The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഒരു ന്യൂഡില്‍സ് ഉണ്ടാക്കിയ കഥ
********************************
ഏഴാം ക്ളാസ്സ് മുതല്‍ എന്‍റെ പഠനം കൊച്ചിയിലെ അതിപ്രശസ്തമായ ഒരു ഗേള്‍സ് ഒണ്‍ലി സ്കൂളില്‍ ആയിരുന്നു.
ക്ളാസ്സ് തുടങ്ങി കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നുണ്ട് ചില സീനിയേഴ്സ് എന്തെല്ലാമോ ഭക്ഷണപദാര്‍ത്ഥങ്ങളുമായി ക്ളാസ്സുകള്‍തോറും കയറി ഇറങ്ങി ടീച്ചര്‍മാര്‍ക്ക് കഴിക്കാന്‍ കൊടുക്കുന്നുണ്ട്.
പാവം ഞങ്ങള്‍ ഗോദ സിനിമയില്‍ പൊറോട്ടയും ബീഫിന്‍റെയും സീനില്‍ കാണുന്നതു പോലെ വെള്ളം ഇറക്കി ഇരിക്കും.
‘ഹും ഒരു നുള്ളെങ്കിലും ഞങ്ങള്‍ക്കും തന്നാല്‍ എന്താ’ എന്ന ചിന്തയോടെ.
ആദ്യം കരുതി വല്ല പണക്കാരു പിള്ളേര് ബര്‍ത്ത്ഡേ സ്പെഷ്യല്‍ വല്ലതും കൊണ്ടു കൊടുക്കുവാണെന്നു.
‘അതിനു നല്ല ചെത്ത് കളര്‍ ഡ്രസ്സ് ഒക്കെ വേണ്ടേ? ഇത് എല്ലാവരും ആ കൂതറ യൂണിഫോം തന്നെ. പിന്നെ എന്താ ഈ കലാപരിപാടി?’
ചിന്തകള്‍ ആമസോണ്‍ കാടുകള്‍ കയറി തുടങ്ങി.
പുതിയ അഡ്മിഷന്‍ ആയിരുന്നതു കൊണ്ട് ഇത് എനിക്ക് ഒരു ഭയങ്കരസംഭവം ആയി തോന്നി.
അടുത്തിരുന്ന കുട്ടിയെ തോണ്ടി വിളിച്ചു ചോദിച്ചു
‘ദേ, ദിദെന്താ പരിപാടി?’
‘സൈലന്‍സ്’
ദേ കിടക്കണു. കാര്യങ്ങള്‍ ചോദിച്ചറിയാനുള്ള തൃഷ്ണ മനസ്സിലാക്കാത്ത ടീച്ചര്‍ വീണ്ടും എന്നെ ചോദ്യങ്ങളുടെ അഗാധഗര്‍ത്തങ്ങളിലേക്ക് തള്ളി ഇട്ടു.
ഒരു ഗാപ്പ് കിട്ടിയപ്പോള്‍ പിന്നെയും തോണ്ടി. (ലതു തന്നെ തൃഷ്ണ തൃഷ്ണ)
അവള്‍ കുമ്പസാരിക്കുന്നതു പോലെ പറഞ്ഞുതന്നു.
‘അതു പത്താം ക്ളാസ്സില്‍ പഠിക്കുന്ന ചേച്ചിമാര്‍ ആണ്. പത്തില്‍ ഒരു കുക്കിങ്ങ് അവര്‍ ഉണ്ട്. അതില്‍ ഉണ്ടാക്കുന്ന വിഭവങ്ങള്‍ ആണ് ടീച്ചര്‍സ്സിനു ടേസ്റ്റ് ചെയ്യാന്‍ കൊടുക്കുന്നത്.’
‘ഐവ. പത്താം ക്ളാസ്സ്. കുക്കിങ്ങ് അവര്‍. പൊളിക്കണം.’
**********************************************
ഒരിക്കല്‍ വീട്ടില്‍ മമ്മിയും ഡാഡിയും ഇല്ലാതിരുന്ന സമയം, അര മണിക്കൂറില്‍ കൂടുതല്‍ വിശന്നിരിക്കുന്ന ശീലം എനിക്കും അനിയനും ഇല്ലാത്തതു കൊണ്ടും വീട്ടില്‍ കൊറിച്ചുകൊണ്ടിരിക്കാന്‍ വേറെ ഒന്നും ഇല്ലാതിരുന്നതു കൊണ്ടും 5 വയസ്സിനു ഇളയതായ അനിയനെ ഹെല്‍പ്പര്‍ ആയി അപ്പോയിന്‍റ് ചെയ്തു അടുക്കളയില്‍ കയറി.
കൈയില്‍ കിട്ടിയ മൈദ എടുത്ത് ഉപ്പും പഞ്ചസാരയും ഒക്കെ ചേര്‍ത്ത് കൊച്ചു കൊച്ചു ഉണ്ടകളാക്കി നല്ല വെളിച്ചെണ്ണയില്‍ ഇട്ടങ്ങു വറുത്തു കോരി.
