The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – നന്ദ നന്ദിത
“ഇനി ചോദ്യവും പറച്ചിലും ഒന്നും വേണ്ട…അംബികേ… ആ കുട്ടിയേ അകത്തേക്ക് കൂട്ടി കൊണ്ട് പോകു…”
മാധവന്റെ വാക്കുകൾക്ക് കേട്ടതും, ചോദിക്കാൻ വന്നതൊക്കെ തൊണ്ടയിൽ തന്നേ തങ്ങി നിന്നു അംബികയ്ക്ക്…
അവർ മകനെയും, മകന്റെ കൂടെ വന്ന പെൺകുട്ടിയെയും മാറി മാറി നോക്കി…
“വലതുകാൽ വെച്ചു അകത്തേക്ക് വന്നോളൂ കുട്ട്യേ…”
സ്നേഹത്തോടുള്ള ആ അമ്മയുടെ വാക്കുകൾ, ഗൗരിയുടെ മുഖത്തു വേദനകലർന്നൊരു ചിരി പടർത്തി…
അവൾ പതിയെ ബാലചന്ദ്രനെ നോക്കി.
കേറിക്കോളൂ എന്നു അയാൾ തലകൊണ്ട് ആംഗ്യം കാട്ടി
ബാലന്റെ സമ്മതം കേട്ടത്തോടെ അവൾ പടിക്കെട്ടുകൾ കയറി…
ഗൗരി ചുറ്റും കണ്ണോടിച്ചു…നേരം സന്ധ്യ ആയി തുടങ്ങിയിരിക്കുന്നു വലിയ പടിപ്പുരയോടുകൂടിയ നാലുകെട്ട്…ഉമ്മറത്തു സന്ധ്യ വിളക്ക് കൊളുത്തി വെച്ചിട്ടുണ്ട്…വലിയ കോലായിക്ക് ഇരുവശവും സോപാനവും അതിനോട് ചേർന്നു വലിയ ചാരുകസേരയും ഇട്ടിരിക്കുന്നു…
“മോളെന്താ ഇവിടെ നിക്കണേ..?? അകത്തേക്ക് വരൂ കുട്ട്യേ…”
അംബികമ്മ അവളുടെ കയ്യിൽ പിടിച്ചു അകത്തേക്ക് കേറ്റി…
“മോളിലാ… ബാലന്റെ മുറി… കുട്ടി അവനോടൊപ്പം ചെന്നോളൂ…”
അവൾ മെല്ലെ തലയാട്ടി… ഗോവണിപടികൾ കയറുന്ന ബാലനെ നോക്കി അവൾ പുറകെ നടന്നു.
“കുട്ടി… ന്റെ ഭാര്യ ആണെന്ന ഇവിടെല്ലാരും കരുതിയെക്കുന്നെ…കുറച്ചു ദിവസത്തേക്ക് അതങ്ങിനെ തന്നെ കരുതിക്കോട്ടെ ല്ലാരും…”
അവന്റെ വാക്കുകൾ കേട്ട്, ഗൗരി തല താഴ്ത്തി…
അവളുടെ മുഖത്തെ ഭയം അവനു വായിച്ചെടുക്കാൻ കഴിയുന്നുണ്ടായിരുന്നു…
“താൻ പേടിക്കേണ്ടടോ… ഇവിടെ താൻ സുരക്ഷിതയായിരിക്കും… തനിക്ക് ഒരു ബുദ്ധിമുട്ടും ഇവിടെ ഉണ്ടാവില്ല… അമ്മയും അച്ഛനും പാവം ആണ്… അവര് തന്നെ സ്വന്തം മകളായി തന്നേ സ്നേഹിക്കും…”
അവന്റെ വാക്കുകൾ അവളിലെ ഭയത്തിന്റെ ആഴം കുറച്ചു…
“പാവം
നല്ല പേടിയുണ്ടാവും അവൾക്ക്… ”
ബാലൻ മനസ്സിൽ പറഞ്ഞു കൊണ്ട്
ഇട്ടിരുന്ന ഷർട്ട് ഊരി ഹാങ്കറിലേക്കിട്ട് താഴേക്ക് നടന്നു.
