അവയില്‍ ഉള്‍കൊണ്ടിരുന്ന ഓരോ

ആമി
******

ആമി….

മുഖപുസ്തകത്തിലൂടെ പരിചയപ്പെട്ട ഒരു എഴുത്തുകാരി….

അവളുടെ ഓരോ അക്ഷരങ്ങളോടും നിയയ്ക്ക് പ്രണയമായിരുന്നു….

അവയില്‍ ഉള്‍കൊണ്ടിരുന്ന ഓരോ സ്ത്രീജന്മങ്ങളോടും നിയയ്ക്ക് ആരാധനയായിരുന്നു…

ആത്മാവില്‍ നിന്നുതിരുന്ന മണിമുത്തുകള്‍ പോലുള്ള ആമിയുടെ കഥാപാത്രങ്ങളില്‍ പലപ്പോഴും ഒളിഞ്ഞു കിടന്നിരുന്ന ഒരു ദുഃഖസമുദ്രം വെളിവായിരുന്നു…

അപ്പോഴും ചാരക്കൂമ്പാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഫീനീക്സ് പക്ഷികളേപ്പോലെ അവര്‍ പ്രതിസന്ധികളെ തരണം ചെയ്യുന്നതു കാണുമ്പോള്‍ എന്തെന്നില്ലാത്ത ഒരു ആത്മവിശ്വാസം വായനക്കാരില്‍ ജനിപ്പിക്കാന്‍ ആമിക്ക് സാധിച്ചിരുന്നു…

എന്നെങ്കിലും ആ എഴുത്തുകാരിയെ നേരില്‍ കാണണം എന്നത് ഒരു സ്വപ്നം ആയി നിയയില്‍ നിലകൊണ്ടു…

ബി എ പഠനത്തിനുശേഷം അധ്യാപകജീവിതത്തിലെക്ക് കടക്കാന്‍ ഉള്ള ലക്ഷ്യത്തോടെ ബി എഡ് ക്ളാസ്സിലേക്ക് ചെന്നപ്പോഴാണ് നിയയുടെ ശ്രദ്ധ അവളില്‍ പതിച്ചത്…

അഭിരാമി…

മറ്റുള്ളവരില്‍ നിന്ന് ഒരകലം സൂക്ഷിച്ച് എന്നും പുസ്തങ്ങളിലേയ്ക്ക് മുഖം പൂഴ്ത്തി വച്ചിരുന്ന ഒരുവള്‍…

നിസ്സംഗത തളംകെട്ടിയിരുന്ന അവളുടെ കണ്ണുകളില്‍ ഒളിപ്പിച്ചു വച്ചിരുന്ന എന്തൊക്കെയോ സങ്കടങ്ങള്‍ നിയയുടെ മാത്രം ശ്രദ്ധയില്‍പെട്ടു.

‘എന്തു കൊണ്ടാണ് നിങ്ങള്‍ അധ്യാപനം തിരഞ്ഞെടുത്തത്…???’

ട്യൂട്ടറുടെ ചോദ്യത്തിനു എല്ലാവരും പല മറുപടികളും നല്‍കി.

‘അഭിരാമി…???’

‘ഒരു അധ്യാപകന്‍ എങ്ങനെ ആകരുത് എന്നു ചിലരെ ബോധ്യപ്പെടുത്താന്‍…’

‘വാട്ട് ടൂ യൂ മീന്‍…???’

ട്യൂട്ടറിന് ഒരു പ്രത്യുത്തരം നല്‍കാതെ അവള്‍ സീറ്റില്‍ ഇരുന്നു.

‘അഭിരാമി…. ടോ… താന്‍ എന്താ അങ്ങനെ പറഞ്ഞെ…???’

ക്ളാസ്സ് കഴിഞ്ഞു പോകാന്‍ ഒരുങ്ങുകയായിരുന്ന അഭിരാമിയെ തടഞ്ഞു നിര്‍ത്തി നിയ ചോദിച്ചു.

‘സോറി… എനിക്ക് പറയാന്‍ താല്‍പര്യം ഇല്ല…’

‘താന്‍ എന്താടോ ഇങ്ങനെ…??? ഞാന്‍ എത്രനാള്‍ ആയി തന്നോടു കൂട്ടുകൂടാന്‍ നോക്കുന്നു… ആരോടേലും കുറച്ചെങ്കിലും കൂട്ടൊക്കെ വേണ്ടേ…???’

‘നിയയെ എനിക്ക് നേരത്തെ തന്നെ അറിയാം… നമ്മള്‍ തമ്മില്‍ നേരത്തേ തന്നെ ഫ്രണ്ട്സ് ആണല്ലോ…???’

