20/04/2026

ഈ ഭ്രാന്തി പെണ്ണിനെ തന്നെ വേണോ ആദിയേട്ടന്…”

രചന – ഭാവയാമി

🌺നിന്നിലേക്ക്🌺

“ച്ഛേ അമ്മൂത്തിടെ അമ്മ എപ്പോയ വദുന്നേ…”

തന്റെ നെഞ്ചിൽ കിടന്നുകൊണ്ട് രണ്ട് കുഞ്ഞികൈകളും താടിയിൽ വച്ചു ചോദിക്കുന്ന അമ്മു മോളെ കണ്ടപ്പോൾ എന്തുകൊണ്ടോ ആദിത്യന്റെ ഹൃദയം വിങ്ങി…

“അമ്മ പെട്ടെന്ന് വരൂലോ അച്ഛേടെ അമ്മൂട്ടിയെ കാണാൻ…അമ്മ അമ്മൂട്ടിക്ക് പാപ്പം തരും അമ്മൂട്ടിയെ കുളിപ്പിക്കും അമ്മൂട്ടിടെ കൂടെ കളിക്കും…ട്ടോ ”

“ചത്യം…”പീലികൾ നിറഞ്ഞ കണ്ണുകൾ വിടർത്തി ചോദിച്ചപ്പോൾ അയാൾ ഒന്നുകൂടെ ആ കുഞ്ഞിനെ നെഞ്ചോടടക്കി പിടിച്ചു…

“ആട കണ്ണാ ചത്യം..” കുഞ്ഞു നെറ്റിയിൽ ഉമ്മ വച്ചു പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് മുഖം വിടരുന്നതും കുഞ്ഞരി പല്ലുകൾ കാട്ടി ചിരിക്കുന്നതും അയാൾ നോക്കി നിന്നു…
അയാളുടെ കൈ വിടുവിച്ചു നെഞ്ചിൽ കയറി ഇരുന്ന് ആ കുഞ്ഞിപ്പെണ്ണ് അയാളുടെ മുഖം നിറയെ തുരു തുരെ ഉമ്മ വച്ചു..

“നാളെ അങ്കമ്പാദിൽ പോയിട്ടമ്പോ അമ്മൂത്തി കിച്ചൂത്തനോദു പദയൂലോ കിച്ചൂത്തന്റെ അമ്മേ പോലെ എനിച്ചും അമ്മ പാപ്പം വാദിതദുംന്ന്…”അയാളുടെ മീശയിൽ പിടിച്ചു വലിച്ചു കൊണ്ട് കൊഞ്ചലോടെ പറയുന്ന അമ്മുമോളെ കട്ടിലിൽ നെഞ്ചോട് ചേർത്ത് കിടത്തി കുഞ്ഞു മുടിയിലൂടെ വിരലോടിച്ചു…

“നമുക്ക് പറയാം ട്ടോ…ഇപ്പൊ അച്ഛേടെ അമ്മൂത്തി ഒങ്ങിക്കോ…”ഒന്നുകൂടെ നെറ്റിയിൽ ഉമ്മവച്ചു കൊണ്ട് പറഞ്ഞപ്പോൾ അമ്മുമോളും അയാളെ ചുറ്റി പിടിച്ചു കിടന്നു…

അമ്മൂട്ടി ഉറക്കത്തിലേക്ക് വഴുതി വീണപ്പോൾ ആദിത്യന്റെ മനസ്സ് വർഷങ്ങൾ പിറകിലോട്ട് പോവുകയായിരുന്നു…

“ഈ ഭ്രാന്തി പെണ്ണിനെ തന്നെ വേണോ ആദിയേട്ടന്…”
മുഖത്തിൽ ഒരു ഭാവവ്യത്യാസവും ഇല്ലാതെ തന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കുന്ന ദുർഗയെ അമ്പരപ്പോടെ ആദിത്യൻ നോക്കി നിന്നു…

