അവന്റെ ശബ്ദത്തിൽ ഒരു പരിഭ്രമവും

വാടകയ്ക്ക് ഒരു കാമുകി
അവൾ അവന്റെ മറുപടി കേട്ട് പൊട്ടിച്ചിരിച്ചു.

“ഒരു ദിവസത്തേക്ക് നിന്റെ കാമുകി ആയിരിക്കാൻ 25,000 രൂപയോ ??? കൊള്ളാമല്ലോ, പക്ഷേ ദേഹത്തു തൊട്ടുള്ള സ്നേഹ പ്രകടനം ഒന്നും പറ്റില്ല,”

അവന്റെ ശബ്ദത്തിൽ ഒരു പരിഭ്രമവും ഉണ്ടായിരുന്നില്ല. ഒരു യാചന മാത്രം. വറ്റി വരണ്ട ഒരു മനസ്സിന്റെ അവസാനത്തെ ആഗ്രഹം പോലെ.

ഫേസ്ബുക്കിൽ പരിചയപ്പെട്ട രണ്ട് സുഹൃത്തുക്കൾ ആയിരുന്നു അവർ. മാസങ്ങളായി ചാറ്റിൽ മാത്രം കണ്ട രണ്ട് പേർ. അവൻ എപ്പോഴും നിശബ്ദനായിരുന്നു. അവൾ എപ്പോഴും തിരക്കിലും. അന്ന് പക്ഷേ അവൻ ആദ്യമായി ഒരു വില പറഞ്ഞു. തന്റെ ഏകാന്തതയ്ക്ക് ഒരു ദിവസത്തെ വില.

അവന് സമാധാനമായി. “ശരി എങ്കിൽ നാളെ നമുക്ക് തൃശ്ശൂർ റൗണ്ടിൽ വടക്കുംനാഥന്റെ മണ്ണിൽ വച്ചു കാണാം,”

പിറ്റേന്ന് അവൾ അവനെ കണ്ടു മുട്ടി.

തൃശ്ശൂരിന്റെ തിരക്കിൽ, വടക്കുംനാഥന്റെ കാറ്റേറ്റ് നിൽക്കുന്ന ആൽമരത്തിന്റെ തണലിൽ അവൻ നേരത്തെ എത്തിയിരുന്നു. പഴയ ഒരു ഷർട്ട്. കൈയിൽ മടക്കി വെച്ച ഒരു ചെറിയ പേപ്പർ. കണ്ണിൽ ഉറക്കമില്ലായ്മ. പക്ഷേ അവന്റെ കണ്ണുകൾ അവളെ കണ്ടപ്പോൾ ഒരു നിമിഷം തിളങ്ങി.

അവൻ അവന്റെ ആഗ്രഹങ്ങളുടെ ലിസ്റ്റ് എടുത്തു.

അതിൽ വലിയ മോഹങ്ങളൊന്നുമുണ്ടായിരുന്നില്ല. ഈ ലോകത്ത് ഓരോ കാമുകനും കാമുകിക്കും കിട്ടുന്ന സാധാരണ നിമിഷങ്ങൾ മാത്രം.

“കൈ പിടിച്ചു നടക്കണം. ഒരുമിച്ച് ഒരു കോഫി കുടിക്കണം. ഒരു നല്ല സിനിമയ്ക്ക് പോകണം, ഉച്ചയ്ക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കണം, ആ പാർക്കിൽ കുറച്ചു നേരം അവളുടെ മടിയിൽ തല വച്ചു കിടക്കണം, കിന്നാരം പറയണം, കവിളിലും നെറ്റിയിലും ഓരോ ഉമ്മ വേണം.”

അത് വായിച്ചപ്പോൾ അവൾക്ക് ചിരി വന്നില്ല. ഒരു നേർത്ത നൊമ്പരം പോലെ എന്തോ അവളുടെ നെഞ്ചിൽ തട്ടി.

