The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ഷാഭാസൻ
ഭാര്യ മറ്റൊരുത്തന്റെ കൂടേ പോയെന്നറിഞ്ഞു ഒരുപാട് പേര് കാണാൻ വന്ന്.
പലരുടേം മുഖത്ത് എവിടുന്നോ കൊണ്ട് വന്ന് ഫിറ്റ് ചെയ്ത സഹതാപമാരുന്നു.
ചിലര് എന്നെ നോക്കി പുച്ഛത്തോടെ ചിരിക്കുന്നതും എന്തൊക്കെയോ പറയുന്നതും കണ്ട്.
ഒന്നിനും കൊള്ളാത്തവൻ എന്നാവും.
അതോണ്ടാവില്ലേ കെട്യോള് ആണൊരുത്തന്റെ കൂടേ ഇറങ്ങിപ്പോയതെന്നും.
പക്ഷെ ഞാനോളെ മനസ്സോണ്ട് വെറുത്തില്ല.
കാരണം അവളെന്റെ കുഞ്ഞിനെ കൊന്നില്ലല്ലോ.
ഒഴിവാക്കാൻ വേണ്ടി ജ്യൂസിൽ വിഷം കലർത്തി എന്നെ കുടിപ്പിച്ചുമില്ല.
ഇഷ്ടമല്ലാത്തൊരു ബന്ധത്തിൽ തുടർന്ന് പോവുന്നതിലും നല്ലതല്ലേ ഇഷ്ടമുള്ള ആൾക്കൊപ്പം ജീവിക്കുന്നത്.
ജീവിതം അതൊന്നല്ലേയുള്ളൂ.
എത്രയോ പേര് മനസ്സോണ്ട് പലവട്ടം ഇറങ്ങിപ്പോയി കാണും പലരുടെയും ജീവിതത്തിൽ നിന്ന്.
മറ്റുള്ളവരെന്ത് പറയുമെന്ന് പേടിച്ച് മാത്രം സഹിച്ചും ക്ഷമിച്ചും പിടിച്ചു നിൽക്കുന്നവർ.
അവരെ വെച്ച് നോക്കുമ്പോൾ ഓള് ചെയ്തതിൽ ഒരു തെറ്റുമില്ല.
ആലോചിച്ചോണ്ട് ഇരിക്കുന്നതിനിടയിൽ എപ്പോഴോ ഒരു ഫ്രീക്കൻ ചെക്കൻ അടുത്തൊട്ട് വന്ന് ചോയ്ക്കാണ് ക്ലിപ്പുണ്ടോന്ന്.
നാണം കെട്ടവൻ ഈ സമയത്താണോ ക്ലിപ്പും ചോദിച്ചോണ്ട് വരുന്നേന്നുള്ള മട്ടിൽ ഞാൻ ഓനെ തുറിച്ചു നോക്കിയപ്പം ഓൻ പറയാണ് അതല്ല ഭാര്യ ഇറങ്ങി പോവുന്നയിന്റെ വീഡിയോ എന്തേലും ഉണ്ടോന്നാ ചോയ്ച്ചേന്ന്.
ഓനെ കുറ്റം പറയാനും പറ്റൂല.
ഇപ്പ അതാണല്ലോ ട്രെൻഡ്.
എന്റെ മോന്തമ്മല് കാര്യമായ സങ്കടവും വിഷമവും കാണാത്തോണ്ടാണോ എന്തോ വിവരമറിഞ്ഞെത്തിയവരിൽ പലരും നിരാശയോടെ പല വഴിക്കായി പിരിഞ്ഞു പോയി.
ഞാനകത്തെക്കും പോയി.
മോളിനിയും എഴുന്നേറ്റിട്ടില്ല.
ഉണരുന്നതിന് മുമ്പെ അവൾക്ക് കഴിക്കാൻ എന്തേലും ഉണ്ടാക്കേണ്ടതുണ്ട്.
എനിക്കും നന്നായി തന്നെ വിശക്കുണ്ടാരുന്നു.
ഇന്നലെ വരെ എടിയേ ഒരു ചായ.
എടിയേ ബ്രേക്ക് ഫാസ്റ്റെടുത്തേ.
എടിയേ ഊണ് റെഡിയായോ.
എന്നൊക്കെ ചോദിക്കേണ്ട താമസമെയുണ്ടാരുന്നുള്ളു.