“എനിക്കിനിയും ഭ്രാന്ത്‌ വരും ആദിയേട്ടാ…അങ്ങനെയുള്ള എന്നെ ആദിയേട്ടന് സഹിക്കാൻ പറ്റീന്ന് വരില്ല…”
ദൂരെയെങ്ങോട്ടോ മിഴികളൂന്നി പറയുന്നവളെ ആദിത്യൻ ആദ്യമായി കാണുന്നത് പോലെ നോക്കി…അവളുടെ അങ്ങനെയൊരു മുഖം ആദ്യമായി ആയിരുന്നു അവൻ കണ്ടത്…

“അമ്മ മാത്രേ ഉണ്ടായിരുന്നുള്ളു എനിക്ക്…അമ്മയെന്ന് പറഞ്ഞാൽ വളർത്തമ്മ…”

മൗനം ബേധിച്ചു കൊണ്ട് അവൾ തന്നെ സംസാരിച്ചു തുടങ്ങി…

ആറ് വയസ്സ് വരെ അനാഥാലയത്തിൽ ആയിരുന്നു…ചെറിയ ഓർമ്മകൾ മാത്രേ ഉള്ളു…അമ്മക്കും ആരുമില്ലായിരുന്നു എന്നെ പോലെ…ആ അമ്മ എന്നെ കൂടെ കൂട്ടി…എന്നെ സ്വന്തം മകളായി വളർത്തി…ആരോരുമില്ലാത്ത ഞങ്ങൾക്ക് ആരൊക്കെയോ ഉണ്ടെന്ന തോന്നൽ…എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും…ജീവിതത്തിൽ ആദ്യമായി സന്തോഷം എന്തെന്നറിഞ്ഞ നാളുകൾ…”

ആ ഓർമകളിൽ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

“പക്ഷേ +2വിലെ പരീക്ഷ കഴിഞ്ഞ അന്ന്…”
നൊടിയിടയിൽ കണ്ണുകൾ നിറഞ്ഞൊഴുകി…അവൾ എങ്ങലടിച്ചു കരഞ്ഞു…
കരയരുതെന്ന് പറഞ്ഞു അശ്വസിപ്പിക്കാൻ അവന് തോന്നിയെങ്കിലും ഇതുവരെ മനസ്സിൽ ഒളിപ്പിച്ചു വച്ച സങ്കടം കരഞ്ഞു തീർക്കട്ടെയെന്ന് കരുതി അവൻ അവൾ പറയുന്നതിനായി കാതോർത്തു…

“വീട്ടിലേക്കുള്ള അത്യാവശ്യസാധനങ്ങൾ വാങ്ങി സ്കൂളിന് മുന്നിൽ എന്നെ കാത്തുനിൽക്കുവായിരുന്നു ന്റെ അമ്മ..അമ്മയെ കണ്ടിട്ടും കാണാത്ത പോലെ കൂട്ടുകാരുടെ കൂടെ ഞാൻ റോഡിലേക്ക് ഓടി…ന്റെ പിറകെ തന്നെ അമ്മയും..പക്ഷേ എന്നെ മാത്രം കണ്ട അമ്മ റോഡിലൂടെ വന്ന ബസ് കണ്ടില്ല…”

നിറഞ്ഞു കൊണ്ടിരുന്ന കണ്ണുകൾ അവൾ വീണ്ടും വീണ്ടും അമർത്തി തുടച്ചു…

“ന്റെ കണ്മുന്നിൽ വച്ചാ ന്റെ അമ്മ…ചോര വാർന്നു പിടഞ്ഞു പിടഞ്ഞു…അവസാനം ന്റെ മടിയിൽ കിടന്നു തന്നെ…”
ഒരു പൊട്ടികരച്ചിലോടെ ദുർഗ ആദിത്യന്റെ നെഞ്ചിലേക്ക് വീണു…

“ഞാൻ കാരണാ ന്റെ അമ്മ…ഞാൻ അന്ന് അമ്മയുടെ കൂടെ തന്നെ നിന്നിരുന്നെങ്കിൽ ന്റെ അമ്മ ഇന്നും ന്റെ കൂടെ ഉണ്ടാകുവായിരുന്നു…”

ആദിത്യന്റെ നെഞ്ചിൽ മുഖമുരസി കൊണ്ടവൾ കരഞ്ഞു…
തന്റെ നെഞ്ചിൽ കിടന്നു കണ്ണീർ വാർക്കുന്നവളെ അവൻ മുറുകെ ചേർത്തു പിടിച്ചു…