‘നമ്മള്‍ തമ്മിലോ..??’

‘അതേ… നമ്മള്‍ എഫ് ബി ഫ്രണ്ട്സ് ആണ്… പലപ്പോഴും ചാറ്റ് ചെയ്യാറുമുണ്ടല്ലോ…??? എന്‍റെ കഥകളെ പറ്റി…’

‘എപ്പോള്‍…??? എനിക്ക് മനസ്സിലായില്ല…’

‘എന്‍റെ എഫ് ബി നെയിം ആമി എന്നാണ്…’

‘ആമി… അഭിരാമി ആയിരുന്നോ ആമി…??? എന്നിട്ട് എന്താ ഇതുവരെ നേരിട്ട് സംസാരിക്കാന്‍ വരുമ്പോള്‍ എന്നെ അവോയ്ഡ് ചെയ്തിരുന്നത്…???’

‘എനിക്ക് തന്നെ ഇഷ്ടമൊക്കെ തന്നെയാണെടോ… താന്‍ നല്ല കുട്ടിയാണെന്നും അറിയാം… പക്ഷെ എന്തോ… എല്ലാവരെയും എനിക്ക് പേടിയാടോ… എന്‍റെ അനുഭവങ്ങള്‍ എല്ലാം അങ്ങനെയാണ്… ദാ… എന്‍റെ ബസ്സ് വന്നു… നമുക്ക് നാളെ കാണാം കേട്ടോ…’

വളരെ പെട്ടെന്ന് അവരുടെ സൗഹൃദം വളര്‍ന്നു…

‘ആമി… തന്നെ എന്‍റെ ചേട്ടനെ കൊണ്ടങ്ങു കല്ല്യാണം കഴിപ്പിച്ചാലോന്നു ചിന്തിക്കുവാ ഞാന്‍…’

‘അതൊന്നും ശരിയാവില്ലെടീ പെണ്ണേ…’

‘അതെന്താ…??? എന്‍റെ ചേട്ടന്‍ ആളൊരു പാവമാണെടീ… നിന്നെ പൊന്നു പോലെ നോക്കിക്കോളും… പിന്നെ നീ എന്‍റെ കൂടെ തന്നെ ഉണ്ടാവുകയും ചെയ്യൂല്ലോ…’

‘എന്നാലും വേണ്ട…’

‘അതെന്താണ്…??? വീട്ടുകാര്‍ സമ്മതിക്കില്ലെന്നോര്‍ത്താണോ….???’

‘അമ്മയ്ക്ക് സന്തോഷമേ ഉണ്ടാകൂടീ… പക്ഷേ… എനിക്ക്… ഞാന്‍… ഒരു വിവാഹം… അതു ശരിയാവില്ല…’

‘അതെന്താ…?? നിനക്ക് വല്ല ഇഷ്ടവും…???’

‘ഹേയ് അതൊന്നും ഇല്ല… എന്നെക്കുറിച്ച് അറിഞ്ഞാല്‍ പിന്നെ നീ ഇങ്ങനെ ഒരു ആവശ്യം ഒരിക്കലും പറയില്ല…’

‘അതെന്താ അങ്ങനെ…??? എന്നാല്‍ പിന്നെ ആ വലിയ കാര്യം ഒന്നു അറിയണമല്ലോ…’

‘എടി… അത്…’

‘പറയുന്നതാണ് നിനക്ക് നല്ലത്…’

‘നിയ… കുറച്ച് വര്‍ഷം മുന്‍പ് വരെ ഞങ്ങളുടെ ഒപ്പം ഞങ്ങളുടെ അച്ഛനും ഉണ്ടായിരുന്നു… ഞാന്‍ പത്താം ക്ളാസ്സില്‍ പഠിക്കുന്ന സമയം…’

വളരെ നന്നായി പഠിച്ചിരുന്ന അഭിരാമി സ്കൂളിലെ അഭിമാനം ആയിരുന്നു. കലയിലും സാഹിത്യത്തിലും അവള്‍ എന്നും മുന്നിട്ടു നിന്നു.