ഗോവണിപടികൾ ഇറങ്ങിയതും,ദേവു എന്നെ നോക്കി താഴെ നിപ്പുണ്ടായിരുന്നു.
എന്തോ ദേഷ്യം വന്നിട്ടവളുടെ മുഖം വല്ലാണ്ട് തടിച്ചിട്ടുണ്ട്.
“ഏതാ അവള്…?
അരിശത്തോടെ എന്റെ അടുത്തേക്ക് നടന്നുവന്നുകൊണ്ടവൾ ചോദിച്ചു.
ഒരു പുഞ്ചിരിയോടെ ഞാനവളെ നോക്കി.
“എന്റെ ദേവൂ അതൊക്കെ പിന്നെ പറയാം.
നീ അവൾക്കുടുക്കാനുള്ളതെന്താണെന്ന് വച്ച കൊടുക്ക്…”
“എന്റെ പഴയ തുണിയൊന്നും ഇല്ല.
ഒക്കെ പുതിയത. അതാർക്കും കൊടുക്കൻ പറ്റില്ല…”
അവളുടെ ദേഷ്യം കൂടിക്കൊണ്ടേയിരുന്നു.
“ഞാൻ വാങ്ങിത്തരാം നിനക്ക്.
ഇപ്പൊ ഒരെണ്ണം കൊടുക്ക്…”
“ഉം…”അവള് കനത്തെ മൂളിക്കൊണ്ട് റൂമിലേക്ക് നടന്നു.
കുളിക്കാൻ, തോർത്തും സോപ്പും ആയി കുളപ്പടവിലേക്ക് നടന്നു…
നല്ല നിലാവുണ്ട്..
മുറ്റത്തു പൂത്ത കുറ്റിമുല്ലയുടെ സുഗന്ധം അവിടെമാകെ പരന്നിരുന്നു.
കുളത്തിലേക്ക് കാലിട്ട്, കൽപടവിൽ കുറേ നേരം ഇരുന്നു.
കുളികഴിഞ്ഞു അകത്തേക്ക് വന്നതും… കണ്ടു അമ്മയ്ക്കരികിലായി ദേവുവിന്റെ ദാവണി ചുറ്റി നിൽക്കുന്ന ഗൗരിയെ…നീണ്ട ഇഴത്തൂർന്ന മുടിയിഴകളിൽ നിന്നു വെള്ളത്തുള്ളികൾ നിലത്തേക്ക് ഇറ്റിവീന്നുകൊണ്ടിരുന്നു…
“ന്താ കുട്ടിയേ… തല തുവർത്തിയില്ലേ…?? പനി പിടിക്കില്ലേ…??
അംബികമ്മ തന്റെ നേര്യതിന്റെ തുമ്പെടുത്, ഗൗരിയുടെ തല തുവർത്തികൊടുത്തു…
” മക്കളു വാ ഭക്ഷണം കഴിക്കാം… ”
മേശക്കരികിൽ എന്നോട് ചേർന്ന് എന്ത് ചെയ്യണമെന്നറിയാതെ ഗൗരി നിന്നു.
മോളെന്തിനാ നിക്കണേ.
അവിടെ ഇരിക്ക്.
അമ്മ എന്റെ തൊട്ടടുത്ത കസേരയിലേക്ക് അവളെ പിടിച്ചിരുത്തി.
ഭക്ഷണം വിളമ്പുന്ന തിരക്കിനിടയിലും ദേവു ഒക്കെ നോക്കുന്നുണ്ടായിരുന്നു.