പെട്ടെന്ന് ഒരു പിടച്ചിലോടെ അവൾ അവനിൽ നിന്ന് അകന്നു മാറി…
മുഖമുയർത്താതെ മറ്റൊരിടത്തേക്ക് ദൃഷ്ടി പായിച്ചു…

“ന്റെ മുന്നിൽ കിടന്നു മരിച്ച അമ്മയുടെ മുഖം…അമ്മ മരിക്കാൻ കാരണം ഞാൻ ആണെന്നുള്ള തോന്നൽ…വീട്ടിൽ ഒറ്റപെട്ട ദിവസങ്ങൾ…അപ്രതീക്ഷിതമായി വീണ്ടും അനാഥത്വം…എല്ലാം കൊണ്ടും ഞാൻ ഭ്രാന്തി ആയി…മുഴു ഭ്രാന്തി…ഒരു വർഷത്തോളം ആശുപത്രിയിൽ…അവിടെ നടന്നതൊന്നും ഇന്നും എനിക്ക് ഓർമ ഇല്ല…ഒടുവിൽ എല്ലാം മാറി വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഭ്രാന്തിപ്പെണ്ണെന്ന് പറഞ്ഞു അകറ്റി നിർത്തി…എല്ലായിടത്തും ആ പേര് മാത്രമായി…
ദുർഗ എന്ന പേര് ഞാൻ പോലും മറന്നു തുടങ്ങി…
ഭ്രാന്തി എന്ന പേര് മാത്രം ചെവിയിൽ മുഴങ്ങി കേട്ടപ്പോൾ വീണ്ടും മനസ്സ് കൈ വിട്ടുപോകുമെന്ന് തോന്നിയപ്പോൾ അവിടം വിട്ടു…
പിന്നീട് പഠിച്ചും അതിനിടയിൽ ജോലി ചെയ്തും 7 വർഷം കൊണ്ട് ദാ ഇവിടെ വരെ എത്തി…”

കണ്ണുകൾ തുടച്ചു ചെറുപുഞ്ചിരിയോടെ മുന്നിലുള്ള LP സ്കൂൾ ചൂണ്ടി കാണിച്ചവൾ പറഞ്ഞപ്പോൾ അവളുടെ ചുണ്ടിലെ പുഞ്ചിരി അവനിലേക്കും പകർന്നു…

“ഇവിടെ ഈ കുട്ട്യോൾടെ കളിയും ചിരിയുമൊക്കെ കാണുമ്പോൾ പഴയതൊക്കെ മറക്കുവാ ഞാൻ…ചിലപ്പോൾ സാഹചര്യങ്ങൾ പ്രതികൂലമായാൽ വീണ്ടും ഞാനൊരു ഭ്രാന്തിയാവാം…വെറുതെ എന്നെ സ്നേഹിച്ച കുറ്റത്തിന് ആദിയേട്ടന്റെ ജീവിതം പാഴാക്കാൻ ഞാൻ സമ്മതിക്കില്ല…”

പ്രതീക്ഷയോടെ അവളെ തന്നെ നോക്കി നിൽക്കുന്ന ആദിത്യനോട് പറഞ്ഞു കൊണ്ട് തെളിച്ചമില്ലാത്ത ഒരു ചിരിയോടെ അവൾ തിരിഞ്ഞു നടന്നു…

കുഞ്ഞു കുട്ടികളോടുള്ള ഇഷ്ടം കൊണ്ടാണ് താൻ ഈ ജോലിയിലേക്ക് തിരിഞ്ഞത്…ജോയിൻ ചെയ്ത് രണ്ട് വർഷത്തിന് ശേഷമാണ് ദുർഗ വരുന്നത്..ചുണ്ടിൽ എന്നും പുഞ്ചിരി ഉണ്ടാകുമെങ്കിലും അവളുടെ കണ്ണിൽ എന്നുമൊരു വിഷാദമായിരുന്നു…
എല്ലാവരോടുമുള്ള അവളുടെ സൗമ്യമായ പെരുമാറ്റം തന്നെയാണ് തന്നെയും അവളിലേക്ക് അടുപ്പിച്ചത്…പതിയെ സൗഹൃദം സ്ഥാപിക്കുകയും അവളുടെ ആദി മാഷ് എന്ന വിളി ആദിയേട്ടനിലേക്ക് മാറുകയും ചെയ്തു…കുറച്ച് കാലങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമായിരുന്നു ഇന്ന് തുറന്നു പറഞ്ഞത്…അത് ഇങ്ങനെ ആയപ്പോൾ ഉള്ള സങ്കടം അമ്മയോട് പറയുകയായിരുന്നു ആദിത്യൻ…

