18/04/2026

ലയനം : ഭാഗം 11

രചന – ഭവ്യ ഭാസ്ക്കരൻ

ഉറങ്ങുന്ന കുഞ്ഞിനെ മാറോടു അടക്കി പിടിച്ചു കൊണ്ടവനെ നോക്കിയവൾ. ഒന്ന് കുറുകി കൊണ്ട് കുഞ്ഞ് അവളുടെ മാറോട് ചേർന്ന് കിടന്നു.

അവൾ പേടിയോടെ ചുറ്റും നോക്കി. രക്ഷപ്പെടാൻ ഒരു വഴിയും ഇല്ല. ഓരേ ഒരു വഴി ഡോർ തുറന്നു പുറത്തേക്കു ചാടുക. അവൾ ഡോറിലേക്ക് നോക്കി.

അത്‌ ലോക്കഡാണ്.

അവന്റെ സ്വരം കേട്ട് അവൾ ഞെട്ടി കൊണ്ടവനെ നോക്കി.

അവൻ കാറിന്റെ സ്പീഡ് കുറച്ചു.

പേടിക്കണ്ട. ഞാൻ നിന്നെ ഉപദ്രവിക്കില്ല. തന്നെ രക്ഷിക്കാൻ വേണ്ടിയാണ്.

അവൾ സംശയത്തോടെ നോക്കി.

വിശ്വസിക്കാൻ കഴിയുന്നില്ല അല്ലെ..?

അവൾ അവനെ തന്നെ നോക്കി.

പെട്ടന്ന് കിരണിന്റെ ഫോൺ റിങ് ചെയ്തു.

കിരൺ കാർ സൈടാക്കി നിർത്തി. ഫോൺ കൈയിൽ എടുത്തു.

നിന്റെ അമ്മാവനാണ്. കിരൺ പറഞ്ഞു.

താമര ഞെട്ടി കൊണ്ടവനെ നോക്കി. കിരൺ ഫോൺ സ്പീക്കറിൽ ഇട്ടു.

ഹലോ..

ഡാ.. ആ നായിന്റെ മോൾ രക്ഷപെട്ടു.

എങ്ങനെ..?

ഞങ്ങൾ വന്നപ്പോൽ കനകത്തെ കാണാഞ്ഞേ അന്വേഷിച്ചപ്പോഴാണ് അവളുടെ റൂമിൽ തലക്ക് അടിയേറ്റ് ബോധമില്ലാതെ കനകം കിടക്കുന്നു.

താമര കണ്ണുകൾ തുറിച്ചു കൊണ്ടവനെ നോക്കി .

എന്നിട്ട്..? കിരൺ ഒന്നുമറിയാത്ത പോലെ ചോദിച്ചു.

ചിലങ്കയും മേനകയും കനകത്തെ ഹോസ്പിറ്റലിൽ കൊണ്ട് പോയി. ഞാനും രുദ്രനും രണ്ടു വഴിക്ക് അവളെ തേടിയിറങ്ങിയിരിക്കാ നമ്മുടെ ആളുകളുമുണ്ട് കൂടെ. അധിക ദൂരം പോയിട്ടുണ്ടാവില്ല. രാത്രിക്ക് ഉള്ളിൽ അവളെ കണ്ടു പിടിച്ചേ മതിയാവൂ.

മ്മ്.

നീ അവൾ പോവാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ എല്ലാമൊന്ന് അന്വേഷിക്ക്‌.

ആഹ് ഓക്കേ.

എന്തെങ്കിലും വിവരം കിട്ടിയാൽ ഞാൻ അറിയിക്കാം. ഇന്ദ്രൻ പറഞ്ഞു.

ആഹ്.
ഇന്ദ്രൻ ഫോൺ വച്ചു.

ചേച്ചിക്ക് ന്താ പറ്റിയെ.. അവനെ ഉറ്റു നോക്കി കൊണ്ടവൾ ചോദിച്ചു.

നിന്നെ രക്ഷിക്കാൻ വേണ്ടി അവർ സ്വയം ചെയ്തതാ. കൂടെ അവരുടെ സുരക്ഷക്കും.

താമരയുടെ കണ്ണുകൾ നിറഞ്ഞു.

