രചന – ബാഗ്മതി സിംഗിൾ മദർ
“” പോവുന്ന പോക്ക് കണ്ടില്ലേ….ഇപ്പോഴും മധുരപതിനേഴാണെന്നാ തള്ളേടെ വിചാരം…”” കുമാരേട്ടന്റെ ചായക്കടയിൽ ഇരുന്ന് സജീവൻ മുറുമുറുത്തു…. “” അവളെങ്ങനേലും ജീവിച്ചോട്ടെ എന്റെ സജീവാ…അതിനെ വിട്ടേക്ക്….”” കുമാരേട്ടൻ ചൂടുള്ള ഉഴുന്നുവട പാത്രത്തിലേക്കു വെച്ച് കൊണ്ട് സജീവനെ ശാസിച്ചു …. ഭദ്ര…. അവൾക്കിതൊന്നും പുതുമയല്ല….കേട്ടുപഴകിയ അടക്കം പറച്ചിലുകളും കുത്തുവാക്കുകളും അവളെന്ന ശിലയെ കഠിനമാക്കിയിട്ടേയുള്ളു. പുച്ഛത്തോടെ അവനെയൊന്ന് തിരിഞ്ഞ് നോക്കി ഭദ്ര വേഗത്തിൽ നടന്നു. ഭദ്ര സ്വന്തമായി ഒരു ബ്യൂട്ടിപാർലർ നടത്തിവരുന്നു….അതിൽ നിന്നുള്ള വരുമാനത്തിൽ നിന്നും കുട്ടികളുടെ പഠനം മുതൽ സകലചെലവുകളും കഴിഞ്ഞു കൂടണം. വൈകുന്നേരം മടങ്ങിയെത്തുമ്പോൾ ഉമ്മറത്ത് കാണും മൂവർസംഘം…അമ്മയുടെ കൈയ്യിൽ കരുതുന്ന പലഹാരപ്പൊതിയിൽ കണ്ണ് നട്ട്….. പതിനേഴാം വയസിൽ വിവാഹിതയായവളാണ്…അച്ഛനും അമ്മയും അനിയത്തിമാരുടെ ഭാവിയെന്ന പതിവ് പല്ലവിയിൽ ബലികൊടുക്കപ്പെടുന്ന അനേകം മൂത്തസന്തതികളിൽ ഒരുവളായിരുന്നു ഭദ്ര….
കെട്ടുകഴിഞ്ഞ് ആദ്യനാളുകൾ അമ്മയുടെ വാക്കുകൾ ശിരസാവഹിച്ച് അവൾ നല്ലപാതിയെ സ്നേഹിച്ചുതുടങ്ങി…. ദിവസങ്ങൾ കടന്നുപോകെ മുഴുക്കുടിയനായ അയാളുടെ തനിരൂപം അവൾ കാണുകയായിരുന്നു…. വീട്ടിൽ ഉള്ളവരുടെ മനസ് വിഷമിക്കാതിരിക്കാൻ എല്ലാം മറച്ചുവെച്ചു…. സഹിക്കവയ്യാതെ ആയപ്പോൾ ഭർതൃമാതാവിനോട് തുറന്നു പറഞ്ഞു … ‘” ഏട്ടൻ സ്ഥിരമായി കള്ളുകുടിച്ചാണ് വരുന്നത്… ഇന്നലെ എന്നെ ഒരുപാട് ഉപദ്രവിച്ചു..ദാ നോക്ക്…”” മുഖത്ത് പതിഞ്ഞ വിരൽപാടുകൾ കാണിച്ചു കൊണ്ടു പറയുന്പോൾ അവളുടെ മിഴികൾ നിറഞ്ഞുതൂവി… “” കല്യാണത്തിന് മുൻപ് അവന് ഇങ്ങനെ ഒരു ശീലം ഇല്ലായിരുന്നു … നീ സമാധാനം കൊടുക്കുന്നുണ്ടാവില്ല…”” നാത്തൂന്റെ മുനവെച്ചുള്ള സംസാരം കൂടെ ആയപ്പോൾ ഭദ്ര മുറിയിലേക്ക് നടന്നു… മറുപടി അവർ അർഹിക്കാത്തതിനാൽ അവൾ സ്വയം കടിച്ചമർത്തി…. രണ്ടാമത്തെ കുഞ്ഞും ഉദരത്തിൽ തുടിച്ചുതുടങ്ങി…എന്നിട്ടും തുടരുന്ന മർദനങ്ങൾ….പ്രതിരോധിക്കാൻ നോക്കിയ മൂത്തമകളെ അയാൾ പിടിച്ച് ദൂരെ എറിഞ്ഞതോടെ ഭദ്ര പിറ്റേ ദിവസം വീട്ടിലേക്ക് മടങ്ങി ..