“നിനക്ക് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് അവളെ ഇങ്ങട് കൂട്ടാം മോനേ…നിന്നെ ഇഷ്ടമല്ലെന്ന് ദുർഗ മോള് പറഞ്ഞില്ലല്ലോ…അടുത്ത ഞായറാഴ്ച്ച തന്നെ അവൾ താമസിക്കുന്ന ഹോസ്റ്റലിൽ പോയി സംസാരിക്കാം നമുക്ക്…”
അമ്മയെയും കൂട്ടി അവളുടെ ഹോസ്റ്റലിലേക്ക് തിരിക്കുമ്പോൾ ഹൃദയം അതിവേഗം മിടിക്കുകയായിരുന്നു…ദുർഗ എതിർപ്പ് പറയരുതേ എന്ന ഒരു പ്രാർത്ഥന മാത്രമേ ഇരുവർക്കും ഉണ്ടായിരുന്നുള്ളു…

“ദുർഗ…എനിക്ക് ന്റെ അമ്മ മാത്രേ ഉള്ളു…അമ്മയ്ക്കും ഒത്തിരി ഇഷ്ടാടോ തന്നെ…വന്നൂടെ…ന്റെ കൂടെ…ന്റെ അമ്മയുടെ മകളായിട്ട്…ന്റെ പെണ്ണായിട്ട്…”
കസേരയിലിരുന്നു തന്നെ പ്രതീക്ഷയോടെ നോക്കുന്ന അമ്മയിലേക്കും നിറയാൻ വെമ്പി നിൽക്കുന്ന ആദിത്യന്റെ മിഴികളിലേക്കും നോക്കി ഒരു നിമിഷം ദുർഗ എന്ത് പറയണമെന്നറിയാതെ പതറി…

“ആദിയേട്ടാ…ഭ്രാന്തിയാ ഞാൻ…ഭ്രാന്തി…”
അത് പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ ആദിത്യന്റെ കൈവിരലുകൾ ദുർഗയുടെ ചുണ്ടുകളെ പൊതിഞ്ഞിരുന്നു…

“നിന്റെ കഴിഞ്ഞ കാലം എനിക്ക് പ്രശ്നമല്ല പെണ്ണേ…അതൊരു കഥയായി മാത്രം ഓർത്താൽ മതി നീയും…”

“എനിക്കിനിയും ഭ്രാന്ത് വരും ആദിയേട്ടാ പേടിയാ എനിക്ക്…ആദിയേട്ടന്റെ ജീവിതവും ഞാൻ കാരണം തകരും…വേണ്ട…എനിക്ക് പേടിയാ…”

നിറകണ്ണുകളോടെ..ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ പറയുന്ന ആ പെണ്ണിനോട് അവന് എന്തെന്നില്ലാത്ത വാത്സല്യം തോന്നി…

“ഒന്നും സംഭവിക്കില്ല…ന്റെ ഭ്രാന്ത്‌ നീയാണ്…അതിനേക്കാൾ വലിയ ഭ്രാന്ത് മറ്റൊന്നുമില്ല…”
തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന ദുർഗയോട് പുഞ്ചിരിയോടെ ആദിത്യൻ പറഞ്ഞു…

“എന്നെ ഇഷ്ടമാണോ ദുർഗ തനിക്ക്…അതോ എന്നെ ഒഴിവാക്കാൻ വേണ്ടിയാണോ താൻ ഇങ്ങനൊക്കെ…”
ആദിത്യന്റെ കലങ്ങിയ കണ്ണുകൾ കണ്ടതും മറ്റൊന്നും ചിന്തിക്കാതെ ദുർഗ അവനെ വാരി പുണർന്നു…

