ഒരിക്കലും ജിതേഷേട്ടനിൽ നിന്നും

“രേഷ്മേ… ഇന്ന് രാത്രി അവനുറങ്ങിയ ശേഷം ഞാനങ്ങോട്ട് വരട്ടെ?”

“എന്താ എന്താ പറഞ്ഞത്….” ജിതേഷേട്ടന്റെ ചോദ്യം കേട്ടപ്പോൾ ഞാൻ ആകെ വിയർത്തു..

“എന്താ രേഷ്മേ ഒന്നുമറിയാത്ത പോലെ…” ജിതിഷേട്ടന്റെ പതിഞ്ഞ ചിരി ഫോണിലൂടെ കേട്ടു..

ഒരിക്കലും ജിതേഷേട്ടനിൽ നിന്നും പ്രതീക്ഷിക്കാത്ത ആ ചോദ്യം വന്നപ്പോൾ എനിക്ക് അമ്പരപ്പായിരുന്നു..തിരിച്ചൊന്നും പറയാനാവാതെ ഞാൻ ഫോൺ കട്ട് ചെയ്തു..

വിയർപ്പു പൊടിഞ്ഞ നെറ്റിയും കഴുത്തും സാരിത്തലപ്പു കൊണ്ട് തുടച്ചു.

അപ്പോഴേക്കും വീണ്ടും ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി. ജിതേഷേട്ടന്റെ കോൾ എന്നു കണ്ടപ്പോൾ ഞാൻ ഫോൺ സ്വിച്ചോഫ് ചെയ്തു വെച്ചു.

ഈശ്വരാ.. ശരത്തേട്ടന്റെ സുഹൃത്തായിട്ടല്ലാതെ ഞാൻ ഒരിക്കലും ആ മനുഷ്യനെ കണ്ടിട്ടില്ല… ശരത്തേട്ടനും നല്ലതു മാത്രമേ ജിതേഷേട്ടനെ കുറിച്ചു പറഞ്ഞിട്ടുള്ളൂ.. അതുകൊണ്ടാണ് ശരത്തേട്ടനു വയ്യാത്തയപ്പോൾ ജിതേഷേട്ടന്റെ സഹായങ്ങൾ സ്വീകരിച്ചത്. പക്ഷെ ഒരിക്കലും എന്നോട് ഇങ്ങനെയൊരു സമീപനം ഞാൻ പ്രതീക്ഷിച്ചില്ല…ഒന്നുമല്ലെങ്കിലും ഞാൻ ആത്മാർത്ഥ സുഹൃത്തിന്റെ ഭാര്യയല്ലേ.. അതെങ്കിലും ചിന്തിച്ചുകൂടെ. ഇപ്പോഴെങ്കിലും സ്വഭാവം തിരിച്ചറിയാൻ സാധിച്ചത് ഭാഗ്യം..വേണ്ട ഇനി അയാളുമായി യാതൊരു ബന്ധവും വേണ്ട..

ഞാൻ അടുക്കളയിലേക്കു ചെന്നു പാത്രത്തിൽ കഞ്ഞിയുമെടുത്തു ശരത്തേട്ടന്റെ കട്ടിലിനരികിലേക്കു ചെന്നു. ഏട്ടനെ എണീപ്പിച്ചു കട്ടിലിൽ ചാരിയിരുത്തി ഓരോ സ്പൂണായി കഞ്ഞി കോരിയെടുത്തു വായിലേക്ക് വെച്ചു കൊടുത്തു. പാത്രത്തിലേക്ക് വായും കഴുകിപ്പിച്ചു ചുണ്ടും തുടപ്പിച്ച ശേഷം ഏട്ടനെ പുതച്ചു കിടത്തി.

ഉണ്ണിക്കുട്ടൻ നേരത്തെ ഉറങ്ങിയിട്ടുണ്ട്. അവനെ ഒന്നുകൂടി നോക്കിയ ശേഷം അടുക്കളയും തുടച്ചു ഞാനും ഏട്ടന്റെ അരികിൽ ചെന്നു കിടന്നു. തീരെ വിശപ്പ് തോന്നിയില്ല. ഉറക്കവും വന്നില്ല. മനസിൽ മൊത്തം ജിതേഷേട്ടൻ ചോദിച്ച ചോദ്യമായിരുന്നു.