ഒരു ദിവസം എക്സ്ട്രാ ട്യൂഷന്‍ ക്ളാസ്സ് ഉണ്ടാകും എന്നു അവധി സമയത്ത് കണക്ക് മാഷ് ഫോണില്‍ വിളിച്ചു പറഞ്ഞതനുസരിച്ചു അഭിരാമി അയാളുടെ വീട്ടില്‍ ചെന്നു… ഇതിനു മുന്‍പും അയാള്‍ അങ്ങനെ ക്ളാസ്സ് വച്ചിട്ടുള്ളതു കൊണ്ട് സംശയം തോന്നിയില്ല… എന്നാല്‍ അയാള്‍ അവളെ മാത്രമാണ് വിളിച്ചതെന്നും വീട്ടില്‍ അയാളുടെ ഭാര്യയും കുട്ടികളും ഇല്ല എന്നും അവിടെ ചെന്നപ്പോള്‍ ആണ് മനസ്സിലായത്…

രക്ഷപെടാന്‍ ശ്രമിക്കുന്നതിനു മുന്‍പ് തന്നെ അയാള്‍ അവളെ കടന്നു പിടിച്ചു കീഴടക്കി… പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്നു അയാള്‍ ഭീഷണിപ്പെടുത്തി….

വീട്ടില്‍ എത്തിയ അവളുടെ പെരുമാറ്റത്തിലെ വ്യത്യാസം മനസ്സിലാക്കിയ അമ്മ ചോദിച്ചപ്പോള്‍ അവള്‍ എല്ലാം തുറന്നു പറഞ്ഞു….

അച്ഛന്‍ അന്നു രാത്രി തന്നെ ആ മാഷിനെ വീട്ടില്‍ കയറി വെട്ടി…

അയാള്‍ പക്ഷേ മരിച്ചില്ല…

ആ നാട്ടില്‍ അത്യാവശ്യം നിലയും വിലയും ഉണ്ടായിരുന്ന അയാളെക്കുറിച്ച് ആമിയുടെ അച്ഛന്‍ പറഞ്ഞതൊന്നും ആരും വിശ്വസിച്ചില്ല…

കൊലപാതകശ്രമത്തിന് അച്ഛന്‍ ജയിലില്‍ ആയി…

ആമി മറ്റുള്ളവരുടെ മുന്നില്‍ മാഷിനെ പ്രണയിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട ഒരുവള്‍ ഉണ്ടാക്കിയ കള്ളക്കഥകളിലെ നായികയുമായി…

മകള്‍ക്കുണ്ടായ അപമാനത്തില്‍ മനം നൊന്തു അച്ഛന്‍ ജയിലില്‍ വച്ചു നെഞ്ചു പൊട്ടി മരിച്ചു…

ആശുപത്രിയില്‍ നിന്നും തിരിച്ചെത്തിയ ആ മാഷ് ഇന്നും മാന്യനായി തുടരുന്നു…

ആ നാട്ടില്‍ തുടരാന്‍ സാധിക്കാത്ത അവസ്ഥ ആയപ്പോള്‍ ആമിയേയും കൊണ്ട് നാടു വിടാന്‍ അമ്മ തീരുമാനിച്ചു…

എന്നാല്‍ അവള്‍ അത് സമ്മതിച്ചില്ല…

‘നമ്മുടെ ഭാഗത്ത് ഒരു തെറ്റും ഇല്ല അമ്മേ… പിന്നെ നമ്മള്‍ എന്തിന് ഒളിച്ചോടണം…??? തെറ്റു ചെയ്തവര്‍ക്ക് മാന്യമായി ജീവിക്കാം എന്നുണ്ടെങ്കില്‍ തെറ്റു ചെയ്യാത്ത നമുക്കും ജീവിക്കാന്‍ അവകാശം ഉണ്ട്… ഞാന്‍ ഇൗ നാട്ടില്‍ തന്നെ ജീവിക്കും… തല ഉയര്‍ത്തി തന്നെ… എന്നിട്ട് ഞാനും ഒരു അധ്യാപിക ആയി മാറും… അധ്യാപക വൃത്തിയുടെ പവിത്രത അയാള്‍ക്കു ബോധ്യപ്പെടുത്തി കൊടുക്കാന്‍ തന്നെ…’

‘ഞാന്‍ വാശിയോടെ പഠിച്ചു… ഇന്ന് ഇവിടെ വരെ എത്തി നില്‍ക്കുന്നു ആ വാശി… ഒരു വിവാഹം എന്നത് എന്‍റെ വിദൂരസ്വപ്നങ്ങളില്‍ പോലുമില്ല… ഒരിക്കല്‍ ശരീരത്തിന്‍റെ പരിശുദ്ധി നഷ്ടപ്പെട്ട എനിക്ക് ഒരു വൈവാഹിക ജീവിതം വേണ്ടെന്നാണ് എന്‍റെ തീരുമാനം… ഒരു മികച്ച അധ്യാപിക ആകുക എന്നതു മാത്രമാണ് എന്‍റെ ലക്ഷ്യം നിയ…’