അവളോടി വന്ന് വിളമ്പി മുന്നീ കൊണ്ടത്തരും.
മോള് കരയുന്നുണ്ടേൽ തന്നേം എടി ആ കൊച്ച് കരയുന്നത് കേട്ടില്ലേ ചെന്നെടുക്കരുതോ എന്ന് അവളോട് പറയുന്നതല്ലാതെ ഞാനിന്നെ വരെ മോളെ എടുത്ത് കരച്ചിൽ മാറ്റുകയോ തന്നത്താനേ എടുത്ത് കഴിക്കുകയോ ചെയ്തിട്ടില്ലല്ലോ.
അതിനുള്ള ശിക്ഷയാവണം ഇതൊക്കെ.
ഫ്രിഡ്ജിൽ പാലിരിപ്പുണ്ടാരുന്നു.
അത് പാത്രത്തിലോട്ട് ഒഴിച്ചു സ്റ്റോവ് ഓൺ ചെയ്ത് അതിലേക്ക് വെച്ച്.
ബ്രെഡുണ്ട്.
ഓംലെറ്റ് ണ്ടാക്കി അതും ചായേം കഴിക്കാം.
മോൾക്ക് പാലും ബിസ്ക്കറ്റും കൊടുക്കാം.
ഒട്ടും വയ്യാ ഇന്നിനി രാത്രി ബ്രെഡും ഓംലെറ്റും മതിയോന്ന് ചോദിച്ചപ്പോ നിനക്കിവിടെ എന്താരുന്നു മലമറിക്കുന്ന പണിയെന്ന് ചോദിച്ചോണ്ട് അട്ടഹസിച്ചവനാണ് ഇപ്പോ ബ്രഡ് കഴിക്കുന്നതെന്നോർത്തപ്പോ സ്വയം പുച്ഛം തോന്നി.
മോളുണർന്ന പാട ഉമ്മാനെ വിളിച്ചു കരയാൻ തുടങി.
ആശ്വസിപ്പിച്ചിട്ടും അടങ്ങില്ലെന്ന് കണ്ടപ്പോ ദേഷ്യം വന്ന് തല്ലാൻ കൈ ഉയർത്തിയതാരുന്നു.
ആയ കാലത്ത് വല്ലപ്പഴും അവളെ എടുത്ത് നടക്കുകേം കഴിപ്പിക്കേം ചെയ്തിരുന്നേൽ ഈ അവസ്ഥ ഉണ്ടാവില്ലായിരുന്നല്ലോ എന്നോർത്തപ്പോ അടിക്കാൻ ഉയർത്തിയ കൈ താനെ താഴ്ന്നു പോയി.
കരഞ്ഞു തളർന്നത് കൊണ്ടാവണം ബിസ്ക്കറ്റ് തൊട്ട് പോലും നോക്കാതെ ആറിത്തണുത്ത പാൽ ഒരൊറ്റ വലിക്ക് കുടിച്ചോണ്ട് അവൾ അവൾ ഒന്നും മിണ്ടാതെ ബെഡിൽ കേറി ചുരുണ്ട് കിടന്നു.
നല്ല ചൂടുണ്ട് അകത്തും പുറത്തും.
ഫാൻ ഓൺ ചെയ്ത് മോളുടെ മുഖത്തെ പാൽ പാട തുണിയൊണ്ട് തുടച്ചു വൃത്തിയാക്കി മെല്ലെ മുടിയിഴകളിലൂടെ തലോടി.
അവളുറങ്ങിയെന്ന് തോന്നിയപ്പോ വാതിൽ പതിയെ ചാരി പുറത്തോട്ടിറങ്ങി.
ഒളിച്ചോടി പോയതിനേക്കാൾ എടങ്ങേറ് പിടിച്ച പണി രാവിലെ ഉണർന്നാൽ ഇന്നെത്താൻ പറ്റാതെ പോയ ബന്ധുക്കളും നാട്ടുകാരും വരുമ്പോ അവരോട് മറുപടി പറയുന്നതാണ്.
അന്നേരാണ് തോന്നാ ഓള് പോയീന്നറിഞ്ഞപ്പ തന്നെ ആരോടൊപ്പേലും ഒളിച്ചോടിയാ മതീന്നൊക്കെ.
ഈ എരണം കെട്ടവന്മാരുടെ ചോദ്യത്തിന് ഉത്തരം കൊടുക്കണ്ടാലോ.
