കാര്യം ചോദിക്കാൻ വിളിച്ചതാ..വാ ”
ഞാൻ അവളെ വിളിച്ചുകൊണ്ട് ഓഡിറ്റോറിയത്തിനടുത്തേക്ക് നടന്നു.
അവളെ അവിടെ ഒരു സീറ്റിൽ കംഫർറ്റബിൾ ആക്കിയിട്ടാണ് ഞാൻ സംസാരിച്ചു തുടങ്ങിയത്.
” ഞാൻ അതിലൂടെ കടന്നു പോകുമ്പോൾ സുബിൻ സാർ നിന്റെ ദേഹത്ത് കൈ വെച്ചിരിക്കുന്നത് കണ്ടു. അത് നിനക്ക് ഇഷ്ടപ്പെടുന്നില്ല എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ ഒരു കള്ളം പറഞ്ഞു നിന്നെ പുറത്തേക്ക് വിളിച്ചത്. എനിക്ക് തോന്നിയതാണോ അതോ നിനക്ക് അങ്ങനെ ബുദ്ധിമുട്ട് തോന്നിയിരുന്നോ? ”
ഏറ്റവും സമാധാനമായാണ് ഞാൻ ചോദിച്ചത്.
” മിസ്സ്, ഞാൻ…എനിക്ക്.. ”
അവളുടെ മിഴികൾ നിറഞ്ഞുതൂവി. ഞാൻ ഒന്നും മിണ്ടാതെ അവളുടെ മുഖത്തേക്ക് നോക്കി. അവൾക്ക് സംസാരിക്കാൻ അവസരം കൊടുത്തു.
” എനിക്കറിയില്ല മിസ്സേ, എനിക്ക് മാത്രമാണോ ഇങ്ങനെ തോന്നുന്നേ എന്ന്. അതുകൊണ്ട് ആരോടും പറയാനും കഴിയുന്നില്ല.. സുബിൻ സാറിന്റെ നോട്ടം, ചിരി ഒക്കെ എന്നെ അസ്വസ്ഥയാക്കുന്നു. അറിയാത്ത പോലെ ദേഹത്തു തട്ടും. എനിക്ക് ഒരു പുഴു അരിയ്ക്കുന്ന പോലെയാ തോന്നാറ്. ഒരിക്കൽ ഞാൻ അനിഷ്ടം കാണിച്ചപ്പോൾ എന്റെ റെക്കോർഡ് വരച്ചത് മൊത്തം വെട്ടി, എന്റെ പ്രാക്ടിക്കൽ മുഴുവൻ തെറ്റാണെന്ന് പറഞ്ഞു എല്ലാവരുടെയും മുന്നിൽ ഷൗട്ട് ചെയ്തു..എല്ലാവർക്കും സാറിനെ ഇഷ്ടമാ.. പക്ഷെ, എനിക്ക് പേടിയാണ് മിസ്സേ…ഞാൻ അമ്മയോട് പറഞ്ഞപ്പോൾ എനിക്ക് തോന്നിയതാവുമെന്ന്. വേറാർക്കും ഇല്ലല്ലോ നിനക്ക് മാത്രം എന്താ എന്ന് ചോദിച്ചു വഴക്കും പറഞ്ഞു. ”
അവൾ ഏങ്ങിയെങ്ങിക്കരഞ്ഞു. എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു അവളെ. ചിലപ്പോൾ എന്നെപ്പോലെ കുറച്ചു പേർക്ക് മാത്രം മനസ്സിലാവുമായിരിക്കും അവളെ. ഞാൻ നോക്കിക്കോളാം പേടിക്കണ്ട എന്ന് പറഞ്ഞു സമാധാനിപ്പിച്ചു അവളെ ക്ലാസ്സിലേക്ക് തിരിച്ചു വിട്ടു.
അടുത്ത പീരിയഡ് ഞാനായിരുന്നു അവരുടെ ക്ലാസ്സിൽ. ക്ലാസ്സിൽ കയറിയതും ബുക്ക് മേശയിൽ വെച്ചിട്ട് ഞാൻ എല്ലാവരെയും ഒന്ന് നോക്കി. എന്റെ സബ്ജെക്ട് മലയാളം ആയതിനാൽ എല്ലാവരും സന്തോഷത്തിലാണ്.