ഓടിചെന്ന് അച്ഛന്റെ മടിയിൽ തലവെച്ച് അടക്കിവെച്ചതെല്ലാം കരഞ്ഞു തീർക്കവെ ആ വൃദ്ധൻ വേദനയോടെ മുടിയിൽ തലോടി…. “”… നല്ല കൂട്ടരാണെന്ന് പറഞ്ഞപ്പോ അച്ഛൻ വിശ്വസിച്ചുപോയി… മോൾ അച്ഛനോട് ക്ഷമിക്ക്…”” അയാൾ അവളെ അകത്തേക്ക് കൂട്ടികൊണ്ട് പോയി… ‘” ഭദ്രേ…നിന്റെ അനിയത്തിക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ട്…വരൻ അവളുടെ കോളേജിൽ മാഷാണ്…. അച്ഛനോട് അയാൾ സംസാരിച്ചു… സ്ത്രീധനം ഒന്നും വേണ്ടാത്രേ…അവളെ തുടർന്ന് പഠിപ്പിക്കാമെന്നൊക്കെ പറഞ്ഞു..ഇതിലും വലിയൊരു ബന്ധം ഇനികിട്ടാനില്ല….”” “” .അവൾ പഠിച്ച് സ്വന്തം കാലിൽ നിൽക്കട്ടെ..എന്നിട്ട് പോരേ വിവാഹം? ഇന്നത്തെ കാലത്ത് ഒരു ജോലിയാണ് പെൺകുട്ടികൾക്ക് ആവിശ്യം… അല്ലെങ്കിൽ എന്നെപോലെ…””” വാക്കുകൾ പാതിമുറിഞ്ഞു…അവളുടെ ഹൃദയം വല്ലാതെ പിടച്ചു… പാതിവഴിയിൽ പഠനം അവസാനിച്ചവളുടെ ഗദ്ഗദം …. “” അതാണ് ഞാൻ പറഞ്ഞു വന്നത്…അവൾക്ക് വിവാഹത്തിനു സമ്മതമാണ്…അവർ രണ്ടുവർഷത്തോളം ഇഷ്ടത്തിലായിരുന്നുവത്രേ…കല്യാണം കഴിഞ്ഞാലും പഠിക്കാലോ…അച്ഛൻ എന്തായാലും വാക്കുകൊടുത്തു.