ഏഴു വർഷം മുമ്പ് എല്ലാവരെയും എതിർത്തു ശരത്തേട്ടന്റെ കൂടെ ഇറങ്ങിപ്പോരുമ്പോൾ സങ്കടമൊന്നും തോന്നിയില്ല. സ്നേഹിച്ചവന്റെ കൂടെ തന്നെ ഒന്നിച്ചു ജീവിക്കാൻ സാധിക്കുമല്ലോ എന്ന സന്തോഷം മാത്രമായിരുന്നു. തറവാടിന്റെ മാനം കെടുത്തിയവൾ ആയതുകൊണ്ട് അച്ഛനും അച്ഛന്റെ രണ്ടാം ഭാര്യയും എന്നെ പിന്നെ തിരിഞ്ഞു നോക്കിയില്ല. മകനെ വശീകരിച്ചു കൊണ്ടുപോയവൾ എന്ന പേരു ചാർത്തിത്തന്നു ശരത്തേട്ടന്റെ വീട്ടുകാരും ഞങ്ങളെ അകറ്റി നിർത്തി.

പക്ഷെ എല്ലാവരുടെയും സ്നേഹം ശരത്തേട്ടൻ എനിക്ക് ഒറ്റയ്ക്ക് തന്നു. ആ സ്നേഹത്തിനു മുന്നിൽ ഞാൻ മറ്റെല്ലാം മറന്നു. ഞങ്ങളെ സ്നേഹിക്കാൻ ഉണ്ണിക്കുട്ടൻ കൂടി വന്നതോടെ ഞങ്ങൾക്ക് ജീവിതം സ്വർഗ്ഗമായി.

പക്ഷെ ആറുമാസം മുമ്പു വർക്ക് സൈറ്റിൽ ഉണ്ടായ ഒരു അപകടത്തിൽ ശരത്തേട്ടനു കാര്യമായി പരിക്കുപറ്റി. ശരത്തേട്ടനു എണീറ്റു നടക്കാനും ജോലിക്കു പോകാനും കഴിയാത്ത അവസ്ഥയിൽ ഞങ്ങൾക്ക് സഹായമായി നിന്നത് ഏട്ടന്റെ ആത്മാർത്ഥ സുഹൃത്തും കൂടെ ജോലി ചെയ്യുന്നതുമായ ജിതേഷേട്ടനായിരുന്നു.

കുടുംബക്കാർ പോലും ഉപേക്ഷിച്ച ഞങ്ങൾക്ക് ജിതേഷേട്ടന്റെ സഹായം വലിയൊരു ആശ്വാസമായിരുന്നു. വിശ്വസിച്ചു ചെല്ലാൻ മറ്റാരും ഇല്ലാത്തത് കൊണ്ട് ശരത്തേട്ടനെ ആശുപത്രിയിൽ കൊണ്ടുപോകാനും മറ്റെല്ലാ സഹായത്തിനും ഞാനും അയാളെ ആശ്രയിച്ചു..

ചികിത്സ വഴിമുട്ടി നിന്നപ്പോൾ സാമ്പത്തികമായും ഞങ്ങളെ സഹായിച്ചു. ഒന്നാമത്തെ ലോണും കടവുമൊക്കെ ഉള്ളതിനാൽ ആ സമയത്തു അതു സ്വീകരിക്കുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു. പക്ഷെ ഒരിക്കലും ജിതേഷേട്ടനിൽ എന്നോട് ഇങ്ങനെയൊരു ചിന്തയുണ്ടെന്നു ഞാൻ കരുതിയില്ല..

ഓരോന്നാലോചിച്ചു എപ്പോഴോ ഉറങ്ങിപ്പോയി. പിറ്റേന്ന് ഞായറാഴ്ച ആയതുകൊണ്ട് ജോലിക്കു പോകണ്ടല്ലോ.. അതുകൊണ്ടു വൈകിയാണ് എഴുന്നേറ്റത്. അല്ലെങ്കിൽ നേരത്തെ എണീറ്റു വീട്ടുജോലികളും നോക്കി എട്ടനെ തുടച്ചു, ഭക്ഷണവും കഴിപ്പിച്ചു ഉണ്ണിക്കുട്ടനെ പ്ലെ സ്കൂളിലും ആക്കിയിട്ടാണ് പോകുന്നത്.

തുടരെ വിളിച്ചിട്ടും ഞാൻ ഫോൺ എടുക്കാത്തത് കൊണ്ടാവും ജിതേഷേട്ടൻ അന്ന് വീട്ടിലേക്കു വന്നു. അയാളുടെ ശബ്ദം കേട്ടതും ഞാൻ മുറിയിലേക്ക് ചെല്ലാതെ അടുക്കളയിൽ തന്നെ നിന്നു.