“ഇഷ്ടമാണ് എനിക്ക് ന്റെ ആദിയേട്ടനെ…ജീവനാണ് എനിക്ക്…”
അവന്റെ നെഞ്ചിൽ തലചായ്ച്ചു പറഞ്ഞ ദുർഗയുടെ നെറ്റിയിൽ ആദിത്യൻ ചുണ്ടുകൾ ചേർത്തു…

ഒരു ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു…
ഇടയ്ക്ക് അപ്രതീക്ഷിതമായി അമ്മയുടെ മരണം തളർത്തിയെങ്കിലും അമ്മുമോളുടെ വരവോടെ അവർക്കിടയിലേക്ക് പഴയ സന്തോഷം തിരികെ വരികയായിരുന്നു…
പക്ഷേ ആ സന്തോഷത്തിനും അധികം ആയുസ്സില്ലാതെ അവരുടെ ജീവിതത്തിൽ കരി നിഴൽ വീണു…
അമ്മുമോൾക്ക് അഞ്ച് മാസം പ്രായമായപ്പോൾ കുഞ്ഞിനെ ഇറയത്ത് പായ വിരിച്ചു കിടത്തി കളിപ്പിക്കുന്നതിനിടയിൽ അടുക്കളയിലേക്ക് പോയതായിരുന്നു ദുർഗ…തിരികെ വരുമ്പോഴേക്കും കുഞ്ഞിനെ കാണാതായിരുന്നു…
വീണ്ടും ദുർഗ ഒരു ഭ്രാന്തി ആവുകയാണെന്ന് അറിയാതെ ആദിത്യൻ കുഞ്ഞിനെ തിരയുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു…
തന്റെ അമ്മയെ പോലെ നൊന്തു പ്രസവിച്ച കുഞ്ഞും താൻ കാരണം തന്നിൽ നിന്നകന്നു പോയി എന്ന് വിശ്വസിച്ച ദുർഗ ആ നിമിഷം തന്നെ മുഴുഭ്രാന്തിയായി…
അലറി കരഞ്ഞും സ്വയം വേദനിപ്പിച്ചും അമ്മുമോളുടെ കുഞ്ഞുടുപ്പ് നെഞ്ചോട് ചേർത്ത് പിടിച്ചു ആരെയും കാണാൻ കൂട്ടാക്കാതെ ഇരുന്ന ദുർഗയെ ആശുപത്രിയിൽ എത്തിച്ചു ദിവസങ്ങൾക്ക് ശേഷം തന്നെ ടൗണിലുള്ള നാടോടികളുടെ കൈയിൽ നിന്നും അമ്മൂട്ടിയെ കണ്ടെത്തി…
കുഞ്ഞിനേയും കൊണ്ട് ദുർഗയെ കാണാൻ പോയെങ്കിലും
””ന്റെ കുഞ്ഞ് പോയി…ഞാൻ…ഞാനാ…ഞാനാ ന്റെ കുഞ്ഞിനെ കൊണ്ട് കളഞ്ഞേ…””
എന്നുള്ള അവളുടെ നിലവിളികൾ മാത്രമായിരുന്നു അവിടെ ഉയർന്നത്…
നമ്മുടെ കുഞ്ഞാണെന്നും പറഞ്ഞു അമ്മൂട്ടിയെ ദുർഗയെ കാണിച്ചപ്പോൾ ആരാണെന്ന സംശയത്തോടെ അവനെ നോക്കി പിന്നീട് അവനെ തള്ളി മാറ്റി മുടിയിൽ വിരലുകൾ കോർത്തു വലിച്ചു അവൾ അലറി വിളിച്ചു…

പിന്നീട് പലതവണ ഇത് തന്നെ ആവർത്തിച്ചപ്പോൾ തന്റെ കുഞ്ഞിന്റെ മനസ്സിൽ അവളുടെ അമ്മയുടെ മുഖം ഭ്രാന്തിയായി തെളിയാതിരിക്കാൻ ആദിത്യൻ മനഃപൂർവം അമ്മൂട്ടിയെ കൂടെ കൂട്ടാതെ ആശുപത്രിയിൽ പോയി ദുർഗയെ കണ്ടുമടങ്ങി…
അപ്പോഴും ന്റെ കുഞ്ഞ് എന്ന് മാത്രമേ അവളുടെ ചുണ്ടുകൾ മന്ത്രിച്ചുള്ളൂ…
എല്ലാം കഴിഞ്ഞു രണ്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു…