ഫൈസ്റ്റാര്‍ ഷെഫിനെ പോലുള്ള എന്‍റെ മുഖഭാവം ഒക്കെ കണ്ടപ്പോള്‍ പാവം അനിയനും ഒരുപാടു പ്രതീക്ഷ ഉണ്ടായിരുന്നു.
ഒരു ബിരിയാണി ഉണ്ടാക്കുന്ന ഭാവത്തില്‍ നിന്ന എന്‍റെയും അവന്‍റെയും മുഖത്തേക്ക് പെട്ടെന്നാണ് മൈദബോള്‍സ് പൊട്ടിത്തെറിച്ചു മുഖത്തക്ക് വീണത്.
എന്താ സംഭവിച്ചേന്ന് പോലും മനസ്സിലാക്കുന്നതിനു മുന്‍പ് രണ്ടേണ്ണവും കൂടി മുഖവും പൊത്തിപിടിച്ചു ഓടി. കുറച്ചുനാള്‍ എടുത്തു ആ പാടുകള്‍ ഒക്കെ മുഖത്തു നിന്ന് പോകാന്‍.
അതിന് ശേഷം അടുക്കളയുടെ ഏഴയലത്തു കയറിയാല്‍ മമ്മി മുട്ടുകാല്‍ തല്ലി ഒടിക്കും എന്നു പറഞ്ഞു.
തല്ലുകൊള്ളിത്തരം കാട്ടുമ്പോള്‍ ഓടി രക്ഷപെടാന്‍ മുട്ടുകാല്‍ വളരെ ആവശ്യമായതു കൊണ്ട് ഞാനും ആ ശ്രമം വേണ്ടെന്നു വച്ചു.
**********************************************
എന്തായാലും എന്‍റെ കുക്കിങ്ങ് സ്കില്‍സ് പുറത്തെടുക്കാന്‍ ഇങ്ങനെ ഒരു അവസരം കിട്ടുമെന്നതിന്‍റെ സന്തോഷത്തില്‍ കാത്തിരുന്നു. ‘അങ്ങനെ എങ്കിലും ഞാന്‍ ഒരു സംഭവം ആണെന്നു നാലാള്‍ അറിയട്ടേന്നേ!’
**********************************************
അങ്ങനെ ആറ്റു നോറ്റിരുന്നു പത്താം ക്ളാസ്സ് എത്തി. ടൈംടേബിളില്‍ കുക്കിങ്ങ് അവര്‍ ഉണ്ടെങ്കിലും ഇതു വരെ അങ്ങനെ ഒരു അവര്‍ ഉള്ളതു ടീച്ചര്‍മാര്‍ മറന്നു പോയീന്നു തോന്നി.
‘ഇനി അര്‍ത്ഥം മനസ്സിലാകാങ്ങിട്ടാകുവോ?’
സകല ടീച്ചര്‍മാര്‍ക്കും ക്ളാസ്സ് എടുക്കാന്‍ ആവശ്യത്തിനു സമയം കൊടുത്തിട്ടും ഏതെലും ഒരെണ്ണം കയറി വരും കുക്കിങ്ങ് അവറില്‍ ക്ളാസ്സ് എടുക്കാന്‍.
‘ഈശ്വരാ, എന്‍റെ പാചകവൈദഗ്ധ്യം ഈ പുസ്തകങ്ങളില്‍ തീരുമോ?’
**********************************************
‘ഈ ആഴ്ച്ച നിങ്ങള്‍ക്കു കുക്കിങ്ങ് അവര്‍ ഉണ്ടാകും’
ടീച്ചറുടെ വായില്‍ നിന്നു വീണ ആ മൊഴിമുത്തുകള്‍ മനസ്സുനിറച്ചു.
‘യൂറേക്കാ’
ആര്‍ക്കമഡീസ്സിനെ പോലെ ഒന്നു തുള്ളിച്ചാടി ഓടണം എന്നു തോന്നി.
12 പേരുടെ ഗ്രൂപ്പ് ആക്കി തിരിച്ചു ആ ഗ്രൂപ്പില്‍ ഉള്ളവര്‍ ഒരുമിച്ചാണു കുക്ക് ചെയ്യണ്ടത്. ദൈവാനുഗ്രഹംകൊണ്ട് ഞങ്ങളുടെ ഗ്രൂപ്പിലെ 12 എണ്ണവും അടുക്കളയുടെ ഏഴയലത്ത് ചെന്നിട്ടില്ലാത്തവര്‍.
അറിയാത്ത കാര്യങ്ങള്‍ക്ക് നേതൃത്വം ഏറ്റെടുക്കുന്നത് പണ്ടേ എന്‍റെ ശീലം ആയതു കൊണ്ട് ഞാന്‍ അതങ്ങ് ഏറ്റെടുത്തു.