കിരണിന്റെ കാർ ഹൈവേയിൽ നിന്നും മാറി ഊട് വഴിയിലൂടെ സഞ്ചരിക്കാൻ തുടങ്ങി. താമര ഭയത്തോടെ അവനെ നോക്കിയിരുന്നു.

ഏറെ നേരത്തിന് ശേഷം കാർ ഒരു ഇരുനില വീടിനു മുന്നിൽ കൊണ്ട് ചെന്ന് നിർത്തി.

താമര ചുറ്റും നോക്കി. ആൾ താമസം ഇല്ലാത്ത ഏരിയ. അടുത്ത് ഒരു വീട് പോലും കാണാനില്ല. താൻ ചതിയിൽ പെട്ടിരിക്കുന്നു. കിരൺ അവൻ… മരിക്കാൻ എനിക്ക് ഭയം ഇല്ല. പക്ഷേ.. അവൾ മടിയിൽ ഇരിക്കുന്ന കുഞ്ഞിനെ നിറ കണ്ണുകളോടെവൾ നോക്കി.

ഇറങ്ങാൻ വരട്ടെ..

അവന്റെ ശബ്ദം കേട്ട് അവൾ ഞെട്ടി കൊണ്ടവനെ നോക്കി. കിരൺ കാർ തുറന്ന് പുറത്ത് ഇറങ്ങി. വീടിന്റെ കാളിങ് ബെൽ അമർത്തി. ഒരു സ്ത്രീയും പുരുഷനും വാതിൽ തുറന്ന് പുറത്തേക്ക് വന്നു. അവനോട് സ്നേഹത്തോടെവർ സംസാരിക്കുന്നത് അവൾ നോക്കി ഇരുന്നു.

ആ സ്ത്രീ കാറിന് അടുത്തേക്ക് വന്നു.

മോള് ഇറങ്ങേ.. ഡോർ തുറന്ന് കൊണ്ടവർ പറഞ്ഞു.

പേടിയോടെ കുഞ്ഞിനെ എടുത്തവൾ പുറത്തേക്ക് ഇറങ്ങി.

വാ. പേടിക്കണ്ട. അവളുടെ കൈയിൽ പിടിച്ചു ശാന്തമായവർ പറഞ്ഞു.

അവൾ അവർക്കൊപ്പം നടന്നു. എല്ലാവരും അകത്തേക്ക് കയറി.

താമര.. അവന്റെ വിളിയിൽ അവൾ പകപോടെ അവനെ നോക്കി.

ഇത് എന്റെ ഫ്രണ്ടിന്റെ വീടാണ്. ഇത് അവന്റെ അമ്മ ലക്ഷ്മി, അച്ഛൻ ശേഖർ. ഇവിടെ നീ സുരക്ഷിതയായിരിക്കും. കിരൺ അവളെ നോക്കി കൊണ്ട് പറഞ്ഞു.

മോളു ഒന്നും കൊണ്ടും പേടിക്കണ്ട. ഞങ്ങൾ മോളുടെ കൂടെ ഉണ്ട്. വേറെ ഒരു സ്ഥലത്തേക്ക് മാറുന്ന വരെ മോൾക്ക് ഇവിടെ കഴിയാം. ശേഖർ അവളെ നോക്കി കൊണ്ട് പറഞ്ഞു.

എന്തായാലും രണ്ടു ദിവസം ഇവിടെ നിന്നും പുറത്തേക്കു പോവാൻ സാധിക്കില്ല. അയാളുടെ ആൾക്കാർ തേടി നടക്കുന്നുണ്ടാവും. ശേഖർ പറഞ്ഞു.

ലക്ഷ്മി മോൾക്ക് റൂം കാണിച്ചു കൊടുക്ക്. ശേഖർ ലക്ഷ്മിയെ നോക്കി പറഞ്ഞു.

ആഹ്. വാ മോളെ. അവൾ കുഞ്ഞിനെ ചേർത്തു പിടിച്ചു അവർക്കൊപ്പം മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറി.

ആ കുട്ടി നന്നായി പേടിച്ചിട്ടുണ്ട്. ശേഖർ കിരണിനെ നോക്കി പറഞ്ഞു.