ആദ്യമായാണ് ഇന്ന് അമ്മൂട്ടി അവളുടെ അമ്മയെ കുറിച്ച് ചോദിച്ചത്…
അങ്കണവാടിയിലെ കുട്ടികൾ പറയുന്നത് കൊണ്ടാവാമെന്ന ധാരണയോടെ ഓർമകളെ മായിച്ചു കൊണ്ട് ആദിത്യൻ തന്നെ ചുറ്റിപിടിച്ചുറങ്ങുന്ന അമ്മൂട്ടിയെ ഒന്നുകൂടി ഉമ്മ വച്ചു…

“അമ്മൂട്ടിടെ അമ്മ പെട്ടെന്ന് വരുംട്ടോ…”
ഉറക്കത്തിൽ ചിരിച്ച കുഞ്ഞിന്റെ ചെവിയിൽ പറഞ്ഞു കൊണ്ട് ആദിത്യനും എപ്പോഴോ ഉറങ്ങി…

ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരിക്കെ ആശുപത്രിയിൽ നിന്ന് വന്ന ഫോൺ കാൾ ആയിരുന്നു ആദിത്യനെ ഒരു ദിവസം രാവിലെ ഉണർത്തിയത്…
കണ്ണുകൾ താൻ പോലുമറിയാതെ നിറഞ്ഞൊഴുകുമ്പോൾ ആദിത്യൻ സ്വസ്ഥമായി ഉറങ്ങുന്ന അമ്മൂട്ടിയെ വാരിയെടുത്തു മുഖം നിറയെ മതിവരാത്തത് പോലെ വീണ്ടും വീണ്ടും ചുംബിച്ചു…
ഉറക്കം പോയ വിഷമത്തിൽ കണ്ണ് തിരുമ്മി ചിണുങ്ങി കൊണ്ട് എഴുന്നേറ്റ അമ്മൂട്ടി അച്ഛയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ കുഞ്ഞി ചുണ്ടുകൾ ഒന്നൂടി പിളർത്തി ആദിത്യന്റെ തോളിലേക്ക് ചാഞ്ഞു…

“കയ്യല്ലേ ച്ഛേ…അച്ഛ കഞ്ഞാൽ അമ്മൂത്തിയും കയ്യും…”

തന്റെ കണ്ണുകൾ തുടച്ചു തന്ന് പറയുന്ന അമ്മൂട്ടിയെ ആദിത്യൻ നെഞ്ചോട് ചേർത്തു…

“അച്ഛേടെ അമ്മൂട്ടിക്ക് അമ്മയെ കാണണ്ടേ…”
അമ്മൂട്ടിയുടെ പുറത്ത് തലോടി കൊണ്ട് ആദിത്യൻ ചോദിച്ചപ്പോൾ അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്ന അമ്മൂട്ടി ഞെട്ടി പിടഞ്ഞു എഴുന്നേറ്റു…

“അമ്മ…”കുഞ്ഞികൈകൾ ആദിത്യന്റെ കവിളിൽ ചേർത്ത് അമ്മൂട്ടിയുടെ കുഞ്ഞിച്ചുണ്ടുകൾ അത് ഉരുവിട്ടപ്പോൾ ആദിത്യൻ ആ കുഞ്ഞി കൈയിൽ ചുണ്ട് ചേർത്തു…

“ആട കണ്ണാ…ന്റെ അമ്മൂട്ടിടെ അമ്മ…കാണണ്ടേ അമ്മൂട്ടിക്ക്…”
ആദിത്യന്റെ ചോദ്യത്തിന് തലയാട്ടി കൊണ്ട് വീണ്ടും വീണ്ടും വേണമെന്ന് പറഞ്ഞു കൊണ്ടിരുന്നു അമ്മൂട്ടി…

