The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അഖിൽ നാളോംങ്കണ്ടി
ചൊവ്വാദോഷം
“എടാ… അപ്പു.. നീ അറിഞ്ഞോ നിന്റെ ഏട്ടന്റെ കല്യാണം കഴിഞ്ഞു”..
“എന്ത് എന്താടാ നീ പറഞ്ഞത് ഏട്ടന്റെ കല്യാണമോ” …..
“ആ എടാ നിന്റെ ഏട്ടൻ ഒരു പെണ്ണിനെയും കൂട്ടി വീട്ടിൽ വന്നിട്ടുണ്ട് .അതും ഒരു ചൊവ്വാദോഷകരിയെ ആണ് ന്ന നാട്ടുകാർ പറയുന്നത് ”
ക്ലാസ്സും കഴിഞ്ഞ് അങ്ങാടിയിൽ എത്തിയപ്പോൾ കൂട്ടുകാരൻ രാഹുൽ ആണ് ഈ പറഞ്ഞത് മുഴുവൻ ..
ഇവൻ ആണെങ്കിൽ നാട്ടിലെ മുഴുവൻ വാർത്തയും അറിയും … എന്ത് ചെയ്യാനാണ് കൂട്ടുകാരൻ ആയി പോയില്ലേ… തല്ലി കൊല്ലാൻ പറ്റൂലലോ ..
ഇനി ഈ പറഞ്ഞതിന്റെ സത്യം അറിയണം വീട്ടിൽ പോയി നോക്കാം
ഏട്ടൻ ആൾ ഒരു പ്രത്യേക മനുഷ്യൻ ആണ് കൂടുതൽ സംസാരിക്കില്ല ,ഒരു ചൂടൻ സ്വഭാവം ആണ് എന്നാലും എന്നെ വലിയ ഇഷ്ടമാണ്
ഒരു പക്ഷെ അച്ഛനേക്കാൾ എനിക്ക് പേടിയും ഇഷ്ടവും ഏട്ടനെയാണ് അങ്ങനെ ഒരോന്ന് ആലോചിച്ച് വീട് എത്തി..
വീട്ടിൽ ആണെങ്കിൽ ഒരു ശോക അവസ്ഥയാണ് അമ്മയും കുറെ കുടുംബശ്രീകാരികളായ പെണ്ണുങ്ങളും. ചർച്ചയാണ് ചർച്ച വിഷയം ഏട്ടന്റെ പെണ്ണ് ചൊവ്വ ദോഷകാരിയാണ് ന്ന് ,പിന്നെ
ഏട്ടന്റെ കൂട്ടുകാർ ഉണ്ട് അച്ഛൻ ചാരുകസേരയിൽ ഇരിക്കുന്നുണ്ട് പക്ഷെ ആർക്കും സന്തോഷം ഇല്ല…
ഞാൻ പതുക്കെ അകത്ത് കടന്ന് നോക്കുമ്പോൾ അവിടെ ഏട്ടന്റെ മുറിയുടെ അടുത്ത് നിൽക്കുന്നു ഒരു പെണ്ണ്
ആ ഇവൾ ആണ് ലെ എന്റെ ഏട്ടനെ കണ്ണും കൈയും കാണിച്ച് വളച്ച പെണ്ണ് .. എന്നെ കണ്ടതും
“മോനെ അപ്പു”…..
ഞാൻ മിണ്ടാതെ അകത്ത് കയറി വാതിൽ അടച്ചു അങ്ങനെ ആളുകൾ ഒക്കെ പോയി വാശി ഭക്ഷണത്തോട് വേണ്ടാന്ന് വെച്ച് പതുക്കെ പുറത്ത് ഇറങ്ങി ‘
പതിവിലും വിവരിതമായി ചോറിന് ചിക്കന് ഉണ്ട് കല്യാണം കഴിഞ്ഞ വീട് ആണല്ലോ .. അപ്പോൾ ചിക്കൻ ഒക്കെ വേണം .ചോറ് കഴിഞ്ഞ് ഞാൻ അകത്ത് പോകാൻ നോക്കുമ്പോൾ ഏട്ടൻ വിളിച്ചു.
“ഡാ.. അപ്പു.. നീ എന്താ ഏട്ടത്തിയോട് മിണ്ടാതെ പോകുന്നത്”
“ആ… ഒന്നുമില്ല” വെറുതെ.. ഒരു ഹലോയും പറഞ്ഞ് ഞാൻ അകത്ത് കയറി വാതിൽ അടച്ചു..
