ശ്രദ്ധിക്കാതെ പാർക്കിങ്ങിൽ ഇട്ടിരുന്ന കാറിൽ

വിവാഹമോചനം അനുവദിച്ചുള്ള വിധി കേൾക്കുമ്പോൾ മനസിലൊരു നിർവികാരതയായിരുന്നു. കോടതിയിൽ നിന്നിറങ്ങുമ്പോൾ സഹപ്രവർത്തകരും ജൂനിയർ വക്കീലന്മാരും ഗുമസ്തരും അങ്ങനെ പലരും തന്നെ ശ്രദ്ധിക്കുന്നുണ്ട്. ഹൈക്കോടതിയിലെ പേര് കേട്ട വക്കീലായ തന്റെ വിവാഹമോചനം പലർക്കുമൊരു അമ്പരപ്പാണ്. ഒന്നിലും ശ്രദ്ധിക്കാതെ പാർക്കിങ്ങിൽ ഇട്ടിരുന്ന കാറിൽ കയറി ഞാൻ സ്റ്റാർട്ട് ചെയ്തു.

പരസ്പരം ഇനിയും ഒട്ടും ഒത്തുപോകാൻ വയ്യ എന്ന ഘട്ടത്തിലാണ് ഞാനും വീണയും കൂടി ഡൈവോഴ്സിനായുള്ള ജോയിന്റ് പെറ്റിഷൻ കൊടുത്തത്. പരസ്പരം മനസിലാക്കാൻ കഴിയാത്ത രണ്ടു വ്യക്തികളായി തമ്മിൽ തല്ലി ഒരു കൂരയ്ക്കു കീഴിൽ കഴിയുന്നതിലും നല്ലത് ഈ തീരുമാനം തന്നെയാണെന്ന് ഞങ്ങൾക്ക് രണ്ടാൾക്കും ഉറപ്പുണ്ടായിരുന്നു.

എന്റെ ഈ യാത്ര നാട്ടിലേക്കാണ്. നാലുകെട്ടും കുളവും സർപ്പക്കാവുമൊക്കെയുള്ള എന്റെ തറവാട്ടിലേക്ക്. രണ്ടു ദിവസം തറവാട്ടിൽ തങ്ങിയ ശേഷം അവിടുന്നു നേരെ ബോബെക്ക് പോകണം. ഇനിയുള്ള ജോലിയും ജീവിതവും അവിടെ. അതാണ് തീരുമാനം. തറവാട്ടിൽ ചെന്നിട്ട് അഞ്ചു വർഷമായി താൻ കാലുകുത്തിയിട്ടില്ലാത്ത ആ സർപ്പക്കാവിലേക്ക് ഒരിക്കൽ കൂടി പോകണം. എന്റെ പ്രിയപ്പെട്ട ഓർമ്മകളിൽ കൂടിയൊന്നു സഞ്ചരിക്കണം.. എല്ലാത്തിലുമുപരി എന്റെ നന്ദയെ ഒരിക്കൽ കൂടിയൊന്നു കാണണം.

നന്ദ.. ആ പേരിന്റെ ഓർമ്മയിൽ പോലും തന്റെയുള്ളിൽ ഒരു വസന്തമാണ്…ഓർമ്മകളുറയ്ക്കും മുൻപേ തന്നെ എന്റെ മനസിൽ കടന്നു കൂടിയവളാണ്.. എന്റെ കളിക്കൂട്ടുകാരി. പെറ്റിക്കോട്ടുമിട്ടു എന്റെ മുന്നിൽ ഓടിക്കളിച്ചിരുന്ന നാളിൽ അവളെന്റെ പ്രിയപെട്ട കൂട്ടുകാരിയായിരുന്നു. തറവാട്ടിലെ കാവിലെ മഞ്ചാടി മരത്തിൽ നിന്നും പൊഴിഞ്ഞു വീഴുന്ന ആർക്കും വേണ്ടാത്ത മഞ്ചാടിമണികൾ അവൾ കൗതുകത്തോടെ പെറുക്കിയെടുത്തു സൂക്ഷിക്കുന്നത് കണ്ടപ്പോൾ മുതലാണ് ആ മഞ്ചാടിമരത്തെ ഞാനും സ്നേഹിച്ചു തുടങ്ങിയത്. അവൾക്കായി ഞാനും അവ ചേർത്തു വെച്ചു സമ്മാനിക്കാൻ തുടങ്ങി. ആ വലിയ ചാമ്പ മരത്തിൽ കയറി നീറുകളുടെ കടിയും കൊണ്ട് അവൾക്കെത്താത്ത കൊമ്പിൽ നിന്നും ചാമ്പങ്ങ പറിച്ചു കൊടുത്തിരുന്നത് ചിരിക്കുമ്പോൾ അവളുടെ കവിളിൽ വിരിയുന്ന ആ നുണക്കുഴി ചന്തം കാണാൻ മാത്രമായിരുന്നു. ചിരട്ട കൊണ്ടു മണ്ണപ്പം ചുട്ടും പലനിറങ്ങളിലെ ഇലകൾ അരിഞ്ഞു കൂട്ടാനുണ്ടാക്കിയും കളിക്കുമ്പോളൊക്കെ സങ്കല്പങ്ങളിൽ ഞാനച്ഛനും അവൾ അമ്മയുമായി.