‘ആമി… നീ ഒരു പോരാളി ആണ്… ചുറ്റുമുള്ളവരുടെ പരിഹാസങ്ങള്‍ക്ക് വില കൊടുക്കാതെ ധൈര്യത്തോടെ നീ എത്ര കാതങ്ങള്‍ താണ്ടിയവളാണ്… നിന്നെ മനസ്സിലാക്കി ഒരു ജീവിതം മുന്നോട്ടു വച്ചു നീട്ടാന്‍ ആരെങ്കിലും വന്നാല്‍ അത് നീ തള്ളിക്കളയരുത്… നിന്‍റെ ജീവിതം നശിപ്പിച്ചു എന്നു സന്തോഷിക്കുന്ന അവര്‍ക്ക് കൊടുക്കാന്‍ സാധിക്കുന്ന ഏറ്റവും വലിയ പ്രതികാരം അല്ലേ നല്ലൊരു ജീവിതം ജീവിച്ചു കാണിക്കുന്നത്… നിന്‍റെ കഥകളിലെ കഥാപാത്രങ്ങളെ പോലെ നീയും വിജയിച്ചു കാണിക്കണ്ടേ…??’

‘അതു ശരി തന്നെയാണ്… പക്ഷേ അങ്ങനെ ഒരാള്‍ വരേണ്ടേ… അപ്പോള്‍ ഇനി നമുക്ക് നാളെ കാണാം…’

ആമി ഓടി ബസ്സില്‍ കയറി നിയയെ നോക്കി കൈ വീശി കാണിച്ചു.

‘ആമി… നിന്‍റെ കഴുത്തില്‍ താലി കെട്ടുമ്പോള്‍ ചേട്ടന്‍റെ കൈ വിറയ്ക്കുന്നത് ഒന്നു കാണേണ്ടതായിരുന്നു… എനിക്ക് ചിരി വന്നിട്ട് വയ്യായിരുന്നു…’

‘നിയ… നിന്‍റെ ചേട്ടന്‍ എല്ലാം അറിഞ്ഞു എന്നെ വിവാഹം ചെയ്യാന്‍ സമ്മതിക്കും എന്നു ഞാന്‍ കരുതിയതേ ഇല്ല… എന്‍റെ ഭാഗ്യം തന്നെയാണ് നീയും നിവേദേട്ടനും എന്‍റെ ജീവിതത്തിലേക്ക് വന്നത്…’

‘അതേ… നിനക്ക് ഒരു വിവാഹ സമ്മാനം ഉണ്ട്… ദാ നോക്കിക്കോളൂ…’

നിയ കൊടുത്ത കവര്‍ വാങ്ങി പൊട്ടിച്ചു നോക്കിയ ആമിയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.

‘നിന്‍റെ ജീവിതം നഷ്ടപ്പെട്ട അതേ സ്കൂളില്‍ നിന്നുള്ള അപ്പോയ്ന്‍റ്മെന്‍റ് ഓര്‍ഡര്‍ ആണ്… അയാള്‍ ഇപ്പോഴും അവിടെ തന്നെ ഉണ്ട്… നീ ഇനി കാണിച്ചു കൊടുക്കെടി മോളെ… അധ്യാപനം എന്നു പറഞ്ഞാല്‍ എന്താണെന്ന്… ഞങ്ങള്‍ എല്ലാം നിന്‍റെ ഒപ്പം ഉണ്ട്… നല്ല കട്ടയ്ക്ക് തന്നെ…’

നിയയെ ചേര്‍ത്തു നിര്‍ത്തുമ്പോള്‍ ആമിയുടെ മനസ്സിലൂടെ ഒരു പാടു വര്‍ണ്ണത്തൂവലുകള്‍ക്കിടയില്‍ കാണപ്പെട്ട ആ കറുത്ത തൂവല്‍ ആയിരുന്നു…

‘അതേ… എന്‍റെ മുന്നിലുള്ള ഒരുപാടു നല്ല അധ്യാപകരെ പോലെ ഞാനും കാണിച്ചു കൊടുക്കും അയാള്‍ക്കു അധ്യാപക ധര്‍മ്മം എന്താണെന്ന്… തന്‍റെ മുന്നില്‍ വിദ്യ അഭ്യസിക്കാന്‍ വരുന്ന കുഞ്ഞുങ്ങളെ നോക്കേണ്ടത് കാമത്തോടെ അല്ല സ്നേഹത്തോടെ ആണെന്ന്…’

രചന: ദിപി ഡിജു

Leave a Reply