മ്മ്. നീ ഇപ്പോ പോവുന്നുണ്ടോ..?

ആഹ് അങ്കിൾ. ഇല്ലെങ്കിൽ അവർക്ക് സംശയം തോന്നും.

ആഹ്.

ഞാൻ ഇറങ്ങാ.. ഞാൻ വിളിക്കാം. എന്റെ നമ്പറിലേക്ക്‌ വിളിക്കണ്ട. അത് പ്രശ്നമാവും. കിരൺ പറഞ്ഞു.

ആഹ് ഓക്കേ.

കിരൺ പുറത്തേക്ക് ഇറങ്ങി. ശേഖർ അടുക്കളയിലേക്ക് നടന്നു.

കാറിന് അടുത്തേക്ക് ചെന്നു. ഡോർ തുറന്നു. അപ്പോഴാണ് താമരയുടെ ബാഗ് കാണുന്നെ. അവൻ ബാക്ക് ഡോർ തുറന്നു ബാഗ് കൈയിൽ എടുത്തു വീണ്ടും അകത്തേക്ക് കയറി.

ഇതാണ് റൂം. താമരക്ക് റൂം തുറന്ന് ലക്ഷ്മി കാണിച്ചു കൊടുത്തു.

അവർ അകത്തേക്ക് കയറി.

താമര ചുറ്റും നോക്കി. വലിയ മുറിയാണ്. ബെഡിൽ കിടക്കവിരി ക്ലീനാക്കി വിരിച്ചിട്ടുണ്ട്. റൂമിനോട് ചേർന്ന് അറ്റാച്ഡ് ബാത്‌റൂം. മേശയുടെ മുകളിൽ ജഗിൽ ചുക്ക് വെള്ളം കൊണ്ടു വന്നു വച്ചിട്ടുണ്ട്.

മോൾ വരുമെന്ന് മോൻ പറഞ്ഞിരുന്നു. എല്ലാം മുന്നേ തന്നെ ഒരുക്കി വച്ചു. ലക്ഷ്മി പറഞ്ഞു.

കിരൺ.. അവനെ മനസിലാവുന്നില്ലല്ലോ. എന്ത് ഉദ്ദേശം വച്ചാണ് അവൻ എന്നെ സഹായിക്കുന്നപോലെ അഭിനയിക്കുന്നെ. അവൾ കുഞ്ഞിനെ കിടക്കയിൽ കിടത്തി കൊണ്ട് ആലോചിച്ചു.

ഞാൻ പോയി കഴിക്കാൻ എന്തെങ്കിലുകൊണ്ട് വരാം. അവർ ചിരിയോടെ പറഞ്ഞു.

മ്മ്. അവൾ തലയാട്ടി.

അവർ പുറത്തേക്ക്‌ ഇറങ്ങിയതും കിരൺ അകത്തേക്ക് കയറി വന്നു.

അവൻ ബാഗ് കൊണ്ട് വന്ന് മേശയിൽ വച്ചു.

അവൾക്ക് അരികിലേക്ക് വന്നു.

എവിടേക്ക് പോവണമെന്ന് തീരുമാനിക്കാൻ രണ്ടു ദിവസം ഉണ്ട്. ആരെയും കോൺടാക്ട് ചെയ്യാൻ ശ്രെമിക്കരുത്. അവർ എല്ലായിടവും അരിച്ചു പെറുക്കുണ്ട്. ഞാൻ നാളെ രാത്രി വരാം.
അവൻ മുന്നോട്ടു നടന്നു.

ഒന്ന് നിന്നെ.. അവൾ അവനെ വിളിച്ചു. അവളുടെ വിളി കേട്ട് അവൻ നിന്നു.

അവൾ അവന് മുന്നിൽ കയറി നിന്നു.

നിങ്ങൾക്ക് ഒക്കെ എന്താ വേണ്ടത്. എന്തിനാ ഞങളുടെ കുടുംബം ഇല്ലാതാക്കിയത്. അവൾ ദേഷ്യത്തോടെ സങ്കടത്തോടെയും കൂടിയവൾ ചോദിച്ചു.