രാവിലെ അമ്മയുടെ വെറുതെ ഉള്ള ഒച്ചപ്പാടുകൾ കേട്ട് ആണ് ഉണർന്നത് എന്താണ് എന്ന് അറിയില്ല രാവിലെത്തെ ചായയും ഉച്ചക്ക് എനിക്ക് കഴിക്കാനുള്ള ഭക്ഷണവും മേശപ്പുറത്ത് വച്ചിട്ടുണ്ട് എന്റെ സ്കൂൾ യൂനിഫോം ഇസ്തിരി ഇട്ട് വെച്ചിട്ടുണ്ട് ..
ആ ഇതെക്കെ ഏടത്തി ചെയ്തത് ആകും ഞാൻ മിണ്ടാതെ റെഡിയായി ക്ലാസിൽ പോയി എന്താ എന്ന് അറിയില്ല ഏടത്തിയോട് ഉള്ള വെറുപ്പ് കുറഞ്ഞു വരുന്നുണ്ട്
നിഷ്കളങ്കമായ സ്നേഹത്തിന് മുന്നിൽ തളർന്ന് പോകുമല്ലോ എന്നെ പോലുള്ള ലോലഹൃദയർ
എന്നെ അത്ഭുതപ്പെടുത്തിയത് അമ്മക്ക് ഏടത്തിയോട് ഉള്ള മാറ്റമാണ് .അവർ രണ്ടും ഇപ്പം നല്ല കൂട്ടാണ് ഏടത്തി അമ്മക്ക് കാലിൽ കുഴമ്പ് ഇട്ടു കൊടുക്കുന്നു അമ്മ ഏടത്തിക്ക് മുടി ചീകി കൊടുക്കുന്നു..
വലച്ച് വാരി കിടന്നിരുന്ന എന്റെ മുറി അച്ചടക്കത്തിലായി ഒക്കെ ഏടത്തി വന്നതിന് ശേഷം ആണ് ഞങ്ങൾ അരും വിചാരിച്ചിട്ട് നടക്കാത്ത അച്ഛന്റെ പുകവലി ശീലം വരെ ഏടത്തി നിർത്തിച്ചു…
അങ്ങനെ ഞങ്ങളുടെ വീട്ടിൽ ഒരു കുഞ്ഞുവാവ പിറന്നു ആൺകുട്ടി അമ്പാടി കുട്ടൻ . ഏടത്തിയുടെ പ്രസവത്തോടെ ഏടത്തിയുടെ വീട്ടുകാരുമായുള്ള പ്രശ്നം ഒക്കെ തീർന്നു.അങ്ങനെ എന്നെ ചെറിയച്ഛാന്ന് വിളിച്ച് നടക്കാൻ ഒരാളായി.
അങ്ങനെ ഇരിക്കെ ആണ് ഏട്ടന് ഗൾഫിൽ പോകാൻ ഉള്ള വിസ ശരിയാകുന്നത് നല്ല ജോലി ആണ് പോലും ഏട്ടന് പോണം എന്ന് നിർബന്ധം എല്ലാരും സമ്മതിച്ചു. ആ സന്തോഷത്തിന് ദൈവത്തിന് നന്ദി പറയാൻ തക്കവണ്ണം അമ്പലത്തിൽ പോയ ഞങ്ങളെ കുടുംബത്തെ ടിപ്പർ ലോറിയുടെ രൂപത്തിൽ വന്ന കാലൻ അമ്മയെയും, ഏട്ടനെയും കവർന്ന് എടുത്തപ്പോൾ തകർന്ന് പോയത് കുടുംബവും, ഉയർന്ന് വന്നത് പലരും മറന്നു പോയ ചൊവ്വ ദോഷക്കാരി എന്ന പേരും ..
വിധവയായ ഏടത്തിയെ നോക്കി പലരും പറയുണ്ടായിരുന്നു ഭർത്താവിനെ കൊന്നവൾ എന്ന് ഒരു പക്ഷെ ഏടത്തി കരഞ്ഞു തീർത്ത കണ്ണീർ ചാലുകൾ മറ്റാരും കണ്ടില്ലാന്ന് നടിച്ചാലും ഈ അപ്പുവിന് കാണാതെ ഇരിക്കാൻ പറ്റില്ല
കാരണം .
