19/04/2026

അഞ്ചാം ക്ലാസില് പഠിക്കണ കാലം

രചന – ഷാജി

ഉപ്പുമാവ്

അഞ്ചാം ക്ലാസില് പഠിക്കണ കാലം
നാലരയുടെ ബെല്ലടിക്കാൻ കാത്തു നിക്കണനേരം.ജനഗണമന തുടങ്ങി .എന്റെ കണ്ണപ്പോഴും ചുവരിൽ പൊടുവണ്ണി ഇലയിൽ പൊതിഞ്ഞു വെച്ച എന്റെ ഉപ്പുമാവിലായിരുന്നു.ദേശിയഗാനം പകുതി ആയപ്പൊ ക്ലാസിലെ വില്ലൻ നാസറ് ഉപ്പുമാവ് പൊതി തുറന്ന് കയ്യിട്ട് വാരി അണ്ണാക്കിലേക് തള്ളുന്നു. ദേശീയഗാനമാണ് എന്നൊന്നും നോക്കീല ഓടിചെന്ന് അവന്റെ മുതുകു നോക്കി രണ്ടെണ്ണം കൊടുത്തു.
സ്റ്റാഫ് റൂമീന് ഹെഡ്മാഷ് ഇതെല്ലാം കാണുന്നുണ്ടായിരുന്നു.ബെല്ലടിച്ചു കുട്ടികളെല്ലാം കലപിലാ പറഞ്ഞ് ഓടി .
ഞാൻ ബാക്കിയുള്ള ഉപ്പുമാവ് പൊതിഞ്ഞ് പുസ്തകത്തിന്റെ കൂടെയുള്ള റബർ ബാന്റിൽകുടുകി പുറത്തിറങ്ങി ബട്ടൻസില്ലാത്ത ട്രൗസർ ഒരുകയ്യോണ്ട് താങ്ങിപിടിച്ചാണ് പോക്ക്.പുറത്ത് അതാ നീട്ടിപിടിച്ച ചൂരലുമായി ഹെഡ്മാഷ് .പാതിജീവൻ പോയി.

