25/05/2026

അനുരാഗി : ഭാഗം 46

രചന : ആയിഷ അക്ബർ

എല്ലാം….. എല്ലാം അറിഞ്ഞിട്ടായിരുന്നോ എന്നോടന്ന് സമ്മതം ചോദിച്ചത്……അവളൊരു വേള കണ്ണുകൾ വിടർത്തി അവനോടത് ചോദിക്കുമ്പോൾഅവനൊന്നുപുഞ്ചിരിച്ചു..അല്ലാ…അന്ന് ചോദിക്കുമ്പോൾ നിന്നേ പറ്റി ഒന്നും എനിക്കറിയില്ലായിരുന്നു….അങ്ങനെ അറിയുമായിരുന്നെങ്കിൽ ഒരിക്കലും ഞാൻ ചോദിക്കില്ലായിരുന്നു…..പ്രതീക്ഷയോടെ നിൽക്കുന്ന അവളുടെ കണ്ണുകളിൽ നോക്കി അവനത് പറഞ്ഞതും അവളുടെ കണ്ണുകളിലെ തിളക്കം മങ്ങിയത് പോലെ…..അവൻ അവളിൽ പിടിച്ചിരുന്ന കൈ അയച്ചു…..

നീ ഇവിടെ നിന്ന് പോയതിനു ശേഷമാണു നീയില്ലാതെ എനിക്ക് പറ്റില്ലെന്ന് മനസ്സിലായത്…..അവനത് പറഞ്ഞു കൊണ്ടാ ചാരു പടിയിൽ കൈ വെച്ച് പുറത്തേക്ക് നോക്കി നിൽക്കുമ്പോൾ അവളുടെ ഉള്ളൊന്ന് തണുത്തു….പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒന്ന് അവളെ പൊതിഞ്ഞു പിടിച്ചത് പോലെ……അന്ന് മുതലാണ് ഞാൻ നിന്നേ കുറിച് അന്വേഷിച്ചു തുടങ്ങിയത്……നിന്നേ അറിയുന്ന അഞ്ചുവിൽ നിന്നായിരുന്നു തുടക്കം….പക്ഷെ അപ്പൊ എനിക്ക് മനസ്സിലായി അവൾക്കും നിന്നേ പറ്റി ഒന്നും അറിയില്ലെന്ന്…

അമ്മ പറഞ്ഞയച്ചതാണ് നിന്നെയെന്ന അവളുടെ വാക്കിൽ നിന്നും നിന്നേ കൂടുതൽ അറിയാൻ അവർ വഴി പറ്റുമെന്ന് തോന്നിയത് കൊണ്ട് തന്നെയാണ് ഞാൻ അങ്ങോട്ട് യാത്ര തിരിച്ചത്…..അവനതും കൂടി പറഞ് നിർത്തുമ്പോൾ അവളുടെ കണ്ണുകൾ വിടർന്നു….തന്നെ കുറിച്ചറിയാൻ അവനത്രയും ദൂരം സഞ്ചരിച്ചു എന്നോർക്കുമ്പോൾ തന്നെ അവൾക്ക് ഉള്ളിലൊരു പിടപ്പ് തോന്നിയിരുന്നു…..അവിടെ നിന്നാണ് ഞാൻ നിന്റെ ഭൂത കാലം അറിഞ്ഞത്…..
നീ പോയ വഴികൾ ഇത്രയും കഠിനമേറിയതായിരുന്നു എന്നറിഞ്ഞത്…..അതറിഞ്ഞിരുന്നെങ്കിൽ അന്ന് ഞാൻ നിന്നേ ഒരു സമ്മതം ചോദിച്ചു കൊണ്ട് പോലും ബുദ്ധിമുട്ടിപ്പിക്കില്ലായിരുന്നു വേദാ…..

അവനത് പറഞ്ഞു നിർത്തുമ്പോൾ ആ കൺ കോണിൽ തെളിഞ്ഞു നിന്ന തിളക്കം തന്നെ കുറിച്ചുള്ള നോവാണെന്ന് അവൾക്ക് വ്യക്തമായി അറിയുന്നുണ്ടായിരുന്നു…..തന്നെ കുറിച്ച് ഓർത്തു വേദനിക്കുന്ന ഒരുവൻ കണ്ണുകൾക്ക് എത്ര മനോഹരമായ കാഴ്ചയാണ്……അവളുടെ കണ്ണുകളും ഒരു വേള സന്തോഷത്താൽ വിടർന്നു……നീ പറഞ്ഞ കഥയിൽ കവിഞ് മറ്റൊന്നു നിന്റെ വസന്തമ്മക്ക് അറിയില്ലായിരുന്നു….
നിനക്ക് കൂട്ടിനായി എപ്പോഴും ഉണ്ടാവണമെന്ന് ഇറങ്ങാൻ നേരം അവർ തന്റെ കൈ പിടിച്ചു പറയുമ്പോൾ തന്റെ കണ്ണിലെ പ്രണയം പിടിക്കപ്പെട്ടൊരു ജാള്യതയോടെ യാണ് ഞാൻ അവിടെ നിന്നിറങ്ങിയത് ….