“രേഷ്മേ… ജിതേഷിനു ചായ എടുക്ക്” ഏട്ടൻ വിളിച്ചു പറഞ്ഞപ്പോൾ എനിക്കങ്ങോട്ടു ചെല്ലാതിരിക്കാൻ സാധിച്ചില്ല. അയാൾക്ക്‌ മുഖം കൊടുക്കാതെ ഞാൻ വേഗം ചായയും മേശയിൽ വെച്ചിട്ട് അടുക്കളയിലേക്കു തന്നെ ചെന്നു.

കുറച്ചു കഴിഞ്ഞപ്പോൾ അയാൾ അടുക്കളയിലേക്കു കയറി വന്നു. മുൻപൊക്കെ അങ്ങനെ വന്നു എന്നെ ബുദ്ധിമുട്ടിക്കാതെ വെള്ളമൊക്കെ എടുക്കുമ്പോൾ എനിക്ക് പ്രത്യേകിച്ചു ഒന്നും തോന്നിയിരുന്നില്ല. പക്ഷെ ഇന്നെന്നിൽ ഭയമുണ്ടായി.

“നീയെന്താ രേഷ്മേ ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കാത്തത്‌?”

ഞാൻ ഒന്നും മിണ്ടാതെ കത്തുന്നൊരു നോട്ടം അയാളിലേക്കു അയച്ചു.

“ഹാ..ഇങ്ങനെ നോക്കല്ലേ പെണ്ണേ… നിന്റെ കണ്ണുകൾ എന്നെ വല്ലാതെ ആകർഷിക്കുന്നു”

“നിങ്ങളുടെ കൂട്ടുകാരന്റെ ഭാര്യയാണ് ഞാൻ.. അതോർമ്മ വേണം..”

“അതൊന്നും മറന്നിട്ടില്ല.. അവനിതൊന്നും അറിയാനും പോകുന്നില്ല.. അല്ലേലും നിന്നെപോലൊരു സുന്ദരിയായ, യൗവനം തുളുമ്പുന്ന ഒരു പെണ്ണ് എല്ലാ വികാരങ്ങളും അടക്കി എത്രനാൾ നിൽക്കുമെന്നാ.. എനിക്ക് നിന്നെ മനസിലാകും…”

“ഛേ…”

“നീയിങ് വന്നേ…” അയാളെന്റെ കൈയിൽ കയറി പിടിച്ചു..

“വിടെന്നെ”

“കിടന്നു പിടയ്ക്കാതെ.. എന്നെ മോഹിപ്പിച്ചിട്ടു നീ അങ്ങനെ പോകാമെന്ന് കരുതണ്ട”

“മോഹിപ്പിച്ചോ… ഞാനോ… ദൈവത്തിനു നിരക്കാത്തത് പറയരുത്..” ശരത്തേട്ടൻ ഒന്നും കേൾക്കാതിരിക്കാൻ ഞാൻ വളരെ പതിയെയാണ് സംസാരിച്ചത്.

“പറയില്ല…ഇനിയൊന്നും പറയില്ല… ഞാനാഗ്രഹിച്ചു പോയി.. നീയിങ്ങുവന്നെ..”

“വിടെന്നെ… ” അയാളെന്നെ കൂടുതൽ വലിച്ചടിപ്പിച്ചു.

അപ്പോളേക്കും എന്റെ സർവ്വ നിയന്ത്രണങ്ങളും നഷ്ടമായിരുന്നു.

അയാളെ തള്ളിമാറ്റി ഞാൻ അയാളുടെ കരണം നോക്കിയൊന്നു പൊട്ടിച്ചു .

“നീയെന്താടാ പട്ടി വിചാരിച്ചത്. പുരുഷന്റെ സുഖം കിട്ടാൻ കൊതിച്ചു നിൽക്കുന്നവൾ ആണെന്നോ.. ഇല്ലെടാ.. ഇനി അത്രയും പറ്റാതെ വന്നാൽ ഞാൻ സ്വയം അതങ്ങു തീർക്കും ..അല്ലാതെ എന്റെ ഭർത്താവിനെയല്ലാതെ നിന്നെപ്പോലെ ഉള്ള ഒരു മൃഗങ്ങളെയും ഞാൻ എന്റെ പരിസരത്തു അടുപ്പിക്കില്ല..”

“ഒരു ശീലാവതി.. എന്റെ കാശും വാങ്ങി നക്കി, എന്റെ സഹായവും സ്വീകരിച്ചിട്ടു ഇപ്പൊ നിനക്കെന്നെ വേണ്ട അല്ലെ… വെറുതെ വിടില്ലെടി… നീ ചെവിയിൽ നുള്ളിക്കോ..”