‘ഹോ, ഞാന്‍ ഇതു തകര്‍ക്കും.’
പല വിഭവങ്ങളും ചിന്തിച്ചെങ്കിലും മാഗിയുടെ പരസ്യം കേട്ട് 2 മിനിറ്റ് കൊണ്ട് തകര്‍ക്കാല്ലോ എന്നു കരുതി വെജിറ്റബിള്‍ ന്യൂടില്‍സില്‍ ഒരു പിടി പിടിക്കാന്‍ തീരുമാനിച്ചു.
**********************************************
ഒടുവില്‍ കാത്തു കാത്തിരുന്ന ദിവസം വന്നെത്തി.
മമ്മിയുടെ കൈയില്‍ നിന്നു എഴുതി വാങ്ങിയ റെസിപ്പി പോക്കറ്റില്‍ തിരുകി കേറ്റി ഒരുവിധം ഉച്ചയാക്കി എടുത്ത്.
ഉച്ച കഴിഞ്ഞാണ് ആ സമയം.
**********************************************
ഒരു സൈഡില്‍ പച്ചകറി അരിയാന്‍ ആളെ നിര്‍ത്തി. ഒരു സൈഡില്‍ സ്റ്റൗവില്‍ വെള്ളം തിളപ്പിച്ചു കൊണ്ട് കുറച്ചു പേര്‍.
‘നന്നായി തിള വന്നിട്ട് ന്യൂഡില്‍സ് അതിലേക്ക് ഇടണേ.’
നിര്‍ദ്ദേശങ്ങള്‍ എല്ലാവര്‍ക്കും കൊടുത്ത് ഞാന്‍ ഫ്രൂട്ട് കാര്‍വിങ്ങില്‍ ഏര്‍പ്പെട്ടു. അവസാനം ഡെക്കറേറ്റ് ചെയ്തു വേണ്ടേ കൊടുക്കാന്‍.
‘എടാ ദിപി…. അതേ വെള്ളം തിളച്ചിട്ടാണോ അല്ലേല്‍ അതിനു മുന്‍പാണോ ന്യൂഡില്‍സ് ഇടണ്ടേ…?’
‘തിളച്ചിട്ട്… എന്തേ?’
‘അതേ, ഞങ്ങള്‍ അത് തിളക്കുന്നതിനു മുന്‍പേ അങ്ങ് ഇട്ട് ഇളക്കി. ഇപ്പോള്‍ ആകെ കുഴഞ്ഞതു പോലെ…’
‘ഈശ്വരാ… എന്‍റെ സ്വപ്നങ്ങള്‍… എന്‍റെ വര്‍ഷങ്ങളുടെ കാത്തിരിപ്പു… എല്ലാം തുലഞ്ഞല്ലോ…!!!’
ചട്ടിയില്‍ കിടന്നു എന്നെ നോക്കി ക്ഷീണിച്ചു ചിരിക്കുന്ന ന്യൂഡില്‍സിനെ നോക്കി ഞാന്‍ നെടുവീര്‍പ്പിട്ടു.
എന്തായാലും കുളമായി. ഇനി ഇപ്പോള്‍ സര്‍വ് ചെയ്യാതെ പറ്റില്ലല്ലോ.
മാക്സിമം നന്നായി അലങ്കോലപണികള്‍ ഒക്കെ ചെയ്തു ടീച്ചര്‍മാരുടെ മുന്‍പില്‍ ചെന്നു.
പ്ളേറ്റിലേക്കും ഞങ്ങളുടെ മുഖത്തേക്കും മാറി മാറി നോക്കിയിട്ടു ടീച്ചര്‍ ചോദിച്ചു.
‘ഇതെന്താ സാധനം…??’
‘മിസ്സ്… ഇതിന്‍റെ പേരാണ് ചൈനീസ് ചിനാബ്… ഒരു ഇന്‍ഡൊ ചൈനീസ് കൊളാബുറേഷന്‍ ഡിഷ് ആണ്…’
ഒരു സംശയത്തോടെ ടേസ്റ്റ് ചെയ്തു നോക്കിയിട്ടു ടീച്ചര്‍ പറഞ്ഞു.
‘ഹും കൊള്ളാം… നന്നായിട്ടുണ്ട് റെസിപ്പി തരണേ…’
കരയണോ ചിരിക്കണോ എന്നറിയാതെ ടീച്ചറിന് ഈ റെസിപ്പിയുടെ കാര്യം ഓര്‍മ്മ വരല്ലേ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ടു ഞങ്ങള്‍ ക്ളാസ്സിലേക്ക് തിരിച്ചു ഓടി…
രചന: ദിപി ഡിജു
[ഇതും റിയല്‍ സ്റ്റോറി ആണു കേട്ടോ… അഭിപ്രായം പറയണേ…]