ബാല്യം കൗമാരത്തിലേക്കു ചേക്കേറിയപ്പോൾ നന്ദയോടുള്ള എന്റെ സ്നേഹവും വളരുകയായിരുന്നു. വിളഞ്ഞ ഗോതമ്പിന്റെ നിറമുള്ള കൊലുന്നനെയുള്ള ആ പട്ട്പാവാടക്കാരിയെ ഞാനെന്റെ മനസിന്റെ കോവിലിൽ പ്രതിഷ്ഠിച്ചു പ്രണയ സ്വപ്നങ്ങളാൽ പൂജ ചെയ്തു. ഹരിയേട്ടാ എന്നും വിളിച്ചു സദാ എന്റെ പുറകെ നടന്നവൾ ഇപ്പോൾ കാവിലേക്ക് വരുന്നത് വല്ലപ്പോഴുമായി. പക്ഷെ അപ്പോളും അവൾക്കായുള്ള മഞ്ചാടിമണികൾ അവളെ കാണുമ്പോൾ കൊടുക്കാനായി ഞാൻ സൂക്ഷിച്ചു വെച്ചു.

ഞാൻ പത്താം തരം പാസായപ്പോൾ എന്നേക്കാൾ ഒരു വയസിനു ഇളപ്പമായ നന്ദ അതേ സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുകയായിരുന്നു. എന്നും കണ്ടോണ്ടിരുന്ന അവളെ കാണാതായപ്പോൾ മനസിൽ വല്ലാത്തൊരു വിങ്ങൽ. അവളെ കാണാനായി മാത്രം സ്കൂൾ വിടുന്ന സമയത്തു ആ വയൽ വരമ്പിൽ ഞാൻ കാത്തുനിൽക്കാറുണ്ടായിരുന്നു. മാറത്തു പുസ്തകവും ചോറ്റുപാത്രവും അടുക്കിപ്പിടിച്ചു രണ്ടായി മെടഞ്ഞ മുടിയുമായി നടന്നു വരുന്ന നന്ദയ്ക്കു എന്നെ കാണുമ്പോൾ ആ കണ്ണുകളിൽ ഉദിക്കുന്ന തിളക്കം കണ്ടാൽ മാത്രം മതീയായിരുന്നു അവളെന്നെയും കാണാൻ കൊതിക്കുന്നുവെന്നു എനിക്ക് മനസിലാക്കാൻ. പക്ഷെ അപ്പോളൊന്നും പരസ്പരം രണ്ടാളും പ്രണയം പറഞ്ഞില്ല. അതിങ്ങനെ പറയാതെ പറയാതെ മനസിൽ വളർന്നു പന്തലിച്ചു കൊണ്ടിരുന്നു . കാലം മുന്നോട്ടു പോവും തോറും എനിക്ക് നന്ദയെ കാണാതെ ഒരു നിമിഷം പോലും വയ്യെന്നായി. അവളെ കാണാൻ കിട്ടുന്ന ഒരവസരവും ഞാൻ വിട്ടുകളഞ്ഞില്ല. അവളുടെ സാനിദ്യമുള്ളിടത്തൊക്കെ ഞാനും ചെന്നു. ഇതു കൂട്ടുകാർക്കിടയിൽ പല സംശയങ്ങളും ജനിപ്പിച്ചു. എന്നോട് ചോദിച്ചവരോടൊക്കെ നന്ദ എന്റെ പെണ്ണാണ് എന്നു തന്നെ നിസംശയം ഞാൻ പറഞ്ഞു. പക്ഷെ അവളോട് മാത്രം എനിക്കു പറയാനായില്ല