അതും പറഞ്ഞു അയാൾ ഇറങ്ങിപ്പോയി. തകർന്ന മനസുമായി ഞാൻ ആ നിലത്തിരുന്നു കരഞ്ഞു.

മുഖവും കഴുകി ഭക്ഷണവുമായി ഏട്ടന്റെ അടുത്തു ചെല്ലുമ്പോൾ ഏട്ടൻ മയക്കം പിടിച്ചിരുന്നു. ഉണ്ണിക്കുട്ടൻ അപ്പോഴും ടിവി യുടെ മുന്പിലാണ്.. അവനു കാർട്ടൂണ് ഭ്രാന്താണ്.

ഏട്ടനെ എഴുന്നേൽപ്പിച്ചു ഭക്ഷണം കൊടുത്തു.

“എന്താടോ മുഖത്തിനൊരു വാട്ടം”

“ഒന്നൂല്ലേട്ടാ..” ഏട്ടനോട് എല്ലാം തുറന്നു പറഞ്ഞാലോ എന്നാലോചിച്ചു. പക്ഷെ വയ്യാതെ കിടക്കുന്ന ആ മനുഷ്യന് ഇതു കൂടി കേട്ടാൽ സാധിക്കില്ല. പക്ഷെ ഇനിയും അയാളിൽ നിന്നും ഇങ്ങനൊരു നീക്കം ഉണ്ടായാൽ ഞാൻ പറയുക തന്നെ ചെയ്യും.

“എന്റെ മോൾ ഇപ്പോൾ ഒരുപാട് കഷ്ടപ്പെടുന്നുണ്ടല്ലേ..”

“എന്താ ഏട്ടാ ഈ പറയുന്നത്.. എനിക്ക് വയ്യാതായാൽ ഏട്ടനും എന്നെ ഇതുപോലെ നോക്കില്ലേ… എനിക്കെന്നും ഏട്ടൻ കൂടെയുണ്ടായാൽ മാത്രം മതി.. ഏട്ടന്റെ ഈ സ്നേഹം മാത്രം മതി”

ഞാൻ കുനിഞ്ഞു ഏട്ടന്റെ നെറ്റിയിൽ ചുംബിച്ചു. ഏട്ടന്റെ മുഖത്തു ചിരി പടരുന്നത് കണ്ടപ്പോൾ എനിക്കും സന്തോഷമായി.

പിറ്റേ ദിവസം രാവിലെ എല്ലാ പണികളും തീർത്തു ഉണ്ണിക്കുട്ടനെയും പ്ലെ സ്കൂളിൽ കൊണ്ടുചെന്നാക്കിയ ശേഷം ഞാൻ ഓഫിസിലേക്ക്‌ പോകാനുള്ള ബസ് സ്റ്റോപ്പിലേക്കു നടക്കുകയായിരുന്നു.

പെട്ടന്നാണ് ജിതേഷേട്ടൻ എന്റെ മുന്നിൽ കൊണ്ടുവന്നു കാർ നിർത്തിയത്.

“രേഷ്മേ… ഒന്നു നിന്നേ” ചിരിച്ചുകൊണ്ട് വന്ന അയാളുടെ സംസാരത്തിൽ ഇന്നലെ നടന്നതിന്റെ ഒരു ഭാവ വ്യത്യാസവുമില്ലായിരുന്നു.

എങ്കിലും ഞാനതു ശ്രദ്ധിക്കാതെ മുന്നോട്ടു നടന്നു.

“ഒന്നു നിൽക്കേടി”

അയാളെന്റെ മുന്നിൽ കയറി തടസമായി നിന്നു.

“മാറി നിന്നെ… എനിക്ക് പോകണം..”

“നീ പൊയ്ക്കോ… പക്ഷെ എനിക്ക് ഞാൻ ചോദിച്ചതിന് ഉത്തരം വേണം”

“ഇന്നലെ പറഞ്ഞതല്ലാതെ മറ്റൊന്നും എനിക്ക് പറയാനില്ല. എന്റെ ഭർത്താവിനെ വഞ്ചിക്കാൻ ഞാൻ തയ്യാറല്ല..”

“ഉറപ്പാണോ?”

“അതേ”

പെട്ടെന്നാണ് അയാളുടെ ഭാവം മാറിയത്.

അയാൾ ഓടിച്ചെന്നു കാറിൽ നിന്നും ഒരു കന്നാസ് എടുത്തു കൊണ്ട് വന്നു. അതു തുറന്നെന്റെ ദേഹത്തേക്കോഴിച്ചു.