പണ്ടെപ്പോഴോ വലുതാകുമ്പോ ദേവൂനെ ബാലാനെക്കൊണ്ട് കെട്ടിക്കണമെന്ന് പറഞ്ഞു വച്ചിട്ടുണ്ടായിരുന്നു. അന്നുമുതലെപ്പോഴോ ദേവൂവിന്റെ ഉള്ളിൽ ബാലനോടുള്ള പ്രണയം വല്ലാതെ പടർന്നു പന്തലിച്ചിരുന്നു.
ഭക്ഷണം കഴിച്ചെഴുന്നേറ്റ് കൈ കഴുകി
മുറിയിലേക്ക് കയറി എന്ത് ചെയ്യണം എന്ന് അറിയാതെ ഗൗരി നിന്നു… അപ്പോഴേക്കും
ബാലനും അവൾക്ക് അരികിലേക്ക് വന്നിരുന്നു.
ബാലൻ ഷെൽഫിൽ അടുക്കി വെച്ചിരുന്ന പുസ്തകങ്ങളിൽ നിന്നു ഒരെണ്ണം എടുത്ത് മേശക്കരികിലെ കസേരയിലേക്ക് ഇരുന്നു…
ഗൗരി മുറി മുഴുവൻ കണ്ണോടിച്ചു… വലിയ മുറിയിൽ ഒരു കട്ടിലും, ഒരു തടി അലമാരയും…. അതിനടുത്തായി രണ്ടു വലിയ ഷെൽഫ്, അതിൽ കുറെ ട്രോഫികളും സർട്ടിഫിക്കറ്റുകളും, പിന്നെ നിറയെ പുസ്തകങ്ങളും… ജനാലക്കരികിലേക്ക് ഇട്ടിരിക്കുന്ന മേശയിൽ ഡയറികൾ വെച്ചിരിക്കുന്നു… മുറ്റത്തെ മാവിന്റെ ചില്ലകളും പടിപ്പുരയോട് ചേർന്നു നിൽക്കുന്ന കുറ്റിമുല്ലകളും ജനലിലൂടെ കാണാം.
മുറിയോടെ ചേർന്നു മറ്റൊരു വാതിൽ, അവിടേ ചെറിയ അരമതിലിൽ സോപാനം… അവിടെന്ന് നോക്കിയാൽ കുളപ്പടവും,അതിനോട് ചേർന്നു നിൽക്കുന്ന വലിയ ചെമ്പക മരവും കാണാം
അവൾക്ക് ആ വീടിനോടും… അവനോടും വല്ലാത്തൊരുത്മബന്ധം തോന്നി.
ആരെന്ന് അറിയാത്ത… ഒരു അനാഥപെണ്ണിനോട് കാട്ടിയ സ്നേഹവും, കരുതലും..അവനോടും, അച്ഛനോടും അമ്മയോടും അവൾക്ക് സ്നേഹവും, ബഹുമാനവും തോന്നി.
അവൾ ബാലനെ തന്നേ നോക്കി നിന്നു… ഇടക്കെപ്പോഴോ പുസ്തകത്തിൽനിന്ന് കണ്ണെടുത്തപ്പോൾ തന്നേ തന്നെ നോക്കി നിൽക്കുന്ന ഗൗരിയെ അവൻ കണ്ടു
“താൻ നിൽക്കുവാണോ… ഇവിടെ ഇരിക്കേടോ… ക്ഷീണം കാണും താൻ കിടന്നോളു… ഞാൻ അല്പം കഴിയും…”
ബാലൻ അതുംപറഞ്ഞു വായന തുടർന്നു..
ഗൗരി പതിയെ കട്ടിലിലേക്ക് ഇരുന്നു.
പെട്ടന്ന് ദേഷ്യത്തോടെ വാതിൽ തള്ളി തുറന്ന് അകത്തേക്ക് വന്ന ദേവു, ഗൗരിയുടെ കഴുത്തിലേക്ക് പിടിച്ചു..
( തുടരും )