ഒരിക്കൽ തറവാട്ടിൽ ഒരു മരണമുണ്ടായപ്പോൾ കാണാനായി നന്ദയും വന്നു. അവളുടെ അച്ഛനറിയാതെ അമ്മയോട് മാത്രം അനുവാദം വാങ്ങി വന്നതായിരുന്നു അവൾ. തന്റെ അമ്മയെ ഭ്രഷ്ട് കല്പിച്ചിരിക്കുന്ന ആ തറവാട്ടിലേക്ക് പേടിച്ച ഒരു മാൻപേടയെ പോലെ കുനിഞ്ഞ ശിരസ്സുമായി അവൾ വന്നു കയറിയപ്പോൾ എന്റെ അമ്മ അവളെ കൈപിടിച്ചു അകത്തേക്ക് കൊണ്ടുപോയി. ആണ്കുട്ടികൾ മാത്രമുള്ള എന്റെ തറവാട്ടിലെ എല്ലാവരും അവളോട്‌ സ്നേഹം കാണിച്ചു. തിരിച്ചു പോകാൻ നേരം എന്റെ അമ്മ അവളെ ചേർത്തു നിർത്തി അവളുടെ നെറുകയിൽ ഉമ്മ വെയ്ക്കുന്നത് കണ്ടപ്പോൾ എന്റെ മനസ്സ് നിറഞ്ഞു.

തറവാട്ടിൽ നിന്നും തിരികെ നടന്ന അവളുടെ കൈപിടിച്ചു അന്നാദ്യമായി ഉറച്ച ശബ്ദത്തോടെ ഞാൻ പറഞ്ഞു..നന്ദാ..നീയെന്റേതാണ്.. എന്റേത് മാത്രം… അവളുടെ മറുപടിക്കായി ഞാൻ കാതോർത്തു. അവളുടെയുള്ളിലും ഇരമ്പുന്ന ഒരു പ്രണയക്കടൽ ഉണ്ടെങ്കിലും നിശബ്ദം കേട്ടുനിന്നതല്ലാതെ അവളൊന്നും തിരിച്ചു പറഞ്ഞില്ല

താഴ്ന്ന ജാതിയിൽ പെട്ട ഒരാളെ പ്രണയിച്ചു തറവാട്ടിലെ എല്ലാവരെയും എതിർത്തു ,സ്നേഹിച്ച പുരുഷനോടൊപ്പം ജീവിക്കുന്ന അവളുടെ അമ്മയെ പടിയടച്ചു പിണ്ഡം വെച്ച ആ തറവാട്ടിലെ ഒരാളെ തന്നെ തന്റെ മകൾ പ്രണയിക്കുന്നുവെന്നറിഞ്ഞാൽ അച്ഛൻ പിന്നെ അവളെ ജീവനോടെ വെച്ചേക്കില്ല എന്നവൾ ഭയപ്പെട്ടിരിക്കാം. അന്നാദ്യമായി ആഢ്യത്വമുള്ള ആ തറവാട്ടിൽ ജനിച്ചതിനോട് എനിക്ക് വെറുപ്പ് തോന്നി. പ്രണയിച്ചവരെ ഒന്നിച്ചു ജീവിക്കാൻ അനുവദിക്കാതെ, അവളുടെ അമ്മയെ വെറുപ്പോടെ കാണുന്ന എന്റെ അമ്മാവന്മാരോട് എനിക്ക് ദേഷ്യം തോന്നി.