പെട്രോളിന്റെ മണം എന്റെ മൂക്കിലേക്കു തുളഞ്ഞു കയറി. ഞാൻ ആകെ പരിഭ്രമിച്ചു. ചുറ്റും നോക്കിയിട്ട് അങ്ങിങ്ങായി ചിലർ നിൽക്കുന്നതല്ലാതെ അടുത്തു ആരും ഇല്ലായിരുന്നു.

“എന്നെ പറ്റിച്ചിട്ടു ജീവിക്കാമെന്നു നീ കരുതിയോ?” അതും ചോദിച്ചു ക്രൂരമായി ചിരിച്ചുകൊണ്ട് അയാൾ ലൈറ്റർ തെളിയിച്ചു എന്റെ ദേഹത്തു കൊളുത്തി.

സംഭവിച്ചത് എന്തെന്ന് മനസിലായപ്പോഴേക്കുംഎന്റെ ദേഹത്തു തീ ആളിപ്പടർന്നു കഴിഞ്ഞിരുന്നു. അയാളിൽ അപ്പോഴും ക്രൂരമായ ഒരു ചിരി തെളിഞ്ഞു നിന്നു.

അതു കണ്ടപ്പോൾ ഞാൻ മറ്റൊന്നും നോക്കിയില്ല. തീ പടർന്ന ശരീരവുമായി അയാളെ കെട്ടിപിടിച്ചു. എന്റെ ദേഹത്തെ തീ അയാളിലേക്കും പടർന്നു. അയാളും നിന്നു കത്താൻ തുടങ്ങി .

ഇതുകണ്ട് ആളുകൾ ഓടി കൂടുന്നുണ്ടായിരുന്നു. അയാളെ ആരൊക്കെയോ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്. എൻറെയടുത്തെക്കു തീ കാരണം അടുക്കാൻ ആർക്കും കഴിയില്ലായിരുന്നു.

അപ്പോഴേക്കും എന്റെ ശരീരത്തിൽ നിന്നും മാംസം കരിഞ്ഞു അടർന്നു വീണു തുടങ്ങി. ഞാൻ പൊള്ളലും വേദനയും കൊണ്ടു ഉരുകി. എനിക്ക് വേദന സഹിക്കാൻ കഴിയുന്നില്ലയിരുന്നു. എന്റെ മരണം ഞാൻ തിരിച്ചറിഞ്ഞു. പതിയെ ഞാൻകത്തിയമർന്നു നിലത്തേക്ക് വീണു. അവസാനമായി കണ്ണടയുമ്പോൾ എന്റെ മനസിൽ ശരത്തേട്ടനും ഉണ്ണിക്കുട്ടനും മാത്രമായിരുന്നു.

ഞങ്ങൾക്കിടയിൽ എന്താണ് സംഭഭിച്ചതെന്നു അവിടെ കൂടിയ ആർക്കും അറിയില്ല. പക്ഷെ അവർ സ്വയം കഥകൾ മെനഞ്ഞുണ്ടാക്കും. ഭർത്താവ് തളർന്നു കിടക്കുമ്പോൾ രഹസ്യ ബന്ധത്തിന് പോയവളെന്നു എന്നെക്കുറിച്ചു പറയും.. ഭർത്താവിനെ വഞ്ചിച്ചവളെന്നും, അഭിസാരികയെന്നും വിളിക്കും.. ഞാൻ ചെയ്‌ത തെറ്റിനു എനിക്കിത് കിട്ടിയത് ശെരിയായ ശിക്ഷയാണെന്നു അവർ വിധിക്കും. അവനെ വഞ്ചിച്ചിട്ടല്ലേ അവൻ സഹിക്കാൻ കഴിയാതെ ഇങ്ങനെ ചെയ്തതെന്ന് എന്നെ കത്തിച്ച ആ ക്രൂരനെ ന്യായീകരിക്കും..

ആളുകൾ എന്തും അവരുടെ ഇഷ്ടം പോലെ പറഞ്ഞോട്ടെ.. പക്ഷെ എന്റെ ശരത്തേനും ഉണ്ണിക്കുട്ടനും… അവരെന്നെ വെറുക്കാതിരുന്നാൽ മാത്രം മതി.. ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്നു അവർ മാത്രം തിരിച്ചറിഞ്ഞാൽ മതി.

എന്റെ കിടപ്പുമുറിയിലെ മേശയ്ക്കുള്ളിലെ ഡയറി വായിക്കുമ്പോൾ എന്നെങ്കിലും അവരതു അറിയുക തന്നെ ചെയ്യും…

Rose Mary

Leave a Reply