20/04/2026

ചിലപ്പോഴൊക്കെ ഞാൻ സ്കൂൾവിട്ട് വന്നു അമ്മ കട്ടൻചായ തരുമ്പോൾ അതിൽ മധുരം കുറഞ്ഞിട്ടുണ്ടാകും. പാകത്തിനുണ്ടെങ്കിലും എനിക്ക് അൽപ്പം അധികം വേണ്ടിവരാറുണ്ട്

രചന – നിധിൻ ആനന്ദ്

കുറച്ചു കാലം പിന്നിലേക്ക് പോകാം.എത്ര വലിയ വീടുകളാണെങ്കിലും എത്ര ചെറിയ വീടുകളാണെങ്കിലും കുറെ കാലം മുൻപ് എല്ലാവീടുകളുടെയും അടുക്കളകൾ തമ്മിൽ ഒരു ബന്ധമുണ്ടായിരുന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കൾ പരസ്പരം പണം കടം വാങ്ങിക്കുന്നപോലെ, വാങ്ങിച്ചാൽ ഉടൻതന്നെ തിരിച്ചുകൊടുക്കാൻ കാണിക്കുന്ന മനസുപോലെ, തിരിച്ചു വാങ്ങിക്കാൻ മടിക്കുന്ന കൈകൾ പോലെ അങ്ങനെ യൊക്കെ എവിടെയോ നല്ല ബന്ധമായിരുന്നു.

ചിലപ്പോഴൊക്കെ ഞാൻ സ്കൂൾവിട്ട് വന്നു അമ്മ കട്ടൻചായ തരുമ്പോൾ അതിൽ മധുരം കുറഞ്ഞിട്ടുണ്ടാകും. പാകത്തിനുണ്ടെങ്കിലും എനിക്ക് അൽപ്പം അധികം വേണ്ടിവരാറുണ്ട് . രാത്രിയിൽ ഉറക്കം കളയുന്ന കൃമിയെ ഞാൻ അപ്പൊ മറക്കും. എന്നിട്ട് നേരെ അടുക്കളയിലേക്ക് ഓടും, അവിടെ ചുവന്ന അടപ്പുള്ള പഞ്ചസാരടിൻ കാണില്ല. ഞാൻ അമ്മയെ ഉറക്കെ വിളിച്ചു ചോദിക്കും.

അമ്മാ എവടെ പഞ്ചസാര പത്രം?.

അമ്മ എന്റെ അടുത്ത് ഓടിവന്ന് ശബ്ദം അടക്കി പറയും.

എടാ നിന്നോട് ഞാൻ മെല്ലെ സംസാരിക്കാൻ പറഞ്ഞിട്ടില്ലേ … ആ മീര ചേച്ചീനെ ഇന്ന് പെണ്ണ് കാണാൻ വന്നിട്ടുണ്ട്. മീരചേച്ചിടെ അമ്മ രാവൊലെ ഇവിടെ വന്ന് എടുത്തുകൊണ്ടു പോയതാ..

ഞാൻ വൻനിരാശയോടെ യുണിഫോം ട്രൗസറിൽ നിന്നും ഒരു മുട്ടായി എടുത്ത് അതിന്റെ പൊതി അഴിച്ചു നെറ്റി ച്ചുളിച്ചുകൊണ്ട് ചോദിച്ചു..

ഏത് ആ കവിളിൽ കരിംപറയുള്ള മീരചേച്ചിനെ?

അമ്മ ദേഷ്യത്തോടെ

അത് കരിമ്പാറയൊന്നുമല്ല മറുകാ..

ഞാൻ അപ്പുറത്തെ വീട്ടിലേക്ക് ഓടി മുട്ടായി വായിലിട്ട് നുണഞ്ഞുകൊണ്ട് ഞാൻ ആ പെണ്ണ്കാണൽ ചടങ്ങിലേക്ക് കൗതുകത്തോടെ നോക്കി നിന്നു. എല്ലാവരും അപ്പൂപ്പന്മാർ. അവരിൽ ആരാണ് മീരചേച്ചീനെ കല്യാണം കഴിക്കാൻ പോകുന്നതെന്ന് ഞാൻ തിരഞ്ഞുകൊണ്ടിരുന്നു. അപ്പോഴതാ നിറം സിനിമയിലെ കുഞ്ചാക്കോ ബോബനെപോലെ ഒരാൾ. ആ ചേട്ടൻ എന്നെ നോക്കി ചിരിച്ചു എന്നെ മാടിവിളിച്ചു. എന്നിട്ട് അവിടെ ടീപോയിയിലെ ഒരു ലഡു എടുത്ത് എനിക്ക് തന്നു പെട്ടന്ന് അതാ മീരചേച്ചി വരുന്നു. കയ്യിൽ വലിയൊരു പത്രത്തിൽ അഞ്ചോ ആറോ ഗ്ലാസ് ചായയുണ്ടാവും. അതും പിടിച്ചാണ് വരവ്. എന്റെ വീട്ടിലെ പഞ്ചസാരയാണല്ലോ ആ ചായയിൽ ഇട്ടിരിക്കുന്നെ എന്ന് ഞാൻ ഇന്നാണെങ്കിൽ ചിന്തിക്കുമായിരുന്നു . പറ്റിയാൽ ആ ചേട്ടനോട് പറയുകയും ചെയ്യും . എന്നാൽ അന്ന് ഞാൻ അതിനെ പറ്റി ചിന്തിക്കുന്നു പോലുമില്ല. എന്നാൽ മീരചേച്ചിയുടെ മുഖത്തു ഒരു അനാവശ്യ നാണം ഞാൻ കണ്ടു . പോരാത്തതിന് മുൻനിരയിലെ ഒരു പൊങ്ങിയ പല്ലും കാണിച്ചുള്ള ഒരു ചെറിയ ചിരിയും . അമ്മ പറഞ്ഞ ആ മറുകിലേക്ക് ഞാൻ പറഞ്ഞ കറുത്ത പാറയിലേക്ക് ഞാൻ സൂക്ഷിച്ചു നോക്കി. ശെരിയാണ് അത് മറുക്തന്നെയാണ്. ആകാശതിന് ഭംഗി കൂട്ടുന്നുണ്ടെങ്കിൽ ഏത് കറുത്ത മലയും മാറുകാണെന്ന് മനസിലായി. മീരചേച്ചി സുന്ദരിയായിരുന്നു. ആ സൗന്ദര്യം എന്നിലെ രണ്ടാംക്ലാസ്സുകാരനെയും നാണിപ്പിച്ചു..