എന്തേലും കേട്ടാ ഓടിപ്പിടിച്ചു വന്നോളും കൊറേയെണ്ണം.
ഒളിച്ചോടിപ്പോവുന്നത് പലപ്പോഴും കെട്യോന്റെ കഴിവ് കേടാണെന്നാണ് പലവന്മാരുടേം ധാരണ.
ശരിയായിരിക്കാം.
പക്ഷെ അങ്ങനെയാണെങ്കിൽ തന്നെ കഴിവ് കെട്ടവർക്കും ഈ സമൂഹത്തിൽ ജീവിക്കണ്ടേ.
അവർക്കും ആഗ്രഹങ്ങളും അവകാശങ്ങളും ഉണ്ടാവൂലെ.
ജനിച്ചപ്പോ തൊട്ട് പെണ്ണെങ്ങിനെ ജീവിക്കണമെന്ന് പഠിപ്പിക്കാൻ ഇഷ്ടംപോലെ ആളുകളുണ്ട്.
വീട്ടുകാർ.
ബന്ധുക്കൾ.
നാട്ടുകാർ.
മത പണ്ഡിതന്മാർ.
അതും പോരാഞ്ഞു സോഷ്യൽ മീഡിയ പോസ്റ്റുകൾ വേറെയും.
പക്ഷെ ആണിന് മാത്രം ഒരു ഗൈഡ് ലൈൻസില്ല.
അവനെ ആരും ഉപദേശിക്കാനില്ല.
എങ്ങിനെ പെരുമാറണം എന്ന് പഠിപ്പിക്കാറില്ല.
ആരോട് പറയാനാണ്.
ഓന്റെ കാര്യം ഓൻ തന്നെ നോക്കണം.
സാരോല്ല എന്ത് തന്നെയായാലും ജീവിക്കണം.
മോളെ മിടുക്കിയായി വളർത്തണം.
ചിലതൊക്കെ ആലോചിച്ചുറപ്പിച്ചോണ്ട് തന്നെയാണ് അകത്തോട്ട് നടന്നത്.
എല്ലാം മറക്കേണ്ടതുണ്ട്.
മൊബൈൽ മേശപ്പുറത്ത് വെച്ചോണ്ട് ലൈറ്റ് ഓഫ് ചെയ്യാൻ നേരമാണ് ഓളുടെ നൈറ്റി ബെഡിൽ കിടക്കുന്നത് കണ്ടേ.
അതോടെ അത്രേം നേരം ഉള്ളിൽ ഉണ്ടാരുന്ന സങ്കടവും ദേഷ്യവും ഒക്കെ ഒരുമിച്ച് പുറത്തേക്ക് വന്ന്.
അവളെ മനസ്സിൽ സങ്കൽപ്പിച്ചോണ്ട് കാലുയർത്തി ഒരൊറ്റ തൊഴിയായിരുന്നു.
നിങ്ങക്കെന്താ ഭ്രാന്ത് പിടിച്ചോ മനുഷ്യാ ന്നുള്ള കെട്യോളുടെ ശബ്ദം കേട്ടപ്പഴാ കണ്ണ് തുറന്നത്.
ദെ തൊഴി കൊണ്ട് താഴെ കിടക്കുന്ന് ഒളിച്ചോടിപ്പോയവൾ.
അപ്പ കണ്ടതൊക്കെ വെറും സ്വപ്നായിരുന്നോ.
ക്ഷമിക്കേടി ഓരോന്നോർത്ത് കിടന്നപ്പം അറിയാതെ സംഭവിച്ചോയതാന്ന് പറഞ്ഞോണ്ട് ഞാൻ ഒന്നുമറിയാത്ത പോലെ ബെഡിലേക്ക് വീണ്.
കണ്ണീ കണ്ട സകല ഓൺലൈൻ വാർത്തകളും വായിച്ചോണ്ട് വന്ന് കിടന്നോണ്ട് മനുഷ്യന്റെ ഉറക്കം കളയാനായിട്ട്.
അഴിഞ്ഞുലഞ്ഞ മുടി വാരിച്ചുറ്റി കെട്ടുന്നതിനിടയിൽ അവള് പിറു പിറുക്കുന്നത് കേക്കാത്ത മട്ടിൽ ഞാൻ കണ്ണുകൾ ഇറുക്കെ അടച്ചു.