ഇത്രയും നിസ്സാരമായ കാര്യങ്ങൾക്ക് ഒരാൾ 25,000 രൂപ കൊടുക്കുമോ? ഇതിന് പിന്നിൽ ഒരു കഥയുണ്ട് എന്ന് അവൾക്ക് തോന്നി എങ്കിലും

അവൾ എല്ലാം സമ്മതിച്ചു. അവർ ആ ലിസ്റ്റിൽ ഉണ്ടായിരുന്ന അവന്റെ സകല ആഗ്രഹങ്ങളും ഓരോന്നായി, പൂർത്തീകരിച്ചു,

അവർ കൈ പിടിച്ചു നടന്നു. റൗണ്ടിലെ തിരക്കിനിടയിലും അവന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു,

ആദ്യമായി ഒരു പെണ്ണിന്റെ കൈ തൊടുന്നത് പോലെ.

അവർ ഒരേ കപ്പിൽ കാപ്പി കുടിച്ചു.

തിയേറ്ററിൽ സിനിമ കണ്ടു , അവൾ. സിനിമ കണ്ടപ്പോൾ അവൻ അവളെ നോക്കിയിരുന്നു എന്ന് പറയുന്നതാവും ശരി

ഉച്ചയ്ക്ക് അവർ പാർക്കിൽ ഇരുന്ന് ഒരേ പൊതിയിൽ നിന്ന് ബിരിയാണി കഴിച്ചു.

പിന്നെ ആ പാർക്കിൽ, വെയിൽ മാഞ്ഞ തണലിൽ, അവൻ അവളുടെ മടിയിൽ തല വെച്ചു കിടന്നു.

അവൾ അവന്റെ മുടിയിലൂടെ വിരലോടിച്ചു. അവനോട് കിന്നാരം പറഞ്ഞു, അവളുടെ ഇത് വരെയുള്ള ജീവിത കഥ, പ്രണയം തേപ്പ് വിരഹം, തിരിച്ചു വരവ് അങ്ങനെ അവൾ വാചാലയായി

അവൻ ഒരു കൊച്ചു കുഞ്ഞിന്റെ കൗതുകത്തോടെ അവളെ നോക്കി കൊണ്ട് കിടന്നു

ഒടുവിൽ അവൻ പതിയെ എഴുന്നേറ്റ് അവളുടെ കവിളിലും നെറ്റിയിലും ഓരോ ഉമ്മ കൊടുത്തു. ആ ഉമ്മയിൽ കാമമില്ലായിരുന്നു. ഒരു തീർത്ഥയാത്ര പോകുന്നവന്റെ പ്രാർത്ഥനയുണ്ടായിരുന്നു.

പിരിയാൻ നേരം അവൻ കാശ് നൽകി അവളോട് നന്ദി പറഞ്ഞു. 25,000 രൂപ. ഒരു ദിവസത്തെ പ്രണയത്തിന്റെ വാടക.

അവൾ ഇനി എങ്ങോട്ടാണ് എന്ന് വെറുതെ ചോദിച്ചു.

അവൻ ചിരിച്ചു. ആ ചിരിയിൽ ഇത്രയും നേരം ഉണ്ടായിരുന്ന ആ സന്തോഷം ഒന്നുമുണ്ടായിരുന്നില്ല.

“കാശിക്ക് പോകുവാണ്, സന്യാസിക്കാൻ. അതിന് മുമ്പ് ഈ ശരീരത്തിനും മനസ്സിനും പ്രണയിക്കപ്പെടുന്നതിന്റെ അനുഭൂതി വ്യാജം എങ്കിലും ഒന്ന് അറിയിക്കണം എന്ന് തോന്നി,”

ഇതും പറഞ്ഞു ചിരിച്ചു കൊണ്ട് നടന്ന അവനെ പെട്ടെന്ന് അവൾ പിന്നിൽ നിന്ന് ചെന്ന് കെട്ടിപിടിച്ചു.

തൃശ്ശൂരിന്റെ തിരക്കുകൾ ഒരു നിമിഷം നിശ്ചലമായ പോലെ.

അവൾ പതിയെ ചോദിച്ചു, “നിന്നെ കാത്തിരിക്കാൻ ഒരാളുണ്ടെങ്കിൽ നീ ഇവിടെ നിൽക്കുമോ ???”

അവൻ ഒന്നും പറഞ്ഞില്ല.

അവന്റെ കണ്ണിൽ നിന്ന് അവളുടെ കൈകളിലേക്ക് വീണ ചൂടുള്ള രണ്ട് കണ്ണുനീർ തുള്ളി ആയിരുന്നു ഉത്തരം.

Leave a Reply