പിറന്ന ഏതൊരുവളുടേം കടമയല്ല്യേ…

ഭൂമിക
*******
‘ഇല്ല്യാ… ആരൊക്കെ എന്തെല്ലാം പറഞ്ഞാലും ഞാന്‍ ആ തീയില്‍ ചാടി ആത്മാഹുതി ചെയ്യില്ല്യാ… അതുറപ്പാണ്…’

‘എന്താ കുട്ട്യേ നീ പറയണേ… താലി ചാര്‍ത്തിയ പുരുഷന്‍ മരണമടഞ്ഞാല്‍, ആ ദേഹം എരിഞ്ഞടങ്ങുന്ന തീയില്‍ തന്നെ ചാടി ആത്മാഹുതി അനുഷ്ഠിക്ക്യ എന്നത് സ്ത്രീയായി പിറന്ന ഏതൊരുവളുടേം കടമയല്ല്യേ… അതൊരു പുണ്യമല്ലേ…???’

താലി കെട്ട് കല്ല്യാണം കഴിഞ്ഞ് കുട്ടിമാളുവുമായി വീട്ടിലേയ്ക്ക് പോകും വഴിയാണ് കുഞ്ഞനന്തന് വിഷം തീണ്ടിയത്. മുപ്പത്തെട്ടുകാരനായ കുഞ്ഞനന്തനില്‍ നിന്ന് പുടവ സ്വീകരിക്കുമ്പോള്‍ കുട്ടിമാളുവിന് പ്രായം പതിനാല് മാത്രം.

‘അദ്ദേഹത്തിന്‍റെ ആദ്യഭാര്യ മരിച്ചപ്പോള്‍ അദ്ദേഹം ന്നെ വേളി കഴിക്കേല്ല്യേ ചെയ്തേ…??? ആ തീയില്‍ ചാടി ചത്തില്ല്യാല്ലോ… പിന്നെ ഞാന്‍ മാത്രം എന്തിനാ…???’

സതി അനുഷ്ഠിക്കാനായുള്ള ഒരുക്കങ്ങള്‍ക്കായി വന്ന സ്ത്രീകളുടെ നേരെ കുട്ടിമാളു കയര്‍ത്തു. ഇതെല്ലാം കേട്ടുകൊണ്ടാണ് സാവിത്രിയമ്മ അകത്തളത്തിലേയ്ക്ക് കയറിയത്.

‘ശിവ… ശിവ… ഇതെന്തൊക്ക്യാ ഈ കുട്ടി പറയണേ… ആണുങ്ങള്‍ ആരേലും അങ്ങനെ ചെയ്യോ…??? പാതിവൃത്യം എന്നത് സ്ത്രീയുടെ ചാരിത്രശുദ്ധി അല്ലേ കാട്ടണേ…???’

‘അതെന്താ…??? വൃത്യവും ശുദ്ധിയുമൊക്കെ സ്ത്രീയ്ക്ക് മാത്രമുള്ളുവോ…??? പുരുഷനില്ല്യാത്തതെന്താ…??? ഒരു താലി കഴുത്തില്‍ ചാര്‍ത്തി എന്നതിനപ്പുറം എന്തു ബന്ധമാണ് അദ്ദേഹവുമായി എനിക്കുള്ളത്…???’

‘കുട്ടിമാളൂ… നീ മുതിര്‍ന്നോരു പറയണതങ്ങട് കേട്ടാല്‍ മതി…’

‘കുട്ടിമാളു പറഞ്ഞതില്‍ എന്താ തെറ്റ്…??? നിയമങ്ങള്‍ സ്ത്രീയ്ക്കും പുരുഷനും ഒരു പോലെ വേണ്ടേ…???’

അനന്ദുവിന്‍റെ ശബ്ദം കേട്ട് സ്ത്രീകള്‍ മൂക്കത്ത് വിരല്‍ വച്ചു. കുഞ്ഞനന്തന്‍റെ ഇളയസഹോദരന്‍ ആണ് അനന്ദു. മികച്ച പ്രസംഗങ്ങളിലൂടെ ആളുകളെ കൈയ്യിലെടുക്കുന്ന അവന്‍ പക്ഷെ തറവാട്ടില്‍ അധികപ്രസംഗിയായിരുന്നു. അവന്‍റെ പുരോഗമന ചിന്തകള്‍ ആര്‍ക്കും അംഗീകരിക്കാനും സാധിക്കില്ലായിരുന്നു.