പക്ഷെ ഞങ്ങൾക്ക് രണ്ടാൾക്കും പ്രണയിക്കാതിരിക്കാനാവില്ലല്ലോ. അമ്പലത്തിലും വയൽവരമ്പിലും കാവിലുമൊക്കെ ഞങ്ങൾ കണ്ടുമുട്ടി.
ഒരിക്കൽ കന്നിയിലെ ആയില്യം നാളിനു തലേദിവസം കാവിൽ വെച്ചു കണ്ടപ്പോൾ., അവൾ കോർത്ത ചെമ്പകമാല വാങ്ങി ആ നാഗദൈവങ്ങൾക്കു സാക്ഷിയായി ഞാനവളുടെ കഴുത്തിൽ അണിയിച്ചു. നഗത്താന്മാർക്കു ശക്തികൂടുന്ന ദിവസമാണന്ന്. നാഗദൈവങ്ങൾക്കു മുൻപിലും എന്റെ മനസിലും ഞാനവളെ എന്റെ ഭാര്യയാക്കി. ഒരിക്കലും അവളെ വിട്ടുകളയില്ലെന്നു ഞാൻ ഉറപ്പിച്ചു. പക്ഷെ ഒന്നുമാലോചിക്കാതെയുള്ള എന്റെ പെട്ടെന്നുള്ള ഈ പ്രവർത്തിയിൽ സർപ്പകോപമുണ്ടാകുമോ എന്നൊക്കെ അവൾ ഭയന്നു.ഇനിയെന്താകും എന്നറിയാതെ കണ്ണീരോടെ എന്റെ മുഖത്തേക്ക് നോക്കി നിന്ന എന്റെ നന്ദയുടെ മുഖം ഇന്നും വ്യക്തമായിത്തന്നെ മനസിലുണ്ട്.

ഞങ്ങളുടെ പ്രണയം അവളുടെ അച്ഛന്റെ കാതുകളിലുമെത്തി. മകളെ അത്ര വിശ്വാസമായിരുന്ന അച്ഛൻ ആദ്യമതു വിശ്വസിച്ചില്ല. പക്ഷെ കാര്യങ്ങൾ പിന്നീട് കൈവിട്ടു. അവളുടെ വീട്ടിൽ അതൊരു വലിയ പ്രശ്നമായി. അവളെ ‘അമ്മ അനുകൂലിച്ചപ്പോൾ അവളോടുള്ള ദേഷ്യം അവളുടെ അമ്മയോടും കാണിച്ചു. ഒടുവിൽ നീറി നീറി ആ പാവം സ്ത്രീ മരണം പുൽ്കിയപ്പോൾ പടിയിറങ്ങിപ്പോയത് ഞാനേറെ ഇഷ്ടപ്പെട്ടിരുന്ന എന്റെ നന്ദയുടെ ചിരിയും കൂടിയായിരുന്നു. പിന്നീടൊരിക്കലും ഞാനവളെ ചിരിച്ചു കണ്ടിട്ടില്ല. തന്റെ ശാപം പിടിച്ച ജന്മം കൊണ്ടാണ് അമ്മയുടെ ജീവൻ പോയതെന്ന് അവൾ വിശ്വസിച്ചു. അതുകൊണ്ടാവാം അവളുടെ അച്ഛന്റെ കൂട്ടുകാരന്റെ മകനുമായി അവളുടെ കല്യാണം ഉറപ്പിച്ചപ്പോൾ അവൾക്ക് എതിർക്കാനാവാതെ പോയത്. അങ്ങനെ അവളുടെ വിവാഹം നിശ്ചയിക്കപ്പെട്ടു.

കുറെ ദിവസങ്ങൾക്കു ശേഷം അവളുടെ വിവാഹത്തലേന്നാണ് ഞാൻ വീണ്ടും നന്ദയെ കാവിൽ വെച്ചു കാണുന്നത്. കരഞ്ഞു കലങ്ങിയ മുഖവുമായി പ്രാർത്ഥിച്ചു മടങ്ങുന്ന അവൾ അപ്രതീക്ഷിതമായി എന്നെ കണ്ടതും എന്നെ നേരിടാനാവാതെ തല താഴ്ത്തി നിന്നു. ഏതോ ഒരു തോന്നലിൽ ഞാനവളെ അന്നാദ്യമായി എന്നോട് ചേർത്തു നിർത്തി വലിഞ്ഞു മുറുകി പിടിച്ചു. അവളുടെ മുഖം എന്റെ കൈക്കുമ്പിളിൽ എടുത്തു തെരുതെരെ ഉമ്മ വെച്ചു. അവളും എന്നോട് ചേർന്നു നിന്നു. ആ നിമിഷം എവിടുന്നോ വന്ന ആ മഴയിൽ നനഞ്ഞൊലിച്ചു ഞങ്ങൾ എത്ര നേരം അതേ നിൽപ്പ് നിന്നെന്നറിയില്ല. “അവളെ വിട് ഹരീ, നാളെ അവളുടെ വിവാഹമല്ലേ” എന്ന ഏട്ടന്റെ ശബ്ദമാണ് ആ നിൽപ്പിൽ നിന്നും ഞങ്ങളെ ഉണർത്തിയത്. അല്ലെങ്കിൽ ഒരുപക്ഷേ ആ നിമിഷം ഞങ്ങൾക്ക് ഞങ്ങളെ സ്വയം നഷ്ടമായേനെ.