പിന്നേ നീ അഞ്ജുവിനോട് എല്ലാം തുറന്ന് പറഞ്ഞ സമയം അവളെന്നെ വിളിച്ചിരുന്നു….പ്രസാദ് ഇവിടെ വരുമെന്നും പറഞ് നീ പേടിച്ചിരിക്കുകയാണെന്ന് പറഞ്ഞു……അവൻ അത്രയും പറഞ് നിർത്തി കൊണ്ടവൾക്ക് നേരെ തിരിയുമ്പോൾ പ്രസാഥേന്ന പേര് അവളിലുണ്ടാക്കിയ വിങ്ങൽ ആ മുഖത്തു വ്യക്തമായിരുന്നു…..വരട്ടെ….. അവൻ വരട്ടെ….. ഞാനും അതിനു തന്നെയാണ് കാത്തു നിൽക്കുന്നത്……ഇനി അവൻ ഇങ്ങോട്ട് തിരഞ്ഞു വന്നില്ലെങ്കിൽ നമ്മളവനെ തിരഞ്ഞങ്ങോട്ട് പോകും…..

അവൻ അവളുടെ മനസ്സറിഞ്ഞെന്ന വണ്ണം അവളുടെ തോളിലൂടെ കയ്യിട്ട് കൊണ്ട് തന്നിലേക്ക് ചേർത്ത് നിർത്തി യത് പറയുമ്പോൾ ഇത് വരെ തനിക്ക് കിട്ടിയിട്ടില്ലാത്ത ആ സുരക്ഷിതത്വത്തേ അവളറിയുന്നുണ്ടായിയുന്നു….അവന്റെ ചൂടിലേക്ക് അവളൊന്നു കൂടി ചേർന്ന് നിന്നു……അവനെന്ന കുരുക്കഴിച്ചുഎനിക്ക്നിന്നേസ്വന്തമാക്കണം…….നിന്നേ കുറിച്ചെല്ലാം അറിഞ്ഞപ്പോഴും ഉള്ളിലുള്ള ഇഷ്ടം കൂടിയിട്ടേയുള്ളു…….കൂട്ടിനു നീ വേണമെന്ന ചിന്തയും……..

ശിവ അവളിലേക്ക് മിഴികൾ പതിപ്പിച്ചത് കൂടി പറഞ്ഞു നിർത്തുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നിയിരുന്നു…..പറയേണ്ടതായിരുന്നു താൻ….. മുൻപ് തന്നെ…. എങ്കി താനനുഭവിച്ച പകുതി ഭാരങ്ങൾ ഒഴിഞ്ഞു പോകുമായിരുന്നു……
അവൾക്ക് സ്വയം കുറ്റബോധമായിരുന്നു തോന്നിയത്……വാ….. ഭക്ഷണം കഴിക്കാം…
ശിവ അതും പറഞ് കൊണ്ട് തിരിഞ്ഞതും അവൾ പിറകിൽ നിന്നവന്റെ കയ്യിൽ പിടിച്ചു….ഒരു കാര്യം കൂടി പറയാൻ ബാക്കിയുണ്ടെനിക്ക്……അവളത് പറയുമ്പോൾ അവൻ എന്തെന്ന ഭാവത്തിൽ കണ്ണുകളൊന്ന് വിടർത്തി……

ഡോക്ടറെപ്പോഴും ചോദിക്കാറില്ലേ ആദിയെ എങ്ങനെ ഇത്രയേറെ സ്നേഹിക്കാൻ കഴിയുന്നു എന്ന്…. അതിനുള്ള ഉത്തരം കൂടി എനിക്ക് പറയണം……
അവളത് പറയുമ്പോൾ അടി വയറ്റിൽ നിന്നെന്തോ ഒന്ന് കൊളുത്തി വലിക്കും പോലെ തോന്നി…..
വസന്തമ്മയോടോ അഞ്ജുവിനോടോ പോലും പറയാത്ത ആ കഥ തനിക്കവനോട് പറയണമായിരുന്നു……ശിവ ചോദ്യ ഭാവത്തോടെ അവളെ തന്നെ നോക്കി നിൽക്കുകയാണ്……
ഞാൻ………. ഞാൻ ഒരു തവണ അമ്മയായതാണ്….പക്ഷെ….. വിധി അവനെ എന്റെ കയ്യിൽ നിന്ന് തട്ടിയെടുത്തു……..