സ്വത്തിന് വേണ്ടി. കോടി കണക്കിന് രൂപയുടെ സ്വത്തിന് അവകാശിയാണ് നീ. ആ സ്വത്തുക്കൾ നാളെ എന്റെ അച്ഛനെന്ന് പറയുന്ന ഇന്ദ്രന്റെയും, രുദ്രന്റെ പേരിൽ രജിസ്റ്റർ ചെയ്യാൻ പോവായിരുന്നു.

താമര ഞെട്ടി കൊണ്ട് കിരണിന് നോക്കി.

പിന്നെ നിങ്ങൾ ന്തിനാ.. എന്നെ രക്ഷിക്കുന്നെ.. അവൾ സംശയത്തോടെ ചോദിച്ചു.

ചെയ്ത തെറ്റിന് പ്രായ്ചിത്തമായി കണ്ടാൽ മതി.

താമര അവനെ നെറ്റി ചുളുക്കി കൊണ്ട് നോക്കി.

തന്റെ അച്ഛന്റെയും ചേച്ചിയുടെ മരണത്തിൽ എനിക്ക് പങ്ക് ഇല്ല താമര. ഞാൻ അറിയാതെയാണ് അവർ അത്‌ ചെയ്തത്.

അപ്പോ അതിൽ നിങ്ങൾക്ക് ഒരു പങ്കും ഇല്ലന്നാണോ പറയുന്നേ.. അവൾ പുച്ഛത്തോടെ ചോദിച്ചു.

ഇല്ല താമര.മായാച്ചി എനിക്ക് എന്റെ ഏട്ടത്തിയമ്മ തന്നെയായിരുന്നു. ചിലങ്ക ഏട്ടന്റെ കൈയിലെ പണം കണ്ട് കൂടെ കൂടിയതാണ്. ഞാൻ തന്നെയാണ് മായച്ചിയോടെ എല്ലാം പറഞ്ഞ് ആ ബന്ധം നിർത്തിക്കാൻ പറഞ്ഞത്‌. പക്ഷേ തൊട്ടടുത്ത ദിവസം നിന്റെ അച്ഛന്റെയും ചേച്ചിയുടെ മരണവാർത്തയാണ് അറിഞ്ഞത്.

താമരയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ആരെയും കൊല്ലണമെന്ന് ഞാൻ ചിന്തിച്ചിട്ട് കൂടിയില്ല. നിന്റെ അമ്മയുടെ മരണത്തിനും എന്റെ അച്ഛൻ ആണെന്ന് ഞാനറിയുന്നത് നിന്നെ അച്ഛൻ കേറി പിടിക്കാൻ ശ്രമിച്ച ആ ദിവസമാണ്. അന്ന് മുതൽ അയാളെ എനിക്ക് വെറുപ്പാണ്. എന്റെ അച്ഛനാണെന്ന് പോലും പറയാൻ എനിക്കിപ്പോ അറപ്പാണ്.

താനും അതിന് ശ്രെമിച്ചിരുന്നില്ലേ.. അവൾ വലിഞ്ഞു മുറുകിയ മുഖത്തോടെ അവനോട് ചോദിച്ചു.

അവൾക്ക് മുന്നിൽ അവന്റെ തല കുനിഞ്ഞു.

ചെയ്തതു തെറ്റാണെന്ന് അറിയാൻ വൈകി. മാപ്പ്. അവൻ അവൾക്ക് മുന്നിൽ കൈ കൂപ്പി.

എന്റെ ജീവിതം അങ്ങനെ ആയിരുന്നു. പണം ഉണ്ടെങ്കിൽ എന്തും നേടാം. ഞാൻ എന്ത് ആഗ്രഹിച്ചാലും അത്‌ എന്റെ മുന്നിൽ എത്തും. എത്രയോ പെണ്ണുങ്ങൾ എന്റെ പിറകെ വന്നിട്ടുണ്ട്. പക്ഷേ നീ അവരിൽ നിന്നും വ്യത്യസ്തമായിരുന്നു. അത് കൊണ്ടാണ് നിന്നെ എങ്ങനെയും സ്വന്തമാക്കണം എന്ന വാശിയിൽ ഞാൻ പലതും ചെയ്തതു. പക്ഷേ നിന്റെ ദേഹത്തെ വേറെ ഒരാൾ കൈ വച്ചപ്പോഴാണ് നീ എനിക്ക് ആരാണെന്ന് മനസിലായത്.

