The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ഗീത മുരളി
“ഇത് ശരിയാവില്ല… ഇനി അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല…. നിൻ്റെ വീട്ടുകാരെ വിവരം അറിയിക്കട്ടെ…. അവര് നിന്നെ ശരിയാക്കികോളും..” ആയുഷ് കലി തുള്ളി പറഞ്ഞു…
“ഞാൻ ശ്രമിക്കാം ആയുഷ്…. വെറുതെ എന്തിന് അവർക്ക് ടെൻഷൻ കൊടുക്കണം…” രേണു പറഞ്ഞു…
“അല്ലാ… ഇന്നിതിന് ഒരു തീരുമാനം വേണം…”
“ഹലോ… അമ്മ ഇന്ന് ഇങ്ങോട്ട് വന്നേ പറ്റൂ. എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്…”
“ശരി മോനെ ഞാൻ വരാം….” രേണുവിൻ്റെ അമ്മ പറഞ്ഞു
അമ്മ എത്തി കുശലാന്വേഷണം നടത്തി കാര്യം ചോദിക്കുന്നു…
“ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് രണ്ടു കൊല്ലം ആയി. എൻ്റെ എല്ലാം പ്രതീക്ഷയും ഇല്ലാതായി…”
“എന്തു പറ്റിയെന്ന് പറ. അതിനു മാത്രം എന്തു പ്രശ്നമാണിവിടെ ഉണ്ടായത്?”
“അമ്മേ അത്…”
“രേണു നീ ഇടയിൽ കേറി പറയണ്ട, ഞാൻ സംസാരിക്കുന്നുണ്ട്. വീടും ജോലിയും ഒന്നിച്ച് നോക്കുന്ന ആദ്യത്തെ ആളാണോ ഇവൾ?”
“അതല്ല.. എന്തേ ഇങ്ങനെ പറഞ്ഞത് ആയുഷ്?”
“ഇവളെ കൊണ്ട് ഒന്നും നോക്കി നടത്താൻ കഴിയുന്നില്ല. ഒരു കാര്യവും മര്യാദയ്ക്ക് ചെയ്യില്ല. ഇവൾക്ക് വർക് ഫ്രം ഹോം ആണ്, എനിക്ക് ഓഫീസിൽ പോകണം. തിരിച്ചു വന്നാൽ ഒരു ഗ്ലാസ്സ് വെള്ളം പോലും എനിക്ക് തരില്ല. ഞാൻ തന്നെ പോയി എടുത്തു കുടിക്കണം. പിന്നെ കഴുകാനുള്ള തുണികൾ അവിടെ തന്നെ കിടക്കുന്നുണ്ടാകും. വാഷിംഗ് മെഷീൻ വാങ്ങി കൊടുത്തിട്ടുണ്ട്, ബട്ടൺ അമർത്തുകയെ വേണ്ടുള്ളു എന്നാലും ചെയ്യില്ല.
എപ്പോ നോക്കിയാലും ലാപ്ടോപ്പിൽ എന്തെങ്കിലും ജോലി ചെയ്യുകയാവും. സാലഡ് എനിക്ക് നിർബന്ധമാണ്, പക്ഷേ മിക്ക ദിവസവും അതുണ്ടാകില്ല. അഞ്ചു മിനിട്ടു മതി സാലഡ് ഉണ്ടാക്കാൻ എന്നിട്ടും ചെയ്യില്ല. ഇത് ഇനി മുന്നോട്ട് കൊണ്ടുപോകാൻ കഴിയും എന്ന് തോന്നുന്നില്ല…”
“ആയുഷ് പറഞ്ഞത് ശരിയാണല്ലോ, വല്ലാത്തൊരു കഷ്ടമാണ്. അത് പോട്ടെ, ആയുഷ് എത്ര പ്രാവശ്യം രേണുവിനു വെള്ളം കൊടുത്തിട്ടുണ്ട്? വാഷിംഗ് മെഷീൻ അവൾ ഓൺ ചെയ്തില്ലെങ്കിൽ ആയുഷിനും ചെയ്യാമായിരുന്നു, ഒരു ബട്ടൺ അമർത്തുകയല്ലെ വേണ്ടുള്ളൂ?
അവൾ സാലഡ് ഉണ്ടാക്കിയില്ലെങ്കിൽ മോനുണ്ടാക്കാമായിരുന്നു, അഞ്ച് മിനിട്ടല്ലെ വേണ്ടുള്ളു?”
“അമ്മ എന്താണ് പറഞ്ഞു വരുന്നത്, ഞാൻ വീട്ടു ജോലി ചെയ്യണമോ? ഇതൊക്കെ പഠിപ്പിച്ചിട്ടു വേണം പെൺമക്കളെ കല്യാണം കഴിപ്പിച്ചു വിടാൻ…”
“ഇപ്പൊ മനസ്സിലായി…. മോന് ഒരു പഠിപ്പും ജോലിയുമുള്ള വേലക്കാരിയെ ആണ് വേണ്ടിയിരുന്നത് അല്ലാതെ പങ്കാളിയല്ല. ഞങ്ങളും അറിഞ്ഞില്ല. പിന്നെ ഞങ്ങളുടെ വീട്ടിൽ അടുക്കള ജോലിയും മറ്റു ജോലിയും വെറും പെണ്ണുങ്ങളുടെ മാത്രം പണിയല്ല . വേറൊരു കാര്യം ഞങ്ങളുടെ വീട്ടിൽ സ്ത്രീകൾക്ക് നല്ല ബഹുമാനം കൊടുക്കാറുണ്ട് അല്ലാതെ….. മോളെ നീ എന്തുകൊണ്ട് ഇതൊന്നും ഞങ്ങളെ അറിയിച്ചില്ല?
ആത്മാഭിമാനത്തിന് ക്ഷതം എൽപ്പിക്കുന്നവരുടെ കൂടെ എങ്ങിനെ നീ ജീവിക്കും? ഒരു കാര്യം ചെയ്യ്…. കുറച്ചു ദിവസത്തേക്ക് വീട്ടിൽ വന്ന് നിക്ക്…. ആയുഷ്… നന്നായി ആലോചിച്ച് തീരുമാനിക്കൂ ഏതാണ് വേണ്ടതെന്ന്…. എന്നിട്ട് നമുക്ക് ആലോചിക്കാം…”
NB: ഇത് അടുത്ത കാലത്ത് നടന്ന സംഭവം…. ഇപ്പോഴും ഇങ്ങനെയുള്ള ചിന്താഗതിക്കാർ ഉണ്ട്… Gender equality എന്നൊക്കെ പ്രസംഗിച്ചു നടക്കുന്ന ചില ചെറുപ്പക്കാർ സ്വന്തം കാര്യത്തിൽ അത് നടപ്പാക്കാറില്ല…