അവളൊരു നിമിഷം ശ്വാസം ആഞ്ഞു വലിച്ചു….
ശിവ അവളെ തന്നെ നോക്കി നിൽക്കുകയാണ്….
അമ്മയില്ലാത്ത ആദിയിൽ ഞാൻ കണ്ടത് ഞാൻ പ്രസവിച്ച കുഞ്ഞിനെ തന്നെയാണ്……മരണം വരെ എന്റെ മനസ്സിൽ ആധിക്കുള്ള സ്ഥാനവും അത് തന്നെയാണ്…..അവൻ….. അവനെന്റെ മോനാണ്……..അവളതും കൂടി പറഞ് പൊട്ടി കരയുമ്പോൾ ശിവ അവളുടെ കയ്യിൽ പിടിച്ചു വലിച്ചവളെ തന്റെ നെഞ്ചിലേക്കൊരു നിമിഷം കൂടി ചേർത്ത് പിടിച്ചിരുന്നു….സന്തോഷം കൊണ്ടോ എന്തോ ഒരു വേള അവന്റെ കണ്ണുകളും നിറഞ്ഞു……നിന്നെക്കാൾ നല്ലൊരു അമ്മയെ അവനീ ജന്മം കിട്ടാനില്ല വേദാ…..അവൻ അവളുടെ കാതോരം അത് പറയുമ്പോൾ അവളുടെ മനസ്സ് വല്ലാതെ തണുത്തിരുന്നു……ഇരുവരും പരസ്പരം ഒഴുക്കി തീർത്തത് സന്തോഷമാണോ സങ്കടമാണോ എന്നറിയില്ലായിരുന്നു…..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

അവളുടെ കൈ പിടിച്ചവൻ താഴേക്ക് ചെല്ലുമ്പോൾ എല്ലാവരും കഴിച്ചു കിടന്നിട്ടുണ്ട്..തങ്ങളെ കാത്തെന്ന പോൽ അടച്ചു വെച്ച ഭക്ഷണങ്ങൾ മേശ മേൽ നിരന്നിരിപ്പുണ്ട് …താനിരിക്ക്……വിളമ്പാൻ നിന്ന അവളെ അവൻ തന്നെയാണ് പിടിച്ചിരുത്തിയത്……
അവൻ രണ്ട് പാത്രത്തിലേക്ക് ഭക്ഷണം വിളമ്പി……
അവരോരുമിച്ചിരുന്നു കഴിക്കുമ്പോൾ എല്ലാം പറഞ്ഞു തീർത്തതിന്റെ കുളിര് രണ്ട് പേരുടെ മനസ്സിലും നിറഞ്ഞു നിന്നിരുന്നു…..അവന്റെ കണ്ണുകൾ ഇടയ്ക്കിടെ അവളെ തഴുകി……..അവളുടെ ചോടികളും ഒരു നറു പുഞ്ചിരിയെ കൂട്ട് പിടിച്ചു…….പ്രണയത്തിന്റെ സുഗന്ധം അവരിരുവർക്കുമിടയിൽ പരക്കുന്നത് അവരറിഞ്ഞു…….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

പിറ്റേന്ന് രാവിലെ അവളെഴുന്നേറ്റ ഉടനെ അടുക്കളയിലേക്ക് നടന്നു…..പതിവിൽ കവിഞ്ഞൊരു ഉന്മേഷം അവൾക്ക് തോന്നിയിരുന്നു……താനീ വീട്ടിലെ ഒരാളാണെന്ന് മനസ്സ് ഓർമിപ്പിക്കും പോലെ…….രേവതി അവളെ കണ്ട പാടെ പുഞ്ചിരിയോടെ ചൂട് ചായ അവൾക്ക് നീട്ടി……അവരിലൊരാളായി നിൽക്കുമ്പോൾ ഇന്നലെ വരെ അതൊരു ആഗ്രഹമായിരുന്നെങ്കിൽ ഇന്ന് തനിക്കത് സ്വന്തമാണ്…..സന്തോഷം കൊണ്ടവളുടെമനസ്സൊരുവേളനിറഞ്ഞിരുന്നു……മോളെ…. ഇനിയെന്തിനാ വെച് താമസിപ്പിക്കുന്നത്…..മനസ്സിലെ ഈഗോ ഒക്കെ കളഞ്ഞു നിനക്കീ വീട്ടിലെ മരുമകളായി ക്കൂടെ…. ഇനിയും വൈകിപ്പിക്കുന്നതെന്തിനാ…….