മീരചേച്ചി ചേട്ടന്റെ കണ്ണിൽ നിന്നും രക്ഷപെടാൻ വേണ്ടി കൈയിലെ ചായ ടീപോയിയിൽ വച്ച് എന്നെ കൈപിടിച്ചു അടുക്കളയിലേക്ക് കൂട്ടികൊണ്ടുപോയി. അവിടെ ചേച്ചിടെ അമ്മയും ചേട്ടന്റെ അമ്മയും വർത്തമാനം പറയുന്നുണ്ടായിരുന്നു. ചേട്ടന്റെ അമ്മ പറയാ..

ഞങ്ങൾ വരുമ്പോ ആദ്യം വഴി തെറ്റിപ്പോയിട്ടോ.. എന്നിട്ട് ആ റേഷൻ കടേല് ചോദിച്ചപ്പഴാ… വഴി അവര് പറഞ്ഞു തന്നു. മീരേനെ പഠിപ്പിച്ച ടീച്ചറും ഉണ്ടാർന്നു അവിടെ ഞങ്ങള് പരിചയപ്പെട്ടുടട്ടോ. നല്ല ടീച്ചറാ.

അതു കേട്ടപ്പോ ചേച്ചിടെ അമ്മ ഒന്ന് കൂടെ നീട്ടി പറഞ്ഞു..

ആ സരസ്വതി ടീച്ചറാവും.. എന്റെ ചേച്ചീടെ കൂടെ പഠിച്ചതാ. ഇവളെ നല്ല കാര്യാട്ടോ.. മീരയ്ക് എല്ലാത്തിലും നല്ല മാർക്കാണല്ലോ..

ചിരിച്ചുകൊണ്ട് അമ്മ മീരയെ ഒന്ന് ഇരുത്തി നോക്കി. അവൾ ചിരിക്കാതെ തലയാട്ടി. അമ്മ തുടർന്നു.

പിന്നേ ഇന്ന് രാവിലെ മേരിടെ അച്ഛൻ റേഷൻകടേല് പഞ്ചസാര വാങ്ങാൻ പോയപ്പോ അവരോട് പറഞ്ഞിട്ടുംണ്ടാവും നിങ്ങള് വരുന്ന കാര്യം. അതോണ്ട് അവർക്കും മനസിലായിട്ടുണ്ടാവും. എന്നും പറഞ്ഞുചിരിച്ചുകൊണ്ട് മീരചേച്ചിടെ അമ്മ എന്റെ താടിയിൽ ഒന്ന് പിടിച്ചു ചോദിച്ചു. സ്കൂളിൽ പോയില്ലേ നീ ?

ഞാൻ തലയാട്ടി നടക്കാൻ തുടങ്ങിയപ്പോ ചേച്ചീടെ അമ്മ വിളിച്ചു..

ഉണ്ണീ ഒന്ന് നിന്നെ, നിന്റെ അമ്മ എന്നോട് കുറച്ച് പഞ്ചസാര ചോദിച്ചിരുന്നു . നീ പോകുമ്പോ ഇതുകൂടെ കൊണ്ടുപോയ്ക്കോ.

എന്റെ വീട്ടിലെ ആ ചുവന്ന അടപ്പുള്ള പഞ്ചസാര ടിൻ എന്റെ കൈയിലേക്ക് വച്ച് തന്നു കൊണ്ട് പറഞ്ഞു.
ഞാനൊന്നു ഞാനൊന്നു മൂളികൊണ്ട് അതും വാങ്ങി അവിടുന്നു ഇറങ്ങി. വീട്ടിലെത്തിയപ്പോ ഞാൻ കുടിയ്ക്കാൻ വെച്ച മധുരം കുറഞ്ഞ കട്ടൻചായയിൽ നിറയെ ഉറുമ്പുകൾ കൂടിയിരുന്നു. അമ്മയോട് പറയാതെ ഞാൻ പഞ്ചസാരപത്രം അതിന്റെ സ്ഥാനത്ത് വച്ച് അടുക്കളയിൽ നിന്നിറങ്ങുമ്പോ അവിടെ ഒരു വലിയ പത്രത്തിൽ നിറയെ പാലട പായസം ഇരിക്കയ്ക്കുന്നത് കണ്ട് എന്റെ കണ്ണ് തള്ളി. ഞാൻ ഉറക്കെ വിളിച്ചു ചോദിച്ചു.

അമ്മാ ഇതെവിടുന്ന പായസം..

അമ്മ ശബ്ദം താഴത്താതെ അഭിമാനത്തോടെ ഉറക്കെ തന്നെ വിളിച്ചു പറയുന്നുണ്ടായിരുന്നു.

അത് മീരചേച്ചിടെ അമ്മ ഉച്ചക്ക് കൊണ്ടുവന്നു തന്നതാ. ഇന്നവരുടെ വീട്ടിലുണ്ടാക്കീതാ..