നീയെന്താടാ ദേശീയഗാനസമയത്ത് വഴകുണ്ടാക്ക്യേത് എന്ന് ചോദിച്ച് എന്റെ പുസ്തക കെട്ട് വാങ്ങി ഉപ്പുമാവ് എടുത്ത് തുറന്നു.വലഞ്ഞിരുന്ന ഉപ്പുമാവ് തുറന്നപടി ഒറ്റഏറ്.കയ്യ് രണ്ടും കൂട്ടിപിടിച്ച് തുടയിൽ നാലെണ്ണം സർവ്വ ശക്തിയുമെടുത്ത് തന്നു.തുടയിലൂടെ മൂത്രം അരിച്ചിറങ്ങുന്നുണ്ടായിരുന്നു.
അടിയുടെ കാഠിന്യം കൊണ്ട് തുട ഒരു വരയായി പൊട്ടി ചോരപൊടിഞ്ഞു ബാക്കി തിണർത്ത പാടുകളും .വാവിട്ട് നിലവിളിച്ച് ഗ്രൗണ്ടിന്റെ മൂലേൽ ചെന്നിരുന്നു.കുറച്ചു കഴിഞ്ഞ് ആ ഉപ്പുമാവ് അവിടെ ഉണ്ടൊ എന്നറിയാൻ ചെന്നു നോക്കിയപ്പൊ കാക്കകൾ ഇലപോലും ബാക്കി വെച്ചിട്ടില്ലായിരുന്നു.അതൊരു മഴകാലമായിരുന്നു.കുടയൊന്നുമില്ലാതെ മഴ നനഞ്ഞ് പുസ്തകം കുപ്പായത്തിനുള്ളിലാക്കി വേഗം നടന്നു.തോണി കടന്നു വേണം വീട്ടിലെത്താൻ.വേദനകൊണ്ട് നടക്കാൻ നല്ല സുഖം.തോണികടവിലെത്തി ഒരുവിധം മറുകരപറ്റി വീട്ടിലേക്ക് ഓടി.അടിയുടെ പാടാരുംകാണരുതല്ലോ.വീട്ടിലെത്തിയപ്പൊ അമ്മേം പെങ്ങളും കട്ടൻ ചായയും വാട്ടപൂള ചുട്ടതും ശർക്കരയും തിന്നുന്നു എന്റെ പങ്ക് ഞാനും തിന്നു.അടിയുടെ പാട് കാണാതിരിക്കാൻ അഴേലുള്ള തോർത്തെടുത്ത് ഉടുത്തു.മഴയാണെങ്കിൽ പെരും മഴയും .വെള്ളം പിടിക്കാൻ കെട്ടിയിരുന്ന ഏത്തതിനടുത്ത് പാത്രം എടുത്ത് വെച്ച് വന്നപ്പോൾ തല നനഞ്ഞു.ഉടുത്തിരുന്ന തോർത്തെടുത്ത് തല തുവർത്തിയപ്പോൾ തുടയിലെ നെടു വരയൻ പാടും,പൊട്ടി ചോരയും നീരും കട്ട പിടിച്ചിരിക്കുന്നത് അമ്മ കണ്ടു.എന്താടാ ഇത്.ഞാൻ പറഞ്ഞു പോരുന്ന വഴിക് പറങ്കിമാവേല് കാല് കൊളുത്തി ആടണ ഒരു ബിക്രസുണ്ട്.അങ്ങനെ ചെയ്തപ്പോൾ കമ്പ് കൊണ്ടതാണെന്ന്..ഇന്നെന്തേ ഉപ്പുമാവില്ലേന് ചോദിച്ചു.അത് കാക്ക കൊത്തിയതുകൊണ്ട് കൊണ്ടുവന്നില്ലാനും പറഞ്ഞു തീർന്നതും കയ്യിലിരുന്ന ചൂല് തല തിരിച്ചു പിടിച്ച് തുടയിൽ അമ്മേടെ അരിശം തീരുവോളം തല്ലി.ഇന്നിനി പട്ടിണി കിടക്കാം എല്ലാത്തിനും എന്നും പറഞ്ഞ് അമ്മ അമ്മയുടെ പാട്ടിനു പോയി.അടിയുടേയും മുറിവിന്റേയും വേദന വല്ലാതെ സങ്കടപെടുത്തി.മഴകാലമായതിനാൽ അച്ഛനും സുഹൃത്തുക്കളും ദൂരെയേതോ സ്ഥലത്ത് കാട്ടിൽ കരിചുടാൻ പോയതായിരുന്നു .പോയിട്ട് മാസമൊന്നു കഴിഞ്ഞു.വേനൽകാലത്ത് വാട്ടി വെക്കണ കപ്പയാണ് അന്നൊക്കെ പ്രധാന ആഹാരം.ഒരു കാന്താരി ചമ്മന്തിയും.ആകെ വറുതിയുടെ നാളുകൾ.സ്കൂളിൽ നിന്നും കൊണ്ടു വരുന്ന ഉപ്പുമാവ് ആണ് ഞങ്ങളുടെ മൂന്നിന്റേം രാത്രി ഭക്ഷണം.
അന്ന് രാത്രി കലശലായ പനി പിടിച്ച് പിച്ചും പേയും പറഞ്ഞു.തല്ലലേ സാറേംന്നും പറഞ്ഞാണ് കരച്ചില്.അമ്മ ചുക്കും കുരുമുളകും ഇട്ട് കാപ്പി ഒണ്ടാക്കി തന്ന് പൊതപ്പിച്ച് കിടത്തി .മഴപെയ്ത് പുര ചോർന്ന്തറയിലാകെവെള്ളമാണ്.ഓലപുരയല്ലേ നല്ലോണം ചോരും മഴപെയ്താൽ ഒരുതുള്ളി പുറത്തു പോവില്ല.
എന്നാലും നനയാതെ അമ്മ ഞങ്ങളെ ചുവരിനരികിലേക്ക് നീക്കി കിടത്തി.
രിവിലേയും നല്ല പനി അമ്മ ധർമ്മാശുപത്രിൽ പോയി മരുന്നും വാങ്ങി വന്നു.മരുന്ന് തന്ന് എന്റടുത്തിരുന്നിട്ട് പറഞ്ഞു.സാരമില്ല അമ്മ അറിയാതെ തല്ലിയതാണ്.ആ മാഷിനെ നല്ല ചീത്ത പറഞ്ഞിട്ടുണ്ട് എന്ന്.രാത്രി എന്റെ കരച്ചിലിനിടയിൽ അമ്മ കേട്ടിരുന്നു ഞാൻ തല്ലലേ സാറേനും പറഞ്ഞ് കരയണത്.ആശുപത്രീടെ അടുത്തു തന്നെയാണ് സ്കൂളും അസബ്ലികഴിഞ്ഞ് അമ്മ സ്കൂളിൽ ചെന്ന് തല്ലിയ സാറിനെ കണ്ട് ചോദിച്ചു.