” ഞാനിന്നൊരു കഥ പറയാം. പത്തു പതിനഞ്ചു വർഷങ്ങൾക്ക് മുൻപാണ്. കഥാനായിക അന്ന് പ്ലസ്ടു വിദ്യാർത്ഥിനിയാണ്. അവളുടെ ഒരു അധ്യാപകൻ പലപ്പോഴും അവളോട് മോശമായി പെരുമാറുന്നു. പെൺകുട്ടി അയാളെ പേടിച്ച് പരാതി പറയാൻ മടിയ്ക്കുന്നു. ഒരു ദിവസം റെക്കോർഡ് കൊണ്ടുവെക്കാൻ സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ അവിടെ അയാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എത്തിവലിഞ്ഞു മുകളിലെ ഷെൽഫിൽ റെക്കോർഡ് വെക്കാൻ ശ്രമിച്ച അവളെ അയാൾ പെട്ടെന്ന് എടുത്തുയർത്തി. അയാളുടെ ആ ശ്രമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച അവളെ അയാൾ ദേഹത്തോട് ചേർത്തമർത്തി. ഭയന്നു പോയ പെൺകുട്ടി അലറിക്കരഞ്ഞു. മറ്റു ടീച്ചേഴ്സ് ഓടിവന്നു.
വീഴാൻ പോയ വിദ്യാർത്ഥിയെ താങ്ങിപ്പിടിച്ച നല്ലവനായ അധ്യാപകനെ തെറ്റിദ്ധരിച്ച വൃത്തികെട്ട മനസ്സുള്ള പെൺകുട്ടിയായി അവൾ. ഒരാളും അവളെ കേട്ടില്ല.. അവളുടെ സുഹൃത്തുക്കൾ പോലും. കൂടെ നിൽക്കുമെന്ന് കരുതിയ വനിതാ അധ്യാപകർപോലും സഹപ്രവർത്തകനെയാണ് സപ്പോർട്ട് ചെയ്തത്. ക്ലാസ്സിൽ ആൺകുട്ടികൾക്ക് മുന്നിൽ വെച്ചുപോലും കുത്തുവാക്കുകൾ കൊണ്ട് അധ്യാപകർ അപമാനിച്ചു തുടങ്ങിയപ്പോൾ ആ പെൺകുട്ടി സ്വയം കുറ്റപ്പെടുത്തി, വിഷാദത്തിലേക്ക് വീണു തുടങ്ങി. അപ്പോഴാണ് അമ്മപോലും കാര്യങ്ങളുടെ സീരിയസ്നെസ് മനസ്സിലാക്കുന്നത്. ഉടനെത്തന്നെ അവളെ കൗൺസിലിംഗിന് നു കൊണ്ടുപോയി. അവരുടെ നിർദ്ദേശപ്രകാരം സ്കൂൾ മാറ്റി. ഇതെല്ലാം ചെയ്തിരുന്നില്ലെങ്കിൽ ഒരുപക്ഷെ, അവൾ ആത്മഹത്യ പോലും ചെയ്യുമായിരുന്നു. പിന്നീടവൾ വളർന്നു, നന്നായി പഠിച്ചു. ഒരു അധ്യാപികയായി..ആ പെൺകുട്ടി നിങ്ങളുടെ മുന്നിൽ നിൽക്കുന്ന ഈ ഞാനാണ്. ”
ഞാൻ പറഞ്ഞു നിർത്തിയപ്പോൾ കുട്ടികളുടെ മുഖത്ത് ഒരു അമ്പരപ്പ് പ്രകടമായി. ഞാൻ തുടർന്നു.
” ഞാൻ അന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. ഇതൊക്കെ അനുഭവിക്കാൻ ഞാൻ ചെയ്ത തെറ്റെന്താണ്? എന്തുകൊണ്ട് ഒരു കുട്ടിപോലും എന്നെ സപ്പോർട്ട് ചെയ്തില്ല? വളർന്നു വരുന്ന തലമുറയിൽ നട്ടെല്ല് എന്നൊന്നില്ലേ എന്ന്. ഇവരൊക്കെയാണോ നാളെ മന്ത്രിയും കലക്ടറും പോലീസും കോടതിയുമൊക്കെയായി ഈ രാജ്യം ഭരിക്കാൻ പോകുന്നത് എന്ന്. കാലം മാറി. പക്ഷെ, ഇത്തരം അധ്യാപകർക്കും ഈ പ്രവൃത്തികൾക്കും പ്രതികരണശേഷിയില്ലാത്ത തലമുറയ്ക്കും മാത്രം ഒരു വംശനാശം വന്നിട്ടില്ല. ”
ഞാൻ ഒന്നു നിർത്തി എല്ലാവരെയും നോക്കി. എല്ലാവരും തലതാഴ്ത്തി ഇരിക്കുന്നുണ്ട്.