രേവതി അവളോടത് പറയുമ്പോൾ പെട്ടെന്ന് അവളുടെ മനസ്സിലൊരു പ്രകമ്പനം പോലെ…..
പ്രസാദെന്ന കുരുക്കഴിക്കാതെ എങ്ങനെ താൻ മറ്റൊരു ബന്ധത്തിലേക്ക് കയറും…..
അവളൊന്നുംമിണ്ടിയില്ല……സമയമുണ്ടമ്മേ…….ചെയ്ത് തീർക്കാൻ അൽപ കാര്യങ്ങൾ കൂടി ബാക്കിയുണ്ട്….. അത് കഴിയട്ടെ……അങ്ങോട്ട് കയറി വന്ന ശിവയായിരുന്നു അതിനുള്ള മറുപടി പറഞ്ഞത്…..രേവതിയും രേഖയും വേദയും ഒരു പോലെ അവനിലേക്ക് നോക്കി….വേദ കണ്ണുകളിൽ ദയനീയത നിറച്ചവനെ നോക്കുമ്പോൾ അവൻ ഒരു പുഞ്ചിരിയോടെ കണ്ണുകൾ രണ്ടും അവൾക്ക് നേരെ ചിമ്മി കാണിച്ചു……….അത് തനിക്കുള്ള ഏറ്റവും വലിയആശ്വാസമാകുന്നത്അവളറിയുന്നുണ്ടായിരുന്നു..അവന്റെ ചേർത്ത് പിടിക്കലുകളുടെ പല രൂപങ്ങളും തന്റെ മനസ്സിന് അത്ര മേൽ ധൈര്യം നൽകുന്നുണ്ട്……ഇത് വരെ തനിക്ക് കിട്ടാത്ത അത്രയും…..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

വേദാ………. വേദാ…….ആദിയെ ഉറക്കി ക്കഴിഞ് അവന്റെ തുണികളെടുത് അലക്കാൻ പോകാൻ നിൽക്കുമ്പോഴാണ് ആ അലർച്ച വേദ കേൾക്കുന്നത്…..ഒരു നിമിഷം അവളുടെ കൈ കാലുകൾക്ക് വിറയൽ വന്നു……കയ്യിൽ നിന്നും തുണികളൂർന്നു പോയി……ചുമരിനെ ചാരി നിന്നവൾ ശ്വാസം ആഞ്ഞു വലിച്ചുപ്രസാദ്….അവന്റെ ശബ്ദം തന്റെ കർണ നാളത്തിലൂടെ തലച്ചോറിലേക്ക് ഇടിച്ചു കയറുന്നുണ്ട്….അവൾക്ക് ശബ്ദം പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല…….മുറ്റത് നിന്നുള്ള അലർച്ച കേട്ടവരോരുത്തരായി അങ്ങോട്ട് പോകുന്നുണ്ട്…..
ആദ്യം അവളുടെ മനസ്സിലേക്ക് വന്നത് ശിവ എവിടെയെന്നായിരുന്നു……താൻ തുണികളെടുത്തിറങ്ങുമ്പോൾ അവൻ മുറിയിലുണ്ട്……കോണിപ്പടികൾ ക്ക് താഴെയാണ് താൻ നിൽക്കുന്നത്…..പക്ഷെ അവനിറങ്ങി വരുന്നത് കാണുന്നില്ല….വിളിക്കാൻ തന്റെ ശബ്ദവും പൊങ്ങുന്നില്ല…….കയ്കാലുകൾ ചലിക്കുന്നത് പോലുമില്ല……

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ആരാ….. രേവതി പ്രസാദിനു നേരെ നിന്നത് ചോദിക്കുമ്പോൾ അവനൊരു നിമിഷം അങ്ങനെ നിന്നു……ഞാൻ… വേദയെ കൊണ്ട് പോകാൻ വന്നതാണ്….അവളിവിടെയല്ലേ താമസം…….
പ്രസാദ് അല്പം ഗൗരവത്തോടെ തന്നെയാണ് അത് ചോദിച്ചത്……വേദയുടെആരാനിങ്ങൾ……രേവതിവീണ്ടുംസംശയത്തോടെയാണത്ചോദിച്ചത്…..ഭർത്താവാണ്…….ഒരു പുച്ഛത്തിന്റെ ചിരിയെ കൂട്ട് പിടിച്ചു കൊണ്ട് പ്രസാദത് പറയുമ്പോൾ കേട്ട് നിന്നവരോട്ടടങ്കം ഞെട്ടിയിരുന്നു……

(തുടരും)