‘അനന്ദൂനെ ഇവിടെ ആരും ക്ഷണിച്ചില്ല്യാല്ലോ… അകത്തളത്തില്‍ വേണ്ട… അതിനിവിടെ കാരണവന്മാര്‍ ഉണ്ട്… കുട്ടിക്ക് മനസ്സിലായില്ല്യാ എന്നുണ്ടോ…???’

‘മനസ്സിലാവണില്ല്യാ ഓപ്പോളേ… അനന്ദൂന് ഇവിടെ നടക്കുന്ന ഈ വേണ്ടാതീനങ്ങള്‍ ഒന്നുമങ്ങട് മനസ്സിലാവണില്ല്യാ… ഈ ചെറുപ്രായത്തില്‍ കുട്ടിമാളുവിനെ കൊലയ്ക്ക് കൊടുക്കാന്‍ ഞാന്‍ സമ്മതിക്കില്ല്യാ… നല്ലൊരു ബന്ധം കണ്ടെത്തി അവള്‍ടെ വേളി നടത്തി കൊടുക്കാ… അതാകും ഏറ്റവും ഉചിതമായ തീരുമാനം…’

‘എന്താ ഈ കുട്ടി പറയണേ… ശിവ ശിവ… വിധവയായ പെണ്ണിനെ വേളി കഴിപ്പിക്ക്യേ… ദൈവദോഷം… അങ്ങനൊരുവളെ സ്വന്തമാക്കുന്നോന്‍റെ കുടുംബം മുടിഞ്ഞു പോകുംന്ന് അറിയില്ല്യാന്നുണ്ടോ അനന്ദുവിന്… അതും കെട്ടിയവന്‍ ചത്തു മലന്നു കിടക്കുന്ന ഈ അവസരത്തില്‍ തന്നെ വേണോല്ല്യേ നിന്‍റെ കവലപ്രസംഗം…???’

‘ഓപ്പോളേ… തോന്ന്യാസങ്ങള്‍ കാട്ടി കൂട്ടി അതിന് ദൈവകോപം ഉണ്ടാകും എന്നൊരു മുടന്തന്‍ ന്യായം പറയുന്നതില്‍ ഒരു കാര്യവും ഇല്ല്യാ…’

‘അനന്ദൂ… കുട്ടി ഇവിടുന്നു പോകാന്‍ നോക്കൂ… ചുമ്മാ ഓരോ അസംബന്ധങ്ങള്‍ പറയാതെ…’

‘പോകാം… പോകുമ്പോള്‍ എന്‍റെ ഇടം കൈയ്യില്‍ കുട്ടിമാളുവിന്‍റെ വലംകൈ ഉണ്ടാകും… ഏടത്തിയമ്മ എന്ന സ്ഥാനം തന്നെ നല്‍കി ഈ അനന്ദു ഒരുക്കി നല്‍കും ഒരു നല്ല ജീവിതം… ഒപ്പം വിദ്യാഭ്യാസവും ഒരു തൊഴിലും…’

കുട്ടിമാളുവിന്‍റെ കൈ പിടിച്ചു അനന്ദു പുറത്തേയ്ക്ക് നടക്കുമ്പോള്‍ നവോത്ഥാനത്തിന്‍റെ കാഹളം മുഴക്കും പോലെ മാനത്തു നിന്ന് മഴയും കാറ്റിനും അകമ്പടിയേകി ഇടിനാദം മുഴങ്ങികേട്ടു. ഭൂമീദേവി അവര്‍ക്ക് നന്‍മകള്‍ നേര്‍ന്നു പുഞ്ചിരി തൂകി.

രചന: ദിപി ഡിജു

[കേരളത്തില്‍ നിലനിന്നിരുന്നില്ല സതി എന്ന അനാചാരം… തികച്ചും സാങ്കല്‍പ്പികമാണ് ഈ കഥാസാഹചര്യങ്ങള്‍… എന്നിരുന്നാലും, ചിലപ്പോഴെങ്കിലും ഇതു പോലെ ഇന്നും നിലനില്‍ക്കുന്ന അനാചാരങ്ങള്‍ക്ക് കൂട്ടുപിടിക്കുന്നത് കപടസദാചാരങ്ങളെയാണ് എന്നത് പ്രസക്തം…]

Leave a Reply