” “” ഹം….”” ഭദ്ര അമർത്തിമൂളി…. ‘”” … അവര് വരുന്പോൾ നീ കെട്ട്യോനുമായി പിണങ്ങിപിരിഞ്ഞ് നിൽക്കുന്നത് നാണക്കേടാണ്….നാട്ടുകാർ ഇപ്പോഴേ ചോദിച്ച് തുടങ്ങിയിട്ടുണ്ട്. “” അവൾ അമ്മയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി….താൻ അമ്മയുടെ മകൾ തന്നെയല്ലേയെന്ന് ചോദിക്കാൻ തോന്നിയെങ്കിലും തൊണ്ടക്കുഴിയിൽ ആ ചോദ്യം കുരുങ്ങികിടന്നു….. “” അച്ഛൻ അവനോട് സംസാരിച്ചു …ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ലെന്ന് വാക്ക് തന്നിട്ടുണ്ട് ..ജീവിതം ഇങ്ങനെയൊക്കെയാണ് മോളെ…കുറച്ചൊക്കെ നമ്മൾ പെണ്ണുങ്ങൾ കണ്ടില്ല കേട്ടില്ലെന്ന് വെക്കണം..””” ചെവിയിൽ തേനിച്ചക്കൂട്ടം മൂളിപ്പറക്കും പോലെ അമ്മ പറയുന്നതെന്തൊക്കെയോ അവളുടെ കർണപടത്തിൽ അവ്യക്തമായ് പതിഞ്ഞു ….കൈപിടിച്ച് കയറ്റിയ അച്ഛൻ പോലും കൈവിട്ടിരിക്കുന്നു.. മനസാക്ഷിയെ കബളിപ്പിച്ചുകൊണ്ട് വീണ്ടും അയാളിലേക്ക് മടങ്ങാൻ തീരുമാനിച്ചു .. വീണ്ടും ആ വീടിന്റെ പടിചവിട്ടുമ്പോൾ പുച്ഛത്തോടെ നോക്കുന്ന കണ്ണുകൾ കാണാമായിരുന്നു …
രാവന്തിയോളം പണിയെടുത്തും രാവിന്റെ മറവിൽ മേനിഭോഗിക്കാൻ വിട്ടുകൊടുത്തും യാന്ത്രികമായി മുന്നോട്ട് പോയനാളുകൾ… ഒടുക്കം മൂന്നാമതും ഗർഭിണിയായി… നിറവയറുമായി ജോലിചെയ്യുമ്പോഴും അൽപനേരം വിശ്രമം ലഭിച്ചിരുന്നില്ല…ഉപദ്രവം നിർത്താതെ തുടർന്നു…അവശേഷിക്കുന്ന കമ്മലും വിറ്റുതുലച്ചു… അതിനിടെ അയാളുടെ അമ്മ ഇഹലോകവാസം വെടിഞ്ഞു….തനിയെ ആ വീട്ടിൽ..ഇടക്കിടെ കുത്തിനോവിക്കാനെത്തുന്ന അയാളുടെ സഹോദരിമാർ … ഒടുവിൽ മൂന്നാമതും ഒരു മാലാഖപെണ്ണ് പിറന്നുവീണു…. ചോരകുഞ്ഞിന്റെ കുഞ്ഞിളം കൈകൾ ചുംബിച്ചുകൊണ്ട് ഭദ്ര നെടുവീർപ്പിട്ടു …. മരണവേദനക്ക് ശേഷം ലഭിക്കുന്ന അതിരറ്റ ആനന്ദം…. അകത്തേക്കു കയറിവന്ന ഭർത്താവിനെയും നാത്തൂനേയും അവൾ പുഞ്ചിരിയോടെ സ്വീകരിച്ചു … “” ആഹാ…വീണ്ടും പെണ്ണ്…ടാ… ഇവൾക്ക് പെൺപിള്ളേരെ പെറ്റ്കൂട്ടാൻ മാത്രമേ കഴിവുള്ളു…കഷ്ടം തന്നെ നിന്റെ കാര്യം ..വയസുകാലത്ത് നിനക്ക് ഒരു താങ്ങ് വേണ്ടേ??? ഇവറ്റകളെ മൂന്നിനേം കെട്ടിച്ച് വിടാനുള്ള വരുമാനം ഉണ്ടോ നിനക്ക് …??”” നിറഞ്ഞുവന്ന കണ്ണുകൾ അണപൊട്ടി ഒഴുകി….