നാലു ദിവസം സ്കൂളിൽ പോയില്ല.കാലിലെ മുറി പഴുത്തിരിന്നു.അമ്മയുടെ ഒറ്റമൂലി പ്രയോഗംകൊണ്ട് കൊറച്ച് ഉണങ്ങിയിരുന്നു.___________________
#ഫ്ലാഷ്ബാക്ക്
എന്നും അതിരാവിലെ സ്കൂളിലെത്തും ഉപ്പുമാവുണ്ടാക്കണ താത്തക് വെള്ളം കോരികൊടുക്കും,വിറക് കൊണ്ടിട്ടു കൊടുകും .അതിന് അവര് തരുന്ന സ്പെഷ്യൽ ഉപ്പുമാവ് പൊതിയാണ് വീട്ടിൽ കൊണ്ടുവന്ന് രാത്രി ഞങ്ങൾ കഴിച്ച് വിശപ്പകറ്റിയിരുന്നത്. ആ ഉപ്പുമാവ് ആണ് ക്ലാസിലെ വില്ലനെടൂത്ത് തിന്നതും അടികിട്ടിയതും.അതെന്നെ രാത്രി അകുമ്പോഴേക്കും വലഞ്ഞ് നൂല് വരാൻ തുടങ്ങീട്ടുണ്ടാവും.എന്നാലും ചൂടാക്കി കഴിക്കാം.
______________________________________________
പിറ്റെ ആഴ്ചേല് സ്കൂളിൽ ചെന്ന് പതിവുപോലെ താത്തയെ സഹായിച്ചു.താത്ത തന്ന ഉപ്പുമാവ് വാങ്ങിയില്ല.കാര്യം ചോദിച്ചപ്പോൾ മാഷ് തല്ലുംന്നും പറഞ്ഞു.ബെല്ലടിച്ചപ്പോൾ ക്ലാസിൽ കയറി.ഉച്ചക് ഉപ്പുമാവിന് വരിനിക്കാൻ പോവാതെ ക്ലാസിൽ തന്നെയിരുന്നു.അരമണിക്കൂർ കഴിഞ്ഞു കാണും സ്റ്റാഫ് റൂമിൽ നിന്ന് തുളസി ടീച്ചറ് വിളിക്കുന്നു. പേടിച്ചരണ്ട് മൂടുകീറിയ ബട്ടൻസില്ലാത്തട്രൗസർ അരയിൽ വലിച്ച് കുത്തി മെല്ലെ സ്റ്റാഫ് റുമിൽ എത്തി.ടീച്ചർ കാര്യങ്ങൾ ചോദിച്ചു .എന്തിനാണ് സാറ് തല്ലിയതെന്ന് ഞാൻ കാര്യം പറഞ്ഞു.വീട്ടിൽ കൊണ്ടുപൊകാൻ വെച്ചിരുന്ന ഉപ്പുമാവ് നാസർ എടുത്തതുംസാറ് തല്ലിയതും,സാറ് ഉപ്പുമാവ് വലിച്ചറിഞ്ഞതും വിട്ടിലെ അവസ്ഥയുമെല്ലാം പറഞ്ഞ് കഴിഞ്ഞപ്പോൾ ടിച്ചെറെന്നോട് കൈകഴുകി വരാൻ റഞ്ഞു.കാലിലെങ്ങിനെ മുറിവുണ്ടായി എന്ന ചോദ്യത്തിന് അമ്മയോട് പറഞ്ഞ കളവും പറഞ്ഞു.
കൈ കഴുകി വന്ന എന്റെ മുമ്പിൽ ഒരു പൊതി എടുത്ത് വെച്ച്‌ തുറന്നു .അതില് ചോറും മുട്ടപൊരിച്ചതും ചമ്മന്തിയും.എന്നോട് കഴിക്കാൻ പറഞ്ഞു.എന്തോ കഴിക്കാൻ പറ്റണില്ല .സങ്കടം വന്ന് തൊണ്ടയിലൂടെ ഒന്നും പോകാത്ത അവസ്ഥ.കണ്ണിലൂടെ കണ്ണീരും ഒഴുകുണ്ട്.നോക്കിയപ്പൊ ടിച്ചറും കണ്ണീര് തുടക്കുന്നു.ടീച്ചർകും വിശന്നു കാണുമോ കണ്ണീര് വരാൻ.ടിച്ചറോട് പറഞ്ഞ് ഞാനാപൊതി അതുപോലെ പൊതിഞ്ഞെടുത്തു പിന്നെ കഴിച്ചോളാം എന്നു പറഞ്ഞു.എനികത് വീട്ടിൽ കൊണ്ടുപോണം.അതിനാലാണ് കഴികാതെഎടുത്തത്.ഞാനവിടുന്നിറങ്ങുമ്പോൾ ഹെഡ് മാഷ് ദാ മുമ്പിൽ .ഞാൻ പറഞ്ഞതെല്ലാം കേട്ടുകൊണ്ട്.പേടിച്ചരണ്ട് പുറത്തിറങ്ങിയ എന്നെ ചേർത്തുപിടിച്ച് മുടിയിൽ തഴുകി സാരമില്ല പോട്ടേന് പറഞ്ഞു.തുടയിലെ മുറിവിലും പതുകെ തലോടി.കണ്ണ് നിറഞ്ഞോ സാറിന്റെ ഏയ് എനിക് തോനിയതാവാം.പൊതി ക്ലാസിൽ കൊണ്ടുവെച്ച്.അടുത്തുള്ള പറങ്കിചുവട്ടിൽ പൊയിരുന്ന് വാവിട്ട് കരഞ്ഞു.ഒച്ച പുറത്തു വരാതിരിക്കാനായി ഷർട്ടിന്റെ തുമ്പ് വായിലും തിരുകി.
എന്തിനായിരുന്നു അന്ന് ഞാൻ കരഞ്ഞത്.ടിച്ചറിന്റേയും സാറിന്റേയും
സ്നേഹം കണ്ടിട്ടൊ.അതോ വീട്ടിലെ പട്ടിണി ഓർത്തിട്ടൊ.എന്തോ ഇപ്പോഴും അറിയില്ല അത് എന്തിനായിരുന്നൂന്.