” നിങ്ങളുടെ ഇടയിൽ വെച്ച്, നിങ്ങളിൽ ഒരാളെ ഒരു അധ്യാപകൻ അപമാനിക്കുന്നത് കണ്ടിട്ടും കാണാത്ത മട്ടിൽ ഇരിക്കാൻ ഇപ്പോഴും നിങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ… നിങ്ങളുടെ സുഹൃത്ത് അല്ലെങ്കിൽ സഹോദരിയെപ്പോലൊരാൾ കണ്മുന്നിൽ പിടയുന്നത് കാണുമ്പോൾ അടക്കിച്ചിരിക്കാനാണ് നിങ്ങൾക്ക് തോന്നുന്നതെങ്കിൽ, നിങ്ങളുടെ ഈ തലമുറ ഭരിക്കാൻ പോകുന്ന കാലം എന്നെ ലജ്ജിപ്പിക്കുന്നു… ”
ഞാൻ പറഞ്ഞവസാനിപ്പിച്ചു എന്റെ ചെയറിൽ പോയി കണ്ണുകളടച്ചു ഇരുന്നു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.
” മിസ്സ്, ”
ഒരുറച്ച അടുത്ത് ശബ്ദം കേട്ടാണ് ഞാൻ കണ്ണു തുറന്നത്. അഭിലാഷാണ്. പിൻബെഞ്ചിലിരുന്ന് ചിരിച്ചവരിൽ ഒരുത്തൻ.
” സോറി മിസ്സ്, ഞങ്ങൾക്ക് തെറ്റുപറ്റി.. ഇതൊന്നും ഞങ്ങളെ ബാധിക്കുന്നില്ലല്ലോ എന്നാണ് ആദ്യം കരുതിയത്. പിന്നെ,വെറുതെ സാറിന്റെ ശത്രുത പിടിച്ചു പറ്റണ്ടല്ലോ എന്നും. ഇനി സമ്മതിക്കില്ല മിസ്സ്, അനുപമയുടെ എന്നല്ല, ഒരു പെൺകുട്ടിയുടെയും ദേഹത്ത് തൊടാൻ പോയിട്ട് വാക്കുകൊണ്ടോ നോട്ടം കൊണ്ടുപോലും അപമാനിക്കാൻ. ഞങ്ങളുണ്ടാവും ചോദ്യം ചെയ്യാൻ. നട്ടെല്ല് പണയം വെക്കാതെ ജീവിക്കാൻ തന്നെയാണ് തീരുമാനം. ”
ഞാൻ അത്ഭുതത്തോടെ അവനെ നോക്കിയിരിക്കുകയായിരുന്നു. അവന്റെ പുറകിലായി അടുത്തവൻ വന്നു നിന്നു, പിന്നെ അടുത്തവൻ… പിന്നെ ക്ലാസ്സ് മുഴുവൻ വന്നെന്നെ പൊതിഞ്ഞു. എനിക്ക് സത്യത്തിൽ എന്തൊക്കെയോ അവരോട് പറയണമെന്നുണ്ടായിരുന്നു, പക്ഷെ കരച്ചിൽ വന്നിട്ട് ശബ്ദം പുറത്തേക്ക് വരുന്നില്ലായിരുന്നു.
എനിക്ക് പ്രതീക്ഷയുണ്ട് ഈ തലമുറയിൽ. അവരിലൊരു തീപ്പൊരിയുണ്ട്. അതൊന്ന് ഊതിത്തെളിക്കാൻ ഒരാളുണ്ടെങ്കിൽ അവരൊരു ജ്വാലയാകും. എല്ലാ ക്ഷുദ്രജീവികളെയും ഭസ്മമാക്കാൻ കഴിവുള്ള തീജ്വാല..
ജെയ്നി റ്റിജു