അയാൾ കുഞ്ഞിനെ ഒന്ന് നോക്കുകപോലും ചെയ്യാതെ ഇറങ്ങിപോയി… അമ്മ വേദനയോടെ ഭദ്രയുടെ ചുമലിൽ കൈവെച്ചു… “” അമ്മ പറയാൻ പോവുന്നതെന്താണെന്ന് എനിക്കറിയാം… അവരെന്തുപറഞ്ഞാലും തിരിച്ചൊന്നും പറയരുത്…ജീവിതമാണ് സഹിക്കണം ക്ഷമിക്കണം..ഇതൊക്കെ തന്നെയല്ലേ??? “” അവൾ ആ കൈകൾ എടുത്തുമാററി തലയണയിൽ മുഖമമർത്തി വിതുമ്പികരഞ്ഞു… ഡിസ്ചാർജ് ചെയ്യുവോളം ആരും ആ വഴിവന്നില്ല…. കുത്തുവാക്കുകളും മറ്റുമായി സ്വന്തം വീട്ടിൽ ഒരു അഭയാർത്ഥിയെപോലെ തള്ളിനീക്കിയ ദിനങ്ങൾ … ഇതിനിടെ അവൾ അവശേഷിക്കുന്ന കുഞ്ഞിന്റെ മാല പണയം വെച്ച് ഒരു ചെറിയ കോഴ്സ് ചെയ്യാൻ തീരുമാനിച്ചു …മൂന്നുമാസം വീട്ടിൽ കുഞ്ഞുങ്ങളെ ഏൽപ്പിച്ച് അവൾ എറണാകുളത്തേക്ക് യാത്രയായ്…കോഴ്സ് കഴിഞ്ഞു മടങ്ങി വന്ന ഭദ്ര കണ്ടത് പാത്രം കഴുകുന്ന തന്റെ മൂത്തമകളെയാണ്… അവളെ വാരിപുണരവെ അവൾ പിടഞ്ഞുമാറി.. ഭദ്ര അവളെ ആകെയൊന്ന് നോക്കി…പൊള്ളലേറ്റ് അടർന്ന കൈകൾ… ‘” മോളെ എന്താ ഇതൊക്കെ??” “” വിശക്കുന്നു എന്ന് പറഞ്ഞപ്പോ.അമ്മായി പറഞ്ഞു തനിയെ ഉണ്ടാക്കി കഴിക്കാൻ ..എനിക്കു അരിയൂറ്റാൻ അറിയില്ലായിരുന്നു അമ്മാ…കഞ്ഞിവെള്ളം വീണതാ…”” ഭദ്ര വിതുമ്പലോടെ അവളെ വാരിപുണർന്നു…
അന്നവൾ ഉറങ്ങിയില്ല…. പിന്നീടുള്ള പുലരികൾക്ക് അവളുടെ കുതിപ്പിനെ തടയാനായില്ല… ചെറിയൊരു ജോലി സന്പാദിച്ചു …വാടകവീട്ടിലേക്ക് താമസം മാറി… അതിനിടെ പണത്തിന് വേണ്ടി തന്റെ പിന്നാലെ വന്നവനെ അവൾ ആട്ടിയിറക്കി…. പലരും പലതും പറഞ്ഞു പരത്തി…രാത്രികാലങ്ങളിൽ വാതിലിൽ മുട്ടുന്നവരെയും ചൂളം വിളിക്കുന്നവരെയും അവൾ ഉച്ചത്തിൽ ആട്ടി..”” പ്ഫാ…”” മുഷിഞ്ഞ വേഷം വലിച്ചെറിഞ്ഞ് അമ്മ മിടുക്കിയാവണമെന്ന് മകൾ പറയുന്നത് കേട്ട് അവൾ തലകുലുക്കി…. അന്നോളം അണിയാത്ത ചമയങ്ങളും വേഷങ്ങളും രുചികളും അനുഭവിച്ചറിഞ്ഞു …കുഞ്ഞുങ്ങൾക്ക് അറിവിന്റെ ലോകത്തേക്ക് വഴിതുറന്നു….ചെറിയ സന്പാദ്യത്തിലൂടെപുതുവീട് എന്ന സ്വപ്നത്തിലേക്ക് നടന്നടുക്കുകയാണവൾ…. കൂപ്പുകുത്തിയ ജീവിതത്തിൽ നിന്നും അവളുടെ ഉയിർത്തെഴുന്നേൽപ്പിനെ കാലം പേരിട്ടുവിളിച്ചു “” സിംഗിൾ മദർ””

by