“അമ്മൂട്ടി ഷീബാന്റിടെ വീട്ടിൽ നല്ല കുട്ടി ആയിട്ട് ഇരിക്കണം ട്ടോ…അച്ഛ അമ്മേം കൂട്ടി പെട്ടെന്ന് വരാവേ…”

അതിനും തലയാട്ടി സമ്മതം മൂളിയ അമ്മൂട്ടിയെ അയൽവീട്ടിൽ ആക്കികൊണ്ട് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു ആദിത്യൻ…
ആശുപത്രിയിൽ നിന്നിറങ്ങി വന്ന ദുർഗ പൊട്ടികരഞ്ഞു കൊണ്ട് ആദിത്യന്റെ നെഞ്ചിലേക്ക് വീണു…

“ഭ്രാന്തിയായി പോയി ആദിയേട്ടാ ഞാൻ…”
തന്റെ നെഞ്ചിൽ തലയിട്ടടിച്ചു പദം പറയുന്നവളെ ആദിത്യൻ മുറുകെ മുറുകെ പുണർന്നു…

അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ച് ആദ്യമായി കാണുന്നത് പോലെ ആദിത്യൻ അവളെ മതിമറന്നു നോക്കി…
“ന്റെ കുഞ്ഞ്…ആദിയേട്ടാ…കാണണം നിക്കെന്റെ മോളെ…”ആദിത്യന്റെ വിരലിൽ വിരലുകൾ ചേർത്ത് ദുർഗ പറഞ്ഞപ്പോൾ അവൻ അവളെ ഒന്നുകൂടെ ചേർത്ത് പിടിച്ചു ചുംബിച്ചു….

ദുർഗയുടെ കൂടെ വീട്ടിലേക്കുള്ള വഴിയേ അമ്മൂട്ടിയുടെ കുറുമ്പുകൾ വാ തോരാതെ പറയുന്ന ആദിത്യനെ കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞു…

അച്ഛയുടെ വണ്ടിയുടെ ശബ്ദം കേട്ട് മുറ്റത്തേക്ക് ഓടി വന്ന അമ്മൂട്ടി കൂടെ ദുർഗയെ കണ്ട് സംശയത്തോടെ ആദിത്യനെ നോക്കി അവന്റെ കൈയിലേക്ക് ചാടി കയറി…

“അമ്മൂട്ടിടെ അമ്മയാ…”

ദുർഗയെ ചേർത്ത് പിടിച്ചു ആദിത്യൻ പറഞ്ഞപ്പോൾ ആ കുഞ്ഞു മുഖം സന്തോഷം കൊണ്ട് വിടർന്നു…പല്ലുകൾ വെളുക്കെ കാട്ടി ചിരിച്ചുകൊണ്ട് ദുർഗയുടെ കവിളിൽ കൈ വച്ചു കൊണ്ട് അവൾ അമ്മേ എന്ന് വിളിച്ചു…

“അമ്മൂട്ടീ…അമ്മേടെ കുഞ്ഞാ…”ആദിത്യന്റെ കൈയിൽ നിന്ന് കുഞ്ഞിനെ എടുത്ത് മുഖം നിറയെ മുത്തങ്ങൾ കൊണ്ട് മൂടുമ്പോൾ സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ ദുർഗയുടെ കണ്ണുകൾ അവൾ പോലുമറിയാതെ നിറഞ്ഞൊഴുകി…

“ശീബാന്റി അമ്മൂത്തിടെ അമ്മയാ…”ഉമ്മറത്തു നില്കുന്നവരെ നോക്കി ദുർഗയുടെ മാറിലേക്ക് പറ്റി ചേർന്ന് ഗമയോടെ അമ്മൂട്ടി പറഞ്ഞപ്പോൾ എല്ലാവരുടെയും ചുണ്ടിൽ നറുപുഞ്ചിരി വിരിഞ്ഞു…

ദുർഗയുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു മാറ്റി കൊണ്ട് ആ കുഞ്ഞിപ്പെണ്ണ് അവിടെ ചുണ്ട് ചേർത്തപ്പോൾ ആദിത്യൻ രണ്ട് പേരെയും പൊതിഞ്ഞു പിടിച്ചു ഇനി ഒരിക്കലും കൈ വിടില്ലെന്ന പോലെ…..

അവസാനിച്ചു