അവൾ അവനെ നെറ്റി ചുളുക്കി കൊണ്ടവനെ നോക്കി.

ഞാൻ നിന്നെ പ്രണയിക്കുന്നു താമര. അവൻ അവളെ നോക്കി ആദ്രമായ് പറഞ്ഞു. അവൾ അവനെ തന്നെ നോക്കി നിന്നു.

ആ നിമിഷം അയാളെ കൊല്ലാനാണ് തോന്നിയത്. ജനിപ്പിച്ച തന്തയായി അല്ലെങ്കിൽ കൊന്ന് തള്ളിയിരുന്നു ഞാൻ. പിന്നെയാണ് രജിസ്റ്റർ ചെയ്തതിന് ശേഷം നിന്നെയും മോനെയും കൊല്ലാൻ അവർ പ്ലാൻ ഇട്ടത്. അവൻ ഒന്ന് നിർത്തി അവളെ നോക്കി.

അവൾ പകപോടെ എല്ലാം കേട്ടിരിക്കാണ്.

നിന്നെ എങ്ങനെയെങ്കിലും രക്ഷിക്കണം എന്ന് തോന്നി. അങ്ങനെയാണ് ഞാനും കനകവും കൂടി രക്ഷിക്കാൻ പ്ലാൻ തയ്യാറാക്കിയത്.

ഞാൻ ഉണ്ടാവും കൂടെ.. ഇനി അങ്ങോട്ടു നിന്റെ കൂടെ. കിരൺ ഉറച്ച സ്വരത്തിൽ പറഞ്ഞു.

എനിക്ക് അതിന്റെ ആവിശ്യം ഇല്ല. ചെയ്തു തന്ന എല്ലാം സഹായങ്ങൾക്കും നന്ദി. ദൃഡ സ്വരത്തിലവൾ പറഞ്ഞു.

പിന്നെ പ്രണയം.. അത്‌ ശരീരം കണ്ട് കൊണ്ടാവരുത്. നിങ്ങൾക്ക്‌ എന്നോട് യഥാർത്ഥ സ്നേഹം ഉണ്ടായിരുന്നുവെങ്കിൽ നിങ്ങൾ വീണ്ടും രാത്രികളിൽ എന്നെ തേടി വരില്ലായിരുന്നു.

നോ.. ആ രാത്രികളിൽ ഞാൻ വന്നത് നിൻറെ ശരീരം തേടിയല്ല. നിന്നോട് സംസാരിക്കാനായിരുന്നു. അവൻ കോപത്തോടെ പറഞ്ഞു.

നിങ്ങൾ പറഞ്ഞത്‌ ഞാൻ വിശ്വസിക്കണം. അവൾ പുച്ഛത്തോടെ അവനെ നോക്കി കൊണ്ട് പറഞ്ഞു.

ആ തന്തയുടെ ചോരയല്ലേ.. നിങ്ങളുടെ ദേഹത്തു കൂടെ ഒഴുകുന്നത്. കളം മാറ്റി ചവിട്ടാൻ അധിക സമയം ഒന്നും വേണ്ട.. ചുണ്ടുകോട്ടി കൊണ്ടാവൾ പറഞ്ഞു.

കിരൺ ദേഷ്യത്താൽ അവളുടെ കൈയിൽ പിടിച്ചു അവനോട് ചേർത്ത് നിർത്തി.

വിടാൻ. താമര ദേഷ്യത്തോടെ പറഞ്ഞു.

നിന്നെ ഞാൻ സ്നേഹിക്കുന്നു എന്ന് നിന്നെ ബോധിപ്പിക്കേണ്ട ആവിശ്യം എനിക്കില്ല. ഞാൻ ഒന്ന് മനസ് വച്ചാൽ ഈ നിമിഷം എനിക്ക് നിന്നെ സ്വന്തമാക്കാം. പക്ഷേ ഞാൻ അത്‌ ചെയ്യില്ല. എനിക്ക് വേണം നിന്നെ ഈ ജീവിതകാലം മുഴുവൻ.

തുടരും