ഒരു ദിവസം ഏടത്തിയുടെ സങ്കടം കണ്ടിട്ടോ അല്ലങ്കിൽ തന്റെ മകളുടെ നല്ല ഭാവിയെ ഓർത്ത് ജീവിക്കുന്ന ഒരു അച്ഛന്റെ സ്വാർഥ താൽപര്യമണോന്ന് അറിയില്ല എടത്തിയുടെ അച്ഛൻ മറ്റൊരു വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോൾ ഏടത്തി എന്റെ അച്ഛന്റെ കാലിൽ വീണ് പറഞ്ഞ ഒരു കാര്യമാണ് എന്നെ കണ്ണീരണിയിപ്പിച്ചത്
“അച്ഛാ.. ഞാൻ നിങ്ങൾക്ക് ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല .അച്ഛന്റെ മകന്റെ വിധവയായി, നമ്മുടെ അപ്പുവിന്റെ ഏടത്തിയായി, ഈ അച്ഛന്റെ മക്കളായി ഈ വീട്ടിൽ ഒരു മൂലക്ക് അടങ്ങിയിരുന്നോളാം മറ്റ് സന്തോഷങ്ങൾ ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല”….
ഒരു പക്ഷെ എന്റെ അച്ഛൻ കരഞ്ഞു പോയ നിമിഷം ..അതു പോലെ തന്നെ ഏടത്തി വീടിന്റെ പുറത്ത് ഇറങ്ങുന്ന പതിവ് കുറവായിരുന്നു ഏടത്തിയുടെ സന്തോഷത്തിന് വേണ്ടി പല കാര്യങ്ങൾ ചെയ്ത് പരാജയപ്പെട്ടിരിക്കെ അണ് എനിക്ക് ബാങ്കിൽ ജോലി റെഡിയാകുന്നത് ഈ സന്തോഷത്തിൽ അമ്പലത്തിൽ ഏടത്തിയെ കൂട്ടി പോയി ഏട്ടൻ മരിച്ചതിന് ശേഷം ഏടത്തി ആദ്യമായാണ് അമ്പലത്തിൽ ഒക്കെ പോകുന്നത്.
ചിലപ്പോൾ ഒക്കെ സന്തോഷങ്ങൾ ഇരട്ടിയാകാറുണ്ട് സ്വപ്നങ്ങളിൽ കണ്ട പോലെ ഒരു പെൺകുട്ടി ഞങ്ങളെ മുന്നിൽ വലിയ കണ്ണുകൾ ഉള്ള ,നീളൻ തലമുടിയുള്ള ഒരു സുന്ദരി.
ഞാൻ കുറെ സമയം അവളെ നോക്കി ഇരുന്നു.ഇത് കണ്ട ഏടത്തി എന്റെ അടുത്ത് വന്ന് ചോദിച്ചു
“എന്താ അപ്പു ആ പെണ്ണിനെ കണ്ടിട്ട് അടിവയറ്റിൽ മഞ്ഞ് വീഴുംപോലെ തോന്നിയോ നിനക്ക്” ..
“ആ ഏടത്തി അങ്ങനെ തോന്നി ഏടത്തിക്ക് എങ്ങനെ മനസ്സിലായി” .
“ഡാ.. അത് ഈ മനസ്സിന് ഇഷ്ടമുള്ള ആളെ കാണുമ്പോൾ ഉണ്ടാക്കുന്ന ഒരു സുഖമാണ് നിന്റെ ഏട്ടനെ ആദ്യം കണ്ടപ്പോൾ എനിക്കും തോന്നിക്ക്”…..
“ആഹാ ഏടത്തി കൊള്ളാലോ” ..
“ആ നിനക്ക് ഇഷ്ടമായെങ്കിൽ നമുക്ക് അവളെ പറ്റി അന്വേക്ഷിക്കാൻ അച്ഛനോട് പറയാം”
“ഏടത്തി… ഇങ്ങൾ ചങ്കാണ്,മുത്താണ്”..
അങ്ങനെ ആറ് മാസങ്ങൾക്ക് ഇപ്പുറം അന്ന് അമ്പലത്തിൽ കണ്ട അനുവിനെ എന്റെ ഭാര്യയായി വീട്ടിലേക്ക് കൊണ്ടുവന്ന് ഏടത്തി നിലവിളക്ക് കൊടുത്ത് അവളെ വീട്ടിൽ കയറ്റിയപ്പോൾ ഏടത്തി ചിരിച്ച് കൊണ്ട്
ചോദിച്ചു
“സന്തോഷായില്ലെന്ന് ” …
ആ ചിരിക്ക് മുന്നിൽ ആയിരം പൂർണ്ണചന്ദ്രൻമാർ തോറ്റു പോകും.. പിന്നീട് അങ്ങോട്ട് ഏടത്തി മാറി ഏടത്തിയമ്മ ആകുകയായിരുന്നു