കാലങ്ങൾ കുറച്ചു കഴിഞ്ഞപ്പോൾ എന്റെയും വിവാഹം നടന്നു. എല്ലാം മറന്നു വീണയെ ഞാൻ സ്നേഹിക്കാൻ തുടങ്ങിയതാണ്. പക്ഷെ എത്ര ശ്രമിച്ചിട്ടും ഞങ്ങൾക്ക് ഒത്തുപോകാൻ കഴിഞ്ഞില്ല. എല്ലാം തുറന്നു പറഞ്ഞിട്ടും എന്നെ മനസിലാക്കാൻ അവൾക്ക് ഒരിക്കലും കഴിഞ്ഞില്ല. നന്ദയെ പിന്നീടൊരിക്കൽ പോലും ഞാൻ കണ്ടിട്ടില്ലെങ്കിലും അവളുടെ പേര് പറഞ്ഞു വീണ കലഹിച്ചു കൊണ്ടിരുന്നു. ഒരിക്കലും ഒന്നുചേരാൻ കഴിയാത്ത രണ്ടു ധ്രുവങ്ങളായിരുന്നു ഞാനും വീണയും. ഇന്ന് ആ ബന്ധവും അവസാനിച്ചിരിക്കുന്നു. അവൾക്കിഷ്ട്ടമുള്ള ഒരു ജീവിതം അവൾ തിരഞ്ഞെടുക്കട്ടെ.

അങ്ങനെ ഓരോ ഓർമ്മകളുമായി തറവാട്ട് മുറ്റത്തു വണ്ടി നിർത്തുമ്പോൾ മനസ്സ് വീണ്ടും ആ പഴയ ഹരിയിലേക്ക് പോവുകയായിരുന്നു. കുളിച്ചു ശുദ്ധിയായി ആദ്യം ചെന്നത് എന്റെ നന്ദയുടേ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന കാവിലേക്കാണ്. നാഗത്താന്മാരുടെ മുന്നിൽ പ്രാർത്ഥിക്കുമ്പോൾ മനസിൽ തെളിഞ്ഞത് ഞാൻ കഴുത്തിൽ അണിയിച്ച ചെമ്പകമാലയുമായി എന്റെ മുന്നിൽ നിൽക്കുന്ന നന്ദയുടെ രൂപമായിരുന്നു. ഇനിയൊരിക്കലും ആ നല്ല കാലം തിരിച്ചു കിട്ടില്ലെന്നറിയാം. എങ്കിലും ഒരിക്കൽ കൂടി എന്റെ നന്ദയെ ഒന്നു കാണാൻ മനസ് കൊതിക്കുന്നുണ്ട്.. എന്റെ ഈ ആഗ്രഹം സാധിപ്പിച്ചു തരണേ എന്നു നാഗദൈവങ്ങളോട് പ്രാർത്ഥിച്ചു മടങ്ങുമ്പോളാണ് എന്റെ കാൽ ചുവട്ടിൽ കിടക്കുന്ന ആ മഞ്ചാടിക്കുരു കണ്ടത്. എന്റെ നന്ദയുടേ പ്രിയപ്പെട്ട മഞ്ചാടിക്കുരു. ആ മഞ്ചാടിമണിയുടെ ചുവപ്പിന് നന്ദയുടേ ഹൃദയത്തിന്റെ ചുവപ്പാണെന്നു തോന്നി. പതിയെ അതെടുത്തു കൈവെള്ളയിൽ ചേർത്തു പിടിച്ചു. ഇനി കാണുന്ന നിമിഷം എന്റെ നന്ദയ്ക്കു സമ്മാനിക്കുവാൻ….

Leave a Reply